Logo

VHP PUBLICATIONS

Hindu Vishwa


expand_more

നമ്മുടെ ക്ഷേത്രങ്ങൾ നമുക്ക് രക്ഷിച്ചുകൂടേ?- സന്ദേശം

By സ്വാമി ചിന്മയാനന്ദൻ (വിശ്വഹിന്ദുപരിഷത്ത് മാർഗ്ഗദർശക് മണ്ഡൽ സമ്മേളനത്തിൽ നടത്തിയ ഉദ്ഘാടനപ്രസംഗത്തിൽ നിന്നും.)
നമ്മുടെ ക്ഷേത്രങ്ങൾ നമുക്ക് രക്ഷിച്ചുകൂടേ?- സന്ദേശം

സ്വന്തം സംസ്‌കാരത്തെക്കുറിച്ച് ബോധവാന്മാരാകാതെ ഒരു സമുദായത്തിനും നിലനിൽക്കാൻ സാധിക്കുകയില്ല. വ്യക്തിയുടെ സ്വന്തമായ പ്രവർത്തനങ്ങളോടൊപ്പം സാംസ്‌കാരിക ഐക്യം കൂടി ഉണ്ടായാലേ സമുദായത്തിന്റെ ഉദ്ഗ്രഥനം സാധ്യമാകൂ. ചരിത്രം പരിശോധിച്ചാൽ ഇതിനെക്കുറിച്ച് നാം വേണ്ടത്ര ബോധവാന്മാരായിരുന്നില്ല എന്നുകാണാം. ഇതുവരെ നമ്മുടെ സമുദായം ഒരുതരം താമസികനിദ്രയിലാണ്ടിരിക്കുകയായിരുന്നു. പക്ഷെ, ഇന്ന് നാം ഉണർന്നു ചുറ്റുപാടും നോക്കുമ്പോഴാണ് നമ്മുടെ സമുദായത്തിന്റെ ദൗർബല്യത്തെക്കുറിച്ച് മനസ്സിലാകുന്നത്. അതിന്റെ ഫലമായി വിശ്വഹിന്ദുപരിഷത്ത് സ്ഥാപിക്കപ്പെട്ടു. വിശാലഹിന്ദുസമ്മേളനങ്ങൾ നടത്തി. സമ്മേളനങ്ങളിൽ പാസാക്കിയ പ്രമേയങ്ങൾ ഓരോന്നായി ഇപ്പോൾ നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുകയാണ്.

നാമെല്ലാം അതിപ്രാചീനമായ ഒരു സംസ്‌കാരത്തിന്റെ സന്തതികളാണ്. പഴയകാലത്ത് നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ സംവിധാനം നിലനിർത്തിയത് ക്ഷത്രിയരും വൈശ്യരുമായിരുന്നു. സന്യാസിമാർ ആശ്രമങ്ങളിലും മഠങ്ങളിലും താമസിച്ച് ആദ്ധ്യാത്മികമായ പഠനങ്ങൾ നടത്തുകയും അവ ജനങ്ങളിലേക്ക് പകർന്നുകൊടുത്ത് അവരെ പ്രബുദ്ധതയിലേക്ക് നയിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ, ഇന്ന് സമുദായം ആകെ അധഃപതിച്ചിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങൾക്കും സാമൂഹ്യവ്യവസ്ഥിതികൾക്കനുസരിച്ച് സാമൂഹ്യസേവനത്തിനും നാം തയ്യാറാകണം. അതിനു യോജിച്ച പ്രസ്ഥാനങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കണം. ഹൈന്ദവസമുദായത്തിൽ ഇത്രയുംകാലം ഒരു ഏകീകൃതവ്യവസ്ഥിതി ഉണ്ടായിരുന്നില്ല. അഥവാ അത്തരമൊരു വ്യവസ്ഥിതിക്ക് സമുദായം രൂപംകൊടുത്തിരുന്നില്ല. നമ്മുടെ ഇപ്പോഴത്തെ കർത്തവ്യം ഇത്തരത്തിലുള്ള ഒരു വ്യവസ്ഥിതിക്ക് രൂപംകൊടുക്കുകയെന്നതാണ്.

വൈദികകാലത്ത് സമൂഹം ചെറുതായിരുന്നു. ക്രമേണ ജനസംഖ്യ വർദ്ധിച്ചു. സമൂഹം വളരാൻ തുടങ്ങി. വൈദികകാലത്തിനുശേഷം രാമായണ-ഭാരത കാലഘട്ടമായിരുന്നു. അതിനുശേഷം ബൗദ്ധകാലഘട്ടത്തിൽ ബുദ്ധദേവൻ അവതരിച്ചു. അന്നത്തെ സമുദായത്തിനാവശ്യമായ പരിഷ്‌കാരങ്ങൾ ശ്രീബുദ്ധൻ നടപ്പിലാക്കി. പിന്നീട് ക്രിസ്തുവിന് നാലു നൂറ്റാണ്ടുമുമ്പ് ബുദ്ധമതം അധഃപതിക്കുകയും ജീവിതസമ്പ്രദായം മലിനമാകുകയും സമൂഹത്തിൽ ധാരാളം ദുരാചാരങ്ങൾ കടന്നുകൂടി അരാജകത്വം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ആ സമയത്ത് ഒരു പുനർസംവിധാനത്തിനുവേണ്ടി കേരളത്തിൽ ശ്രീശങ്കരൻ അവതരിച്ചു. അദ്ദേഹം പ്രചരിപ്പിച്ച അദ്വൈതസിദ്ധാന്തം അന്ന് നിലവിലുണ്ടായിരുന്ന അനാചാരങ്ങളെയും വ്യവസ്ഥിതികളെയും തട്ടിത്തെറിപ്പിച്ച് ഹിന്ദുമതത്തിന് ഒരു പുനരുദ്ധാരണം നൽകി. സമുദായവ്യവസ്ഥിതികൾ ശാശ്വതമല്ല. അതിന് അന്തിമമായ ഒരു പരിഹാരമാർഗ്ഗവും ഇല്ല. ഇടയ്ക്ക് ദുഷിക്കുമ്പോൾ അത് പരിഷ്‌കരിക്കപ്പെടും. അതിന് ഓരോ മഹാപുരുഷന്മാർ ആവിർഭവിക്കുകയും ചെയ്യും. 15 -ാം നൂറ്റാണ്ടിൽ മാധ്വാചാര്യർ സമൂഹത്തിൽ വിപ്ലവാത്മകമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. ബ്രിട്ടീഷ്ഭരണകാലത്ത് ഹിന്ദുസംസ്‌കാരം നിർജ്ജീവമായി അധഃപതിച്ചുപോയ കാലത്താണ് വംഗദേശത്തുനിന്നും വേദാന്തകേസരിയും പുരുഷസിംഹവുമായ സ്വാമി വിവേകാനന്ദൻ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം ഹിന്ദുസമൂഹത്തിന് ഒരു പുനർജന്മം തന്നെ നൽകി.

സാഹചര്യങ്ങൾ മാറുംതോറും മൂല്യങ്ങൾ പുനർവ്യാഖ്യാനം ചെയ്യേണ്ടതായി വരും. ആ സന്ദർഭങ്ങളിലെല്ലാം ഭാരതത്തിൽ മഹാപുരുഷന്മാർ ഉദയംചെയ്തിട്ടുണ്ട്. അവരാണ് ചരിത്രാരംഭംമുതൽ ഇന്നോളം സമാജത്തെ നിലനിർത്തിക്കൊണ്ടുവന്നത്.

ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ നിരവധി പ്രബലസംസ്‌കാരങ്ങളുടെ വളർച്ചയും തളർച്ചയും കാണാം. ഗ്രീക്ക് നാഗരികത വളർന്നതും തളർന്നതും കൺമുന്നിൽ വച്ചാണ്. അതുപോലെ റോമൻ, മാസിഡോണിയൻ, ഈജിപ്ഷ്യൻ തുടങ്ങിയ അനേകം സംസ്‌കാരങ്ങളുടെ ഉദയത്തിനും അസ്തമയത്തിനും നാം സാക്ഷ്യം വഹിച്ചു. പക്ഷെ, ഭാരതം ഇരുണ്ട നൂറ്റാണ്ടുകളെ അതിജീവിച്ച് ഇന്നും നിലനിൽക്കുന്നു. ചരിത്രത്തിലെ അത്ഭുതകരമായ ഒരു സംഭവമാണിത്. ഇതിന് സൂക്ഷ്മമായ ചില കാരണങ്ങളുണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ സർഗ്ഗാത്മകശക്തിയാണ് ഇതിൽ പ്രധാനപ്പെട്ട കാരണം. കാലോചിതമായി മാറുന്നതിനും പരിവർത്തനപ്പെടുത്തുന്നതിനും സ്വയം നവീകരിക്കുന്നതിനുമുള്ള ശക്തി നമ്മുടെ സംസ്‌കാരത്തിനുണ്ട്. മറ്റ് സംസ്‌കാരങ്ങൾക്കില്ലാത്ത ഈ പ്രത്യേകതകൊണ്ടാണ് ഹിന്ദുസംസ്‌കാരം ഇന്നും ചലനാത്മകമായി നിലനിൽക്കുന്നത്.

ആചാര്യന്മാർ ആശ്രമങ്ങളിലും മഠങ്ങളിലും താമസിച്ച് ഉപനിഷത്തുക്കളും ദർശനങ്ങളും ശാസ്ത്രങ്ങളും പഠിച്ച് ആത്മീയകാര്യങ്ങളിൽ മുഴുകിക്കഴിയുകയാണ്, ഇന്ന്. സമൂഹത്തിൽ എന്ത് നടക്കുന്നുവെന്ന് അവർ ശ്രദ്ധിക്കുന്നില്ല. നമ്മുടെ സംസ്‌കാരപാരമ്പര്യമായിരിക്കാം അവരുടെ ഈ നിലപാടിനു കാരണം. സന്യാസിമാർ രാഷ്ട്രീയത്തിൽ കൈകടത്തുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നില്ല. പക്ഷെ, ഇന്ന് രാഷ്ട്രീയ അതിപ്രസരം മൂലം സമുദായം സർവത്ര അധഃപതിച്ചുവരികയാണ്. സമുദായത്തെ രക്ഷിക്കേണ്ടത് ഇന്ന് സന്യാസിമാരുടെ കർത്തവ്യമായിരിക്കുന്നു. ദേശത്തിന്റെ എല്ലാഭാഗത്തും സമൂഹത്തിനു കുറ്റങ്ങളും കുറവുകളും പ്രശ്നങ്ങളും ഉണ്ടായിരിക്കാം. ഓരോന്നിനും പ്രത്യേകം പ്രത്യേകം ചികിത്സയും വേണ്ടിവരും.

നമ്മുടെ മഹാത്മാക്കൾ സമുദായത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം. നമുക്ക് പ്രവർത്തകരുടെ ഒരു നല്ല സൈന്യം തന്നെയുണ്ട്. നിരവധിവർഷത്തെ പ്രവർത്തനത്തിലൂടെ ധാരാളം പ്രവർത്തകരെ നാം സൃഷ്ടിച്ചിട്ടുണ്ട്. ആ പ്രവർത്തകരാകട്ടെ, ജില്ലകളിലും ഗ്രാമങ്ങളിലും പോയി പ്രവർത്തിക്കാൻ തയ്യാറുമാണ്. അവർക്ക് വ്യക്തമായ മാർഗ്ഗദർശനം നൽകാൻ മഹാത്മാക്കൾ തയ്യാറാകണം. ശാന്തമായ അന്തരീക്ഷത്തിൽ യോഗം ചേർന്ന് ഇതിനുവേണ്ടതായ പദ്ധതികൾ ചർച്ചചെയ്തു തീരുമാനിക്കണം.

നമ്മുടെ ജനാധിപത്യപാരമ്പര്യം ഇന്നത്തെ ജനാധിപത്യസങ്കല്പത്തിൽ നിന്നും വ്യത്യസ്തമാണ്. എല്ലാവരും കൂടി ചർച്ചചെയ്തു തീരുമാനിക്കുന്ന പൊതുവായ അഭിപ്രായം പ്രവർത്തനമാർഗ്ഗത്തിൽ കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ഒരു പാർട്ടി പറയുകയും മറ്റുപാർട്ടികളെല്ലാം കൂടി അതിനെ എതിർക്കുകയും ചെയ്യുന്നതല്ല ജനാധിപത്യം. നമുക്ക് പല പ്രശ്നങ്ങളെക്കുറിച്ചും ചർച്ചചെയ്യാനുണ്ട്. ഉദാഹരണമായി ഹിന്ദുക്കളുടെ ക്ഷേത്രഭരണത്തിന് ഒരു ഗവൺമെന്റ് ഭരണസംവിധാനം ആവശ്യമുണ്ടോ? നമ്മുടെ ക്ഷേത്രങ്ങൾ നമുക്ക് രക്ഷിച്ചുകൂടേ? നാം അതിന് കഴിവില്ലാത്തവരാണോ? പഴയ ചങ്ങലകൾ പൊട്ടിക്കാൻ ചിലപ്പോൾ ഗവൺമെന്റിന്റെ സഹായം ആവശ്യമായിവന്നേക്കാം. ക്ഷേത്രഭരണം നിർവഹിക്കുവാൻ മഹാത്മാക്കളുടെ ഒരു ഉപദേശകസമിതിയും വേണ്ടിവരും. ഏതുപ്രകാരത്തിലാണ് ഇത്തരം കാര്യങ്ങളിൽ നാം പ്രവർത്തിക്കേണ്ടത് എന്ന് തീരുമാനിക്കണം. അനാവശ്യമായ പ്രചരണമല്ല സൃഷ്ടിപരമായ ചർച്ചയാണ് വേണ്ടത്. ഏഴാം നൂറ്റാണ്ടിൽ ശങ്കരൻ ചെയ്തതുപോലെ ഈ നൂറ്റാണ്ടിൽ ഒരു ഹിന്ദുനവോത്ഥാനതരംഗം സൃഷ്ടിക്കാൻ ഈ സമ്മേളനത്തിനു കഴിയുമെന്ന് പ്രാർത്ഥിക്കാം. ഹിന്ദുജനതയുടെ അഭ്യുന്നതിക്കും വിജയത്തിനും വേണ്ടി പ്രവർത്തിക്കാനാവശ്യമായ ശക്തി ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ.