Logo

VHP PUBLICATIONS

Hindu Vishwa


Index

1 - കേരളം മാഫിയകളുടെ സ്വന്തം നാടോ ? - എഡിറ്റോറിയൽ 2 - കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമോ? - സമകാലികം check_circle 3 - കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും അർണോൾഡ് ടോയൻബിയും- ചരിത്രം 4 - എങ്ങനെ സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം നയിക്കാം? - സംഭാഷണം 5 - ഹിന്ദു ഫോബിയ എന്ന ആഭാസം- സംവാദം 6 - കലയുടെ മണ്ഡലത്തിൽ സ്വാമിജി (അദ്ധ്യാത്മഹിമാലയം- ജീവചരിത്രം തുടർച്ച...) 7 - ആയുർസൗഖ്യമരുളുന്ന തൈക്കാട്ടുശ്ശേരി ഭഗവതി -ക്ഷേത്രവിശേഷം 8 - ശനി മാറുമ്പോൾ- ജ്യോതിഷം 9 - ദേവായനത്തിലെ നിത്യപൗർണ്ണമി -ഓർമ്മ 10 - യുഗാദിയും ചില കാലഗണനാ ചിന്തകളും - വിശേഷം 11 - സുകൃതജീവിതത്തിന്റെ ഈശ്വരസാക്ഷ്യം- വായന 12 - തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന് ശതാഭിഷേകം- വിശേഷം
expand_more

കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമോ? - സമകാലികം

By അഡ്വ. അനിൽ വിളയിൽ, ജന. സെക്രട്ടറി, വി.എച്ച്.പി. കേരളം.
കേരളത്തിൽ  ഹിന്ദുക്കൾ  ന്യൂനപക്ഷമാകുമോ? - സമകാലികം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദരണീയനായ സർ സംഘചാലക് ഡോക്ടർ മോഹൻ ഭാഗവത് ജി കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ നൽകിയ വിജയദശമി സന്ദേശങ്ങളിൽ പ്രധാനപ്പെട്ട ഒരു വിഷയമായിരുന്നു ജനസംഖ്യാശാസ്ത്രം. 2022 ൽ അദ്ദേഹം പറഞ്ഞത് രാജ്യത്തെ ചില തന്ത്രപ്രധാന സ്ഥലങ്ങളിലെ ആനുപാതികമല്ലാത്ത ജനസംഖ്യാവർദ്ധനവിനെ സംബന്ധിച്ചായിരുന്നുവെങ്കിൽ കഴിഞ്ഞവർഷം അദ്ദേഹം പറഞ്ഞത് പ്രത്യുൽപാദനനിരക്കിലെ (TFR) കുറവിനെ പറ്റിയായിരുന്നു. അദ്ദേഹം പരാമർശിച്ച രണ്ട് വിഷയങ്ങളും ബാധകമായ ഭാരതത്തിലെ ഒരു ഭൂപ്രദേശം നമ്മുടെ കേരളമാണ് എന്ന് കണക്കുകൾ പറയുന്നു. ഭാരതത്തിലെ ഹിന്ദുസമൂഹങ്ങളിൽ പ്രത്യക്ഷവും പരോക്ഷവുമായി ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ഒരു പ്രദേശം കേരളമാണ് എന്നുള്ളതിന്റെ നേർസാക്ഷ്യം അദ്ദേഹത്തിന്റെ സന്ദേശങ്ങളുടെ ആഴങ്ങളിലേക്ക് പോകുമ്പോൾ കാണാം. കുറയുന്ന ഹൈന്ദവ ജനതയും കുത്തനെ കൂടുന്ന മുസ്ലിം ജനസംഖ്യയും സൃഷ്ടിക്കുന്ന സാമൂഹിക സാംസ്‌കാരിക അസന്തുലിതാവസ്ഥ വരും വർഷങ്ങളിൽ കേരളത്തിൽ ഉണ്ടാക്കുന്ന ഭീഷണി അതിഗുരുതരമായിരിക്കും എന്നാണ് ജനസംഖ്യാശാസ്ത്രപഠനങ്ങൾ വ്യക്തമാക്കുന്നത്.

പ്രത്യുൽപാദനനിരക്കിനെപ്പറ്റി അദ്ദേഹം പറഞ്ഞ ശതമാനക്കണക്ക് അക്ഷരാർത്ഥത്തിൽ കേരളത്തിലാണ് ഏറ്റവും അധികം ശരിയായി വരുന്നത്. എന്താണ് പ്രത്യുൽപാദന നിരക്ക് എന്നു നോക്കാം. വിവാഹിതയായ ഒരു സ്ത്രീ അവരുടെ ജീവിതകാലത്ത് ജന്മം നൽകുന്ന കുട്ടികളുടെ എണ്ണത്തിന്റെ കണക്കാണിത്. പ്രത്യുൽപാദനനിരക്ക് ഏതെങ്കിലും സമൂഹത്തിൽ 2.1 ശതമാനത്തിൽ (100 അമ്മമാർക്ക് 210 കുട്ടികൾ) താഴെയാകുമ്പോൾ ആ സമൂഹം സ്വാഭാവികമായും ഇല്ലാതാകുമെന്ന് ജനസംഖ്യാപഠനശാസ്ത്രസിദ്ധാന്തം ഉദ്ധരിച്ചും ചില അന്താരാഷ്ട്ര ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് അദ്ദേഹം പറഞ്ഞത്. ഏതെങ്കിലും ജനസമൂഹം അപ്രകാരം ഇല്ലാതായാൽ അതുവഴി നിരവധി ഭാഷകളും സംസ്‌കാരങ്ങളും കൂടി ഇല്ലാതാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ കണക്ക് വ്യക്തമാക്കുന്നത് കേരളത്തിലെ ഹിന്ദുസമൂഹം കടുത്ത വംശനാശഭീഷണിയിൽ ആണെന്നുതന്നെയാണ്. ഹിന്ദുക്കൾ മാത്രമല്ല, ക്രൈസ്തവസമൂഹത്തിനും ഈ പ്രശ്‌നം ബാധകമാണ്. 2020 - 21 കാലഘട്ടത്തിലെ ദേശീയ കുടുംബാരോഗ്യ സർവ്വേപ്രകാരം കേരളത്തിലെ ഹിന്ദുസമൂഹത്തിലെ ടിഎഫ്ആർനിരക്ക് 1.94 ശതമാനവും (100 അമ്മമാർക്ക് 194 കുട്ടികൾ) ക്രൈസ്തവ സമൂഹത്തിന്റേത് 1.88 ശതമാനവും മാത്രമായിരുന്നുവെങ്കിൽ ഇസ്ലാമികവിഭാഗത്തിലെ നിരക്ക് 2.34 (100 മുസ്ലീം അമ്മമാർക്ക് 234 കുട്ടികൾ ) എന്ന വലിയ ശതമാനം ആണ് എന്ന് കാണാം.

കേരളത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ കഴിഞ്ഞ കുറെ വർഷക്കാലമായി സംഭവിക്കുന്ന ജനസംഖ്യാവ്യതിചലനം സർക്കാർതന്നെ സമ്മതിച്ചതാണ്. രണ്ടുവർഷങ്ങൾക്കു മുമ്പ് ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ച കേരളത്തിലെ കുട്ടികളുടെ കണക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അവതരിപ്പിക്കുകയുണ്ടായി. ഈ കണക്ക് കേരളത്തിലെ ജനസംഖ്യാവർദ്ധനവിന്റെ അനുപാതമില്ലായ്മയുടെ നേർസാക്ഷ്യമായിരുന്നു. ആ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ എയിഡഡ്, അൺ എയിഡഡ്, മറ്റ് അംഗീകൃത വിദ്യാലയങ്ങളിലെ ആകെ കുട്ടികളുടെ എണ്ണം 3,03,168 ആണെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ പ്രസ്താവിക്കുകയുണ്ടായി. ആകെയുള്ള ഈ കുട്ടികളിൽ മലപ്പുറം ജില്ലയിൽ മാത്രം പ്രവേശനം നേടിയത് 68517 കുട്ടികളായിരുന്നുവെങ്കിൽ പത്തനംതിട്ട ജില്ലയിൽ പ്രവേശനം നേടിയത് വെറും 6554 കുട്ടികൾ മാത്രം. ഈ കണക്ക് സൂചിപ്പിക്കുന്നത് 13 വർഷം കഴിയുമ്പോഴുള്ള നവവോട്ടർമാരിലെ ഏകദേശം 23 ശതമനവും മലപ്പുറം ജില്ലക്കാർ ആയിരിക്കുമെന്നാണ്. കേരളത്തിലെ വടക്കൻ ജില്ലകളായ കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, കണ്ണൂർ ജില്ലകളാണ് ഈ കണക്കുകളിൽ രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. കേരളത്തിലെ ഈ ജനസംഖ്യാകണക്കുകൾ ഭാവിയിൽ സൃഷ്ടിക്കുന്ന ഗുരുതരപ്രശ്‌നങ്ങളുടെ ഒരു ചൂണ്ടുപലകയായി വിലയിരുത്താം. ജനസംഖ്യാസംബന്ധമായി പറയുന്ന ഈ കണക്കുകൾ അവഗണിക്കുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും മറന്നുപോകുന്ന ഒരു യാഥാർത്ഥ്യമുണ്ട്. 2008 ൽ ജനസംഖ്യാ അടിസ്ഥാനത്തിൽ നിയമസഭാമണ്ഡലങ്ങൾ പുനർനിർണയിച്ചപ്പോൾ ഹൈന്ദവഭൂരിപക്ഷമുള്ള തിരുവിതാംകൂർ-കൊച്ചി മേഖലയിൽ പന്തളം, കല്ലൂപ്പാറ പത്തനംതിട്ട ഉൾപ്പെടെയുള്ള ചില നിയമസഭാമണ്ഡലങ്ങൾ ഇല്ലാതായതും ഇതേസ്ഥാനത്ത് മലബാറിൽ പുതുതായി ചില മണ്ഡലങ്ങൾ ഉണ്ടായതും ആരും ചർച്ചചെയ്യുന്നില്ല. ഇനി ഇത്തരം അതിർത്തി പുനർനിർണയങ്ങൾ വരുമ്പോഴും ഇതേ ചരിത്രം ആവർത്തിക്കും. 2011 ലെ സെൻസസ് പ്രകാരം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ ജനസംഖ്യാവർദ്ധനവ് മൈനസ് മൂന്ന് ശതമാനം വരെ കുറഞ്ഞതും മലപ്പുറത്ത് 13.45 ശതമാനം കൂടിയതും കേരളത്തിന് നൽകുന്നത് രാഷ്ട്രീയ അപകടസൂചനകളാണ്. ഹിന്ദുഭൂരിപക്ഷം ഉണ്ട് എന്ന് വിശ്വസിക്കുന്ന തിരുവിതാംകൂർ മേഖലയിലെ മഹാഭൂരിപക്ഷം ജില്ലകളിലെ ആകെ കുട്ടികൾക്ക് തുല്യമായ എണ്ണം മലപ്പുറം എന്ന ഇസ്ലാമികഭൂരിപക്ഷമുള്ള ഒരു ജില്ലയിൽ മാത്രം ഉണ്ട് എന്നുള്ളത് മോഹൻ ഭാഗവതിന്റെ നിരീക്ഷണങ്ങളെ ശരിവെയ്ക്കുന്നു. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന അഞ്ചു വയസ്സുള്ള ഒരു കുട്ടി 13 വർഷങ്ങൾക്ക് ശേഷം വോട്ടവകാശം ഉള്ള പൗരനായി മാറുമ്പോൾ കേരളത്തിലെ മഹാഭൂരിപക്ഷം നിയമസഭാമണ്ഡലങ്ങളിലും ഇസ്ലാമികവിഭാഗത്തിന് ശക്തി കൂടുതലായിരിക്കുമെന്നതും ഇതുമൂലം ആ വിഭാഗത്തിലുള്ള നിയമസഭാസാമാജികരുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നുള്ളതാണ് ഈ കണക്കുകളിൽ പതിയിരിക്കുന്ന അപകടം. അടുത്തതവണ നിയമസഭാമണ്ഡലങ്ങളുടെ പുനർനിർണയം നടക്കുമ്പോൾ മലബാർപ്രദേശങ്ങളിലെ ഇസ്ലാമിക ഭൂരിപക്ഷപ്രദേശങ്ങളിൽ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം കുത്തനെ കൂടുകയും തിരുവിതാംകൂർ മേഖലയിലെ കുത്തനെ കുറയുകയും ചെയ്യും എന്നത് തീർച്ചയാണ്. ഇസ്ലാമിക വിഭാഗക്കാരായ നിയമസഭാസാമാജികരുടെ എണ്ണം വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഭാവി കേരള രാഷ്ട്രീയ ഭൂപടം ഉറക്കം കെടുത്തുന്ന ഒന്നായി മാറും.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി രാജ്യത്തെ മറ്റുചില തന്ത്രപ്രധാന സംസ്ഥാനങ്ങളിലെ മുസ്ലിംജനസംഖ്യയിൽ ഉണ്ടായ വർദ്ധനവ് വളരെ ആശങ്കാജനകമാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 1991 മുതൽ 2018 വരെയുള്ള 20 വർഷക്കാലത്തിനുള്ളിൽ ആസമിൽ മാത്രം ഉണ്ടായ മുസ്ലിം ജനസംഖ്യാവർദ്ധനവ് 34 ശതമാനം ആയിരുന്നു. ജനസംഖ്യയിൽ ഉണ്ടായ മുന്നേറ്റം സംസ്ഥാനത്ത് മാത്രം ഉണ്ടായ കലാപങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നതിനെപ്പറ്റി ചില അന്വേഷണങ്ങൾ നടന്നുവരുന്നുണ്ട്. ഭാരതത്തിലെ മുസ്ലിം ഭൂരിപക്ഷമുള്ള ഏകസംസ്ഥാനമായ ജമ്മുകശ്മീരിലെ അവസ്ഥയും മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ നിലവിലെ രാഷ്ട്രീയസാഹചര്യവും താരതമ്യത്തിന് പഠനവിധേയമാക്കേണ്ടതുതന്നെയാണ്. മുസ്ലിം മതവിഭാഗം മേൽക്കോയ്മ നേടുന്ന ഒരു പ്രദേശത്തിന്റെ ഭാവി നിശ്ചയിക്കുന്നതിൽ ഇസ്ലാമികശക്തികൾ വഹിക്കുന്ന പങ്ക് നിസ്സാരമായിരിക്കില്ല.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കമായ 1901ൽ ഭൂമിശാസ്ത്രപരമായ കേരളത്തിലെ ആകെ ജനസംഖ്യയുടെ 75 % ഉം ഹിന്ദുമതവിശ്വാസികളായിരുന്നു. ബാക്കി വരുന്ന 25% മാത്രമായിരുന്നു മുസ്ലിം ക്രൈസ്തവ ജനവിഭാഗങ്ങൾ. എന്നാൽ 1961 ആയപ്പോഴേക്കും ഹിന്ദു ജനസംഖ്യ കേരളത്തിൽ 60.9% ആയി കുറഞ്ഞു എന്നും ഏറ്റവും അവസാനമായി നടന്ന 2011ലെ ജനസംഖ്യാകണക്കെടുപ്പ്പ്രകാരം ഹിന്ദുജനസംഖ്യ 54.72 ശതമാനവും മുസ്ലിം ജനസംഖ്യ 26. 56 ശതമാനവും ക്രൈസ്തവ ജനസംഖ്യ 18.38 ശതമാനവും ഇതരമതസ്ഥർ 3.3 ശതമാനവും ആണെന്ന് കാണാൻ സാധിക്കും. കേരള സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്കനുസരിച്ച് ചിന്തിക്കുമ്പോൾ കേരളത്തിൽ ജനിക്കുന്ന ഓരോ നൂറു കുട്ടികളിലും ഭൂരിപക്ഷം കുട്ടികളും മുസ്ലിം കുട്ടികളാണെന്ന് കാണാൻ സാധിക്കും.

കേരളത്തിലെ മുസ്ലിം ജനസംഖ്യയുടെ വർദ്ധനവിന് തുടക്കം കുറിച്ചത് പതിനെട്ടാം നൂറ്റാണ്ടിനു ശേഷമാണ് ഹൈദരുടേയും മകൻ ടിപ്പുവിന്റെയും മലബാറിലെ പടയോട്ടം, 1921 കാലത്തെ നിർബന്ധിത മതപരിവർത്തനവും മലബാർമേഖലയിലെ മുസ്ലിം ജനസംഖ്യയുടെ വർദ്ധനവിന്റെ പ്രധാന കാരണമായി കാണാം. മലബാറിൽനിന്ന് വ്യത്യസ്തമായി തിരുവിതാംകൂർ കൊച്ചി മേഖലകളിൽ ക്രൈസ്തവവിഭാഗങ്ങളായിരുന്നു മതപരിവാർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. ഈസ്റ്റിന്ത്യാകമ്പനിയുടെ സഹായത്തോടുകൂടി ക്രൈസ്തവ മിഷനറിമാർ നടത്തിയ മതപരിവർത്തനത്തിൽക്കൂടി ലക്ഷക്കണക്കിന് ഹൈന്ദവ വിശ്വാസികളെയാണ് ക്രിസ്തുമതത്തിലേക്ക് മാറ്റിയത്. 1971 വരെയുള്ള കണക്കുകൾ അനുസരിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ പ്രഥമസ്ഥാനം ക്രിസ്ത്യാനികൾക്കായിരുന്നു. മൊത്തം കേരളജനസംഖ്യയുടെ 21.2% ക്രിസ്ത്യാനികൾ ആയിരുന്നു. എന്നാൽ 1981 ആയപ്പോഴേക്കും മുസ്ലിംവിഭാഗം ക്രിസ്ത്യാനികളെ പിന്തള്ളി പ്രഥമസ്ഥാനത്തെത്തി. 21:3 ശതമാനം. ഈ കാലയളവിൽ ക്രൈസ്തവ ജനസംഖ്യ 20.6 ശതമാനമായി കുറഞ്ഞു.

കേരളത്തിലെയും ഭാരതത്തിലെയും ജനസംഖ്യയുടെ കുറവിന്റെ കാരണങ്ങളെ അപഗ്രഥിച്ചാൽ പ്രധാനമായും രണ്ട് പ്രധാന കാരണങ്ങൾ കണ്ടെത്താൻ സാധിക്കും. മതപരിവർത്തനവും ജനസംഖ്യാനിയന്ത്രണവും. സ്വാതന്ത്ര്യത്തിനു മുമ്പ് നിർബന്ധവും പ്രലോഭനപരവുമായ മതപരിവർത്തനം നിമിത്തം ഹിന്ദുജനസംഖ്യയിൽ കുറവുണ്ടായെങ്കിൽ തുടർന്ന് സർക്കാരുകൾ നടത്തിയ ജനസംഖ്യാനിയന്ത്രണ ഉത്തരവുകളെ അനുസരിക്കാൻ ഹിന്ദുക്കൾ തയ്യാറായി. ജനസംഖ്യാകുറവിന്റെ കാരണമായി 'നാം രണ്ട് നമുക്ക് രണ്ട്' എന്ന കുടുംബാസൂത്രണമുദ്രാവാക്യം പൂർണ്ണമായും ഉൾക്കൊള്ളാൻ ഹിന്ദുസമൂഹം തയ്യാറായതും ഏക ഭാര്യത്വവും ഹിന്ദുജനസംഖ്യയുടെ വളർച്ചാമുരടിപ്പിന് കാരണമായി. 2011 ലെ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ നവജാതശിശുക്കളുടെ മതപരമായ കണക്ക് പരിശോധിക്കുന്നത് കേരളത്തിന്റെ ഭാവിയിലേക്ക് ഒരു ചൂണ്ടുപലകയായിരിക്കും. 2018ൽ നവജാതശിശുക്കളിൽ 44.37 ശതമാനം ഹിന്ദുക്കളും 38 ശതമാനം മുസ്ലിങ്ങളും 16.9% ക്രിസ്ത്യാനികളും ആണെന്ന് കാണാൻ സാധിക്കും. ഈ കണക്ക് സൂചിപ്പിക്കുന്നത് 2001 നേക്കാൾ മുസ്ലിം നവജാതശിശുക്കളുടെ വളർച്ച 10.71% കൂടുതൽ ആണെന്നാണ്. ഇതേസ്ഥാനത്ത് ഹിന്ദു ക്രൈസ്തവ നവജാതശിശുക്കളുടെ എണ്ണത്തിലെ കുറവ് യഥാക്രമം 3. 97 ശതമാനവും 2.59% ആണ്. ഏറ്റവും അവസാനം നടന്ന 2011 ലെ കണക്കുകൾ നോക്കിയാൽ ഈ അനുപാതമില്ലായ്മ വളരെ കൂടുതലായതായി കാണാൻ സാധിക്കും.

ഇന്ന് കേരളം പലതരത്തിലുള്ള ഭീഷണികൾ നേരിടുന്നുണ്ട്. തീവ്രവാദം, നുഴഞ്ഞുകയറ്റം, ലൗ ജിഹാദ് പോലുള്ള പ്രവർത്തനങ്ങൾ എല്ലാം പ്രോത്സാഹിപ്പിക്കത്തക്കരീതിയിൽ ജനസംഖ്യാ അസന്തുലിതാവസ്ഥ കൂടിവരികയാണ്. മലബാർപ്രദേശങ്ങളും തമിഴനാട് - കർണാടകയുടെ ചില പ്രദേശങ്ങളും ചേർത്ത് ഒരു മുസ്ലിം രാജ്യം - കട്ടിംഗ് ദ സൗത്ത്- തന്നെ വേണമെന്ന് ചില ആവശ്യങ്ങൾ ഉയർന്നുകഴിഞ്ഞു.

ജനസംഖ്യാവർദ്ധനവിലെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സാംസ്‌കാരികമാറ്റവും ശ്രദ്ധേയമാണ്. നോമ്പുകാലങ്ങളിൽ മലബാർപ്രദേശത്തെ അമുസ്ലിങ്ങളുടെ കടകൾ നിർബന്ധമായി അടപ്പിക്കുന്നതും ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾക്കെതിരെ നടക്കുന്ന നീക്കങ്ങളും വസ്ത്ര - ഭക്ഷണ രീതികളിൽ വന്ന വലിയ മാറ്റങ്ങളും ഇത്തരം പ്രവണതകളുടെ ഭാഗമാണ്. മുത്തലാഖ്, ഏകീകൃത സിവിൽകോഡ്, പൗരത്വനിയമ വിഷയങ്ങളിൽ സംസ്ഥാനസർക്കാർ കാണിക്കുന്ന സമീപനവും ശബരിമല യുവതീപ്രവേശനവിഷയത്തിൽ കാണിച്ച സമീപനവും മുസ്ലിം വോട്ട് ബാങ്കിനെ ലക്ഷ്യം വച്ചാണെന്ന് ആർക്കും മനസ്സിലാകും. രാഷ്ട്രീയ അധികാരകേന്ദ്രങ്ങളുടെ തണലിൽ ഒരു വിഭാഗം എല്ലാ ആനുകൂല്യങ്ങളും നേടി പുരോഗമിക്കുമ്പോൾ ഭാവിയിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സനാതനവിശ്വാസികളുടെ നില എപ്രകാരമായിരിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. കാരണം അത്ര ഭീകരമാണ് കേരളത്തിന്റെ നിലവിലെ അവസ്ഥയും പോക്കും. ഒരു കാര്യം ഏകദേശം ഉറപ്പാണ്. അടുത്തു നടക്കാൻ പോകുന്ന ജനസംഖ്യാകണക്കെടുപ്പ് പ്രകാരം കേരളത്തിൽ ഹിന്ദു ന്യൂനപക്ഷം ആകാനുള്ള സാധ്യതവളരെകൂടുതലാണ്.