Hindu Vishwa
Index
ഗാവോ വിശ്വസ്യ മാതരഃ - വിശേഷം
 
                                                        ഭാരതീയസംസ്‌കൃതിയുടെ മൂലാധാരം ഗോമാതാവാണ്. നമ്മുടെ ആത്മീയവും സാംസ്‌കാരികവുമായ മാനബിന്ദുക്കളിൽ ഗോസങ്കല്പത്തിന് വലിയ പ്രസക്തിയുണ്ട്. പ്രകൃതിയോട് ചേർന്നുപോകുന്നതാണ് നമ്മുടെ ആത്മീയമായ ആരാധനാസങ്കല്പങ്ങളെല്ലാം തന്നെ. അതോടൊപ്പംനമ്മുടെ ജീവിതവും കൃഷിയും എല്ലാം ഈ പ്രകൃതിമനുഷ്യസംലയനത്തിന്റെ ദൃഢഭാവത്തെ കോർത്തിണക്കുന്നു. പശുവിനെ മാതൃഭാവത്തിൽ കാണുന്ന ഉദാത്തഭാവനയുടെ തിളക്കം ഇവിടെയാണ് കടന്നുവരുന്നത്.
ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ ചതുർവിധപുരുഷാർത്ഥപ്രാപ്തിക്കുള്ള ഉത്തമമാർഗ്ഗമാണ് ഗോസേവ. ഭഗവത്പ്രീതിക്ക് ഗോസേവ നല്ലൊരു വഴിയാണ്. ഇന്ന് ലോകത്തുള്ള സകല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നതിന് അത്യുത്തമമാണ് ഗോരക്ഷയെന്ന് പറയാം. അതുകൊണ്ടാണ് ഗോമാതാവിനെ കാമധേനു എന്ന് വിളിക്കുന്നത്.
ഗാന്ധിജി ഭാരതത്തിന്റെ സ്വാതന്ത്ര്യത്തേക്കാൾ പ്രാധാന്യമേറിയ വിഷയമാണ് ഗോവംശങ്ങളുടെ രക്ഷ എന്നാണ് പ്രസ്താവിച്ചത്. ''വേണമെങ്കിൽ എന്റെ ജീവനെടുത്തോളൂ. എന്നാലും ഗോക്കളെ ഉപദ്രവിക്കരുത്'' എന്നാണ് ബാലഗംഗാധരതിലകൻ പറഞ്ഞത്. ഗോമാതാവിനെ ചിന്തയിൽപോലും ദ്രോഹിക്കുന്നത് സംസ്‌കാരഹീനതയാണെന്നാണ് മഹർഷി അരവിന്ദൻ പറഞ്ഞത്. മഹാത്മക്കളെല്ലാം ഗോവിന്റെ പ്രധാന്യം ഉദ്‌ഘോഷിച്ചവരായിരുന്നു. ഗോ സർവ്വദേവമയിയും വേദം സർവ്വഗോമയവും ആണെന്ന് സ്‌കന്ദപുരാണത്തിൽ പരാമർശിക്കുന്നുണ്ട്.
വേദങ്ങളിലും പുരാണങ്ങളിലും
പുരാണങ്ങളിൽ ഭാഗവതപുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്തപുരാണം എന്നിവയിൽ ഗോമാഹാത്മ്യം പറയുന്നുണ്ട്.
അഥവർവവേദം
മാതരഃ സർവ്വഭൂതാനാം
ഗാവഃ സർവ്വസുഖപ്രദഃ
ഗോമാതാ എല്ലാവർക്കും അമ്മയാണ്. എല്ലാ ഐശ്വര്യങ്ങളും നൽകുന്നവളാണ്.
ഗാവോമേവ ഗതാഹസ്തു
ഗാവോ മേ സന്തു പാർശ്വതഃ
ഗാവോ മേ പൃഷ്ഠതഃ സന്തു
ഗാവാം മദ്ധ്യേ വസാമ്യഹം
(ഭാഗവതം ദശമസ്‌കന്ധം)
ഗോ എന്റെ മുന്നിലും പിന്നിലും വശങ്ങളിലും ഉണ്ടാകട്ടെ. ഞാൻ എപ്പോഴും പശുക്കളുടെ മദ്ധ്യത്തിലും ആകട്ടെ.
രാമായണത്തിൽ സമുദ്രാധിപതിയായ വരുണന്റെ നഗരത്തിൽ സുരഭി വസിക്കുന്നതായി പറയുന്നുണ്ട്. അവിടെ ഒഴുകുന്ന പാൽ ക്ഷീരസാഗരം. മഹാഭാരതത്തിലെ ഉദ്യോഗപർവത്തിലും ഈ രീതിയിലുള്ള രചനകൾ ഉണ്ട്.
രസാതലത്തിൽ സുരഭിയും നാല് ദിക്കുകളിൽ അവളുടെ പെൺമക്കളും വസിക്കുന്നു.
കിഴക്ക് - സൗരഭി
തെക്ക് - ഹർവികം
പടിഞ്ഞാറ് - സുഭദ്ര
വടക്ക് - ധേനു
കാമധേനു ഗായത്രി
ഓം ശുഭകാമായ വിദ്മഹേ
കാമ തത്രായ ധീമഹി
തന്നോ ധേനു പ്രചോദയാത്.
ദർശനം പൂജനം ദീപസഹിതം ഗോപ്രദിക്ഷണം ചെയ്താൽ ഭൂമണ്ഡല പ്രദക്ഷിണം ചെയ്ത ഫലം കിട്ടുമെന്നാണ് പുരാണങ്ങൾ പ്രകീർത്തിക്കുന്നത്.
മഹാഭാരതയുദ്ധത്തിന്റെ ആരംഭംകൗരവർ വിരാടരാജാവിന്റെ ഗോക്കളെ അപഹരിക്കാൻ ചെന്നതുമുതലാണ്. ഗോധനമാണ് രാജ്യത്തിന്റെയും വ്യക്തികളുടെയും സമ്പത്തിന്റെ അടിസ്ഥാനമായി കരുതിയിരുന്നത്.
ഇക്ഷ്വാകുവംശത്തിന്റെ പരമ്പര നിലനിർത്താനുള്ള പുത്രഭാഗ്യം ദിലീപ് മഹാരാജാവിന് ലഭിക്കുന്നത് കാമധേനുവിന്റെ പൂജയും സേവയും രക്ഷണവും ചെയ്തതിനുശേഷമാണ്. ഇന്നും ഭാരതത്തിൽ സന്താനലാഭത്തിന് പല പ്രദേശങ്ങളിലും ഉത്തമമാർഗ്ഗമായി ഗോപൂജ നടത്തിവരുന്നുണ്ട്.
1857 ലെ ഭാരത സ്വാതന്ത്ര്യസമരത്തിന് ഒരു കാരണമായിത്തീർന്നത് അന്ന് ബ്രിട്ടീഷ്‌സേന ഉപയോഗിച്ചിരുന്ന തോക്കിൽ പശുവിന്റെ കൊഴുപ്പ് ഉപയോഗിച്ചുകൊണ്ട് ഹിന്ദുസൈനികരെ ചൊടിപ്പിച്ചതാണ്. സ്വാതന്ത്ര്യസമരത്തിന് മുന്നിട്ടിറങ്ങിയ ഗാന്ധിജി ഗോഭക്തിയും ഗോരക്ഷയും ആവശ്യമാണെന്ന് പ്രചരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ യംഗ് ഇന്ത്യാ പത്രത്തിൽ (7-7-1927) ഗോരക്ഷക്ക് എന്താണ് ചെയ്യേണ്ടതെന്ന് വിശാലമായി പ്രതിപാദിച്ചിട്ടുണ്ട്. ഗോസംരക്ഷണം, ഗോശാലകൾ നടത്തൽ, പശുക്കൾക്ക് മേച്ചിൽസ്ഥലങ്ങൾ ഉണ്ടാക്കൽ, വയസ്സായ പശുക്കളെയും കാളകളെയും സംരക്ഷിക്കുന്നതിലുള്ള ഊന്നൽ ഇതൊക്കെ അതിൽ കൊടുത്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരഭാരതത്തിൽ എന്റെ കൈയിൽ ഭരണം വന്നാൽ ഗോവധം നിർത്തലാക്കുമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് ഗാന്ധിഭക്തരെന്ന് അവകാശപ്പെടുന്നവർ ഗോവധനിരോധനത്തെ എതിർക്കുന്നു.
ആര്യസമാജവും ഗോരക്ഷയും
1881 ൽ ആര്യസമാജ സ്ഥാപകൻ സ്വാമി ദയാനന്ദസരസ്വതി ഗോസംരക്ഷണത്തിന്റെ സന്ദേശം ഭാരതത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ പ്രചരിപ്പിച്ചു. ശ്രീ നീരജ് ചന്ദോഗ്ജി ഇതിനുവേണ്ടി അദ്ദേഹത്തിനൊപ്പംചേർന്നു പ്രവർത്തിക്കുകയും ''ഗോരക്ഷക് സൊസൈറ്റികൾ'' എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കുകയും ചെയ്തു.
1882 ൽ ഗോരക്ഷിണിസഭ എന്നൊരു സംഘടന സ്ഥാപിച്ച് അദ്ദേഹം ഗോസംരക്ഷണം നടത്തിപ്പോന്നു. ഇതിന്റെ പ്രവർത്തനത്തിനുവേണ്ടി ഗൗസേവക്, ഗൗധർമ്മപ്രകാശക് എന്നീ പത്രങ്ങൾ നടത്തുകയും അതുവഴി ഗോസംരക്ഷണസന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിൽ അസൂയതോന്നിയ മുസ്ലീങ്ങൾ 1892 ൽ മുംെബെയിൽ പരസ്യമായി എതിർപ്രവർത്തനങ്ങൾ നടത്തുകയും അതുവഴി വലിയ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.
സ്വതന്ത്രഭാരതത്തിൽ ഗോരക്ഷ
1949 നവംബറിൽ ഭാരതത്തിന്റെ ഭരണഘടന നിലവിൽ വന്നപ്പോൾ ഗോസംരക്ഷണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു,. ഗോസംരക്ഷണകാര്യങ്ങൾ ആർട്ടിക്കിൾ 48 ൽ ഉൾപ്പെടുത്തി കൺകറന്റ്‌ലിസ്റ്റിൽ സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുത്തു. അന്ന് കോൺഗ്രസ്സ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ അതിനുവേണ്ട വിഹിതം ബജറ്റിൽ വകയിരുത്തുകയും ചെയ്തു.
ഗോവധനിരോധനത്തിനായി സന്യാസിമാരും ആർഎസ്എസും ചേർന്ന് നാടുമുഴുവൻ ജനങ്ങളിൽനിന്നും വിശാലമായ ഒപ്പുശേഖരണം നടത്തി. ഒരു കോടി എഴുപത്തിഒമ്പത് ലക്ഷത്തിലധികം ഒപ്പ് ശേഖരിച്ച് രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു. അന്നത്തെ കോൺഗ്രസ്‌സർക്കാർ ഇത് നടപ്പാക്കാമെന്ന് സന്യാസിമാർക്ക് വാക്കുകൊടുത്തിരുന്നു. എന്നാൽ അത് നടക്കാത്തതുകൊണ്ട് 1966 ൽ പാർലമെന്റിന്റെ ശീതകാലസമ്മേളനസമയത്ത് പാർലമെന്റിനു മുന്നിൽ സന്യാസിമാർ സത്യാഗ്രഹം നടത്തി. നവംബർ 7 ന് സന്യാസിമാരുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തുകയും അതിനുനേരെ പോലീസ് വെടിവെയ്പ് നടത്തുകയും ചെയ്തു. സന്യാസിമാർ ഉൾപ്പെടെ 8 പേർ മരണമടഞ്ഞു. അന്ന് ഗോപാഷ്ടമിയായിരുന്നു. ഇതേ അനുഭവം ഉണ്ടാകട്ടേയെന്ന് അന്നത്തെ സന്യാസിമാർ ഭരണാധികാരിയെ ശപിച്ചു. 1984 ഒക്‌ടോബർ രാവിലെ 9.30 മണിക്ക് ഇന്ദിരാഗാന്ധി വെടിയേറ്റുമരിക്കുമ്പോൾ അന്ന് ഗോപാഷ്ടമിയായിരുന്നുവെന്നത് പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട്.
ഈ പ്രപഞ്ചം പഞ്ചതത്വങ്ങളാൽ നിർമ്മിതമാണ്. അതുതന്നെയാണ് മനുഷ്യശരീരപ്രകൃതിയും. ഭഗവാൻ എന്ന വാക്കുപോലും പഞ്ചതത്വമാണ്. ഭ - ഭൂമി. ഗ - ആകാശം, വ - വായു, ആ - ആകാശം, ൻ (ന) - നീർ (ജലം). ഇതേ വിഷയങ്ങൾതന്നെയാണ് ഗോമാതാവിൽനിന്നും കിട്ടുന്ന ചാണകം, മൂത്രം, പാൽ, തൈര്, നെയ്യ് ഇവയെല്ലാം മിശ്രിതമാക്കിയ പഞ്ചഗവ്യത്തിലും. പഞ്ചഗവ്യം മനുഷ്യജീവിതത്തിന് അത്യാവശ്യമാണ്.
നാം ജീവിക്കുന്ന പ്രപഞ്ചം സുഖസമൃദ്ധമാകണമെങ്കിൽ ഈ പഞ്ചതത്വത്തിന്റെ സമനില പാലിക്കേണ്ടതുണ്ട്. പഞ്ചതത്വത്തിന്റെ സമനില മാറുന്നതുകൊണ്ടാണ് പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്. പ്രപഞ്ചരക്ഷക്കുവേണ്ടി ഭഗവാന് അവതാരങ്ങളെടുക്കാൻ കാരണക്കാരാകുന്നത് ഭൂമാതാവും ഗോമാതാവുമാണെന്ന് പുരാണങ്ങളിൽ കാണാം.
ഹിന്ദുജീവിതമൂല്യങ്ങളിൽ പഞ്ചയജ്ഞവും പ്രധാനമാണ്. അതിൽ ദേവയജ്ഞത്തിന് ആവശ്യമായ പൂജക്ക് പാൽ, നെയ്യ്, ഭസ്മം എന്നിവ ആവശ്യമാണ്. ഇത് ശുദ്ധമായ വസ്തുക്കൾതന്നെ വേണം. അഭിഷേകത്തിനുള്ള പാൽ, നെയ്യ്, ഭസ്മം എന്നിവ ഭാരതീയ ഗോവംശത്തിൽനിന്നുമുള്ളതാകുമ്പോൾ അതിന് കൂടുതൽ ഫലം ലഭിക്കുന്നു. ഇന്ന് കൂടുതലായും ഇവിടെയുള്ളത് സങ്കരവർഗ്ഗത്തിലുള്ള പശുക്കളാണ്. അതാകട്ടെ മാംസം അധികം കിട്ടാൻ വേണ്ടി ഉണ്ടാക്കിയെടുത്ത വിഭാഗങ്ങളാണ്.
ഭാരതത്തിന്റെ അർത്ഥവ്യവസ്ഥ കൃഷി ആധാരിതമാണ്. മനുഷ്യന് ആവശ്യമായ അന്നം, ഔഷധം തുടങ്ങിയവ ഗോമാതാവിൽനിന്നും ഉത്പാദിപ്പിക്കാവുന്നതാണ്. ഇന്ന് രാസവസങ്ങളുടെ അമിതോപയോഗംമൂലം ഭൂമി കൃഷിക്കനുയോജ്യമല്ലാതായി. കൃഷിയും വലിയ ചെലവുള്ള വിഷയമായി. ഭാരതത്തിൽ ഇന്ന് ആയിരക്കണക്കിന് കർഷകരാണ് ആത്മഹത്യ ചെയ്യുന്നത്. ഗോ ആധാരിത കൃഷിയാണ് ഭൂമിയുടെ സുപോഷണത്തിന് ആധാരമായിട്ടുള്ളത്. നാടൻ പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ച് വളപ്രയോഗം നടത്താനാവും. കീടനാശിനികൾ തയ്യാറാക്കാൻ പശുവിന്റെ മൂത്രം, ചാണകം എന്നിവ ഉപയോഗിക്കാറുണ്ട്. ശുദ്ധമായ ഭക്ഷണപദാർത്ഥങ്ങൾ വേണമെങ്കിൽ ഗോ ആധാരിത കൃഷി മൂലം ഉണ്ടാക്കുന്ന പദാർത്ഥങ്ങൾതന്നെ വേണം. പാൽ കൊണ്ട് തയ്യാറാക്കുന്ന ഭക്ഷണവസ്തുക്കൾ വളരെ രുചികരവും ആരോഗ്യപ്രദവുമാണ്.
ആരോഗ്യസംരക്ഷണം ഇന്ന് ചിലവുകൂടിവരുന്ന കാലമാണ്. എന്നാൽ ഗോ ആധാരിത ചികിത്സാപദ്ധതി വിപുലമാക്കിയാൽ കുറഞ്ഞ ചിലവിൽ ഇത് സാധിക്കും. നമ്മുടെ ഋഷീശ്വരന്മാർ നൽകിയ ജീവിതശൈലികൾ കാലാനുസൃതമായി തുടരാൻ നമ്മൾ മറന്നുപോയി. വിദേശരാജ്യങ്ങളിൽ പശുവിനെ കൊണ്ടുള്ള പല ചികിത്സാസമ്പ്രദായങ്ങളും ഇന്ന് നിലവിലുണ്ട്. പശുവിന്റെ പൂഞ്ഞ സൂര്യനാഡിയാണ്. അത് സൂര്യനിൽനിന്നും ഊർജ്ജം സ്വീകരിക്കുകയും ശരീരം മുഴുവൻ വ്യാപിപ്പിക്കുകയും അതിനടുത്തുവരുന്നവർക്ക് ഈ ഊർജ്ജം ലഭിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് നാടൻ പശുവിന്റെ ഉത്പന്നങ്ങൾക്ക് ഇത്ര ശക്തി. സങ്കരയിനം പശുക്കൾക്ക് ഇത് കാണാൻ കഴിയുന്നില്ല.
രോഗങ്ങൾക്ക് മൂലകാരണം എന്നുപറയുന്നത് ബാക്ടീരിയ, വൈറസ് എന്നിവയാണ്. ഇതല്ലാതെ ഉണ്ടാകുന്ന രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം എന്നിവയ്ക്കും ഡീടോക്‌സിഫിക്കേഷനും ഏറ്റവും ഉപയോഗപ്രദമാണ് ഗോ അർക്കും ഘൃതവും.
ശരീരതാപനില നോക്കിയാൽ മനുഷ്യന്റെ ശരീരതാപവും ദേശീയ പശുവിന്റെ താപനിലയും അടുത്തടുത്തുവരുന്നു. അതുപോലെ അമേരിക്കയിൽ അടുത്തകാലത്ത് നടന്നഒരു ഡിഎൻഎ പരീക്ഷണത്തിൽ മനുഷ്യന്റെയും ഭാരതീയ ഗോവംശത്തിന്റെ ഡിഎൻഎ തമ്മിൽ വളരെ അടുത്ത സാമ്യം കണ്ടെത്തുകയുണ്ടായി.
ധർമ്മോ രക്ഷതി രക്ഷിതഃ എന്ന ആപ്തവാക്യം പ്രാവർത്തികമാക്കി പ്രവർത്തിക്കുന്ന വിശ്വഹിന്ദുപരിഷത്ത് ഹിന്ദുവിന്റെ ജീവിരീതി ധർമ്മാധിഷ്ഠിതമാണെന്ന് പഠിപ്പിക്കുന്നു. അതിനുവേണ്ടി ഗോഭക്തി, ഗോപാലൻ, ഗോസേവ, ഗോരക്ഷ എന്നുള്ള പ്രവർത്തനങ്ങൾമൂലം ഭാരതീയഗോസംരക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഹിന്ദുസമാജം അനുഭവിക്കുന്ന പല കഷ്ടങ്ങൾക്കും കാരണം നമ്മുടെ ക്ഷേത്രങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ശുദ്ധമല്ലാത്ത പൂജാദ്രവ്യങ്ങളാണ്. ക്ഷേത്രങ്ങളിലെ അഭിഷേകത്തിനുപയോഗിക്കുന്ന പാൽ, നെയ്യ് എന്നിവ തന്ത്രരീതിയിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ദേവതകൾക്ക് അശുദ്ധിയുണ്ടാക്കുന്നുണ്ട്.
ഗോപാഷ്ടമിയും ഗോപൂജയും
ഹിന്ദുസനാതനധർമ്മത്തിൽ നിത്യവും ദേവപൂജയും ഗോപൂജയും ഉണ്ട്. എന്നാൽ ചന്ദ്രമാന പഞ്ചാംഗമനുസരിച്ച് വരുന്ന കാർത്തിക ശുക്ല അഷ്ടമി (ദീപാവലി കഴിഞ്ഞുവരുന്ന അഷ്ടമി) യാണ് ഗോപാഷ്ടമി. ഈ ദിവസമാണ് ശ്രീകൃഷ്ണഭഗവാൻ ഗോക്കളെ മേയ്ക്കാൻ പുറപ്പെട്ടത്. ശ്രീകൃഷ്ണപരമാത്മാവ് ഗോരക്ഷക്ക് ആരഭം കുറിച്ച ദിവസമാണ് ഇത്. ഇന്നേദിവസം രാവിലെ ഗോക്കളെ പൂജക്ക് തയ്യാറാക്കുകയും പൂജ നടത്തുകയും ചെയ്യണം. അതിനുശേഷം പശുക്കളെ കുറച്ചുസമയം മേച്ചിൽ നടത്തുവാനും സാഹചര്യമുണ്ടാക്കണം. ഭഗവാൻ ഗീതയിൽ പറയുന്നത് (10-28) പശുക്കളിൽ ഞാൻ കാമധേനുവാണെന്നാണ്. കാമധേനു, സുരഭി എന്നീ വാക്കുകൾ സൂചിപ്പിക്കുന്നത് ഉദ്ദിഷ്ടഫലസിദ്ധിയെന്നാണ്. ഈ അവസരത്തിൽ മഹാരാഷ്ട്രസർക്കാർ 'രാജ്യമാത ഗോമാത' എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഗാന്ധിജി വിഭാവനം ചെയ്തിരിക്കുന്ന ഗോസംരക്ഷണപ്രവർത്തനങ്ങൾക്കുവേണ്ടി ഭാരതസർക്കാർ ഗോമാതാവിന് ദേശീയ മൃഗമായി പ്രഖ്യാപിക്കണമന്ന് കോടാനുകോടി ഹിന്ദുക്കൾ ആഗ്രഹിക്കുന്നു, ആവശ്യപ്പെടുന്നു. ലോകത്ത് നിലനിൽക്കുന്ന എല്ലാവിധ അസമാധാനങ്ങളും അവസാനിക്കാൻ സർവവരദായിനിയായ ഗോമാതാവിനെ പ്രാർത്ഥിക്കാം.
(പുനഃപ്രസിദ്ധീകരണം)
