Logo

VHP PUBLICATIONS

Hindu Vishwa


expand_more

മഹാകുംഭമേള, അറുപതാം വാർഷികം, ഭാവിപരിപാടികൾ (സംഭാഷണം)

By മിലിന്ദ് പരാന്തെ സംസാരിക്കുന്നു...
മഹാകുംഭമേള,  അറുപതാം വാർഷികം,  ഭാവിപരിപാടികൾ  (സംഭാഷണം)

വിശ്വഹിന്ദുപരിഷത്തിന്റെ ചരിത്രത്തിൽ കുംഭമേളയ്ക്ക് വലിയ സ്ഥാനമുണ്ട്. പ്രസ്ഥാനത്തിന്റെ നിർണ്ണായകമായ പല തീരുമാനങ്ങളും വിശുദ്ധസംഗമമായ ഈ മേളനഗരിയിലാണ് കൈക്കൊണ്ടിട്ടുള്ളത്. ലോകമെങ്ങുമുള്ള സന്യാസിമാർക്കും പരമ്പരകൾക്കും ആതിഥ്യമരുളുന്ന ഈ പുണ്യഭൂവിലാണ് വിശ്വഹിന്ദുപരിഷത്തിന്റെ മുന്നോട്ടുള്ള പല ഗതിവിഗതികളും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അറുപത് പിന്നിടുന്ന ഈ വേളയിൽ ഈ മഹാകുംഭമേള വിശ്വഹിന്ദുപരിഷത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. പരിഷത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മഹാകുംഭമേളയെക്കുറിച്ചും എല്ലാം വിവിധ കാലങ്ങളിലായി വിഎച്ച്പിയുടെ സംഘടനാ ജനറൽ സെക്രട്ടറി മിലിന്ദ് പരാന്തെയുമായി രണ്ട് പത്രപ്രവർത്തകപ്രതിനിധികൾ നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

* മഹാകുംഭമേളയിൽ വിശ്വഹിന്ദുപരിഷത്തിന്റെ പങ്കാളിത്തമെന്താണ്?

ഉ: വിശ്വഹിന്ദുപരിഷത്തിനു കുംഭമേളയുമായി ദീർഘകാലബന്ധമുണ്ട്. സ്ഥാപനകാലംമുതൽക്കുതന്നെയുള്ളതാണത്. ഇത്തവണയും വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെടുന്ന വലിയൊരു ക്യാമ്പ് നമ്മൾ ഒരുക്കുന്നുണ്ട്. രാജ്യമെമ്പാടുമുള്ള ഏകദേശം 400 വിഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന കാര്യകർത്താക്കമാരുടെ ഒരു അഖിലഭാരതീയസമ്മേളനവും അവിടെ നടക്കും. അതുകൂടാതെ, വിശ്വഹിന്ദുപരിഷത്തിന്റെ കേന്ദ്ര ഉപദേശകസമിതിയുടെ ഭാഗമായ വ്യത്യസ്ത സമ്പ്രദായങ്ങളിലും വിഭാഗങ്ങളിലും നിന്നുള്ള ആചാര്യന്മാരും അവിടെ സംഗമിക്കുകയുണ്ടായി. അനവധി ബുദ്ധിസ്റ്റുരാജ്യങ്ങളിൽനിന്നും ബുദ്ധസന്യാസിമാരും ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരുടെ ഒരു സമ്മേളനവും പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഹിന്ദുസമൂഹത്തെ മുൻപോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന യുവാക്കളായ സന്യാസി- സന്യാസിനിമാരും ഇത്തരം സമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ദേശീയ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനയാണു വിശ്വഹിന്ദുപരിഷത്ത്. ഒട്ടനവധി ശക്തികൾ ഹിന്ദുസമൂഹത്തിന്റെ ഐക്യത്തെ തകർക്കുവാൻ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ, നമ്മൾ സാമൂഹിക ഐക്യം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനു വ്യക്തികൾ ഈ സവിശേഷ കൂട്ടായ്മയിൽ പങ്കാളികളാകും.

ഗോരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയായ വിശ്വഹിന്ദുപരിഷത്ത് - പ്രതിവർഷം 200000 ലേറെ പശുക്കളെ- ഇവിടെ ഒരു ഗോസംരക്ഷണസമ്മേളനവും ആസൂത്രണം ചെയ്തിട്ടുണ്ട്.

* 2025 മഹാകുംഭമേളയുടെ അനന്യമായ സ്വഭാവവിശേഷതകൾ എന്തൊക്കെയാണ്?

ഉ: കുംഭമേള ആത്മീയപുരോഗതിയ്ക്കുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാനാജാതി, വിഭാഗ, സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന സന്യാസിമാരും ഋഷിമാരും മതപരവും ദേശീയവുമായ പ്രശ്‌നങ്ങൾ പര്യാലോചിക്കുന്നതിനായി ഇവിടെ ഒത്തുചേരുന്നു. 

ആദരണീയരായ ബുദ്ധസന്യാസികളുടെയും ലാമമാരുടെയും വൻതോതിലുള്ള പങ്കാളിത്തം ആഹ്ലാദകരമായ സംഗതിയാണ്. ബുദ്ധിസവും അതിന്റെ ആത്മീയപാരമ്പര്യവും ഈ പുണ്യഭൂമിയിലാണു പിറവികൊണ്ടത്. ഭാരതത്തിൽ ജന്മംകൊണ്ട എല്ലാ ആത്മീയസരണികളും നമ്മുടേതായി കരുതപ്പെടുന്നു. നമ്മുടെ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ആദരണീയരായ ബുദ്ധസന്യാസിമാരുടെ സമ്പന്നസാന്നിധ്യം, വർഗ്ഗീയവിഭജനത്തിലുള്ള ഒരു ശ്രമവും വിജയിക്കുകയില്ലെന്ന സന്ദേശമാണു ലോകത്തിനു നൽകുന്നത്. 35-40 കോടി ജനങ്ങളുടെ സാന്നിധ്യം ആവശ്യപ്പെടുന്നത് ബൃഹത്തായ സജ്ജീകരണങ്ങളാണ്. ആവശ്യമായതെല്ലാം സജ്ജമാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരിക്കുന്നു. എല്ലാം കൃത്യസമയത്തുതന്നെ തയാറാകുമെന്നു ഞങ്ങൾക്കു വിശ്വാസമുണ്ട്. 

സാമൂഹികപരിവർത്തനത്തിന്റെ സന്ദേശം വിനിമയം ചെയ്യുന്നതിനു പ്രത്യേകയത്‌നങ്ങൾ നടക്കുന്നു. ഭക്തർക്ക് തങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതിനും സ്ത്രീധനം, ജാതിവിവേചനം, സ്ത്രീശിശുഹത്യ എന്നിവയ്‌ക്കെതിരായി പ്രവർത്തിക്കുന്നതിനുമുള്ള അന്തരീക്ഷം സംജാതമാക്കുക എന്നതാണിതിന്റെ ലക്ഷ്യം. പരിസ്ഥിതിക്കുറിച്ചുള്ള അവബോധത്തിന്റെ പ്രസക്തി ഊന്നിപ്പറയുന്നതിനുള്ള അവസരം കൂടിയാണു കുംഭമേള. പ്ലാസ്റ്റിക് ഉപയോഗിക്കാതെ സ്റ്റീൽപാത്രങ്ങൾ മാത്രം ഉപയോഗിക്കുന്ന ഏക്‌തൈല, ഏക്താലി മുതലായ സംരംഭങ്ങൾ പരിസ്ഥിതിസംരക്ഷണത്തിന്റെ ശക്തമായ സന്ദേശങ്ങളാണു നൽകുന്നത്.

* ഗോസംരക്ഷണത്തോടൊപ്പം തന്നെ, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥപോലെ സനാതനധർമ്മവും ഹൈന്ദവസമൂഹവും നേരിടുന്ന പ്രശ്‌നങ്ങളും നിർണ്ണായകമാണ്. മഹാകുംഭമേളയിൽ വിശ്വഹിന്ദുപരിഷത്ത് ഇത്തരം കാര്യങ്ങളെയും അഭിസംബോധന ചെയ്യുമോ?

ഉ: തീർച്ചയായും, ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുവരുന്നു. നമുക്ക് ബംഗ്ലാദേശിൽ ഒരു സംഘടന ഇല്ലെങ്കിലും, അവിടെ നടക്കുന്ന അക്രമങ്ങളുടെ വേദന നമ്മളും പങ്കിടുന്നുണ്ട്. ഐക്യരാഷ്ടസംഘടനപോലെയുള്ള അന്താരാഷ്ട സംഘടനകളുടെ സഹായവും ഈ വിഷയത്തിൽ തേടുന്നുണ്ട്.

മറ്റു മതസമൂഹങ്ങൾക്കെതിരായ ആക്രമണങ്ങൾ നടക്കുമ്പോൾ, ആഗോള മനുഷ്യാവകാശസംഘടനകൾ സത്വരമായിതന്നെ അവയ്‌ക്കെതിരായി ശബ്ദമുയർത്തുന്നു. എന്നാൽ, ഹിന്ദുക്കൾ ആക്രമണങ്ങൾക്കിരയാകുമ്പോൾ ഈ സംഘടനകൾ മൗനംപാലിക്കുന്നു. ഹിന്ദുക്കൾക്ക് മനുഷ്യാവകാശങ്ങളില്ലേ എന്ന ആശങ്കയാണിത് ജനിപ്പിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശദിനമായ ഡിസംബർ 10 നു ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ, ഈ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി, ഇതിനെതിരായി പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഭാരതസർക്കാർ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇനിയുമേറെ ചെയ്യാനുണ്ട് ഇക്കാര്യത്തിൽ.

* ഖാലിസ്ഥാനി തീവ്രവാദികളും പാകിസ്ഥാനി ഭീകരരും മഹാകുംഭമേള അലങ്കോലപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. അത്തരം ഭീഷണികളെ എങ്ങനെയാണു കാണുന്നത്?

ഉ: ഈ ഭീഷണികളെ സർക്കാർ കണക്കിലെടുത്തിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്താൻ, മറ്റു അതിർത്തികൾ എന്നിവിടങ്ങളിൽനിന്നും ഉയർന്നിട്ടുള്ള ഈ അപകടഭീഷണികൾ കുംഭമേളയിൽ മാത്രമായി ഒതുങ്ങുന്നില്ല, മറിച്ച് രാജ്യമെമ്പാടും വ്യാപിക്കുന്നുണ്ട്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റവും അവരുടെ ആക്രമണങ്ങളും നിരന്തരമായ വെല്ലുവിളിയാണ്. ഐക്യത്തെക്കുറിച്ചു പറഞ്ഞാൽ, ബുദ്ധസന്യാസിമാരുടെ സാന്നിധ്യം ഇത്തവണ വളരെയേറെയുണ്ടെന്ന് പരാമർശിച്ചിരുന്നല്ലോ.

* ജനങ്ങൾ പലപ്പോഴും കുംഭമേളയെ ഒരു മതപരമായ ഉത്സവമായി കാണുന്നു. താങ്കളുടെ അഭിപ്രായത്തിൽ കുംഭമേള ഒരു മതപരമായ ഒത്തുചേരൽ മാത്രമാണോ? അതോ അതിനുമതീതമായ ഒന്നോ?

ഉ: ഇംഗ്ലീഷിൽ 'റിലിജിയസ്' എന്ന വാക്ക്, കുംഭമേളയുടെ സത്തയെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ പര്യാപ്തമല്ല. ഇത് ആത്മീയവും ധാർമ്മികവുമായ ഒരു അസാധാരണസംഗമമാണ്, ഐക്യത്തിന്റെ ദൃഷ്ടാന്തമാണ്. ഒരൊറ്റ മതത്തിന്റെ ഏറ്റവുമധികം അനുയായികളെ ഒന്നിച്ചണിനിരത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണു മഹാകുംഭമേള. 

ഇത് സാമൂഹിക ഐക്യത്തിന്റെ ഉദാഹരണമാണ്. ഗംഗയിൽ ആരും മറ്റൊരാളുടെ ജാതി തിരക്കുന്നില്ല. 40 കോടി ജനങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഭക്ഷണം വിളമ്പുമ്പോഴോ കഴിക്കുമ്പോഴോ ആരും പരസ്പരം ആരെന്നു ചോദിക്കുന്നില്ല. യാതൊരു ഔപചാരികക്ഷണവുമില്ലാതെ ഹിന്ദുക്കളിവിടെ എത്തുന്നു, ഭക്തിയുടെയും സ്വന്തമെന്ന ബോധത്തിന്റെയും പിൻബലത്തിൽ.

ഈ പുരാതന ആചാരം, ആത്മീയ മാർഗ്ഗനിർദ്ദേശത്തെ മാത്രമല്ല, ഒരു സഞ്ചിതസത്തയെക്കൂടി പ്രതിഫലിപ്പിക്കുന്നു. അത് ഒത്തൊരുമയുടെ അനുഭവത്തെ പരിപോഷിപ്പിച്ചുകൊണ്ട് സനാതനസമാജത്തെ ഐക്യപ്പെടുത്തുന്നു. 

* കുംഭമേള വിജയിപ്പിക്കുവാനുള്ള യത്‌നങ്ങൾ എക്കാലവും വിശ്വഹിന്ദുപരിഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇത്തവണ വിജയമുറപ്പാക്കുവാൻ എന്തെല്ലാമാണു ചെയ്തിട്ടുള്ളത് എന്നു വ്യക്തമാക്കുമോ?

ഉ: ഭക്തജനങ്ങളുടെയും ആദരണീയരായ സന്യാസിവര്യരുടെയും സ്വാഭാവികമായ സംഗമമാണു കുംഭമേള. വ്യത്യസ്ത സമ്പ്രദായങ്ങളിൽപ്പെട്ട സന്യാസിമാർക്ക് ഒന്നിച്ചു പങ്കിടാനൊരു വേദി ഒരുക്കുകയാണു വിശ്വഹിന്ദുപരിഷത്ത് ചെയ്യുന്നത്. അവിടെ ഹിന്ദുസമുദായം നേരിടുന്ന വെല്ലുവിളികളും ഭീഷണികളും ചർച്ചചെയ്യപ്പെടും. ഭീഷണികളെന്നു പറയുമ്പോൾ, മതപരിവർത്തനം, ഹിന്ദുക്കളുടെ ഇടയിലെ കുറഞ്ഞുകൊണ്ടിരിക്കുന്ന ജനനനിരക്ക്, മുസ്ലിം ഭൂരിപക്ഷമേഖലകളിൽ നിന്നുള്ള നുഴഞ്ഞുകയറ്റങ്ങൾ പോലെയുള്ളവയാണുദ്ദേശിക്കുന്നത്. അതുപോലെതന്നെ, 'ലവ് ജിഹാദ്', പാശ്ചാത്യസ്വാധീനം കൊണ്ടുണ്ടാകുന്ന ധാർമ്മിക അധഃപതനം സ്ത്രീധനം, ജാതി വിവേചനം, സ്ത്രീശിശുഹത്യ എന്നിവയും ചർച്ചകൾക്കു വിഷയമാകും. ഇത്തരം പ്രശ്‌നങ്ങളിൽ സമൂഹത്തിനു മാർഗ്ഗനിർദ്ദേശം നൽകുന്നതിനുവേണ്ടി സന്യാസിവര്യന്മാരെ ഒരുമിച്ചുകൊണ്ടുവരുക എന്നതാണു വിശ്വഹിന്ദു പരിഷത്ത് ചെയ്യുന്നത്.

* മഹാകുംഭമേള നടക്കുന്ന ഇടങ്ങളിൽ കടകളും മറ്റും സജ്ജീകരിക്കുവാൻ ഹിന്ദുക്കളെ മാത്രമേ അനുവദിക്കൂ എന്ന് അഖില ഭാരതീയ അഖാരപരിഷത്ത് പ്രസ്താവിച്ചതിനു പിന്നാലെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച്?

ഉ: അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതിനു മുൻപ്, നാം ഹിന്ദുസമുദായത്തിന്റെ വികാരങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. കൻവർ യാത്രയുടെ (കാവടിയാത്ര) കാലത്ത് ഹിന്ദുപേരുകളുള്ള കടകൾ പലതും നടത്തിയിരുന്നത് മുസ്ലിം മതത്തിൽപ്പെട്ടവരായിരുന്നു എന്നു നാം കണ്ടതാണ്. ഇവർ, ഭക്തർക്കുവേണ്ടിയുള്ള ആഹാരത്തിനു സമീപം തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ നാം സോഷ്യൽ മീഡിയ വഴി കണ്ടതാണ്. ഇത് ഭക്തരിൽ അവിശ്വാസം ഉളവാക്കുന്നതിനു കാരണമായി, പ്രത്യേകിച്ചും അത്തരം പ്രവൃത്തികൾ ആചാരങ്ങളുടെ വിശുദ്ധി നഷ്ടപ്പെടുത്തുമെന്ന് നാമോർക്കണം. ഇങ്ങനെയുള്ള വിശുദ്ധാചാരങ്ങൾ നടക്കുമ്പോൾ, ഭക്ഷണവും മറ്റു സേവനങ്ങളും നൽകുന്നത് അതിന്റേതായ വിശുദ്ധിയിൽ തന്നെ ആകണമെന്നുള്ളത് ഉറപ്പാക്കണമെന്ന് ഹിന്ദുസമൂഹം കരുതുന്നു.

ഈ വസ്തുതകൾ കണക്കിലെടുക്കേണ്ടത് ആവശ്യമാണ്. ഹിന്ദുസമുദായത്തിന്റെ ആശങ്കകൾ സാധുവായവയാണ്. അവ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സാമൂഹിക ഐക്യം പ്രധാനമാണ്, എന്നാൽ മതവികാരങ്ങളിൽ വിട്ടുവീഴ്ചചെയ്തുകൊണ്ടാകരുത് അത് സാധ്യമാക്കുന്നത്. ചില പ്രത്യേക വ്യക്തികളുടെ പ്രവൃത്തികൾ അവിശ്വാസത്തിലേയ്ക്കു നയിക്കുകയും അത് ഇപ്പോഴത്തെ നിലപാടിനു കാരണമാകുകയും ചെയ്തു.

* മതപരിവർത്തനത്തെപ്പറ്റി പറയുമ്പോൾ, മുസ്ലിങ്ങളുടെ ഇടയിൽനിന്ന് അടുത്തകാലത്ത് വൻതോതിലുള്ള 'ഘർ വാപസി' ഉണ്ടായത് നാം കണ്ടു. ഈ പ്രവണതയെ എങ്ങനെ കാണുന്നു?

ഉ: അവബോധം വളരുമ്പോൾ, ധാരാളം ആളുകൾ സ്വന്തം മതത്തിലേയ്ക്കു മടങ്ങിവരുന്നു. ഉദാഹരണത്തിന്, അജ്മീറിൽ, പ്രിഥ്വിരാജ് ചൗഹാന്റെ കാലത്തിനുശേഷം ബലപ്രയോഗത്തിലൂടെ മതപരിവർത്തനം ചെയ്യപ്പെട്ട 150,000 ൽപരം ആളുകൾ സനാതനധർമ്മത്തിലേയ്ക്കു മടങ്ങിവന്നു.

അപമാനബോധമില്ലാതെ ഹിന്ദുസമൂഹത്തിലേയ്ക്ക് മടങ്ങിവരാമെന്നും അവിടെ സ്വീകരിക്കപ്പെടുമെന്നും കരുതുന്നവർ അതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. അവർക്ക് സമൂഹത്തിലേയ്ക്കു തിരിച്ചുവരവ് സുഗമമാക്കുവാൻ വിശ്വഹിന്ദുപരിഷത്തും സന്യാസിമാരും സഹായിക്കുന്നു. വിദ്യാഭ്യാസം, വിവാഹം, സംസ്‌കാരം എന്നിങ്ങനെ എല്ലാകാര്യങ്ങളിലും ആ സഹായം ലഭ്യമാക്കുന്നു. ഘർവാപസി വെറുമൊരു ചടങ്ങല്ല, അത് അന്തസ്സും വ്യക്തിത്വവും പുനഃസ്ഥാപിക്കുന്ന ദീർഘമായൊരു പ്രക്രിയയാണ്.

* 2019 ലെ അർദ്ധകുംഭമേള വൻ വിജയമായിരുന്നു. അത് ഈ മഹാകുംഭമേളയെക്കുറിച്ചുള്ള കനത്ത പ്രതീക്ഷകൾക്കു കാരണമായി. ഇത്തരം ധാർമ്മികമേളകളിലെ സർക്കാരിന്റെ പങ്കാളിത്തം പരിമിതപ്പെടുത്തണമെന്ന് ചിലർ വാദിക്കുന്നു. ഇതിൽ താങ്കളുടെ അഭിപ്രായമെന്താണ്?

ഉ: 35-40 കോടി ആളുകൾ പങ്കെടുക്കുന്ന ഒരു മഹാമേള നടത്തുമ്പോൾ, അടിസ്ഥാനസൗകര്യങ്ങളായ റോഡുകൾ, വൈദ്യുതി, ശുചീകരണസേവനങ്ങൾ എന്നിവയെല്ലാം സജ്ജമാക്കുന്നതിനു സർക്കാരിന്റെ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. സർക്കാർ കുംഭമേളയുടെ ധാർമ്മികപ്രവർത്തനങ്ങളിൽ ഇടപെടുന്നില്ല. ആത്മീയകാര്യങ്ങൾ സമുദായത്തിനു വിട്ടുകൊടുത്തുകൊണ്ട് സേവനദാതാക്കളായി മാത്രം വർത്തിക്കുന്നു,

* മഹാകുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് എന്തു സന്ദേശമാണു താങ്കൾ നൽകുക?

ഉ: മഹാകുംഭമേള നമ്മുടെ ചരിത്രത്തിലും പാരമ്പര്യത്തിലും ആഴത്തിൽ വേരോടിയിട്ടുള്ളതാണ്. എന്നാൽ അതിനെ 'പൗരാണികം' എന്ന് തെറ്റായി അവതരിപ്പിക്കുവാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. അതു ശരിയല്ല. കുംഭമേളയുമായി ബന്ധപ്പെട്ടു നടക്കുന്ന വിശേഷസംഭവങ്ങൾ പുരാണമല്ല, ചരിത്രയാഥാർത്ഥ്യങ്ങളാണ്.

ഉദാഹരണത്തിന്, പാലാഴി കടഞ്ഞെടുത്ത അമൃതുമായി കുംഭമേളയ്ക്ക് ബന്ധമുണ്ട്. ഈ അമൃത് തൂകിവീണസ്ഥലങ്ങളിലാണ് - ഉജ്ജയിനി, ഹരിദ്വാർ, പ്രയാഗ്, നാസിക്- കുംഭ് ആഘോഷിക്കപ്പെടുന്നത്. ഇവയെല്ലാം സവിശേഷപ്രാധാന്യമുള്ള ചരിത്രസംഭവങ്ങളാണ്.

കൂടാതെ, കുംഭമേള പാരമ്പര്യത്തിന്റേ ബന്ധനത്തെ ശക്തമാക്കുകയും ചെയ്യുന്നു. ഗംഗാസ്‌നാനത്തിനായി ലക്ഷങ്ങൾ എത്തുന്നു, അത് മനസ്സിനെ വിമലീകരിക്കുകയും പാപങ്ങളെ കഴുകിക്കളയുകയും ചെയ്യുന്നുവെന്നാണു വിശ്വസിക്കപ്പെടുന്നത്. നാനാജാതി, വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ വ്യത്യസ്ത ഭൂവിഭാഗങ്ങളിൽ നിന്ന് ഇവിടെയെത്തി, ഈ കൂട്ടായ്മയിൽ ഒത്തുചേരുന്നു, ഒരുമയുടെയും ഐക്യത്തിന്റെയും പ്രതീകമാകുന്നു.

അതുപോലെതന്നെ, സാധാരണഗതിയിൽ ഭക്തർക്ക് അപ്രാപ്യരായ സന്യാസിവര്യന്മാരെ കാണുന്നതിനും അവരുടെ അനുഗ്രഹം നേടുന്നതിനും കുഭമേള അവസരമൊരുക്കുന്നു. ഈ സഞ്ചിതസമ്മേളനം നമുക്ക് ചരിത്രത്തോടും പാരമ്പര്യത്തോടും ആത്മീയതയോടുമുള്ള ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നു. 

* വിശ്വഹിന്ദുപരിഷത്ത് 60 വയസ്സ് പിന്നിടുന്നു. എന്തൊക്കെയാണ് അതിന്റെ പ്രധാന സംഭാവനകൾ?

ഉ: ഹിന്ദുക്കളുടെ സംരക്ഷണത്തിനായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഇത്തരമൊരു സംഘടനയുടെ ആവശ്യകത പൂജനീയ ഋഷിമാർക്കും പൂജനീയ സർസംഘചാലകിനും തോന്നിയിരുന്നു. ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ ഒരു വേദിയിൽ ഒരുമിച്ച് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. 29 ഓളം രാജ്യങ്ങളിൽ ഇന്ന് വിശ്വഹിന്ദുപരിഷത്തിന്റെ സാന്നിധ്യമുണ്ട്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുകെ, യു.എസ്.എ. തുടങ്ങിയ രാജ്യങ്ങളിലും പ്രവർത്തനമുണ്ട്.

ഹിന്ദുസമൂഹത്തെ ബാഹ്യമായ എല്ലാ ആക്രമണങ്ങളിൽനിന്നും സംരക്ഷിക്കാനുള്ള മുന്നണിപ്പോരാളിയാണ് വി.എച്ച്.പി. അതുകൊണ്ടാണ് ഹിന്ദുക്കൾക്ക് വേണ്ടപ്പെട്ടതായ നിരവധി വിഷയങ്ങൾ വി.എച്ച്.പി. ഏറ്റെടുത്തത്.

ഇതിൽ ഗോസംരക്ഷണം, ശ്രീരാമജന്മഭൂമിപോലുള്ള ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കൽ, രാമസേതുവും ബാബ അമർനാഥും ബുദ്ധ അമർനാഥും എല്ലാം ഉൾപ്പെടുന്നു. നമ്മുടെ സമൂഹത്തെ കുറ്റമറ്റതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു മൂന്നാമത്തെ വശം. സാമൂഹികതിന്മകളുടെ ഉന്മൂലനനത്തിനും, സമൂഹത്തെ ഉണർത്തുന്നതിനും, വ്യക്തികളുടെയും സാമൂഹിക കൂട്ടായ്മകളുടെയും പെരുമാറ്റ രീതികൾ പരിവർത്തിപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തുന്നു. പിന്നെ വളരെ വിശാലമായ ശ്രേണിയിലുള്ള സേവനപദ്ധതികൾ ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, പരിസ്ഥിതി, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിൽ ഏറ്റെടുത്തു നടത്തി. ഇവിടെയും നമ്മൾ ചില വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.

വളരെ സാരവത്തായ ഒരു നേട്ടം ഹിന്ദുസമൂഹത്തിൽ വളർന്നുവരുന്ന ആത്മാഭിമാനവും ഐക്യബോധവുമാണ്. പൂജനീയ ധർമ്മാചാര്യന്മാരുടെ മാർഗനിർദേശവും സഹകരണവുമാണ് ഇത് സാധ്യമാക്കിയത്. നമുക്ക് നേരെയുള്ള ആക്രമണത്തിന്റെ കുന്തമുനകളിൽ ഒന്ന് മതപരിവർത്തനമായിരുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ പ്രവർത്തനങ്ങൾ മൂലം ലക്ഷക്കണക്കിന് ഹിന്ദുക്കൾ സ്വധർമ്മത്തിലേക്ക് സ്വമേധയാ മടങ്ങിവരികയുണ്ടായി. അക്കാരണത്താൽ, വിശ്വഹിന്ദുപരിഷത്തിന്റെ രൂപീകരണവേളയിൽ ചിന്തിച്ചിരുന്ന ഉദ്ദേശലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മൾ ഗണ്യമായ പുരോഗതി ഉണ്ടാക്കിയെന്നു പറയാം.

* രാമജന്മഭൂമിപ്രസ്ഥാനമായിരുന്നു വിശ്വഹിന്ദുപരിഷത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ല്, വലിയ ഒരളവോളം ഹിന്ദുസമൂഹത്തിന്റെയും. എങ്ങനെയാണ് അതിനെ കാണുന്നത്? എന്താണ് ഈ പ്രസ്ഥാനത്തിന്റെ ഹിന്ദുസമൂഹത്തിലുള്ള സ്വാധീനം?

ഉ: ഇതിന്റെ വളരെ പ്രധാനപ്പെട്ട ഫലങ്ങളിലൊന്ന് ഹിന്ദുത്വം സമൂഹത്തിന്റെ മുഖ്യധാരാ ചിന്താശ്രേണിയിലേക്ക് വന്നിരിക്കുന്നു എന്നുള്ളതാണ്. നേരത്തേ രാജ്യത്തെ ഏതെങ്കിലും പ്രസ്ഥാനങ്ങളും രാഷ്ട്രീയനീക്കങ്ങളുമെല്ലാം ഹിന്ദുസമൂഹത്തെ അവഗണിച്ചുകൊണ്ടോ അവഹേളിച്ചുകൊണ്ടോ ഉള്ള ആയിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാൽ ഇന്നത് സാധ്യമല്ല. രാമജന്മഭൂമിപ്രസ്ഥാനത്തിനുശേഷം ഹിന്ദുത്വം മുഖ്യധാരയിൽ വന്നു.  യഥാർത്ഥത്തിൽ ഇത് ആത്മാഭിമാനത്തിനുള്ള പോരാട്ടമായിരുന്നു. വിവാദ ബാബറിക്കെട്ടിടം അപമാനത്തിന്റെ പ്രതീകമായിരുന്നു, ഏതൊരു സ്വാഭിമാനസമൂഹവും ഇത്തരം അടയാളങ്ങൾ ഒഴിവാക്കണം. ലോകത്തിന്റെ പലയിടത്തും ഇത് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ നാനാഭാഗത്തുമുള്ളവർ ഈ പ്രസ്ഥാനത്തോട് താദാത്മ്യപ്പെട്ടു. ആരാധനയുടെ കാര്യത്തിൽ മാത്രമല്ല അവർ ബന്ധപ്പെട്ടത്. അങ്ങനെയാണെങ്കിൽ വൈഷ്ണവർ മാത്രമല്ലേ ഈ പ്രസ്ഥാനത്തിന് ചുറ്റും ഉണ്ടാകുമായിരുന്നുള്ളു. സ്വത്വബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകം ആയതിനാൽ ഹിന്ദുവിന്റെ എല്ലാ വിഭാഗങ്ങളും ഈ പ്രസ്ഥാനത്തിന് ചുറ്റും അണിനിരന്നു. മൂന്നാമതായി, ഇതിൽ ഭക്തിയുടെ ഒരു ഘടകം ഉണ്ടായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമാണ് ഭഗവാൻ ശ്രീരാമൻ എന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ആളുകളുണ്ട്. ഇതിലൂടെ അവരും പരസ്പരം ബന്ധിപ്പിക്കപ്പെട്ടു. രാമൻ വെറുമൊരു അവതാരമല്ല, രാഷ്ട്രപുരുഷൻ അഥവാ മര്യാദാപുരുഷോത്തമൻ ആയിരുന്നു. ഹിന്ദുസമൂഹവും ഹിന്ദുസംസ്‌കാരവും എന്തൊക്കെ വിലമതിക്കുന്നുണ്ടോ അതെല്ലാമാണ് ശ്രീരാമൻ എന്ന് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. അതിനാൽ, രാജ്യം മുഴുവൻ രാമജന്മഭൂമിയോട് ഐക്യപ്പെട്ടു.

ഈ സമരത്തിന്റെ അവസാനഘട്ടമായ രാമജന്മഭൂമി സമ്പർക്ക് അഭിയാൻ എന്ന പരിപാടി അഭൂതപൂർവമായ വിജയമാണ് കൈവരിച്ചത്. നമ്മൾ നാലു ലക്ഷത്തിലധികം ഗ്രാമങ്ങളിലും, 12 കോടിയിലധികം കുടുംബങ്ങളിലും എത്തിച്ചേർന്നു. ഇത് ഏകദേശം 65 കോടി ജനങ്ങളാണ്. ഭഗവാൻ ശ്രീരാമൻ എത്ര ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്ന് ഇത് വെളിപ്പെടുത്തുന്നു. രാമജന്മഭൂമി ഹിന്ദുസമൂഹത്തെ തിരുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ശ്രീ വി.എസ്. നയ്പാൾ അഭിപ്രായപ്പെട്ടതുപോലെ ഒരു മഹത്തായ സംസ്‌കാരം വീണ്ടും നിവർന്നുനിൽക്കുന്നു. ഈ സംസ്‌കാരത്തെ വീണ്ടും അഭിമാനത്തോടെ തലയുയർത്തിനിൽക്കാൻ രാമജന്മഭൂമി സഹായിച്ചിട്ടുണ്ട്.

* ജൈനരുടെയും ലിംഗായത്തുകാരുടെയും അവസ്ഥയെക്കുറിച്ച് എന്താണ് പറയുവാനുള്ളത്?

ഉ: പ്രധാനമായും, താങ്കൾ പറഞ്ഞ ജൈനസമാജത്തിലെ പൂജ്യ ധർമ്മാചാര്യന്മാരെപ്പോലുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. വിവിധ സമ്പ്രദായങ്ങളിലെ നിരവധി സന്യാസിമാരെ ഞങ്ങൾ കണ്ടു. അവരെല്ലാം പരസ്യമായി തങ്ങൾ ഹിന്ദുക്കളാണെന്ന് പറയുകയുണ്ടായി. പരസ്യമായി ഇത് പറഞ്ഞ നിരവധി സാധുക്കളുടെ പേര് പറയാൻ എനിക്ക് കഴിയും. ഞങ്ങൾ 13 ഗച്ഛകളിലും (ജൈനസമ്പ്രദായങ്ങൾ) ശ്വേതാംബരമൂർത്തിപൂജക്‌സാംഘിക്കിലും പോകുകയുണ്ടായി. ആചാര്യന്മാരെല്ലാമിരുന്ന് ശാർവകരെ (ശിഷ്യരെ) വിളിച്ച് ഒരു തുറന്ന ചർച്ചനടത്തിയിരുന്നു. മാത്രമല്ല, ഹിന്ദുസമ്പ്രദായത്തിൽ നിന്നും വിട്ടുപോകണമെന്ന ആശയത്തെ ആരുംതന്നെ അംഗീകരിക്കുകയുണ്ടായില്ല. രാഷ്ട്രീയതാത്പര്യത്താലോ, ന്യൂനപക്ഷപദവിയുടെ പേരിൽ സ്ഥാപനം നടത്തുവാൻ താത്പര്യമുള്ളവരോ ആയ ചിലർ ഇത്തരം അന്യവത്കരണങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. സാമുദായികപ്രതിനിധികളെന്ന നിലയിൽ ഇപ്പോൾ സന്യാസിമാർ ഇതിനെതിരെ നിലപാട് എടുത്തിട്ടുണ്ട്. പ്രാദേശികതലം മുതൽ ദേശീയതലം വരെയുള്ള വി.എച്ച്.പി.യുടെ പല ഭാരവാഹികളും ജൈനസമുദായത്തിൽ നിന്നുമുള്ളവരാണ്.

ഇതുപോലെതന്നെയാണ് ലിംഗായത്ത് സമുദായത്തിന്റെ കാര്യവും. മഹാരാഷ്ട്രയിൽ നിന്നും കർണ്ണാടകയിൽ നിന്നുമുള്ള നിരവധി നേതാക്കൾ എന്നെ കാണുവാൻ വരികയുണ്ടായി. ഈ പ്രശ്നം ഉയർന്നുവരുന്നതിൽ അവരും അതിശയപ്പെടുകയുണ്ടായി. വോട്ടുബാങ്ക് രാഷ്ട്രീയത്തിനായുള്ള ചില കോൺഗ്രസ്സ് സർക്കാരുകളുടെ ശ്രമമായിരുന്നു അത്. സമൂഹത്തെ ഛിദ്രമാക്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ ഇന്ന് സന്യാസിമാരും സാമുദായികനേതാക്കളും പൊതുയിടങ്ങളിൽ വിശാലഹിന്ദുധർമ്മത്തിന്റെ ഭാഗമാണ് ലിംഗായത്തുകളെന്ന് പ്രഖ്യാപിക്കുന്നു.

ഗോത്രസമുദായങ്ങളിലും ഇതേ പ്രവണത കാണം. 'രണപുഞ്ജ' പോലുള്ള വിവിധ ഗോത്രങ്ങളുടെ ഇടയിൽ നമ്മുടെ പരിപാടികളും യോഗങ്ങളും നടക്കുന്നുണ്ട്. പുഞ്ച്ബിൽ ആണ് മഹാറാണാ പ്രതാപിനോടൊപ്പം മുഗളർക്കെതിരെ പോരാടിയത്. രാജമുദ്രയുടെ (രാജകീയ അടയാളം) പകുതി ബില്ലവരാണ്. താന്തിയാ ബിൽ ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. അതുപോലെ തന്നെയായിരുന്നു ഗെയ്ഡ്നിലുവും ബിർസ മുണ്ടയും. എല്ലായിടത്തും ഈ ഗോത്രങ്ങൾക്കിടയിൽ നമ്മൾ പ്രവർത്തിക്കുകയും രാഷ്ട്രത്തിന്റെയും ധർമ്മത്തിന്റെയും സംരക്ഷണത്തിനായി ഈ സമുദായങ്ങളുടെ ചരിത്രപരമായ സംഭാവനകളെ വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്നു. ധർമ്മത്തിന്റെയും രാഷ്ട്രത്തിന്റെയും സംരക്ഷണത്തിനുവേണ്ടി ഇവർ ചെയ്ത ചരിത്രസംഭാവനകളെ തുറന്നുകാട്ടുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ചരിത്രപരമായും സാംസ്‌കാരികമായും ഉള്ള സമന്വയത്തിന് ഈ ഇടപെടൽ വളരെ പ്രധാനമാണ്.

* വി.എച്ച്.പി. നടത്തുന്ന സേവാപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?

ഉ: ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം, സ്ത്രീശാക്തീകരണം, പരിസ്ഥിതിസംരക്ഷണം എന്നീ മേഖലകളിലായി വി.എച്ച്.പി. 5,000 ഓളം സേവാപദ്ധതികളാണ് ഇന്ന് നടപ്പിലാക്കിവരുന്നത്. പുറമെ, ഏകത്‌വിദ്യാലയപദ്ധതി സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ട്. ഞാനിപ്പോൾ ആ വിഷയത്തിലേക്കു കടക്കുന്നില്ല. എന്നാൽ രാജസ്ഥാനിലെ ആദിവാസിമേഖലകളിലെ ചില കർമ്മപദ്ധതികളെക്കുറിച്ച് പറയാം. സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ (ബൻസ്വാര, പ്രതാപ്ഗഡ്, ഉദയ്പൂർ) ഏകദേശം 300 പ്രാഥമികവിദ്യാലയങ്ങളും ഉപരിവിദ്യാലയങ്ങളും നടത്തിവരുന്നുണ്ട്. ലക്ഷക്കണക്കിന് ആദിവാസികുട്ടികളുടെ ജീവിതത്തിൽ ഇത് പരിവർത്തനം സൃഷ്ടിക്കുന്നുണ്ട്്. നൂറുകണക്കിന് ബാങ്കുദ്യോഗസ്ഥർ, അധ്യാപകർ, അഭിഭാഷകർ, എംഎൽഎമാരും എംപിമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, എല്ലാം ഈ പദ്ധതിയിലൂടെ ഉണ്ടായിട്ടുണ്ട്. തീർച്ചയായും സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗങ്ങളിൽ നമ്മൾ ഗുണപരമായ മാറ്റംവരുത്തിയിട്ടുണ്ട്. സമൂഹത്തെ നയിക്കാൻ അവരെ ശാക്തീകരിക്കുകയും ചെയ്തു.

പൂജ്യ സ്വാമി ലക്ഷ്മണാനന്ദജിയുടെ രക്തസാക്ഷിത്വം സംഭവിച്ച ഒഡീഷയിലെ കാണ്ഡമഹൽ ജില്ലയിൽ കഴിഞ്ഞ 50 വർഷമായി നമ്മൾ പ്രവർത്തിച്ചുവരുന്നുണ്ട്. 'പെൺകുട്ടികൾക്ക് മാത്രമുള്ള' സംസ്‌കൃത റസിഡൻഷ്യൽ സ്‌കൂളുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. മുംബൈയിൽ കാൻസർ രോഗികളെ പരിരക്ഷിക്കുന്നതിനായുള്ള ഒരു ബൃഹത്പദ്ധതിയുണ്ട്. കാൻസർ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഇവിടെ സേവനങ്ങൾ ലഭിക്കുന്നു. ഡയാലിസിസ് രോഗികൾക്കുവേണ്ടിയും പ്രവർത്തിക്കുന്നുണ്ട്.

വി.എച്ച്.പി. സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. അവരെ സേവിക്കുക മാത്രമല്ല, ശരിക്കും ശാക്തീകരിക്കുകയാണ്. അവരിൽ പലരും സമൂഹത്തെ വീണ്ടും സേവിക്കാൻ നിലകൊണ്ടവരാണ്. സേവനത്തിന്റെ പ്രഭാവം അതാണ്. അതൊരു വലിയ പരിവർത്തനമാണെന്ന് ഞാൻ കരുതുന്നു. അവർ സേവനസ്വീകർത്താക്കളായിരുന്നു, ഇപ്പോൾ അവർ സേവനം ചെയ്യുന്നു. ഗുണഭോക്താക്കൾ എന്നതിലുപരി അവർ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ആളുകളായി മാറുന്നു.

ഇതുകൂടാതെ, ഓരോ വ്യക്തിക്കും ധർമ്മം ഉണ്ടായിരിക്കണമെന്നാണ് നമ്മുടെ വിശ്വാസം. അത് ഓരോ വ്യക്തിക്കും പ്രാവർത്തികമാക്കാനും പ്രചരിപ്പിക്കാനും എളുപ്പത്തിൽ ലഭ്യമാകണം. സാമൂഹികസൗഹാർദവും ഉണ്ടാകണം. തമിഴ്നാട്ടിൽ വളരെ വലിയ പരീക്ഷണമാണ് നടത്തിയത്. നമ്മൾ 25,000ത്തിലധികം പൂജാരിമാരെ പരിശീലിപ്പിച്ചിട്ടുണ്ട്. അതിൽ 15-20 ശതമാനം ബ്രാഹ്മണസമുദായത്തിൽ നിന്നുള്ളവരാണ്, ബാക്കി വരുന്നവർ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരും. പൂജ ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു.

ജാർഖണ്ഡിൽ ഗോത്രവർഗക്കാർക്കിടയിലും നമ്മൾ ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സംസ്‌കൃതത്തിലും അതത് മാതൃഭാഷകളിലും ലഭ്യമായ വിദഗ്ധരുടെ സഹായത്തോടെ നമ്മൾ ഇതിനായി പാഠ്യപദ്ധതികൾ തയ്യാറാക്കിയിട്ടുള്ളതിനാൽ എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കാൻ പോകുകയാണ്. സ്ത്രീകളെ പൂജാരികളായി ആദ്യം പരിശീലിപ്പിക്കുന്നത് നമ്മളാണ്. ആയതിനാൽ ഇത് ജാതിപരമായ സമത്വത്തിനും സാമൂഹിക സൗഹാർദ്ദത്തിനും പുറമെ ലിംഗസമത്വവും കൂടിയാണ്.

* വിദ്യാഭ്യാസം, ആരോഗ്യം, കായികം എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ ചില വിഭാഗങ്ങളെ മതംമാറ്റുന്ന പ്രവർത്തനങ്ങൾ വ്യാപകമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിൽ വി.എച്ച്.പി. എത്രത്തോളം വിജയിച്ചു, പ്രത്യേകിച്ച് ആദിവാസിമേഖലകളിൽ?

ഉ: മദ്ധ്യഭാരതത്തിൽ ബംഗാൾ മുതൽ രാജസ്ഥാൻ, ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഗോത്രവിഭാഗങ്ങൾ വലിയതോതിലുണ്ട്. പ്രധാനമായും സേവനപദ്ധതികളിലൂടെയാണ് വിശ്വഹിന്ദുപരിഷത്ത് ഈ മേഖലകളിലെല്ലാം പ്രവർത്തിക്കുന്നത്. ഈ വിഭാഗങ്ങൾക്കിടയിൽ നിരവധി സന്യാസിമാരും പ്രവർത്തിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരത്തിലും ധർമ്മവിരുദ്ധവും രാജ്യവിരുദ്ധവുമായ അക്രമങ്ങളെ എതിർക്കുന്നതിലും ഗോത്രവർഗക്കാരുടെ പങ്കാളിത്തം വളരെ വലുതായിരുന്നു. ചെലവഴിക്കുന്ന പണത്തിന്റെ ധാരാളിത്തവും നിരക്ഷരതയും ആദിവാസി ജനതയുടെ ദാരിദ്ര്യവും കാരണം ചില സർക്കാരിന്റെ പദ്ധതികൾക്ക് പ്രതികൂലഫലങ്ങളുണ്ട്. പലരും ശ്രമിക്കുന്നുണ്ടെങ്കിലും, അവരിൽ ചിലർ നേരിയ വിജയം നേടുന്നു. എന്നാൽ നമ്മൾ അവിടെ പോകുമ്പോൾ, വലിയ മാറ്റമാണ് ഉണ്ടാകുന്നത്. ഉദാഹരണത്തിന്, 'ജനജാതി സുരക്ഷാ മഞ്ച്' എന്ന പേരിൽ ഒരു സംഘടന മതംമാറിയ ആളുകളെ പട്ടികവർഗ സംവരണ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. കോൺഗ്രസിൽനിന്നുള്ള പാർലമെന്റ് അംഗമായിരുന്ന കാർത്തിക് ഒറോൺ ആണ് ഈ വിഷയം ആദ്യം ഏറ്റെടുത്തത്. ക്രിസ്തുമതത്തിലേക്കോ ഇസ്ലാമിലേക്കോ പരിവർത്തിതരായ 18 മുതൽ 19 ശതമാനം വരെ ആദിവാസികൾ സംവരണ ആനുകൂല്യത്തിന്റെ 80 ശതമാനമാണ് ഉപയോഗപ്പെടുത്തുന്നത്. ശരിക്കും ആദിവാസി വിഭാഗത്തിന്റെ സംവരണം അവരുടെ ഗോത്രസംരക്ഷണത്തിനാണ്. ആ പാരമ്പര്യത്തിൽ നിന്ന് മാറുമ്പോൾ, ഒരു ഗോത്രവർഗക്കാരൻ അല്ലാതായിത്തീരുന്നു. നിർഭാഗ്യവശാൽ, നിയമം രൂപീകരിക്കുമ്പോൾ ഈ സത്ത നഷ്ടപ്പെട്ടു. നമ്മുടെ പ്രവർത്തനംകൊണ്ട് ഇപ്പോൾ സാഹചര്യം മാറുകയാണ്, എന്നിരുന്നാലും വളരെയധികം കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതായുണ്ട്.

*ക്ഷേത്രങ്ങൾ മോചിപ്പിച്ച് ഹിന്ദുസമൂഹത്തിന് കൈമാറുന്നത് വളരെയധികം ചർച്ചചെയ്യപ്പെട്ട മറ്റൊരു വൈകാരികമായ പ്രശ്നമാണ്. ഇത് വി.എച്ച്.പി.യുടെ അജണ്ടയിലുണ്ടോ, മറ്റ് സംഘടനകളുമായി ചേർന്ന് വിശ്വഹിന്ദുപരിഷത്ത് ഇത് എത്രത്തോളം മുന്നോട്ട് കൊണ്ടുപോകുന്നു?

ഉ: നമ്മുടെ അജണ്ടയിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണിത്. അടുത്തിടെ ഉത്തരഖണ്ഡിൽ 52 പുരാതനക്ഷേത്രങ്ങൾ സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് വിഎച്ച്പി സമൂഹത്തെ ഉണർത്തുകയും പിന്നീട് സർക്കാരുമായി സംവദിക്കുകയും ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രധാന പ്രശ്നം. അഭിഭാഷകരും വിരമിച്ച ജഡ്ജിമാരും ഉൾപ്പെടെ നിരവധി നിയമവിദഗ്ധരോടൊപ്പം വി.എച്ച്.പി. പ്രവർത്തിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങൾ ഹിന്ദുസമൂഹത്തിന് കൈമാറാൻ സമ്മതിച്ചാൽ ആ ക്ഷേത്രങ്ങളെ എങ്ങനെ സ്വീകരിക്കും? ട്രസ്റ്റികളെ ആരാണ് നിയമിക്കുക? വസ്തുവഹകൾ ആര് കൈകാര്യം ചെയ്യും? സർക്കാരുകളുടെയോ ജുഡീഷ്യറിയുടെയോ ഏറ്റവും കുറഞ്ഞ ഇടപെടലോടെ ഭരണഘടനാചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുള്ള തർക്കപരിഹാരസംവിധാനം എന്തായിരിക്കും? എന്നുതുടങ്ങിയ നിരവധി ചോദ്യങ്ങളുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പൂർണമായ പങ്കാളിത്തം എങ്ങനെ ഉറപ്പാക്കാം എന്നതും നിർണായകമായ ചോദ്യമാണ്. ക്ഷേത്രങ്ങൾ സാമൂഹിക സൗഹാർദ്ദത്തിന്റെയും ധർമ്മപ്രചരണത്തിന്റെയും സേവയുടെയും കേന്ദ്രങ്ങളായി മാറണം. ഈ വശങ്ങളെല്ലാം പരിഗണിച്ച് ഒരു മാതൃക സൃഷ്ടിക്കാൻ നമ്മൾ ശ്രമിക്കുന്നുണ്ട്.

* വി.എച്ച്.പി. നിലവിൽ വന്നിട്ട് 60 വർഷം പിന്നിട്ടു. വളരെയധികം ശ്ലാഘനീയമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു, അവയിൽ ചിലത് സാക്ഷാത്കരിച്ചു. ചില പുതിയ വെല്ലുവിളികൾ വന്നിരിക്കുന്നു. എന്താണ് ഭാവി അജണ്ട? ഇനി കാശിക്കും മഥുരയ്ക്കും ആണോ മുൻഗണന?

ഉ: രാമജന്മഭൂമിയും കാശിയും മഥുരയും ഹിന്ദുസമൂഹത്തിന്റെ പ്രതിജ്ഞകളായിരുന്നു. അതിനായി വി.എച്ച്.പി. പ്രവർത്തിക്കുന്നു. അയോധ്യയിലെ മഹത്തായ ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തോടെ രാമജന്മഭൂമി യുക്തിസഹമായ പര്യവസാനത്തിലെത്തുകയാണ്. ഹിന്ദുസമൂഹത്തിന്റെ അജണ്ടയിൽ കാശിയും മഥുരയും തീർച്ചയായും ഉണ്ട്.