Hindu Vishwa
Index
കുംഭമേള ഒരനുഭവം
 
                                                    പ്രയാഗ്‌രാജിൽ വീണ്ടും ഒരു മഹാജനസാഗരം രൂപപ്പെടുന്നു. 2025 ജനുവരി 14 മുതൽ ഫെബ്രുവരി 27 വരെയാണ് (മകരസംക്രാന്തിമുതൽ ശിവരാത്രിവരെ) ഇത്തവണ കുംഭമേള നടക്കുന്നത്.
നഷ്ടപ്പെട്ടുപോയ തങ്ങളുടെ ശക്തി വീണ്ടെടുക്കാനായി ദേവന്മാർ നടത്തിയ പാലാഴിമഥനത്തെപ്പറ്റി പുരാണഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ഇതുമായാണ് കുംഭമേള ബന്ധപ്പെട്ടിരിക്കുന്നത്. ഗരുഡൻ കൊണ്ടുപോകുമ്പോൾ അമൃതകുംഭത്തിൽനിന്നും പ്രയാഗ്, ഹരിദ്വാർ, ഉജ്ജയിനി, നാസിക് എന്നിവിടങ്ങളിൽ അമൃത് തുളുമ്പി എന്നാണ് വിശ്വാസം. കുംഭമേള രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവതീർത്ഥാടനസംഗമവും ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒത്തുചേരുന്ന മേളയുമാണ്. കുംഭമേളസമയത്ത് അതാതു നദികളിലെ വെള്ളം അമൃതാകും എന്നാണ് വിശ്വാസം. അതുകൊണ്ട് ഈ സമയത്ത് പുണ്യനദികളിൽ സ്‌നാനം ചെയ്യുകയെന്നത് ഒരു ജന്മസാഫല്യമായിട്ടാണ് കരുതുന്നത്. പാപങ്ങൾ നീങ്ങി മോക്ഷത്തിലേക്ക് അടുക്കാൻ ഇതു സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
ഭാരതത്തിലെ പതിമൂന്ന് അഖാഡകൾ (സന്ന്യാസിസംഘങ്ങൾ) ഒരുമിച്ചാണ് കുംഭമേളകൾ നടത്തുന്നത്. ശങ്കരാചാര്യർ സ്ഥാപിച്ച ദശനാമിപരമ്പരയിൽപെട്ടവരാണ് ഈ അഖാഡകൾ.
കുംഭമേളകളിലെ സ്ഥിരസാന്നിദ്ധ്യമാണ് നാഗസന്ന്യാസിമാർ. ഹിമാലയസാനുക്കളിൽ വസിക്കുന്ന ഇവർ കുംഭമേളസമയത്ത് ഒത്തുചേരുന്നു. ലൗകികസുഖങ്ങൾ പൂർണ്ണമായി വെടിഞ്ഞ് ആത്മീയപാതയിൽ സഞ്ചരിക്കുന്നവരാണ് നാഗസന്ന്യാസിമാർ.
2013 -ൽ ഹരിദ്വാറിൽ നടന്ന കുംഭമേളയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പല കാരണങ്ങളാൽ ആഗ്രഹം നടന്നില്ല. 2019 ഫെബ്രുവരിയിൽ പ്രയാഗ്‌രാജിൽ നടന്ന അർദ്ധകുംഭമേളയിൽ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായി. തൃശ്ശൂരിൽനിന്ന് ലേഖകനും സ്വാമി വാണീശാനന്ദജിയും (ഇപ്പോൾ കൊൽക്കത്തയിൽ ബേലൂർമഠത്തിലെ ബ്രഹ്മചാരി പരിശീലനകേന്ദ്രത്തിൽ ആചാര്യൻ) വാരാണസിയിലേക്ക് തീവണ്ടി കയറി. പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയായിരുന്നു ലക്ഷ്യം. കാശിയിലെ രാമകൃഷ്ണാശ്രമത്തിൽ രണ്ടു ദിവസം താമസിച്ച് വിശ്വനാഥക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് ഞങ്ങൾ പ്രയാഗിലേക്ക് ബസ്സ് കയറി. ആദ്യം അവിടത്തെ രാമകൃഷ്ണാശ്രമത്തിലെത്തി കുളിയും ഭക്ഷണവും കഴിഞ്ഞ് കുംഭമേള നടക്കുന്ന സ്ഥലത്തേക്ക് ഓട്ടോറിക്ഷയിൽ യാത്രതിരിച്ചു. കുംഭമേള നടക്കുന്ന സ്ഥലത്തായിരുന്നു സന്ന്യാസിമാർക്ക് താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത്. പ്രയാഗ് ആശ്രമത്തിലെ സ്വാമിജിയുമായി ബന്ധപ്പെട്ട് ആശ്രമത്തിന്റെ ടെന്റ് കണ്ടുപിടിച്ചു. ഏകദേശം മുപ്പതോളം സന്ന്യാസിമാർക്ക് താമസിക്കാനുള്ള ഒരുക്കങ്ങളാണ് അവിടെ ചെയ്തിരുന്നത്. ഞങ്ങൾക്ക് അവിടെ താമസിക്കാനുള്ള സൗകര്യം ലഭിച്ചു. കുംഭമേളയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളും സർക്കാർ ചെയ്തിരുന്നു. കേന്ദ്രസർക്കാരും ഉത്തർപ്രദേശ് സർക്കാരും സംയുക്തമായി കോടിക്കണക്കിനു രൂപയുടെ സംവിധാനമാണ് ഒരുക്കിയിരുന്നത്. ലക്ഷക്കണക്കിനു ഭക്തജനങ്ങൾ എത്തിച്ചേരുന്ന കുംഭമേള നടക്കുന്ന സ്ഥലം വളരെ വൃത്തിയായി കാണപ്പെട്ടു. പല ആശ്രമങ്ങളുടെയും ധാരാളം ടെന്റുകൾ കാണാൻ സാധിച്ചു.
ഫെബ്രുവരി 2-ാം തീയതി പുലർച്ചെ 3 മണിക്ക് ഞങ്ങൾ ത്രിവേണീസംഗമത്തിൽ സ്‌നാനം ചെയ്യാനായി മറ്റു സ്വാമിമാരുടെകൂടെ പുറപ്പെട്ടു. അസ്ഥി തുളയ്ക്കുന്ന തണുപ്പിനെ അതിജീവിക്കാൻ കമ്പിളിയുടുപ്പ് സഹായിച്ചു. ടെന്റിൽനിന്നും മൂന്നു കിലോമീറ്ററോളം നടന്നുവേണം സ്‌നാനഘട്ടിലേക്ക് എത്തിച്ചേരാൻ. കുറെ നടന്നപ്പോൾ തണുപ്പ് കുറയാൻ തുടങ്ങി. ത്രിവേണീസംഗമത്തിൽ സ്‌നാനം ചെയ്യുന്ന പതിനായിരക്കണക്കിനാളുകളിൽ ഞങ്ങളും ചേർന്നു. എല്ലാവരുടേയും മനസ്സിൽ നിറഞ്ഞ ഭക്തിമാത്രമായിരുന്നു. ആരും ആരെയും ശ്രദ്ധിക്കാതെ ത്രിവേണിയിൽ മുങ്ങിനിവരുന്ന കാഴ്ച നല്ലൊരനുഭവമായിരുന്നു. പിന്നീട് കുംഭമേളയിലെ പ്രധാന വിശേഷദിവസമായ മൗനി അമാവാസിദിനത്തിലും സ്‌നാനം ചെയ്യാൻ സാധിച്ചു. ധാരാളം നാഗസന്ന്യാസിമാർ അന്ന് സ്‌നാനം ചെയ്യാൻ എത്തിയിരുന്നു.
അവിടെ താമസിച്ച മൂന്നു ദിവസങ്ങളിൽ പല ആശ്രമങ്ങളുടെയും ടെന്റുകൾ സന്ദർശിക്കാനും ധാരാളം സന്ന്യാസിമാരെ പരിചയപ്പെടുവാനും സാധിച്ചു. ഒരു സന്ധ്യയ്ക്ക് ഞാൻ നടക്കാനിറങ്ങി. കുറച്ചുദൂരം ചെന്നപ്പോൾ ഒരു നാഗസന്ന്യാസിയുടെ ടെന്റിൽ കയറി. അവിടെ പ്രായംചെന്ന സന്ന്യാസി മുന്നിൽ ഹോമകുണ്ഡം തീർത്ത് ധ്യാനിക്കുകയായിരുന്നു. ശരീരം മുഴുവൻ ഭസ്മം പൂശി ധാരാളം രുദ്രാക്ഷമാലയണിഞ്ഞ് ജടാധാരിയായി ഇരിക്കുന്ന ആ നാഗസന്ന്യാസിയെ പരിചയപ്പെടണമെന്നു തോന്നി. അല്പം ഭീതിയോടെയാണ് ടെന്റിലേക്ക് കടന്നത്. കുറച്ചുനേരം ഞാൻ അവിടെയിരുന്നു. അല്പം കഴിഞ്ഞ് അദ്ദേഹം കണ്ണു
തുറന്ന് ധ്യാനത്തിൽനിന്നുണർന്ന് എന്നെ അരികിലേക്ക് മാടിവിളിച്ച് എന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ രൗദ്രഭാവം കഴ്ചയിൽമാത്രമേയുള്ളുവെന്നു തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. പിന്നീട് രണ്ടുമൂന്ന് നാഗസന്ന്യാസിമാരുടെ ടെന്റുകളും സന്ദർശിക്കുകയുണ്ടായി. ചിലരൊക്കെ വളരെ ഉയർന്ന വിദ്യാഭ്യാസം നേടിയവരായിരുന്നു. അതിൽ ഡോക്ടർമാരും എഞ്ചിനീയർമാരും ഉണ്ടായിരുന്നു.
കുംഭമേള നടക്കുന്ന സ്ഥലത്തെ ചില ആശ്രമങ്ങളുടെ വലിയ ടെന്റുകളിൽ പ്രത്യേക ദിവസങ്ങളിൽ സന്ന്യാസിമാർക്ക് സദ്യയും ഒരുക്കാറുണ്ട്. സദ്യയിൽ പങ്കെടുക്കാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടായി. ഒരിടത്ത് ഏകദേശം ആയിരത്തഞ്ഞൂറോളം സന്ന്യാസിമാരെയാണ് ക്ഷണിച്ചിരുന്നത്. വിഭവസമൃദ്ധമായ സദ്യകഴിഞ്ഞ് എല്ലാവർക്കും ദക്ഷിണയായി അഞ്ഞൂറു രൂപയും തന്നു. ചില ഭക്തന്മാരുടെ സഹായം ഇതിനു ലഭിച്ചിരുന്നു. അന്നവിടെ ശ്രീ ശ്രീ രവിശങ്കറും പങ്കെടുത്തിരുന്നു.
കുംഭമേളയിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിതത്തിൽ നല്ലൊരു അനുഭവമായിരുന്നു. പ്രയാഗ്‌രാജിനോട് യാത്ര പറഞ്ഞ് ഞങ്ങൾ കാൺപൂരിലേക്ക് ട്രെയിൻ കയറി. കാൺപൂരിൽ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ അദ്ധ്യക്ഷനായ സ്വാമി ആത്മശ്രദ്ധാനന്ദജി ആയിരുന്നു. അദ്ദേഹവും ഞാനും ഒരുമിച്ചായിരുന്നു സന്ന്യാസം സ്വീകരിച്ചത്. അദ്ദേഹം കുറെക്കാലം ചെന്നൈയിലെ രാമകൃഷ്ണമിഷന്റെ ഇംഗ്ലീഷ് മുഖപത്രമായ വേദാന്തകേസരിയുടെ എഡിറ്ററായിരുന്നു. അവിടെ രണ്ടുദിവസം താമസിച്ച്, പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. കാൺപൂരിലെ ഭിട്ടൂരിൽ മനോഹരമായ പുഴയുടെ തീരത്താണ് വാല്മീകി ആശ്രമം സ്ഥിതി ചെയ്യുന്നത്. ലവകുശന്മാരുടെ ജന്മസ്ഥലമാണ് ഇത് എന്നാണ് പറയപ്പെടുന്നത്. അവിടെയുള്ള ചെറിയ ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് കാൺപൂരിൽനിന്ന് തൃശ്ശൂരിലേക്ക് മടങ്ങി.
