Logo

VHP PUBLICATIONS

Hindu Vishwa


expand_more

വികാസയാത്രയുടെ 60 വർഷങ്ങൾ - ചരിത്രം

By പി.എസ്. കാശിവിശ്വനാഥൻ
വികാസയാത്രയുടെ  60 വർഷങ്ങൾ - ചരിത്രം

അടിമത്തം എക്കാലവും ദുസ്സഹവും വേദനാകരവുമാണ്. പക്ഷിമൃഗാദികൾക്കാണെങ്കിലും മനുഷ്യർക്കാണെങ്കിലും കുടുംബത്തിനായാലും സമൂഹത്തിനായാലും രാഷ്ട്രത്തിനാണെങ്കിലും അത് ഒരുപോലെ ബാധകമാണ്. വ്യക്തിയോ കുടുംബമോ സമൂഹമോ രാഷ്ട്രമോ, അവ എത്ര പൂർവ്വകാലവൈഭവശാലികളായിരുന്നാലും അന്യാധീനപ്പെട്ടുകഴിഞ്ഞാൽ അവരുടെ സ്വാഭിമാനവും ആത്മവീര്യവും പ്രശസ്തിയുമെല്ലാം വിസ്മരിക്കാനിടവരുന്നു. ഒരായിരം വർഷത്തെ വൈദേശികാധിപത്യത്തിൽ കഴിഞ്ഞ ഹിന്ദുസമാജം അന്ധകാരത്തിലും വിസ്മൃതിയിലും ഉഴലുകയായിരുന്നു. തത്ഫലമായി ചിരപുരാതനമായ സാംസ്‌കാരികപൈതൃകം നഷ്ടപ്പെടുകയും ഭാരതത്തിന്റെ മുഖച്ഛായയ്ക്കുതന്നെ മങ്ങലേൽക്കുകയും ചെയ്തു. അതോടുകൂടി മഹാപുരുഷന്മാരായ ശ്രീരാമൻ, ശ്രീകൃഷ്ണൻ, ഗൗതമൻ, മഹാവീരൻ, ആദിശങ്കരൻ, ചാണക്യൻ, പതഞ്ജലി തുടങ്ങിയ പുണ്യാത്മാക്കൾ പ്രതിനിധാനം ചെയ്യുന്ന ഉത്കൃഷ്ടമായ ഒരു സാംസ്‌കാരികപൈതൃകത്തിന്റെ ഉടമകളാണെന്നുള്ള സത്യംപോലും അവർ മറന്നുകഴിഞ്ഞിരുന്നു. വേദശാസ്ത്രപുരാണങ്ങളും, രാമായണവും മഹാഭാരതവും ഗീതയുമെല്ലാം അവർക്ക് അന്യംവന്നു. ലോകപ്രസിദ്ധിയാർജ്ജിച്ച ഹിമാലയവും ഗംഗയും ലക്ഷോപലക്ഷം പുണ്യതീർത്ഥങ്ങളും മഹാക്ഷേത്രങ്ങളും അവരുടെ സ്മൃതിപഥത്തിൽനിന്നും മറഞ്ഞു.

യഥാർത്ഥത്തിൽ ഏത് ദുഷ്ടശക്തിക്കും മുന്നിൽ തലകുനിക്കാതെ അജയ്യമായ ശക്തിയോടുകൂടി ലോകത്തിനു മുഴുവൻ ശാന്തിയും സമാധാനവും നേർന്നുകൊണ്ട് ‘സർവ്വേ ഭവന്തു സുഖിനഃ’, ‘വസുധൈവ കുടുംബകം’ എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ആദ്ധ്യാത്മികമായ അന്തഃസത്തയെ ഉയർത്തിപ്പിടിച്ചവരായിരുന്നു ഹിന്ദുക്കൾ. പക്ഷേ അവർ കാലത്തിന്റെ ഗതിവിഗതികളെ അറിഞ്ഞില്ല. തത്ഫലമായി ജാതിചിന്തയും അസ്പൃശ്യതയും ഉച്ചനീചത്വവും സമൂഹത്തെ ബാധിച്ചു. ഒറ്റക്കെട്ടായിനിന്നവർ പരസ്പരം കലഹിച്ചുതുടങ്ങി.

ഈ ദുരവസ്ഥയെക്കുറിച്ച് ഭാരതത്തിലെ ഒട്ടനവധി ധർമ്മഗുരുക്കന്മാരും സന്യാസിശ്രേഷ്ഠന്മാരും തത്വജ്ഞാനികളും ചിന്തകരും സാമൂഹ്യനേതാക്കളും കാര്യമായി ചിന്തിച്ചുതുടങ്ങി. നഷ്ടപ്രായമായ സമൂഹത്തിന്റെ ചൈതന്യവും കെട്ടുറപ്പും സ്വാഭിമാനവും വീണ്ടെടുക്കുന്ന കാര്യത്തെപ്പറ്റി അവർ പല വേദികളിലും തലങ്ങളിലും ചർച്ചചെയ്തു. അങ്ങനെ പുണ്യപുരുഷന്മാരുടെയും മഹദ്ക്തികളുടെയും ചിന്തകളിൽനിന്നും അഭിപ്രായങ്ങളിൽനിന്നും സ്ഫുടം ചെയ്ത് ഉയർന്നുവന്ന ഒരാശയമാണ് വിശ്വഹിന്ദുപരിഷത്ത് എന്നു പറയാം.

ഹിന്ദുസമൂഹത്തിലെ ഹരിജന-ഗിരിജന വനവാസി വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെയിടയിൽ നടന്നുവന്നിരുന്ന മതപരിവർത്തനത്തിനെപ്പറ്റി അന്വേഷിക്കാനായിരുന്നു നിയോഗി കമ്മീഷനെ മദ്ധ്യപ്രദേശ് ഗവൺമെന്റ് നിയോഗിച്ചത്. ക്രിസ്ത്യൻ പാതിരിമാർക്ക് റോമിൽനിന്നും മറ്റു പാശ്ചാത്യനാടുകളിൽനിന്നും ലഭിച്ചിരുന്ന കോടിക്കണക്കിന് ഡോളറിന്റെ ശക്തികൊണ്ട് പതിവായി ഇവിടെയുള്ള പതിനായിരങ്ങളെ മതംമാറ്റിയിരുന്നു. അജ്ഞതയിലും പരാധീനതയിലും കഴിഞ്ഞിരുന്ന ജനങ്ങളെ വഞ്ചിച്ച്, തെറ്റിദ്ധരിപ്പിച്ച് ക്രിസ്ത്യാനികളാക്കുകയായിരുന്നു എന്ന റിപ്പോർട്ടാണ് നിയോഗി കമ്മിഷൻ പുറത്തിറക്കിയത്. ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനുശേഷമാണ് ക്രിസ്ത്യൻ പാതിരിമാരുടെ വഞ്ചനാകരമായ രാഷ്ട്രദ്രോഹത്തെപ്പറ്റി ജനങ്ങൾ അറിയുന്നത്. ഇത്തരം മതപരിവർത്തനത്തിനുവേണ്ടി വിദ്യാലയങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, ഹോസ്റ്റലുകൾ എന്നിവ സ്ഥാപിച്ച് ഇവർ മതപരിവർത്തനം നടത്തിയിരുന്നുവെന്ന് പ്രസ്തുത റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഈ കാലഘട്ടത്തിൽ ഭാരതീയ ആദർശങ്ങളിൽ അധിഷ്ഠിതമായ ‘ഹിന്ദുസ്ഥാൻ സമാചാർ’ എന്നൊരു വാർത്താ ഏജൻസി ഉണ്ടായിരുന്നു. അതിന്റെ സ്ഥാപകനായ ദാദാ സാഹേബ് ആപ്തേജി സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ വെല്ലുവിളികളെപ്പറ്റി ആശങ്കാഭരിതനായിരുന്നു. ഹിന്ദുക്കളെ മുഖ്യധാരയിൽനിന്നും അകറ്റിക്കൊണ്ടിരുന്ന ആപൽക്കരമായ ഈ പ്രവർത്തനം ഭാരതത്തിലെ മാത്രമല്ല, അന്യരാജ്യങ്ങളിലെ ഹിന്ദുക്കളെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ഹിന്ദുസമാജത്തിൽനിന്നു മാത്രമല്ല ഹിന്ദുജീവിതരീതിയിൽനിന്നും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ഈ പ്രവണത രാഷ്ട്രസങ്കല്പത്തിന്റെതന്നെ അടിവേര് അറുക്കുമെന്ന് അദ്ദേഹത്തിനു ബോധ്യമായി. ഈ പ്രതിഭാസത്തെപ്പറ്റി സൂക്ഷ്മപഠനം നടത്തുവാനായി ‘ഹിന്ദുസ്ഥാൻ സമാചാർ’ എന്ന വാർത്താ ഏജൻസിയുടെ പ്രതിനിധിയായി ആപ്തേജി പല വിദേശരാഷ്ട്രങ്ങളും സന്ദർശിച്ചു. ഹൃദയഭേദകമായ പല സംഭവങ്ങളും അദ്ദേഹത്തിന് നേരിൽ കാണുവാൻ സാധിച്ചു. അതിന്റെയെല്ലാം വെളിച്ചത്തിലാണ് ഒരു അന്തർദ്ദേശീയ ഹിന്ദുപ്രസ്ഥാനത്തെപ്പറ്റി അദ്ദേഹം വിഭാവനം ചെയ്തു തുടങ്ങിയത്.

മതപരിവർത്തനത്തെപ്പറ്റിയുള്ള നിയോഗികമ്മീഷന്റെ പൂർണ്ണറിപ്പോർട്ട് അപ്പോഴേക്കും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതിൽ പറയുന്ന രാഷ്ട്രദ്രോഹപരമായ പ്രവർത്തനത്തിന്റെ പ്രത്യക്ഷരൂപം പൊതുജനമദ്ധ്യത്തിലെത്തിക്കണമെന്നുള്ള ലക്ഷ്യം ആപ്തേജിയിൽ ഉണർന്നു. ലോകമാന്യ ബാലഗംഗാധര തിലകൻ പൂനെയിൽ ആരംഭിച്ച ‘കേസരി’ എന്ന ദിനപത്രം അക്കാലത്ത് ഉത്തരേന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. മറാഠിയിലുള്ള ആ ദിനപത്രത്തിൽ നാടിനെ ഞെട്ടിക്കുന്ന ഈ സംഭവങ്ങളെപ്പറ്റി തുടർച്ചയായി എഴുതുവാൻ ആപ്തേജി തീരുമാനിച്ചു. അസന്ദിഗ്ധമായ ഭാഷയിൽ അദ്ദേഹം എഴുതി, ‘‘രാഷ്ട്രപുരുഷന്മാരായ ശ്രീരാമനും ശ്രീകൃഷ്ണനും ഭാരതീയ തത്വശാസ്ത്രങ്ങളുടെ ഉപജ്ഞാതാക്കളായ മനുവും യാജ്ഞവൽക്യനുമെല്ലാം ഹിന്ദുമനസ്സിൽനിന്ന് മറഞ്ഞുമറഞ്ഞു കഴിഞ്ഞു. ഉദാത്തമായ അത്തരം ചിന്തകളൊന്നും ഇന്ന് ഹിന്ദുജനജീവിതത്തിലില്ല. പുത്തൻ സ്വാതന്ത്ര്യത്തിന്റെ പകിട്ടിൽ സമൂഹം ഒന്നടങ്കം വഴിമാറി പോയ്ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഹിന്ദുവിനെയും സമാജത്തെയും ഈ വിപത്തിൽനിന്നും രക്ഷിക്കണം. ഹിന്ദുവിന്റെ നിലനില്പിനെയും ധാർമ്മിക അടിത്തറയെയും തകർക്കുന്ന ഈ വൈദേശിക കടന്നാക്രമണത്തെ നമ്മൾ എങ്ങനെ നേരിടണം. വളരെ വിവേകപൂർവ്വം ഈ പ്രശ്നത്തെ താമസിയാതെ കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനും സമൂഹത്തിനും എന്തു ദുരവസ്ഥയാണ് വരാനിരിക്കുന്നതെന്ന് ഊഹിക്കാൻപോലും സാധ്യമല്ല. ചിരപുരാതനമായ ഹിന്ദുസമൂഹം കാലാനുസൃതമായി എല്ലാ മാറ്റങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ഇന്ന് രാഷ്ട്രം സ്വതന്ത്രമാണ്. നമുക്ക് പലകാര്യങ്ങളും ചെയ്തുതീർക്കുവാനുണ്ട്. പക്ഷേ ഉടൻതന്നെ ശ്രദ്ധിക്കേണ്ട സംഗതി നമ്മുടെ സമാജത്തെ എങ്ങനെ നിലനിർത്താം, എങ്ങനെ ശക്തിപ്പെടുത്താം എന്നതാണ്. അതിനെത്ര സമയം വേണ്ടിവരും. എന്തുചെയ്യണമെന്നറിയാതെ ചിന്തകരും സാമൂഹ്യനേതാക്കളും ധർമ്മാചാര്യന്മാരും പരിഭ്രാന്തരായിരിക്കുകയാണ്. ഭരണഘടനയനുസരിച്ച് ജാതിയും ഉച്ചനീചത്വവും എല്ലാം നിയമവിരുദ്ധമാക്കിയിട്ടുണ്ട്. സ്ത്രീസ്വാതന്ത്ര്യം പൂർണ്ണമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സമൂഹമനസ്സ് വഴിപിഴച്ച ഭൗതികമാനസികാവസ്ഥയിൽ ക്കൂടിയാണ് നീങ്ങിയിരുന്നത്. ഈ ദുഷിച്ച സ്വാധീനവലയത്തിൽനിന്നും നമ്മുടെ സമൂഹത്തെ എങ്ങനെ രക്ഷപ്പെടുത്തി അതിന്റെ പൂർവ്വകാല വൈഭവത്തിലേക്ക് നയിക്കാം എന്നതായിരുന്നു പരമപ്രധാനമായ പ്രശ്നം. ഈ മഹത്തായ കാര്യം ഒരു വ്യക്തിക്കോ സംഘടനയ്ക്കോ ചെയ്തുതീർക്കാവുന്ന ഒന്നല്ല. സമൂഹത്തിലെ ചിന്തകന്മാരും, പ്രമുഖ വ്യക്തികളും, ധർമ്മാചാര്യന്മാരും, പ്രസ്ഥാനങ്ങളും കൂടിയിരുന്ന് ചർച്ചചെയ്ത് പരിഹാരം കണ്ടെത്തേണ്ടതാണ്.’’

1960-കളിലാണ് ആപ്തേജിയുടെ ലേഖനങ്ങൾ കേസരിയിൽ വരുന്നത്. അന്ന് സർസംഘചാലകായിരുന്ന പരമപൂജനീയ ഗുരുജി ആപ്തേജിയുടെ ഈ ചേതോവികാരങ്ങളെ ആസ്പദമാക്കി തമിഴ്നാട്ടിലെ ചില പ്രമുഖ വ്യക്തികൾക്ക് എഴുതിയതായി അറിയുന്നു. വിദേശത്തുള്ള ഹിന്ദുക്കളുടെ ദുരവസ്ഥയെക്കുറിച്ച് അദ്ദേഹം വ്യാകുലനായിരുന്നു. അവർ രണ്ടുപേരും ഈ ദൂരവ്യാപകമായ പ്രശ്നത്തെക്കുറിച്ച് ആലോചിച്ചു. അന്തർദേശീയതലത്തിൽ വിശാലമായ ഒരു സമ്മേളനം വിളിച്ചുകൂട്ടുകയാണ് ഇതിനുള്ള പോംവഴി എന്നവർ തീരുമാനിച്ചു. ഏകദേശം ഇതേ സമയത്തുതന്നെ ഹിന്ദുമഹാസഭയിൽ ഇതുപോലൊരു സമ്മേളനത്തെപ്പറ്റി ചിന്തിച്ചിരുന്നു. ഹിന്ദുമഹാസഭയുടെ അന്നത്തെ ജനറൽ സെക്രട്ടറിയായ വി.ജി. ദേശ്പാണ്ഡെ പ്രസ്തുത സ്ഥിതിഗതികളെ ആസ്പദമാക്കി കുറേ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നുതന്നെയല്ല, അദ്ദേഹം ഗുരുജിയുമായി ഇക്കാര്യം ചർച്ചചെയ്യുകയുമുണ്ടായി. ഗുരുജി ദേശ്പാണ്ഡെയുടെ അഭിപ്രായങ്ങളുമായി പൂർണ്ണമായി യോജിച്ചു. പക്ഷേ, ഹിന്ദുക്കളെ അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്വം ഒരു രാഷ്ട്രീയ സംഘടനയുടെ ആഭിമുഖ്യത്തിലാവരുത് എന്ന് ഗുരുജി പറഞ്ഞു. അങ്ങനെവന്നാൽ അതിന്റെ ഉദ്ദേശ്യലക്ഷ്യം പരിമിതപ്പെടും എന്ന് അദ്ദേഹത്തിന് തോന്നി.

നൂറ്റമ്പതിൽപരം വർഷം മുമ്പ് ഭാരതത്തിൽനിന്നും ട്രിനിഡാഡി ലേക്ക് നിരവധി ഹിന്ദുക്കൾ കുടിയേറിപ്പാർത്തിരുന്നു. പക്ഷേ, വൈദേശികമായ സ്വാധീനത്തിൽപ്പെട്ട് അവർ ക്രമേണ സ്വന്തം ജന്മഭൂമിയെയും സംസ്‌കാരത്തെയും വിസ്മരിച്ചുപോയിരുന്നു. ഉത്കണ്ഠാകുലരായ അവിടുത്തെ മുതിർന്ന ചില നേതാക്കന്മാർ അവരുടെ യുവതലമുറയെയെങ്കിലും പാശ്ചാത്യസംസ്‌കാരത്തിന്റെ നീർച്ചുഴിയിൽനിന്നും രക്ഷിക്കണമെന്ന് ആഗ്രഹിച്ചു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച സന്ദർഭത്തിൽ അവർ സ്വന്തം മാതൃഭൂമിയെ സമീപിക്കാം എന്നു തീരുമാനിച്ചു. ട്രിനിഡാഡ് പാർലമെന്റിലെ പ്രമുഖ അംഗമായ ഡോ. ശംഭുനാഥ് കപിൽദേവിനെ പ്രതിനിധിയായി ഭാരതത്തിലേക്കയച്ചു. നാട്ടിൽനിന്നും കുറേ പണ്ഡിതന്മാരെ കൂട്ടിക്കൊണ്ടുപോയി അവിടുത്തെ ഹിന്ദുക്കൾക്ക് നഷ്ടപ്രായമായ സംസ്‌കാരത്തെയും ജീവിതരീതിയെയും പറ്റി ബോധവൽക്കരണം നടത്തുവാനായിരുന്നു ഉദ്ദേശ്യം. അതനുസരിച്ച് ഡോ. കപിൽദേവ് ഭാരതത്തിലെത്തി അന്നത്തെ ഭരണാധികാരികളെ സമീപിച്ച് സന്ദർശനോദ്ദേശ്യം ഉണർത്തി.

എന്നാൽ, അദ്ദേഹത്തിന് നിരാശനാകേണ്ടിവന്നു. ‘‘ഇത്തരം വൃത്തികെട്ട വർഗ്ഗീയചിന്താഗതികൾക്കെതിരായാണ് ഭാരതഗവൺമെന്റ് നിലകൊള്ളുന്നത്’’ എന്നായിരുന്നു അന്നത്തെ ഭരണാധികാരികളുടെ മറുപടി. അദ്ദേഹം വളരെ ദുഃഖിതനും നിരാശനുമായി ചോദിച്ചു: ‘‘കരീബിയൻ ദ്വീപിലെ ഹിന്ദുസമൂഹത്തെ അവരുടെ സാംസ്‌കാരികച്യുതിയിൽനിന്നും രക്ഷപ്പെടുത്തി മുഖ്യധാരയിലേക്ക് തിരികെക്കൊണ്ടുവരുന്നതാണോ വർഗ്ഗീയം?’’ ഒരു ഫലവുമുണ്ടായില്ല. നിരാശാഭരിതനായ അദ്ദേഹം ഭാരതത്തിലെ മറ്റുചില ഉന്നതവ്യക്തികളെയും സമീപിച്ചു. അവരുടെ ഉപദേശപ്രകാരം ഗുരുജിയെ ചെന്നുകണ്ട് എല്ലാ പ്രശ്നങ്ങളും പറഞ്ഞു. ഗുരുജി ക്ഷമാപൂർവ്വം എല്ലാ കാര്യങ്ങളും കേട്ടു. പ്രശ്നം വളരെ ഗുരുതരമാണെന്ന് ഗുരുജി നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിലും ഡോ. കപിൽദേവിനെ കണ്ടശേഷം വിദേശത്തുള്ള ഹിന്ദുക്കളുമായി ബന്ധം ഉടനെ സ്ഥാപിക്കണമെന്ന് ബോധ്യമായി.

ഈ കാലഘട്ടത്തിൽ പൂജ്യസ്വാമി ചിന്മയാനന്ദജി ലോകത്തിലങ്ങോളമിങ്ങോളം യാത്രചെയ്ത് ഹിന്ദുസംസ്‌കാരത്തിന്റെ പ്രചാരകനായിക്കഴിഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ സ്വാമിജിയുടെ ഉജ്ജ്വല പ്രഭാഷണം കേട്ട് ഉദ്ബുദ്ധരായിത്തുടങ്ങി. ലോകവ്യാപകമായ ഈ യാത്രയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ സ്വാമിജിയും ഒരന്തർദ്ദേശീയ ഹിന്ദുപ്രസ്ഥാനത്തിന്റെ ആവശ്യകതയെപ്പറ്റി ചിന്തിച്ചിരുന്നു.

1963 നവംബറിൽ സ്വാമിജിയുടെ ആശ്രമത്തിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘തപോവൻപ്രസാദ്’ മാസികയിൽ സ്വാമിജി എഴുതി: ‘‘ലോകവ്യാപകമായി ഹിന്ദുജനതയെ ഒന്നിച്ച് ഒരു യോഗത്തിൽ കൊണ്ടുവരണമെന്ന ആശയം എന്റെ മനസ്സിൽ ഉദിച്ചുവരുന്നു. അതുകൊണ്ട് എല്ലാ രാഷ്ട്രങ്ങളിലും അധിവസിക്കുന്ന ഹിന്ദുക്കളുടെ പ്രതിനിധികളെ പ്രസ്തുത യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശം അയയ്ക്കണം. അത്തരത്തിൽ വിളിച്ചുകൂട്ടുന്ന ഒരു മഹാസമ്മേളനത്തിൽ വിദേശത്തുള്ള ഹിന്ദുക്കളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ചർച്ചചെയ്യപ്പെടണം. ഹിന്ദുധർമ്മത്തിലധിഷ്ഠിതമായ ഒരു സമൂഹം എങ്ങനെ കെട്ടിപ്പടുക്കണമെന്നും ചർച്ചചെയ്യണം.’’ പ്രസ്തുത സമ്മേളനം ഡൽഹിയിലോ കൽക്കത്തയിലോ വിളിച്ചുകൂട്ടുന്നതാണ് നല്ലതെന്ന് സ്വാമിജി അഭിപ്രായപ്പെട്ടു. അതിന് കുറച്ചുമുമ്പ് ഡൽഹിയിൽനിന്നും പ്രസിദ്ധീകരിക്കുന്ന ‘ഓർഗനൈസർ’ എന്ന ഇംഗ്ലീഷ് വാരികയിൽ സ്വാമിജി എഴുതി: ‘‘ഒരു നവഭാരതം ഉയർന്നുവരുന്നത് ആർ.എസ്.എസിന്റെ ശാഖകളിൽനിന്നു മാത്രമായിരിക്കും’’.

ഈ രീതിയിൽ നാടിന്റെ പലഭാഗത്തുനിന്നും ഉയർന്നുവരുന്ന ആശയങ്ങളുടെയും ചർച്ചകളുടെയും വെളിച്ചത്തിൽ ഗുരുജി തുടർന്നുള്ള പ്രവർത്തനത്തിനായി എന്തുവേണമെന്ന് ചിന്തിച്ചു. ഭാരതത്തിലുള്ള നിരവധി മതനേതാക്കളെയും ചിന്തകരെയും സന്യാസിശ്രേഷ്ഠന്മാരെയും സാമൂഹ്യപ്രവർത്തകരെയും സംഘടനകളെയും നേരിൽക്കണ്ട് ഈ മഹത്തായ ദൗത്യത്തെപ്പറ്റി അവരുമായി കൂടിയാലോചിച്ച് അഭിപ്രായം ആരായാൻ ഗുരുജി ആപ്തേജിയെ ചുമതലപ്പെടുത്തി. ഒമ്പതുമാസം നീണ്ടുനിന്ന ആപ്തേജിയുടെ ഐതിഹാസിക യാത്രയിൽ വിദേശത്തുള്ള ഹിന്ദുക്കളെയും സംഘടനകളെയും ഭാരതത്തിലുള്ള ഇരുന്നൂറിൽപരം മതനേതാക്കളെയും ചിന്തകന്മാരെയും നേരിൽ കണ്ടു. അതിൽ പലരുമായി വ്യക്തിബന്ധം സ്ഥാപിച്ചു.

കാലത്തിന്റെ വെല്ലുവിളിയെ നേരിട്ടു വീണ്ടും വീണ്ടും ഈ മുഖ്യധാരയുടെ മേന്മയെ പുനഃസ്ഥാപിച്ചുകൊണ്ട്, ദേശീയാത്മാവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെയും അനുസ്മരണത്തിന്റെതുമായ വിവിധ കാലഘട്ടങ്ങളെ പൂർവ്വകാലചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇന്ന് അതിനു വ്യക്തമായ രൂപകല്പന ആവശ്യമായിരിക്കുന്നു. അതിനുവേണ്ടി നാട്ടിലെ പ്രധാനികളായ സാമുദായിക നേതാക്കന്മാരുടെയും ധർമ്മാചാര്യന്മാരുടെയും ഒരു യോഗം അനിവാര്യമാണെന്നും അവരെയെല്ലാം ക്ഷണിച്ചുകൊണ്ട് ഒരു എഴുത്ത് അയയ്ക്കുന്നത് നന്നായിരിക്കുമെന്നും ഗുരുജി ആപ്തേജിയോട് പറഞ്ഞു. അതനുസരിച്ച് ആപ്തേജി പ്രധാനപ്പെട്ട 150 മഹദ് വ്യക്തികൾക്ക് ഇങ്ങനെ ഒരു ക്ഷണക്കത്തയച്ചു:

ആദരണീയ ബന്ധു,

ഈ പുണ്യഭൂമിയിൽ സംജാതമായിട്ടുള്ള സർവ്വ ജാതി-മത സമ്പ്രദായങ്ങളെയും, വിശ്വാസപ്രമാണങ്ങളെയും പ്രതിനിധാനം ചെയ്തുകൊണ്ടുള്ള ഒരു സമ്മേളനം വിളിച്ചുകൂട്ടുവാൻ ഉദ്ദേശിക്കുന്നു. ഭാരതത്തെ മാതൃഭൂമിയായും പുണ്യഭൂമിയായും കരുതുന്നവരും, അവരുടെ സാംസ്‌കാരിക, ധാർമ്മിക, ആദ്ധ്യാത്മിക ജീവിതത്തിന്റെ അന്തഃസത്തയുടെ സ്രോതസ്സായി ഈ ദേശത്തെ മനസ്സിൽ കാത്തുസൂക്ഷിക്കുന്നവരും, അവർ ഭാരതത്തിലോ വിദേശത്തോ ജനിച്ചവരാണെങ്കിലും അവരെയെല്ലാം പ്രസ്തുത യോഗത്തിലേക്ക് ക്ഷണിക്കാൻ ഉദ്ദേശിക്കുന്നു. ഒരു യഥാർത്ഥ ഹിന്ദുവിന്റെ വിശാലവീക്ഷണത്തിൽ ഉൾപ്പെടുന്ന ജൈന, ബൗദ്ധ, സിക്ക്, വൈഷ്ണവ, വീരശൈവ, ലിംഗായത്ത് എന്നീ ജനവിഭാഗങ്ങളെ സമീപിച്ച് ഇദംപ്രഥമമായി കൂടുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.

ചരിത്രപരമായ കാരണങ്ങളാൽ നൂറ്റാണ്ടുകളായി അടിമജീവിതം നയിച്ചുവരുന്ന ഈ ജനതയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചു ചിന്തിക്കുവാനോ അവരെ പിടിച്ചുയർത്തുവാനോ നമ്മുടെ സാമൂഹിക നേതാക്കന്മാർക്കും ചിന്തകന്മാർക്കും സമയ-സന്ദർഭങ്ങൾ ലഭിച്ചില്ല എന്നതാണ് ഒരു ദുഃഖസത്യം. എന്നാൽ രാഷ്ട്രീയമായി ഇന്ന് നാം സ്വതന്ത്രരാണ്. ഈ അനുകൂല സാഹചര്യത്തിൽ പരസ്പരം എല്ലാ വ്യത്യാസങ്ങളും മറന്ന് ചിരപുരാതനമായ ആർഷസംസ്‌കാരത്തിന്റെ അന്തർധാരയിലേക്ക് സമൂഹത്തെ ആനയിക്കേണ്ടത് നമ്മുടെയെല്ലാം അഭിലാഷമായിരിക്കണം.

ഒരു കാലഘട്ടത്തിൽ ലോകത്തിനു മുഴുവൻ ശാന്തിയുടെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശവാഹകന്മാരായിരുന്ന ജനത ഇന്ന് എല്ലാവരുടെയും മുമ്പിൽ പരിഹാസത്തിനും അവഹേളനത്തിനും പാത്രീഭവിച്ചിരിക്കയാണ്. ഈ ദുഃസ്ഥിതിക്ക് കാരണമെന്തെല്ലാമാണെന്ന് ചർച്ച ചെയ്ത് സമയം പാഴാക്കാതെ നമ്മുടെ സാമൂഹ്യനേതൃത്വവും ചിന്തകന്മാരും എത്രയും വേഗം കാലഘട്ടത്തിനനുയോജ്യമായ രീതിയിൽ സമൂഹത്തെ നയിക്കുവാനുള്ള മാർഗ്ഗദർശനം നൽകണം. അനശ്വരമായ ഈ നാടിന്റെ മൂല്യങ്ങളെ ബലികഴിക്കാതെ ലക്ഷ്യപ്രാപ്തി നേടാനുള്ള ഉപദേശങ്ങളാണ് വേണ്ടത്. വൈദികകാലം തൊട്ട് ഇത്തരം സംരംഭങ്ങൾ നടന്നിട്ടുണ്ട്. ബഹുമുഖമായ നമ്മുടെ സമൂഹത്തിന്റെ സവിശേഷത കണക്കിലെടുത്തുകൊണ്ട് ജനതയെ ഒറ്റക്കെട്ടായി നിർത്തുവാനുള്ള പ്രായോഗിക മാർഗ്ഗങ്ങളെക്കുറിച്ചു ചിന്തിക്കണം.

ഭാരതത്തിനകത്തും പുറത്തുമുള്ള ഹിന്ദുസമൂഹത്തെ കോർത്തിണക്കുന്ന വൈകാരിക, സാംസ്‌കാരിക, ധാർമ്മികമായ ഹൃദയസ്പന്ദനങ്ങൾ ഇന്നും നിലച്ചിട്ടില്ല. ആ ശക്തിയെ നാം ഊട്ടിയുറപ്പിക്കണം. ലോകവ്യാപകമായി അതിജീവിക്കുന്ന സമസ്ത ഹിന്ദുസമാജവുമായി ദൃഢമായ ബന്ധം സ്ഥാപിച്ചുകൊണ്ട് മഹത്തായ നമ്മുടെ പൈതൃകസ്മരണ ഉണർത്തി ഹിന്ദു മുഖ്യധാരയിലേക്ക് അവരെ ആനയിക്കണം. ഗൗരവമേറിയ ഈ കർത്തവ്യം നിർവ്വഹിക്കുവാൻ ഒരു കേന്ദ്രീകൃത സംഘടനയുടെ ആവശ്യമുണ്ട്.

ഈ സംരംഭത്തിനുള്ള പ്രഥമ കൂടിയാലോചനായോഗം 1964 ആഗസ്റ്റ് 29, 30 തീയതികളിലായി ബോംബെയിൽ വെച്ച് നടത്താമെന്നുദ്ദേശിക്കുന്നു. നമ്മൾ വിഭാവനം ചെയ്യുന്ന കേന്ദ്രസംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ, കാര്യപദ്ധതി, ഭരണഘടന, ഭരണസമിതി, ചെയർമാൻ എന്നീ സംഗതികൾ നിശ്ചയിക്കേണ്ടതുണ്ട്. ഈ സങ്കല്പം സാക്ഷാൽക്കരിക്കുന്നതിന് താങ്കളുടെ വിലയേറിയ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണ്. അതുകൊണ്ട് പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് താങ്കളോട് അപേക്ഷിക്കുന്നു.

ഈ ആശയത്തോട് താങ്കളുടെ യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഒരു മറുപടി പ്രതീക്ഷിക്കുന്നു. കൂടാതെ ഇതിന്റെ എല്ലാ വശങ്ങളെയും വിശദമായി നേരിൽക്കണ്ടു സംസാരിക്കുവാൻ ആഗ്രഹിക്കുന്നു. അതിനായി താങ്കളുടെ സൗകര്യവും സ്ഥലവും അറിയിച്ചാൽ ഞാൻ അവിടെ വന്നു കണ്ടുകൊള്ളാം.

                എസ്.എസ്. ആപ്തേ

                                                                                            ആപ്തേജിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 1964 ആഗസ്റ്റ് 29-ന് (വിക്രം സംവാദ് 2021) ‘സംഭവാമി യുഗേ യുഗേ’ എന്ന മഹദ്സന്ദേശം നമ്മുടെ പുണ്യഭൂമിക്കും ജനതയ്ക്കും ധർമ്മത്തിനും വേണ്ടി നൽകിയ യുഗപുരുഷനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ ബോംബെയിലുള്ള പൂജ്യ സ്വാമി ചിന്മയാനന്ദ മഹാരാജിന്റെ സാന്ദീപനി സാധനാലയത്തിൽ വെച്ച് പ്രഥമ യോഗം നടന്നു. അതിവിശിഷ്ടരായ 40 മഹദ് വ്യക്തികൾ ഇതിൽ സന്നിഹിതരായി.

പൂജ്യ സ്വാമി ചിന്മയാനന്ദജിക്കു പുറമെ മാസ്റ്റർ താരാസിങ്ങ്, ശിരോമണി അകാലികൾ പ്രസിഡന്റ് ജ്ഞാനി ഭൂപീന്ദർ സിങ്ങ്, ഡോ. കെ.എം. മുൻഷി, സന്ത് തുക്ഡോജി മഹരാജ്, ഗുരുജി ഗോൾവൽക്കർ, സ്വാമി ശങ്കരാനന്ദ സരസ്വതി, ബ്രഹ്മചാരി ദത്തമൂർത്തി, പി.ജി. ദേശ്പാണ്ഡേ, ലാൽചന്ദ് ഹിരാചന്ദ്, കെ.കെ. ശാസ്ത്രി, ബി.എം. കാംദാർ, രാം ബത്രാ, രാമനാരായണശാസ്ത്രി, കെ. ആർ. ജോഗ്ലേക്കർ, എം.എൻ. ഗട്ടാട്ടേ, എസ്.എസ്. ആപ്തേ, ഡോ. എം.എ. നരസിംഹാചാർ, ഡോ. വി.എ. വന്നികർ, കെ.ജെ. സോമയ്യ, സദാജീവത് ലാൽ, ജംപകനാഥ് അയ്യങ്കാർ, ജി.ബി. ഭാട്ടിയ, രാജ്പാൽ പുരി, കൂടാതെ നെയ്റോബിയിൽനിന്നും പോദ്ദാറും ട്രിനിഡാഡിൽനിന്നും കൃപലാനിയും പങ്കെടുത്തു.

യോഗാരംഭത്തിൽ വിശിഷ്ട പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് സ്വാമി ചിന്മയാനന്ദജി പറഞ്ഞു: ‘‘എന്റെ ഈ ചെറിയ സ്ഥാപനത്തിൽ നമ്മൾ കൂടിയിരിക്കുന്നത് മഹത്തായ ഒരു ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ്. ഹിന്ദുസമൂഹത്തിന്റെ ഉന്നമനത്തിനായി നമുക്ക് സംഘടിതപരിശ്രമത്തിലൂടെ നമുക്കിടയിലുള്ള ജാതി-വർഗ്ഗ-ഭാഷ മുതലായ വ്യത്യാസങ്ങളെയെല്ലാം ഈ യജ്ഞകുണ്ഡത്തിൽ ആദ്യമായി ആഹൂതി ചെയ്യാം.’’

അതിനുശേഷം ആപ്തേജി പരിഷത്ത് എന്ന സങ്കല്പത്തിന്റെ പശ്ചാത്തലം വിശദീകരിച്ചു.

അഭിവന്ദ്യരായ ഗുരുജനങ്ങളേ,

അതീവസന്തോഷത്തോടും കൃതജ്ഞതയോടും കൂടിയാണ് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നത്. എന്നെപ്പോലെ ഒരു സാധാരണ വ്യക്തിയുടെ ക്ഷണമനുസരിച്ച് നിങ്ങൾ എല്ലാവരും ഇവിടെ എത്തിച്ചേർന്നിരിക്കുന്നത് നമ്മുടെ ധർമ്മത്തിലും ഈ മഹത്തായ ദൗത്യനിർവഹണത്തിലും നിങ്ങൾക്കുള്ള ഭക്തിവികാരത്തെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും ആകാംക്ഷയും പ്രവർത്തന സന്നദ്ധതയുമാണ് ഇതുപോലൊരു ആലോചനായോഗം സംഘടിപ്പിക്കുവാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഒരു അശ്വത്ഥവൃക്ഷത്തിന്റെ വിവിധ ശാഖകളെപ്പോലെ മഹാന്മാരായ നിങ്ങളെല്ലാം ഇവിടെ സാന്നിദ്ധ്യം അരുളുന്നതുതന്നെ ഹിന്ദുസമാജത്തിന്റെ ശോഭനമായ ഭാവിയെയാണ് സൂചിപ്പിക്കുന്നത്.

ഈ ആശയം എങ്ങനെ ഉത്ഭവിച്ച്, ഈ രൂപത്തിലെത്തിച്ചേർന്നുവെന്നതിന്റെ സാഹചര്യം ഇത്തരുണത്തിൽ വിശദീകരിക്കേണ്ടിയിരിക്കുന്നു. ഇന്നിവിടെ സന്നിഹിതരായിട്ടുള്ള നിങ്ങളുടെയും സാഹചര്യം കൊണ്ട് എത്തിച്ചേരാൻ സാധിക്കാത്ത മഹാന്മാരുടെയും മനസ്സിൽ ഈ ചിന്ത ഉണ്ടായിരുന്നില്ലേ? എന്നുതന്നെയല്ല എന്റെ ഈ ദേശസഞ്ചാരവേളയിൽ ഞാൻ കണ്ടുമുട്ടിയ പല ചിന്തകന്മാരുടെയും മുമ്പിൽ സമാനമായ ഈ ആശയം ഉണ്ടായിരുന്നു. എന്റെ ഒരു ചെറിയ പരിശ്രമം പറയുകയാണെങ്കിൽ മൂന്നുവർഷം മുമ്പ് ലോകമാന്യ തിലകന്റെ പ്രസിദ്ധമായ ‘‘കേസരി’’ പത്രത്തിൽ ഞാൻ ഇത്തരം ഒരു സമ്മേളനം വിളിച്ചുകൂട്ടുന്നതിന്റെ ആവശ്യകതയെ വിശദീകരിച്ചുകൊണ്ട് ഒരു ലേഖനപരമ്പരതന്നെ എഴുതിയിരുന്നു. ഈ ഉദ്യമത്തിൽ എനിക്ക് ധാരാളം പ്രോത്സാഹനങ്ങൾ ഉണ്ടായിരുന്നിട്ടും അത് ഏറ്റെടുക്കുവാനുള്ള ധൈര്യം എനിക്കുണ്ടായില്ലെന്നു തുറന്നു സമ്മതിക്കുന്നു. കഴിഞ്ഞവർഷം നമുക്ക്, ഇന്ന് ആതിഥേയമരുളുന്ന സ്വാമി ചിന്മയാനന്ദജി മഹരാജ്, അദ്ദേഹത്തിന്റെ ‘തപോവൻപ്രസാദി’ൽ ഒരു ലേഖനം എഴുതി: ‘ലോകമെമ്പാടുമുള്ള ഹിന്ദു പ്രതിനിധികളുടെ ഒരു സമ്മേളനം അടിയന്തിരമായി ഡൽഹിയിലോ കൽക്കത്തയിലോ വെച്ച് കൂടണമെന്നുള്ള ഒരാശയം എന്റെ മനസ്സിൽ ഉദിക്കുന്നു. ഹിന്ദു സംസ്‌കാരത്തിന്റെ സർവ്വതോന്മുഖമായ അഭിവൃദ്ധിക്ക് വഴിതെളിയിക്കുന്ന ചർച്ചകൾ നടത്തുവാനും ഹിന്ദുവിന്റെ ആദ്ധ്യാത്മിക നിലനില്പിന് വേണ്ട പരിപാടികൾ ആസൂത്രണം ചെയ്യാനും ഉതകുന്നതാവണം പ്രസ്തുത സമ്മേളനം’’ എന്നു സ്വാമിജി പ്രസ്താവിച്ചു.

സ്വാമിജിയുടെ ഈ വരികൾ, അപ്രായോഗികമാണെന്ന് പലരും പറഞ്ഞിരുന്നാലും, എന്റെയും ഇന്നിവിടെ വന്നെത്തിയിരിക്കുന്ന നിരവധി വ്യക്തികളുടെയും മനസ്സാക്ഷിയെ തട്ടിയുണർത്തി, ആവേശംകൊള്ളിച്ചു. എന്നുതന്നെയല്ല, പല രാഷ്ട്രീയ - സാംസ്‌കാരിക സംഘടനകളിൽപ്പെട്ട സ്നേഹിതന്മാരും സ്വാമിജിയുടെ ഈ ആശയത്തെ പരസ്യമായി സ്വാഗതം ചെയ്തു. ഹിന്ദുമഹാസഭ ഈ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുകയും അവരുടെ ഷോലാപ്പൂർ സമ്മേളനത്തിൽ അതനുസരിച്ച് പ്രമേയം പാസ്സാക്കുകയും ചെയ്തു.

ഞാൻ ഒരു കാര്യം നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാനാഗ്രഹിക്കുന്നത്, ഈ ആശയം എന്റെയോ, മറ്റൊരാളുടെയോ അല്ല എന്നുള്ളതാണ്, നേരേമറിച്ച് നിങ്ങളുടെയും ഇന്നിവിടെ എത്തിച്ചേരാത്ത അസംഖ്യം വ്യക്തികളുടെയും മനസ്സിൽ അത് ഊറിക്കിടക്കുന്നുണ്ടായിരുന്നു. അവർ അയച്ച കത്തുകളിൽനിന്നും, സന്ദേശങ്ങളിൽനിന്നും ഈ പരമാർത്ഥം മനസ്സിലാകും. അവയെല്ലാം സംയോജിപ്പിച്ച് വ്യക്തമായ ഒരു രൂപത്തിൽ വന്നശേഷം മാത്രമാണ് അത് പ്രാവർത്തികമാക്കാൻ ഞാൻ രംഗപ്രവേശം ചെയ്യുന്നത്. ഒരു സന്ദേശവാഹകൻ മാത്രമാണ് ഞാൻ. അതേനിലയിൽ തുടരുവാനാണ് ഞാൻ ആഗ്രഹിക്കുന്നതും. ഈ ആശയം പ്രാവർത്തികമാക്കാനാണ് നാം ശ്രമിക്കേണ്ടത്.

ഞാൻ ഇതുവരെ എന്തുചെയ്തു എന്നു മാത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ ഞാൻ മറ്റുള്ളവരെ അറിയിച്ചു; അവരുടേത് നിങ്ങളോടും പറഞ്ഞു, എല്ലാം സംയോജിപ്പിച്ച് ഒരു രൂപത്തിലാക്കി. ഇന്ന് അത് നമ്മുടെയെല്ലാം ഹൃദയസ്പന്ദനമായിത്തീർന്നിരിക്കുകയാണ്. ഈ ആവേശത്തോടെ നമുക്കത് പ്രാവർത്തികമാക്കാം. ഈ ദൗത്യവുമായി ഞാൻ ഭാരതം മുഴുവൻ യാത്രചെയ്തു. അതുകൊണ്ടാണ് നിങ്ങളെയെല്ലാം ഇവിടെ കാണുവാൻ ഭാഗ്യം സിദ്ധിച്ചത്.’’

ഇതുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികൾ ആരെല്ലാമാണെന്ന് ആപ്തേജി കൂട്ടിച്ചേർത്തു.

‘‘അത്യപൂർവ്വമായ ഒരു മുഹൂർത്തത്തിലാണ് നമ്മൾ ഒന്നിച്ചുകൂടിയിരിക്കുന്നത്. വൈദികകാലം തൊട്ട് നമുക്കു കാണാൻ സാധിക്കുന്നത് എന്തെന്നാൽ സമൂഹത്തിന് എന്തെങ്കിലും പ്രതിസന്ധി നേരിട്ട കാലത്തെല്ലാം എല്ലാവരും ഒന്നിച്ചുകൂടി അതിനു പ്രതിവിധി കണ്ടെത്തുക എന്നതാണ്. അതുപോലെ ജൈന, ബൗദ്ധ, സിക്ക് മതനേതാക്കൾ സമ്മേളിച്ച് അതാത് കാലഘട്ടത്തിൽ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹിച്ചിരുന്നു. ഹർഷന്റെ കാലത്തിനുശേഷം ഇന്നാണ് ബഹുമുഖപ്രതിഭയോടൂകൂടിയ നമ്മുടെ സമൂഹത്തിലെ വിവിധ സമ്പ്രദായത്തിന്റെ പ്രതിനിധികൾ ഒന്നിച്ചുകൂടുന്നത്. ഈ ഭൂമുഖത്തിൽ സംജാതരായ ശ്രേഷ്ഠജനവിഭാഗത്തിന്റെ ശോഭനമായ ഭാവിയുടെ പൊൻപുലരിയാണ് ഈ മുഹൂർത്തം. ഒരു സമ്പൂർണ്ണ മാനവജീവിതത്തിന്റെ സാക്ഷാത്ക്കാരം ഉദയം ചെയ്യുന്നത് നാം കാണുന്നു. നാം കൂടിയിരിക്കുന്നത് സാന്ദീപനി ആശ്രമത്തിലാണ്. ഈശ്വരകടാക്ഷത്തിനായി പ്രാർത്ഥിക്കുവാൻ ഇതിനേക്കാൾ വേറെ ഏതു സ്ഥലവും മുഹൂർത്തവുമാണ് നമുക്ക് ലഭിക്കാൻ പോകുന്നത്. ഈ സന്ദർഭത്തിൽ പുണ്യാത്മാക്കളായ നിങ്ങളോട് ഞാൻ അപേക്ഷിക്കുന്നു. നിങ്ങൾ കൂട്ടായി ചിന്തിച്ച്, ചർച്ചചെയ്ത് നമുക്കും ഭാവിതലമുറയ്ക്കും സമൂഹത്തെ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനും പരസ്പരം സ്നേഹത്തോടും, ധാരണയോടും കൂടിയ ഒരു നവ്യവും ധന്യവുമായ ജീവിതം ഈ നാട്ടിൽ കെട്ടിപ്പടുക്കുവാനും പരിശ്രമിക്കണമെന്ന്. അതുകൊണ്ടു മാത്രമേ നമ്മുടെ രാഷ്ട്രത്തിന് അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടി ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ തലയുയർത്തി നിൽക്കാൻ സാധിക്കൂ. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ വേണ്ട വ്യക്തമായ മാർഗ്ഗങ്ങൾ രൂപപ്പെടുത്താതെ നിങ്ങൾ ആരുംതന്നെ ഇവിടം വിട്ടുപിരിഞ്ഞുപോകരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു.

അതിനുശേഷം യഥാവിധി യോഗനടപടികൾക്കായി സ്വാമി ചിന്മയാനന്ദജി അദ്ധ്യക്ഷപദം അലങ്കരിക്കണമെന്ന് ഗുരുജി അപേക്ഷിച്ചു. വി.ജി. ദേശ്പാണ്ഡെ അത് പിന്താങ്ങി.

 സമഗ്രവും സമ്പൂർണ്ണവുമായ ചർച്ചകൾക്കുശേഷം പ്രസ്തുത സംഘടനക്ക് വിശ്വഹിന്ദുപരിഷത്ത് എന്നു നാമകരണം ചെയ്തു. തുടർന്നുള്ള ചർച്ചയിൽ പരിഷത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്തെല്ലാമായിരിക്കണമെന്നും ആവശ്യമായ നിയമനടപടികളെക്കുറിച്ചും വിശദമായ ചർച്ചനടന്നു. എല്ലാവരുടെയും അവശ്യവിനിമയങ്ങളുടെ വെളിച്ചത്തിൽ സ്വാമിജി ഡോ. കെ.എം. മുൻഷിയോട് യോഗത്തിൽ എല്ലാം വിശദീകരിക്കുവാൻ നിർദ്ദേശിച്ചു.

ഹിന്ദുസമൂഹത്തിന്റെ അന്നത്തെ ദയനീവും ദുർബലവുമായ സ്ഥിതിയെ വിശദീകരിച്ചുകൊണ്ട് മാസ്റ്റർ താരാസിങ്ങ് പറഞ്ഞത് ഹിന്ദുക്കളും സിക്കുകാരും വ്യത്യസ്ത സമൂഹങ്ങളല്ലെന്നും സിക്കുജനതയുടെ അഭിവൃദ്ധി ഹിന്ദുധർമ്മത്തിന്റെ നിലനില്പിലാണെന്നുമാണ്. ഇന്ന് പഞ്ചാബിൽ ഹിന്ദുക്കളും സിക്കുകാരും വ്യത്യസ്ത സമൂഹങ്ങളായി ജീവിക്കുന്നു. സിക്കുജനത മഹത്തായ ഹിന്ദുസമൂഹത്തിന്റെ അവിഛേദ്യഘടകമാണെന്നു ഞാൻ പറയുന്നു. ഗുരു ഗോവിന്ദ്സിങ്ങ് സിക്കുമതഗ്രന്ഥമായ ‘ഗുരുമുഖി’യെ വ്യാഖ്യാനിച്ചിരിക്കുന്നത് ഹിന്ദുപുരാണ ഗ്രന്ഥങ്ങളെ നിർലോഭം ഉദ്ധരിച്ചുകൊണ്ടാണ്. തലമുറകളായി കൈമാറിയ ഈ പാരമ്പര്യത്തെ നാം ഇന്ന് കൈവെടിയണോ? അദ്ദേഹം ചോദിച്ചു. ജീവിതത്തിൽ എന്റെ അന്ത്യാഭിലാഷം ഒന്നുമാത്രമാണ്. വിശ്വഹിന്ദുപരിഷത്തിന്റെ ലക്ഷ്യം സഫലമാവണം. അതോടൊപ്പം നമ്മൾ തമ്മിലുള്ള പരസ്പര വ്യത്യാസങ്ങളെല്ലാം ഇല്ലാതാക്കി നമ്മെ ഒറ്റച്ചരടിൽ കോർത്തിണക്കാൻ ഇതിന്റെ സംയോജകർക്ക് സാധ്യമാകണം. പഞ്ചാബിലും ബംഗാളിലുമാണ് ഇക്കാര്യം അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്. ഹിന്ദുക്കളും സിക്കുകാരും പരസ്പരം സ്നേഹാശ്ലേഷം ചെയ്യാൻ സന്നദ്ധരായാൽ അതുതന്നെ ഭാരതത്തിനകത്തും പുറത്തുമുള്ള സഹോദരന്മാരുടെ ഹൃദയത്തിൽ ഒരു പുത്തനുണർവ് സൃഷ്ടിക്കും.

* മാസികയുടെ പ്രസാധകനും വി.എച്ച്.പി. മുൻ അഖിലേന്ത്യാ ജോ. സെക്രട്ടറിയുമാണ് ലേഖകൻ.