Logo

VHP PUBLICATIONS

Hindu Vishwa


expand_more

അറുപതാം വാർഷികവേളയിൽ വിശ്വഹിന്ദുപരിഷത്ത്

By വിനോദ് ബൻസാൽ (വിവ: ശ്രീലക്ഷ്മി ആർ.)
അറുപതാം  വാർഷികവേളയിൽ  വിശ്വഹിന്ദുപരിഷത്ത്

വിശ്വഹിന്ദുപരിഷത്ത്, അതിന്റെ കർമ്മമേഖലയിൽ നീണ്ട അറുപത് വർഷങ്ങൾ പിന്നിടുകയാണ്. ഹൈന്ദവ മൂല്യങ്ങളെ സംരക്ഷിക്കുന്നതിലും ഈ നാടിന്റെ സാംസ്‌കാരികപൈതൃകത്തെ പുതുതലമുറയ്ക്ക് കൈമാറുന്നതിലും സംഘടന വഹിച്ച പങ്ക് പുനർവിചിന്തനം ചെയ്യാൻ എന്തുകൊണ്ടും യോജിച്ച അവസരമാണ് ഈ വാർഷികവേള. സാമൂഹിക - രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സംഘടന ഏറ്റെടുത്ത സുപ്രധാനമായ പ്രവർത്തനങ്ങളിൽ തുടങ്ങി സമുദായത്തിന്റെ സർവതോന്മുഖമായ വികസനത്തിലും സാംസ്‌കാരിക സംരക്ഷണത്തിലും അനവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതിനൊപ്പംതന്നെ നിരന്തരമായ വെല്ലുവിളികളെയും സംഘടന അഭിമുഖീകരിച്ചുകഴിഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനുശേഷം, മതേതരത്വത്തിന്റെയും ക്രിസ്ത്യൻ, മുസ്ലീം പ്രീണനത്തിന്റെയും പേരിൽ ഹിന്ദുസമൂഹം നിത്യേന അനുഭവിക്കേണ്ടിവന്ന അനീതികളുടെ നേർക്കാഴ്ച ആയിരുന്നു 1957- ൽ അവതരിപ്പിക്കപ്പെട്ട നിയോഗി കമ്മീഷൻ റിപ്പോർട്ട്. ചതിയിലൂടെയും വഞ്ചനയിലൂടെയും അനേകം ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷണറിമാർ മതപരിവർത്തനത്തിന് വിധേയരാക്കുന്നു എന്ന നഗ്‌നസത്യം വെളിപ്പെട്ടിട്ടും അതിനെതിരെ ഒരു നിയമം കൊണ്ടുവരാൻ അന്നത്തെ കേന്ദ്രഗവൺമെന്റ് തയ്യാറായില്ല. അതേ സമയം വിദേശങ്ങളിൽ താമസിക്കുന്ന ഹിന്ദുസമൂഹമാകട്ടെ തങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടി മാതൃരാജ്യത്തെ ഉറ്റുനോക്കുകയായിരുന്നു. അവിടെയും കേന്ദ്രസർക്കാരിന്റെ ഉദാസീനമായ നിലപാട് കനത്ത നിരാശയിലേക്കുതന്നെ ഹിന്ദുസമൂഹത്തെ നയിച്ചു. ഈ സാഹചര്യത്തിലാണ്, അറുപത് വർഷങ്ങൾക്കുമുൻപ് ഒരു ജന്മാഷ്ടമിയിൽ ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കുക, ധർമ്മസംസ്ഥാപനത്തിന് നേതൃത്വം നൽകുക, ഹിന്ദുവിന്റെ മത - സാമൂഹിക - സാംസ്‌കാരിക മൂല്യങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തി വേൾഡ് ഹിന്ദു കൗൺസിൽ (വിശ്വഹിന്ദുപരിഷത്ത്) രൂപീകൃതമാകുന്നത് (ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 1964, ആഗസ്ത് 29).

കൃഷ്ണജന്മാഷ്ടമിയുടെ ആ പുണ്യമുഹൂർത്തത്തിൽ മുംബൈയിലെ പവായിലുള്ള സാന്ദീപനി സാധനാലയ ആശ്രമത്തിൽ വിളിച്ചുചേർത്ത യോഗം സ്വാമി ചിന്മയാനന്ദ, സന്ത് തുക്‌ദോജി മഹാരാജ്, സിഖ് സമുദായത്തെ പ്രതിനിധീകരിച്ച് മാസ്റ്റർ താരാസിംഗ്, ജൈന വിഭാഗത്തെ പ്രതിനിധീകരിച്ച് ബഹുമാന്യ സുശീൽ മുനി എന്നിവരുടെ മഹനീയ സാന്നിധ്യത്താൽ ശ്രദ്ധേയമായി. ഗീതാ പ്രസ് ഗോരഖ്പൂരിൽ നിന്നും ഹനുമാൻ പ്രസാദ് പോദ്ദർ, കെ. എം.മുൻഷി തുടങ്ങിയ വിശിഷ്ടവ്യക്തികളും യോഗത്തിൽ സന്നിഹിതരായിരുന്നു.

ഈ യോഗത്തിൽ വച്ച് വി.എച്ച്.പിയുടെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ നിശ്ചയിക്കപ്പെട്ടു.

1. ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കുകയും ജാഗരൂകരാക്കുകയും ചെയ്യുക.

2. ഹിന്ദുവിന്റെ അവകാശങ്ങളെ, മൂല്യങ്ങളെ, ജീവിത തത്ത്വങ്ങളെ ഉയർത്തിക്കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്യുക.

3. വിദേശങ്ങളിലുള്ള ഹിന്ദുക്കളുമായി സമ്പർക്കം പുലർത്തുകയും അവരെ ശക്തിപ്പെടുത്തുകയും അവരുടെ പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്യുക.

'ഇന്ത്യയിൽ കാലങ്ങളായി വികസിച്ചുവന്ന ജീവിതമൂല്യങ്ങളിൽ വിശ്വാസമർപ്പിക്കുന്ന അല്ലെങ്കിൽ സ്വയം ഹിന്ദു എന്ന് തിരിച്ചറിയുന്ന ഏതൊരു വ്യക്തിയേയും ഹിന്ദുവായി കണക്കാക്കികൊണ്ട്' ഹിന്ദുവിന് ആഗോളതലത്തിൽ ഒരു നിർവചനവും അവിടെ നൽകപ്പെട്ടു.

പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നായി 25,000 പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ആദ്യ വേൾഡ് ഹിന്ദു കോൺഫെറൻസ് 1966, ജനുവരി 22-24 തീയതികളിലായി പ്രയാഗിൽ വച്ച് ഏറെ വിപുലമായി നടത്തപ്പെട്ടു. ഈ സമ്മേളനത്തിൽ വച്ച് ആദ്യമായി മതപരിവർത്തനം തടയുന്നതിനും, പരിവർത്തനത്തിന് ഇരയായ ഹിന്ദുക്കളെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവരുവാനുമായി (ഘർവാപ്‌സി) ശങ്കരാചാര്യപദവി അലങ്കരിക്കുന്നവർ അടക്കമുള്ള മുന്നൂറോളം പ്രധാന സന്യാസിവര്യന്മാർ ഒത്തുചേർന്നു. മൈസൂരിലെ മഹാരാജ ചാമരാജ വോഡിയാർ സംഘടനയുടെ ആദ്യ പ്രസിഡന്റായും ദാദാസാഹേബ് ആപ്‌തെ ആദ്യ ജനറൽ സെക്രട്ടറി ആയും സമ്മേളനത്തിൽ സ്ഥാനമേറ്റു. കൂടാതെ വി.എച്ച്.പിയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും രൂപീകരിക്കപ്പെട്ടു. അനേകം സന്യാസി ശ്രേഷ്ഠരെ സാക്ഷിയാക്കി 'ധർമ്മോ രക്ഷതി രക്ഷിത:' എന്ന ആപ്തവാക്യവും പ്രതീകമായി 'അക്ഷയ വടവൃക്ഷ'വും സംഘടന സ്വീകരിച്ചു.

രാജ്യത്തെ സന്യാസിമാർ ഒന്നുചേർന്നുകൊണ്ട് ഹിന്ദുമതഗ്രന്ഥങ്ങളിൽ തൊട്ടുകൂടായ്മയ്ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചാൽ ഹിന്ദുസമാജത്തെ ഗ്രസിച്ചിരിക്കുന്ന ജാതിവിവേചനമെന്ന ശാപം ഇല്ലാതാക്കാൻ കഴിയുമെന്ന് ഡോ.ബി.ആർ.അംബേദ്കർ അഭിപ്രായപ്പെട്ടിരുന്നു. ഈ മഹത്തായ ആശയം മുൻനിർത്തി, 1969 ഡിസംബർ 13-14 തീയതികളിൽ നടന്ന ഉഡുപ്പി ധർമ്മസൻസദിൽവച്ച് അന്നത്തെ ആർ.എസ്.എസ്‌മേധാവി ശ്രീ ഗുരുജിയുടെ പ്രയത്‌നത്താൽ, ഇന്ത്യയിലെ പ്രമുഖരായ സന്യാസിമാർ, 'ഹൈന്ദവഃ സോദരാ: സർവേ, ന ഹിന്ദു പതിതോ ഭവേത്' എന്ന സാമൂഹിക സൗഹാർദ്ദത്തിനായുള്ള ചരിത്രപരമായ പ്രഖ്യാപനം നടത്തി.

1994 -ൽ കാശിയിൽ വച്ച് നടന്ന ധർമ്മസൻസദും ഹിന്ദുവിന്റെ ചരിത്രത്തിൽ സ്വർണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട അനേകം മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ചു. വാരണാസി, മോക്ഷം തേടി അലയുന്നവന് ആശ്രയമായ പുണ്യഭൂമി; അവിടെ ഘാട്ടുകളിൽ തീർക്കുന്ന ചിതകളിൽ കൊളുത്തുവാനുള്ള പവിത്രമായ അഗ്‌നിയുടെ സൂക്ഷിപ്പുകാരനായ ഡോം രാജയെ സന്യാസിമാർ സമ്മേളനത്തിലേക്ക് പ്രത്യേകം ക്ഷണിക്കുകയും സ്വീകരിച്ച് ആനയിക്കുകയും ചെയ്തു. 3,500 സന്യാസിമാർ പങ്കെടുത്ത സമ്മേളനത്തിൽ വച്ച് ഗ്രാമങ്ങളിൽ പുരോഹിതന്റെ സ്ഥാനം ഏറ്റെടുക്കാൻ പരിശീലനം നേടിയ ആയിരക്കണക്കിന് ആദിവാസി സഹോദരന്മാരെയും മറ്റ് പിന്നോക്ക സമുദായത്തിൽ നിന്നുള്ള സഹോദരന്മാരെയും ആദരിച്ചു. വി.എച്ച്.പിയുടെ ഗ്രാമ പുരോഹിത പരിശീലന പരിപാടി ഏറെ വിജയം കണ്ട ആശയങ്ങളിൽ ഒന്നായി തീർന്നു.

ഹിന്ദുസമൂഹത്തിൽനിന്നും തൊട്ടുകൂടായ്മയെ സമൂലം ഇല്ലായ്മചെയ്യുവാനുള്ള നിരന്തരമായ ശ്രമങ്ങളിൽ എടുത്ത് പറയേണ്ട ചിലത് ഇവിടെ നൽകുന്നു; 1989 നവംബർ 9-ന് ശ്രീരാമജന്മഭൂമിയിലെ മന്ദിരത്തിനായുള്ള ആദ്യ ശില സമർപ്പിക്കാൻ നിയോഗിക്കപ്പെട്ടത് കാമേശ്വർ ചൗപാൽ എന്ന പട്ടികജാതി പ്രവർത്തകൻ ആയിരുന്നു. കൂടാതെ സമരസതായജ്ഞങ്ങൾ, സമരസതായാത്രകൾ, ഹിന്ദുകുടുംബസൗഹൃദപദ്ധതികൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ വ്യക്തികൾക്ക് വേണ്ടിയുള്ള ഹോസ്റ്റലുകൾ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കപ്പെട്ടു. 2003 മുതൽ സാമൂഹിക സൗഹാർദത്തിനായി ജീവിതം കൊണ്ട് മാതൃക തീർത്ത വാല്മീകി, സന്ത് രവിദാസ്, ഡോ. ബി.ആർ.അംബേദ്കർ തുടങ്ങിയ മഹദ് വ്യക്തികളുടെ സംഭാവനകളെ സമൂഹ മധ്യത്തിൽ എത്തിക്കുവാൻ സംഘടനയ്ക്ക് സാധിച്ചു. ഈ പ്രവർത്തനങ്ങളുടെ എല്ലാം ഫലമായി പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് കൈത്താങ്ങായി അനേകം സന്യാസി സമൂഹങ്ങൾ സേവനമായി സൗജന്യ യാത്രകളും പ്രഭാഷണങ്ങളും സമൂഹസദ്യയും എല്ലാം സംഘടിപ്പിക്കുന്നു.

പതിനെട്ട് രാജ്യങ്ങളിൽ നിന്നായി 60,000 പ്രതിനിധികൾ പങ്കെടുത്ത രണ്ടാം ലോക ഹിന്ദു സമ്മേളനം 1979 ജനുവരി 27-29 തീയ്യതികളിലായി പ്രയാഗിൽ സംഘടിപ്പിക്കപ്പെട്ടു. ആദരണീയനായ ദലൈലാമ ഉദ്ഘാടനം ചെയ്ത സമ്മേളനം വി.എച്ച്.പിയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു അദ്ധ്യായമായി മാറി.

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ പ്രധാന തീർത്ഥസ്ഥാനങ്ങളിലും വസിക്കുന്ന സന്യാസിമാരും ചിന്തകരും ഒരുമിച്ച് കൂടിയ സമ്മേളനത്തിനാണ് 1970 മാർച്ച് 27-29 തീയതികളിൽ അസമിലെ ജോർഹട്ട് വേദിയായത്. പ്രകൃതിയെ ആരാധിക്കുന്ന ആദിവാസി സമൂഹം ഹിന്ദുസമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് നാഗാ റാണി ഗൈഡിൻലിയു അടക്കമുള്ളവർ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ മിഷണറിമാരുടെ മത പരിവർത്തന ശ്രമങ്ങളെ തടയിടാനും ആദിമമായ ആചാരങ്ങളെ സംരക്ഷിക്കാനും ഉള്ള വി.എച്ച്.പിയുടെ ഭാഗത്ത് നിന്നുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരും എന്നതിന് ദൃഷ്ടാന്തമായി സമ്മേളനം മാറി.

1982-ൽ അശോക് സിംഘാൾ വി.എച്ച്.പി.യുടെ ഭാരവാഹിത്വം ഏറ്റെടുത്തതോടെ സംഘടനയ്ക്ക് ഒരു പുത്തനുണർവ് കൈവന്നു. 1983 ലെ ഏകതാ യാത്രയിൽ ഏകദേശം 60 ദശലക്ഷം ആളുകളാണ് പങ്കു ചേർന്നത്. 1984 ഏപ്രിലിൽ ന്യൂഡൽഹിയിലെ ആദ്യത്തെ ധർമ്മ സൻസദ് നടന്നു.

രാജ്യത്തുടനീളം സാമൂഹികസഹകരണത്തോടെ 4,500-ൽ പരം സേവനപദ്ധതികളാണ് വി.എച്ച്.പി ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്. 31 സംസ്ഥാനങ്ങളിലായി 17,000 കുട്ടികൾ ഉൾപ്പെടുന്ന 840 'സംസ്‌കാർ' വിദ്യാലയങ്ങൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, സ്വയം തൊഴിൽ കേന്ദ്രങ്ങൾ, റസിഡൻഷ്യൽ ഹോസ്റ്റലുകൾ, അനാഥാലയങ്ങൾ, മെഡിക്കൽ സെന്ററുകൾ, കമ്പ്യൂട്ടർ, തയ്യൽ, എംബ്രോയ്ഡറി പരിശീലന കേന്ദ്രങ്ങൾ തുടങ്ങി അനേകം സേവനപദ്ധതികളാണ് സംഘടനയുടെ തണലിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്.

ഗോസംരക്ഷണ, പരിപാലന, അനുബന്ധ സംരംഭകത്വ വികസന മേഖലകളിലും ഏറെ പ്രാധാന്യം അർഹിക്കുന്ന പ്രവർത്തനങ്ങൾ വി.എച്ച്.പി കാഴ്ചവച്ച് കഴിഞ്ഞു. അറുപതോളം കേന്ദ്രങ്ങളിൽ പശുക്കളുടെ തനത് ഇനങ്ങളെ പരിപാലിച്ച് വരുന്നു. നാൽപത് കേന്ദ്രങ്ങളിൽ പഞ്ചഗവ്യം അടിസ്ഥാനമാക്കി മരുന്നുകൾ ഉൽപാദിപ്പിച്ച് വരുന്നു. മൂന്ന് പഞ്ചഗവ്യ ഗവേഷണകേന്ദ്രങ്ങളും സംഘടനയുടെ കീഴിലുണ്ട്. 2.5 ദശലക്ഷം ഗോക്കളെയാണ് അറവ് ശാലകളിൽനിന്നും സംഘടനയുടെ ഇടപെടൽ മൂലം രക്ഷിക്കാനായത്. വിവിധ സംസ്ഥാനങ്ങളിൽ ഗോസംരക്ഷണം സംബന്ധിച്ച് കർശനമായ നിയമസംവിധാനങ്ങൾ നിലവിൽ വന്നതും സംഘടനയുടെ പ്രവർത്തനമികവ് കൊണ്ടാണ്. പശുവളർത്തലിലൂടെ സ്വാശ്രയത്വം ലക്ഷ്യമാക്കികൊണ്ട് വരുമാനവും, വായ്പയും ലഭ്യമാക്കുന്ന പദ്ധതികളും വിവിധ ഇടങ്ങളിൽ കാര്യക്ഷമമായി നടന്നുവരുന്നു.

നിയമവിരുദ്ധ മതപരിവർത്തനശ്രമങ്ങളെ തടയുന്നതിലും പരിവർത്തനത്തിന് ഇരയായ ഹിന്ദുക്കളെ അവരുടെ വേരുകളിലേക്ക് മടക്കിക്കൊണ്ടുവരുന്നത്തിലും വി.എച്ച്.പി വഹിച്ച പങ്ക് നിസ്തുലമാണ്. ഏകദേശം 4 ദശലക്ഷം മതപരിവർത്തനങ്ങൾ തടയുവാൻ സംഘടനയുടെ ഇടപെടലിലൂടെ സാധിച്ചു. 900,000 പുനഃപരിവർത്തന ചടങ്ങുകൾക്ക് സംഘടന സാക്ഷ്യംവഹിച്ചു. സംഘടനയുടെ പരിശ്രമഫലമായി വിവിധ സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനത്തിന് എതിരായി കർശനനിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുവാനും ലവ് ജിഹാദിന് ഇരയായി ജീവിതം വഴിമുട്ടിയ പെൺകുട്ടികളെ സംരക്ഷിക്കുവാനും കഴിഞ്ഞു.

ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഇവിടുത്തെ അനേകം പുണ്യതീർത്ഥസ്ഥാനങ്ങളിലാണ്. 1995 മുതൽ വി.എച്ച്.പിയുടെ ധർമ്മയാത്രാ മഹാസംഘത്തിന്റെ നേതൃത്വത്തിൽ കൻവാർ യാത്ര, കൈലാഷ് മാനസ സരോവർ യാത്ര, അമർനാഥ് യാത്ര, ഗോവർദ്ധൻ പരിക്രമ, ജഗന്നാഥ് നവ കലേവർ യാത്ര, രാം-ജാനകി വിവാഹ ബാരാത് യാത്ര തുടങ്ങിയ തീർത്ഥാടനങ്ങൾ നടന്നുവരുന്നു. സാധാരണ ജനങ്ങൾക്കും അവരുടെ വരുമാനത്തിന് അനുസൃതമായി പുണ്യസ്ഥലങ്ങൾ ദർശിച്ച് തീർത്ഥാടനം നടത്തുവാൻ ധർമ്മയാത്രാമഹാസംഘം കാരണം സാധ്യമായി. ഇത്തരം തീർത്ഥയാത്രകളിലൂടെ നിഷ്‌ക്രിയമായി കിടന്നിരുന്ന നിരവധി തീർത്ഥാടനസ്ഥാനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞു എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ഒപ്പം തീർത്ഥാടന കേന്ദ്രങ്ങളിലെ പ്രാദേശിക ഭരണസംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന അധികാരികളുമായി സമ്പർക്കം പുലർത്തിക്കൊണ്ട് യാത്രകളെ സുഗമമാക്കാനും ഭക്തിനിർഭരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുവാനും ധർമ്മയാത്രാ മഹാസംഘങ്ങൾ നിദാനമായി.

'വസുധൈവ കുടുംബകം' എന്ന ധ്യേയവാക്യത്തെ കർമ്മമാർഗ്ഗമായി സീകരിച്ചുകൊണ്ട് അനേകം വിദേശ രാജ്യങ്ങളിൽ ഹിന്ദുക്കളുടെ സുരക്ഷയും സാംസ്‌കാരികമൂല്യങ്ങലുടെ സംരക്ഷണവും നമ്മുടെ തനത് ജീവിത രീതികളുടെ തുടർച്ചയും ഉറപ്പാക്കുവാനുള്ള സമഗ്രമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ വി.എച്ച്.പിക്ക് സാധിച്ചു. യു.എസ്.എ, യു.കെ, ഓസ്ട്രേലിയ, കാനഡ, ഫിജി, ന്യൂസിലാൻഡ്, ഡെൻമാർക്ക്, തായ്ലൻഡ്, ഇന്തോനേഷ്യ, തായ്വാൻ, ശ്രീലങ്ക, നെതർലാൻഡ്സ്, സിംഗപ്പൂർ, നേപ്പാൾ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ പ്രാദേശിക തലത്തിലും ആഗോളതലത്തിലും സമ്മേളനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഹിന്ദുക്കൾക്കിടയിൽ നവോന്മേഷം പകർന്നുനൽകാൻ കാലങ്ങളായി സംഘടന മുൻപന്തിയിൽ നിൽക്കുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി രാജ്യങ്ങളിലാണ് ഇന്ന് ഹൈന്ദവ ഉത്സവങ്ങൾ പാരമ്പര്യ തനിമയോടെ ആഘോഷപൂർവ്വം കൊണ്ടാടുന്നത്.

അറുപതാം വർഷത്തിൽ എത്തിനിൽക്കുന്ന ഈ ജൈത്രയാത്രയിൽ ഉടനീളം ആഗോള ശ്രദ്ധ ആകർഷിച്ച അനേകം ബോധവത്കരണപരിപാടികൾ വിവിധ വിഷയങ്ങളിൽ വി.എച്ച്.പി നടത്തിക്കഴിഞ്ഞു. 1984-ൽ ആരംഭിച്ച് ആയിരക്കണക്കിന് ഗ്രാമങ്ങളിൽ നിന്നായി 650 ദശലക്ഷത്തോളം ജനങ്ങൾ കൈകോർത്ത രാമജന്മഭൂമിപ്രസ്ഥാനം തെരുവുകളിൽ നിന്ന് ഹിന്ദുവിന്റെ ശബ്ദം സുപ്രീം കോടതി വരെ മുഴങ്ങിക്കേൾക്കുന്നതിന് ചാലകശക്തിയായി മാറി. നീണ്ട 496 വർഷങ്ങളുടെ സ്വാഭിമാനപോരാട്ടങ്ങൾക്ക് ഒടുവിൽ 2024 ജനുവരി 22-ന് രാം ലല്ലയുടെ പ്രതിഷ്ഠയോടെ ഒരു പുതുചരിത്രം കൂടി ഈ പുണ്യഭൂവിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു.

1995 -ലെ അമർനാഥ് യാത്ര തീവ്രവാദികളുടെ ഭീഷണി മൂലം തടസപ്പെടുമെന്ന സാഹചര്യം സംജാതമായപ്പോൾ 51,000 ബജ്രംഗ്ദൾ പ്രവർത്തകരും 100,000 ശിവഭക്തരും അണിനിരന്ന ഒരു മഹത്തായ പ്രകടനം നടത്തിക്കൊണ്ട് തീർത്ഥാടനം പൂർവാധികം ഭംഗിയായി തുടരുന്നതിനുള്ള ക്രമീകരണങ്ങങ്ങൾ സംഘടന ഒരുക്കി. 2005-ൽ ബജ്രംഗ്ദൾ ഇടപെട്ടുകൊണ്ട് ബാബ ബുഡ്ഢാ അമർനാഥ്‌യാത്ര പുനരാരംഭിച്ചത് അവിടുത്തെ ഹിന്ദുസമൂഹത്തിന്റെയും സുരക്ഷാസേനയുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും പലായനങ്ങൾ കുറയ്ക്കുന്നതിനും സഹായകരമായി വർത്തിച്ചു. മേവാത്തിലെ നല്ലഹദ് മഹാദേവ് യാത്ര, കർണാടകയിലെ ദത്താപീഠ യാത്ര, അയോധ്യയിൽ നിന്ന് ജനക്പൂരിലേക്കുള്ള രാം-ജാനകി ബാരാത് യാത്ര തുടങ്ങിയ മറ്റ് പ്രധാന തീർത്ഥാടനങ്ങളും സമൂഹത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്നത്തിൽ സുപ്രധാന പങ്കു വഹിക്കുന്നു.

ഭഗവാൻ ശ്രീരാമചന്ദ്രന്റെ നിർദേശപ്രകാരം നളനും നീലനും നേതൃത്വം നൽകി നിർമ്മിച്ച രാമസേതുവിന്റെ സംരക്ഷണത്തിലും ഗവൺമെന്റിന്റെ നിലപാടുകൾക്ക് എതിരായി വ്യാപകപ്രതിക്ഷേധം ഉയർത്തിയത് വി.എച്ച്. പി ആയിരുന്നു. സുപ്രീം കോടതിയിൽ രാമന്റെ അസ്തിത്വത്തെ നിഷേധിക്കുന്ന തരത്തിൽ അന്നത്തെ കേന്ദ്ര സർക്കാരിന്റെ വാദഗതികൾ അവതരിപ്പിച്ചപ്പോൾ വെറും നാല് മണിക്കൂറിനുള്ളിൽ രാജ്യവ്യാപകമായി ഉപരോധം തീർത്തുകൊണ്ട് ഹൈന്ദവ വിരുദ്ധ നിലപാടിൽ നിന്ന് പിന്മാറാൻ ഗവൺമെന്റിന് മേൽ സമ്മർദ്ദം ചെലുത്തിയതും ശ്രദ്ധേയമായ ചുവടുവയ്പ് ആയിരുന്നു. ഡൽഹിയിലെ സ്വർണജയന്തി പാർക്കിൽ അലയടിച്ച രാമഭക്തരുടെ ശബ്ദത്തിൽ മുന്നിൽ ഗവൺമെന്റിന് അവരുടെ പിടിവാശി ഉപേക്ഷിക്കേണ്ടി വന്നു.

സേവനം, സുരക്ഷ, മൂല്യങ്ങൾ എന്നീ മന്ത്രങ്ങളെ ഹൃദയത്തിൽ ആവാഹിച്ചുകൊണ്ട് 1984 മുതൽ വിശ്വഹിന്ദു പരിഷത്തിന്റെ കീഴിൽ യുവജന, ബജ്‌രംഗ്ദൾ, ദുർഗാവാഹിനി അടക്കമുള്ള വിഭാഗങ്ങൾ രാജ്യതാൽപര്യങ്ങൾ, മത, സാംസ്‌കാരിക, രാഷ്ട്രസങ്കല്പങ്ങൾ തുടങ്ങിയവയുടെ സംരക്ഷണത്തിനായി മുൻപന്തിയിൽനിന്ന് പ്രവർത്തിക്കുന്നു. സംസ്‌കൃതഭാഷയെ പ്രോത്സാഹിപ്പിക്കുക, വേദത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതികൾ ആവിഷ്‌കരിക്കുക, മഹത്തായ മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നുനൽകുക എന്നീ ലക്ഷ്യങ്ങളും സാർത്ഥകമാക്കിയ ചാരിതാർത്ഥ്യം ഈ വാർഷികത്തിൽ സംഘടനക്ക് മുതൽക്കൂട്ടാണ്.

ഈ നേട്ടങ്ങൾ കൈവരിക്കെതന്നെ മതപരിവർത്തനം, ലവ് ജിഹാദ്, പുണ്യസ്ഥലങ്ങൾക്ക് മേലുള്ള സുരക്ഷാ ഭീഷണി, ഗവൺമെന്റ് കൈയേറ്റങ്ങൾ, സാമൂഹികഐക്യം നിലനിർത്തുക, സാംസ്‌കാരികശോഷണം, മത വിദ്യാഭ്യാസത്തിന്റെ അഭാവം, വിദേശ കടന്നുകയറ്റം, ജനസംഖ്യയിലെ അസന്തുലിതാവസ്ഥ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യം നമുക്ക് മുന്നിൽ ഉണ്ട്. ഈ വെല്ലുവിളികളെ അതിജീവിച്ച് ഹിന്ദുസമൂഹത്തിന്റെ വിമോചനവും പുരോഗതിയും ഉറപ്പാക്കുക എന്ന നിർണായകദൗത്യമാണ് വിശ്വഹിന്ദു പരിഷത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.