Hindu Vishwa
Index
ആയുർസൗഖ്യമരുളുന്ന തൈക്കാട്ടുശ്ശേരി ഭഗവതി -ക്ഷേത്രവിശേഷം
 
                                                        ആയുർവേദപ്പെരുമകൊണ്ട് കീർത്തികേട്ടതാണ് തൃശ്ശൂർ ജില്ലയിലെ തൈക്കാട്ടുശ്ശേരിഗ്രാമം. അഷ്ടവൈദ്യന്മാരിൽ പ്രസിദ്ധനായ തൈക്കാട്ട് മൂസ്സിന്റെ ഇല്ലവും ചികിത്സാലയങ്ങളും ഇവിടെയാണ്. ആയുരാരോഗ്യസൗഖ്യവരദായിനിയായി അനുഗ്രഹിക്കുന്ന തൈക്കാട്ടുശ്ശേരി ദുർഗ്ഗാക്ഷേത്രവും. ധന്വന്തരീസങ്കല്പത്തിൽ അനുഗ്രഹമരുളുന്ന ദുർഗ്ഗയാണ് ഇവിടത്തെ സവിശേഷത. പരശുരാമപ്രതിഷ്ഠിതമായ 108 ദുർഗ്ഗാലയങ്ങളിൽ പ്രധാനപ്പെട്ട തൈക്കാട്ടുശ്ശേരി ദുർഗ്ഗാക്ഷേത്രത്തിലേക്ക് ഒല്ലൂർ റെയിൽവേസ്റ്റേഷനിൽനിന്നും രണ്ട് കി.മീ. മാത്രം ദൂരമേയുള്ളൂ. സർവ്വരോഗസംഹാരമൂർത്തിയായ ധന്വന്തരീ സങ്കല്പത്തിലാണ് പ്രതിഷ്ഠയെങ്കിലും പൂജകളും ചടങ്ങുകളുമെല്ലാം അമൃതകലശവാഹിനിയായ ദുർഗ്ഗാദേവിയെ ആധാരമാക്കിയാണ്.
ക്ഷേത്രത്തിന്റെ ചരിത്രമോ കാലപ്പഴക്കമോ കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും പരശുരാമപ്രതിഷ്ഠിതമായതിനാലും ആറാട്ടുപുഴ പൂരത്തിലെ പങ്കാളിത്തവും കൊണ്ട് രണ്ടായിരത്തിൽ പരം വർഷങ്ങളുടെ പഴക്കം കണക്കുകൂട്ടുന്നു. നേരത്തെ അഞ്ച് ഇല്ലങ്ങളായിരുന്നു ഊരാണ്മക്കാരെന്നാണ് കേൾവി. പിന്നീട് പടുതോൾ മന മാത്രമായി. അവരിൽനിന്നാണ് തൈക്കാട്ട് ഇല്ലത്തിലേക്ക് ഊരാണ്മ വന്നുചേരുന്നത്. ക്ഷേത്രത്തിലെ നിത്യനിദാനചടങ്ങുകളും മറ്റ് അടിയന്തിരങ്ങളും നടത്തുന്നത് തൈക്കാട്ട് മൂസ്സുമാരാണ്. ഭക്തജനങ്ങളുടെ ഭരണസമിതി ഉത്സാവാദി കാര്യങ്ങൾ നടത്തിപ്പോരുന്നു. തൈക്കാട്ട് മൂസ്സുമാരുടെ കീർത്തിയും പൈതൃകവും ആയുർവേദത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണല്ലോ. ക്ഷേത്രത്തിന് സമീപംതന്നെയാണ് അവരുടെ വൈദ്യശാലകളും ചികിത്സാലയങ്ങളും ആയുർവേദമ്യൂസിയവും. വൈദ്യരത്‌നം കോളേജിലേക്ക് കുറച്ചു ദൂരം മാത്രമേയുള്ളൂ. ചികിത്സതുടങ്ങുന്നതിനു മുമ്പും ചികിത്സകഴിഞ്ഞ് തിരിച്ചുപോകുമ്പോഴും ദേവിയെ തൊഴുത് അനുഗ്രഹം വാങ്ങാനെത്തുന്നവർ നിത്യകാഴ്ചയാണ്. പുതുതായി വൈദ്യമേഖലയിൽ പ്രവേശിക്കുന്ന ഡോക്ടർമാരും ഭഗവതിയെ തൊഴാനെത്താറുണ്ട്.
ഒരു കയ്യിൽ അമൃതകലശവും അട്ടയും മറ്റു കരങ്ങളിൽ ശംഖചക്രപത്മങ്ങളുമായി നിൽക്കുന്ന ദേവിയുടെ ചതുർബാഹുവായ കരിങ്കൽ വിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ. പടിഞ്ഞാട്ടാണ് ദർശനം. തിടമ്പും ഇതേ ഭാവം തന്നെ. ഉപദേവതമാരായി ഒരേ ശ്രീകോവിലിൽതന്നെയുള്ള രണ്ട് ഗണപതിമാരും പരശുരാമനും ശാസ്താവും. കൂടാതെ, കിഴക്കുഭാഗത്തായി ചെറുകുന്നിലമ്മയുടെ സങ്കല്പവുമുണ്ട്. വിഗ്രഹരൂപത്തിൽ പ്രതിഷ്ഠിച്ചിട്ടില്ലെങ്കിലും പൂജയും നിവേദ്യവും ഉണ്ട്. ധന്വന്തരീപുഷ്പാഞ്ജലി, ധന്വന്തരീഹോമം, ദുർഗ്ഗാധന്വന്തരീപൂജ, രോഗശാന്തിഹോമം എന്നിവയാണ് ക്ഷേത്രത്തിലെ പ്രത്യേകമായ വഴിപാടുകൾ. എല്ലാ മാസവും കാർത്തികനാളിൽ തന്ത്രിയുടെ കാർമ്മികത്വത്തിലാണ് ഇത് നടക്കുക. ധന്വന്തരീഹോമത്തിന് പച്ചനെല്ലിക്കയും രോഗശാന്തിഹോമത്തിന് നെയ്യുമാണ് പ്രധാന ഹോമദ്ര്യവങ്ങൾ. രോഗശാന്തിക്കും ദുരിതനിവാരണത്തിനും പ്രതിവിധിയായി ചെയ്തുപോരുന്ന ഈ വഴിപാടുകൾക്ക് പ്രത്യക്ഷ ഫലസിദ്ധിയുണ്ടെന്നാണ് അനുഭവസാക്ഷ്യം. അന്യനാടുകളിൽനിന്നുപോലും ധാരാളം പേർ ഈ വഴിപാടുകൾക്കായി ഇവിടെ എത്തുന്നുണ്ട്.വടക്കേടത്ത് പെരുമ്പടപ്പ്മനക്കാരാണ് ക്ഷേത്രത്തിന്റെ താന്ത്രികകാര്യങ്ങൾ നിർവഹിക്കുന്നത്. സാധാരണ ദിവസങ്ങളിൽ രാവിലെ 5 മണി മുതൽ 9 വരെയും വൈകീട്ട് 5 മുതൽ 7.30 വരെയുമാണ് നട തുറന്നിരിക്കുക. രണ്ട് പ്രധാന പൂജകൾ. വിശേഷദിവസങ്ങളിലൊഴികെ ശീവേലി പതിവില്ല.
തുലാമാസത്തിലെ വാവാറാട്ട് വിശേഷമാണ്. ക്ഷേത്രക്കുളത്തിൽ ആറാട്ടിനുശേഷം നവകം, ശ്രീഭൂതബലി എന്നിവ നടക്കും. വൃശ്ചികമാസത്തിലെ തൃക്കാർത്തിക വിശേഷാൽ ഇളനീരഭിഷേകം, കാൽകഴുകിച്ചൂട്ട്, പ്രസാദ് ഊട്ട് എന്നിവയോടെ വിശേഷമായി ആഘോഷിക്കുന്നു. ഒമ്പത് ദിവസത്തെ നവരാത്രി ആഘോഷവും പ്രധാനം.
കുംഭമാസത്തിലെ ഉത്രം നാളിലാണ് ശാസ്താവിന്റെയും ഗണപതിയുടെയും പ്രതിഷ്ഠാദിനം. ശാസ്താവിന് കളഭാഭിഷേകം, ഗണപതിക്ക് ഒറ്റയപ്പം എന്നിവയാണ് പ്രധാന ചടങ്ങുകൾ. എടവമാസത്തിലെ പുണർതം നാളിൽ ഭഗവതിയുടെ പ്രതിഷ്ഠാദിനം മുറജപം, കളഭം, അന്നദാനം, ആനയെഴുന്നള്ളിപ്പ് എന്നിവയോടെ ആഘോഷിക്കുന്നു.
കർക്കടകത്തിലെ മുപ്പെട്ട് ഞായറാഴ്ച മഹഗണപതിഹോമം, കർക്കടകം 16 ന് ഔഷധസേവ, കറുത്തവാവ് കഴിഞ്ഞുവരുന്ന ഞായറാഴ്ച ഇല്ലംനിറ എന്നീ ചടങ്ങുകളും വിശേഷമാണ്. ധന്വന്തരീസങ്കല്പമുള്ളതിനാൽ ഔഷധസേവയ്ക്ക് നല്ല തിരക്കനുഭവപ്പെടാറുണ്ട്. കൊടുവേലിക്കിഴങ്ങ് പ്രത്യേക അനുപാതത്തിൽ നെയ്യിൽ ഉപസ്തരിച്ച് തയ്യാറാക്കുന്ന ഔഷധം രോഗരക്ഷയ്ക്ക് ഉത്തമമെന്നാണ് വിശ്വാസം.
ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ചുള്ള മകീര്യം പുറപ്പാടും തുടർന്നുള്ള ചടങ്ങുകളുമാണ് പ്രധാന ഉത്സവം. മീനമാസത്തിലെ ഉത്രം പാട്ട് കണക്കാക്കി 8 നാൾ മുമ്പ് മകയീരം നാളിലാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ഓരോ ദിവസവും നടക്കുന്ന ചടങ്ങുകൾ താന്ത്രികപ്രധാനവും സവിശേഷമായ അനുഷ്ഠാനങ്ങളോടുകൂടിയതുമാണ്. പ്രഗത്ഭരായ വാദ്യകലാകാരന്മാരും ആനകളും വിവിധ ചടങ്ങുകളിൽ സംബന്ധിക്കുന്നുവെന്നതും പ്രധാനമാണ്. വെളുപ്പിന് 3 മണിക്ക് ശംഖനാദത്തോടെയും ആർപ്പുവിളിയോടെയും പള്ളിയുണർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. അന്നേദിവസം രാവിലെ മറ്റ് പൂജകളൊന്നും പതിവില്ല. വൈകീട്ട് ഊരാളന്മാരുടെ അനുമതിയോടെ കൊടിമരം നാട്ടുന്ന ചടങ്ങ് നടക്കും. ഭഗവതിയുടെ സഹോദരസ്ഥാനത്ത് കണക്കാക്കപ്പെടുന്ന ചക്കംകുളം ശാസ്താവ് നേരത്തേ എത്തിച്ചേർന്നിട്ടുണ്ടാകും. തുടർന്ന് പ്രസിദ്ധമായ നായർവേല. ചടങ്ങുകൾക്കുശേഷം പിന്നീട് ശാസ്താവും ഭഗവതിയും കൂടി ചെറുശ്ശേരി ക്ഷേത്രത്തിലേക്ക് പോകുന്നു. ആറാട്ടിനുശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി നവകമാടി അത്താഴപൂജയും ശ്രീഭൂതബലിയും കഴിയുന്നതോടെ അന്നത്തെ ചടങ്ങുകൾ പൂർത്തിയാവുന്നു.
പൂരം പുറപ്പെട്ടാൽ പ്രധാനമായും ഭഗവതിയുടെ ദേശസഞ്ചാരങ്ങളാണ്. വിവിധ സ്ഥലങ്ങളിലെ പറയെടുപ്പ്, ഇറക്കിപ്പൂജ, ആറാട്ട് എന്നീ ചടങ്ങുകൾ വിധിയാംവണ്ണം കൃത്യമായി അനുഷ്ഠിക്കപ്പെടുന്നു. തിരുവാതിരനാൾ ചക്കംകുളം ശാസ്താവിനൊപ്പം ചാത്തക്കുടം ക്ഷേത്രത്തിലേക്ക് എഴുന്നള്ളി അവിടെ നടക്കുന്ന ചത്തക്കുടം ശാസ്താവിന്റെ തിരുവാതിര പുറപ്പാടിലും വിളക്കിലും പങ്കുചേരുന്നു. പുലർച്ചെ മടങ്ങി തൈക്കാട്ടുശ്ശേരിയിലെത്തുന്ന ഭഗവതിയെ ആൽത്തറയിൽ ഇറക്കി പഞ്ചവാദ്യത്തോടെ ആനയിച്ച് പടിഞ്ഞാറെ നടവഴിയിൽ ഇറക്കിയെഴുന്നള്ളിയ്ക്കുന്നു. ഈ സമയത്താണ് പ്രസിദ്ധമായ കൂട്ടപ്പറ നിറയ്ക്കൽ നടക്കുക. തുടർന്നുള്ള എഴുന്നള്ളിപ്പിൽ വാദ്യരംഗത്തെ പ്രഗൽഭർ അണിനിരക്കുന്ന പഞ്ചാരിമേളം അകമ്പടിയാകും. പെരുവനം ആറാട്ടുപുഴ ദേവമേളയോടനുബന്ധിച്ചുള്ള ആദ്യദേവസംഗമത്തിന് തൈക്കാട്ടുശ്ശേരി വേദിയാകുന്നത് ഇപ്പോഴാണ്. ചാത്തക്കുടം ശാസ്താവ്, കടലാശ്ശേരി പിഷാരിക്കൽ ഭഗവതി, ചക്കംകുളം ശാസ്താവ്, നാങ്കുളം ശാസ്താവ്, എടക്കുന്നി ഭഗവതി, ചിറ്റിച്ചാത്തക്കുടം ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ് എന്നിവരാണ് അന്നേദിവസം പൂരത്തിൽ പങ്കുകൊണ്ട് ഉപചാരമർപ്പിക്കുന്നത്. ഇവരെയെല്ലാം ഒരുമിച്ച് തൊഴാൻ സാധിക്കുന്നത് വലിയ പുണ്യമായി കരുതിവരുന്നു. വൈകീട്ട് ഇളയിടത്ത് തൈക്കാട്ട് മനയിലെ ഇറക്കിപ്പൂജയ്ക്കുശേഷം ചക്കംകുളങ്ങര വലിയ വിളക്കിൽ പങ്കെടുക്കുന്നതിനായി ഭഗവതി പോകും. പിറ്റേന്ന് രാവിലെ അവിടെ നിന്നും ഉപചാരം ചൊല്ലി ചിറ്റിച്ചാത്തക്കുടം ക്ഷേത്രത്തിൽ ഇറക്കിപ്പൂജ. തിരിച്ചുവന്ന് ക്ഷേത്രക്കുളത്തിൽ ആറാടി വൈകീട്ട് പെരുവനം പൂരത്തിൽ പങ്കെടുക്കാൻ പോകുന്നു. പെരുവനം ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ രാത്രി 12 ന് നടക്കുന്ന അതിവിശേഷമായ എഴുന്നള്ളിപ്പിൽ മറ്റു ദേവീദേവന്മാരോടൊപ്പം ഭഗവതിയും പങ്കെടുക്കുന്നു. പിറ്റേന്ന് തൈക്കാട്ടുശ്ശേരിയിൽ തിരിച്ചെത്തി ആറാട്ടിനുശേഷം വൈകീട്ട് തലോർ ശിവക്ഷേത്രത്തിൽ ഇറക്കിയെഴുന്നള്ളിപ്പ്. ശേഷം പോത്തോട്ടപ്പറമ്പിൽ ചക്കംകുളം ശാസ്താവിനോട് ഉപചാരം ചൊല്ലി പിടിക്കപ്പറമ്പ് ശിവക്ഷേത്രത്തിലെത്തി ഇറക്കിയെഴുന്നള്ളിക്കും. അടുത്തദിവസം വടക്കേടത്ത് പെരുമ്പടപ്പ്, തെക്കേടത്ത് പെരുമ്പടപ്പ് എന്നീ തന്ത്രികുടുംബങ്ങളിലെ പറയെടുപ്പിനുശേഷം പെരുവനം ആറാട്ടുപുഴ ദേവമേളയിലെ പ്രധാന ചടങ്ങായ പിടിക്കപ്പറമ്പ് ആനയോട്ടത്തിൽ പങ്കെടുക്കുന്നു. പിടിക്കപ്പറമ്പ് ക്ഷേത്രം പ്രദക്ഷിണം വച്ച് ചാത്തക്കുടം ശാസ്താവിനോട് ഉപചാരം ചൊല്ലി തൈക്കാട്ടുശ്ശേരിയിൽ തിരിച്ചെത്തുന്നു. വൈകീട്ട് ക്ഷേത്രക്കുളത്തിൽ ആറാടി ശ്രീഭൂതബലിക്കുശേഷം രാത്രി കടലാശ്ശേരി പിഷാരിക്കൽ ക്ഷേത്രത്തിൽ ഇറക്കിയെഴുന്നള്ളിപ്പ്. പിറ്റേന്ന് തൊട്ടിപ്പാൾ പൂരത്തിൽ പങ്കെടുത്ത് വൈകീട്ട് തിരിച്ചെത്തുന്നു. അടുത്ത ദിവസമാണ് ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരം. വൈകീട്ട് ആറാട്ടുപുഴയിലേക്ക് വലിയ പാണിയോടെ ഭഗവതിയുടെ എഴുന്നള്ളത്ത്. പടിഞ്ഞാറുനിന്ന് കൊട്ടിക്കയറിയാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുക. തുടർന്ന് ഇറക്കിയെഴുന്നള്ളിപ്പ്. പിറ്റേന്ന് പുലർച്ചെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ് കഴിഞ്ഞ് മന്ദാരക്കടവിലെ ആറാട്ടിനുശേഷം ഉപചാരം ചൊല്ലി തൈക്കാട്ടുശ്ശേരിയിലേക്ക് തിരിച്ചെത്തുന്നു. വൈകീട്ടാണ് പ്രസിദ്ധമായ ഉത്രം പാട്ട്. രാത്രി 10 മണിയോടെ എടക്കുന്നി ഉത്രം വിളക്കിൽ പങ്കെടുക്കാൻ പുറപ്പെടുന്നു. പിറ്റേന്ന് വിളക്കിനുശേഷം നാങ്കുളം ക്ഷേത്രത്തിലെ ഇറക്കിപ്പൂജ കഴിഞ്ഞ് ഉപചാരം ചൊല്ലി ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിക്കുത്ത് ചടങ്ങുകൾ നടക്കുന്നതോടെ ഉത്സവചടങ്ങുകൾക്ക് പര്യവസാനമാകുന്നു.
വർഷത്തിൽ മൂന്ന് പ്രാവശ്യമാണ് ക്ഷേത്രത്തിൽ ബ്രാഹ്മണിപ്പാട്ട് നടക്കുന്നത്. മീനത്തിലെ ഉത്രംപാട്ടിനും തുലാമാസത്തിലെ തിരുവോണം പൂജയ്ക്കും വാവാറാട്ടിനും നടക്കുന്ന ചടങ്ങിൽ ചെറുശ്ശേരി പുഷ്‌പോത്തെ അമ്മമാരാണ് പാടുക.
അഷ്ടവൈദ്യപൈതൃകത്തിന്റെ പുണ്യം നിറഞ്ഞ തൈക്കാട്ടുശ്ശേരിയിൽ ധന്വന്തരീചൈതന്യത്തോടെ വാണരുളുന്ന ഭഗവതി മാറാവ്യാധികളിൽനിന്നും ദുഃഖദുരിതാദിക്ലേശങ്ങളിൽ നിന്നും അഭയമരുളി മനസ്സിനെയും ശരീരത്തെയും വ്യാധിമുക്തമാക്കുന്നുവെന്നാണ് വിശ്വാസം.
