Logo

VHP PUBLICATIONS

Hindu Vishwa


Index

1 - കേരളം മാഫിയകളുടെ സ്വന്തം നാടോ ? - എഡിറ്റോറിയൽ 2 - കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമോ? - സമകാലികം 3 - കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും അർണോൾഡ് ടോയൻബിയും- ചരിത്രം 4 - എങ്ങനെ സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം നയിക്കാം? - സംഭാഷണം 5 - ഹിന്ദു ഫോബിയ എന്ന ആഭാസം- സംവാദം check_circle 6 - കലയുടെ മണ്ഡലത്തിൽ സ്വാമിജി (അദ്ധ്യാത്മഹിമാലയം- ജീവചരിത്രം തുടർച്ച...) 7 - ആയുർസൗഖ്യമരുളുന്ന തൈക്കാട്ടുശ്ശേരി ഭഗവതി -ക്ഷേത്രവിശേഷം 8 - ശനി മാറുമ്പോൾ- ജ്യോതിഷം 9 - ദേവായനത്തിലെ നിത്യപൗർണ്ണമി -ഓർമ്മ 10 - യുഗാദിയും ചില കാലഗണനാ ചിന്തകളും - വിശേഷം 11 - സുകൃതജീവിതത്തിന്റെ ഈശ്വരസാക്ഷ്യം- വായന 12 - തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന് ശതാഭിഷേകം- വിശേഷം
expand_more

ഹിന്ദു ഫോബിയ എന്ന ആഭാസം- സംവാദം

By എ.രാഘവൻ
ഹിന്ദു ഫോബിയ  എന്ന ആഭാസം- സംവാദം

ഇന്ത്യയിലെ പ്രഖ്യാപിത മതേതരവാദികളും രാഷ്ട്രീയകക്ഷികളും കറകളഞ്ഞ ഹിന്ദുവിരുദ്ധരാണ്. സനാതനധർമ്മം സവർണ്ണത്വവും ബ്രാഹ്മണിസവും മനുസ്മൃതിഭരണവുമാണെന്ന് ഇവർ വ്യാഖ്യാനിക്കുന്നു. യാഥാർത്ഥ്യത്തോട് ഒട്ടും നീതിപുലർത്താത്ത ബോധപൂർവ്വമായ ദുർവ്യാഖ്യാനവും ഹിന്ദുഫോബിയാസൃഷ്ടിയുമാണിത്. ബഹുദൈവവിശ്വാസവും പ്രകൃതിയാരാധനയുമാകുന്ന പ്രാകൃതസംവിധാനമാണ് സനാതനധർമ്മമെന്ന് പരിഹസിക്കുന്ന അവസരവാദികളും ഇക്കൂട്ടർതന്നെയാണ്.

ആർഷധർമ്മം ഉയർത്തിപ്പിടിക്കുന്ന ആശയം ബ്രാഹ്മണിസമല്ല, ബ്രഹ്മത്വപ്രാപ്തിയാണ്. അറിവുകൊണ്ടും അനുഷ്ഠാനം കൊണ്ടും അനുഭവം കൊണ്ടും സാധിക്കേണ്ട അവസ്ഥാവിശേഷമാണ്. ജന്മംകൊണ്ട് ഏവർക്കും അവകാശപ്പെട്ടതും പ്രയത്‌നംകൊണ്ട് കൈവരിക്കാവുന്ന പരമപദവുമാണ്. ഹൈന്ദവചരിത്രം പരിശോധിച്ചാൽ എത്രയോ ബ്രഹ്മജ്ഞർ അല്ലെങ്കിൽ ബ്രഹ്മജ്ഞാനികൾ വിവിധ കുലങ്ങളിലും ഗോത്രങ്ങളിലും ആവിർഭവിച്ചിട്ടുണ്ടെന്നു കാണാം. വേദങ്ങളാണ് സനാതനധർമ്മത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ എന്നാണല്ലോ നിഗമനം. പക്ഷേ, ഒരു വേദമന്ത്രദ്രഷ്ടാവും ജാതിബ്രാഹ്മണനാണെന്ന് കണക്കാക്കാൻ കഴിയില്ല. പലരുടെയും ഊരും പേരും അജ്ഞാതമാണ്. എന്നാൽ ശൂദ്രരും അധഃകൃതരുമെന്നെല്ലാം പറയപ്പെടുന്നവരുടെയും സ്ത്രീരത്‌നങ്ങളുടെയും സംഭാവനകൾ അവയിൽ സുലഭമായുണ്ട്.

വേദങ്ങൾ ചിട്ടപ്പെടുത്തിയ വ്യാസമഹർഷി ജന്മംകൊണ്ട് നോക്കിയാൽ ദളിതനാണ്. ഈ ദളിതന്റെ ജന്മദിനമാണ് ബ്രാഹ്മണരുൾപ്പെടെയുള്ള ഹൈന്ദവർ ഗുരുപൂർണ്ണിമയായി കൊണ്ടാടുന്നത്. പ്രശസ്ത വേദമന്ത്രമായ ഗായത്രിയുടെ ദ്രഷ്ടാവ് ബ്രഹ്മർഷിയായിത്തീർന്ന വിശ്വാമിത്രനെന്ന ക്ഷത്രിയന്റേതാണ്. കവലൻ ഏലൂഷൻ എന്ന ശൂദ്രനാണ് ഋഗ്വേദത്തിലെ അപോനപക്ത്രീയ സൂത്രത്തിന്റെ ആചാര്യനെന്ന് അംബേദ്കർ സമർത്ഥിക്കുന്നു. ശൂദ്രൻതന്നെയായ സൂർദാസാണ് ഇദ്ദേഹം എടുത്തുകാട്ടുന്ന മറ്റൊരു വേദജ്ഞൻ. അധഃകൃതനായ കക്ഷീവാൻ വേദവിശാരദനായെന്ന് ചട്ടമ്പിസ്വാമികൾ സാക്ഷ്യപ്പെടുത്തുന്നു. ജാനശ്രുതി എന്ന ശൂദ്രനെ വേദം അഭ്യസിപ്പിക്കുന്നത് രൈക്വൻ എന്ന കാളവണ്ടിക്കാരനാണ്. ശൂദ്രസ്ത്രീ സുതനായ ജാബാലന് ആത്മവിദ്യ പകർന്നുനൽകുന്ന ഗൗതമമുനിയും അധഃകൃതജാതിക്കാരനാണ്. വൈശ്യനായ ചിത്രമുഖൻ തപസ്സുചെയ്ത് ബ്രാഹ്മണ്യം നേടിയത് ശബ്ദതാരാവലി പരിശോധിച്ചാലറിയാം. അതുപോലെ വിശ്വവാരാ, ഘോഷാ, അപാല, വിശ്പല, ലോപമുദ്ര, അദിതി, യമി, സരമ, ഗാർഗ്ഗി, ഇന്ദ്രാണി പോലുള്ള നിരവധി ഋഷികകളും വേദമന്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബൃഹത്ത് ഭാരതചരിത്രം ഒന്നാം ഭാഗത്ത് ആർ.സി.മജൂംദാർ, കാളികിങ്കർ ദാസ്, റായ് ചൗധരി എന്നീ പണ്ഡിതർ ഇക്കാര്യം ശരിവയ്ക്കുന്നു. സൂര്യഗായത്രി എന്ന ഋഷികമാത്രം ഋഗ്വേദത്തിലെ എഴുപത്തഞ്ചോളം മന്ത്രങ്ങളുടെ ദ്രഷ്ടാവാണെന്ന് ചട്ടമ്പിസ്വാമികൾ എഴുതിയിട്ടുണ്ട്. യാഗയജ്ഞാദികളും ഋഷികകളിൽ ചിലർ നടത്തിയിരുന്നു. സ്ത്രീകൾക്കും ശൂദ്രർക്കും വേദപഠനത്തിനു വിധിയില്ല എന്ന വാദം അസാധുവാക്കുന്നതാണ് ഈ ദൃഷ്ടാന്തങ്ങൾ. നിഷേധങ്ങൾ വന്നത് പിന്നീടാണെന്നാണ് വാദമെങ്കിൽ ആ നിഷേധങ്ങളെയല്ലേ ചോദ്യം ചെയ്യേണ്ടത്. അതിന്റെ മറപിടിച്ച് സനാതനധർമ്മത്തെയല്ലല്ലോ.

വേദസാരമായ ഉപനിഷത്തുകളിലെ തിളങ്ങുന്ന താരങ്ങളും ജന്മബ്രാഹ്മണരല്ല. ജനകൻ, അശ്വപതി, കേകയൻ, അജാതശത്രു, പ്രവാഹണൻ പോലുള്ള ക്ഷത്രിയ ബ്രഹ്മജ്ഞാനികൾ അവിടെയുണ്ട്. കൂടാതെ, മാംസവില്പനക്കാരനായ വ്യാധനും കച്ചവടക്കാരനായ ജജാലനും ജിജ്ഞാസുക്കൾക്ക് ധർമ്മോപദേശം നൽകുന്നത് കാണാം. മഹിഭാസനെന്ന ദളിതനാണ് ഐതരേയോപനിഷത്തിന്റെയും ഐതരേയബ്രാഹ്മണത്തിന്റെയും രചയിതാവ്. രണ്ട് ഹൈന്ദവേതിഹാസങ്ങളുടെയും പതിനെട്ട് പുരാണങ്ങളുടെയും ഭാഗവതത്തിന്റെയും ബ്രഹ്മസൂത്രത്തിന്റെയും സ്രഷ്ടാക്കൾ ഇന്നത്തെ വ്യവഹാരഭാഷയിൽ ദളിതരാണ്. അതിമഹത്തായ ഭഗവത്ഗീത ഉപദേശി ച്ചവനും ഉപദേശിക്കപ്പട്ടവനും അത് കേട്ട മൂന്നാമനും കേൾപ്പിക്കപ്പെട്ട നാലാമനും എല്ലാം രേഖപ്പെടുത്തിയ അഞ്ചാമനും ജാതിബ്രാഹ്മണരല്ല.

സാമൂഹ്യവിവേചനത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയപ്പോൾ അതിനെതിരായ തരംഗം സൃഷ്ടിച്ച ഭക്തിപ്രസ്ഥാനത്തിനും ആരംഭം കുറിക്കപ്പെട്ടതായി അനുമാനിക്കണം. രണ്ടായിരം വർഷങ്ങളുടെ പഴക്കമുണ്ട് ഈ മഹാപ്രസ്ഥാനത്തിന് എന്നാണ് വിലയിരുത്തൽ. ഈശ്വരാരാധനയ്ക്കും സാക്ഷാത്ക്കാരത്തിനും വർണ്ണമോ ജാതിയോ ലിംഗമോ ഒന്നും തടസ്സമല്ലെന്ന ഉറച്ചനിലപാടാണ് ഭക്തിസമ്പ്രദായത്തിനുള്ളത്. സനാതനധർമ്മത്തെ ജനകീയവത്ക്കരിച്ച ഇതിന്റെ നായകന്മാർ സേനൻ (ക്ഷുരകൻ), നാമദേവൻ (തയ്യൽക്കാരൻ), റായ്ദാസ് (ചെരുപ്പുകുത്തി) ആഖോ (സ്വർണ്ണപ്പണിക്കാരൻ), സാധനൻ (ഇറച്ചിവെട്ടുകാരൻ), ഭാഭു (പരുത്തി കടയുന്നവൻ) എന്നിവരാണ്. കർണ്ണാടകയിലെ കനകദാസനാണ് എടുത്തുപറയേണ്ട മറ്റൊരു അവശജാതിക്കാരൻ. ബാസവേശ്വരനും രാമാനുജാചാര്യരും ബംഗാളിലെ ചൈതന്യപ്രഭുവും ബ്രാഹ്മണസമുദായജാതരാണെങ്കിലും ജാതീയ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്തവരാണ്. ഭക്തമീര ക്ഷത്രിയകുലക്കാരിയാണെങ്കിലും ജാത്യാചാരങ്ങൾ വകവച്ചതേയില്ല. രാമായണം, മഹാഭാരതം പോലുള്ള ശ്രേഷ്ഠകാവ്യങ്ങൾ പ്രാദേശികഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തവരെക്കുറിച്ച് ചിന്തിച്ചാലും ചെന്നെത്തുക ശൂദ്രരിലും ദളിതരിലുമാണ്. എഴുത്തച്ഛന്റെയും കമ്പരുടെയും കാര്യം നമുക്കറിയാം. ഒഡീഷയിൽ ഈ സദ്കർമ്മം സാധിച്ചത് സരൾദാസ്, ബൽറാം ദാസ് എന്നീ രണ്ട് പട്ടികജാതിസഹോദരന്മാരാണ്. രാജ്യത്തങ്ങോളമിങ്ങോളം ഇതേ അവസ്ഥ കാണാം പരിശോധിച്ചാൽ.

അംബേദ്കറുടെ അഭിപ്രായത്തിൽ ഉപനയനം നിഷേധിക്കപ്പെട്ടതിനാൽ സ്ഥാനം നഷ്ടപ്പെട്ട ഇക്ഷ്വാകുവംശജരായ ക്ഷത്രിയരാണ് ശൂദ്രന്മാർ. മറുവശത്ത് ബ്രാഹ്മണ്യത്തിന്റെ ബിംബമായി മതേതരന്മാർ അവതരിപ്പിക്കുന്ന വസിഷ്ഠമഹർഷി ജന്മംകൊണ്ട് മഹിമയുള്ളവനല്ല. ദേവർഷി നാരദനെപ്പോലുള്ളവരുടെ അവസ്ഥയും ഇതുതന്നെ. ജമദഗ്നി മഹർഷിയുടെ പുത്രനും ഭൃഗുമഹർഷിയുടെ ഗോത്രജനുമായ പരശുരാമൻ ജന്മംകൊണ്ടും കർമ്മംകൊണ്ടും ബ്രാഹ്മണനാകുന്നില്ല. അതേസമയം താഴ്ന്ന കുലങ്ങളിൽ ജനിച്ച എത്രയോ പേർ ആത്മജ്ഞാനികളായതിനു തെളിവ് ശങ്കരാചാര്യവിരചിതമെന്ന് വിശ്വസിക്കപ്പെടുന്ന വജ്രസൂചി ഉപനിഷത്തുപോലുള്ള കൃതികൾ നൽകുന്നു. വാസ്തവത്തിൽ അറിവും സത്യനിഷ്ഠയും സാക്ഷാത്കാരവും കൊണ്ട് യോഗ്യരായവർക്ക് നൽകിയ ബിരുദമായിരുന്നു ബ്രാഹ്മണ്യം. എല്ലാവർക്കും അവകാശപ്പെട്ടതും. ജന്മംകൊണ്ട് ഏവരും ശൂദ്രരും (അജ്ഞാനികൾ) ഗുണകർമ്മം കൊണ്ട് ബ്രാഹ്മണരുമാകുന്നു എന്നാണ് ശരിക്കുള്ള ആർഷപ്രമാണം. ക്ഷത്രിയാദികളും തഥൈവ. ശ്രീനാരായണഗുരുവിനെ ആശ്രയിച്ചു പറഞ്ഞാൽ സമ്പത്ത് പരമ്പരയാ കൈമാറ്റം ചെയ്യപ്പെട്ടുപോന്നു എന്ന് നിരൂപിക്കുന്നതാകും യുക്തിസഹം. ഏഴുപതിറ്റാണ്ടുകൊണ്ട് നമ്മുടെ ജനാധിപത്യസംവിധാനം കുടുംബാധിപത്യവാഴ്ചയായി മാറിയത് പരമാർത്ഥമാണല്ലോ. കുടുംബാധിപത്യമോ ജാത്യാധിപത്യമോ നിലനിൽക്കാത്ത എത്ര മതേതരരാഷ്ട്രീയകക്ഷികളുണ്ട് ഈ രാജ്യത്തെന്ന് കണക്കെടുത്തു നോക്കുക. ഇവരാണ് ആർഷസംസ്‌കൃതിക്കെതിരായി വാളെടുക്കുന്നത്.

ശ്രദ്ധയാകർഷിക്കേണ്ട മറ്റൊരു വിഷയം ഭാരതത്തിൽ നിലവിൽ വന്ന രാജവംശങ്ങൾ യഥാർത്ഥത്തിൽ ക്ഷത്രിയമല്ല എന്നതാണ്. പാണ്ഡവകൗരവാദികൾപോലും ഈ വകുപ്പിൽ വരും സൂക്ഷ്മവിശകലനത്തിൽ. ചരിത്രഘട്ടത്തിലാണെങ്കിൽ നന്ദവംശം അധഃകൃതവിഭാഗക്കാരുടേതാണ്. മൗര്യവംശം ശൂദ്രന്മാരാണെന്നും ചാണക്യനെന്ന ബ്രാഹ്മണനാണ് അതിന്റെ സൂത്രധാരനെന്നും നമുക്കറിയാം. ശതവാഹനന്മാർ ബ്രാഹ്മണരാണെന്ന വീക്ഷണം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഹർഷവർദ്ധനൻ വൈശ്യനാണ്. പുകൾപെറ്റ ഗുപ്തരാജവംശവും വൈശ്യരുടേതാണ്. ബംഗാളിലെ പ്രസിദ്ധമായ വാലാരാജാക്കന്മാർ ശൂദ്രരാണ്. സർദാർ കെ.എം.പണിക്കരുടെ വീക്ഷണത്തിൽ. മറാഠാ രാജവംശം പിന്നാക്കവിഭാഗമാണ്. അംബേദ്കറെ ഉപരിപഠനത്തിനു സഹായിച്ച ഖേത്രിമഹാരാജാവും ബറോഡാരാജാവും താഴ്ന്ന വിഭാഗക്കാരാകുന്നു. പണിക്കരുടെ വിലയിരുത്തലിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം രാജാക്കന്മാരും ശൂദ്രരായിരുന്നു. ദക്ഷിണേന്ത്യയിലെ ചേര, ചോള, പാണ്ഡ്യ രാജവംശക്കാർ വെള്ളാള വൈശ്യരാണ്. കർണ്ണാടക ആസ്ഥാനമായിരുന്ന വിജയനഗരസാമ്രാജ്യവും രാഷ്ട്രകൂടരും കുറുബസമുദായക്കാരാണ്. മൈസൂരിലെ വോഡയാർ രാജാക്കന്മാർ കുലാല (കുംഭാര) വിഭാഗമാണ്. കേരളത്തിലെ രാജാക്കന്മാർ ഏറിയകൂറും നായർ മൂത്ത് ക്ഷത്രിയവരാകുന്നു. ഈഴവരുടെയും പട്ടികവിഭാഗക്കാരുടെയും വാഴ്ചയും പലപ്പോഴും ഉണ്ടായതായും പറയപ്പെടുന്നുണ്ട്. ഉള്ള കാര്യം ഏന്തെന്നാൽ ഭാരതത്തിലെ ഓരോ ഭൂപ്രദേശത്തും ജനസംഖ്യകൊണ്ടും ഭൂസ്വത്തുകൊണ്ടും പ്രബലരും പ്രതാപികളുമായവർ അതാതിടങ്ങളിൽ അധികാരം പിടിച്ചെടുത്ത് നാടുവാഴികളും രാജാക്കന്മാരും രാജ്യവംശങ്ങളും നിലവിൽ വന്നു.

ബൗദ്ധ-ജൈന സമ്പ്രദായങ്ങൾ ബ്രാഹ്മണവിരുദ്ധവും ജാതിവിരുദ്ധവുമായ മുന്നേറ്റങ്ങളായിരുന്നു എന്ന മതേതരകുബുദ്ധികളുടെ സിദ്ധാന്തം കലർപ്പില്ലാത്ത നുണയാണ്. ഇവ രണ്ടും ക്ഷത്രിയപ്രധാനം മാത്രമായിരുന്നു എന്നതാണ് ശരി. ബൗദ്ധസാഹിത്യം പറയുന്നത് ബോധിസത്വന്മാർ (ബുദ്ധാവതാരങ്ങൾ) ബ്രാഹ്മണ - ക്ഷത്രിയ കുലങ്ങളിൽ മാത്രമേ ജന്മമെടുക്കൂ എന്നാണ്. അതുപോലെ എല്ലാ ജൈനതീർത്ഥങ്കരന്മാരും ക്ഷത്രിയരാണ്. ഇതരവിഭാഗക്കാർ ഇല്ലേയില്ല. സാമുദായികാടിസ്ഥാനത്തിൽ സന്യാസിമഠങ്ങൾ സ്ഥാപിച്ചവരും ജാതിനോക്കി അംഗങ്ങളെ തിരഞ്ഞെടുത്തവരുമാണ് രണ്ട് സമ്പ്രദായങ്ങളും. കലിംഗയുദ്ധത്തിന് നാലുവർഷം മുമ്പെങ്കിലും ബുദ്ധമതം സ്വീകരിച്ച അശോകചക്രവർത്തി യുദ്ധത്തിലെ മനുഷ്യക്കുരുതി കണ്ടു മനംമടുത്ത് പ്രായശ്ചിത്തത്തിനായി ബുദ്ധമതം കൈക്കൊണ്ടു എന്ന് നമ്മെ പഠിപ്പിക്കുന്നവരല്ലേ മാർക്‌സിസ്റ്റ് കപടപണ്ഡിതർ.

ഇനി ഹൈന്ദവാരാധനാമൂർത്തികളുടെ അടുത്തെത്തിയാലും രസാവഹമാണ് കാര്യങ്ങൾ. മഹാദേവനായ പരമശിവൻ അധഃകൃതവിഭാഗക്കാരനാണ്. പക്ഷേ, ബ്രാഹ്മണ്യം കല്പിക്കപ്പെടുന്ന ശ്രീശങ്കരപാരമ്പര്യം ശൈവമാണ്. ശ്രീരാമൻ സൂര്യവംശജനാണെന്ന് പ്രസിദ്ധമാണെങ്കിലും, അദ്ദേഹം മറവനാണെന്ന് പക്ഷാന്തരം കാണുന്നു, തമിഴ്‌നാട്ടിലെ മറവസമുദായക്കാരുടെ നിലപാടു നോക്കിയാൽ. എന്നാൽ രാവണൻ ബ്രാഹ്മണനാണ് പാരമ്പര്യവും പാണ്ഡിത്യവും കൊണ്ട്. വിദ്വാന്റെ കയ്യിലിരുപ്പാണ് കുഴപ്പം. ശ്രീകൃഷ്ണൻ യാദവഗോത്രബന്ധം സുവ്യക്തമാണ്. അയ്യപ്പനും ഗണപതിയും സുബ്രഹ്മണ്യനുമെല്ലാം ഇതുപോലെ പിന്നോക്കപശ്ചാത്തലം അവകാശപ്പെടാം. അതേമട്ടിൽ കാളിയും ദുർഗ്ഗയും മറ്റും ട്രൈബൽ പശ്ചാത്തലത്തിൽ വരുന്നു. മഹാലക്ഷ്മിയും ശ്രീപാർവ്വതിയും വിദ്യാദേവത സരസ്വതിയുമെല്ലാം ഇവരുടെ സംസ്‌കൃത ആവിഷ്‌കാരങ്ങളാണ്. അതായത് എല്ലാം ആദിപരാശക്തിയും അതായത് എല്ലാം ആദിപരാശക്തിയുടെ രൂപഭാവാന്തരങ്ങൾ. മഹാഭൂരിപക്ഷം ദേവീദേവന്മാരും കറുമ്പരാണ്. പരമശിവൻ വെളുത്തനിറക്കാരനും!

സ്മൃതികൾ ആയുധമാക്കി ബ്രാഹ്മണർ തങ്ങളുടെ ആധിപത്യം നിലനിർത്തി എക്കാലത്തും ഇന്ത്യയിലെന്ന വാദവും ദുർബലമാണ്. ചരിത്രം കുറെെയങ്കിലും നീതിനിഷ്ഠമായി പഠിച്ചിട്ടുള്ള പി.ഗോവിന്ദപ്പിള്ള, തായാട്ട് ശങ്കരൻ എന്നിവരെപ്പോലുള്ളവർ വ്യക്തമാക്കുന്നത് മനുസ്മൃതിയോ മറ്റ് സ്മൃതികളോ ഹൈന്ദവജനജീവിതം നിയന്ത്രിച്ചിരുന്നുവെന്ന് അംഗീകരിക്കാനാവില്ലെന്നാണ്. സ്മൃതികളുടെ ബാഹുല്യം തെളിയിക്കുന്നത് ഏതെങ്കിലും ഒരു സ്മൃതി എല്ലാവർക്കും ബാധകമായിരുന്നില്ല എന്നാണത്രെ. ചലനാത്മകമായിരുന്നു ഹിന്ദുസമൂഹമെന്ന അഭിപ്രായവും ഇവർക്കുണ്ട്. ബ്രിട്ടീഷ് ഭരണഫലമായി നിലവിൽ വന്നതാണ് രാഷ്ട്രീയമായ ഏകഭാരതമെങ്കിൽ അതിനുമുമ്പ് ഇല്ലാത്ത രാജ്യത്ത് സ്മൃതികൾ നിയമമാക്കപ്പെടില്ലല്ലോ. ഇംഗ്ലീഷ്‌കാരാണ് സംശയാസ്പദ ആധികാരികതയുള്ള മനുസ്മൃതിപോലുള്ള ധർമ്മശാസ്ത്രഗ്രന്ഥങ്ങൾ ഹൈന്ദവരുടെ നിയമാവലിയാക്കിയതും ബ്രാഹ്മണപണ്ഡിതരെ നിയമവ്യവഹാരത്തിനായി നിയോഗിച്ചതും. ഇതോടുകൂടിയാണ് മനുസ്മൃതിയും മറ്റും വലിയ പ്രചാരത്തിൽ വന്നത്. പക്ഷേ, സ്മൃതികൾ എന്ത് പറഞ്ഞാലും സാധാരണ ജനങ്ങളുടെ ജീവിതം സമുദായാചാരങ്ങളും അനുഷ്ഠാനങ്ങളുമായി മുന്നോട്ട് പോയി എന്നാണ് എസ്.സി. ദുബെ, എം.എൻ.ശ്രീനിവാസൻ തുടങ്ങിയ സാമൂഹ്യശാസ്ത്രജ്ഞർ തറപ്പിച്ചുപറയുന്നത്.

വെറുതെ മനസ്മൃതി മനുസ്മൃതി എന്നുരുവിടുന്ന ബുദ്ധിജീവികൾക്ക് മനു എന്നത് ഒരു പദവിയാണെന്നും നിരവധി മനുക്കളെക്കുറിച്ച് ഹിന്ദുഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്നുണ്ടെന്നുപോലും അറിയില്ല. അതുപോലെ ഒരു ഹിന്ദുവും സ്മൃതിഭരണം കൊണ്ടുവരണം ഭാരതത്തിലെന്ന് ആവശ്യപ്പെടുന്നേയില്ല. അപ്പോഴാണ് മതേതരജന്മങ്ങൾ മനുസ്മൃതിയുടെ പേരും പറഞ്ഞ് കുപ്രചരണത്തിനിറങ്ങുന്നത്. അതേസമയം എല്ലാ ജാതിക്കാരുമിവിടെ, തങ്ങളേക്കാൾ താഴ്ന്ന ജാതിക്കാരായി കണക്കാക്കപ്പെടുന്നവരോടും സ്വന്തം ജാതിയിലെ ഉപജാതികളോടും ഉച്ചനീചത്വങ്ങൾ പുലർത്തിപ്പോന്നിട്ടുണ്ട്, ഇന്നും പുലർത്തുന്നുമുണ്ട് എന്ന യാഥാർത്ഥ്യം തമസ്‌കരിച്ചിട്ടാണ് ഇക്കൂട്ടർ സവർണ്ണവേട്ടയ്ക്കിറങ്ങുന്നത്. കേരളത്തിൽ നമ്പൂതിരിയിൽനിന്ന് നായർ 30 അടിയും നായരിൽനിന്ന് ഈഴവൻ 30 അടിയും അകലം പാലിക്കുമ്പോൾ ഈഴവരിൽനിന്ന് പുലയൻ ഇരട്ടി ദൂരം (60 അടി) വിട്ടുനിൽക്കണം എന്ന ചട്ടമുണ്ടായിരുന്നതും ഇവർ അവഗണിക്കും. ബ്രാഹ്മണരിൽതന്നെ നൂറുകണക്കിന് വിഭാഗങ്ങളുണ്ടെന്നും അവർ തമ്മിലും ജാത്യാചാരങ്ങൾ പാലിച്ചിരുന്നതും മറ്റൊരു വസ്തുത. വർണ്ണവും ജാതിയും കൂടിക്കലർന്നുവെങ്കിലും ജാതികൾ തൊഴിലുമായി ബന്ധപ്പെട്ട് വളർന്നുവന്നതും ആർഷധർമ്മം വിഭാവന ചെയ്യാത്തതുമാണ്. പ്രാചീനമായ ഗോത്രാചാരങ്ങൾ ഹിന്ദുസമൂഹത്തിലേക്ക് സംക്രമിച്ചുവന്നു. ബൃഹത്ഭാരതചരിത്രം ഇതുസംബന്ധിച്ച് വിവരിക്കുന്നുണ്ട്. അധഃകൃതവിഭാഗക്കാർ ബ്രാഹ്മണർക്ക് സഞ്ചാരപാത നിഷേധിച്ചിരുന്നതിന്റെ ഉദാഹരണങ്ങൾ ശൂദ്രർ ആരായിരുന്നു എന്ന പുസ്തകത്തിൽ അംബേദ്കർ നൽകിയിരിക്കുന്നു. ഹിന്ദുസമാജത്തിന് തെറ്റുകുറ്റങ്ങൾ പറ്റിയിട്ടേയില്ല എന്നല്ല ഇവിടെ ധ്വനിപ്പിക്കുന്നത്. മറിച്ച്, മതേതര വ്യാജന്മാർ വ്യാഖ്യാനിക്കുന്നതുപോലെയല്ല സംഭവങ്ങൾ എന്ന് ബോധിപ്പിക്കുകയാണ്.

സംസ്‌കൃതഭാഷ സവർണ്ണർ കുത്തകയാക്കി എന്ന ഹിന്ദുവിരുദ്ധരുടെ വാദവും ഇതുപോലെ അർത്ഥശൂന്യമാണ്. വിശ്വവിഖ്യാതസംസ്‌കൃതനാടകകൃത്തുക്കളായ ഭാസനും കാളിദാസനുമൊന്നും ആഢ്യകുലജാതരല്ല. നമ്മുടെ ജ്യോതിഷം, വൈദ്യം, വാസ്തുശാസ്ത്രം, ശില്പശാസ്ത്രം, വിദ്യാഭ്യാസം പോലുള്ള മേഖലകളിൽ വ്യവഹരിച്ചവർ ഭൂരിപക്ഷവും താഴ്ന്ന ജാതികളായി എണ്ണപ്പെടുന്നവരാണ്. സംസ്‌കൃതഭാഷാവഗാഹം അനിവാര്യമായിരുന്നു മേൽപറഞ്ഞ മേഖലകളിൽ എന്നതിനാൽ മതേതരദുഷ്ടബുദ്ധികളുടെ വിതണ്ഡവാദം ഇവിടെയും പൊളിയുന്നു. ഇന്ന് സൗജന്യസംസ്‌കൃതവിദ്യാഭ്യാസം ഏവർക്കും പ്രാപ്യമാണെങ്കിലും അതിൽ താത്പര്യം കാണിക്കാത്തവരാണ് ഇങ്ങനെ കുറ്റം പറയുന്നവർ. വിമർശനത്തിനുവേണ്ടി വിമർശിക്കുന്ന വികടന്മാരാണിവർ. നമ്മുടെ തുഞ്ചത്താചാര്യനെയും ശ്രീനാരായണഗുരുവിനെയും മറ്റും സംസ്‌കൃതഭാഷാധ്യയനത്തിൽ നിന്നും ആരെങ്കിലും തടഞ്ഞുവോ? എത്രയോ ക്ഷേത്രപ്രതിഷ്ഠകൾ നടത്തുകയും വിഗ്രഹാരാധനയെ ന്യായീകരിക്കുകയും ഗോമാംസഭക്ഷകരെ ഭർത്സിക്കുകയും ആദിശങ്കരന്റെ മതമാണ് തന്റെയും മതമെന്ന് പ്രഖ്യാപിക്കുകയും മതം മാറാൻ താത്പര്യപ്പെടുന്നവർ സനാതനധർമ്മത്തിലേക്ക് പരിവർത്തനം ചെയ്യട്ടെ എന്ന് ഉപദേശിക്കുകയും ചെയ്ത ഗുരുദേവൻ ഹൈന്ദവാചാര്യനല്ലെന്നുപോലും പ്രചരിപ്പിക്കുന്ന പാഴ്ജന്മങ്ങളാണ് മതേതരന്മാർ.

ഹിന്ദുവിരോധികൾ അംഗീകരിച്ചാലും ഇല്ലെങ്കിലും സാമൂഹ്യവേർതിരിവും ഉച്ചനീചത്വങ്ങളും ഒരാഗോളപ്രതിഭാസമാണ്. അതിനുകാരണം ബ്രാഹ്മണിസവും മനുസ്മൃതിയുമാണോ? വർണ്ണവിവേചനവും അടിമക്കച്ചവടവും സ്മൃതികൾ ചർച്ചചെയ്യുന്നുണ്ടോ? വേദപുസ്തകം ഉദ്ധരിച്ച് വർണ്ണവെറിെയ ന്യായീകരിച്ചവർ ഹൈന്ദവാചാര്യന്മാരാണോ? കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കപ്പലുകളിൽ കുത്തിനിറച്ച് കൊണ്ടുപോയി അടിമചന്തകളിൽ വിറ്റു കാശുണ്ടാക്കിയവരും രാപ്പകൽ ഭേദമന്യെ അവരെ പണിയെടുപ്പിച്ചവരും ഹിന്ദുക്കളല്ല. ഇപ്പോഴും അടിമസമ്പ്രദായം നിലനിൽക്കുന്ന രാജ്യങ്ങളേതാണെന്നും വർണ്ണവെറി അവസാനിച്ചുവോ ലോകത്തെന്നും ഹിന്ദുവേട്ടക്കാർ പരിശോധിച്ചറിയുക. ഭാരതത്തിൽ ഉത്ഭവിച്ച മതസമ്പ്രദായങ്ങളിൽ മാത്രമല്ല, ഇവിടേയ്ക്ക് കുടിയേറിയ പരദേശിമതങ്ങളിലും ജാതീയത ഉണ്ട്, സവർണ്ണാവർണ്ണവിഭാഗക്കാരുമുണ്ട്. പക്ഷേ, മതേതര മനുഷ്യർക്ക് ഇതൊന്നും വിമർശിക്കുവാൻ താത്പര്യമില്ല. എല്ലാ അട്ടഹാസവും ആക്രോശവും ഹിന്ദുക്കളോടാണ്. പ്രകടമായി വരുന്ന ഹൈന്ദവ ഏകീകരണം തടയുക എന്ന ദുഷ്ടലാക്കാണ് ഇതിനുപിന്നിലുള്ളത്. കോമൺ സിവിൽകോഡ് നടപ്പാക്കണം രാജ്യത്തെന്ന് ആവശ്യപ്പെട്ട ഇ.എം.എസ്സിന്റെ അനുയായികൾക്കിപ്പോൾ അങ്ങനെയൊന്ന് വേണ്ടേവേണ്ട. ഹിന്ദുസമൂഹത്തെ മാത്രം പരിഷ്‌കരിച്ച് രാജ്യം നന്നാക്കിയാൽ മതി. നാണം കെട്ട ഈ ഇരട്ടത്താപ്പിനി വിലപ്പോകില്ല.

വിമർശകരെ ധരിപ്പിക്കാനുള്ള മറ്റൊന്ന് ഹിന്ദുവിന്റെത് ബഹുദൈവവിശ്വാസമല്ല, ഈശ്വരാന്വേഷണത്തിനും സത്യസാക്ഷാത്കാരത്തിനും ഉള്ള ഇഷ്ടദേവതാസങ്കല്പമടക്കമുള്ള ബഹുമുഖമായ മാർഗ്ഗങ്ങളാണ്. ഈ ചരാചരപ്രപഞ്ചത്തെ മുഴുവൻ പരമചൈതന്യത്തിന്റെ വിഭൂതിയായും കാണാനാഗ്രഹിക്കുന്നവരാണ് ഹൈന്ദവർ. അല്ലാതെ കൂപമണ്ഡൂകവിശ്വാസികളല്ല. ആദ്ധ്യാത്മികത ഉത്ഭവിച്ചത് ഈ മണ്ണിലാണ്. അത് നിലനിൽക്കുന്നതും ഭാരതഭൂവിൽ മാത്രം. കുംഭമേളയ്ക്കു സമം എന്ത് ആദ്ധ്യാത്മികമേളയുണ്ട് ആഗോളതലത്തിൽ? അവിടെ വല്ല ജാതീയതയോ വിഭാഗീയതയോ ആരെങ്കിലും കണ്ടോ?