Logo

VHP PUBLICATIONS

Hindu Vishwa


expand_more

എഡിറ്റോറിയൽ - ചരിത്രം രചിച്ച 60 വർഷങ്ങൾ

By എഡിറ്റർ

1964 ആഗസ്ത് മാസത്തിൽ, ജന്മാഷ്ടമിദിവസമാണ് വിശ്വഹിന്ദുപരിഷത്ത് രൂപീകൃതമാകുന്നത്. പേര് പോലെ ലോകമെങ്ങുമുള്ള ഹിന്ദുവിന്റെ വിശ്വാസത്തിന്റെയും പൈതൃകസംസ്‌കാരത്തിന്റെയും ജീവത്ശബ്ദമായി അത് നിലകൊള്ളുന്നു. ആത്മീയൗന്നത്യം കൊണ്ട് ശ്രദ്ധേയനായ സ്വാമി ചിന്മയാനന്ദജിയെപ്പോലുള്ളവരുടെ സങ്കല്പശക്തിയും പൂജനീയ ഗുരുജിയെപ്പോലുള്ളവരുടെ പ്രജ്ഞാകാന്തിയും ആപ്‌തേജിയെപ്പോലുള്ളവരുടെ കർമ്മൗത്സുക്യവും, ഇങ്ങനെ നിരവധി മേഖലകളിലെ അനേകം വ്യക്തിത്വങ്ങളുടെ പങ്കാളിത്തവും നേതൃത്വവും മാർഗ്ഗദർശിത്വവും ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു. അവരുടെ ദൃഢസങ്കല്പത്തിന്റെ ശാക്തികതേജസ്സും തപോനൈർമ്മല്യവും എന്നും ഈ പ്രസ്ഥാനത്തിന്റെ ഗതി നിശ്ചയിച്ചിരുന്നുവെന്ന് കഴിഞ്ഞ 60 വർഷക്കാലത്തെ ചരിത്രം തെളിയിക്കുന്നു.

രാഷ്ട്രീയ പ്രാതികൂല്യങ്ങളിലും, അതെല്ലാം നേരിട്ടുകൊണ്ട് ഹിന്ദുമതത്തെപ്പോലുള്ള ഒരു ബഹുസ്വര വിശാല സാംസ്‌കാരിക ധാരയെ ഏകീകഭവിപ്പിക്കുകയെന്നത് ചെറിയ വെല്ലുവിളിയായിരുന്നില്ല. എണ്ണമറ്റ വിശ്വാസപ്രമാണങ്ങളും അസംഖ്യം ജീവിതശൈലികളും ആചാര അനുഷ്ഠാന ഭേദങ്ങളും വൈവിധ്യങ്ങളും കൊണ്ട് ബഹുലമാണ് ഏതുകാലവും ഹിന്ദുമതം. ഏകശിലാത്മകമല്ല അതിന്റെ ഘടന. സെമിറ്റിക് മതധാരകളെപ്പോലെ അതൊരു വ്യക്തിക്കോ ഗ്രന്ഥത്തിനോ ചുറ്റും കറങ്ങിത്തിരിയുന്നതുമല്ല. അതുതന്നെയാണിതിന്റെ ശക്തിസൗന്ദര്യവും. സത്യാന്വേഷികളായ ഋഷീശ്വരന്മാരും അനാത്മവാദികളായ ലോകയാതന്മാരും ഈ സംസ്‌കൃതിയുടെ വിഭിന്നങ്ങളായ വഴിത്താരകൾ. ഈ വിശ്വാസധാരകളെയെല്ലാം ഉൾക്കൊള്ളുവാനും ഒരൊറ്റ വേദിയിലേക്ക് കൊണ്ടുവരാനും കഴിയുമെന്ന് വിശ്വഹിന്ദുപരിഷത്ത് ചുരുങ്ങിയ കാലംകൊണ്ട് തെളിയിച്ചു. ഹിന്ദുവിന്റെ സ്വാഭാവിക അലസപ്രകൃതമായ അസംഘിടാതവസ്ഥ പലതരം ചൂഷണങ്ങൾക്കും വിവേചനത്തിനും ഇടയാക്കിയിരുന്നു. ബ്രിട്ടീഷുകാരും അതിനുമുമ്പേ ഇസ്ലാമിക അധിനിവേശ ആക്രമണശക്തികളും ഹിന്ദുവിനെ പലതരത്തിലും തോൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഹിന്ദുവിന്റെ ആത്മീയമൂലധനത്തെ നേരിടുവാൻ കൈക്കരുത്തുകൊണ്ട് സാധ്യമല്ലെന്ന് അവർ തിരിച്ചറിഞ്ഞു. പിൽക്കാലത്ത് നെഹുറൂവിയൻ കോൺഗ്രസ്സുകാരും ഇടതു രാഷ്ട്രീയപാർട്ടികളും ഹിന്ദുവിന്റെ ഈ വേരുകൾ ഇല്ലായ്മചെയ്യുവാൻ മത്സരിക്കുകയുണ്ടായി. ആത്മീയമായും രാഷ്ട്രീയമായും നിസ്വരായ ഹിന്ദുക്കളെ അവന്റെ പൈതൃകത്തിൽനിന്നും വിഘടിപ്പിച്ചെടുക്കാൻ എളുപ്പമെന്നു കരുതി രാഷ്ട്രവിരുദ്ധശക്തികളും തത്പരകക്ഷികളും മുന്നിട്ടിറങ്ങി. ഈ സാഹചര്യത്തിൽ വിശ്വഹിന്ദുപരിഷത്തിനെപ്പോലൊരു പ്രസ്ഥാനത്തിന് വലിയ ദൗത്യമാണ് നിർവഹിക്കാനുണ്ടായിരുന്നത്.

അയോദ്ധ്യ, കാശി, മഥുര തുടങ്ങിയ ഹിന്ദുവിന്റെ അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളെ അധിനിവേശശക്തികളുടെ ആക്രമണസ്മാരകമെന്ന നിലയിൽനിന്നും വിമോചിപ്പിച്ചെടുക്കുകയെന്നത് ബൃഹത് യജ്ഞം തന്നെയായിരുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തിൽ രാജ്യമെങ്ങുമുള്ള സന്യാസിമാരും ആത്മാഭിമാനികളായ ഹൈന്ദവജനതയും അണിനിരന്നു. നിരവധിപേർ ബലിദാനികളായി. മാനനീയ അശോക്‌സിംഘാൾ, മാനനീയ വിഷ്ണു ഹരി ഡാൽമിയ, ആചാര്യ ഗിരിരാജ് കിഷോർ തുടങ്ങിയ നേതൃനിര അണികൾക്ക് ആവേശവും ഊർജ്ജവും പകർന്നു. ഒടുവിൽ രാമക്ഷേത്രം അഭിമാനസ്തംഭമായി ഉയർത്തെഴുന്നേറ്റു. ഇനി കാശിയും മഥുരയും ബാക്കി.

ഇതിനുപുറമെ, ഒളിഞ്ഞും തെളിഞ്ഞും ഹിന്ദുസമാജം നേരിട്ടുകൊണ്ടിരുന്ന ഒരുപാട് വെല്ലുവിളികൾക്കൂടി പ്രസ്ഥാനത്തിന് നേരിടേണ്ടിയിരുന്നു. ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും ആഗോള അജണ്ടയുടെ ഭാഗമായ മതപരിവർത്തനശ്രമങ്ങൾക്ക് പ്രതിരോധം തീർക്കുവാൻ സംഘടന ശക്തമായ സംവിധാനങ്ങളാണ് ഒരുക്കിയത്. വന-ഗിരി- പിന്നാക്ക മേഖലകളിലെ സേവാപ്രവർത്തനങ്ങൾക്ക് ഗതിവേഗം കൂട്ടി. വിദേശ ഫണ്ടിന്റെ ബലത്തിൽ പ്രവർത്തിക്കുന്ന മതപരിവർത്തനലോബികളെ നിയമപരമായും നേരിട്ടു. അതോടൊപ്പം വിവിധ കാലങ്ങളിലെ സർക്കാരുകളുടെ ഹിന്ദുവിരുദ്ധനിലപാടുകളെ ധീരമായി ചോദ്യം ചെയ്യേണ്ടതായും വന്നു. ഹിന്ദുക്കളോടുള്ള അവഗണനയ്ക്കുനേരെ രാഷ്ട്രീയമായ കരുത്ത് കാണിച്ചു. അമർനാഥ് തീർത്ഥാടനം പുനരാരംഭിച്ചു. മീനാക്ഷീപുരത്തെ സംഘടിതമതംമാറ്റത്തെ ചെറുത്തുതോൽപ്പിച്ചു. രാമസേതു തകർക്കാനുള്ള നീക്കങ്ങളെ ശക്തമായ പ്രതിഷേധത്തിലൂടെ പരാജയപ്പെടുത്തി. കാഞ്ചി കാമകോടിപീഠം മഠാധിപതിയെ കള്ളക്കേസിൽ ജയിലലിടയ്ക്കാനുള്ള നീക്കത്തിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിയിപ്പിച്ചു. കേരളത്തിൽ സന്യാസിശ്രേഷ്ഠന്മാർക്കെതിരെ ഇടതുപക്ഷം വിവിധ കാലങ്ങളിലായി നടത്തിയ ആസൂത്രിത നീക്കങ്ങൾക്കെതിരെ ചെറുത്തുനിൽപ്പുനടത്തി. ഇതിന്റെയെല്ലാം ഭാഗമായി വിശാലഹിന്ദുസമ്മേളനങ്ങൾ സംഘടിപ്പിച്ചു. ധാർമ്മികാചാര്യന്മാരും സന്യാസിമാരും പ്രസ്ഥാനത്തിനു കീഴിൽ അണിനിരന്നു. ഇതിനെല്ലാം പുറമെ ജാതീയവിവേചനത്തിനും അന്ധവിശ്വാസങ്ങൾക്കും നേരെ ബോധവത്ക്കരണം നടത്തി. എല്ലാവിഭാഗം ജനങ്ങളെയും പൂജ ചെയ്യാനും ക്ഷേത്രപുരോഹിതന്മാരാക്കുന്നതിനും വേണ്ട സംവിധാനങ്ങളൊരുക്കി ജാതീയമായ അനൈക്യം ഇല്ലായ്മചെയ്യുവാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി.

ഇനിയും സാക്ഷാത്ക്കരിക്കപ്പെടാനുള്ള നിരവധി ലക്ഷ്യങ്ങളുണ്ട്. പ്രാദേശികതലം മുതൽ ദേശീയതലം വരെയുള്ള നിരവധി വിഷയങ്ങളെ സംബോധന ചെയ്യുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഭാരതീയ ഹിന്ദുദർശനങ്ങൾക്കും സംസ്‌കൃതിക്കും പ്രചാരം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിശ്വഹിന്ദുപരിഷത്തിന്റെ പ്രസക്തി കൂടുതൽ വിപുലമായിക്കൊണ്ടിരിക്കുകയാണ്. ഈ അറുപതാം വർഷത്തിൽ കൂടുതൽ മേഖലയിലേക്ക് അതിന്റെ ദൗത്യം എത്തിക്കുകയെന്ന ലക്ഷ്യത്തിലേക്ക് കടക്കുകയാണ്.