Logo

VHP PUBLICATIONS

Hindu Vishwa


Index

1 - കേരളം മാഫിയകളുടെ സ്വന്തം നാടോ ? - എഡിറ്റോറിയൽ 2 - കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമോ? - സമകാലികം 3 - കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും അർണോൾഡ് ടോയൻബിയും- ചരിത്രം 4 - എങ്ങനെ സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം നയിക്കാം? - സംഭാഷണം 5 - ഹിന്ദു ഫോബിയ എന്ന ആഭാസം- സംവാദം 6 - കലയുടെ മണ്ഡലത്തിൽ സ്വാമിജി (അദ്ധ്യാത്മഹിമാലയം- ജീവചരിത്രം തുടർച്ച...) 7 - ആയുർസൗഖ്യമരുളുന്ന തൈക്കാട്ടുശ്ശേരി ഭഗവതി -ക്ഷേത്രവിശേഷം 8 - ശനി മാറുമ്പോൾ- ജ്യോതിഷം check_circle 9 - ദേവായനത്തിലെ നിത്യപൗർണ്ണമി -ഓർമ്മ 10 - യുഗാദിയും ചില കാലഗണനാ ചിന്തകളും - വിശേഷം 11 - സുകൃതജീവിതത്തിന്റെ ഈശ്വരസാക്ഷ്യം- വായന 12 - തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന് ശതാഭിഷേകം- വിശേഷം
expand_more

ശനി മാറുമ്പോൾ- ജ്യോതിഷം

By സജികുമാർ കുഴിമറ്റം
ശനി  മാറുമ്പോൾ- ജ്യോതിഷം

2025 മാർച്ച് 29 ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ന് ശനി കുംഭം രാശിയിൽ നിന്ന് മീനത്തിലേക്ക് സംക്രമിക്കുന്നു. ശനിയുടെ ഈ മാറ്റം മനുഷ്യർക്കു മാത്രമല്ല സകല ജീവജാലങ്ങളുടേയും ജീവിതഭാഗധേയത്തിൽ അനുകൂലവും പ്രതികൂലമായ മാറ്റങ്ങൾ ഉണ്ടാക്കും.

ഒരു രാശിയിൽ നിന്ന് അടുത്തതിലേക്ക് മാറാൻ ഏറ്റവും കൂടുതൽ സമയം എടുക്കുന്ന ഗ്രഹം എന്ന നിലയിലാണ് ശനിക്ക് മന്ദൻ എന്ന പേർ സിദ്ധിച്ചതും 'മ' എന്ന അക്ഷരത്താൽ ഗ്രഹനിലയിൽ രേഖപ്പെടുത്തുന്നതും. പക്ഷേ, സഞ്ചാരവേഗതയിൽ ശനി മന്ദൻ അല്ലെന്നു മാത്രമല്ല, അതിവേഗ ഓട്ടക്കാരനുമാണ്. സെക്കൻഡിൽ 9.68 കിലോമീറ്റർ ആണ് ശനിയുടെ സഞ്ചാരവേഗം! മണിക്കൂറിൽ 34,821 കിലോമീറ്റർ. ഒരർത്ഥത്തിൽ സങ്കല്പാതീതവേഗം. ശനിക്ക് മേടം തുടങ്ങി മീനം വരെയുള്ള 12 രാശികളും ചുറ്റി ഒരു സൂര്യപ്രദക്ഷിണം പൂർത്തിയാക്കാൻ 29.4 വർഷം (10,755.7 ദിവസം) വേണം.

ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിങ്ങനെ ജ്യോതിഷഭാഷയിൽ വിവക്ഷിക്കുന്ന കഷ്ടകാല സമയങ്ങൾ ജന്മക്കൂർ അനുസരിച്ച് ശനിയുടെ സ്ഥാനമാറ്റത്തോടെയാണ് സംഭവിക്കുക.

120 വർഷം ആണ് മനുഷ്യന്റെ പരമായുസ്സ്. അതിനാൽ ഒരു പരമായുസ്സിൽ ഒരാൾക്ക് വരാവുന്നത് പരമാവധി നാല് ഏഴരശ്ശനിയാണ്. പക്ഷേ, സാധാരണ ആരും പരമായുസ്സെത്തി മരിക്കാറില്ലല്ലോ. അതിനാൽ ദീർഘായുസ്സായ വ്യക്തിയുടെ ജീവിതകാലത്തു ശരാശരി മൂന്ന് ഏഴരശ്ശനി വരുമെന്നു കണക്കാക്കാം. ഇതിൽ മധ്യത്തിൽ വരുന്ന ഏഴരശ്ശനിക്ക് കാഠിന്യം ഏറിയിരിക്കും. ഇതരഗ്രഹങ്ങളുടെ രാശിമാറ്റത്തേക്കാൾ ശനിയുടെ രാശിപ്പകർച്ചയെ ജ്യോതിഷദൃഷ്ട്യാ പ്രസക്തമാക്കുന്നത് ഇതാണ്.

ഏഴരശ്ശനി എന്നാൽ ജന്മക്കൂറിലും (ജാതകത്തിലെ ചന്ദ്രസ്ഥിതരാശിയാണ് ജന്മക്കൂർ) അതിനു തൊട്ടു മുൻപും പിൻപും ഉള്ള രാശികളിലൂടെ (ചന്ദ്രസ്ഥിതരാശിയുടെ 12, 1, 2 ഭാവങ്ങളിൽ) ശനി കടന്നുപോകുന്ന സമയമാണ്. ശനിക്ക് ഈ മൂന്നു രാശികൾ കടക്കാൻ ഏകദേശം ഏഴരവർഷം വേണ്ടിവരും എന്നതിനാലാണ് ഈ സമയത്തെ ഏഴരശനി എന്നു വിളിക്കുന്നത്.

കണ്ടകശ്ശനി എന്നാൽ ജന്മക്കൂറിന്റെ കേന്ദ്രങ്ങളിൽ (4, 7, 10 ഇവയാണ് കേന്ദ്രങ്ങൾ) ശനി കടന്നുപോകുന്ന ഏകദേശം രണ്ടരവർഷം വരുന്ന സമയമാണ്. അഷ്ടമശനി എന്നാൽ പേരു സൂചിപ്പിക്കുന്നതുപോലെ ജന്മക്കൂറിന്റെ എട്ടാമിടത്ത് ശനി സഞ്ചരിക്കുന്ന സമയമാണ്.

ശനിയുടെ ചാരഫലങ്ങളെ സംബന്ധിച്ചു നോക്കുമ്പോൾ ജന്മക്കൂറിന്റെ 3, 6, 11 എന്നീ രാശികളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് ഗുണഫലങ്ങൾ പ്രദാനം ചെയ്യുക. ബാക്കി ഒൻപതു രാശികളിലും ശനിയുടെ സഞ്ചാരം അനിഷ്ടപ്രദമായിരിക്കും. അതിൽ അഷ്ടമശനി തനിക്കുതന്നെയോ ബന്ധുക്കൾക്കോ ആയുർവിഷയത്തിൽ പലപ്രകാരത്തിലും ദോഷപ്രദമായിരിക്കും.

മാർച്ച് 29 ലെ ശനിയുടെ രാശിപ്പകർച്ച ഏറ്റവും ശക്തമായ മാറ്റങ്ങൾ ഉണ്ടാക്കുക മീനം, മേടം കൂറുകാരിൽ ആവും. ശനിമാറ്റത്തോടെ മീനക്കൂറുകാർക്ക് നിലവിലുള്ള ഏഴരശ്ശനിയിലെ ഏറ്റവും രൂക്ഷതയേറിയ ജന്മശനിയും മേടക്കൂറുകാർക്ക് ഏഴരശ്ശനിയുടെ തുടക്കവും ആകുമെന്നതാണ് കാരണം. ചിങ്ങക്കൂറുകാർക്ക് കണ്ടകശ്ശനി മാറി അഷ്ടമശനി ആവുമെന്ന പ്രശ്നവുമുണ്ട്.

ശനിയുടെ സ്ഥാനമാറ്റം കൊണ്ട് ഗുണം സിദ്ധിക്കുന്നത് ഇടവക്കൂറുകാർക്കും (ശനി 11 ൽ), തുലാക്കൂറുകാർക്കും (ശനി 6 ൽ), മകരക്കൂറുകാർക്കുമാണ് (ശനി 3 ൽ).

മേടക്കൂറുകാർക്ക് (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം എന്നീ നക്ഷത്രക്കാർ) ഏഴരശ്ശനി ആരംഭിക്കുകയാണ്. ഏഴരശ്ശനിയിൽ മാനസികമായി പലവിധ വിഷമതകൾക്കും ഇടയുണ്ടെന്നതിനാൽ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുടുംബ, സാമ്പത്തിക, ആരോഗ്യ വിഷയങ്ങളെല്ലാം വിശദമായി ആലോചിച്ച് അവധാനതയോടെ വേണം പ്രവർത്തിക്കാൻ. അതേപോലെ സാമൂഹിക വിഷയങ്ങളിൽ ഇടപെടുമ്പോഴും വളരെ ശ്രദ്ധവേണം. ഏഴരശ്ശനിയുടെ ആരംഭഘട്ടമാകയാൽ ദോഷകാഠിന്യം അത്രയ്ക്ക് ഏറിയിരിക്കില്ല. എങ്കിലും കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കാം. വായ്പാതിരിച്ചടവു തീർക്കുന്നതിനെച്ചൊല്ലി വേവലാതിപ്പെടും. വീടുവിട്ടുമാറാൻ തോന്നും. എങ്കിലും സന്താനങ്ങളെക്കൊണ്ട് മെച്ചങ്ങൾ ഉണ്ടാകും. പക്ഷേ, സന്താനലാഭത്തിനായി ചികിത്സ നടത്തുന്നവർ, ചികിത്സയ്ക്കൊപ്പം ജ്യോതിഷപരമായ പരിഹാരകർമ്മങ്ങൾകൂടി ചെയ്താലേ ഫലപ്രാപ്തിയുണ്ടാകൂ. ഈശ്വര ചിന്തയോടെ ശ്രദ്ധാപൂർവ്വം ജീവിതം നയിക്കുകയും എല്ലാകാര്യങ്ങളിലും നിഷ്ഠ പുലർത്തുകയും ചെയ്താൽ അടുത്ത രണ്ടരവർഷക്കാലം വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുകിട്ടും. മറിച്ചായാൽ പലവിധ ബുദ്ധിമുട്ടുകളും മനഃപ്രയാസങ്ങളും അനുഭവിക്കേണ്ടതായും വരാം.

ഇടവക്കൂറുകാർക്ക് (കാർത്തിക അവസാന മൂന്നുപാദം, രോഹിണി, മകയിരം ആദ്യപകുതി എന്നീ നക്ഷത്രക്കാർ) കണ്ടകശ്ശനി തീർന്ന് അനുകൂലമായ പതിനൊന്നിലേക്ക് ശനി കടക്കുകയാണ്. അതിനാൽ ശനിയുടെ അടുത്ത രാശിപ്പകർച്ച വരെ (2027 ജൂൺ 3-ന് ആണ് ശനിയുടെ അടുത്ത രാശിപ്പകർച്ച, മീനത്തിൽ നിന്നു മേടത്തിലേക്ക്) ഈ കൂറുകാർക്ക് പ്രായേണ വളരെ നല്ല അനുഭവങ്ങളാവും ഉണ്ടാവുക. വ്യാപാര, വ്യവസായങ്ങളിൽ പുരോഗതിയും ധനലാഭവും കാര്യവിജയവും ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കുകയും ഉല്ലാസയാത്രകൾ നടത്തുകയും ചെയ്യും. അംഗീകാരവും സുഹൃത് ലാഭവും ഉണ്ടാകും. എന്നാൽ രാഹുവിന്റെ രാശിമാറ്റം സംഭവിക്കുന്നതോടെ ഗുണാനുഭവങ്ങളിൽ അല്പം കുറവുണ്ടാകുമെന്നറിയണം. സുഹൃത്തുക്കളുമായോ, വ്യാപാരപങ്കാളികളുമായോ ഉള്ള ഭിന്നത പിടിവിട്ടുപോകാതെ ശ്രദ്ധിക്കണം. സമയം അനുകൂലമെങ്കിലും ആത്മനിയന്ത്രണവും ഈശ്വരഭജനവും മുടക്കരുത്.

മിഥുനക്കൂറുകാർക്ക് (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം മുക്കാൽ എന്നീ നക്ഷത്രക്കാർ) കണ്ടകശ്ശനി ആരംഭിക്കുകയാണ്. ശനി പത്തിൽ ആണെന്നതിനാൽ പ്രധാനമായും തൊഴിൽമാറ്റമാണ് പ്രതീക്ഷിക്കേണ്ടത്. തൊഴിൽ മാറുക, സ്ഥലംമാറ്റം ഉണ്ടാവുക, സഹപ്രവർത്തകരുടെ വിരോധത്തിന് ഇടയുണ്ടാവുക, മേലധികാരികളുടെ അപ്രീതിക്കു പാത്രമാവുക എന്നിവയൊക്കെ പ്രതീക്ഷിക്കണം. വരവിനേക്കാൾ പലപ്രകാരത്തിലും ചെലവ് അധികരിക്കാനാണ് സാധ്യത കൂടുതലെന്നതിനാൽ ധനപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തേണ്ടതുണ്ട്. ഔദ്യോഗികമോ, സർക്കാർ സംബന്ധമോ ആയ കാര്യങ്ങളിൽ ഉദ്ദേശിക്കുന്ന രീതിയിൽ പുരോഗതി ഉണ്ടാകില്ല. മാതാപിതാക്കളെക്കൊണ്ട് വ്യസനാനുഭവങ്ങൾക്കും സന്താനങ്ങളെക്കൊണ്ടു സന്തോഷത്തിനും യോഗം കാണുന്നു. അദ്ധ്വാനഭാരം ഏറുന്നതിനനുസരിച്ച് പ്രതിഫലത്തിൽ മെച്ചം ഉണ്ടാവണമെന്നുമില്ല. എങ്കിലും ജീവിതത്തിൽ നിഷ്ഠയും ഈശ്വരഭജനവും ഉള്ള മിഥുനക്കൂറുകാർക്ക് ഈ കണ്ടകശ്ശനിക്കാലം കഠിനമായ ദോഷങ്ങൾ ഒന്നും ഉണ്ടാവാനിടയില്ല എന്നത് ഏറെ ആശ്വാസകരമായ കാര്യമാണ്.

കർക്കടകക്കൂറുകാർക്ക് (പുണർതം അവസാനപാദം, പൂയം, ആയില്യം എന്നീ നക്ഷത്രക്കാർ) അഷ്ടമശനി ഒൻപതിലേക്കു മാറുന്നതിനാൽ ശരീരദുരിതത്തിലും ബന്ധുജനദുരിതത്തിലും മറ്റും അല്പം ആശ്വാസം ഉണ്ടാവുമെങ്കിലും ഭാഗ്യാനുഭവങ്ങൾക്ക് അപ്രതീക്ഷിത തടസ്സം ഉണ്ടാകാനിടയുണ്ട്. ധർമ്മപ്രവൃത്തികൾക്കും തടസ്സം നേരിടാമെന്നതിനാൽ ഈശ്വരഭജനം നന്നായി ചെയ്തുകൊള്ളണം. സർക്കാരിൽ നിന്നും അനുകൂല ഉത്തരവുകൾ ലഭിക്കാൻ കാലവിളംബം ഉണ്ടായാലും അതിശയിക്കേണ്ടതില്ല. വിദേശത്ത് ഉദ്യോഗസാധ്യത തേടുന്നവർക്ക് അനുകൂലാവസരങ്ങൾ സംജാതമാകും. കൂട്ടുകെട്ടുകളിൽ അതീവ ശ്രദ്ധപുലർത്തണം. മാതാപിതാക്കളും മുതിർന്ന മക്കളും വൃഥാ വാഗ്വാദങ്ങളിൽനിന്ന് അകന്നുനിൽക്കണം. അഥവാ വിവാദം ഒഴിച്ചുകൂടാനാവാത്ത സാഹചര്യം സംജാതമായാലും പരുഷവാക്കുകൾ പറയാതിരിക്കാൻ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥർക്ക് സ്ഥാനത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. സമ്മാനമായി വസ്ത്രാഭരണങ്ങൾ ലഭിക്കാനും ഇടയുണ്ട്. ശനിയാഴ്ച ദിവസങ്ങളിലെ ശാസ്താക്ഷേത്രദർശനവും ഹനുമദ്ഭജനവും ദോഷകാഠിന്യം കുറയ്ക്കാൻ സഹായിക്കും.

ചിങ്ങക്കൂറുകാർക്ക് (മകം, പൂരം, ഉത്രം ആദ്യപാദം എന്നീ നക്ഷത്രക്കാർ) ഏഴിൽ കണ്ടകനായിരുന്ന ശനി അഷ്ടമത്തിലേക്കു മാറുന്നു. കഴിഞ്ഞ രണ്ടേകാൽ വർഷത്തിൽ അധികമായി അനുഭപ്പെട്ടുവന്നിരുന്ന മാനസിക മൗഢ്യങ്ങൾ നീങ്ങിക്കിട്ടുമെങ്കിലും അനാരോഗ്യത്തിനും ലഘുഅപകടങ്ങൾക്കും സാധ്യതയുള്ള സമയമാണെന്ന് അറിയണം. അപകടങ്ങളും അനാരോഗ്യവും തനിക്കുതന്നെ ആകണമെന്നില്ല, ബന്ധുജനങ്ങൾക്കോ വേണ്ടപ്പെട്ടവർക്കോ ആകാനുംമതി. പ്രവർത്തിക്കു തക്കതായ പ്രതിഫലം ലഭിക്കണമെന്നില്ല. മുമ്പു ചെയ്തുവച്ചതായ കാര്യങ്ങൾ അതേപടി തുടരാൻ സാധിക്കാതെ വന്നാലും അതിശയിക്കേണ്ടതില്ല. ജീവിതശൈലിയിൽ നിഷ്ഠപുലർത്തുകയും വ്യായാമാദികാര്യങ്ങളിൽ മുടക്കംവരുത്താതെയും നോക്കണം. മറ്റുള്ളവരിൽനിന്നു മനസ്സിനു വേദനയുണ്ടാക്കുന്ന വാക്കുകളോ ആക്ഷേപമോ കേൾക്കേണ്ടിവന്നാലും ക്ഷോഭത്തോടെ പ്രതികരിക്കാതെയിരിക്കുന്നതാവും ഉചിതം. ഈശ്വരഭജനവും ക്ഷേത്രദർശനവും മുടക്കംകൂടാതെ തുടർന്നാൽ ദോഷകാഠിന്യങ്ങൾ ഒഴിവാകും. 

കന്നിക്കൂറുകാർക്ക് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യപകുതി നക്ഷത്രക്കാർ) കണ്ടകശ്ശനി ആരംഭിക്കുകയാണ്. ഈ നക്ഷത്രക്കാർക്ക് ഏഴിലാണ് ശനി നിൽക്കുന്നതെന്നതിനാൽ ദാമ്പത്യകലഹങ്ങൾക്കു സാധ്യതയുണ്ട്. അതിനാൽ ഈ കൂറുകാരായ ദമ്പതികൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ അത് പങ്കാളിയെ മുറിപ്പെടുത്തുന്നതാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദമ്പതികൾക്ക് മാറി മാറി രോഗങ്ങളോ ആരോഗ്യപരമായ ബുദ്ധിമുട്ടുകളോ ഉണ്ടായാലും അതിശയിക്കേണ്ടതില്ല. പണമിടപാടുകളിലും വളരെ ശ്രദ്ധവേണം. വിദേശത്തു ജോലിചെയ്യുന്നവർക്ക് അപ്രതീക്ഷിതമായി നാട്ടിലെത്താൻ യോഗം വരാം. അതിനാൽ എപ്പോഴും ഒരു കരുതൽ വേണ്ടതുണ്ട്. ഗൃഹനിർമ്മാണം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ ശരിയായ തയ്യാറെടുപ്പും പ്ലാനിങ്ങും നടത്തണം. ആഗ്രഹംമാത്രം മുൻനിർത്തി ഉടനടി നിർമ്മാണം തുടങ്ങുന്നവർക്ക് പലപ്രകാരത്തിലുള്ള പ്രതിബന്ധങ്ങൾ നേരിടേണ്ടിവന്നേക്കാം. നിത്യജപവും ചിട്ടയായ ജീവിതശൈലിയും ശ്രദ്ധയും പുലർത്തിയാൽ ദോഷഫലങ്ങൾ വലിയൊരളവോളം മറികടക്കാം.

തുലാക്കൂറുകാർക്ക ്(ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യമൂന്നു പാദ നക്ഷത്രക്കാർ) ശനി ആറിലേക്കു മാറുന്നതിനാൽ ഗുണഫലങ്ങൾക്കാവും മുൻതൂക്കം. എന്നാൽ വ്യാഴത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും മേയ് മാസം മധ്യത്തോടെയുള്ള രാഹുവിന്റെ രാശിമാറ്റവും മൂലം തുലാക്കൂറുകാർക്ക് ആറിലെ ശനിയെക്കൊണ്ടുള്ള പൂർണ്ണഗുണാനുഭവങ്ങൾ ലഭിച്ചേക്കാൻ ഇടയില്ല. എങ്കിലും ശത്രുവിജയം, മനസ്സന്തോഷം, ശരീരസുഖം, ഉദ്യോഗത്തിൽ ഉന്നതി തുടങ്ങിയ ഗുണാനുഭവങ്ങൾക്ക് സാധ്യത കാണുന്നു. ഭൂമി, ഗൃഹം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം കൈവരും. എന്നാൽ പതിവിൽ കവിഞ്ഞ കോപത്തിന് അടിപ്പെടാനുള്ള പ്രവണതയുണ്ടാകും. ഇത് നിയന്ത്രിക്കേണ്ടതുണ്ട്. മേലധികാരികളിൽ നിന്നും പ്രതികൂലനടപടികൾ കരുതിയിരിക്കണം. യുവാക്കൾക്ക് വിവാഹതടസ്സങ്ങൾ മാറിക്കിട്ടും. വിദേശജോലി ആഗ്രഹിക്കുന്നവർക്കു പരിശ്രമം ഫലപ്രാപ്തിയിൽ എത്തും. ശത്രുപീഡകൊണ്ടുള്ള ശല്യങ്ങൾ പ്രതീക്ഷിക്കണം. വ്യവസായികൾക്ക് കഠിനപരിശ്രമം ആവശ്യമായി വരുന്ന സമയമാണ്. സമയം മൊത്തത്തിൽ മെച്ചമാണെങ്കിലും ഈശ്വരഭജനത്തിൽ ഉപേക്ഷ കാട്ടരുത്.

വൃശ്ചികക്കൂറുകാർക്ക് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ) നാലിൽ കണ്ടകനായി നിന്ന ശനി അഞ്ചാംഭാവത്തിലേക്കു മാറുകയാണ്. അതിനാൽ മനസ്സന്തോഷം പകരുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ഗുണാനുഭവങ്ങൾക്കൊപ്പം ദോഷാനുഭവങ്ങളും ശനിയുടെ മീനസഞ്ചാരകാലയളവിൽ പ്രതീക്ഷിക്കണം. സന്താനലാഭത്തിനായി ചികിത്സ നടത്തുന്നവർ, ചികിത്സയ്ക്കൊപ്പം ജ്യോതിഷപരമായ പരിഹാരകർമ്മങ്ങൾകൂടി ചെയ്താലേ ഫലപ്രാപ്തിയുണ്ടാകൂ. സന്താനങ്ങളുള്ളവർക്കാകട്ടെ, മക്കളെച്ചൊല്ലി മനഃപ്രയാസത്തിനും സാധ്യതയുണ്ട്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും ഭക്ഷണസുഖം അനുഭവിക്കാനും യോഗമുണ്ട്. കർമ്മഭ്രംശത്തിനോ സ്ഥാനമാറ്റത്തിനോ ശനിമാറ്റം സാധ്യത തുറക്കാമെന്നും അറിയണം. ഉല്ലാസയാത്രകൾ പോകുന്നവർ പ്രത്യേകം ശ്രദ്ധപുലർത്തണം. അതിസാഹസികമായ കാര്യങ്ങളിൽനിന്നും വിട്ടുനിൽക്കുന്നതാവും അഭികാമ്യം. ബന്ധുമിത്രാദികളുമായുള്ള ചെറിയ അഭിപ്രായഭിന്നതകൾപോലും വലിയ കലഹങ്ങളിലേക്കു വഴിമാറാതെ ശ്രദ്ധിക്കണം.

ധനുക്കൂറുകാർക്ക് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം എന്നീ നക്ഷത്രക്കാർ) അനുകൂലസ്ഥാനമായിരുന്ന മൂന്നിൽനിന്ന് ശനി നാലിലേക്കാണ് മാറുന്നത്. അതിനാൽ ശനിയെക്കൊണ്ട് ഇതുവരെ ലഭിച്ചുവന്ന ചില ഗുണാനുഭവങ്ങൾ നിലയ്ക്കും എന്നുമാത്രമല്ല കണ്ടകശ്ശനിയുടെ ദോഷങ്ങൾ അനുഭവവേദ്യമായിത്തുടങ്ങുകയും ചെയ്യും. ശനി നാലിൽ ആണെന്നതിനാൽ ദോഷങ്ങളിൽ ഏറെയും കുടുംബസംബന്ധിയാവും. അമ്മയ്‌ക്കോ മാതൃതുല്യരായ മറ്റുള്ളവർക്കോ ക്ലേശം, വാഹനം മൂലം പ്രശ്‌നങ്ങൾ, സാമ്പത്തികപ്രതിസന്ധി, ജന്മനാടും പിറന്ന വീടും വിറ്റോ, വിട്ടോ പോകേണ്ടതായ പ്രതിസന്ധികൾ, തനിക്കുതന്നെ ആരോഗ്യപ്രശ്‌നങ്ങൾ, എല്ലാവരും ഒറ്റപ്പെടുത്തുന്ന അവസ്ഥ, മനസ്സമാധാനക്കുറവ് ഇങ്ങനെ പലപ്രകാരത്തിൽ ദോഷങ്ങൾ ഉണ്ടാവാം. നിയമനടപടികൾക്ക് വിധേയമാകാൻ സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. ശിവൻ, ശാസ്താവ്, ഹനുമാൻ എന്നീ ദേവതകളെ നന്നായി പ്രാർത്ഥിക്കുകയും ശനിയാഴ്ച ദിവസങ്ങളിൽ ശാസ്താക്ഷേത്രദർശനം മുടങ്ങാതെ നടത്തുകയും ചെയ്താൽ ദോഷഫലങ്ങളിൽ ഗണ്യമായ കുറവുണ്ടാകും.

മകരക്കൂറുകാർക്ക് (ഉത്രാടം അവസാന മൂന്നുപാദങ്ങൾ, തിരുവോണം, അവിട്ടം ആദ്യപകുതി നക്ഷത്രക്കാർ) ഏഴരശ്ശനി അവസാനിച്ച് അനുകൂലമായ മൂന്നിലേക്കാണ് ശനി മാറുന്നത്. അതിനാൽ ഈ കൂറുകാർക്ക് ഗുണാനുഭവങ്ങൾ പലതും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനമികവും ഉയർന്ന വിജയവും, ഉദ്യോഗാർത്ഥികൾക്ക് മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും ശോഭിക്കാനും നിയമനം നേടാനും കഴിയും. സ്ഥലംമാറ്റം ആഗ്രഹിക്കുന്നവർ അതിനുള്ള പരിശ്രമം നടത്തിയാലും അനുകൂലഫലം ലഭിക്കാതിരിക്കില്ല. തമ്മിൽ ഭിന്നിച്ചുനിന്നിരുന്ന സഹോദരങ്ങൾ കലഹം മറന്ന് അടുത്തിടപഴകിത്തുടങ്ങും. കൃഷിഭൂമിയോ, തോട്ടമോ, പുരയിടമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും അനുകൂലാവസരമാണ്. ഭോജനസുഖം, കച്ചവടത്തിൽ ലാഭം, ഉല്ലാസയാത്രകൾ എന്നിവയ്ക്കും സാധ്യതയുണ്ട്. എങ്കിലും ഇടയ്ക്കിടെ മാനസികപിരിമുറുക്കങ്ങൾക്കുകൂടി സാധ്യത കാണുന്നു. അനാവശ്യ വാക്കുതർക്കങ്ങളിൽനിന്നു വിട്ടുനിൽക്കണം. മേയ് മധ്യത്തിലെ രാഹുവിന്റെ മാറ്റം അത്ര അനുകൂലമാകില്ലെന്നതിനാൽ ഈശ്വരഭജനം മുടക്കാതിരിക്കണം.

കുംഭക്കൂറുകാർക്ക ്(അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മൂന്നു പാദങ്ങൾ എന്നീ നക്ഷത്രക്കാർ) ഏഴരശ്ശനിയിലെ കാഠിന്യമേറിയ ജന്മശ്ശനി കടന്നുകിട്ടുന്നത് സമാശ്വാസം പകരുന്നതാണ്. ഓരോ ദിവസം പിന്നിടുന്നതിനനുസരിച്ച് ഏഴരശ്ശനിയുടെ കാഠിന്യം കാര്യമായി കുറഞ്ഞുവരുകയും ഗുണഫലങ്ങൾ അധികരിച്ചു വരികയും ചെയ്യും. മോശമായിരുന്ന ആരോഗ്യം മെച്ചപ്പെടും. നാൽക്കാലികളെ വളർത്തുന്നവർക്ക് നന്നല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കണം. സമയം മെച്ചമാകുന്നു എന്ന തോന്നലിൽ തന്നേക്കാൾ മുതിർന്ന പദവിയിലുള്ളവരോട് തർക്കിക്കാനുള്ള പ്രവണത തോന്നും, ഇത് ബോധപൂർവ്വം അടക്കേണ്ടതാണ്. ദാനം ചെയ്യുന്നതിൽ സംതൃപ്തികണ്ടെത്തുന്നവർ അടുത്ത രണ്ടരവർഷക്കാലത്തേക്ക് പാത്രമറിഞ്ഞേ ദാനംചെയ്യാവൂ എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ലാഭകരമായി അതു വാങ്ങാനാവും. എന്നാൽ കൈയിലുള്ളത് നഷ്ടപ്പെടാതിരിക്കാൻ അതീവശ്രദ്ധ പുലർത്തുകയും വേണം.

മീനക്കൂറുകാർക്ക് (പൂരുരുട്ടാതി അവസാനപകുതി, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർ) ശനിമാറ്റത്തോടെ മീനക്കൂറുകാർക്ക് നിലവിലുള്ള ഏഴരശ്ശനിയിലെ ഏറ്റവും രൂക്ഷതയേറിയ ജന്മശ്ശനി ആരംഭിക്കുകയാണെന്ന് ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞല്ലോ. മാനസികമായും ശാരീരകമായും സുഖം കുറയുമെന്നതാണ് ഇതിന്റെ ഫലം. മീനക്കൂറുകാരായ വീട്ടമ്മമാർക്കാണ് ഇതരവിഭാഗക്കാരെ അപേക്ഷിച്ച് മാനസികസുഖം കൂടുതൽ കുറയുക. ശത്രുശല്യം, സ്ഥാനമാറ്റമോ പദവിയിൽ താഴ്ചയോ ഉണ്ടാവാം. കുടുംബ, സാമ്പത്തിക, ആരോഗ്യ വിഷയങ്ങളെല്ലാം വിശദമായി ആലോചിച്ച് അവധാനതയോടെ വേണം പ്രവർത്തിക്കാൻ. ധനപരമായി സമയം മെച്ചമായിത്തുടരും. നിരന്തരപരിശ്രമത്തിലൂടെ പ്രതികൂലകാര്യങ്ങളെ അനുകൂലമാക്കി മാറ്റാൻ ഈ കൂറുകാർക്കു കഴിയും. അതിനാൽ ഈശ്വരഭജനത്തോടെ ലക്ഷ്യപ്രാപ്തിവരെ നിരന്തരപരിശ്രമം തുടരണം. ശാസ്താവ്, ശിവൻ, ഹനുമാൻ എന്നീ ദേവതകളെ നന്നായി പ്രാർത്ഥിക്കുകയും ശനിയാഴ്ചദിവസങ്ങൾ ശാസ്താക്ഷേത്രദർശനം മുടങ്ങാതെ നടത്തുകയും ചെയ്താൽ ദോഷഫലങ്ങളിൽ ഗണ്യമായ കുറവുണ്ടാകുകയും ഗുണഫലങ്ങൾ ഏറുകയും ചെയ്യും.

ഇവിടെ പറഞ്ഞിരിക്കുന്നത് ശനിമാറ്റംകൊണ്ടുള്ള സാമാന്യഫലങ്ങൾ മാത്രമാണ്. ഒരു വ്യക്തിയുടെ നിത്യജീവിതത്തെ മറ്റു ഗ്രഹങ്ങളുടെ ചാരസഞ്ചാരവും നക്ഷത്രദശാകാലവും ജാതകത്തിലെ വിശേഷയോഗങ്ങളും ഒക്കെ സ്വാധീനിക്കും. ഇവിടെ ശനിയുടെ ചാരസഞ്ചാരത്തെ മാത്രമാണ് വിശകലനം ചെയ്തിരിക്കുന്നതെന്നതിനാൽ എല്ലാവർക്കും ഒരേരീതിയിൽ ആവില്ല ഫലാനുഭവം എന്നത് പ്രത്യേകം മനസ്സിലാക്കണം. ജാതകത്തിൽ വിശേഷയോഗങ്ങൾ ശക്തമായിരിക്കുന്നവർക്കും മെച്ചമായ ദശാകാലം ഉള്ളവർക്കും ദോഷാനുഭവങ്ങൾ വളരെക്കുറച്ചേ അനുഭവപ്പെടൂ. മറിച്ചായാൽ ദോഷഫലകാഠിന്യം ഏറും. ദോഷഫലങ്ങൾക്കു മുൻതൂക്കമുള്ളവർ അസമയസഞ്ചാരം, വൃഥാതർക്കം എന്നിവ ഒഴിവാക്കുകയും കോപം നിയന്ത്രിക്കുകയും വേണം. ഒപ്പം ഈശ്വരഭജനം മുടക്കാതിരിക്കാനുംശ്രദ്ധിക്കണം.