Hindu Vishwa
Index
വിശ്വഹിന്ദു പരിഷത്തും അയോദ്ധ്യയും - ചരിത്രം
 
                                                    വി എച്ച്.പിയുടെ അതിശക്തമായ പ്രവർത്തനമുന്നേറ്റത്തിന്റെ സാക്ഷ്യപത്രമാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം. പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അയോദ്ധ്യാപ്രക്ഷോഭം അതിന്റെ ചരിത്രം കൂടിയാണ്. രാമജന്മഭൂമിപ്രസ്ഥാനചരിത്രത്തിലെ പ്രസക്തമായ അദ്ധ്യായങ്ങളെ സ്മരിക്കുകയാണ് ലേഖകൻ. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ബാബർ തകർത്തതുമുതൽ അതിനെതിരായ പ്രതിഷേധവും നിലനിന്നുപോന്നിട്ടുണ്ട്. ചരിത്രപരമായി നോക്കുമ്പോൾ 75 ൽ കൂടുതൽ യുദ്ധങ്ങൾതന്നെ ഇതിനായി ഉണ്ടായിട്ടുണ്ട്. പൗരാണികമായ രാമക്ഷേത്രം ബാബർ തകർത്തതിനുശേഷം നൂറ്റാണ്ടുകൾ നടന്ന സമരങ്ങളുടെയും യുദ്ധങ്ങളുടെയുമൊക്കെ അവസാനത്തിലാണ് ശ്രീരാമന്റെ വിഗ്രഹം ബാബറി മസ്ജിദിൽ പ്രത്യക്ഷപ്പെട്ടത്. 1935 ൽ അവിടെയുണ്ടായിരുന്ന ബാബറിന്റെ കെട്ടിടം മുഴുവൻ പൊളിച്ചുമാറ്റി രാമവിഗ്രഹം പ്രതിഷ്ഠിക്കുകയുണ്ടായി. പിന്നീട് നിക്കോൾസൺ എന്ന സായിപ്പായ കളക്ടർ അവിടെ ഹിന്ദുക്കളുടെ കെട്ടിടം പൊളിച്ചുമാറ്റി പള്ളിയുടെ മാതിരി ഒരു കെട്ടിടം പണിതു. മുസ്ലീങ്ങളുടെ ആചാരങ്ങളറിയാതിരുന്നതുകൊണ്ട് ആ കെട്ടിടത്തിന് മിനാരങ്ങളുണ്ടായിരുന്നില്ല. പ്രാർത്ഥിക്കുവാൻ വരുന്നവരുടെ ദേഹശുദ്ധിക്കുവേണ്ട സംവിധാനങ്ങളും സായിപ്പുണ്ടാക്കിയില്ല. പിൽക്കാലത്ത് ബാബറി മസ്ജിദ് എന്നു പേരുവന്ന ഈ കെട്ടിടം യഥാർത്ഥത്തിൽ ബാബർ ഉണ്ടാക്കിയതല്ല. നിക്കോൾസൺ ഉണ്ടാക്കിയതാണ്. ആ കെട്ടിടത്തിൽ ഒരു ദശാബ്ദം കഴിഞ്ഞതോടെ ശ്രീരാമവിഗ്രഹം പ്രത്യക്ഷപ്പെട്ടു. അന്നുമുതൽ അവിടെ ആരാധനയും നടക്കുന്നുണ്ടായിരുന്നു. പക്ഷെ, ഹിന്ദുക്കൾക്ക് കയറി തൊഴുവാൻ സൗകര്യമുണ്ടായിരുന്നില്ല. അതിനെക്കുറിച്ചുള്ള സമരം നടത്തിയിരുന്നത് ദാവൂ ദയാഖന്ന എന്ന മുതിർന്ന ഒരു കോൺഗ്രസ്സ് നേതാവിന്റെ കീഴിലായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് 1984 ൽ വിശ്വഹിന്ദുപരിഷത്ത് സമരരംഗത്ത് പ്രവേശിച്ചത്. അനേകം റാലികളും സമരങ്ങളും ഉദ്‌ബോധനങ്ങളും വിശ്വഹിന്ദുപരിഷത്ത് ഇതു സംബന്ധിച്ചുനടത്തി. ബി.ജെ.പി. നേതാവായ അദ്വാനിജിയുടെ രാമരഥയാത്ര ഒരു ചരിത്രസംഭവമായിരുന്നു. അവയെപ്പറ്റിയുള്ള വിശദാംശങ്ങൾ സുലഭമായതുകൊണ്ട് അതിലേക്കൊന്നും കടക്കുന്നില്ല. കേരളത്തിലുണ്ടായ ചില സംഭവങ്ങൾ മാത്രം പറയാം:
സന്യാസിമാരുടേതായ അഖിലേന്ത്യാ മാർഗ്ഗദർശകമണ്ഡലിന്റെ നിർദ്ദേശാനുസരണം 1980-കളുടെ ഒടുവിൽ ഒരു രാമജ്യോതിയാത്ര ഭാരതമാകമാനം സംഘടിപ്പിക്കപ്പെട്ടു. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും തെക്കേ അറ്റത്തുനിന്നും രണ്ടു യാത്രകൾ പുറപ്പെട്ടു. വടക്കേ അറ്റത്തുനിന്നുള്ള യാത്രയിൽ ഞാനുമുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടെ രാമാനന്ദാശ്രമത്തിൽനിന്നാണ് യാത്ര പുറപ്പെട്ടത്. അന്ന് അവിടുത്തെ ആശ്രമമഠാധിപയായിരുന്ന മാതാജി എല്ലാ സഹകരണങ്ങളും ചെയ്തുതന്നു. കണ്ണൂരിന്റെ അതിർത്തി കടന്നതോടെ ചില പ്രകോപനങ്ങളുണ്ടായി. പോലീസുകാർ നിഷ്‌ക്രിയരായി നിന്നതേയുള്ളൂ. എങ്കിലും യാത്രയിൽ പങ്കെടുത്തവരുടെ സമയോചിതമായ ഇടപെടലുകളാൽ യാത്ര മുന്നോട്ടുനീങ്ങി. യാത്രയുടെ ഉദ്ദേശ്യം രാമക്ഷേത്രനിർമ്മാണത്തിന്റെ മഹത്വത്തെ ഗ്രാമഗ്രാമാന്തരങ്ങളിലുള്ള ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു. ഉഡുപ്പിയിൽ 1985 ൽ നടന്ന ധർമ്മസംസദിൽ വച്ച് ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് പ്രവേശിച്ച് ആരാധന നടത്തുവാനുള്ള സൗകര്യം ഉടനടി ഉണ്ടാക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അതിന്റെ ഫലമായിട്ടാണ് എല്ലാ ഹിന്ദുക്കൾക്കും കയറി പൂജ നടത്തുവാനുള്ള സൗകര്യം ലഭിച്ചത്. പ്രസ്തുത ധർമ്മസംസദിൽ ഭാരതത്തിലെ എല്ലാ സന്യാസിസമ്പ്രദായങ്ങളിലും പെട്ട 850 ഓളം സന്യാസിമാർ പങ്കെടുക്കുകയുണ്ടായി.
1989 ഫെബ്രുവരിയിൽ നടന്ന മാർഗ്ഗദർശകമണ്ഡലിന്റെ ആഹ്വാനപ്രകാരം ഭാരതമെമ്പാടും സംഘടിപ്പിക്കപ്പെട്ട രാമശിലാപൂജ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും നടത്തി. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്തുണ്ടായിരുന്ന അച്ചുതാനന്ദൻ പറഞ്ഞത് കേരളത്തിൽനിന്നും ഒരു ശിലപോലും അയോദ്ധ്യയിലേക്ക് പോവുകയില്ല എന്നായിരുന്നു. ഒരു മനുഷ്യനെയും അതിനനുവദിക്കുകയില്ല എന്നും തട്ടിവിട്ടു. നായനാർ ആയിരുന്നു മുഖ്യമന്ത്രി എന്നതിനാൽ അച്ചുതാനന്ദന്റെ വാക്കുകൾക്ക് വലിയ ശക്തിയായിരുന്നു. ‘‘ഇവിടന്ന് ശിലകൾ പോവും. ഞാനാണ് ആദ്യത്തെ ശില തലയിൽവെച്ചുകൊണ്ടുപോവുക’’ എന്ന കെ.ജി. മാരാരുടെ പ്രസ്താവന ഉത്തേജനം പകർന്നു. കേരളത്തിൽനിന്നു പോയത് മൂന്നുലക്ഷത്തോളം ശിലകളായിരുന്നു. പാലക്കാട്ടുനിന്നും അവ വഹിച്ചുകൊണ്ടുപോയ രഥങ്ങൾക്ക് യാത്രാമംഗളം നേർന്നത് അവിടെ നടന്ന ഒരു പൊതുസമ്മേളനത്തിൽവെച്ച് ശ്രീ മാതാ അമൃതാനന്ദമയിയായിരുന്നു. പലരും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് അമ്മയെ വിലക്കാൻ നോക്കി. ഇതൊക്കെ അക്രമപ്രവർത്തനങ്ങളാണെന്ന് ആക്ഷേപിച്ചു. അമ്മ അവരോട് പറഞ്ഞത് ഭഗവാൻ ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചത് യുദ്ധഭൂമിയിൽവെച്ചല്ലേ എന്നായിരുന്നു.
1989 ഡിസംബർ മാസം പ്രയാഗയിൽ നടന്ന കുംഭമേളയിലെ സന്യാസിസമ്മേളനത്തിൽ വച്ച് കർസേവയ്ക്ക് തീരുമാനമായി. രണ്ടുമൂന്ന് കർസേവകൾ നടക്കുകയും ചെയ്തു. 1990-ൽ നടന്ന കർസേവ തടയാൻ മുലായംസിംഗ് പഠിച്ചപണി പതിനെട്ടും നോക്കി. ‘ഇവിടെ ഈച്ചപോലും കടക്കുകയില്ല. അത്രയ്ക്ക് സുരക്ഷയാണ് ഞങ്ങൾ ഒരുക്കിയിരിക്കുന്നത്’ എന്നദ്ദേഹം വീമ്പിളക്കി. പക്ഷെ, നിശ്ചിതസമയത്ത് പതിനായിരക്കണക്കിന് ആളുകൾ കർസേവയ്ക്ക് നിശ്ചയിച്ച സ്ഥലത്ത് എത്തിച്ചേർന്നതു കണ്ട് അദ്ദേഹം ഇളിഭ്യനായി. അവരുടെ അച്ചടക്കത്തോടെയുള്ള മുന്നൊരുക്കങ്ങളുടെ ഫലമായാണ് ഇത്തരമൊരു അത്ഭുതം അവിടെ അരങ്ങേറാൻ ഇടയായത്. നാണംകെട്ട മുലായംസിംഗ് ഒരു തീവ്രവാദിയെപ്പോലെ സമരത്തെ അടിച്ചൊതുക്കാൻ ശ്രമിച്ചു. ലാത്തിച്ചാർജ്ജിലും വെടിവെയ്പിലുമായി അനേകം പേർക്ക് ഗുരുതരമായ പരിക്കുകളേറ്റു. കോത്താരി സഹോദരന്മാർക്കൊപ്പം ഇരുപതോളം പേർക്ക് ജീവഹാനിയുണ്ടായി. അശോക് സിംഘാൾജിക്ക് നെറ്റിയിൽ മുറിവേറ്റത് ഈ സമയത്താണ്. ഈ സമരത്തിൽ കേരളത്തിൽനിന്നും ഇരുനൂറോളം പേർ പങ്കെടുത്തിരുന്നു. മുലായംസിംഗ് ഇക്കാര്യത്തിൽ കാണിച്ച ‘ശുഷ്‌കാന്തി’ കാരണമാണ് അദ്ദേഹത്തിന് ‘മുല്ലാ മുലായംസിംഗ്’ എന്ന പേര് കിട്ടിയത്. ഈ കർസേവാസമയത്താണ് വിവാദമന്ദിരം വീണത്. അതോടെ വിശ്വഹിന്ദുപരിഷത്ത് നിരോധിക്കപ്പെട്ടു. ഞാൻ അന്ന് വി.എച്ച്.പിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. ഏതായാലും ആ നിരോധനം അത്രകണ്ട് കർക്കശമായി നടപ്പിലാക്കിയില്ല. ഇന്ദിരാഗാന്ധിയെപ്പോലെയല്ല നരസിംഹറാവു പെരുമാറിയത്. ഇതിനിടയിൽ ഒരു താൽക്കാലിക രാമക്ഷേത്രം പണിയാൻ രാമസേവകർക്ക് അവസരവും കിട്ടിയിരുന്നു. ഏകദേശം നാല്പത്തെട്ടു മണിക്കൂർ കൊണ്ടാണ് അത് നിർമ്മിച്ചത്. അന്നത്തേതുപോലുള്ള ഒരു ദുർഘടസന്ധിയിൽ അതു ചെയ്തുതീർത്തവരുടെ മനഃസാന്നിദ്ധ്യവും ഇച്ഛാശക്തിയും വർണ്ണനാതീതമാണ്. അവരുടെ പ്രയത്‌നത്തിന് മുന്നിൽ തലകുനിച്ചേ മതിയാവൂ. ആ ക്ഷേത്രം അവിടെയുള്ളതായിരുന്നു പിന്നീട് ഹിന്ദുക്കൾക്കുണ്ടായ ഒരേയൊരു പിടിവള്ളി. ദിവസേന പതിനായിരക്കണക്കിനാളുകളാണ് അന്നുമുതൽ ഇന്നുവരെ അവിടേക്ക് ദർശനാർത്ഥം എത്തുന്നത്. അവിടെ ഒരു ദിവ്യവും ഭവ്യവും സുസ്ഥിരവുമായ ഒരു രാമക്ഷേത്രമാണ് എല്ലാവരുടെയും ആഗ്രഹം. 2019 നവംബർ 9 ന് വന്ന സുപ്രീംകോടതിവിധി ഹിന്ദുക്കളുടെ എല്ലാ ആശങ്കകൾക്കും വിരാമമിട്ടു.
വാസ്തവത്തിൽ രാഷ്ട്രീയമായി പ്രാധാന്യം ഉണ്ടാകാത്തതായിരുന്നു ഈ പ്രശ്‌നം. ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. ഇതിന് രാഷ്ട്രീയപ്രാധാന്യം ഉണ്ടായിരുന്നുവെങ്കിൽ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും നേരത്തെതന്നെ മുതലെടുപ്പ് നടത്തിയേനെ.
രാമക്ഷേത്രമെന്ന കെട്ടിടനിർമ്മാണം മാത്രമല്ല, വി.എച്ച്.പി.യുടെ ലക്ഷ്യം. രാമക്ഷേത്രത്തിലൂടെയുള്ള രാമരാജ്യനിർമ്മാണമാണ്. ജീവിതത്തിന്റെ ഭാഗമാണ് രാഷ്ട്രീയം. ജീവിതത്തിലും സംസ്‌കാരത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് രാഷ്ട്രീയമായ പ്രതിധ്വനികളും ഉണ്ടാകും എന്നതിന്റെ അർത്ഥം രാഷ്ട്രീയമാണ് ജീവിതത്തെ നിലനിർത്തുന്നത് എന്നല്ല. നമ്മൾ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും പക്ഷത്തുനിന്നാണ് സംസാരിക്കുന്നത്. രാഷ്ട്രീയലാഭചേതങ്ങളുടെ പക്ഷത്തുനിന്നല്ല.
1967-ലാണ് ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് നടന്നത്. അപ്പോഴാണ് ശ്രീ ദീനദയാൽ ഉപാദ്ധ്യായയെ ജനസംഘത്തിന്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്. ആ സമയത്താണ് ഞാൻ ശ്രീ. കെ.കെ. നായരെയും അദ്ദേഹത്തിന്റെ ഭാര്യ ശകുന്തളാദേവിയെയും കണ്ടത്. സമ്മേളനഗരിയുടെ ഗേറ്റിന്റെ അടുത്തുനിന്നിരുന്ന എന്റെ അടുത്തുകൂടി അവർ കടന്നുപോയി. അല്പം ഇരുണ്ട നിറമുള്ള ദൃഢഗാത്രനായ വ്യക്തിയായിരുന്നു അദ്ദേഹം. ഭാര്യ നല്ല വെളുത്തനിറമുള്ള യു.പി.ക്കാരിയും. തോളിലുണ്ടായിരുന്ന രണ്ടാംമുണ്ടുകൊണ്ട് തല തുടച്ചാണ് അദ്ദേഹം നടന്നിരുന്നത്. മറ്റുള്ളവർ ചൂണ്ടിക്കാട്ടിയതുകൊണ്ട് നോക്കിയെന്നുമാത്രം. എനിക്കദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. കേരളീയനായ ഒരു ദേശീയനേതാവ് പാർട്ടിക്ക് ഉണ്ടല്ലോ എന്നു കരുതിയാണ് നോക്കിയത്. അന്ന് ജനസംഘത്തിന് വലിയ അംഗസംഖ്യയൊന്നും കേരളത്തിലുണ്ടായിരുന്നില്ല. പിന്നീടാണ് അദ്ദേഹത്തിന്റെ ചരിത്രം മനസ്സിലാവാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ ദർശനം ഒരു ഭാഗ്യമായി തോന്നിയതും. ‘ബാബറി മസ്ജിദി’ൽ രാമവിഗ്രഹം പ്രത്യക്ഷപ്പെട്ടത് ആ ചെങ്ങന്നൂർക്കാരനായ ഫൈസാബാദിലെ കളക്ടറുടെ ഒത്താശയോടെയാണെന്ന് നെഹ്‌റു സംശയിച്ചു. അത് ഉടനെ എടുത്തുകളയാൻ ആജ്ഞാപിക്കുകയും ചെയ്തു. കല്പന നടപ്പാക്കാതിരുന്ന കളക്ടറെ നെഹ്‌റു സർവ്വീസിൽനിന്നും പിരിച്ചുവിട്ടു. കേസ് കൊടുത്ത് ജയിച്ച് വീണ്ടും കസേരയിലെത്തിയ നായർ വൈകാതെ രാജിവെച്ച് അടുത്ത പാർലമെന്റ് ഇലക്ഷനിൽ ജയിച്ച് എം.പി.യായി. തന്റെ ഭാര്യയെയും ഡ്രൈവറെയും വേറെ രണ്ടു മണ്ഡലങ്ങളിൽ നിർത്തി ജയിപ്പിച്ചു. അന്നൊക്കെ ഉത്തർപ്രദേശിൽ കോൺഗ്രസിനെ തോൽപ്പിക്കുക എന്നത് അസാദ്ധ്യമായിരുന്നു. 1977-ൽ ദിവംഗതനായെങ്കിലും ഇന്നും അദ്ദേഹത്തിന്റെ ഓർമ്മ അയോദ്ധ്യയിൽ സജീവമാണ്. ഒരു അതിമാനുഷനായാണ് അദ്ദേഹത്തെ അവിടുത്തുകാർ കരുതുന്നത്. എന്തിനേറെ പറയുന്നു! നായർ എന്നു പേരുള്ള വ്യക്തികളെക്കുറിച്ച് തന്നെ അവർക്ക് ആദരവാണ്. ഏതായാലും കെ.കെ.നായർ മുതൽ കെ.കെ.മുഹമ്മദ് വരെയുള്ളവരുടെ പ്രയത്‌നങ്ങൾക്ക് നന്ദി. കേരളത്തിന്റെ ഈ സംഭാവന ചെറുതല്ല.
(വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്നു ലേഖകൻ)
