Hindu Vishwa
Index
ദേവായനത്തിലെ നിത്യപൗർണ്ണമി -ഓർമ്മ
 
                                                        ജീവിച്ചിരുന്നുവെങ്കിൽ ഈ മാർച്ച് 18 ന് 99 വയസ്സുതികയുമായിരുന്നു മലയാളത്തിന്റെ പ്രിയ മഹാകവിക്ക്. ഭാരതീയ ആത്മീയസങ്കല്പങ്ങളുടെ മൂശയിൽ വാർത്തെടുത്ത തേജസ്സുള്ള കവിതാശില്പങ്ങശില്പങ്ങൾക്കൊണ്ട് മലയാളസാഹിത്യത്തിൽ നവീനമായൊരു ഭാവുകത്വം സൃഷ്ടിച്ചു അക്കിത്തം. കവിതയെ ഉൾക്കാഴ്ചയുള്ള നേരുകളായും തെളിച്ചമുള്ള ദർശനങ്ങളായും പരിവർത്തിപ്പിച്ചെടുക്കാൻ അക്കിത്തം ഏതുകാലത്തും ശ്രമിച്ചിരുന്നു. ദാർശനികമായ പൊരുളുകളെ കണ്ടെത്തുമ്പോഴും അവ ജീവിതത്തിന്റെ നേർക്കുപിടിച്ച കണ്ണാടിയായിത്തീരുന്നത് അതുകൊണ്ടാണ്. അക്കിത്തം പ്രജ്ഞയിൽ കവിതയെ ദർശിച്ച ഋഷിയാവുന്നതും അതുകൊണ്ടുതന്നെ.
'ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായി ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യനിർമ്മലപൗർണ്ണമി'
നിരുപാധിക സ്‌നേഹമായിരിക്കണം ലോകക്രമത്തിന്റെ അടിസ്ഥാനമെന്ന് ആഗ്രഹിച്ച കവിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18 ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായാണ് കവിയുടെ ജനനം.
'അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകിൽ വമ്പനാമീശ്വരൻ വന്നി-
ട്ടെമ്പാടും നാശമാക്കിടും. -അച്യുതൻ ഉണ്ണി.'
അരമംഗലത്ത് കുളക്കടവിൽ കുട്ടികൾ കുത്തിവരച്ച വികൃതരൂപത്തിന് താഴെ ഈ വരികൾ എഴുതിയിടുമ്പോൾ അക്കിത്തത്തിന് വയസ്സ് 8 മാത്രമാണ്. ബാല്യത്തിൽ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946 മുതൽ മൂന്നുകൊല്ലം 'ഉണ്ണിനമ്പൂതിരി'യുടെ പ്രസാധകനായി സമുദായപ്രവർത്തനങ്ങളിലേക്ക് ഇറങ്ങി. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണിനിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 2020 ൽ അന്തരിക്കുമ്പോൾ 94 വയസ്സായിരുന്നു. മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ ഭാരതീയ ഉപനിഷദ് ദർശനങ്ങളെ നെഞ്ചേറ്റി സനാതനമൂല്യങ്ങൾക്കായി അക്കിത്തം എന്ന ആ വലിയ മനുഷ്യൻ നടത്തിയ ഇടപെടലുകൾ ചെറുതല്ല.
ഇടശ്ശേരിയെയാണ് അക്കിത്തം ഗുരുവായി കണ്ടത്. ഇടശ്ശേരി തന്ന ഉപദേശം എന്ന നിലയിൽ അക്കിത്തം ഇടയ്ക്കിടെ എഴുതുകയും പറയുകയും ചെയ്യുന്ന ഒരു കാര്യം ഉണ്ട്. 'ആത്മാവിന്മേൽ പറ്റിപ്പിടിച്ചുനിൽക്കുന്ന തൊപ്പകളെല്ലാം പറിച്ചുനീക്കൂ, അപ്പോൾ കാണാം, ജന്മനാ ഏത് മനുഷ്യനും നല്ലവനാണ്.'
ഈ നിലപാടുതറയിൽനിന്നാണ് കവി എഴുതിയത്. കവിക്ക് എല്ലാവരിലും നന്മകാണാൻ കഴിഞ്ഞു. വള്ളത്തോളും നാലപാട്ടും വിടിയും ഇടശ്ശേരിയും കടവനാടും അടക്കമുള്ള പൊന്നാനിക്കളരിയിലെ അംഗമായി അക്കിത്തവും മാറി.
തെരുവിൽ മരിച്ചുകിടക്കുന്ന അമ്മയുടെ മുല വലിച്ചുകുടിക്കുന്ന പിഞ്ചുകുഞ്ഞും അമ്മയുടെ അരികിലിരിക്കുന്ന കാക്കയും എന്ന ദുഖകരമായ ആ കാഴ്ചയിൽനിന്നാണ് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'മെന്ന അക്കിത്തത്തിന്റെ ഏറെ പ്രശസ്തമായ കാവ്യം പിറന്നത്.
'ചത്തപെണ്ണിന്റെ കണ്ണുകൾ നിരത്തിൽ കാക്കകൊത്തുന്നു
അവളുടെ മുലചപ്പി വലിക്കുന്നു നരവർഗ്ഗനവാതിഥി' എന്ന വരികൾ
'മാ നിഷാദ പ്രതിഷ്ഠം ത്വം ആഗമ ശാശ്വതി സമ /
യത് ക്രൗഞ്ച മിഥുനാത് ഏകം അവധിഃ കാമമോഹിതം' എന്ന ആദികാവ്യവരികൾക്ക് സമാനമായിരുന്നു.
ആദികാവ്യത്തിന്റെ പിറവിക്ക് സമാനമായ സാഹചര്യം, ക്രൗഞ്ചമിഥുനങ്ങളുടെ ദുഃഖം പോലെതന്നെയായിരുന്നു ഇവിടെയും കവിയുടെ പ്രചോദനം. വേദനയുടെ സഹഭാവത്തിൽനിന്നുമാണ് ആ കാവ്യചേതന പിടഞ്ഞുണരുന്നത്. ഇരുപതാം നൂറ്റാണ്ടിലും ചോരകൊണ്ട് സമത്വം സൃഷ്ടിക്കാനുള്ള വിപ്ലവപദ്ധതിയെ കവി എതിർക്കുന്നത് കാണാം. ഞാൻ ലെനിന്റെ പാർട്ടിയിൽ അംഗമാണ് എന്ന് മലയാള സാംസ്‌കാരിക സാഹിത്യ പ്രവർത്തകർ അഭിമാനപൂർവ്വം പ്രതിജ്ഞയെടുത്തിരുന്ന കാലത്ത് ഒരു ചെറുപ്പക്കാരൻ സധൈര്യം എഴുതിയ വരികളാണ് ഇത്.
'തീസിസ്സിനോടേൽപ്പിതാന്റി-
ത്തിസീസ്സെന്നൊരു സാധനം,
അതിൽനിന്നു ജനിപ്പു സി
ന്തെസിസ്സാം നാകമൂർവ്വിയിൽ'
ഇഎംഎസ്സിനൊപ്പമുള്ള സഹവാസവും യൗവ്വനത്തിന്റെ മനസ്സും അന്നത്തെ സാമൂഹികസാഹചര്യങ്ങളും കവിയിൽ കമ്മ്യൂണിസ്റ്റ് സ്വാധീനം ഉണ്ടാക്കിയിരുന്നു. 'കുതിർന്ന മണ്ണ്'എന്ന കവിത അതിന് ഉദാഹരണമാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെടുക്കുന്നതുമായി ബന്ധപ്പെട്ട് അക്കിത്തം എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്:
'ലെനിൻ സ്ഥാപിച്ചു വളർത്തിയ പാർട്ടിയിൽ അംഗമാവുന്നതിനുവേണ്ടിയാണ് മനുഷ്യനെന്ന ജീവിതമാതൃക ഭൂമിയിൽ സംഭവിച്ചതെന്നു വിശ്വസിക്കുവാൻ കഴിയാത്തതിനാൽ എന്റെ മുമ്പിൽ തുറന്നുവച്ച തുടുത്ത കൊച്ചുപുസ്തകത്തിൽ ഒപ്പുവെയ്ക്കാൻ രണ്ടാമത്തെ തവണയും എനിക്കു സാധിക്കാതെവരികയും ചെയ്തു.
തേക്കിൻകാടുമൈതാനത്തിന്റെ പാതിരാത്രിയിലിരുന്നുകൊണ്ടു സത്യമെന്താണ്, ധർമ്മമെന്താണ് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നക്ഷത്രനിബിഡമായ വ്യോമമണ്ഡലത്തിനുനേരെ എടുത്തെറിഞ്ഞുകൊണ്ടിരിക്കുന്ന കാലത്തൊരു നിമിഷത്തിലാണ് മുറുക്കാൻപൊതിക്കപ്പുറത്തിരുന്നു വേവുന്ന മറ്റൊരു ഹൃദയം മന്ത്രിച്ചത്:
''അക്കിത്തം, മുദ്രാവാക്യങ്ങൾക്കു മുമ്പിൽ നിശ്ശബ്ദത പാലിക്കണമെന്ന് എനിക്കഭിപ്രായമില്ല- ഹൃദയത്തിൽ തോന്നുന്നത് ഉറക്കെപ്പറഞ്ഞാലല്ലാതെ ഉറങ്ങാൻ കഴിയാത്തതരം ഒരാളാണു താങ്കൾ.'' (സാഹിതി പേജ് 415)
രക്തരൂക്ഷിതമായ വിപ്ലവത്തിലൂടെ സമത്വം വരുമെന്ന കമ്മ്യൂണിസ്റ്റ് ആശയത്തെ കവി എതിർക്കുന്നു. നരവർഗ്ഗനവാതിഥിയോട് കവി സധൈര്യം സത്യം വിളിച്ച് പറയുന്നു. ലോകത്തിന് വെളിച്ചമാണെന്ന് പറയുന്നഈ കമ്മ്യൂണിസം ദുഃഖമാണെന്നും ഇരുട്ടെന്ന് അവർ പറഞ്ഞ സനാതനമൂല്യങ്ങളാണ് സമൂഹത്തിന് സുഖപ്രദമെന്നും കവി തലയുയർത്തി പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത കേരളക്കരയെ പ്രകമ്പനം കൊള്ളിച്ചു. തായാട്ട് ശങ്കരനും, ഗോവിന്ദപ്പിള്ളയും അടക്കം കമ്മ്യൂണിസ്റ്റ് എഴുത്തുകാർ കവിക്കെതിരെ തിരിഞ്ഞു. ചെറുതുരുത്തിയിൽ കവിസമ്മേളനത്തിനെത്തിയ അക്കിത്തത്തെ കമ്മ്യൂണിസ്റ്റുകൾ ആക്രമിച്ചതിനെക്കുറിച്ച് കവി ആറ്റൂർ രവിവർമ്മ എഴുതിയിട്ടുണ്ട്. ആറ്റൂരിന്റെ വാക്കുകൾ 'മഹാകവി അക്കിത്തത്തെ കണ്ടതിൽ രണ്ടവസരങ്ങൾ പലപ്പോഴും എന്റെ ഓർമ്മയിലുണ്ട്.. ഒന്ന് ഒറ്റപ്പാലം സാഹിത്യപരിഷത്ത് സമ്മേളനത്തിൽ മഹാകവി കുഞ്ഞിരാമൻനായർ 'കളിയച്ഛൻ' വായിച്ച വേദിയിൽത്തന്നെ തന്റെ പുതിയ കൃഷ്ണഗാഥ ചൊല്ലുന്നത്. ''ചാത്തൂനെ കണ്ടോ കുട്ട്യോളേ''
മറ്റൊന്ന് ചെറുതുരുത്തിയിൽ പാതവക്കത്തെ ഒരു കെട്ടിടത്തിൻ മുൻവശത്ത് ''ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'മെഴുതിയതിന് സഖാക്കൾ വളഞ്ഞു വിമർശിക്കുന്നതിന്നു നടുവിൽ അക്ഷോഭ്യനായി ഇരിക്കുന്നത്. മലബാറിൽ 144 പ്രഖ്യാപിച്ചിരുന്നതിനാൽ കൊച്ചിയിൽ യോഗം കൂടാനെത്തിയതായിരുന്നു സഖാക്കൾ (അക്കിത്തം എന്ന ഇതിഹാസം, എഡിറ്റർ പി.എം. നാരായണൻ).
അക്കിത്തവും പി.കുഞ്ഞിരാമൻ നായരും നടത്തുന്ന സംഭാഷണത്തിൽ കവി എന്നാൽ ആരാണ് എന്ന് അക്കിത്തം ചോദിക്കുന്നുണ്ട്. മറുപടിയായി പി പറയുന്നത് ഇങ്ങനെ:
'കവിപുരാണം അനുശാസിതാരം എന്ന് ഉപനിഷദ് വാഴ്ത്തുന്ന കവിതന്നെ സാക്ഷാൽ കവി. കണ്ടെഴുതുന്നവനല്ല കാണേണ്ടത് എഴുതുന്നവനാണ് കവി.' അതെ, സമൂഹം കാണേണ്ടത് മുന്നെ കണ്ട് എഴുതിയ കവിയാണ് അക്കിത്തം.
വിടിയോടൊപ്പം സ്വസമുദായപരിഷ്‌കരണത്തിന് ഇറങ്ങിത്തിരിച്ച കവി നവോത്ഥാനപ്രസ്ഥാനത്തിന്റെ കരുത്തായി, ഒരേസമയം ജന്മിത്വത്തിന്റെ ജീർണ്ണതയ്ക്കും അതിന്റെ ഫലമായ അനീതികൾക്കുമെതിരെ തൂലിക ചലിപ്പിച്ചു. ഭാരതം മുന്നോട്ട് വെയ്ക്കുന്നത് ശാന്തിയും സമാധാനവും മൂല്യങ്ങളും സ്‌നേഹത്തിലധിഷ്ഠിതമായ തത്ത്വശാസ്ത്രവും മാത്രമെന്ന് കവി പ്രഖ്യാപിക്കുന്നു.'നിരുപാധികമാം സ്‌നേഹം, ബലമായ് വരും ക്രമാൽ' എന്ന് കവി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ കുറിച്ചു.
ആർക്കുമുന്നിലും തലകുനിക്കാത്ത കവി തന്റെ അഭിപ്രായം ആൾക്കൂട്ടത്തിന്റെ കയ്യടിക്കോ പ്രത്യയശാസ്ത്ര പിന്തുണക്കുവേണ്ടിയോ മാറ്റിയിട്ടില്ല.
'ഓടക്കുഴലിൻ തൊണ്ടയിലല്ലേ കൂടുണ്ടാക്കൂ വേട്ടാളൻ
പാടും നരനുടെ തൊണ്ടയിലേറി കൂടുണ്ടാക്കുകയില്ലല്ലോ.'
കമ്മ്യൂണിസ്റ്റ് വേട്ടാളന്മാർക്ക് തന്റെ തൊണ്ടയിൽ കൂടുണ്ടാക്കാനോ തന്റെ ശബ്ദം തടയാനോ സാധിക്കില്ലില്ലെന്ന് കവി വ്യക്തമാക്കിയിട്ടുണ്ട്. ചായംമുക്കിയ കീറത്തുണിയുടെ വേദാന്തം മാത്രമായാണ് കവി രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളെ അടയാളപ്പെടുത്തിയത്.
അക്കിത്തം ആരേയും പിന്തുടർന്നില്ല, ഒരു പ്രത്യയശാസ്ത്രവും പിൻപറ്റിനിൽക്കാൻ കവി തയ്യാറായില്ല. വള്ളത്തോൾ, ഇഎംഎസ്, വിടി ഭട്ടതിരിപ്പാട്, നാലപ്പാട്, ഇടശ്ശേരി, തുടങ്ങിയ മഹാരഥന്മാർക്കൊപ്പം പ്രവർത്തിച്ചെങ്കിലും അവരുടെ വഴികളെ കവി പിന്തുടർന്നില്ല, സ്വയം തെളിച്ച പാതയിലൂടെ ഭാരതീയ സംസ്‌കൃതിയുടെ കുത്തുവിളക്കുമായി സ്വയം വെളിച്ചം കണ്ടെത്തി പാത വെട്ടിത്തുറന്ന് യാത്ര ചെയ്ത തപസ്വിയാണ് കവി. താൻ ഒന്നിനേയും പിന്തുടരുന്നില്ലെന്ന് കവിയെഴുതിയിട്ടുണ്ട്.
ഇല്ല, നുകർത്താവിനില്ല തൻ ജീവിത
വല്ലരിയിൽപ്പൂവിരിഞ്ഞു കാണാൻ വിധി!
ഇന്നലെ പോയ ഭടന്റെ കാൽപാടുകൾ
ചിന്നിയ മണ്ണിൽച്ചവിട്ടുകയില്ല ഞാൻ.'
ജീവൽസാഹിത്യപ്രസ്ഥനം പുരോഗമനകലാസാഹിത്യപ്രസ്ഥാനം എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് വൽക്കരിക്കപ്പെട്ട് ദേശീയതയും അതിന്റെ ബിംബങ്ങളും അവഹേളിക്കപ്പെടുന്ന കാലത്താണ് അക്കിത്തം തപസ്യയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. തപസ്യയുടെ അമരത്ത് മഹാകവി ഇരിക്കുമ്പോൾ മലയാളത്തിലെ എല്ലാ മുൻനിര എഴുത്തുകാരും തപസ്യ വേദിയിലെത്തിയിട്ടുണ്ട്. വിടി ഭട്ടതിരിപ്പാട് സംഘപരിശീലനക്യാമ്പിൽ പങ്കെടുത്ത് നടത്തിയ പ്രസംഗം നിരവധി ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയപ്പോൾ അക്കിത്തത്തിന്റെ മറുപടി ആ വിമർശകരുടെ വാൾമുന തകർത്തു. എന്നാൽ സംഘവുമായുള്ള ബന്ധം തന്റെ കടമയുടെ നിർവ്വഹണമായാണ് കവി കണ്ടത്. ഒരു അഭിമുഖത്തിൽ മഹാകവി അത് ഇങ്ങനെ തുറന്നുപറയുന്നു:
'ഹിന്ദുസംഘടനകളുമായി ഞാൻ സഹവസിക്കുന്നുവെന്ന് എന്റെ ചില സഹഎഴുത്തുകാർ എന്നെ കുറ്റപ്പെടുത്തി. ഭാരതീയപൈതൃകം സംരക്ഷിക്കാൻ ശ്രമിക്കുന്ന ആരുമായും ഞാൻ സഹകരിക്കും എന്നതാണ് വസ്തുത. രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധമുള്ള ഒരു സാംസ്‌കാരികസംഘടനയായ 'തപസ്യ'യുടെ ചുക്കാൻ ഞാൻ വഹിച്ചിട്ടുണ്ട്. അതിന് നേതൃത്വം നൽകുന്നതിലും യോഗങ്ങളിൽ സംസാരിക്കുന്നതിലും പരിപാടികളിൽ പങ്കെടുക്കുന്നതിലും ഞാൻ ഒഴിഞ്ഞുമാറിയിട്ടില്ല. അതെനിക്ക് രാഷ്ട്രീയം ഉള്ളതുകൊണ്ടല്ല; പക്ഷെ അത് എന്റെ കടമയായി ഞാൻ കരുതുന്നു. 1991-ൽ കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള തപസ്യയുടെ സാംസ്‌കാരികതീർത്ഥാടനം ഞാൻ സങ്കൽപ്പിക്കുകയും നയിക്കുകയും ചെയ്തു - സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കൽ, എഴുത്തുകാരെയും കലാകാരന്മാരെയും കണ്ടുമുട്ടൽ തുടങ്ങിയവ. ഇത്തരത്തിലുള്ള ആദ്യ തീർത്ഥാടനമായിരുന്നു അത്.'
കെ.കേളപ്പനെപ്പോലെ സംഘവുമായി ചേർന്നുനിന്ന് യാത്രചെയ്ത മഹാവ്യക്തിത്വത്തിന്റെ ഉടമയാണ് മഹാകവി. തന്റെ കുടുംബക്ഷേത്രത്തിൽ സംഘശാഖ ആരംഭിക്കാൻ അനുമതിനൽകുകയും സംഘപ്രവർത്തനങ്ങളിൽ ചേർന്നുനിൽക്കുകയും ചെയ്തു മഹാകവി. സംഘപ്രചാരകന്മാരായിരുന്ന പി.മാധവ്ജി, പി.പരമേശ്വർജി, എം.എ.കൃഷ്ണൻ (എംഎസർ), ആർ.സഞ്ജയൻ എന്നിവരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. സാഹിതി സംസ്‌കൃതി സ്മൃതി എന്ന ലേഖനസമാഹാരത്തിൽ ഇവരുമായുള്ള ബന്ധം കവി രേഖപ്പെടുത്തിയിട്ടുണ്ട്.
കമ്മ്യൂണിസത്തെ എതിർത്തു എന്നതുകൊണ്ട് മലയാളസാഹിത്യത്തിൽ അപ്രഖ്യാപിതവിലക്കുകൾ നേരിട്ട കവിയാണ് അക്കിത്തം. മഹാഭാരതം പദാനുപദം വിവർത്തനം ചെയ്ത കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും, രാമായണവും ഋഗ്വേദവും മലയാളത്തിലേക്ക് മൊഴിമാറ്റിയ വള്ളത്തോളിനും ശേഷം അത്തരമൊരു വിവർത്തനം അക്കിത്തത്തിന്റെ ഭാഗവതമാണ്. ഭാഗവതത്തെപ്പറ്റി അക്കിത്തത്തിന്റെ വാക്കുകൾ ഇങ്ങനെ: ''ഭാഗവതം ഭക്തികാവ്യമല്ല. കാലമാണ് ഏറ്റവും വലിയ പ്രപഞ്ചസത്യം. അതാണ് ഈശ്വരൻ. ഭൗതികവാദവും ആത്മീയവാദവും ഒന്നാണ് എന്ന തത്ത്വവും ഭാഗവതത്തിലുണ്ട്.' അക്കിത്തത്തിന്റെ ഭാഗവതവിവർത്തനത്തെപ്പറ്റി എംടിയുടെ വാക്കുകൾ ഇങ്ങനെയാണ്: ''ഭാരതീയചിന്തയുടെയും ജ്ഞാനത്തിന്റെയും തപസ്യ ഇതിന്റെ പിന്നിലുണ്ട്. ഗുരുവും ശിഷ്യനും - ഇടശ്ശേരിയും അക്കിത്തവും - മനുഷ്യനെയും അവന്റെ നൊമ്പരത്തെയും സ്വന്തം മണ്ണടരിൽനിന്ന് തേടിയെടുത്തവരാണ്.''
വൈകിയാണെങ്കിലും രാഷ്ട്രം പദ്മശ്രീയും ജ്ഞാനപീഠവും കവിക്ക് നൽകി. ഭാരതത്തിൽ ഫാസിസം ഒരിക്കലും വരില്ല എന്ന് കവി മലയാളം വാരികക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. അതിന് കാരണമായി പറയുന്നത് ഹിന്ദുസംസ്‌കാരത്തിന്റെ സവിശേഷതയെപ്പറ്റിയാണ്. ഋഗ്വേദമന്ത്രമായ സമാനോ മന്ത്രഃ സമിതിഃ സമാനീ സമാനം മനഃ സഹ ചിത്തമേഷാം എന്ന ശ്ലോകാർത്ഥം വിശദീകരിച്ച് കവി പറയുന്നു ഭാരതീയ ചിന്താപദ്ധതിയിൽ എല്ലാവരേയും കൂടെ ചേർക്കാനേ സാധിക്കു, ആരേയും തിരസ്‌കരിക്കാനാകില്ലെന്ന്.
ജ്ഞാനപീഠം ലഭിച്ചപ്പാൾ മഹാകവി എഴുതിയ കുറിപ്പിൽ ഇങ്ങനെ ഒരു വാചകം ഉണ്ടായിരുന്നു. തന്റെ ഗുരുനാഥനായ ഇടശ്ശേരിയെപ്പറ്റി അതിൽ സൂചിപ്പിച്ചിട്ടുണ്ട്. കവിയുടെ വാക്കുകൾ:
'ഡൽഹിയിൽ നിന്ന് പ്രതിഭാറായ് വിളിച്ചിരുന്നു. ശരിയാണ്. മലയാളത്തിൽ എന്നെക്കാൾ വലിയ കവികളുണ്ടായിട്ടുണ്ട്. മഹാകവി ഇടശ്ശേരി, വൈലോപ്പിള്ളി, വി.ടി. അവരൊക്കെ എന്നേക്കാൾ വലിയവരാണ്. ഇടശ്ശേരി എന്നെ പഠിപ്പിച്ചത് സാഹിത്യം എന്നുപറഞ്ഞാൽ ജീവിതത്തിലെ കണ്ണീരിന്റെ അന്വേഷണമാണെന്നാണ്. എന്നാൽ അവർക്കൊന്നും കിട്ടാത്ത ഒരു പ്രശസ്തി എനിക്കു കിട്ടി. കാരണം ആയുസ്സ് മാത്രമാണ്. ഭാരതീയസംസ്‌കാരവുമായി ബന്ധപ്പെട്ട സാഹിത്യവഴിയാണ് എന്റേത്. അതുമായി ബന്ധപ്പെട്ട എല്ലാവരും ഇതിൽ സന്തോഷിക്കുന്നുണ്ട് എന്നെനിക്കറിയാം. ഞാനെഴുതിയതെല്ലാം ശരിയാണെന്ന് എനിക്കഭിപ്രായമില്ല. തെറ്റുകളുണ്ടാവാം.'
ദേവായനത്തിലെ ഗാന്ധിചിത്രത്തിനു താഴെ അക്കിത്തം എന്ന ഋഷികവി ഇന്നില്ല. ജീവിതത്തിൽ മുഴുവൻ ഉയർത്തിപ്പിടിച്ചത് ഭാരതീയസങ്കല്പങ്ങളാണ്. ഗാന്ധിയൻചിന്തകളായ സ്വദേശീശീലങ്ങളും ഖാദിയും അഹിംസയും മഹാകവിക്ക് ജീവിതവ്രതമായിരുന്നു. ഭാഗവതഭാഷ്യകാരന്റെ, ഋഷികവിയുടെ, ഓർമ്മകൾ നിത്യപൗർണ്ണമിയായി മലയാള മനസ്സിൽ എന്നും തെളിഞ്ഞുനിൽക്കും.
ആത്മാവിനെന്നും ജരാനര തീണ്ടാത്തൊ രാലോച നാമൃതം തന്ന പൂവേ.....
തൂവെള്ളത്താമരപ്പൂവേ നിരന്തരം
തൂവുക തൂവുക സൗരഭം നീ....''
