Hindu Vishwa
Index
കലയുടെ മണ്ഡലത്തിൽ സ്വാമിജി (അദ്ധ്യാത്മഹിമാലയം- ജീവചരിത്രം തുടർച്ച...)
 
                                                        ജീവിതപ്രശ്‌നങ്ങൾമൂലം ക്ലേശിച്ച് അഭയംതേടിവരുന്നവർക്ക് ആശ്വാസകേന്ദ്രമായിത്തീർന്നു സ്വാമിജി. ഗുരുപാദരുടെ സാന്നിദ്ധ്യം ഭാഗ്യശാലികൾ അദ്ദേഹത്തിൽ ദർശിച്ചു. അദ്ദേഹത്തിന്റെ ഒരൊറ്റ നേട്ടമോ ഒരു വാക്കോ ഒരു പുഞ്ചിരിയോ മതി ക്ലേശങ്ങൾ വിട്ടകലാൻ. ഇക്കാര്യം ഏവർക്കും സ്വാനുഭവസിദ്ധമാകകൊണ്ട് എല്ലാ ദിനങ്ങളിലും ആശ്രമത്തിൽ നല്ല തിരക്കുണ്ടാകുക പതിവാണ്. സ്വാമിജിയെക്കാണാൻ മുൻകൂർ അനുവാദം ആവശ്യമുണ്ടായിരുന്നില്ല. സമയം ചോദിച്ചറിയേണ്ട കാര്യമുണ്ടായിരുന്നില്ല. സ്ഥാനമാനങ്ങളോ സമ്പത്തോ അധികാരമോ ജാതിയോ മതമോ ഒന്നും ബാധകമായിരുന്നില്ല. അദ്ദേഹത്തെക്കാണാൻ ആത്മാർത്ഥമായ ആഗ്രഹമുള്ളവർക്കെല്ലാം പൂർണ്ണമായ സ്വാതന്ത്ര്യവും അവസരവുമുണ്ട്. ഭക്ഷണം വച്ചുവിളമ്പുന്ന ജോലി സ്വാമിജി തന്നെയായിരുന്നു നേരിട്ട് നിർവഹിച്ചിരുന്നത്. അത് അദ്ദേഹത്തിന് തപസ്സിന്റെ ഭാഗമായിരുന്നു. ശ്രീകോവിലിൽ ഭഗവാന് നിവേദിക്കാൻ അന്നം തയ്യാറാക്കുന്ന സങ്കല്പത്തിലാണ് ഭക്ഷണം തയ്യാറാക്കിയിരുന്നതും നൽകിയിരുന്നതും. ഗുരുപാദരുടെ അടുക്കളയിലായിരുന്നു സ്വാമിജി പാചകം ചെയ്തിരുന്നത്. സ്വാമികളുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയെപ്പറ്റി നേരത്തേ വിവരിച്ചിട്ടുണ്ട്. ഈ ലോകത്തിൽ ആരു പാചകം ചെയ്താലും അതിനു തുല്യമാകുകയില്ല.
രോഗം ജീവരാശിക്ക് കൂടെപ്പിറപ്പുപോലാണ്. ബഹുവിധമായ രോഗങ്ങൾ മനുഷ്യർക്കും വന്നുപിടിക്കാറുണ്ട്. രോഗചികിത്സക്ക് നാട്ടിൽ ആതുരാലയങ്ങളുണ്ട്. കുറേയൊക്കെ ഭാഗികമായോ പൂർണ്ണമായോ ഫലിക്കുകയും ചെയ്യും. എന്നാൽ കുറേ ഫലിക്കാതെയുമിരിക്കും. ക്ലേശകരമായ രോഗാവസ്ഥകളിൽ ഏവർക്കും അവശ്യം വേണ്ടത് ചികിത്സയെ ഫലിപ്പിക്കുന്ന മനസ്സാന്നിധ്യവും മനസ്സന്തോഷവുമാണ്. അതിന് ആശ്രമംപോലെ മറ്റൊരു അഭയസ്ഥാനമില്ല. ഗുരുപാദരുടെ കാലംമുതൽക്കേ രോഗശാന്തിക്കായി ആയിരങ്ങൾ ആശ്രമത്തിൽ എത്തിച്ചേരാറുണ്ട്. അദ്ദേഹം നൽകുന്ന ഭസ്മവും ഭക്ഷണവും രോഗശാന്തി വരുത്താറുമുണ്ട്. ഗുരുപാദരുടെ ഒരു നോട്ടമോ സ്പർശമോ മതി രോഗവിമുക്തി കൈവരാൻ. അനുഭവമുള്ള അനേകം പേർ ഇതെഴുതുമ്പോഴും ജീവിച്ചിരുപ്പുണ്ട്. ഗുരുപാദർ ചെയ്തുപോന്ന ആ സേവനം സ്വാമിജിയും പിന്തുടർന്നു. അനേകംപേർ ഇതിനുവേണ്ടി അവിടെ ദിവസംതോറും വന്നു. സ്വാമിജിയുടെ ദർശനവും ഭസ്മധാരണവും വാക്കുകളും അവർക്കെല്ലാം ധൈര്യം പകർന്നു. സ്വാമിജിയുടെ അനുഗ്രഹം കൊണ്ടുമാത്രം രോഗമുക്തരായവർ അനേകരാണ്. പല രോഗങ്ങളും കർമ്മബന്ധവൈഷമ്യം കൊണ്ട് സംഭവിക്കുന്നവയാണ്. അവയെയാണ് സ്വാമിജി അദ്ധ്യാത്മശക്തിയാൽ ദൂരീകരിക്കുക. സ്ഥൂലശരീരനിഷ്ഠം മാത്രമായവയ്ക്ക് ഔഷധസേവ വേണ്ടിവരും. ഡോക്ടറെയോ വൈദ്യനെയോ ഉടൻ കാണണമെന്ന് അവരെ ഉപദേശിച്ചയയ്ക്കുകയും ചെയ്യും. നിശ്ചയിച്ചുറപ്പിച്ച ഓപ്പറേഷനുകൾ വേണ്ടെന്നുവച്ച സംഭവങ്ങളും വിരളമല്ല. സ്‌കാനിംഗ് മെഷീനുകൾ യാതൊന്നുമില്ലാതെ കൃത്യമായി ഡയഗ്നോസ് ചെയ്യാൻ ആ മഹാപുരുഷനെപ്പോലെ ആരുമില്ല. രോഗമില്ലെന്നു ധരിച്ചുനടന്ന പലരിലും ഗൂഢമായി വളരുന്ന രോഗബീജം തിരിച്ചറിഞ്ഞ് ഡോക്ടറെ കാണാൻ വേണ്ടുന്ന സൂചനകളോടെ നിർദ്ദേശിച്ചയച്ച സംഭവങ്ങളും പലതുണ്ട്. ചിലർക്കെല്ലാം ചികിത്സയായി വിധിക്കുന്നത് യോഗാസനങ്ങളും പ്രാണായാമവുമായിരിക്കും.
കർമ്മവാസനകളുമായി ബന്ധപ്പെട്ട് അധിഭൂതമോ അധിദൈവമോ അദ്ധ്യാത്മമോ ആയ ദോഷങ്ങളുണ്ടെന്ന് കണ്ടാൽ ക്ഷേത്രദർശനം, മൃത്യുഞ്ജയാദിമന്ത്രജപം, ഹോമം, വിഷ്ണുസഹസ്രനാമം, ലളിതാസഹസ്രനാമം മുതലായവയുടെ ജപം, ഈ നാമങ്ങൾ ചൊല്ലിയുള്ള അർച്ചന, ശ്രീരാമായണ ശ്രീഭാഗവതാദിഗ്രന്ഥങ്ങളുടെ പാരായണം മുതലായവ പലർക്കും പരിഹാരമായി നിർദ്ദേശിച്ചുകണ്ടിട്ടുണ്ട്. അന്നദാനാദികളും അക്കൂട്ടത്തിൽപെടുന്നു. ഭക്തന്മാർ ആഗ്രഹിക്കകൊണ്ട് സ്വാമിജി പലപ്പോഴും മൃത്യുഞ്ജയം, മഹാസുദർശനം, മുതലായ ഹോമങ്ങൾ ചെയ്യാറുണ്ടായിരുന്നു. ലോകകല്യാണാർത്ഥമായും അനേകദിവസങ്ങളും ആഴ്ചകളും നീണ്ടുനിൽക്കുന്ന ഹോമങ്ങൾ അദ്ദേഹം ചെയ്തു. ഗുരുപാദസമാധിക്കു ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ട് തംബുരുമീട്ടി അഖണ്ഡനാമം ജപിക്കുന്നതാണ് വേറൊരു ശ്രേയോപായം. കാലദോഷങ്ങൾക്കും കർമ്മദോഷങ്ങൾക്കും ശാശ്വതപരിഹാരമാണ് അത്. ലോകമംഗളത്തിന് പറ്റിയ സിദ്ധൗഷധവും. മഹാദേവസ്തുതികൾ ആലപിച്ചുകൊണ്ട് ഗുരുപാദസമാധി ക്ഷേത്രത്തെ സ്വാമിജി പ്രദക്ഷിണം ചെയ്യുമായിരുന്നു എന്നു പലരും പറഞ്ഞറിയാം. ഭക്തിയുടെ മഹാപ്രവാഹമായിരിക്കും ആ ആലാപനം.
ആശ്രമത്തിൽ വരുന്നവർക്കെല്ലാം സ്വാമിജി വലതുകൈയിലെ പെരുവിരൽകൊണ്ട് ഭ്രൂമദ്ധ്യത്തിൽ ഭസ്മംകൊണ്ട് കുറി അണിയിക്കും. ഇതിനുവേണ്ടി പ്രത്യേകം തയ്യറാക്കി പൂജിച്ചെടുക്കുന്ന പരിശുദ്ധമായ ഭസ്മമാണത്. ആജ്ഞാചക്രമെന്ന ഭ്രൂമദ്ധ്യപ്രദേശത്ത് ചാർത്തുന്ന ഭസ്മം ഭക്തന്റെ സൂക്ഷ്മശരീരത്തിലും കർമ്മവാസനകളിലും അനുകൂലമായ പരിണതി ഉണ്ടാക്കുന്നു. രോഗചികിത്സയ്ക്കും ഭാവിഭാഗധേയപരിഷ്‌കൃതിക്കും ഉതകുന്ന ഭസ്മം എല്ലായ്‌പോഴുമെന്നപോലെ ആരാധന കഴിഞ്ഞും ഏവരെയും സ്വാമിജി ധരിപ്പിക്കാറുണ്ട്. ചില അവസരങ്ങളിൽ ഭസ്മം ഉള്ളംകൈയിലെടുത്ത് ഭക്തനുനേരെ അനുഗ്രഹപൂർവ്വകമായി ഊതിപ്പറിപ്പിക്കും. ശിരസ്സിൽ കരംകൊണ്ട് മെല്ലെ സ്പർശിക്കുകയും ചെയ്യും. പലതരം ബുദ്ധിമുട്ടുകളുമായി വരുന്നവർക്ക് ചെറിയ ഒരു പൊതി നിറയെ ഭസ്മം ജപിച്ചുകൊടുക്കാറുണ്ട്. ഭസ്മം ജപിച്ചുചാർത്തിയ പഴങ്ങളും പൊതിഞ്ഞുനൽകാറുണ്ട്. ഇക്കാലത്ത് കൗൺസിലിംഗ് ഒരു അംഗീകൃത ഫാഷനായി മാറിയിരിക്കുന്നു. ആയിരം കൗൺസിലിംഗ് പോലും നുള്ള് ഭസ്മത്തിന്റെ പ്രയോജനം ചെയ്യുന്നില്ല എന്നതാണനുഭവം.
ആശ്രമത്തിൽ ദിനവും ധാരാളം ആളുകൾ വരുമായിരുന്നു. ഏറ്റവും വലിയ സവിശേഷത എല്ലാവരോടും സ്വാമിജി കാട്ടുന്ന തുല്യതയാണ്. ആഗതരുടെ സാമൂഹികപദവിയൊന്നും അദ്ദേഹത്തിനു മുന്നിൽ പ്രസക്തമാകുന്നില്ല. എല്ലാവരോടും തുല്യമായ സ്‌നേഹവാത്സല്യങ്ങളോടെ അദ്ദേഹം പെരുമാറും. അവർക്ക് പറയാനുള്ളത് ശ്രദ്ധാപൂർവ്വം കേട്ട് സമാധാനമുണ്ടാക്കും. ലക്ഷക്കണക്കിനാളുകളാണ് അദ്ദേഹത്തെ കാണുവാൻ ആശ്രമത്തിൽ വന്നിട്ടുള്ളത്. തന്നോട് വിവേചനം കാട്ടിയെന്ന പരാതി നാളിതുവരെ ഉണ്ടായിട്ടില്ലാത്തത് സ്വാമിജി സ്വഭാവസിദ്ധമായിത്തന്നെ പുലർത്തുന്ന സമത്വഭാവനയുടെ തെളിവാണ്. ഭൂമുഖത്ത് വസിക്കുന്ന ഓരോ വ്യക്തിയും പുലർത്തേണ്ട ജീവിതദർശനത്തിന്റെയും ശീലാചാരങ്ങളുടെയും ഉത്തമദൃഷ്ടാന്തമാണത്.
ഇക്കാലത്ത് സാമൂഹികപ്രവർത്തനങ്ങളുടെ മണ്ഡലങ്ങളിൽ ഉൾപ്പെടുത്തിക്കാണുന്ന സേവനപ്രവർത്തനങ്ങൾ അക്കാലത്തേ സ്വാമിജിക്ക് അന്യമായിരുന്നില്ല. പുതിയ തലമുറയ്ക്ക് ആരോഗ്യപൂർണ്ണവും അഭിമാനാർഹവും മാതൃകാപരവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിനുവേണ്ടുന്ന പരിശീലനം നൽകുന്ന കാര്യത്തിൽ അക്കാലത്തുതന്നെ അദ്ദേഹം ശ്രദ്ധവച്ചിരുന്നു. സ്വന്തം ബാല്യകാലവും അദ്ധ്യാപനയുഗവും ഗുരുപദേശങ്ങളുമെല്ലാം അതിനു അനുഭവസമ്പത്തായി കൂടെയുണ്ടായിരുന്നു. ആശ്രമചുമതലകൾ നിർവഹിക്കുന്നതിനിടയിൽ പകൽ ലഭ്യമായിരുന്ന സമയത്തിന്റെ വലിയൊരു പങ്ക് അദ്ദേഹം അതിനായി ചെലവഴിച്ചു. പഠനത്തിന്റെ പ്രാധാന്യം സമീപസ്ഥമായ ഗ്രാമമേഖലകളിലെ കുട്ടികൾ സ്വാമിജിയിൽനിന്ന് സവിശേഷമായി തിരിച്ചറിഞ്ഞു. അതിനുവേണ്ടുന്ന ഉത്സാഹം അവർക്ക് കൈവരുന്നതും അദ്ദേഹത്തിൽനിന്നുതന്നെ. വിവിധ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം മനസ്സിലായിട്ടില്ലാത്ത പാഠ്യഭാഗങ്ങൾ വ്യക്തമാക്കിക്കൊടുക്കുന്ന അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. അനുദിനം വളർന്നുവരുന്ന പൊതുവിജ്ഞാനമണ്ഡലങ്ങളിലേക്കും അദ്ദേഹം അവരുടെ ശ്രദ്ധയാകർഷിച്ചു. ഭാരതചരിത്രത്തിലും സംസ്‌കൃതിയിലും അഭിമാനമുണർത്തുന്നതായിരുന്നു കുരുന്നുഹൃദയങ്ങൾക്ക് സ്വാമിജിയുടെ വാക്കുകൾ. സർവോപരി ഈശ്വരവിശ്വാസം അദ്ദേഹം ഏവരിലും ആരോഗ്യകരമായി സംക്രമിപ്പിച്ചു. മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ, അതിഥിദേവോ ഭവ തുടങ്ങിയ തൈത്തിരീയോപനിഷദ്‌വാക്യങ്ങളുടെ സന്ദേശം ലളിതമായ കഥകളിലൂടെ അദ്ദേഹം അവർക്ക് പകർന്നുകൊടുത്തു. വാല്മീകിയെയും വേദവ്യാസനെയും എഴുത്തച്ഛനെയും പോലുള്ള മഹാപ്രതിഭകളുടെ സജീവചിത്രം ഇളംപ്രായത്തിലേ അവരുടെ ഹൃദയങ്ങളിൽ സ്വാമിജി വരച്ചുവച്ചു. നവരാത്രിയും വിജയദശമിയും ആശ്രമാനുഷ്ഠാനങ്ങളിൽ സവിശേഷപ്രാധാന്യമുള്ള സന്ദർഭങ്ങളാണ്. അതിന്റെ മഹിമ അദ്ദേഹം കുട്ടികളുടെ ഹൃദയത്തിൽ പകർന്നുവച്ചു. വിജയദശമിദിനത്തിലെ വിദ്യാരംഭം സ്വാമിജി സവിശേഷമായി നടത്തിപ്പോന്നിരുന്നു. രക്ഷകർത്താക്കൾ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിതൃപ്പാദങ്ങളെക്കൊണ്ട് കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കാൻ ശ്രദ്ധാവിശ്വാസങ്ങളോടെ അതിരാവിലേ ആശ്രമത്തിൽ എത്തുമായിരുന്നു. പവിത്രമായ ആ മണ്ഡപത്തിലെ ക്ഷേത്രനടയിലിരുന്ന് സ്വാമിജി 'ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു' എന്ന് കുഞ്ഞുങ്ങളെക്കൊണ്ട് എഴുതിച്ചു. അവരെ അക്ഷരലോകത്തിലേക്ക് ആനയിച്ചു.
സ്വാമിജി പ്രതിഭാസമ്പന്നനായ ഒരു കവിയായിരുന്നു. ഗദ്യോപന്യാസങ്ങളുടെയും ഗഹനമായ പ്രബന്ധങ്ങളുടെയും രചനാവൈദഗ്ധ്യവും അന്നേ അദ്ദേഹത്തിൽ പ്രകടമായിക്കഴിഞ്ഞിരുന്നു. അതേപോലെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞതായിരുന്നു ഗായകനെന്ന നിലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാമർത്ഥ്യം. നാടകങ്ങളനേകം അദ്ദേഹം അരങ്ങേറ്റി സഹൃയശ്രദ്ധയും ആദരവും നേടി. കലയുടെ മർമ്മം ഗ്രഹിച്ച കലാകാരനും ആസ്വാദകനുമായിരുന്ന സ്വാമിജി അതിന്റെ പ്രോത്സാഹകനും പ്രചാരകനുമായി ഭവിച്ചു. സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന കാലത്തുതന്നെ കലാവാസനയുള്ള വിദ്യാർത്ഥികളെ കണ്ടെത്താനും ക്ലാസും അവസരങ്ങളും നൽകി പ്രോത്സാഹിപ്പിക്കാനും അദ്ദേഹം സവിശേഷ ശ്രദ്ധകാട്ടി. ആശ്രമജീവിതത്തിനിടയിലും പ്രതിഭാവാന്മാരെ കണ്ടെത്തി അദ്ദേഹം പ്രോത്സാഹിപ്പിച്ചു. മഹാസമാധിവരെയും അത് തുടർന്നു. സ്വാമിജിയുടെ അകമഴിഞ്ഞ നിരന്തരപ്രേരണയാൽ ചിത്രത്തിന്റെയും ശില്പത്തിന്റെയും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും നാട്യത്തിന്റെയും മണ്ഡലങ്ങളിൽ സുധീരം മുന്നേറി വ്യക്തിമുദ്ര പതിപ്പിച്ചവർ അനേകരുണ്ട്. കാര്യവട്ടം ശ്രീകണ്ഠൻ നായർ സ്‌കൂളിൽനിന്ന് സ്വാമിജി കണ്ടെടുത്ത കവിയാണ്. സ്വാമിജിയുടെ സുഹൃത്തും സഹപാഠിയുമായ കഥകളികലാകാരൻ ജഗന്നാഥവർമ്മയെന്ന സിനിമാനടന്റെ ആശ്രമബന്ധം നേരത്തേ വിവരിച്ചു. പ്രശസ്ത കഥകളിനടനായ വെമ്പായം അപ്പുക്കുട്ടൻ പിള്ള സ്വാമിജിയുടെ സവിശേഷസ്‌നേഹത്തിനു പാത്രമായ വ്യക്തിത്വമാണ്. ശ്രീ സത്യാനന്ദവിഭൂതിയെന്ന പുസ്തകത്തിൽ പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥൻ പിള്ള എഴുതിയിരിക്കുന്നത് വായിച്ചാൽ സ്‌നേഹം നിറഞ്ഞ ആ പ്രോത്സാഹനത്തിന്റെ അഗാധത അനുഭവവേദ്യമാകും. 'കഥകളിപ്രവേശിക' എന്ന ഗ്രന്ഥം ഞാൻ രചിച്ചതിന്റെ പിന്നിലെ പ്രോത്സാഹനവും സ്വാമിജിയുടെതായിരുന്നു. ഈ പുസ്തകം ഞാൻ സ്വാമിജിക്ക് സമർപ്പിച്ചപ്പോൾ എന്നെ ആലിംഗനം ചെയ്തുകൊണ്ട് സ്വാമിജി എന്നോട് പറഞ്ഞ വാക്കുകൾ എനിക്കു കിട്ടിയ വലിയ അംഗീകാരമായിരുന്നു. ജീവചരിത്രകാരനായ എന്നെ എഴുത്തിന്റെ വഴിയിലേക്ക് ആനയിച്ച് കൃത്യമായ മാർഗ്ഗം കാട്ടിത്തന്ന് നയിച്ചതും സ്വാമിജിതന്നെ. സ്വാമിജി പറഞ്ഞു: ''നീ ചലച്ചോണ്ടു നടന്നാൽമാത്രം പോരെടാ. എഴുതുകയും വേണം. എല്ലാ വാക്കും വാക്യവും കേന്ദ്രസിദ്ധാന്തത്തിൽതന്നെ തറയ്ക്കണം.'' പ്രബന്ധരചനയുടെ മർമ്മം ഇതിനെക്കാൾ വ്യക്തമായി എങ്ങനെയാണ് സംഗ്രഹിക്കുക? ആട്ടക്കഥകളെഴുതാൻ എനിക്ക് ശക്തി പകർന്നതും അവയെ ചിട്ടപ്പെടുത്തിയതും സ്വാമിജിതന്നെ. ഇങ്ങനെ കലയുടെ മണ്ഡലത്തിൽ സ്വാമിജിയാൽ നയിക്കപ്പെട്ടവർ അനേകരുണ്ട്. അക്കാര്യങ്ങൾ പിന്നീട് പ്രതിപാദിക്കും.
(തുടരും)
