Logo

VHP PUBLICATIONS

Hindu Vishwa


expand_more

സനാതനിയായ ഗുരുദേവൻ

By വിപിൻ കൂടിയേടത്ത്
സനാതനിയായ ഗുരുദേവൻ

ദൈവമേ, നിനയ്ക്ക നീയും ഞാനുമൊന്നുതന്നെയെന്നു

കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം

ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയങ്ങുമിങ്ങു-

മായ് വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കിൽ നീ.

                      (സദാശിവദർശനം )

ദൈവമേ, നീയും ഞാനും ഒരേ സത്യംതന്നെയാണ് എന്നുള്ളത് ഇപ്പോൾതന്നെ സാക്ഷാത്കൃതമായി തീരണം എന്നതൊഴികെ അടിയന് മറ്റാഗ്രഹങ്ങളില്ല. ഇക്കാര്യം ഓർത്തുകൊള്ളേണമേ! എല്ലാം ശിവമയമാണ് എന്നുള്ള ജ്ഞാനം ഒന്നൊഴികെ മറ്റുള്ള എല്ലാ അറിവുകളും ഒരു ലക്ഷ്യത്തിലും എത്തിച്ചേരാൻ ഇടയാവാതെ അങ്ങുമിങ്ങുമായി ഉഴന്നുവലയുവാൻ ഇടയാക്കുന്ന വഴികൾ മാത്രമാണ്. വാസ്തവമാലോചിച്ചാൽ അങ്ങനെയുള്ള തെറ്റായ വഴികളായി ഭാവം പകർന്നിരിക്കുന്നതും നീതന്നെയാണല്ലോ.

ഗുരുദേവൻ മുന്നോട്ട് വെച്ചത് സനാതനമായ അദ്വൈതദർശനമാണ്. അദ്വൈതത്തിൽ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, വ്യാവഹാരികമണ്ഡലത്തിലായാൽപ്പോലും ദ്വൈതപ്രകടനങ്ങളുടെ അതിദുഷ്ടഫലങ്ങളെ നോക്കിയിരിക്കാതെ അവയുടെ ദൂരീകരണത്തിനായി ശ്രമിക്കണം എന്നതായിരുന്നു ഗുരുവിന്റെ വാക്കുകൾ. ദ്വൈതദോഷങ്ങൾ സാമൂഹികജീവിതത്തിലെ മായയെന്നും മിഥ്യയെന്നുമുള്ള മുൻകാല അഭിപ്രായങ്ങളെ അദ്ദേഹം തള്ളി.

19, 20 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ജീവിച്ച അദ്വൈതികളായ സന്യാസിവര്യന്മാർ ഈ ദ്വൈതചിന്തയിൽനിന്നും ഉണ്ടായിവന്ന അസമത്വചിന്തകൾക്ക് എതിരെ രംഗത്തുവരികയും, സാമൂഹികസേവനം അനിവാര്യമാണെന്ന് കരുതുകയും പ്രവർത്തിക്കുകയും ചെയ്തു. ഇതിന് എറ്റവും നല്ല ഉദാഹരണമാണ് സ്വാമി വിവേകാനന്ദൻ. ഗുരുദേവകൃതികൾക്ക് സുകുമാർ അഴീക്കോട് എഴുതിയ അവതാരികയിൽ ഗുരുദേവന്റെ ഈ അദ്വൈതചിന്തയെക്കുറിച്ച് ഇങ്ങനെ സൂചിപ്പിക്കുന്നു:

''തന്റെ ആത്മാവ് പ്രാപിച്ചതോ, ദർശിച്ചതോ ആയ ആന്തരൈക്യസത്യത്തിന്റെ നിദാനമായ ഏകചൈതന്യബോധം നാടുനീളെ പരത്തി ജനഹൃദയങ്ങളെ അതുകൊണ്ട് ആർദ്രവും സാന്ദ്രവുമാക്കിക്കൊണ്ട് ഒരേ ലോകത്തെ സൃഷ്ടിക്കുക എന്നതായിരുന്നു സാമൂഹ്യസേവകനായ ആ അദ്വൈതിയുടെ പരമമായ ലക്ഷ്യം എന്നെനിക്ക് തോന്നുന്നു.''

അഴീക്കോട് തുടരുന്നു, ''അന്ധവിശ്വാസനിരപേക്ഷവും മൗലികയുക്തി കലർന്നതും ഈ ശാസ്ത്രീയയുഗംപോലും തള്ളിപ്പറയാൻ ഒരുമ്പെടാത്തതുമായ ഒരു മതബോധം ഗുരുദേവദർശനത്തിൽ അടങ്ങിയിരിക്കുന്നു...''

മുകളിൽ സൂചിപ്പിച്ച സദാശിവദർശനത്തിലെ വരികളിൽ ഗുരു സൂചിപ്പിച്ച ഞാനും ഈശ്വരനും ഒന്നാണ് എന്ന അദ്വൈതബോധം എല്ലാ വ്യക്തികളിലും ഉണ്ടാകണം എന്ന് ഗുരു തന്റെ കൃതികളിലൂടെ ഉദ്‌ഘോഷിക്കുന്നു. 1908 യോഗം വാർഷികസന്ദേശത്തിൽ ഗുരു നൽകിയ സന്ദേശം 'ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം' എന്നതായിരുന്നു.

സനാതനധർമ്മത്തിന്റെ അനാദിയായുള്ള ജീവിതക്രമത്തിൽ ഇടയ്‌ക്കെപ്പോഴോ വന്നുകയറിയ അസമത്വചിന്തകൾക്കുള്ള മറുപടി സനാതനധർമ്മത്തിൽതന്നെയുണ്ടെന്ന് ഗുരു തന്നെ കേൾക്കുന്നവരോടായി പറഞ്ഞിട്ടുണ്ട്. അസമത്വചിന്തകൾക്കുള്ള പരിഹാരം അദ്വൈതദർശനം തന്നെയാണെന്ന് ഒരോ വരികളിലും ഗുരു സൂചിപ്പിച്ചിട്ടുണ്ട്.

1902 ൽ പ്രകാശനം ചെയ്ത യോഗം നിയമാവലിയുടെ മുഖവുരയിൽ പ്രസ്താവിച്ചത് ഇപ്രകാരമാണ്. ഇന്ത്യയെ ഉയർത്താൻ മതത്തിന്റെ കൈപ്പടി ആവശ്യമാണെന്ന വിവേകാനന്ദപ്രഖ്യാപനം ഉത്കൃഷ്ടമായ ഒരു ഉപദേശമാണ്.

ഗുരുദേവന്റെ സമ്പൂർണ്ണകൃതികൾക്ക് അഴീക്കോട് എഴുതിയ മുഖവുരയിൽ ഇപ്രകാരം പറയുന്നു, സ്വാമി വിവേകാനന്ദൻ പ്രചരിപ്പിക്കാനുദ്ദേശിച്ച ഒരു സാർവ്വലൗകികമതം ഉണ്ടായിരുന്നല്ലൊ, നമുക്കതിന്റെ ശബ്ദം ഒരു നാടൻ സന്യാസിയുടെ നാക്കിൻതലപ്പത്തുനിന്നും കേൾക്കാനായത് വലിയ നേട്ടമായി എന്നാണ്. എന്താണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത് എന്നതുകൂടി നാം മനസ്സിലാക്കണം. സ്വാമിജി പറഞ്ഞു: ഞങ്ങൾ സാർവലൌകികസഹിഷ്ണുതയിൽ വിശ്വസിക്കുക മാത്രമല്ല സർവമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സർവമതങ്ങളിലെയും സർവരാജ്യങ്ങളിലെയും പീഡിതർക്കും ശരണാർത്ഥികൾക്കും അഭയമരുളിയതാണ് എന്റെ ജനത എന്നതിൽ ഞാൻ അഭിമാനിക്കുന്നു (ചിക്കാഗോ പ്രസംഗം).

സനാതനധർമ്മമൂല്യങ്ങൾ ആണ് ഭാരതത്തിന് ഉയർന്നുവരാനുള്ള കൈപടി, ആ ധർമ്മമൂല്യങ്ങൾ ഈ കേരളക്കരയിൽ പുനരവതരിപ്പിച്ച മഹാഗുരുവാണ് നാരായണഗുരുദേവൻ എന്ന ഹിന്ദുസന്യാസി. കേവല ജാതിബോധത്തെ ഉന്നതമായ അദ്വൈതചിന്തയിലൂടെ മറികടക്കാൻ ഏതൊരു വ്യക്തിക്കും സാധിക്കുമെന്നും അതിന് സനാതനധർമ്മമൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഈശ്വരചിന്ത ഓരോ ഹൃദയങ്ങളിലുമെത്തിക്കാൻ നാം പ്രവർത്തിക്കണമെന്നും ഗുരുദേവൻ പറഞ്ഞു.

ഗുരുദേവകൃതികൾ നമുക്ക് പരിശോധിക്കാം. അതിൽ സനാതനധർമ്മമല്ലാതെ മറ്റെന്താണ് കാണാൻ സാധിക്കുക. ആത്മോപദേശശതകം, ദൈവദശകം, ദർശനമാല, അദ്വൈതദീപിക, അറിവ്, ബ്രഹ്മവിദ്യാപഞ്ചകം, നിർവൃതിപഞ്ചകം, ശ്ലോകത്രയീ, ഹോമമന്ത്രം, വേദാന്തസൂത്രം, ശിവപ്രസാദപഞ്ചകം, സദാശിവദർശനം, ശിവശതകം, അർദ്ധനാരീശ്വരസ്തവം, മനനാതീതം (വൈരാഗദശകം), ചിജ്ജഢചിന്തനം കുണ്ഡലിനീപാട്ട്, ഇന്ദ്രിയവൈരാഗ്യം, ശിവസ്തവം (പ്രപഞ്ചസൃഷ്ടി), കോലതീരേശസ്തവം, സ്വാനുഭവഗീതി (വിഭൂദർശനം), പിണ്ഡനന്ദി, ശ്രീ വാസുദേവാഷ്ടകം, വിഷ്ണ്വഷ്ടകം, സുബ്രഹ്മണ്യ കീർത്തനം, നവമഞ്ജരി, ഗുഹാഷ്ടകം, ബാഹുലേയാഷ്ടകം, ദേവീസ്തവം, മണ്ണന്തലദേവീസ്തവം, കാളീനാടകം, ജനനീനവരത്‌നമഞ്ജരി, ഭദ്രകാളീ അഷ്ടകം, ഈ കൃതികളിൽ ഏതാണ് സനാതനസംസ്‌കാരത്തിന് എതിര് അല്ലെങ്കിൽ മറ്റ് സംസ്‌കാരങ്ങളെ പിന്തുടരുന്നത് എന്ന് നാമൊന്ന് പരിശോധിക്കേണ്ടതാണ്.

മനുഷ്യന്റെ താൽകാലികമായ ലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരെയും അന്തിമലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെയും ലോകത്ത് നമുക്ക് കാണാനാകും. സ്വാമി വിവേകാനന്ദനും ഗുരുദേവനും രമണമഹർഷിയും മുഴുവൻ ഭാരതീയ ഗുരുപരമ്പരയും ചിന്തിച്ചതും പ്രവർത്തിച്ചതും മനുഷ്യവംശത്തിന്റെ അന്തിമലക്ഷ്യത്തിന്റെ മോചനത്തിനായാണ്.

സനാതനധർമ്മമൂല്യങ്ങളെ വികലമാക്കുന്ന ആധുനികകേരളത്തിന് സമത്വത്തിലേക്ക് തിരികെപ്പോകാൻ ഗുരുദേവചിന്തകൾ പിന്തുടരുകമാത്രമാണ് ഏകപോംവഴി. സനാതനധർമ്മമൂല്യങ്ങളെ പാടെ നിരാകരിക്കുന്ന വൈദേശികചിന്താപദ്ധതിയായ കമ്മ്യൂണിസം പൂർണ്ണമായും ഭൗതികവാദമാണ്. എന്നാൽ സനാതനധർമ്മത്തിന്റെ അടിസ്ഥാനം ആത്മീയതയാണ്.