Hindu Vishwa
Index
എഡിറ്റോറിയൽ
സനാതനധർമ്മത്തിനെതിരെ വാളോങ്ങുന്നവർ
ശിവഗിരി തീർത്ഥയാത്രയോടനുബന്ധിച്ച് നടന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം സനാതനധർമ്മത്തെ കടന്നാക്രമിക്കുന്നതായിരുന്നു. ശ്രീനാരായണഗുരു സനാതനധർമ്മത്തിന്റെ വക്താവോ പ്രോക്താവോ ആയിരുന്നില്ലെന്നും സനാതനധർമ്മം വർണ്ണാശ്രമധർമ്മംതന്നെയാണെന്നും അത് പഴയ ബ്രാഹ്മണാധിപത്യക്കാലത്തെ രാജവാഴ്ചയുടെ പുനഃസ്ഥാപനമാണെന്നും സനാതനധർമ്മത്തെ അതിമഹത്തരമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രതയുണ്ടാകണമെന്നും ഗുരുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളുണ്ടെന്നുമൊക്കെയാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. സാമൂഹികപരിഷ്‌കർത്താവായിരുന്ന ശ്രീനാരായണഗുരുവിനെ കേവലമൊരു സന്യാസിയായി കുറച്ചുകാണുവാനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നു. കൃത്യമായ ധാരണയോടുകൂടി മുൻകൂട്ടി നിശ്ചയിച്ചതാണ് മുഖ്യമന്ത്രിയുടെ പ്രസംഗവും അതിലെ മുൾമുനകളും. ഗുരുവിനെ വെറും സാമൂഹികപരിഷ്‌കർത്താവായി മാത്രം അവതരിപ്പിക്കുകയെന്നത് ഇടതുബുദ്ധിജീവികളുടെയും സംഘടനകളുടെയും എക്കാലത്തെയും ഗൂഢതന്ത്രമാണ്. ഇടക്കാലത്ത് സ്വാമി വിവേകാനന്ദനെയും ഇതേരീതിയിൽ അവതരിപ്പിക്കാനുള്ള ചില ശ്രമങ്ങളുണ്ടായിരുന്നുവെങ്കിലും ജനങ്ങളത് തള്ളിക്കളഞ്ഞു.
ഭാരതത്തിലെ നൂറ്റാണ്ടുകൾ പിന്നിട്ട ആത്മീയ, ജീവിത സംസ്‌കൃതിയുടെ പേരാണ് സനാതനം എന്നത്. ഹിന്ദുമതം എന്ന് വിളിക്കപ്പെടുമ്പോഴും സനാതനസംസ്‌കാരം എന്ന വിശാലഭൂമികയിലാണ് അത് നിലകൊള്ളുന്നത്. സെമിറ്റിക് മതങ്ങളുടെ നിർവചനത്തിൽ അതിനെ ഉൾക്കൊള്ളാനാവുകയുമില്ല. എണ്ണമറ്റ ആചാര്യന്മാരും ഗ്രന്ഥങ്ങളും വിശ്വാസങ്ങളും വിശ്വാസമില്ലായ്മയും എല്ലാം അതിന്റെ ഭാഗമാണ്. വൈദികസംസ്‌കാരം, ഉപനിഷത്‌സംസ്‌കാരം, ക്ഷേത്രസംസ്‌കാരം തുടങ്ങിയ നിരവധി പദ്ധതികൾ വിവിധ കാലങ്ങളിലായി അതിന്റെ ഭാഗമായിട്ടുണ്ട്. പലകാലങ്ങളിലായി കടന്നുകൂടിയ അനാചാരങ്ങളെയും അധഃപതനങ്ങളെയും ദൂരീകരിക്കുവാനായി പല ആചാര്യന്മാരും ഇവിടെയുണ്ടായിട്ടുണ്ട്. ഇവരെല്ലാം ഈ സംസ്‌കൃതിയുടെ ഉള്ളിൽനിന്നുകൊണ്ടാണ് പ്രവർത്തിച്ചതും മുന്നോട്ട് പോയതുമെല്ലാം. ഈശ്വരനില്ലെന്ന് വിശ്വസിക്കുന്ന നാസ്തികദർശനമായ ലോകായതംപോലും സനാതനധർമ്മത്തിന്റെ ഭാഗമാണെന്നുപറയുമ്പോൾ അതിന്റെ മഹത്വം എത്ര വലുതാണെന്ന് ചിന്തിക്കുക. ശ്രീനാരായണഗുരുദേവനും മഹാത്മാ അയ്യങ്കാളിയുമെല്ലാം സാമുദായികവിവേചനത്തിന് മതപരിവർത്തനമല്ല പരിഹാരം എന്ന് ചിന്തിച്ചവരാണ്. അത്തരം സാഹചര്യങ്ങളെ അവർ ശക്തമായി നേരിടുകയും ചെയ്തതിന് തെളിവുകളുണ്ട്. ഗുരുദേവൻ അദ്വൈതിയായിരിക്കുമ്പോഴും സാധാരണക്കാർക്കായി നിരവധി ക്ഷേത്രപ്രതിഷ്ഠകൾ നടത്തി. ക്ഷേത്രതന്ത്രം, സംസ്‌കൃതം, വൈദ്യം, ഷോഡശക്രിയാപരിശീലനം, വിദ്യാഭ്യാസം എന്നിങ്ങനെ സനാതനസംസ്‌കൃതിയടെ വിവിധ ധാരകളെ പുഷ്ടിപ്പെടുത്തിക്കൊണ്ടുതന്നെയാണ് ഗുരുദേവൻ വിഭാവനം ചെയ്ത പ്രസ്ഥാനങ്ങൾ മുന്നോട്ട് പോകുന്നത്.
ശ്രീനാരായണഗുരുദേവൻ സനാതനിയല്ലെന്ന് സ്ഥാപിക്കാൻ ഇടതുപക്ഷം നടത്തുന്ന ഇത്തരം ഗൂഢപദ്ധതിക്ക് പിന്നിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. അതിൽ പ്രധാനം സനാതനസംസ്‌കൃതി മുന്നോട്ട് വയ്ക്കുന്ന ഹിന്ദു ഏകത എന്ന ലക്ഷ്യം തകർക്കുകയെന്നതാണ്. ഈ ഹിന്ദുഏകതകൊണ്ട് ഏറ്റവും വലിയ നഷ്ടമുണ്ടാകുന്നത് ഇടതുരാഷ്ട്രീയത്തിനാണ്. ഹിന്ദു അനൈക്യമാണ് അതിനുള്ള ശാശ്വത പ്രതിവിധിയെന്ന് അവർക്കറിയാം. ക്ഷേത്രത്തിൽ പുരുഷന്മാർ മേൽവസ്ത്രം ധരിച്ച് പ്രവേശിക്കുന്നത് കൊടിയ അന്ധവിശ്വാസമാണെന്ന് പ്രസംഗിക്കുവാൻ മുഖ്യമന്ത്രി കാട്ടിയ ധൈര്യം ഇത്തരം തന്ത്രത്തിന്റെ ഭാഗമാണ്. തീവ്ര ന്യൂനപക്ഷസംഘടനകളെ ചേർത്തുനിർത്താനും ഇതിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നുണ്ട്. ഇസ്ലാമിന്റെയോ ക്രിസ്ത്യാനിയുടെയോ വേദിയിൽ വന്ന് ഏതെങ്കിലുമൊരു അനാചാരത്തെക്കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രിയെന്നല്ല, പാർട്ടിയിലെ ഒരു നേതാവും ധൈര്യപ്പെടുകയില്ല. ന്യൂനപക്ഷവിഭാഗങ്ങളിലെ പ്രാകൃതമായ അനാചാരങ്ങൾക്കുപോലും സാധുത നൽകാനും മതേതര പരിവേഷം നൽകാനും മത്സരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ ദാസ്യഭാവം നമുക്കറിയാമല്ലോ.
സനാതനധർമ്മം ചാതുർവർണ്യം മാത്രമാണെന്ന പാർട്ടിനേതാവ് എം.വി.ഗോവിന്ദന്റെ വാക്കുകളും യാദൃച്ഛികമല്ല കാര്യങ്ങളെന്നതിന്റെ തെളിവാണ്. വർണ്ണമെന്നാൽ ജാതിയല്ലെന്നും സനാതനധർമ്മം ജാതിവിവേചനത്തിലും അസ്പൃശ്യതയിലും വിശ്വസിക്കുന്നതല്ലെന്നും കാലാനുസൃതമായി നവീകരിക്കപ്പെടുന്നതാണെന്നും അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുവാനും സാമുദായിക അനൈക്യം സൃഷ്ടിക്കുവാനും നടത്തുന്ന ഗൂഢപദ്ധതി ശക്തമായി തിരിച്ചറിയപ്പെടുകതന്നെ വേണം.