Logo

VHP PUBLICATIONS

Hindu Vishwa


Index

1 - കേരളം മാഫിയകളുടെ സ്വന്തം നാടോ ? - എഡിറ്റോറിയൽ check_circle 2 - കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമോ? - സമകാലികം 3 - കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും അർണോൾഡ് ടോയൻബിയും- ചരിത്രം 4 - എങ്ങനെ സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം നയിക്കാം? - സംഭാഷണം 5 - ഹിന്ദു ഫോബിയ എന്ന ആഭാസം- സംവാദം 6 - കലയുടെ മണ്ഡലത്തിൽ സ്വാമിജി (അദ്ധ്യാത്മഹിമാലയം- ജീവചരിത്രം തുടർച്ച...) 7 - ആയുർസൗഖ്യമരുളുന്ന തൈക്കാട്ടുശ്ശേരി ഭഗവതി -ക്ഷേത്രവിശേഷം 8 - ശനി മാറുമ്പോൾ- ജ്യോതിഷം 9 - ദേവായനത്തിലെ നിത്യപൗർണ്ണമി -ഓർമ്മ 10 - യുഗാദിയും ചില കാലഗണനാ ചിന്തകളും - വിശേഷം 11 - സുകൃതജീവിതത്തിന്റെ ഈശ്വരസാക്ഷ്യം- വായന 12 - തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന് ശതാഭിഷേകം- വിശേഷം
expand_more

കേരളം മാഫിയകളുടെ സ്വന്തം നാടോ ? - എഡിറ്റോറിയൽ

By എഡിറ്റർ


കഴിഞ്ഞ കുറച്ചുകാലമായി അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നിയമവിരുദ്ധപ്രവർത്തനങ്ങളുടെയും നാടായിത്തീർന്നിരിക്കുകയാണ് കേരളം. ഭീകരമായ കൂട്ടക്കൊലപാതകങ്ങളും റാഗിംഗുകളും അക്രമങ്ങളും പീഡനങ്ങളും മാത്രമായി വാർത്തകൾ. ഗ്രാമപ്രദേശങ്ങൾ മുതൽ നഗരം വരെ എല്ലായിടവും മയക്കുമരുന്നുമാഫിയകളുടെ പിടിയിലാണ്. എപ്പോൾ വേണമെങ്കിലും എന്തും എവിടെയും സംഭവിക്കാമെന്ന സാഹചര്യത്തിലെത്തിനിൽക്കുകയാണ് സാമൂഹ്യാന്തരീക്ഷം.

വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ജീവിതനിലവാരംകൊണ്ടും മുന്നിൽനിൽക്കുന്ന കേരളം ഇത്രമാത്രം അധഃപതിക്കാൻ കാരണം കാലങ്ങളായി ഇവിടെ ഭരണം നടത്തിപ്പോരുന്ന സർക്കാരുകളും രാഷ്ട്രീയകക്ഷികളും തന്നെയാണ്. ഈ അക്രമങ്ങളും അരാജകതയും കേവലം ഏതാനും ദിവസങ്ങൾ കൊണ്ടോ മാസങ്ങൾകൊണ്ടോ ഉണ്ടായതല്ല. നമ്മുടെ നാടിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും വലിയൊരു ശൃംഖല ഇവിടെ പ്രവർത്തിച്ചുപോരുന്നുണ്ട്. ചെറു ബാല്യങ്ങളെപ്പോലും ലഹരിക്കടിമയാക്കുവാൻ ശേഷിയുള്ള ആസൂത്രിതമായ പദ്ധതികൾ അവർ നടപ്പിലാക്കി വിജയിച്ചുവരുന്നതിന്റെ അനന്തരഫലങ്ങളാണ് ഇപ്പോൾ നാം കാണുന്നത്. വിദേശരാജ്യങ്ങളിൽ കേട്ടുകേൾവി മാത്രമുണ്ടായിരുന്ന പലതും നമ്മുടെ തൊട്ടടുത്ത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നു. ലഹരിക്ക് അടിമകളായവർ തങ്ങളുടെ വീട്ടിലോ തൊട്ടയൽപക്കങ്ങളിലോ ഉള്ളവരെപ്പോലും ഒരു കാരണവുമില്ലാതെ കൂട്ടക്കൊലയ്ക്കിരയാക്കുന്നതിന്റെ വാർത്തകൾക്ക് പുതുമയില്ലാതായിരിക്കുന്നു. നോർത്ത് പറവൂരിലും തിരുവനന്തപുരത്തെ വെഞ്ഞാറൻമൂടും അടുത്തിടെ നടന്ന കൂട്ടക്കൊലകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. സ്‌കൂൾ വിദ്യാർത്ഥിയെ കൂട്ടംചേർന്ന് മാരകമായി തലയ്ക്കടിച്ചുകൊന്നത് നിസ്സാരമായ സംഭവത്തിന്റെ പേരിലാണെന്നോർക്കുക. ക്യാമ്പസ്സുകളിൽ റാഗിംഗിന്റെ പേരിൽ മൃഗീയതയുടെ പേക്കൂത്താണ് അരങ്ങേറുന്നത്. നെന്മാറയിൽ വൃദ്ധയായ അമ്മയെയും മകനെയും പട്ടാപ്പകൽ വെട്ടിയരിഞ്ഞ അക്രമി പോലീസ് കസ്റ്റഡിയിലായിട്ടും ജനങ്ങൾ ഭയപ്പാടോടെയാണ് കഴിയുന്നത്.

മുളയിലേ മുഖംനോക്കാതെ ശക്തമായ നടപടിയെടുത്തിരുന്നുവെങ്കിൽ ഈ ലഹരി മാഫിയകൾ ഇത്രയും മാരകമായി കേരളത്തെ കീഴ്പ്പെടുത്തുമായിരുന്നുവോ എന്ന ചോദ്യം പ്രസക്തമാണ്. വിവിധ സർക്കാരുകളും അവരെ നയിച്ച രാഷ്ട്രീയകക്ഷികളും തീർച്ചയായും പ്രതിക്കൂട്ടിൽ നിർത്തപ്പെടേണ്ടവർതന്നെയാണ്. ഇത്തരം കേസുകളിൽ പ്രതികളെ സംരക്ഷിച്ചുവളർത്തുന്നതിൽ അധികാരസ്ഥാനത്തുള്ളവർക്ക് പങ്കുണ്ടെന്ന ആരോപണം തള്ളിക്കളയാനാവില്ല. മയക്കുമരുന്ന്-കൊലക്കേസുകളിൽ പ്രതികൾ എത്രയും പെട്ടെന്ന് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന സംഭവങ്ങൾ സർക്കാരിന്റെയും നീതിന്യായസംവിധാനങ്ങളുടെയും പോരായ്മതന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. നിയമസംവിധാനങ്ങൾക്ക് പോരായ്മകളുണ്ടെങ്കിൽ കാലോചിതമായി പരിഹരിക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്. സമാധാനപൂർണ്ണമായ ജനജീവിതത്തിനുവേണ്ട സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ പ്രാഥമികമായ കടമയും ഉത്തരവാദിത്വവുമാണ്. രാജ്യത്തെ യുവതലമുറയെ ലക്ഷ്യമിട്ടുപ്രവർത്തിക്കുന്ന ഛിദ്രശക്തികളെ അടിവേരറുക്കുവാൻ ഇനിയും മടിക്കരുത്. നിർഭാഗ്യവശാൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്ത് പ്രതികളെ രക്ഷപ്പെടാൻ വഴിയൊരുക്കുന്ന രാഷ്ട്രീയനേതൃത്വമാണ് ഇവിടെയുള്ളത്.

മയക്കുമരുന്നിനും വിവിധ രാസലഹരികൾക്കും പുറമെ യുവതലമുറയെ അക്രമപ്രവർത്തനങ്ങൾക്ക് അടിമയാക്കുന്നതിൽ സിനിമകൾക്കും സീരിയലുകൾക്കും പങ്കുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പണി, മാർക്കോ തുടങ്ങിയ സിനിമകൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കത്തോടും ടാഗ്‌ലൈനോടും കൂടി പുറത്തിറങ്ങിയവയാണ്. വിപണിമൂല്യം മാത്രം ലക്ഷ്യമിട്ടു നിർമ്മിക്കുന്ന ഇത്തരം സിനിമകളുടെ നിർമ്മാതാക്കളും അതിൽ അഭിനയിക്കുന്നവരും സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്തവരാണ്. ജനപ്രിയകലാരൂപം എന്ന നിലയിൽ സിനിമയ്ക്കുള്ള സ്വാധീനത്തെക്കുറിച്ച് ധാരണകളില്ലാത്തവരല്ല ഇവരൊന്നും. ഉദാഹരണത്തിന് ദൃശ്യം സിനിമയെതുടർന്ന് അതിലെ കൊലപാതകരീതിയും പ്രതി രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുമൊക്കെ പിന്നീട് എത്രയോ കേസുകളിൽ ആവർത്തിക്കപ്പെടുകയുണ്ടായി.

നാടിന്റെ അടിവേരറുക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും സംസ്‌കാരങ്ങളെയും തിരിച്ചറിഞ്ഞ്, നമ്മുടെ ജീവിതമൂല്യങ്ങളെ തകർത്തെറിഞ്ഞ് അരാജകതയും അന്തഃഛിദ്രവും നടപ്പിലാക്കുന്നവർക്കെതിരെ തക്കതായ രീതിയിൽ പ്രതികരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഹിന്ദുസംസ്‌കാരം മുന്നോട്ട് വെയ്ക്കുന്ന മാനവികമൂല്യങ്ങൾ ആത്മവികാസത്തിന്റെയും ആത്മീയതയുടെയുമാണ്. ഈ മൂല്യങ്ങളെ തിരിച്ചുപിടിച്ചുകൊണ്ട് മാത്രമേ നമുക്ക് അതിജീവിക്കാനാവൂ. വരും തലമുറയ്ക്ക് നമ്മുടെ സംസ്കൃതിയും പൈതൃകവുമൊന്നും അന്യമായിക്കൂടാ.