Hindu Vishwa
Index
ലക്ഷ്യവും കർമ്മവും- സംഘടന
മഹത്തായ ഭൂതകാലവും നേട്ടങ്ങളും ഉള്ള ഒരു പുരാതനരാഷ്ട്രമാണ് ഭാരതം. ഈ രാഷ്ട്രത്തിന്റെ മഹത്തരമായ ആത്മീയ അറിവും ഇവിടുത്തെ ചിന്താധാരകളുംകൊണ്ട് ഒരുകാലത്ത് ഭാരതത്തിന് ജഗദ്ഗുരുസ്ഥാനം കൽപ്പിച്ചുകിട്ടിയിരുന്നു. തുടർന്ന് നിരവധിയായ വൈദേശീകശക്തികളുടെ ആക്രമണങ്ങളും, ഇസ്ലാമിക അധിനിവേശവും, ബ്രിട്ടീഷ് കുതന്ത്രങ്ങളും ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തെ തകിടം മറിച്ചു. കേവലം സൈനീകശക്തികൊണ്ടുമാത്രം ഭാരതത്തെ കീഴടക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ പ്രധാനമായും ലക്ഷ്യംവെച്ചത് ഇവിടുത്തെ ഹിന്ദുസംസ്‌കാരത്തെ ആയിരുന്നു. അവർ ഹിന്ദുസമൂഹത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിദ്യാഭ്യാസസമ്പ്രദായങ്ങളെയും വിശ്വാസപ്രമാണങ്ങളെയും പ്രത്യക്ഷവും പരോക്ഷവുമായി ആക്രമിക്കാൻ തുടങ്ങി. ബ്രിട്ടീഷ് - കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും ഭരണാധികാരികളും ഭാരതത്തെ ഒരു രാഷ്ട്രം എന്ന രീതിയിൽ അംഗീകരിക്കാൻ ഒരുകാലത്തും തയ്യാറായിരുന്നില്ല. രാഷ്ട്രം എന്നത് ഒരു സാംസ്‌കാരികസങ്കല്പമാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം അത് ഹൈന്ദവ സാംസ്‌കാരിക സങ്കല്പം തന്നെയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുസമൂഹത്തിന്റെ മൗലികമായ ഐക്യം അവഗണിക്കപ്പെടുകയും, ഭാഷ - ജാതി - ഗോത്രം - വിശ്വാസപ്രമാണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി വിഭജിച്ച് ഭരിക്കുക എന്ന തന്ത്രം വളരെ വിദഗ്ധമായി നടപ്പാക്കുകയും ചെയ്തു. ജൈന- ബുദ്ധ- -സിഖ് തുടങ്ങിയ ഭാരതീയ സാഹചര്യത്തിൽ പിറവികൊണ്ട ചിന്താധാരകളെ സനാതനസംസ്‌കാരത്തിൽനിന്നും ബ്രിട്ടീഷുകാർ മനഃപൂർവ്വം വേറിട്ടു കാണിച്ചു. ഇതുകൂടാതെ ആര്യ- ദ്രാവിഡ -ബ്രാഹ്മണ- അബ്രാഹ്മണ സവർണ്ണ - അവർണ്ണ സങ്കല്പങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഹിന്ദുക്കൾക്കിടയിൽ പരമാവധി ഭിന്നിപ്പ് ഉണ്ടാക്കാനും കൊളോണിയൽശക്തികൾക്ക് സാധിച്ചു. മെക്കാളെപ്രഭുവിന്റെ വിദ്യാഭ്യാസപദ്ധതികൾ, വ്യാജചരിത്രനിർമ്മിതികൾ, കൊളോണിയൽ നിയമവ്യവസ്ഥകൾ തുടങ്ങിയവയും മതാടിസ്ഥാനത്തിലുള്ള ബംഗാൾവിഭജനം പോലുള്ള സംഭവങ്ങളും ഹിന്ദുത്വത്തിന് തിരിച്ചടിയായി.
ഭാരതത്തെ ഒരു ഇസ്ലാമികരാഷ്ട്രമാക്കണമെന്നായിരുന്നു മുസ്ലിം ഭരണാധികാരികളുടെ ആഗ്രഹം. മനുഷ്യരാശിയെ ഒരു കുടുംബമായി കണ്ട സംസ്‌കാരമാണ് ഹിന്ദുവിന്റേത്. എന്നാൽ ക്രൈസ്തവ ഇസ്ലാമിക സെമറ്റിക് മതങ്ങൾ ഈ ആശയത്തെ അംഗീകരിക്കാൻ തയ്യാറായില്ല. മറ്റു മതങ്ങളുടെ നിലനിൽപ്പിനോട് അസഹിഷ്ണുത പുലർത്തുന്ന സമീപനമാണ് ഈ കൂട്ടർ എന്നും പിന്തുടരുന്നത്. ഏകദൈവം, ഏകഗ്രന്ഥം, ഏകപ്രവാചകൻ എന്നിവയെ അംഗീകരിക്കാത്ത ഏവരെയും ശാരീരികമായി ഇല്ലാതാക്കുക എന്ന നയമായിരുന്നു ഇവർ സ്വീകരിച്ചത്. ഭാരതത്തെ ആക്രമിച്ച ഇസ്ലാമികഭരണാധികാരികളും ഒരുപരിധിവരെ സ്വീകരിച്ചിരുന്നത് ഇതേ നയംതന്നെയായിരുന്നു. ഹൈന്ദവരുടെ പ്രധാന ആത്മീയകേന്ദ്രങ്ങൾ ആയിരുന്ന അയോദ്ധ്യ, മഥുര, കാശി, കാഞ്ചി തുടങ്ങിയ പുണ്യസ്ഥലങ്ങളെ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു. സനാതനസംസ്‌കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ക്ഷേത്രങ്ങൾ, ആരാധനാലയങ്ങൾ, ആശ്രമങ്ങൾ, മഠങ്ങൾ, ഗ്രന്ഥാലയങ്ങൾ എന്നിവ തച്ചുടച്ചു. ഇതരമതവിശ്വാസികൾക്ക് പ്രത്യേക നികുതി, അറബി ഭാഷാപഠനം, വസ്ത്രധാരണ രീതികൾ, മാംസാഹാരവ്യാപനം തുടങ്ങി നിരവധി കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങി.
കോൺഗ്രസ് കമ്മ്യൂണിസ്റ്റ്പ്രസ്ഥാനങ്ങളും ഹിന്ദുത്വത്തെ തകർക്കുന്നതിൽ മുൻപന്തിയിൽ നിന്ന ശക്തികളാണ്. സെമിറ്റിക്മതങ്ങളുടെ പിടിവാശിയും മതപരിവർത്തനപദ്ധതികളും കമ്മ്യൂണിസ്റ്റുകളുടെ വികലമായ ചരിത്രവ്യാഖ്യാനങ്ങളും കോൺഗ്രസുകാരുടെ ന്യൂനപക്ഷപ്രീണനവും സനാതനധർമ്മത്തിന് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. 80 ഓളം രാഷ്ട്രങ്ങളിൽ ചിതറിക്കിടക്കുന്ന ചെറുതും വലുതുമായ ഹിന്ദുമതവിശ്വാസികളെ യോജിപ്പിച്ച്, വെല്ലുവിളികളെ പ്രതിരോധിക്കുക എന്നത് 60 വർഷങ്ങൾക്കു മുമ്പ് ചിന്തിക്കാൻപോലും സാധിക്കുന്ന ഒന്നായിരുന്നില്ല. സ്വന്തം ചിന്തയും വിശ്വാസവും സംസ്‌കാരവും സംരക്ഷിക്കാൻ ഇത്രമാത്രം പീഡനം അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുക്കളെ പോലെ മറ്റൊരു മതവിഭാഗം ലോകത്തുണ്ടാവില്ല. മതപരവും സാംസ്‌കാരികവും ആത്മീയവുമായ പൈതൃകങ്ങളെയും ബന്ധങ്ങളെയും ബന്ധുക്കളെയും നഷ്ടമാകാതെ കാത്തുസൂക്ഷിക്കാൻ ഒരു സംഘടന എന്ന ലക്ഷ്യമാണ് വിശ്വഹിന്ദുപരിഷത്ത് എന്ന സംഘടനയുടെ പിറവിക്ക് കാരണമായത്. ചൈനീസ് ആക്രമണം, നെഹ്റു സർക്കാരിന്റെ ഹിന്ദുവിരുദ്ധ മതേതര നിലപാടുകൾ തുടങ്ങി നിരവധി പ്രശ്നങ്ങളും ഒരു ഹൈന്ദവപ്രസ്ഥാനം എന്ന ആശയത്തിന് ഉണർവേകി. വേദങ്ങളെപറ്റിയും ഉപനിഷത്തുകളെപറ്റിയുമുള്ള പഠനക്കുറവും വിശ്വാസപ്രമാണങ്ങളുടെ തകർച്ചയും ഇക്കാലമായപ്പോഴേക്കും വ്യാപകമായിതീർന്നു. ഇതേ കാലഘട്ടത്തിലാണ് ഭഗവദ്ഗീതാവ്യാഖ്യാനത്തിലൂടെ ലോകമെമ്പാടുമുള്ള ജനകോടികളുടെ ഹൃദയത്തിൽ ഇടംനേടിയ മലയാളി സന്യാസിശ്രേഷ്ഠൻ സ്വാമി ചിന്മയാനന്ദൻ തപോവൻപ്രസാദ് എന്ന പ്രസിദ്ധീകരണത്തിൽ 1963 നവംബറിൽ എഴുതിയ ഒരു ലേഖനത്തിൽ ലോകമെമ്പാടുമായി ചിതറികിടക്കുന്ന ഹിന്ദുക്കൾക്ക് ഒരു പൊതുവേദി എന്ന ആശയവും മുന്നോട്ടുവെച്ചത്.
ഹിന്ദുസംസ്‌കാരത്തെയും ഭാരതത്തെയും പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന പരമപൂജനീയ ഗുരുജി എന്ന മഹാജ്ഞാനിയുടെ ചിന്തയാണ് ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഒരു ആഗോളസംഘടന എന്നത്. ഗുരുജി ഈ ദൗത്യം ഏൽപ്പിച്ചത് ഭാരതം കണ്ട ഏറ്റവും മികച്ച സംഘാടകനായ എസ് എസ് ആപ്തേ എന്ന മുംബൈ സ്വദേശിയായ സംഘപ്രചാരകനേയും. തുടർന്നുള്ള ശ്രീ ആപ്തയുടെ ജീവിതംതന്നെ ഒരു പരിധിവരെ പരിഷത്തിന്റെ ആദ്യകാലചരിത്രവും കൂടിയാണ്.
സംഘടനാപ്രവർത്തനത്തിന്റെ രൂപീകരണത്തിന്റെ പ്രാരംഭം എന്ന രീതിയിൽ ശ്രീ ആപ്തെ 600 വിശിഷ്ട വ്യക്തിത്വങ്ങളെ കത്തിടപാടുകളിലൂടെ ബന്ധപ്പെട്ടു. 200 ഓളം ഭാരതീയ ചിന്തകരെയും തത്വചിന്തകരെയും വിവിധ ആരാധനാസമ്പ്രദായങ്ങളിലും വിഭാഗങ്ങളിലും പെട്ട നിരവധി പ്രമുഖരേയും വ്യക്തിപരമായി അദ്ദേഹം കണ്ടു. കൂടാതെ, വിദേശത്ത് പ്രവർത്തിക്കുന്ന 40 ഓളം ഹൈന്ദവ സംഘടനകളെയും വ്യക്തികളെയും അദ്ദേഹം ബന്ധപ്പെട്ടു. ഒരു മഹത്തായ ഹിന്ദുസംഘടന രൂപീകരിക്കുക എന്ന ആശയത്തോട് മിക്കവാറും എല്ലാവരും യോജിക്കുകയും നിർദ്ദേശം പരിഗണിക്കാൻ ഒരു പ്രാരംഭയോഗം ചേരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അതനുസരിച്ച് 1964 ഓഗസ്റ്റ് 29 മുതൽ 30 വരെ ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ശുഭമുഹൂർത്തത്തിൽ ബോംബെയിലെ സാന്ദീപനി സാധനാലയത്തിൽ ഒരു യോഗം ചേർന്നു. പരമപൂജനീയ ഗുരുജി നേരിട്ട് രൂപീകരിച്ച ഏക പരിവാർ പ്രസ്ഥാനം എന്ന ബഹുമതിയും ആ ശക്തിയുമാണ് പ്രസ്ഥാനത്തിന്റെ ചാലകശക്തി എന്നുതന്നെ പറയാം. ഭാരതം കണ്ട മഹാപ്രതിഭകളായ സ്വാമി ചിന്മയാനന്ദൻ, മാസ്റ്റർ താരാ സിംഗ്, ദലൈലാമ, ജയ ചാമരാജ വോഡയാർ, കെ.എം. മുൻഷി, സുശീൽ മുനി,കരൺസിംഗ്, കാഞ്ചി കാമ കോടി പീഠത്തിലെയും ശാരദാപീഠത്തിലെയും ശങ്കരാചാര്യന്മാർ, ഡോക്ടർ സമ്പൂർണാനന്ദ്, ചന്ദ്രശേഖർ ശാസ്ത്രി, ഡോക്ടർ മധുലാൽ ശർമ , ഗ്യാനി ഭൂവിന്ദർ സിംഗ്, ജെ.കെ. ബിർള , ഡോക്ടർ ഹജാരി പ്രസാദ് ദ്വിവേദി, സദ്ഗുരു ജഗജത് സിംഗ്, ബ്രഹ്മചാരി പ്രഭുദത്ത്, പ്രകാശ് വീർ, ഹനുമാൻ പ്രസാദ് പൊദാർ, ഡോക്ടർ ബി.പി. സിൻഹ, ജഗജീവൻ റാം , എൻ വി ഗാഡ്ഗിൽ, സ്വാമി യോഗിരാജ് മഹാരാജ്, ശ്രീലാൽ ഭായ് പട്ടേൽ , ആചാര്യ സത്രാദിഷ് , സർ സി.പി.രാമസ്വാമി അയ്യർ, കെ സന്താനം, കുശാൽ ബകുൽ തുടങ്ങി പ്രശസ്തരുടെ ഒരു നിരതന്നെ ഈ സംഘടനയുടെ രൂപീകരണ യോഗത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായി
ഇസ്ലാമിക- ക്രൈസ്തവ- കമ്മ്യൂണിസ്റ്റ് ശക്തികളിൽനിന്നും സനാതനധർമ്മത്തെ സംരക്ഷിക്കുകയും ഹൈന്ദവ ജാഗരണപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കണം സംഘടനയുടെ പ്രവർത്തനങ്ങളിലെ മുഖ്യലക്ഷ്യങ്ങൾ എന്ന് ഉദ്ഘാടനയോഗത്തിൽ ഗുരുജി പറഞ്ഞിരുന്നു. ഹിന്ദുമതവിശ്വാസികൾ മാത്രമായിരുന്നില്ല സംഘടനയുടെ രൂപീകരണത്തിൽ പങ്കെടുത്തത് എന്നത് പ്രത്യേക ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരതാംബയുടെ മണ്ണിൽ ജന്മംകൊണ്ട എല്ലാ ചിന്താധാരകളും സനാതനധർമ്മത്തിന്റെ ഭാഗമാണെന്ന് വിളിച്ചോതാൻ ഉദ്ഘാടനയോഗത്തിന് സാധിച്ചു. സംഘടനയുടെ രൂപീകരണയോഗത്തിൽ പങ്കെടുത്ത ബുദ്ധ-ജൈന-സിഖ് മതനേതാക്കന്മാരുടെ സാന്നിധ്യം മേൽപ്പറഞ്ഞ ചിന്തയുടെ ഭാഗംതന്നെയായിരുന്നു. പ്രയാഗ്‌രാജിൽ 1966 നടക്കുന്ന കുംഭമേളയിൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഒരു ലോകകൺവെൻഷൻ നടത്താനും യോഗത്തിൽ തീരുമാനിച്ചു. അങ്ങനെ 1964 ജന്മാഷ്ടമിദിനമായ ആഗസ്റ്റ് 29 ന് ലോകത്തിലുള്ള ഹൈന്ദവസമൂഹത്തിന് സന്തോഷവും ചാരിതാർത്ഥ്യവും പകർന്നുനൽകിക്കൊണ്ട് വിശ്വഹിന്ദുപരിഷത്ത് എന്ന ആഗോള ഹൈന്ദവസംഘടന പിറവികൊണ്ടു. സ്വാമി ചിൻമയാനന്ദൻ ആദ്യ അദ്ധ്യക്ഷനും ശ്രീ എസ്.എസ്. ആപ്തേ ആദ്യ ജനറൽ സെക്രട്ടറിയുമായ ആ സംഘടനയാണ് ഇന്ന് ലോകമെമ്പാടും പടർന്നുപന്തലിച്ച് ഒരു വടവൃക്ഷംപോലെ പ്രശോഭിക്കുന്ന വിശ്വഹിന്ദുപരിഷത്ത്.
വിശ്വഹിന്ദുപരിഷത്തിന്റെ ബോധവാക്യം ധർമ്മോ രക്ഷതി രക്ഷിതായും ചിഹ്നം അക്ഷയവടവൃക്ഷവുമാണെന്ന് രുപീകരണയോഗത്തിൽ നിശ്ചയിക്കപ്പെട്ടു. ഭാരതത്തിൽ ഉടലെടുത്ത സനാതനമൂല്യങ്ങളിൽ വിശ്വസിക്കുന്ന, ബഹുമാനിക്കുന്ന, പിന്തുടരുന്ന എല്ലാ ആളുകളെയും സൂചിപ്പിക്കാൻ ഹിന്ദു എന്ന പദം ഉപയോഗിക്കാമെന്നും രാഷ്ട്രീയചുമതല വഹിക്കുന്നവർക്ക് പരിഷത്തിന്റെ പദവികളിൽ വരാൻ സാധിക്കില്ലായെന്നും രൂപീകരണയോഗത്തിൽ തീരുമാനമെടുത്തു.
വിശ്വഹിന്ദുപരിഷത്തിന്റെ രണ്ടാമത്തെ യോഗം 1964 നവംബർ 24 ന് ന്യൂഡൽഹിയിലെ ഇന്റർനാഷണൽ അക്കാഡമി ഓഫ് ഇന്ത്യൻ കൾച്ചറിൽ നടന്നു. സ്വാമി ചിന്മയാനന്ദൻ ആയിരുന്നു അദ്ധ്യക്ഷൻ. നിരവധി പ്രമുഖവ്യക്തികൾ ഈ യോഗത്തിലും പങ്കെടുത്തിരുന്നു. മൈസൂർ മഹാരാജാവ് ശ്രീ ജയചാമരാജ വോഡയാർ പരിഷത്തിന്റെ പ്രസിഡണ്ട് സ്ഥാനവും, സർ സി.പി.രാമസ്വാമി അയ്യർ ഉപാദ്ധ്യക്ഷനായതും, ശ്രീ. ജെ.കെ. ബിർള സംഘടനയുടെ രക്ഷാധികാരിയായതും ഡൽഹിയിലെ ഈ യോഗത്തിൽ വെച്ചായിരുന്നു. പരിഷത്തിന്റെ മൂന്നാമത്തെ യോഗം മൈസൂറിൽ 1965 മെയ് 27 28 തീയതികളിൽ നടക്കുകയുണ്ടായി. അയ്യപ്പസേവാസംഘം അദ്ധ്യക്ഷനായിരുന്ന എറണാകുളം സ്വദേശി അഡ്വ. നാഗപ്പൻ നായർ ഈ യോഗത്തിൽ പങ്കെടുത്തു എന്നുള്ളത് എടുത്തുപറയേണ്ട ഒരു കേരളീയകാര്യമാണ്.
1966 ജനുവരിയിൽ പ്രയാഗയിൽ നടന്ന വിശ്വഹിന്ദുപരിഷത്തിന്റെ പ്രഥമസമ്മേളനത്തിൽ 22 വിദേശരാഷ്ട്രങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആൾക്കാർ പങ്കെടുത്തു. സനാതനധർമ്മത്തിലെ വ്യത്യസ്തസമ്പ്രദായങ്ങളിൽ പെട്ട ആചാര്യന്മാരേയും സന്യാസിമാരേയും സമുദായ നേതാക്കന്മാരേയും നാലു ശങ്കരാചാര്യൻമാരേയും ഒരേ വേദിയിൽ ആദ്യമായി പങ്കെടുപ്പിക്കാൻ സാധിച്ചു എന്നതാണ് ഈ സമ്മേളനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. എ.ഡി. 648 ൽ കനൗജിൽ ഹർഷവർദ്ധൻ സാമ്രാട്ട് വിളിച്ചുചേർത്ത ഇത്തരത്തിലുള്ള ഒരു മഹാസംഗമത്തിനുശേഷം ചരിത്രത്തിൽ ആദ്യമായാണ് മറ്റൊരു സംഗമം ഗംഗ യമുനാ സരസ്വതീസംഗമഭൂമിയായ പ്രയാഗയിൽ നടന്നത്. ഇംഗ്ലണ്ട്, നേപ്പാൾ, ഉഗാണ്ട, കെനിയ തുടങ്ങിയ നിരവധി വിദേശരാഷ്ട്രങ്ങളിൽനിന്നുള്ള ഹിന്ദുമതനേതാക്കന്മാരും സന്യാസശ്രേഷ്ഠന്മാരും പ്രയാഗ ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുത്തു.
ഈ ചരിത്രനേട്ടം സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം നൽകി. സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾക്ക് രൂപംനൽകാൻ ഈ സമ്മേളനത്തോടുകൂടി സാധിച്ചു. ഹിന്ദുസമൂഹത്തെ ഒന്നിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ഹിന്ദുമൂല്യങ്ങളെ സംരക്ഷിക്കുകയും വളർത്തുകയും എല്ലാവരിലേക്കും പാരമ്പര്യത്തിന്റെയും ആത്മീയതയുടേയും ഘടകങ്ങൾ ആധുനികകാലത്തിൽ എത്തിക്കുകയും ചെയ്യുക, വിദേശങ്ങളിൽ വസിക്കുന്ന ഹിന്ദുക്കളുമായി ബന്ധംപുലർത്തുകയും അവരുടെ ഹിന്ദുത്വത്തെ സംരക്ഷിക്കുകയും ചെയ്യുക. എന്നിവയാണ് സംഘടനയുടെ പ്രധാനലക്ഷ്യങ്ങൾ എന്ന് യോഗം പ്രഖ്യാപിച്ചു.
അയോദ്ധ്യാപ്രക്ഷോഭത്തിന് തീരുമാനം കുറിച്ച സന്യാസിസംഗമം എന്ന രീതിയിൽ കർണാടകയിലെ ഉഡുപ്പിയിൽ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന സന്യാസിസംഗമം (ധർമ്മസംസദ്) ഒരു ചരിത്രസംഭവമായിരുന്നു. 1985 ഒക്ടോബർ 31 നും നവംബർ 1 നുമായാണ് സന്യാസിസംഗമം നടന്നത്. വളരെ നിർണായകമായ പല തീരുമാനങ്ങളും ഉഡുപ്പിസമ്മേളനത്തിൽ എടുക്കുകയുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 160 ഓളോം സന്യാസി ശ്രേഷ്ഠൻമാരും 15,000 നു മുകളിൽ പ്രതിനിധികളും പങ്കെടുത്ത ഒരു ചരിത്രസംഭവമായിരുന്നു ഉഡുപ്പിസമ്മേളനം. പേജാവാർ മഠം അധിപതിയായിരുന്ന ശ്രീ വിശ്വേശ്വരതീർത്ഥ സ്വാമിജി ആയിരുന്നു ഈ സന്യാസിസംഗമത്തിന്റെ മുന്നിൽനിന്ന് പ്രവർത്തിച്ച വ്യക്തി. മതപരിവർത്തനം ചെയ്ത സമസ്ത ഹിന്ദുക്കളും തിരികെ സ്വധർമ്മത്തിലേക്ക് വരണമെന്ന ആഹ്വാനം സമ്മേളനം നടത്തി. സംസ്‌കൃതഭാഷയുടെയും യോഗയുടെയും വ്യാപനപ്രവർത്തനങ്ങൾ, തൊട്ടുകൂടായ്മ ഇല്ലാതാക്കൽ, ഗിരിവാസി - വനവാസിവിഭാഗങ്ങളുടെ ഉന്നമനം എന്നീ സുപ്രധാന തീരുമാനങ്ങളും സമ്മേളനം കൈക്കൊണ്ടു. ആശ്രമമഠാധിപതിമാരും സന്യാസിസമൂഹവും ആശ്രമങ്ങളിൽനിന്ന് പുറത്തേക്കിറങ്ങി ഭാരതത്തെ വീണ്ടും വിശ്വഗുരുസ്ഥാനത്തേക്ക് എത്തിക്കാനുള്ള പരിശ്രമങ്ങൾ ചെയ്യണമെന്നും ഉഡുപ്പിസമ്മേളനം ആഹ്വാനം ചെയ്തു. ശ്രീരാമജന്മഭൂമി, ശ്രീകൃഷ്ണജന്മഭൂമി, കാശിവിശ്വനാഥക്ഷേത്രം തുടങ്ങിയവ ഹിന്ദുക്കൾക്ക് മാത്രമായി തിരികെകിട്ടുന്നതിന് ആവശ്യമായ നടപടികൾക്കും യോഗം തീരുമാനമെടുത്തു. 1986 ലെ ശിവരാത്രിദിവസമാകുമ്പോഴേക്കും അയോദ്ധ്യയിലെ ക്ഷേത്രത്തിന്റെ താഴുമാറ്റി ദർശനത്തിനു നൽകണമെന്നും അല്ലാത്തപക്ഷം രാജ്യവ്യാപകമായ പ്രക്ഷോഭം നടത്താനും ഉഡുപ്പിസമ്മേളനം തീരുമാനമെടുത്തു. വിവിധ ധർമ്മാചാര്യസഭകളിലെ 34 സന്യാസിശ്രേഷ്ഠന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് ശ്രീരാമജന്മഭൂമി മുക്തി ആന്തോളൻ എന്ന സംഘടന ആദ്യമായി രൂപംകൊണ്ടത് ഈ സമ്മേളനത്തിൽ വച്ചായിരുന്നു. ഇതോടെ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പൂട്ട്തുറന്ന് ഹിന്ദുക്കൾക്ക് ദർശനത്തിന് അവസരം ഉണ്ടാക്കികൊടുക്കപ്പെട്ടു. തുടർന്ന് വിവിധ വർഷങ്ങളിലായി ഇത്തരത്തിലുള്ള സന്യാസിസംഗമങ്ങൾ ഭാരതത്തിന്റെ പല ഭാഗങ്ങളിലുമായി വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുകയും സനാതനധർമ്മസംരക്ഷണത്തിന്റെ ആവശ്യത്തിലേക്ക് നിരവധി നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. ‘ഹൈന്ദവ സോദരാ സർവ്വേ, ന ഹിന്ദു പതിതോ ഭവേത് എന്ന പ്രഖ്യാപനവും, ‘മമദീക്ഷ ഹിന്ദുരക്ഷാ മമ മന്ത്ര സമാനത’ എന്ന സങ്കല്പവും രൂപംകൊണ്ടത് ഈ സന്യാസിസമ്മേളനങ്ങളിൽ നിന്നായിരുന്നു.
ഹൈന്ദവ ധർമ്മപ്രചാരണപ്രചാരണത്തിനും സംരക്ഷണത്തിനുമായി പരിഷത്ത് നേതൃത്വം നൽകിയിട്ടുള്ള സമരങ്ങളും പ്രചാരണപരിപാടികളും സമാനതകളില്ലാത്ത ചരിത്രസംഭവങ്ങളായി മാറി. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് അയോദ്ധ്യാ ക്ഷേത്രവിമോചനമാണ്. 1982 ലെ ജനജാഗരണ അഭിയാനിൽ തുടങ്ങി ശ്രീരാമശിലാപൂജ, ശ്രീരാമ ജാനകി രഥയാത്ര, ശ്രീരാമ ജ്യോതിയാത്ര, ശ്രീരാമ പാദുകപൂജ, ഡൽഹി ബോട്ട്ക്ലബ്ബിലെ ഇതിഹാസ് റാലി തുടങ്ങി രാജ്യവ്യാപകമായ സമ്മേളനങ്ങളുടെ ഫലമായി 1992 ഡിസംബർ 6 ന് കർസേവയിലൂടെ ബാബറി കെട്ടിടം ഇല്ലാതാക്കാൻ സാധിച്ചു. ആ കാലഘട്ടത്തിൽ രൂപംകൊണ്ട ‘ഗർവ്വ് സേ കഹോ ഹം ഹിന്ദു ഹേ -ഗർവ്വോടെ പറയുക നമ്മൾ ഹിന്ദുക്കളാണെന്ന്’ എന്ന മുദ്രാവാക്യം ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ആവശേം പകർന്നുനൽകി.
പ്രവർത്തനകാര്യക്ഷമതയ്ക്ക് വേണ്ടി സംഘടനയുടെ പ്രവർത്തനത്തെ ആറു മേഖലകളായി ലോകത്ത് തിരിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക എന്നിവയാണ് ആ മേഖലകൾ. ഭാരതത്തെ 13 ക്ഷേത്രങ്ങളായും ഇവയെ 44 പ്രാന്തങ്ങളായും വീണ്ടും തിരിച്ചിട്ടുണ്ട്. പ്രാന്തങ്ങളെ വിഭാഗ്, ജില്ല, പ്രഖണ്ഡ്, ഖണ്ഡ്, സ്ഥാനീയസമിതികൾ എന്നിങ്ങനെ വീണ്ടും തരം തിരിച്ചിട്ടുണ്ട്. നിലവിൽ 80 ൽപരം രാഷ്ട്രങ്ങളിൽ വിശ്വഹിന്ദുപരിഷത്ത് പ്രവർത്തിച്ചുവരുന്നു. ഭാരതത്തിന്റെയും സനാതനസംസ്‌കാരത്തിന്റെയും ആത്മീയതയെ തൊട്ടറിഞ്ഞ സന്യാസിവര്യന്മാർ നേതൃത്വം നൽകുന്ന മാർഗദർശകമണ്ഡലാണ് സംഘടനയുടെ രക്ഷാധികാരി സ്ഥാനത്ത് നിൽക്കുന്നത്.
വിശ്വഹിന്ദുപരിഷത്ത് ഉയർത്തിക്കൊണ്ടുവന്ന നിരവധി പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരംകണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന വിഷയങ്ങളിൽ വിജയം കണ്ടെത്താൻ സാധിക്കുന്നു എന്നതാണ് സംഘടനാസംവിധാനത്തിന്റെ പ്രധാന നേട്ടം. ഈ വിസ്തൃതമായ ഭൂഭാഗത്തിൽ വസിക്കുന്ന ഹൈന്ദവസമൂഹത്തിന്റെ ആത്മവിശ്വാസം തകരാതിരിക്കാനും വൈദേശിക അക്രമകാരികളെ മഹത്വവൽക്കരിക്കാതിരിക്കാനും അയോദ്ധ്യയിലെ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് ശ്രീരാമക്ഷേത്രം ഉയരണമെന്നും സംഘടന ആത്മാർത്ഥമായി ആഗ്രഹിച്ചു. നിർബന്ധിത മതപരിവർത്തനനിരോധനം, ഗോവധനിരോധനം, ഏകീകൃതസിവിൽകോഡ്, ആർട്ടിക്കിൾ 370, കാശി വിശ്വനാഥക്ഷേത്രം, മഥുര ശ്രീകൃഷ്ണക്ഷേത്രം തുടങ്ങി ബംഗ്ലാദേശിലെ ഹിന്ദുനരഹത്യ തുടങ്ങി നിരവധി കാര്യങ്ങളിൽ സക്രിയമായി ഇടപെടാനും പരിഹാരം കണ്ടെത്താനും സംഘടനയ്ക്ക് സാധിച്ചു എന്നത് കാലം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഹൈന്ദവസമൂഹം നേരിട്ടിരുന്ന ഒരു പ്രധാന വെല്ലുവിളിയാണ് തൊട്ടുകൂടായ്മ. ഇതിനെതിരെ സന്യാസിമാരുടെ നേതൃത്വത്തിൽ നടപ്പാക്കിയ നിരവധി പരിഷ്‌കാരശ്രമങ്ങൾ ഒരുപരിധിവരെ വിജയിച്ചുകഴിഞ്ഞു. തമിഴ്നാട്ടിൽ വി.എച്ച്.പി. പരിശീലിപ്പിച്ച നൂറുകണക്കിന് പുരോഹിതർ നടത്തുന്ന പ്രവർത്തനങ്ങൾ സാമാജികസമരസതക്ക് പ്രയോജനപ്രദമായി. ഗുജറാത്ത്ഭൂകമ്പം, ഒറീസയിലെയും കേരളത്തിലെയും പ്രളയങ്ങൾ, കോവിഡ്പ്രശ്നങ്ങൾ എന്നീ സമയങ്ങളിൽ വിശ്വഹിന്ദുപരിഷത്ത് നടത്തിയ സേവനപ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.
സേവ -സുരക്ഷ -സംസ്‌കാരം എന്നീ മൂന്ന് പ്രമുഖ കാര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനപദ്ധതികളാണ് വിശ്വഹിന്ദുപരിഷത്ത് ലോകമെമ്പാടും നടത്തിക്കൊണ്ടിരിക്കുന്നത്. സമാജത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഹൈന്ദവവിഭാഗത്തിന് ആവശ്യമായ സേവാമാർഗങ്ങൾ ഒരുക്കിനൽകുകയും ശാരീരിക ബൗദ്ധിക സാംസ്‌കാരിക വെല്ലുവിളികളെ പ്രതിരോധിക്കാനാവശ്യമായ സുരക്ഷ ഒരുക്കിക്കൊടുക്കുകയും ചെയ്ത് ആവശ്യമായ സനാതന സംസ്‌കാരം പകർന്നുനൽകുക എന്നകാര്യത്തിനാണ് സംഘടന കൂടുതൽ പ്രാമുഖ്യം നൽകുന്നത്.
ഹൈന്ദവസമൂഹത്തിന്റെ അജ്ഞത, ദാരിദ്ര്യം, അനൈക്യം എന്നിവ മുതലെടുത്തുകൊണ്ടും പണംകൊടുത്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതന്യൂനപക്ഷങ്ങളിലെ മിഷനറിപ്രവർത്തകർ ഭാരതത്തിലെമ്പാടും നടത്തിയ സംഘടിത മതപരിവർത്തനശ്രമങ്ങളെ എതിർക്കാനും, മതംമാറിയവരെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവരാനും കുറെയെങ്കിലും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. വനമേഖലകളിലും തീരദേശമേഖലകളിലും സേവന പ്രവർത്തനത്തിന്റെ മറവിൽ നടത്തുന്ന മതപരിവർത്തനശ്രമങ്ങളെ ധർമ്മജാഗരണപ്രചാരണപ്രവർത്തനങ്ങളിൽകൂടി നിയന്ത്രിക്കാൻ വിശ്വഹിന്ദുപരിഷത്തിന് സാധിച്ചു. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, ലാൻഡ് ജിഹാദ് എന്നിങ്ങനെ വ്യത്യസ്തമാർഗ്ഗങ്ങളിൽ കൂടി ഹൈന്ദവസംസ്‌കാരത്തെ തകർക്കുന്ന ഇസ്ലാമികതീവ്രവാദശക്തികളെ പൊതുസമൂഹത്തിൽ തുറന്നുകാണിക്കാനും അതിനെ പ്രതിരോധിക്കാനും തടയിടാനും സംഘടനയ്ക്ക് ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്. വിദേശരാഷ്ട്രങ്ങളിലെ ഹൈന്ദവസമൂഹത്തിന്റെ സ്വത്വബോധം ഉയർത്താനും പുതുതലമുറയിലെ ആൾക്കാർക്ക് മതബോധനം നൽകാനും ആവശ്യമായ നിരവധി കാര്യങ്ങൾ സംഘടന നടപ്പാക്കി ക്കഴിഞ്ഞു. ബലോപാസനാകേന്ദ്രങ്ങൾ, ഏകൽവിദ്യാലയങ്ങൾ, ബാലാശ്രമങ്ങൾ, ഗോസംരക്ഷണകേന്ദ്രങ്ങൾ തുടങ്ങി നിരവധി സേവാപദ്ധതികൾ രാജ്യവ്യാപകമായി വിശ്വഹിന്ദുപക്ഷത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു.
വിശ്വഹിന്ദുപരിഷത്ത് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് അതിന്റെ നിരവധിയായ ആയാമുകൾ (ഉപഘടകങ്ങൾ) വഴിയാണ്. 1984 ഒക്ടോബറിൽ നടന്ന ശ്രീരാമജാനകിരഥയാത്രയ്ക്ക് സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി യുവാക്കളെ സംഘടിപ്പിച്ച് തുടക്കം കുറിച്ച പ്രസ്ഥാനമാണ് ബജരംഗ്ദൾ. മാതൃശക്തി, ദുർഗ്ഗാവാഹിനി, ബജരംഗ്ദൾ എന്നിവയാണ് പരിഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയാമുകൾ. സേവ, ധർമ്മപ്രസാർ, ഗോരക്ഷ, പ്രചാർ - പ്രസാർ, സാമാജികസമരസത, സമ്പർക്കം, മാർഗ്ഗദർകമണ്ഡലം, ലീഗൽ സെൽ തുടങ്ങി നിരവധി മറ്റ് ആയാമുകൾ വഴിയും സംഘടന അതിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നു.
സർവ്വവ്യാപിയും സർവ്വസ്പർശിയുമായ ഹൈന്ദവസമാജശാക്തീകരണം എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഗ്രാമഗ്രാമാന്തരങ്ങളിലും നഗരങ്ങളിലും മാത്രമല്ല, വനങ്ങളിലും പർവതപ്രദേശങ്ങളിലും തീരദേശങ്ങളിലും വസിക്കുന്ന ഹൈന്ദവസഹോദരങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുകയും അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളികളാവുകയും ചെയ്യുക എന്നതും ഹിന്ദുവായി ജീവിക്കുന്നതിന്റെ അഭിമാനം ഉൾക്കൊള്ളാൻ അവരെ അഭ്യസിപ്പിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ഭാഗമാണ്.
ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ഷഷ്ഠിപൂർത്തിപാടികളാണ് സംഘടന നടത്തിയത്. നിരവധി സേവന - ധാർമ്മിക - ആദ്ധ്യാത്മിക പ്രവർത്തനങ്ങൾ ഈ ഒരു വർഷക്കാലം പൂർത്തിയാക്കി. എല്ലാ ഹിന്ദുവും ബന്ധുക്കളാണ് എന്ന മഹത്തായ തത്വം ഉൾക്കൊണ്ട് വിശ്വഹിന്ദുപരിഷത്ത് അതിന്റെ അടുത്ത ലക്ഷ്യങ്ങളിലേക്ക് പോകുന്നു.
(വി.എച്ച്.പി. സംസ്ഥാന ജോ.സെക്രട്ടറിയാണ് ലേഖകൻ)