Logo

VHP PUBLICATIONS

Hindu Vishwa


Index

1 - കേരളം മാഫിയകളുടെ സ്വന്തം നാടോ ? - എഡിറ്റോറിയൽ 2 - കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമോ? - സമകാലികം 3 - കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും അർണോൾഡ് ടോയൻബിയും- ചരിത്രം 4 - എങ്ങനെ സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം നയിക്കാം? - സംഭാഷണം 5 - ഹിന്ദു ഫോബിയ എന്ന ആഭാസം- സംവാദം 6 - കലയുടെ മണ്ഡലത്തിൽ സ്വാമിജി (അദ്ധ്യാത്മഹിമാലയം- ജീവചരിത്രം തുടർച്ച...) 7 - ആയുർസൗഖ്യമരുളുന്ന തൈക്കാട്ടുശ്ശേരി ഭഗവതി -ക്ഷേത്രവിശേഷം 8 - ശനി മാറുമ്പോൾ- ജ്യോതിഷം 9 - ദേവായനത്തിലെ നിത്യപൗർണ്ണമി -ഓർമ്മ 10 - യുഗാദിയും ചില കാലഗണനാ ചിന്തകളും - വിശേഷം 11 - സുകൃതജീവിതത്തിന്റെ ഈശ്വരസാക്ഷ്യം- വായന check_circle 12 - തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന് ശതാഭിഷേകം- വിശേഷം
expand_more

സുകൃതജീവിതത്തിന്റെ ഈശ്വരസാക്ഷ്യം- വായന

By സുനീഷ് കെ.
സുകൃതജീവിതത്തിന്റെ ഈശ്വരസാക്ഷ്യം- വായന

ഭാരതത്തിന്റെ ആത്മീയചരിത്രം മാറ്റിയെഴുതിയ മഹാപുരുഷനായിരുന്നു ശ്രീരാമകൃഷ്ണപരമഹംസർ. അതുവരെയുള്ള എല്ലാ ആദ്ധ്യാത്മികധാരകളെയും സമന്വയിപ്പിക്കുകയും നവീകരിക്കുകയും ചെയ്തു പരമഹംസർ. ഭക്തിജ്ഞാനയോഗങ്ങളുടെ സരണികൾ അദ്ദേഹത്തിൽ ലീനമായിരുന്നുവെന്നുമാത്രമല്ല, അതിൽ തന്ത്രത്തിന്റെയും വേദാന്തത്തിന്റെയും ഗാഢതയും ദർശിക്കാമായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് പൂജാരിയായി തുടങ്ങിയ ജീവിതം പിന്നീട് ലോകത്തെ പിടിച്ചുകുലുക്കുവാൻ പോന്ന ആത്മീയഗർജ്ജനാരവങ്ങൾക്ക് വിത്തുപാകി. അതാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ മഹത്വം.

ശ്രീരാമകൃഷ്ണപരമഹംസരുടെ ജീവിതം പല കാലങ്ങളിൽ പല രചനകളായി പുറത്തുവന്നിട്ടുണ്ട്. അത്തരം നിരവധി വായനകളിൽ ഏറെ വേറിട്ടുനിൽക്കുന്ന പുസ്തകമാണ് സ്വാമി ചേതനാനന്ദയുടെ ഈശ്വരന്റെ കൂടെ എന്ന പുസ്തകം. സെന്റ് ലൂയീസ് വേദാന്ത സൊസൈറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേതനാനന്ദസ്വാമിയുടെ രചനകൾ ഏറെ വായിക്കപ്പെടുന്നതാണ്. ശ്രീരാമകൃഷ്ണ ആസ് വി സോ ഹിം, ശ്രീരാമകൃഷ്ണ ആന്റ് ഹിസ് ഡിവൈൻ പ്ലേ തുടങ്ങിയ പുസ്തകങ്ങൾ രാമകൃഷ്ണജീവിതത്തെയും ദർശനങ്ങളെയും വളരെ മനോഹരവും ആധികാരികവുമായി രേഖപ്പെടുത്തിയിട്ടുള്ളവയാണ്. ശ്രീരാമകൃഷ്ണപരമഹംരുടെ ജീവിതം എങ്ങനെയാണ് 16 അന്തരംഗ സന്യാസിശിഷ്യർ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നാണ് 'ഈശ്വരന്റെ കൂടെ'യിൽ സൂക്ഷ്മമായി അന്വേഷിക്കുന്നത്. ഈ 16 പേരുടെ ജീവിതവും അവർ നേരിട്ട് കണ്ട് അനുഭവിച്ച ഗുരുവിന്റെ ജീവിതവുമാണ് പുസ്തകം പറയുന്നത്. പാശ്ചാത്യ ആഖ്യാനരീതികളോടും ഗവേഷണപഠനങ്ങളോടും ഏറെ പരിചയവും ആത്മബന്ധവുമുള്ള ചേതനാനന്ദസ്വാമി ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത് സൂക്ഷ്മമായ ഗവേഷണചാതുരിയോടെയും വസ്തുനിഷ്ഠതയോടെയുമാണ്.

ഒരു മഹദ്‌വ്യക്തിയുടെ ജീവിതം അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തോടൊപ്പം ജീവിച്ചുപോന്ന ഏറ്റവും അടുത്ത കുറച്ചുപേരുടെ അനുഭവങ്ങളിലൂടെ പിന്തുടരുമ്പോൾ പ്രതീക്ഷിക്കാവുന്ന സമഗ്രതയും കൃത്യതയും ആധികാരികതയും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. സ്വാമി വിവേകാനന്ദൻ മുതൽ വിജ്ഞാനാനന്ദ സ്വാമികൾ വരെയുള്ള ശ്രീരാമകൃഷ്ണപരമ്പരയുടെ ഊർജ്ജസ്പന്ദനങ്ങൾക്ക് ഗതിവേഗം പകർന്ന ആദ്യകാലസന്യാസിശിഷ്യരുടെ അനുഭവങ്ങളും ജീവിതവുമാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ 16 പേരുടെയും അവരെ നയിച്ച ഗുരുവിന്റെയും ഒരൊറ്റ ജീവചരിത്രമായി ഈ പുസ്തകം മാറുന്നു.

ആദ്യകാല സാധനാപരമായ ജീവിതത്തിനുശേഷം ശ്രീരാമകൃഷ്ണദേവൻ ഒരു മഹാത്മാവ് എന്ന രീതിയിൽ അറിയപ്പെടുന്നതോടെയാണ് വിവേകാനന്ദൻ അടക്കമുള്ള ശിഷ്യർ അദ്ദേഹത്തെ തേടിയെത്തുന്നത്. പലവിധ സംസ്‌കാരങ്ങളിൽ ജനിച്ചു ജീവിച്ചു വളർന്നുപോന്ന അവരിലെല്ലാം ആത്മീയമായൊരു ഉന്മുഖത സൃഷ്ടിക്കാൻ പരമഹംസർക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ സമാധിക്കുശേഷമുള്ള അനിശ്ചിതാവസ്ഥയും ശൂന്യതയുമെല്ലാം അവരെങ്ങനെയാണ് മറികടക്കുന്നതെന്നൊക്കെയുള്ളത് പ്രസക്തമായ അനുഭവപാഠങ്ങളാണ്. ആത്മീയജീവിതത്തിന്റെ ഗാഢപർവ്വങ്ങളായി അവയെ വായിച്ചെടുക്കാം. വളരെ ഗുരുതരമായ അവസ്ഥാന്തരങ്ങളിലൂടെയാണ് ആദ്യകാലത്ത് ശ്രീരാമകൃഷ്ണസന്യാസിസംഘം കടന്നുപോകുന്നത്. പരമഹംസർ ജീവിച്ചിരുന്ന കാലത്തെ പല ഗൃഹസ്ഥഭക്തരും മുമ്പത്തെപ്പോലെ അവരെ പരിഗണിച്ചില്ലെന്നുമാത്രമല്ല, സ്വഗൃഹങ്ങളിലേക്ക് മടങ്ങിപ്പോകാൻ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ശ്രീരാമകൃഷ്ണസങ്കല്പത്തിന്റെ ആത്മീയമായ ഉൾക്കരുത്ത് ചരിത്രം തന്നെ മാറ്റിയെഴുതി. അതിശക്തമായൊരു ഊർജ്ജപ്രവാഹം ശ്രീരാമകൃഷ്ണൻ ശാരീരികരൂപത്തിൽ ഉണ്ടായിരുന്നപ്പോഴത്തേക്കാൾ മൂർത്തമായ തലത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. വിവേകാനന്ദന്റെ ഭാരതപര്യടനം, തുടർന്ന് വിദേശത്തും ലോകമതമഹാസമ്മേളനത്തിലും ശ്രീരാമകൃഷ്ണസന്ദേശം അലയടിക്കുന്നു. ശ്രീരാമകൃഷ്ണപരമ്പര ലോകമെങ്ങും അതിന്റെ ആത്മീയപ്രസരം അങ്ങനെ വ്യാപിപ്പിച്ചുകൊണ്ടിരുന്നു. പരമഹംസരുമായുള്ള അനുഭവങ്ങളും അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിരീക്ഷണങ്ങളും പുസ്തകങ്ങളായി ആവിഷ്‌കരിക്കപ്പെട്ടു. പരമഹംസർ ഭാവിലോകത്തിന് നൽകിയ ആത്മീയസന്ദേശങ്ങളായിരുന്നു ഇതെല്ലാം. പശ്ചിമബംഗാളിലെ ഒരു കുഗ്രാമത്തിൽ ജനിച്ച, ആ ചെറിയ മനുഷ്യൻ ഭാരതത്തിന്റെ ആത്മീയജാതകം പുനർവിരചിച്ചത് എങ്ങനെയെന്ന് ഈ ജീവിതങ്ങൾ വ്യക്തമാക്കുന്നു. ശ്രീരാമകൃഷ്ണസന്യാസിസംഘത്തിന്റെ ആദ്യകാലചരിത്രം കൂടിയായി ഈ പുസ്തകം മാറുന്നു. സ്വാമി അമിതാഭാനന്ദയും ബീനാ ഗോവിന്ദുമാണ് ഇത് മൊഴിമാറ്റിയിരിക്കുന്നത്.