Logo

VHP PUBLICATIONS

Hindu Vishwa


Index

1 - കേരളം മാഫിയകളുടെ സ്വന്തം നാടോ ? - എഡിറ്റോറിയൽ 2 - കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമോ? - സമകാലികം 3 - കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും അർണോൾഡ് ടോയൻബിയും- ചരിത്രം check_circle 4 - എങ്ങനെ സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം നയിക്കാം? - സംഭാഷണം 5 - ഹിന്ദു ഫോബിയ എന്ന ആഭാസം- സംവാദം 6 - കലയുടെ മണ്ഡലത്തിൽ സ്വാമിജി (അദ്ധ്യാത്മഹിമാലയം- ജീവചരിത്രം തുടർച്ച...) 7 - ആയുർസൗഖ്യമരുളുന്ന തൈക്കാട്ടുശ്ശേരി ഭഗവതി -ക്ഷേത്രവിശേഷം 8 - ശനി മാറുമ്പോൾ- ജ്യോതിഷം 9 - ദേവായനത്തിലെ നിത്യപൗർണ്ണമി -ഓർമ്മ 10 - യുഗാദിയും ചില കാലഗണനാ ചിന്തകളും - വിശേഷം 11 - സുകൃതജീവിതത്തിന്റെ ഈശ്വരസാക്ഷ്യം- വായന 12 - തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന് ശതാഭിഷേകം- വിശേഷം
expand_more

കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും അർണോൾഡ് ടോയൻബിയും- ചരിത്രം

By ഗണേഷ് രാധാകൃഷ്ണൻ
കാശി, അയോദ്ധ്യ, മഥുര:  ചരിത്രത്തിന്റെ  വിമോചനവും അർണോൾഡ് ടോയൻബിയും- ചരിത്രം

ഹിന്ദുവിന്റെ സാംസ്‌കാരികവും ധാർമ്മികവുമായ സ്വത്വങ്ങളെ നിർവചിക്കുന്ന ആത്മീയസ്ഥാനങ്ങളെ തെരഞ്ഞുപിടിച്ച് വികൃതവൽക്കരിച്ചവരുടെ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ച് അർണോൾഡ് ടോയൻബിയെപ്പോലെ ആമുഖം ആവശ്യമില്ലാത്ത ഒരു ചരിത്രകാരൻ പറയുമ്പോൾ അതിന്റെ പ്രാധാന്യം എത്രയോ വലുതാണ്.

ഭാരതത്തിന്റെ സ്വാഭിമാനം പുനഃസ്ഥാപിക്കപ്പെട്ട ദിനമായാണ് ജനുവരി 22 എന്ന ദിനാങ്കം നമ്മുടെ കൂട്ടായ ഓർമ്മയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക അധിനിവേശകാലത്ത്, ക്ഷേത്രധ്വംസനങ്ങൾ തുടർക്കഥകളായിരുന്ന ഉത്തരഭാരത്തിന്റെ ചരിത്രത്തിൽ അയോദ്ധ്യയിലെ രാമജന്മസ്ഥാൻ ക്ഷേത്രത്തിന്റെ തകർക്കൽ മാത്രം എന്തുകൊണ്ടാണ് ഒരു മായാത്ത മുറിപ്പാടായി രാഷ്ട്രശരീരത്തിൽ അവശേഷിച്ചത്? ഭാരതമെന്ന ആശയത്തെ ഇനിയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ചിലർക്ക് അതിനെക്കുറിച്ചു അയോദ്ധ്യയിൽ അധിനിവേശ ശക്തികൾ തകർത്തെറിഞ്ഞത്, ഒരു ക്ഷേത്രം മാത്രമായിരുന്നില്ല, മറിച്ച് സ്വരാഷ്ട്രത്തിന്റെ സ്പന്ദിക്കുന്ന പ്രതിരൂപത്തെയായിരുന്നു. രാഷ്ട്രീയ അധിനിവേശങ്ങൾക്കെതിരെ ഉയർന്നുനിന്ന ഒരിക്കലും കീഴടങ്ങാത്ത രാഷ്ട്രധർമ്മത്തിന്റെ പ്രതീകമായിരുന്നു അയോദ്ധ്യ.

ഇന്ന്, ഉത്തരഭാരതത്തിലെ പ്രധാന നഗരങ്ങളിലെങ്ങും ആയിരം വർഷം പഴക്കമുള്ള ഒരു പുരാതന ക്ഷേത്രവും നമുക്ക് കാണാൻ കഴിയില്ല. പ്രാചീന ക്ഷേത്രമെന്ന് പേരിട്ടിരിക്കുന്നവയിൽ പലതും അടുത്തകാലത്ത് നിർമ്മിച്ചവയാണ്. അതിനൊരു ചരിത്രസാക്ഷ്യമാണ് മദ്ധ്യപ്രദേശിലെ ഖജുരാഹോ. എൺപത്തിയഞ്ചോളം ക്ഷേത്രങ്ങൾ നിലനിന്നിരുന്നിടത്ത് ഇന്നുള്ളത് വെറും ഇരുപത്തിയഞ്ചെണ്ണം മാത്രം. അവ തകർക്കാൻവേണ്ടിമാത്രം ദൽഹിയിൽനിന്ന് മദ്ധ്യപ്രദേശ് വരെ അന്വേഷിച്ചെത്തിയ ആക്രമണകാരികൾക്ക് അതിന് പ്രേരണയായത് വിഗ്രഹഭഞ്ജനമെന്ന മതപരമായ ദൗത്യനിർവഹണം മാത്രമായിരുന്നില്ല. ഭാരതമെന്ന ചിരപുരാതന ആശയത്തിനുമേൽ സമ്പൂർണ്ണ ആധിപത്യം നേടാനുള്ള നീചമായ രാഷ്ട്രീയ ലക്ഷ്യമായിരുന്നു. ആ ഹീനമായ ദൗത്യം നിറവേറ്റാൻ അവർ തെരഞ്ഞെടുത്ത ദേവതാസ്ഥാനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുമ്പോഴാണ്, വൈദേശികശക്തികൾ എങ്ങനെയാണ് നമ്മെ രാഷ്ട്രീയമായും സാമ്പത്തികമായും വൈകാരികമായും ആത്മീയമായും അടിമകളാക്കാൻ ശ്രമിച്ചതെന്നതിന്റെ യാഥാർഥ്യം നാം തിരിച്ചറിയുന്നത്.

സനാതനധർമ്മത്തിന്റെ ആധാരശിലകളായ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥചതുഷ്ടയത്തിന്റെ സമ്പൂർണ്ണനാശമാണ് ഹിന്ദുക്കളുടെ നാല് പ്രധാനപ്പെട്ട ദേവസ്ഥാനങ്ങളെ നശിപ്പിച്ചതിലൂടെയും അവയെ ദേശീയ അപമാനത്തിന്റെ ചിരകാലസ്മാരകങ്ങളാക്കി നിലനിർത്തിയതിലൂടെയും അധിനിവേശശക്തികൾ ഉറപ്പാക്കിയത്. അയോദ്ധ്യ സനാതനമായ ധർമ്മത്തിന്റെ പ്രതീകമായിരുന്നു. 'രാമോ വിഗ്രഹവാൻ ധർമ്മഃ' എന്ന് ആദികവി വാഴ്ത്തിയ, ധർമ്മത്തിന്റെ മനുഷ്യരൂപം ഭഗവാൻ ശ്രീരാമന്റെ ജന്മത്താൽ ആരാധ്യമായിത്തീർന്ന അയോദ്ധ്യയെ തകർക്കുകയും, തൽസ്ഥാനത്ത് ഒരു രാഷ്ട്രീയമന്ദിരം പണിതുയർത്തി അതിനെ ഹിന്ദുവിന്റെ ധർമ്മനഷ്ടത്തിന്റെ നിത്യസ്മാരകമാക്കാനാണ് അവർ ശ്രമിച്ചത്. സോമനാഥത്തിന്റെ മേൽ നടന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളിലൂടെയും, അതിന്റെ തകർച്ചയിലൂടെയും അവർ പ്രതീകാത്മകമായി നടപ്പിലാക്കിയത് ഹിന്ദുവിന്റെ സാമ്പത്തികശേഷിയുടെ സമ്പൂർണ്ണനാശമായിരുന്നു. മനുഷ്യകാമത്തിന്റെ ധാർമ്മികമായ പൂർത്തീകരണത്തിന്റെ, ജീവിതാസ്വാദനത്തിന്റെ അഥവാ കാമമെന്ന പുരുഷാർത്ഥത്തിന്റെ പ്രതീകമായാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ മഥുരയെ എക്കാലവും ഭാരതീയർ കണ്ടിരുന്നത്. ആ ദിവ്യമന്ദിരത്തെയും വികൃതവൽക്കരിച്ച് അതിന്റെ മുകളിൽ മറ്റൊരു രാഷ്ട്രീയസ്മാരകം പണിതുയർത്തിയതിലൂടെ മറ്റൊരു പ്രധാന ലക്ഷ്യവും അവർ നിറവേറ്റി. ഒടുവിൽ മോക്ഷനഗരിയായ കാശിയിലെ ശ്രീവിശ്വനാഥക്ഷേത്രവും തകർത്ത് അവിടെ പണിതുയർത്തിയത്, സ്വധർമ്മം സ്വതന്ത്രമായി ഉപാസിക്കാൻ കഴിയാതെ പോയ ഹിന്ദുസമൂഹത്തിന്റെ മോക്ഷനിഷേധത്തിന്റെ സ്മാരകമായിരുന്നു.

ഈ നാല് ക്ഷേത്രങ്ങളും തകർത്തതിലൂടെ സനാതനധർമ്മത്തിന്റെ സമ്പൂർണ്ണ അധഃപതനം ഉറപ്പാക്കുകയാണ് ഇസ്ലാമിക ഭരണകൂടം ചെയ്തത്. എന്നാൽ, സമാനമായ രാഷ്ട്രീയ തേർവാഴ്ചകളെ അതിജീവിച്ച മറ്റു രാജ്യങ്ങൾ ചെയ്തതുപോലെ നാം ഈ അടിമത്തത്തിന്റെയും അപമാനത്തിന്റെയും രാഷ്ട്രീയപ്രതീകങ്ങളെ നീക്കംചെയ്തുകൊണ്ടല്ല നമ്മുടെ സ്വാതന്ത്ര്യത്തെ ലോകത്തോട് പ്രഘോഷിച്ചത്. അതിനെ ഹിന്ദുത്വത്തിന്റെ മഹനീയതയായി വാഴ്ത്തുന്നവരുണ്ട്. എന്നാൽ, നിയമത്തിന്റെ വഴികൾ തേടിപ്പോയപ്പോഴും, മാറിമാറി വന്ന ജനാധിപത്യഭരണകൂടങ്ങളുടെ ദയയ്ക്കായി കാത്തിരുന്നപ്പോഴും, ലോകത്തിന് മഹനീയമായ മാതൃക കാട്ടിക്കൊടുത്ത ഹിന്ദുക്കൾക്ക് നീതിമാത്രം ലഭിച്ചില്ല. അങ്ങനെ വ്യവസ്ഥിതികളാൽ തോൽപ്പിക്കപ്പെട്ട, ഗതികെട്ട ഭാരതീയന്റെ നിയമലംഘനമാണ് 1992, ഡിസംബർ ആറിന് അയോദ്ധ്യയിൽ കണ്ടത്. ഭരണകൂടം നിറവേറ്റേണ്ടിയിരുന്ന രാഷ്ട്രീയ ഉത്തരവാദിത്വമാണ് ആൾക്കൂട്ടത്തിന് ചെയ്യേണ്ടിവന്നത്. ആ സംഭവം രാഷ്ട്രീയമായ അടിമത്തത്തിൽനിന്നും, കോളനിവൽക്കരണത്തിന്റെ അപമാനത്തിൽനിന്നുമുള്ള ഭാരതീയന്റെ ശരിയായ സ്വാതന്ത്ര്യപ്രഖ്യാപനമല്ലാതെ മറ്റെന്തായിരുന്നു!

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനം രാഷ്ട്രത്തിന്റെ സ്വത്വത്തിന്റെ യഥാർത്ഥ പുനഃസ്ഥാപനദിനമാണെന്ന് പറഞ്ഞപ്പോൾ കോൺഗ്രസ്സും, അവരുടെ അടിമകളായ ചില മാധ്യമങ്ങളും അത് വലിയ വിവാദമാക്കി. അയോദ്ധ്യ-കാശി വിഷയങ്ങളിൽ 'ഉപദ്രവമൂല്യം' കൂടുതലുള്ള ഇടത്-ഇസ്ലാമിക കൂലിയെഴുത്തുകാരുടെ വാചാടോപത്തിന് ചെവികൊടുത്ത നാം കേൾക്കാതെപോയ വിലയേറിയ വാക്കുകൾ ആധുനികലോകം കണ്ട മഹാന്മാരായ ചരിത്രകാരന്മാരുടെയും, ലോകസമ്മതരും നിഷ്പക്ഷരുമായ എഴുത്തുകാരുടേതുമായിരുന്നു.

'ചരിത്രത്തെക്കുറിച്ചുള്ള ഒരു പഠനം' (എ സ്റ്റഡി ഓഫ് ഹിസ്റ്ററി) എന്ന പ്രസിദ്ധമായ കൃതിയുടെ രചയിതാവും ആധുനിക ലോകം കണ്ട ഏറ്റവും മികച്ച ചരിത്രകാരനുമായ ആർണോൾഡ് ജോസഫ് ടോയൻബി, നോബൽ പുരസ്‌കാരജേതാവും സുപ്രസിദ്ധ സാഹിത്യകാരനുമായ വി.എസ്. നയ്പാൾ, ലോകപ്രശസ്ത എഴുത്തുകാരനും ബുദ്ധിജീവിയുമായ നീരദ് സി. ചൗധരി എന്നിവരുടെ പ്രസ്തുത വിഷയത്തിലുള്ള നിരീക്ഷണങ്ങളും ചരിത്രവിശകലനങ്ങളും, യഥാസമയം ഉചിതമായ രീതിയിൽ ചർച്ചചെയ്യപ്പെടാതെ പോയതുകൊണ്ടുള്ള അനിവാര്യമായ വിപത്താണ് അസ്ഥാനത്തുള്ള ഇത്തരം വിവാദങ്ങൾ. 'നിയമത്തെക്കുറിച്ചുള്ള അജ്ഞത നിയമലംഘനത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് നമ്മെ ഒഴിവാക്കുന്നില്ല' എന്ന് പറയാറുള്ളതുപോലെ, ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയും ഒരു ഒഴിവുകഴിവല്ല. ഹിന്ദുക്കളുടെ ആരാധനാസ്വാതന്ത്ര്യത്തെ നൂറ്റാണ്ടുകളോളം അടിച്ചമർത്തിയ ഇസ്ലാമികഭരണത്തെപ്പറ്റി ആർ.സി.മജൂംദാറും, ജാതുനാഥ് സർക്കാരും മാത്രമല്ല, ഇടതുചരിത്രകാരന്മാരായ സതീഷ് ചന്ദ്രയെപോലുള്ളവർക്കുപോലും എഴുതേണ്ടിവന്നിട്ടുണ്ട്. അതിലുപരി, ഹിന്ദുവിന്റെ സാംസ്‌കാരികവും ധാർമ്മികവുമായ സ്വത്വങ്ങളെ നിർവചിക്കുന്ന ആത്മീയസ്ഥാനങ്ങളെ തെരഞ്ഞുപിടിച്ച് വികൃതവൽക്കരിച്ചവരുടെ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ച് അർണോൾഡ് ടോയൻബിയെ പോലെ ആമുഖം ആവശ്യമില്ലാത്ത ഒരു ചരിത്രകാരൻ പറയുമ്പോൾ അതിന്റെ പ്രാധാന്യം എത്രയോ വലുതാണ്.

1960 ലെ 'ആസാദ് മെമ്മോറിയൽ ലക്ചർ' അവിസ്മരണീയമാക്കിയത് അർണോൾഡ് ടോയൻബിയുടെ പ്രഭാഷണമായിരുന്നു. അത് പിന്നീട്, 'വൺ വേൾഡ് ആൻഡ് ഇന്ത്യ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ചരിത്രപ്രസംഗത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ സ്വാതന്ത്ര്യാനന്തര ഭാരതചരിത്രത്തിലെ ഒരു നാണംകെട്ട കാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. മറ്റുള്ള ലോകരാജ്യങ്ങൾ അടിമത്തത്തിൽ നിന്ന് മോചനം നേടി, തങ്ങളുടെ മണ്ണിലെ അധിനിവേശത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ചിഹ്നങ്ങളെ തുടച്ചുനീക്കിയപ്പോൾ, രാഷ്ട്രീയ ഉദ്ദേശ്യങ്ങൾ മാത്രം മുൻനിർത്തി ഔറംഗസേബ് പണിതുയർത്തിയ പള്ളികളെ പൊളിച്ചുനീക്കാൻ ഭാരതസർക്കാർ തീരുമാനമെടുത്തില്ല എന്ന് തന്റെ പ്രഭാഷണത്തിൽ അദ്ദേഹം ആശ്ചര്യപൂർവം അഭിപ്രായപ്പെടുന്നു. ഭാരതത്തിന്റെ വിശാലമനസ്‌കതയെ അദ്ദേഹം ഉപരിപ്ലവമായി അഭിനന്ദിക്കുന്നുണ്ടെങ്കിൽപോലും, അത്തരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത രാജ്യങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിക്കുകയും, അവരെ കുറ്റപ്പെടുത്താൻ താൻ തയ്യാറല്ല എന്ന് തുറന്നുപറയുകയും ചെയ്തു.

അധിനിവേശത്തിന്റെയും അടിമത്വത്തിന്റെയും ചിഹ്നങ്ങളെ നീക്കംചെയ്തു തൽസ്ഥാനത്ത് ദേശീയതയുടെയും സ്വാഭിമാനത്തിന്റെയും പ്രതീകങ്ങളെ പുനഃസ്ഥാപിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള ഉണർവിന്റെ പ്രതീകവൽക്കരണമായാണ് ലോകസമൂഹം അന്നും ഇന്നും കാണുന്നത്. ലോകചരിത്രത്തിലുടനീളം ഈ പ്രക്രിയ ആവർത്തിച്ചിട്ടുണ്ടെന്നും, അതിന്നും തുടരുന്നുണ്ടെന്നും ഭാരതീയരെ ടോയൻബി ഓർമ്മിപ്പിച്ചു. 1947-ൽ, കെ. എം.മുൻഷിയെപ്പോലെയുള്ള ദീർഘദർശികളായ ദേശീയവാദികളുടെ നേതൃത്വത്തിൽ സോമനാഥക്ഷേത്രം പുനർനിർമ്മിക്കാൻ എടുത്ത തീരുമാനം രാഷ്ട്രശരീരത്തിനേറ്റ ഈ ചരിത്രമുറിവിനെ സുഖപ്പെടുത്തേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനുണ്ടെന്നതിന്റെ ഏറ്റുപറച്ചിലായിരുന്നു. എന്നാൽ, അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണജന്മസ്ഥാൻക്ഷേത്രം, വാരാണസിയിലെ കാശിവിശ്വനാഥക്ഷേത്രം എന്നിവയുടെ പുനഃസ്ഥാപനം വിദൂരസ്വപ്‌നമായി നമുക്ക് മുന്നിൽ അവശേഷിച്ചു.

 ഇവിടെയാണ്, ടോയൻബി തന്റെ പ്രഭാഷണത്തിൽ നടത്തുന്ന ഒരു താരതമ്യം ശ്രദ്ധേയമാകുന്നത്. സ്വാതന്ത്ര്യാനന്തരഭാരതത്തെ പോളണ്ടിന്റെ ചരിത്രത്തോടാണ് അദ്ദേഹം താരതമ്യപ്പെടുത്തുന്നത്. തങ്ങളുടെ രാഷ്ട്രീയ അധീശത്വത്തെ ഊട്ടിയുറപ്പിക്കാനായി വാഴ്‌സയിൽ റഷ്യ സ്ഥാപിച്ച ഓർത്തഡോക്‌സ് പള്ളി, പിന്നീട് സ്വാതന്ത്ര്യാനന്തരം പോളിഷ് ഗവൺമെന്റ് ഇടിച്ചുനിരത്തുന്നുണ്ട്. ഹിന്ദുവിന്റെ അഭിമാനസ്തംഭങ്ങളെ തച്ചുതകർത്ത് ഔറംഗസേബ് നിർമിച്ച രാഷ്ട്രീയനിർമ്മിതികളെയും റഷ്യൻഭരണകൂടം പോളണ്ടിൽ പണിതുയർത്തിയ പള്ളിയെയും താരതമ്യം ചെയ്തുകൊണ്ട് ടോയൻബി ഇപ്രകാരം പറയുന്നു:

'പോളിഷ് ജനതയുടെ പുതിയ യജമാനർ റഷ്യക്കാരാണ് എന്ന് അവരെ കാഴ്ചയുടെ നൈരന്തര്യം മുഖേന ഓർമ്മിപ്പിക്കുന്നതിനുവേണ്ടിയാണ് റഷ്യ ഇത് (ഓർത്തഡോക്‌സ് പള്ളി) നിർമ്മിച്ചത്. 1918-ൽ പോളണ്ടിന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചതിന് ശേഷം, പോളണ്ടുകാർ ഈ കത്തീഡ്രൽ തകർത്തുകളഞ്ഞു. എന്റെ പോളണ്ട് സന്ദർശനത്തിനുമുൻപ് തന്നെ അതിന്റെ തകർച്ച പൂർത്തിയായിരുന്നു. ആ റഷ്യൻ പള്ളി തകർത്തതിന് ഞാൻ പോളിഷ് സർക്കാരിനെ അത്രവലുതായി കുറ്റപ്പെടുത്തുന്നില്ല. റഷ്യക്കാർ അതവിടെ പണിതത് മതപരമായ ഉദ്ദേശ്യത്തോടെ അല്ല, മറിച്ച് രാഷ്ട്രീയപരമായ ഒരു ലക്ഷ്യത്തോടെയായിരുന്നു. മാത്രമല്ല, അവരുടെ ഉദ്ദേശ്യവും കരുതിക്കൂട്ടിയുള്ള പ്രകോപനം തന്നെയായിരുന്നു.'

ടോയൻബി തുടർന്ന് പറയുന്നതിൽ ഒളിഞ്ഞുകിടക്കുന്ന രാഷ്ട്രീയപരമായ ദ്വയാർത്ഥം ഈ കാലഘട്ടത്തിൽ മനസ്സിലാക്കിയെടുക്കുന്നതിന് നമുക്ക് അധികം ബുദ്ധിമുട്ടേണ്ടിവരില്ല. 'അതേസമയം, ഔറംഗസേബ് പണിത പള്ളികളെ തകർക്കാതെയിരുന്ന ഇന്ത്യാ ഗവർന്മെന്റിന്റെ നടപടിയെ ഞാൻ അഭിനന്ദിക്കുന്നു: പ്രത്യേകിച്ച്, ബനാറസിലെ ഘാട്ടുകൾക്ക് അഭിമുഖമായി നിൽക്കുന്ന രണ്ടു പള്ളികളും, മഥുരയിലെ കൃഷ്ണന്റെ (ജന്മഭൂമി) കുന്നിൽ പണിതുയർത്തിയ പള്ളിയുമാണ് ഞാനുദ്ദേശിച്ചത്', അദ്ദേഹം പറയുന്നു.

 ഹിന്ദുവിന്റെ ആത്മാഭിമാനത്തിനേൽപ്പിക്കുന്ന ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിക്കാനായി ഔറംഗസേബ് തെരഞ്ഞെടുത്ത സ്ഥലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മഹാനായ ആ ചരിത്രകാരൻ പറയുമ്പോൾ, മേൽപ്പറഞ്ഞ പുരുഷാർത്ഥചതുഷ്ടയത്തിന്റെ പ്രതീകാത്മകമായ ധ്വംസനത്തെ അദ്ദേഹം ശരിവക്കുന്നതായി നമുക്ക് വായിച്ചെടുക്കാം. 'അവിടെ ഔറംഗസേബ് നിർമ്മിച്ച ആ മൂന്നു മസ്ജിദുകൾക്കും, വാഴ്‌സയുടെ നഗരമധ്യത്തിൽ റഷ്യക്കാർ പണിതുയർത്തിയ ഓർത്തഡോക്‌സ് പള്ളിക്കും പിന്നിൽ ഉണ്ടായിരുന്നത് ഒരേ രാഷ്ട്രീയ ലക്ഷ്യമായിരുന്നു- അത് ഒരേ സമയം മനഃപൂർവവും പ്രകോപനപരവുമായതും ആയിരുന്നെന്നുകാണാം. ഹിന്ദുമതത്തിന്റെ പരമപവിത്രമായ തീർഥക്ഷേത്രങ്ങൾക്കു മീതെപോലും ഒരു ഇസ്ലാമികഭരണകൂടം പരമാധികാരത്തോടെ നിലകൊള്ളുന്നുവെന്ന സന്ദേശം നൽകുന്നതിനുവേണ്ടിയാണ് ആ മൂന്നു മസ്ജിദുകളും നിർമിച്ചത്. അങ്ങേയറ്റം പ്രകോപനം ജനിപ്പിക്കുന്ന ആ മൂന്നു സ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഔറംഗസേബ് പുലർത്തിയത് അസാമാന്യമായ ധിഷണപാടവമാണെന്ന് ഞാൻ തീർച്ചയായും പറയും,' ടോയൻബി പറയുന്നു.

ഒപ്പം അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞുവയ്ക്കുന്നു: 'എന്തായാലും, ഈ മസ്ജിദുകൾ നിലകൊള്ളുന്നത് ഹിന്ദുമതത്തിന്റെ പരമപവിത്ര ഭൂമിയിലാണെങ്കിലും, അവയുടെ ദൃശ്യപരമായ സാന്നിധ്യത്തിൽ പ്രതിസന്ധിയിലാകുന്നത് ഹിന്ദുമതവിശുദ്ധഭൂമിയല്ല, മറിച്ച് ഔറംഗസേബ്തന്നെയാണ്.' ഇന്ന് കാശിവിശ്വനാഥക്ഷേത്രം സന്ദർശിക്കുന്ന ഏതൊരാൾക്കും ടോയൻബിയുടെ ഈ അഭിപ്രായത്തോട് യോജിക്കാൻ മാത്രമേ കഴിയൂ. ഈ അമൃതകാലത്തിന്റെ ഭദ്രതയിലും സുരക്ഷിതത്വത്തിലും മതിമറന്നു ജീവിക്കുന്ന ഓരോ ഭാരതീയനും രാഷ്ട്രം കടന്നുപോയ പ്രതിസന്ധികളെയും വെല്ലുവിളികളെയും ഓർത്തെടുക്കാനും ആ ചരിത്രത്തെ വീണ്ടും സന്ദർശിക്കാനും പ്രേരണ നൽകുന്ന നിർമിതിയായാണ് ആ രാഷ്ട്രീയമന്ദിരം ഇന്നവിടെ നിലനിൽക്കുന്നത്.

ടോയൻബിയുടെ ഈ വാക്കുകൾ രാമജന്മഭൂമിപ്രക്ഷോഭത്തിന്റെ ലക്ഷ്യത്തെ സാധൂകരിക്കുകയും, അതിനൊരു ആശയ അടിത്തറപാകുകപോലും ചെയ്തു എന്നു പറയേണ്ടിവരും. ഒരു ക്ഷണിക്കപ്പെട്ട അതിഥിയായി ഇന്ത്യയിലെത്തിയ, ഒരു ഔദ്യോഗികപരിപാടിയിൽ പങ്കെടുക്കുന്ന ടോയൻബിക്ക് തന്റെ ചരിത്രത്തോടുള്ള സത്യസന്ധമായ കാഴ്ചപ്പാട് ഇതിൽക്കൂടുതൽ വ്യക്തമായി തുറന്നുപറയാൻ കഴിയുമായിരുന്നില്ല. രാമജന്മഭൂമി പ്രക്ഷോഭം അതിന്റെ വിജയത്തിലെത്തിയപ്പോഴാണ്, നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിൽനിന്ന് ഭാരതം യഥാർത്ഥത്തിൽ മോചിതമാകുന്നതെന്ന് തുറന്നുപറയാൻ എന്തിന് മടിക്കണം. ഒരു ക്ഷേത്രം മാത്രമല്ല അവിടെ പുനഃസ്ഥാപിക്കപ്പെട്ടത്, മറിച്ച് ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയതയുടെയും സ്വത്വത്തിന്റെയും സത്തയും കൂടിയായിരുന്നു.

രാഷ്ട്രത്തിന്റെ പുണ്യസ്ഥലികളിൽ അധിനിവേശത്തിന്റെ പ്രതീകങ്ങളായി ഉയർന്നുനിൽക്കുന്ന അപമാനത്തിന്റെ ഈ മന്ദിരങ്ങൾ നീക്കം ചെയ്യണമെന്ന പൗരസമൂഹത്തിന്റെ ന്യായമായ ആവശ്യം നടപ്പാക്കുന്നതിൽ അന്നത്തെ സർക്കാർ പരാജയപ്പെട്ടു. എന്നാൽ, വിശ്വഹിന്ദുപരിഷത്ത് (വി.എച്ച്.പി) പോലുള്ള സാമൂഹിക സംഘടനകൾ മുന്നോട്ടുവരികയും നീതിക്കുവേണ്ടി പോരാടുകയും ചെയ്തു. അവർ ഈ ആവശ്യങ്ങൾ മാറിമാറി വരുന്ന സർക്കാരുകളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചരിത്രപരമായ ഇത്തരം അനീതികൾ തിരുത്തുന്നതിലൂടെ മാത്രമേ ഹിന്ദു-മുസ്ലിം ഐക്യം കൈവരിക്കാൻ കഴിയൂ എന്ന സത്യം ആവർത്തിച്ച് പറഞ്ഞുകൊണ്ടുമിരുന്നു.

വി.എച്ച്.പി.യുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനു പകരം, കോൺഗ്രസ് സർക്കാരുകളും ഇടതുപക്ഷബുദ്ധിജീവികളും ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ് ചെയ്തത്. മസ്ജിദ് മാറ്റിസ്ഥാപിക്കണമെന്ന് വാദിച്ച രാമജന്മഭൂമിപ്രസ്ഥാനം കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും കടുത്ത എതിർപ്പിനെ നേരിട്ടു. വ്യാജചരിത്രനിർമ്മാതാക്കളായ ഇടതുപക്ഷചരിത്രകാരന്മാർക്ക് മാത്രം ചെവികൊടുക്കുന്ന നാം, ചരിത്രപരമായ തെറ്റുകൾ തിരുത്തേണ്ടതിന്റെ പ്രാധ്യാന്യത്തെപറ്റി സംസാരിച്ച, മഹാന്മാരെയും നിഷ്പക്ഷമതികളെയും കാണാതെ പോയി. ഈ ശ്രേണിയിൽ പെടുന്ന മറ്റൊരു മഹാനായ എഴുത്തുകാരനും ബുദ്ധിജീവിയുമായിരുന്ന നിരദ് സി. ചൗധരിയുടെ വാക്കുകളും ടോയൻബിയുടെ നിരീക്ഷണങ്ങളോട് ചേർത്തുവായിക്കേണ്ടതാണ്: 'ഒരു മസ്ജിദ് തകർത്തതിൽ പരാതിപ്പെടാൻ മുസ്ലീങ്ങൾക്ക് ഒട്ടുംതന്നെ അവകാശമില്ല. എ.ഡി. 1000 മുതൽ കത്തിയവാർ മുതൽ ബിഹാർവരെ ഹിമാലയംമുതൽ വിന്ധ്യാപർവതങ്ങൾ വരെയുമുള്ള എല്ലാ ഹിന്ദുക്ഷേത്രങ്ങളും കൊള്ളയടിച്ച് നശിപ്പിച്ചിട്ടുണ്ട്.. ആത്മാഭിമാനമുള്ള ഒരു രാഷ്ട്രവും ഇത് പൊറുക്കില്ല.'

നോബൽ സമ്മാനജേതാവായ വി.എസ്.നയ്പാളിന്റെ അഭിപ്രായവും ഈ സന്ദർഭത്തോട് ചേർത്തുവായിക്കേണ്ടതാണ്. കീഴടക്കപ്പെട്ട ഒരു ജനത പവിത്രമായി കരുതുന്ന അയോദ്ധ്യയിൽ പണിത മസ്ജിദ് അപമാനത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഡിസംബർ 6 എന്ന ചരിത്രപ്രധാനമായ ആ ദിവസത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു: 'ഇന്ത്യയിൽ സംഭവിക്കുന്നത് ഒരു പുതിയ, ചരിത്രപരമായ ഉണർവാണ്... ഇന്ന് ഇന്ത്യക്കാർ അവരുടെ ചരിത്രത്തിൽ ജീവനുള്ളവരായി മാറുന്നതായി എനിക്ക് തോന്നുന്നു... ഇന്ത്യയിൽ നടക്കുന്നത് അതിശക്തമായ ഒരു സർഗാത്മക പ്രക്രിയയാണ്.'

ടോയൻബിയുടെ അതേ ചരിത്രവീക്ഷണം പങ്കുവെച്ചുകൊണ്ട് വി.എസ്. നയ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞു, ''അവിടെ (അയോദ്ധ്യ) ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് പറയുന്ന ആളുകൾ വിട്ടുകളയുന്ന ഒരു കാര്യമുണ്ട്. കീഴടക്കിയ രാജ്യത്തോട് അവർക്ക് അവജ്ഞയുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം. ആ മസ്ജിദ് പണിതത് രാജ്യത്തോടുള്ള അവഹേളനത്തിന്റെ ഭാഗമായാണ്.' ഈ വിഷയത്തിൽ തന്റെ അഭിപ്രായം ധൈര്യപൂർവം തുറന്നുപറയുന്നതോടൊപ്പം, ഇന്ത്യയിലെ കപടബുദ്ധിജീവികളെ അദ്ദേഹം പരിഹസിക്കുന്നുമുണ്ട്. 'തങ്ങളുടെ ലിബറൽവിശ്വാസങ്ങളിൽ സുരക്ഷിതരായി ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ബുദ്ധിജീവികൾക്ക് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടാകില്ല,' എന്നാണ് അയോദ്ധ്യ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം അന്ന് പറഞ്ഞത്.

അയോദ്ധ്യയിലെ ശ്രീരാമനും മഥുരയിലെ ശ്രീകൃഷ്ണനും കാശിയിലെ ശ്രീവിശ്വനാഥനുമൊക്കെ ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ വിഭജനങ്ങളെ മറികടന്ന് ഭാരതവർഷത്തിലുടനീളമുള്ള ഓരോ ഭാരതീയന്റെയും ജനിതകത്തിൽ ആഴത്തിൽ പതിഞ്ഞുപോയ ആത്മീയചിഹ്നങ്ങളാണ്. എണ്ണമറ്റ പുരാവസ്തു കണ്ടെത്തലുകൾ, ഇതിഹാസങ്ങൾ, ഭൂമിശാസ്ത്രപരമായ അടയാളങ്ങൾ, പ്രാദേശികസമൂഹങ്ങളുടെ വാമൊഴിപാരമ്പര്യങ്ങൾ എന്നിവയാൽ അരക്കിട്ടുറപ്പിച്ച സനാതനത്വത്തിന്റെ കാലാതീതമായ സാക്ഷ്യമായി അവ നിലകൊള്ളുന്നു. അതിന്റെ ആത്മീയവും ദേശീയവും സാമൂഹികവുമായ സത്ത ഭാരതത്തിന്റെ ജൈവഘടനയിൽ സങ്കീർണ്ണമായി ഇഴചേർന്നതാണ്. ഈ പുരാതനരാഷ്ട്രത്തിന്റെ സ്വത്വത്തിൽനിന്ന് അവയെ വേർപിരിക്കാൻ ഒരു ബാഹ്യശക്തിക്കും കഴിയില്ലെന്നത് സഹസ്രാബ്ദങ്ങളിലൂടെ തെളിയിക്കപ്പെട്ട സനാതനസത്യമാണ്. ഈ ശാശ്വതസത്യത്തെ നിഷേധിക്കുന്നത് ഭാരതം എന്ന ആശയത്തെതന്നെ നിഷേധിക്കലാണെന്ന്, കൊളോണിയലിസത്തിന്റെ വിഴുപ്പുഭാണ്ഡം ഇന്നും തോളിൽപേറി നടക്കുന്ന രാഷ്ട്രീയ-മാധ്യമ നേതാക്കൾ ഇനി എന്ന് തിരിച്ചറിയാനാണ്?