Logo

VHP PUBLICATIONS

Hindu Vishwa


expand_more

പവിത്രമായ ഈശ്വരേച്ഛയുടെ സൃഷ്ടി - ചരിത്രം

By ഗുരുജി ഗോൾവൽക്കർ
പവിത്രമായ  ഈശ്വരേച്ഛയുടെ സൃഷ്ടി - ചരിത്രം

വാസ്തവം പറഞ്ഞാൽ ഇവിടെ വന്ന് എന്തെങ്കിലും സംസാരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. രണ്ടുമാസം മുമ്പ് ശ്രീമദ് ദ്വാരകാപീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ തിരുവടികൾ എന്നോട് ഈ അവസരത്തിൽ സംസാരിക്കണമെന്ന് ആജ്ഞാപിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് ക്ഷമായാചനം നടത്തിക്കൊണ്ട് ‘എന്റെ ജോലി ഇവിടത്തെ മണ്ഡപങ്ങൾ തൂത്തുവൃത്തിയാക്കുക എന്നതാണ്. അത് ചെയ്തുകൊള്ളാം; എന്തെന്നാൽ ഞാനൊരു സ്വയംസേവകനാണ്. ഇതിലും കൂടുതലായി എന്തെങ്കിലും ചെയ്യുന്നത് ധിക്കാരമായിരിക്കും’ എന്ന് ഉണർത്തിച്ചു. എന്നാൽ പൂജ്യമഹാത്മാക്കളുടെ ആജ്ഞപാലിക്കുക എന്നതൊഴികെ മറ്റ് നിർവാഹമില്ലാത്തതിനാൽ ഞാൻ സജ്ജനങ്ങളായ നിങ്ങളുടെ മുന്നിൽ നിൽക്കുകയാണ്.

എന്റെ നോട്ടത്തിൽ വിശ്വഹിന്ദുപരിഷത്തിന്റെ ആവിർഭാവം ഏതോ പവിത്രമായ ഈശ്വരേച്ഛയാലാണ് ഉണ്ടായത്. പരിഷത്തിന്റെ പൊതുകാര്യദർശി ശ്രീമാൻ ആപ്ടേജി സമസ്തലോകത്തിലെയും ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ആശയം കുറച്ചുകാലം മുമ്പ് എഴുതിയിരുന്നു. ഏകദേശം ഈ സമയത്താണ് ശ്രീമദ് ചിന്മയാനന്ദജി ‘തപോവൻപ്രസാദ്’ ലൂടെ ഇതേരീതിയിൽ ആശയം പ്രകടിപ്പിച്ചത്. അനേകമാളുകൾക്ക് ഇതേ അഭിപ്രായമുണ്ടായിരുന്നു.

ഏതാണ്ട് രണ്ടുമൂന്ന് വർഷം മുമ്പ് ഹിന്ദുമഹാസഭയുടെ ഒരു മുതിർന്ന പ്രവർത്തകൻ ലോകത്തിലെ മുഴുവൻ ഹിന്ദുക്കളുടെയും ഒരു സമ്മേളനം വിളിക്കണമെന്ന് എന്നോട് പറയുകയുണ്ടായി. അന്ന് ഞാനദ്ദേഹത്തോട് അഭ്യർത്ഥിച്ചത് അപ്രകാരമുള്ള ഒരു സമ്മേളനം ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ആഭിമുഖ്യത്തിൽ വിളിച്ചുകൂട്ടരുത് എന്നാണ്. അതിന്റെ സംഘാടനം രാഷ്ട്രീയത്തിൽനിന്ന് തീർത്തും മുക്തരായ നമ്മുടെ സമാജത്തിലെ പ്രമുഖവ്യക്തികളുടെ സമിതി ചെയ്യുന്നതാണ് ഉചിതം. തുടർന്നും ഈ പ്രവൃത്തി കക്ഷിരാഷ്ട്രീയത്തെ അകറ്റിനിർത്തിക്കൊണ്ടുവേണം മുന്നോട്ട് കൊണ്ടുപോകാൻ എന്ന് ഞാൻ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് വിചാരവിനിമയാനന്തരം തീരുമാനമായപ്പോൾ ഞാൻ വിശ്വഹിന്ദുപരിഷത്തിന്റെ പൊതുകാര്യദർശി ശ്രീമാൻ ആപ്ടേയോട് നാട്ടിലെങ്ങും സഞ്ചരിച്ച് ജനങ്ങളെ കണ്ട് ഇക്കാര്യത്തിൽ അവരുടെ സഹകരണം നേടാൻ യത്നിക്കണം എന്ന് പറയുകയുണ്ടായി.

അപ്രകാരം ആദ്യയോഗം പവായി (മുംബെ) യിലുള്ള സാന്ദീപനി സാധനാലയത്തിൽ ശ്രീ ചിന്മയാനന്ദസ്വാമികളുടെ നേതൃത്വത്തിൽ നടന്നു. രാഷ്ട്രീയം സ്പർശിച്ചിട്ടില്ലാത്ത എല്ലാ ഹിന്ദുക്കളെയും സംഘടിപ്പിക്കാൻ പ്രയത്നിക്കുന്ന ഒരു സംഘടന ഉണ്ടാകണമെന്നും അതിന്റെ ആരംഭം ഒരു ബൃഹത്സമ്മേളനത്തിലൂടെ വേണമെന്നും നിശ്ചയിക്കപ്പെട്ടു. പ്രയാഗ്രാജിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ മൗനി അമാവാസിനാളിൽ മാഘം അഥവാ കുംഭമേള നടക്കുന്നു. ഈ പവിത്രമായ അവസരത്തിൽ നിരവധി മഠങ്ങളിലെയും സമ്പ്രദായങ്ങളിലെയും ജനങ്ങൾ എളുപ്പത്തിൽ ഒരു സ്ഥലത്ത് ഒത്തുകൂടുന്നു. ഈ സമയത്ത് ദേശവിദേശങ്ങളിൽ താമസിക്കുന്ന ഹിന്ദുക്കളുടെ ഒരു സമ്മേളനം നടത്തണമെന്ന് നിശ്ചയിക്കപ്പെട്ടു. ഈ നിശ്ചയത്തിന്റെ ഫലമാണ് നമ്മുടെ മുന്നിൽ കാണുന്നത്.

ആത്മവിസ്മൃതിയിലാണ്ട ഹിന്ദുസമാജം

ഇതുവരെയും നാം സ്വന്തം ഗൃഹത്തെപ്പറ്റിപോലും ആലോചിച്ചിരുന്നില്ല. നമ്മുടെ വീടിന്റെ നാലുപാടുമുള്ള ബന്ധുക്കളെക്കുറിച്ച് ചിന്തിക്കാൻ നമ്മുടെ മനസ്സിൽ പ്രേരണയോ, പ്രചോദനമോ, അനുകൂലസാഹചര്യമോ ഉണ്ടായിരുന്നില്ല. എന്നാൽ നമ്മുടെ സമാജം ജാഗരൂകമായിത്തീരുകയും സ്വന്തം ഉത്തരവാദിത്വങ്ങളെ തിരിച്ചറിയുകയും ചെയ്യാൻ തുടങ്ങിയതോടെ അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന ബന്ധുക്കളെ സംസ്‌കാരസമ്പന്നരാക്കി, പുരാതനകാലം മുതൽ അഖണ്ഡമായി മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്ന ഹിന്ദുത്വത്തിന്റെ പ്രബലമായ ചരടിൽ എല്ലാവരെയും കോർത്തിണക്കുക എന്ന സ്വകർത്തവ്യം തിരിച്ചറിയാൻ തുടങ്ങി. ഈ അവബോധത്തിന്റെ ആദ്യാവിഷ്‌കാരമാണ് നമ്മുടെ ഈ സമ്മേളനം. നമ്മുടെ സമാജത്തെ സംബന്ധിച്ച് അധികാധികം ശ്രദ്ധാപൂർവം ചിന്തിച്ച് അവരെ ഹിന്ദുക്കളാക്കിത്തീർക്കേണ്ടത് അത്യാവശ്യമാണ്.

ദൗർഭാഗ്യമെന്ന് പറയട്ടെ, നാം ഈയിടെയായി ആത്മവിശ്വാസമില്ലാത്തവരായിക്കൊണ്ടിരിക്കുകയാണ്. ആധുനികമനഃശാസ്ത്രം പറയുന്നത് നാം അപകർഷബോധം പിടിപെട്ടവരാണ് എന്നത്രെ. അതിനാലാണ് നമുക്ക് ലോകത്തെവിടെച്ചെന്നാലും സ്വന്തം ഭാഷയിൽ സംസാരിക്കാനും സ്വന്തം വേഷം ധരിച്ച് ഇറങ്ങിനടക്കാനും ലജ്ജതോന്നുന്നത്. സ്വാഭാവികമായും സ്വന്തം വേഷത്തെക്കുറിച്ച് ലജ്ജ തോന്നുന്ന സ്ഥലങ്ങളിൽ സ്വധർമ്മത്തെപ്പറ്റിയും സ്വന്തം സംസ്‌കാരത്തെപ്പറ്റിയും ആത്മവിശ്വാസത്തോടെ പറയാനും അങ്ങനെ ജനങ്ങളെ സ്വാധീനിക്കാനും കഴിയുന്നതെങ്ങനെ? വാസ്തവത്തിൽ ഞാൻ ആഗ്രഹിക്കുന്നത് ഓരോ ഹിന്ദുവും ഏത് സമാജത്തിന്റെ നടുവിൽ ചെന്ന് ജീവിക്കുകയാണെങ്കിലും അവിടത്തെ ഉണങ്ങിയ പുല്ലുപോലത്തെ സമാജത്തെ തന്നെപ്പോലെ അഗ്‌നിസ്ഫുലിംഗമായി കാണുകയും, നമ്മുടെ പ്രാചീനവും ശ്രേഷ്ഠവും സത്യധർമ്മങ്ങളെ പിന്തുടരുന്നതുമാക്കി തീർക്കുന്നതിനുള്ള ആത്മവിശ്വാസത്തോടെ ജീവിക്കണം എന്നാണ്. ഓരോ വ്യക്തിയും തന്റെ ധർമ്മത്തെയും സംസ്‌കൃതിയെയും കുറിച്ചുള്ള അറിവുനേടി നിർഭയരും ശങ്കാഹീനരുമായിത്തീർന്ന് എല്ലാവരെയും നമ്മിലേയ്ക്കാവാഹിക്കുവാനുള്ള കഴിവ് നേടിയെടുക്കണം. ആ ദൃഷ്ടിയിൽ ശക്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. നമ്മുടെ സമാജത്തിലെ ഒരു വ്യക്തിക്ക് ഇത് ചെയ്യുവാൻ കഴിയില്ല, അഥവാ അതിനുള്ള ബുദ്ധി അയാൾക്കില്ല എന്നല്ല. അയാൾ ഒരുതരത്തിലുള്ള അപകർഷബോധത്തിന് അടിമയാണ്. അയാളുടെ സ്വാഭിമാനം നഷ്ടപ്രായമായിത്തീർന്നിരിക്കുന്നു.

ഇതിനുള്ള ഒരു കാരണം 1200 വർഷങ്ങളായി ശത്രുക്കളുടെ ആക്രമണങ്ങളുടെ പീഡനം അനുഭവിച്ച് ശക്തി നഷ്ടപ്പെട്ടു എന്നതാണ്. പിറന്ന മണ്ണിൽപോലും ഇന്നത്തെ പരിതഃസ്ഥിതിയിൽ സ്വയം ഹിന്ദുക്കളെന്ന് പറയുന്നതിന് നാം ലജ്ജിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ഞാൻ ഹിന്ദുവാണെന്നും ഈ ഭാരതത്തിന്റെ പുണ്യപരമ്പരയുടെ സംരക്ഷണവും സംവർധനവും എല്ലാവിധത്തിലുള്ള പ്രചാരണവും എന്റെ പരമവും പരിശുദ്ധവുമായ കർത്തവ്യമാണെന്നും ആ കർത്തവ്യം പൂർത്തീകരിക്കാൻ ഞാൻ മുന്നേറുകയാണെന്നും പറയാനുള്ള ചങ്കൂറ്റം നമ്മിലുണ്ടാകണം. ഇപ്രകാരത്തിലുള്ള ആത്മവിശ്വാസയുക്തമായ അന്തരീക്ഷം നമ്മുടെ നാട്ടിൽ ഉന്നതനേതാക്കന്മാർ പോലും ഇതുവരെ ഉണ്ടാക്കിയിട്ടില്ല.

ആത്മാഭിമാനം വർദ്ധിപ്പിക്കാൻ

നമ്മുടെ ഹിന്ദുസമാജത്തിലെ എല്ലാ സമ്പ്രദായക്കാർക്കും ഉപസമ്പ്രദായക്കാർക്കും ഏറ്റവും പ്രിയപ്പെട്ടതും ആദരണീയവും സംരക്ഷിക്കപ്പെടേണ്ടതുമായ ഒന്നാണ് ഗോമാതാവ്. ഇവിടം ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായിരുന്നപ്പോൾ അവർ നമ്മുടെ ആത്മാഭിമാനം ധ്വംസിക്കാൻ വേണ്ടി ഗോഹത്യ നടപ്പിലാക്കി. ഇംഗ്ലീഷുകാരുടെ ഭരണം അവസാനിച്ചശേഷവും നമ്മുടെ നാട്ടിലെ സമ്പൂർണ്ണസമാജത്തിന്റെയും ആത്മാഭിമാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ഗോവധം നിരോധിക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഭരണഘടനയ്ക്കനുസൃതമായ നിയമനിർമ്മാണം നടത്താനുള്ള ധൈര്യം നമ്മുടെ ആളുകൾക്ക് ഉണ്ടായില്ല. ഈ സ്ഥിതിയിൽ അന്യരാജ്യങ്ങളിൽ താമസിക്കുന്ന നമ്മുടെ നാട്ടുകാർ എന്തടിസ്ഥാനത്തിലാണ് ആത്മവിശ്വാസപൂർവം തലയുയർത്തിനിൽക്കുക?

ആ അടിസ്ഥാനം നമുക്ക് ഇവിടെ സൃഷ്ടിക്കേണ്ടതുണ്ട്. ഈ ദേവഭൂമി ധർമ്മഭൂമിയാണ്. ഇതിൽനിന്നുതന്നെ ആ അടിസ്ഥാനം ഉടലെടുക്കും. ഈ ആധാരത്തെ സൃഷ്ടിക്കാനുള്ള ആദ്യപരിശ്രമം എന്ന നിലയിൽ ഞങ്ങളെല്ലാം ഹിന്ദുക്കളാണെന്നും; ഹിന്ദുക്കൾ എന്ന നിലയിൽ ലോകം മുഴുവൻ സഞ്ചരിക്കണമെന്നും അഭിമാനപൂർവം നമുക്ക് പറയാൻ കഴിയണം, ലോകത്തെങ്ങുമുള്ള ജനങ്ങൾക്ക് നമ്മുടെ മഹത്തായ സനാതനധർമ്മത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്ത് അവർക്ക് അപ്രകാരം ജീവിക്കാൻ വേണ്ട പ്രോത്സാഹനം നൽകണം. അതായത് വെറും എണ്ണം പെരുപ്പിക്കൽ നമ്മുടെ ജോലിയല്ല. നമ്മുടെ സിദ്ധാന്തങ്ങളിൽ വിശ്വാസമില്ലാത്തതുമൂലം ആർക്കൊക്കെ സംഖ്യാബലത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ അവർ അപ്രകാരം ചെയ്യട്ടെ. നമ്മുടെ സിദ്ധാന്തങ്ങൾ അചഞ്ചലവും ശ്രേഷ്ഠവും സനാതനവുമാണ്. എല്ലാതരം മനുഷ്യരെയും മരണമില്ലാത്തവരാക്കാൻ കഴിവുള്ളവയാണ്. അതിനാൽ നമുക്ക് വിഷമിക്കേണ്ട ആവശ്യമേയില്ല.

ചിലപ്പോൾ ആളുകൾ എന്നോട് ചോദിക്കാറുണ്ട് ‘വിവിധ സമ്പ്രദായങ്ങൾ ഇവിടെ നിലവിലുണ്ടല്ലോ, അവയെ ഇല്ലാതാക്കാനാണോ നിങ്ങൾ നടക്കുന്നത്’ എന്ന്. സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് നമുക്ക് അപ്രകാരം ഒരു ഉദ്ദേശ്യവുമില്ല എന്ന് പറയാൻ കഴിയും. നാം ആരോടും ക്രിസ്തുമതം സ്വീകരിക്കരുതെന്നോ ഇസ്ലാമികതത്വങ്ങളനുസരിച്ച് ഖുർ ആൻ - ശരീഫ് പഠിക്കുന്നതും അഞ്ച് പ്രാവശ്യം നിസ്‌കരിക്കുന്നതും ശരിയല്ലെന്നോ പറയാറില്ല. ഞാനിത്രമാത്രമേ പറയുന്നുള്ളൂ, എന്ത് ചെയ്യുകയാണെങ്കിലും സത്യസന്ധതയോടുകൂടി ചെയ്യുക. സ്വഭാവശുദ്ധിയോടെ മാനവതയെ സ്നേഹിച്ചുകൊണ്ട് ചെയ്യുക. സദാചാരം തുടങ്ങിയ സർവശ്രേഷ്ഠഗുണങ്ങൾ ലോകത്തെങ്ങുമുള്ള മനുഷ്യജാതിക്കുവേണ്ടിയുള്ളതാണ്. അത് പരിപാലിക്കുക. അതിന്റെ പേരിൽ സ്വാർത്ഥം നേടാൻ ശ്രമിക്കരുത്.

നമ്മുടെ സനാതനധർമ്മം ഇപ്രകാരമുള്ള സർവതിനെയും ഉൾക്കൊള്ളുന്നതും സർവർക്കും ആശ്രയം നൽകുന്നതുമാണ്. നശിപ്പിക്കുന്നതല്ല. മറ്റ് ആരാധനാസമ്പ്രദായങ്ങളുടെ പ്രമുഖന്മാരും പറയുന്നതിതുതന്നെയാണ്. യേശുക്രിസ്തുവിന്റെ വചനം ‘ഞാൻ പരിപൂർണ്ണത ഉണ്ടാക്കാൻ വേണ്ടി വന്നവനാണ്, വിനാശം ഉണ്ടാക്കാനല്ല’ എന്നാണ്. എന്നാൽ അദ്ദേഹത്തിന്റെ അനുയായികൾ ഈ സിദ്ധാന്തത്തിലൂടെ നടക്കുന്നില്ല. അവർ പോയേടത്തെല്ലാം ‘വിനാശം വിതച്ചു, പൂർണ്ണത നൽകിയില്ല.’

നാനാത്വത്തിൽ ഏകത്വം

യേശുക്രിസ്തു പറയുന്നതിന്റെ അർത്ഥമിതാണ്: താന്താങ്ങളുടെ മതത്തിനനുസരിച്ച് ഈശ്വരനെ പ്രാർത്ഥിക്കുകയും പൂജിക്കുകയും ചെയ്യുക. ഇത്രയൊക്കെ ചെയ്ത് സമ്പൂർണ്ണമനുഷ്യരുടെയും ഏകീകരണത്തിന് വേണ്ടിയുള്ള സിദ്ധാന്തം ഹൃദയത്തിൽ ഭദ്രമായി സൂക്ഷിച്ചുകൊണ്ട് ഏകീകരണം ഏതിന്റെ അടിസ്ഥാനത്തിലാകണമോ ആ തത്വജ്ഞാനത്തെ ആശ്രയിച്ച് ഭഗവാനോട് സത്യസന്ധമായി പ്രാർത്ഥിക്കുക. എല്ലാം ഉൾക്കൊള്ളുന്ന ഇത്തരം ഭാവം നമ്മുടെ പക്കൽ മാത്രമേ ഉള്ളൂ. പണ്ട് ഭാരതത്തിൽ വിവിധ സമ്പ്രദായങ്ങൾക്കിടയിൽ അന്യോന്യം സംഘർഷം ഉണ്ടായപ്പോൾ എല്ലാറ്റിനെയും സമന്വയിപ്പിക്കാൻ ധർമ്മത്തിന്റെ സുശക്തമായ തത്വജ്ഞാനത്തെ അധിഷ്ഠിതമാക്കി ഒരു മഹത്തായ പ്രസ്ഥാനം ആദിശങ്കരാചാര്യരാൽ സ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന് അതിൽ വിജയവും ലഭിച്ചു. ഇന്ന് എല്ലാവരോടും മനസ്സിൽ സദ്ഭാവവും സ്നേഹവും നിലനിർത്തിക്കൊണ്ട് മഹത്തും മരണമില്ലാത്തതുമായ ഈ സനാതനധർമ്മത്തിന്റെ അടിസ്ഥാനത്തിൽ സർവരും ശക്തമായി പരിശ്രമിക്കേണ്ടതാണ്. ഇക്കാലത്ത് ചിലർ തങ്ങളെ സനാതനികളെന്നും മറ്റുചിലർ ആര്യസമാജക്കാരെന്നും പറയുന്നു. സനാതനധർമ്മം എന്ന് ഞാൻ വിശേഷിപ്പിക്കുന്ന കാര്യത്തിന് ഇതുമായി ബന്ധമൊന്നുമില്ല. സനാതനം എന്നുവച്ചാൽ എന്നും നിലനിൽക്കുന്നത് എന്നർത്ഥം. മുമ്പ് ഉണ്ടായിരുന്നു, ഇന്ന് ഉണ്ട്, നാളെ ഉണ്ടായിരിക്കുകയും ചെയ്യു. ഇപ്രകാരമുള്ള നമ്മുടെ മഹത്തും മരണമില്ലാത്തതും സിദ്ധാന്തമയവും അനുഷ്ഠാനമയവുമായ ധർമ്മമാണ് ഈ സനാതനധർമ്മം. നമ്മുടെ ഈ മഹത്തായ പാരമ്പര്യത്തിൽനിന്നും ഉദയംകൊണ്ട ബൗദ്ധർ, ജൈനർ തുടങ്ങിയ എല്ലാ സമ്പ്രദായത്തിന്റെയും അന്തർഭാവം ഒന്നാണ്. നമ്മുടെ ഇടയിൽ ദശാവതാരങ്ങളിലൊന്നാണ് ഭഗവാൻ ബുദ്ധന്റെ അവതാരവും. അദ്ദേഹത്തെക്കുറിച്ച് ജയദേവകവി പറഞ്ഞത് ഹിംസാത്മകമായ യജ്ഞത്തെ ഭഗവാൻ ബുദ്ധൻ എതിർത്തു എന്നാണ്.

എന്റെ യാത്രയിലൊരിക്കൽ ഒരു ശ്രേഷ്ഠനായ ജൈനമുനിയെ കാണാനിടയായി. അദ്ദേഹം ഞങ്ങളിൽ വലിയ കനിവുള്ളവനായിരുന്നു. എന്നോട് ചില ജൈനസഹോദരന്മാർ ഏതാനും പ്രശ്നങ്ങൾ ഉന്നയിക്കുകയുണ്ടായി. ഞങ്ങൾ സ്വയം എങ്ങനെയാണ് ഹിന്ദുക്കളായി കരുതുക? ഞങ്ങൾക്ക് പ്രത്യേകമായ ജൈനസമ്പ്രദായമനുസരിച്ചുള്ള രീതികളുണ്ട്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘‘സഹോദരാ, ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് അർഹതയില്ല. ഞാൻ മുനിയോട് ചെന്ന് ചോദിക്കാം’’ ജൈനമുനിയുടെ അരികെ ചെന്ന് ഞാനാരാഞ്ഞു, ‘‘ചിലയാളുകൾ ഇത്തരത്തിൽ പറയുന്നു, ജൈനഭഗവാന്റെ ആജ്ഞയെന്താണ് എന്ന് പറഞ്ഞാലും.’’ അദ്ദേഹം പറഞ്ഞു, ‘‘വേദങ്ങൾ എല്ലാ പ്രകാരത്തിലുമുള്ള ജ്ഞാനം നൽകിയിട്ടുണ്ട്. ഉപാസനാരീതികളും നൽകിയിട്ടുണ്ട്. കുറച്ച് ഉപാസനകൾ രജോഗുണികളായ മനുഷ്യർക്കനുകൂലമാണ്, ചിലവ തമോഗുണികളായ മനുഷ്യർക്കും. വേദമാതാവ് ആരെയും നിഷേധിച്ചിട്ടില്ല. എല്ലാവർക്കും അവരുടെ സ്വഭാവത്തിനിണങ്ങിയ ഉപാസനാരീതികൾ നൽകി അവരെ മുന്നോട്ട് നയിക്കാൻ പ്രയ്തനിക്കുകയാണുണ്ടായത്. പരമകരുണികയായ വേദമാതാവ് അത്യന്തം ശ്രേഷ്ഠരും സാത്വികരുമാവാൻ കഴിവുള്ള മാർഗ്ഗം പറഞ്ഞുകൊടുത്തിട്ടുണ്ട്. ഇത്രയും സിദ്ധാന്തങ്ങളുമായാണ് ജൈനസമ്പ്രദായം മുന്നോട്ട് പോകുന്നത്. വേദപാരമ്പര്യപ്രകാരം, അതായത് ആ തത്വജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ, ഹിന്ദുസമാജത്തിന്റെ ജീവിതത്തെ ശുദ്ധസാത്വികരൂപത്തിൽ പരിപുഷ്ടമാക്കാനാണ് ഈ ജൈനാനുശാസനം പ്രവർത്തിക്കുന്നത്.’’ അവസാനം അദ്ദേഹം പറഞ്ഞു, ‘‘ഹിന്ദു എന്നുപറയാത്ത ഒരാൾക്കെങ്ങനെ ജൈനനാകാൻ കഴിയും?’’ ഇത്രയും മഹത്തും ശ്രേഷ്ഠവുമായ ആത്മാനുഭൂതിയാൽ സമ്പന്നനായ ആ മഹാപുരുഷന്റെ വാക്കുകൾ എന്റെ മനസ്സിൽ മായാത്ത മുദ്രപതിപ്പിച്ചു.

നമ്മുടെ സർവമതസമ്പ്രദായങ്ങളും ഈ പരമ്പരയിൽനിന്ന് ജനിച്ചവയാണ്. ആരെങ്കിലും ഏതെങ്കിലും പ്രത്യേകരീതിയെ നിഷേധിച്ചിരിക്കാം. നിഷേധിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഷ നിശിതമായിത്തീർന്നിരിക്കാം. എന്നാൽ എല്ലാ സമ്പ്രദായങ്ങളും തങ്ങളുടെ അടിസ്ഥാനപാരമ്പര്യത്തെ സ്പർശിച്ചുകൊണ്ടാണ് നീങ്ങുന്നത്. അതിനാൽ അവയെല്ലാംതന്നെ ഗ്രാഹ്യങ്ങളാണ്, വന്ദിക്കപ്പെടേണ്ടതാണ്. അവയിൽ സർവപ്രകാരങ്ങളിലുമുള്ള സാമഞ്ജസ്യം സ്ഥാപിച്ച് നമ്മുടെ സമഗ്രസമാജത്തിന്റെയും വൈഭവങ്ങൾ ഉചിതമായി സമ്പാദിക്കുന്ന കർത്തവ്യമാണ് നമ്മുടെത്. ഈ കാഴ്ചപ്പാടിലാണ് എല്ലാ സമ്പ്രദായങ്ങളുടെയും മഹാന്മാരായ ആചാര്യന്മാരെ പ്രാർത്ഥനാപൂർവം ഇങ്ങോട്ട് ക്ഷണിച്ചത്. സമാജത്തിന്റെ ഇന്നത്തെ സ്ഥിതി, അതിൽ ഏകീകരണത്തിന്റെ നിതാന്തമായ ആവശ്യകത എന്നീ കാര്യങ്ങളെക്കുറിച്ച് വിവിധ ജാതിസമ്പ്രദായങ്ങളിലുള്ളവർ അന്യോന്യം സസന്തോഷം വാദവിവാദങ്ങളിൽ ഏർപ്പെടട്ടെ- എന്നാൽ പ്രത്യക്ഷമായ പെരുമാറ്റത്തിൽ എല്ലാവരും ഒന്നുചേർന്ന് ഒരു അധിഷ്ഠാനത്തിൽ സമാജത്തിന്റെയും രാഷ്ട്രത്തിന്റെയും ഹിതത്തിനായി നിലകൊള്ളണം- ഇതിന്റെ ആവശ്യം അനുഭവപ്പെടുന്നുണ്ട്. എല്ലാവരും ക്ഷണം സ്വീകരിച്ച് ഇവിടെ സന്നിഹിതരായി ഈ പരിഷത്തിന് തങ്ങളുടെ അനുഗ്രഹം ചൊരിയുകയുണ്ടായി. സർവരും ഈ ഏകീകരണം, സാമഞ്ജസ്യം, ഏകാത്മതാ എന്നിവയെ വളരെ ശക്തിയായി പിന്താങ്ങി. അത്രത്തോളം ചെയ്യുവാൻ എനിക്ക് അർഹതയില്ല.

ഈ രണ്ട് രണ്ടര ദിവസം സ്വർണ്ണാക്ഷരങ്ങളിൽ കുറിയ്ക്കപ്പെടേണ്ടതാണ് എന്ന് ഞാൻ കരുതുന്നു. ഇത് നമ്മെ സംബന്ധിച്ചിടത്തോളം ഭാഗ്യത്തിന്റെ മുഹൂർത്തമാണ്. ഇത്രയും വർഷങ്ങൾ ഉറങ്ങിക്കിടന്ന നമ്മുടെ ഭാഗ്യം ഉണർന്നെഴുന്നേൽക്കുകയാണ്. ഇനി ലോകമെങ്ങും പെരുമ്പറ മുഴങ്ങും. പതാകകൾ ഉയരത്തിൽ പറക്കും. ശ്രീമദ് സ്വാമി വിവേകാനന്ദനപ്പോലുള്ള മഹാപുരുഷന്മാർ ലോകമെങ്ങും സഞ്ചരിച്ച് പറയുകയുണ്ടായി - ലോകത്തിന്റെ ഉച്ചിയിൽ നമ്മുടെ പതാക പറപ്പിക്കുമെന്ന്. ആ ദിവസം അടുത്തെത്തിയിരിക്കുന്നു. ഇതിൽ സന്ദേഹമേതുമില്ല.

ഹിന്ദുത്വത്തിന്റെ പ്രബലഭാവത്തെ ഉണർത്താം

ഇപ്പോൾ എല്ലാവരും ഒത്തുചേർന്ന് പ്രയത്നിച്ച് ഹിന്ദുത്വത്തിന്റെ പ്രബലമായ ഭാവം ഉണർത്തേണ്ടതുണ്ട്. ഇത് നാം സ്വയം ആരംഭിക്കാം. ഇത് ഉപദേശത്തിന്റെ കാര്യമല്ല. ഓരോരുത്തരും സ്വയം ചെയ്തുകൊണ്ട് ഇങ്ങനെ പറയട്ടെ: ‘‘ ഞാൻ ഹിന്ദു ആയിരുന്നു. ഹിന്ദു ആണ്, ഹിന്ദുവായി മാത്രം ജീവിക്കും. ആദരപൂർവം ഈ മതത്തെയും ആചാരനിയമങ്ങളെയും പാലിക്കും. വിശ്വാസപൂർവം ഇതിന്റെ തത്വങ്ങൾ പഠിച്ച് സർവപ്രകാരത്തിലും സ്വന്തം ജീവിതത്തെ ഉദ്ധരിക്കും. ഗുണസമ്പന്നനും ചാരിത്ര്യവാനും സദാചാരനിഷ്ഠനും ആയിത്തീർന്ന്, ലോകത്തിന്റെ മുന്നിൽ ഒരു മാതൃകയായിത്തീരും. എന്തെങ്കിലും തിന്മകണ്ടാൽ അതിനെ വേരോടെ പിഴുതുമാറ്റണമെന്ന് ഭഗവാനോട് പ്രാർത്ഥിച്ച് എല്ലാത്തരത്തിലും യശസ്വിയാവാൻ വേണ്ടി സർവരും പരിശ്രമിക്കേണ്ടതുണ്ട്. സ്വയം ഇപ്രകാരം പരിവർത്തനം വരുത്തി, പരസ്പരം ഹൃദയങ്ങളൊന്നിച്ചുചേർന്ന് അന്യോന്യമുള്ള ഈ ദൃഢവിശ്വാസത്തിന്റെയും അനുഭൂതിയുടെയും ആദാനപ്രദാനങ്ങൾ നടത്തി ഹിന്ദുസമാജത്തിൽ ഞാൻ ഹിന്ദുവാണ്, ഹിന്ദുവെന്ന നിലയിൽ ഏകസൂത്രത്താൽ ബന്ധിതനായിത്തുടരും എന്ന ദൃഢനിശ്ചയം ചെയ്യണം. എല്ലാ സമ്പ്രദായങ്ങളും എന്റേതാണ്, എല്ലാ ജാതികളും എന്റേതാണ്, ഗിരികളിലും ഗുഹകളിലും വസിക്കുവന്നവർ എന്റേതാണ്. അവർ ദുഃഖിതരാണെങ്കിൽ അതിനുകാരണം നമ്മുടെ ദോഷങ്ങളാണ്. അറിവുള്ളവരെന്ന് പറയപ്പെടുന്ന ഹിന്ദുസമാജത്തിലെ വലിയവർ മൂലം ഉപേക്ഷിക്കപ്പെട്ടവരായി കഴിയുന്ന നമ്മുടെ വനവാസിസമാജം എന്റെ സ്വന്തമാണ്. ഇവരോട് ഇത്രയും വർഷങ്ങളായി ചെയ്തുവന്ന അന്യായങ്ങളെ തുടച്ചുമാറ്റാൻ ആവശ്യമായതതെന്തക്കൊയാണോ അത് ഞാൻ ചെയ്യും എന്ന ശക്തമായ നിശ്ചയം എല്ലാവരിലും ജനിപ്പിച്ചുകൊണ്ട്, ഒരൊറ്റച്ചരടിൽ ബന്ധിപ്പിക്കപ്പെട്ടവരായി, ശക്തിസമ്പന്നരായി, തലയുയർത്തിപ്പിടിച്ച് അതിന്റെ ജന്മസ്ഥാനമായ ഈ മൂലഭൂമിയിൽ ആസേതുഹിമാചലം ഹിന്ദുസമാജം നിവർന്നുനിൽക്കും എന്ന് നമുക്ക് നിശ്ചയിക്കാം.

ഈ നിശ്ചയം കൊണ്ടുമാത്രമേ ലോകത്തിന്റെ നാനാഭാഗത്തും ചെന്ന് നമ്മുടെ ധർമ്മത്തെ പ്രചരിപ്പിച്ച് അവിടത്തെ എല്ലാ ഹിന്ദുക്കളെയും ജാഗരൂകരും സുസംസ്‌കൃതരും ആക്കാനാവൂ. ജ്വലിക്കുന്ന സ്ഫുലിംഗമായി ഓരോരുത്തർക്കും പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഇപ്രകാരം ലോകത്തെ മുഴുവൻ മഹത്തായ ധർമ്മത്തിന്റെ തേജസ്സിനാൽ, ഹിന്ദു അഭിഷിക്തമാക്കും എന്ന് നിശ്ചയിച്ചുകൊണ്ട് സ്വയം പ്രവർത്തിക്കാൻ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ പ്രവൃത്തിയുടെ പ്രാരംഭമാണിത്.

സമ്മേളനത്തിൽ അംഗീകരിക്കപ്പെട്ട പ്രമേയത്തിനനുസൃതമായി സ്ഥിരസമിതി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രവർത്തനം ആരംഭിക്കും. കാര്യകർത്താക്കൾ പ്രവർത്തിച്ചുകൊള്ളും. എന്നാൽ, പൂർണ്ണശക്തിയേകി അതിനെ പരിപോഷിപ്പിക്കുക എന്ന കർത്തവ്യം നമ്മുടെതാണ്. ഏതൊരു പ്രവൃത്തി ചെയ്യേണ്ടതായി വരുമ്പോഴും അത് പൂർത്തീകരിക്കാനായി മുന്നോട്ട് വച്ച കാൽ ഒരിക്കലും പിന്നിലേക്ക് വയ്ക്കില്ല എന്ന തീരുമാനത്തോടെ പ്രവർത്തിക്കാം. നമ്മുടെ മുന്നിലുള്ള കർത്തവ്യം വളരെ വലുതാണ്. എല്ലാ സുഹൃത്തുക്കളെയും ഇത് ഓർമ്മിപ്പിക്കുക എന്ന കർത്തവ്യം ഞാൻ നിർവഹിച്ചു. എല്ലാ സാധുസന്യാസിമാരുടെയും ആശീർവാദം നേടി വിശ്വഹിന്ദുപരിഷത്തിനെ എന്നെന്നേക്കും സുശക്തമാക്കാനുള്ള ദൃഢപ്രതിജ്ഞയെടുത്തുകൊണ്ട് നമുക്കിവിടെനിന്നും പോകാം.

(ഹിന്ദുവിശ്വ ആർക്കൈവ്സ്)