Hindu Vishwa
Index
വേദങ്ങളിലുണ്ട് ആധുനിക സാമ്പത്തികാശയങ്ങൾ- സംഭാഷണം
 
                                                    പ്രൊഫസർ നിക്കോളസ് കസാനസ് എന്ന ഗ്രീക്ക് ഇന്റോളജിസ്റ്റ് സംസ്‌കൃതത്തിലും വേദനാഗരികതയിലും പണ്ഡിതനും ആര്യൻ അധിനിവേശസിദ്ധാന്തത്തിന്റെ (AIT) കടുത്ത വിമർശകനുമാണ്. ഭാഷാപരവും സാഹിത്യപരവും, അടുത്തിടെ കണ്ടത്തപ്പെട്ട ജനിതകമായ തെളിവുകളിലൂടെയും 'ഹിറ്റൈറ്റുകൾ, ഗ്രീക്കുകാർ, ഇറ്റലിക്കാർ, ജർമ്മനികൾ, സെൽറ്റുകൾ, സ്ലാവുകൾ, ബാൾട്ടിക് ജനത എന്നിവരുടെ പുരാതന സംസ്‌കാരങ്ങൾ, വൈദികനാഗരികതയിൽ നിന്നും ഉത്ഭവിച്ചതാണെന്നാണ് അദ്ദേഹം ശക്തമായി വാദിക്കുന്നത്. വിദ്യാഭ്യാസം ലണ്ടനിലായിരുന്നു. ഇംഗ്ലീഷ്‌സാഹിത്യം, സാമ്പത്തികശാസ്ത്രം, തത്ത്വശാസ്ത്രം, സംസ്‌കൃതം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പാഠ്യവിഷയങ്ങൾ. തുടർന്ന് പുനെയിലും വാരാണസിയിലുമായി താമസിച്ച് സംസ്‌കൃതത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് ലണ്ടനിൽ ഏതാനും വർഷങ്ങൾ അദ്ധ്യാപകനായി. യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലും പ്രഭാഷണങ്ങൾ നടത്തിവരുന്നു. 1997 മുതൽ വേദപാരമ്പര്യത്തിൽ ജീവിക്കുന്നയാളാണ് കസാനസ്.
അക്കാദമിക് മികവുകൾ കണക്കിലെടുത്ത് ഭാരതസർക്കാർ അദ്ദേഹത്തെ 2021-ൽ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യൻ ദർശനങ്ങളും മതഗ്രന്ഥങ്ങളും ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള അദ്ദേഹം 1976-ൽ ഏഥൻസിൽ സ്ഥാപിതമായ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടായ ഒമിലോസ് മെലിറ്റണിന്റെ ഡയറക്ടറാണ്. 'അറിവ്, സന്തോഷം, ജീവിതത്തിന്റെ പൂർണ്ണത എന്നിവയ്ക്കുള്ള ആഗ്രഹം' ഇതാണതിന്റെ മുദ്രവാക്യം. സംസ്‌കൃതം, പുരാവൃത്തതാരതമ്യപഠനം, പൊളിറ്റിക്കൽ ഇക്കണോമി എന്നിവയെക്കുറിച്ചുള്ള കോഴ്‌സുകളും ഇവിടെ നടത്തുന്നുണ്ട്.
ഹിന്ദുവിശ്വക്കുവേണ്ടി പ്രദീപ് കൃഷ്ണൻ നടത്തിയ പ്രത്യേക ഓൺലൈൻ സംഭാഷണത്തിൽ നിന്നും പ്രസക്തഭാഗങ്ങൾ.
* ഇന്ത്യൻ സംസ്‌കാരവും നാഗരികതയുമായുള്ള താങ്കളുടെ ഇടപെടൽ എങ്ങനെയാണ് സംഭവിക്കുന്നത്? ഇന്ത്യൻ തത്വശാസ്ത്രത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള പ്രേരണയെന്തായിരുന്നു?
ഉ: സ്‌കൂൾ ഓഫ് ഇക്കണോമിക് സയൻസിൽ ഫിലോസഫി പഠിക്കുമ്പോൾ ഒരു ഘട്ടത്തിൽ ഞങ്ങൾക്ക് ഉപനിഷത്തുകളെക്കുറിച്ച് പഠിക്കേണ്ടതായിവന്നു. ഈ ഗ്രന്ഥങ്ങളിൽ പറയുന്ന ഏകാത്മകതയെക്കുറിച്ചുള്ള ഉദ്‌ബോധനം എന്നെ തീവ്രമായി ആകർഷിച്ചു. അവ ഗ്രീക്ക് തത്ത്വചിന്തകരായ പ്ലോട്ടിനസ്, പ്ലേറ്റോ എന്നിവരുടെ ചിന്തകളുമായി വളരെ സാമ്യമുള്ളതയായിരുന്നുവെന്നുമാത്രമല്ല, പല തലങ്ങളിലും അവരുടേതിനേക്കാൾ മികവുറ്റതുമായിരുന്നു. ഇതേക്കുറിച്ച് കൂടുതൽ അറിയാനും അവ മൗലികമായിതന്നെ പഠിക്കാനും ആഗ്രഹം തോന്നി. അതിനുവേണ്ടി സ്‌കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിൽ പോയി സംസ്‌കൃതം പഠിച്ചു. സ്വാഭാവികമായും, ആ പഠനത്തിലൂടെ ഇന്ത്യൻ സംസ്‌കാരത്തോടുള്ള എന്റെ താൽപര്യം കൂടുതൽ വളർന്നു.
* പ്രായോഗികവേദാന്തം പഠിപ്പിക്കുന്ന 'ഒമിലോസ് മെലിറ്റൺ' എന്ന അങ്ങയുടെ വിദ്യാലയത്തെക്കുറിച്ച് വിശദീകരിക്കാമോ?
ഉ: ഒമിലോസ് മെലിറ്റണിൽ ഞങ്ങൾ പ്രായോഗിക വേദാന്തമാണ് (അദ്വൈതം) പഠിപ്പിക്കുന്നത്. ഞങ്ങളുടെ ഗുരു ജ്യോതിർമഠാചാര്യൻ ജഗദ്ഗുരു ശ്രീശങ്കരാചാര്യ ശാന്താനന്ദ സരസ്വതി (ഇപ്പോൾ അസുഖബാധിതനായി)യുടെ ക്ലാസുകളിലൂടെ ആദിശങ്കരൻ മുന്നോട്ടുവച്ച മാർഗ്ഗദർശനങ്ങൾ ദൈനംദിന ജീവിതത്തിൽ പാലിച്ചുപോരുന്നുവെന്നാണ് ഇതിനർത്ഥം. ഞങ്ങൾ നിത്യവും ധ്യാനപരിശീലനം നടത്തുന്നു. കൂടാതെ, നിർദ്ദേശിക്കപ്പെട്ടതായ എല്ലാ സമ്പ്രദായങ്ങളും പരിശീലിക്കുന്നു. നിരന്തരമായ ശ്രദ്ധ, എല്ലാവരും ഒരേ സത്തയുടെതന്നെ വിഭിന്നരൂപങ്ങളാണെന്ന് ഓർമ്മിക്കൽ, കോപം, അസൂയ തുടങ്ങിയ നിഷേധാത്മക വികാരങ്ങളെ നിയന്ത്രിക്കൽ. കൂടാതെ ഉപനിഷത്പഠനവും.
* വേദങ്ങളും ഗ്രീക്ക് നാഗരികതയും തമ്മിൽ എന്തെങ്കിലും ബന്ധം കണ്ടെത്താൻ അങ്ങേക്ക് സാധിച്ചിട്ടുണ്ടോ?
ഉ: തീർച്ചയായും. പുരാതനസംസ്‌കാരങ്ങളായ ഗ്രീക്കും ഇന്ത്യൻ സംസ്‌കാരവും നിരവധി ഘടകങ്ങളിൽ സാമ്യങ്ങളുണ്ട്. ഗ്രീക്ക്, സംസ്‌കൃതഭാഷകൾക്ക് പൊതുവായ നിരവധി സവിശേഷതകളുണ്ട്. മതപരമായ പൗരാണികാംശങ്ങൾക്കും പൊതുവായ സവിശേഷതകളുണ്ട്. ഉദാഹരണത്തിന്, ദ്യൂസ് സിയൂസ്, വരൂണൻ, യുറാനസ് മുതലായവ. തത്ത്വചിന്തയിൽ, നേരത്തേ സൂചിപ്പിച്ചതുപോലെ, പ്ലേറ്റോയുടെയും പ്ലോട്ടിനസിന്റെയും ഉദ്‌ബോധനങ്ങൾ വേദാന്തസമ്പ്രദായത്തോട് സാമ്യമുള്ളതാണ്, പ്രത്യേകിച്ച് പ്ലോട്ടിനസിന്റെത്. പക്ഷേ, അദ്ദേഹത്തിന്റെ രചനകൾ പ്ലേറ്റോയുടേതിനേക്കാൾ സങ്കീർണ്ണമാണ്. എന്നാൽ വളരെ മുമ്പ് ബിസി അഞ്ചാം നൂറ്റാണ്ടിൽതന്നെ സാമോസിലെ മെലിസസ് പൂർണ്ണതയെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയുണ്ടായി. പുനർജന്മം, കർമ്മസിദ്ധാന്തം, പൂർണ്ണത്തിലേക്കുള്ള തിരിച്ചുവരവ് എന്നിവയ്ക്ക് അദ്വൈതത്തോട് വളരെ സാമ്യമുണ്ട്.
* അങ്ങ് പറയുകയുണ്ടായി, 'ഋഗ്വേദത്തിന്റെ പ്രസക്തി ആദ്യം ദേശീയതയോടും ഭാരതത്തോടും പിന്നീട് സാർവത്രികമായി എല്ലാ മനുഷ്യരുരോടും ബന്ധപ്പെട്ടതുമാണ്.' ദയവായി വിശദമാക്കാമോ?
ഉ: ചുരുക്കത്തിൽ ഋഗ്വേദം സാഹിത്യം, തത്ത്വചിന്ത, മതം തുടങ്ങിയ ഭാരതീയപാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും സ്രോതസ്സാണ്. അതിനാൽ, ഭാഷ, മതം, പൊതുസംസ്‌കാരം എന്നിവയുടെ അടിസ്ഥാനം മുന്നോട്ടുവയ്ക്കുന്നതായതിനാൽ എല്ലാ ഭാരതീയരും ഋഗ്വേദം പഠിക്കണം. സംസ്‌കരിക്കപ്പെടണം. ആരോഗ്യകരമായ ദേശീയ പാരമ്പര്യത്തിന്റെ സകല വശങ്ങളുടെയും തുടക്കം ഇതാണ്.
ലോകത്തെ സംബന്ധിച്ച് ഇൻഡോ-യൂറോപ്യൻ കുടുംബത്തിലെ സകല ഭാഷകളിലെയും ഏറ്റവും പുരാതനമായ ഗ്രന്ഥം ഋഗ്വേദം ആണെന്ന് പറയാം. എന്നിട്ടും വളരെ കുറച്ച് ഇന്തോ-യൂറോപ്യനിസ്റ്റുകൾ മാത്രമേ അത് പഠിക്കുകയും കാര്യമായി മനസ്സിലാക്കുകയും ചെയ്തിട്ടുള്ളൂ. മിക്ക ഇൻഡോയൂറോപ്യൻ സംസ്‌കാരങ്ങളിലെയും പല സവിശേഷതകൾക്കും (ദൈവങ്ങളുടെ പേരുകൾ, ആചാരങ്ങൾ മുതലായവ) ഋഗ്വേദത്തിൽ സമാനതകളുണ്ട്. ഒരുപക്ഷേ എല്ലാറ്റിനുമുപരിയായി, മറ്റേതൊരു സംസ്‌കാരത്തിനും മുമ്പായി ഏകദൈവത്വത്തിന്റെയും ഏകത്വത്തിന്റെയും ആശയം അതിൽ അടങ്ങിയിരിക്കുന്നു. ധർമ്മത്തെക്കുറിച്ചും സത്യത്തിനായുള്ള അന്വേഷണത്തെക്കുറിച്ചും ഉയർന്ന ബോധാവസ്ഥയെക്കുറിച്ചുമുള്ള അതിലെ നിരന്തരമായ പരാമർശങ്ങൾ വളരെയധികം പ്രയോജനപ്പെടും.
* അങ്ങയുടെ അഭിപ്രായത്തിൽ എന്താണ് ഭാരതീയസംസ്‌കാരത്തിന്റെ പ്രത്യേകത?
ഉ: അദ്വൈതപരമായ ഈ ദാർശനികവീക്ഷണം, എല്ലാ ദേവതകളും ആ ഒന്നിന്റെതന്നെ വിവിധ രൂപങ്ങളാണെന്ന ആശയം, ലോകത്തിലെല്ലാംവച്ച് തികച്ചും സവിശേഷമാണ്. കൂടാതെ, സാർവ്വലൌകികമായ ഗുണങ്ങളായ, 'ശക്തി, ദേവത്വം, പംക്തി' മുതലായവയും ധർമ്മം എന്ന ആശയവും സാധാരണ ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും പകർന്നിരിക്കുന്നു.
* 'വേദപാരമ്പര്യത്തിലെ സാമ്പത്തിക തത്ത്വങ്ങൾ' എന്ന ലേഖനത്തിൽ, ആധുനികസങ്കല്പങ്ങളുമായുള്ള ഇന്ത്യൻ ദർശനങ്ങളുടെ ബന്ധം അങ്ങ് ചൂണ്ടിക്കാട്ടുകയും വിലപ്പെട്ട നിരവധി സാമ്പത്തിക ആശയങ്ങളും സമ്പ്രദായങ്ങളും വെളിച്ചത്തുകൊണ്ടുവരികയും ചെയ്യുന്നു. വൈദികജനത സാമ്പത്തിക യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്തിരുന്നോ?
ഉ: ശരിയാണ്, വൈദികജനത സമൂഹത്തിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങളെ ഏറ്റവും ഗൗരവത്തോടെയും മാനുഷികതയോടെയും സംബോധന ചെയ്തിരുന്നു. നികുതി ലളിതവും നീതിയുക്തവുമായിരിക്കണം എന്ന് അതിൽ പറയുന്നുണ്ട്. അവർ ഭൂമിയെ പൂർവീകരുടെ പൈതൃകമായി, പൃഥ്വിദേവതയായിട്ടാണ് കണ്ടിരുന്നത്. അത് വ്യക്തികളുടെ ഉടമസ്ഥതയിലാകരുതെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. ഇത് തുല്യതയുടെയും മാനുഷികതയുടെതുമായ ഏറ്റവും മികച്ച സിദ്ധാന്തമാണ്. ഭൂമി മുഴുവൻജനതയ്ക്കും അവകാശപ്പെട്ടതായിരിക്കണം, വരും തലമുറയ്ക്ക് നൽകാനായി എപ്പോഴും കരുതിവയ്ക്കുകയും വേണം.
1992-ൽ പ്രസിദ്ധീകരിച്ച 'വേദപാരമ്പര്യത്തിലെ സാമ്പത്തികതത്ത്വങ്ങൾ' എന്ന പുസ്തകം, സാധ്യമാകുന്നിടത്തോളം വേദകാലഘട്ടത്തിലെ കൂടുതൽ പുരാതനസ്രോതസ്സുകളിൽനിന്നും കണ്ടെത്തിയ സാമ്പത്തികതത്ത്വങ്ങളെക്കുറിച്ചാണ് പറയുന്നത്. ലാൻഡ് വാല്യു ടാക്‌സേഷൻ (ഭൂമിയുടെ മൂല്യത്തിന് മാത്രം നികുതി ചുമത്തുക) പോലുള്ള കുറച്ച് സാമ്പത്തികസങ്കേതങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഈ പഠനത്തിൽ സങ്കീർണ്ണമോ ക്ലിഷ്ടമോ ആയ ഒന്നുംതന്നെയില്ല. മാത്രമല്ല, ഇത് മനസ്സിലാക്കുന്നതിന് സാമ്പത്തികശാസ്ത്രത്തിൽ പ്രത്യേക പരിശീലനത്തിന്റെ ആവശ്യവുമില്ല. ഇൻഡിക് തത്വങ്ങൾ ചില ആധുനിക ആശയങ്ങളോടും പ്രത്യേകിച്ച് ഭൂനികുതിയോടുള്ള ബന്ധം കാണിക്കുന്നതിലൂടെ, ഒരു സിസ്റ്റം എന്ന നിലയിൽ പിന്തുണയ്ക്കുന്നതായ വിലപ്പെട്ട നിരവധി സാമ്പത്തിക ആശയങ്ങളെയും സമ്പ്രദായങ്ങളെയും പുസ്തകത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരാൻ സാധിച്ചു.
* ഭൂരിഭാഗം ആധുനിക സാമ്പത്തികവിദഗ്ധരുടെയും പ്രധാന ആശങ്കയായ സമ്പത്തിന്റെ വിതരണത്തെ സംബന്ധിച്ച് എന്താണ് അങ്ങേക്ക് പറയാനുള്ളത്?
ഉ: പുരാതന ഭാരതത്തിലെ നിയമനിർമ്മാതാക്കൾക്ക് ഈ വിഷയങ്ങളെല്ലാം പൂർണ്ണമായി അറിയാമായിരുന്നുവെന്നാണ് എന്റെ പഠനം വെളിപ്പെടുത്തുന്നത്. ഒരു വ്യക്തിക്കോ കുടുംബത്തിനോ എത്രമാത്രം സമ്പാദിക്കണം, രാജകീയ ഖജനാവിലേക്ക് (അതായത് സ്റ്റേറ്റ്) എത്ര നൽകണം, ഇവ എങ്ങനെ നിർണ്ണയിക്കണം? അഥവാ മറ്റൊരു രീതിയിൽ പറഞ്ഞാൽ, എങ്ങനെയാണ് നികുതി ചുമത്തേണ്ടത്? അപ്പോൾ, സംസ്ഥാനത്തിന്റെ വരുമാനം എങ്ങനെ വിനിയോഗിക്കണം? കൂടാതെ, വായ്പ നൽകുന്നതിന് എങ്ങനെ പ്രവർത്തിക്കണം, ന്യായമായ പലിശനിരക്ക് എന്തായിരിക്കും? ഇതെല്ലാം അവർ കൃത്യമായി ചിന്തിച്ചിരുന്നു. പൗരാണികർ പരിഗണിക്കാത്ത ഒരു വശം തൊഴിലില്ലായ്മയായിരുന്നു. കാരണം, ഈ പ്രശ്‌നം വലിയ തോതിൽ ഇപ്പോഴാണല്ലോ പ്രത്യക്ഷപ്പെടുന്നത്. ജനസംഖ്യാവർദ്ധനവും ഭൂമിയുടെ സ്വകാര്യവൽക്കരണവും 18-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ യൂറോപ്പിലെ വ്യാവസായിക വിപ്ലവവുമെല്ലാമായിരുന്നു തൊഴിലില്ലായ്മയ്ക്ക് കാരണമായത്. എന്നാൽ വൈദികഗ്രന്ഥങ്ങൾ ആളുകൾക്ക് അവരുടെ വ്യത്യസ്ത തൊഴിലുകളിൽ സുരക്ഷിതത്വം അനുഭവപ്പെടണമെന്നുള്ളത് വളരെ ലാഘവത്തോടെയാണ് കാണുന്നത്. കാരണം അത് സ്വഭാവികമായൊരു കാര്യമായിരുന്നു. ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ഒരു സവിശേഷത, എല്ലാവർക്കും ഭൂമി സൗജന്യമായി ലഭിക്കുന്നതിനുള്ള തത്വങ്ങളും സർക്കാരിന്റെ വരുമാന (ചെലവും) സ്രോതസ്സായ ഭൂനികുതിയെയും കുറിച്ച് പറയുന്നുവെന്നതാണ്.ഭൂനികുതി എന്നത് തികച്ചും ആധുനികമായ ഒരു ആശയമാണല്ലോ.
* വേദങ്ങൾ പ്രാകൃതവും കാലഹരണപ്പെട്ടതുമാണെന്നാണ് വിമർശകഭാഷ്യം. നിസ്സഹായരായ മനുഷ്യർ പ്രകൃതിശക്തികളെ അഭിസംബോധന ചെയ്യുന്ന പ്രാർത്ഥനകളുടെ ഒരു കൂട്ടം മാത്രമേ അതിൽ അടങ്ങിയിട്ടുള്ളൂവെന്നാണ് പ്രധാന വിമർശനം. അങ്ങയുടെ അഭിപ്രായമെന്താണ്?
ഉ: അജ്ഞാനികളുടേതോ നിഷ്‌കളങ്കരായ നാടോടി ഗോത്രവർഗ്ഗക്കാരുടേതോ ആയി വേദങ്ങളെ തരംതാഴ്ത്തുന്നവർ വിഡ്ഢികളാണ്. ഋഗ്വേദത്തിലെ സ്തുതിഗീതങ്ങളിൽ കവിതയുടെ ഏറ്റവും മികച്ച സവിശേഷതകളും, ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ കവിതകളും കാണാം. അവർക്ക് സ്വന്തം അന്തസ്സുണ്ട്, അവർക്ക് പരിസ്ഥിതിയോടും സമൂഹത്തോടും കരുതലുണ്ട്, പ്രകൃതിശക്തികളോട് ബഹുമാനമുണ്ട്. ശരിയും തെറ്റും തമ്മിൽ നന്നായി വിവേചനം ചെയ്തിരുന്ന ഒരു ധാർമ്മിക ജീവിതരീതിയാണ് അവർ പ്രോത്സാഹിപ്പിച്ചിരുന്നത്. എന്റെ അഭിപ്രായത്തിൽ അവരായിരുന്നു യഥാർത്ഥ പരിഷ്‌കൃതർ. തീർച്ചയായും ഏത് കാലത്തും സ്ഥലത്തും എന്നപോലെ, പരസ്പര വൈരുദ്ധ്യങ്ങളും ദുഷ്പ്രവൃത്തികളും ഇവിടെയും ഉണ്ടായിരുന്നു.
* വേദപഠനം ആധുനിക മനുഷ്യനെ ആത്മീയമായോ ഭൗതികമായോ എങ്ങനെയാണ് സഹായിക്കുന്നത്?
ഉ: ആളുകൾ വേദശാസ്ത്രത്തെ ഗൗരവമായി പഠിച്ചാൽ, മനുഷ്യന്റെ സ്വഭാവം, മൂന്ന് ശരീരങ്ങൾ (ഭൗതികം, സൂക്ഷ്മം, കാരണം), താഴ്ന്നതും ഉന്നതവുമായ ബുദ്ധി, കർമ്മത്തിന്റെ അഞ്ച് ചുമതലകൾ (കൈകാര്യം, നടത്തം, എന്നിവയെക്കുറിച്ച്), അഞ്ച് പ്രാണനുകൾ, മൂന്ന് ഗുണങ്ങൾ എന്നിവയെക്കുറിച്ച് മനസില്ലാക്കാനാവും.
* മറ്റ് മതഗ്രന്ഥങ്ങളിൽ നിന്നുമുള്ള വേദങ്ങളുടെ പ്രത്യേകത എന്താണ്?
ഉ: നല്ല സ്വഭാവരീതി കെട്ടിപ്പടുക്കുന്നതിനും ശരിയായ ധാർമ്മികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇത്രയധികം പ്രായോഗിക മാർഗ്ഗനിർദേശം നൽകുന്ന മറ്റേതെങ്കിലും മതഗ്രന്ഥങ്ങൾ (അബ്രഹാമിക് മതങ്ങളിലോ മറ്റുള്ളവയിലോ) ഉണ്ടോയെന്ന് എനിക്കറിയില്ല. യഹൂദന്മാരുടെ പഴയ നിയമം, ക്രിസ്തുമതത്തിന്റെ നാല് കാനോനിക്കൽ സുവിശേഷങ്ങൾ, ഇസ്ലാമിന്റെ ഖുറാൻ - ഇവയിലെല്ലാം ധാരാളം വൈരുദ്ധ്യങ്ങൾ കാണാം. വേദങ്ങളിൽ കാണുന്ന സമൃദ്ധമായ ജ്ഞാനവും അവയിലില്ല. വേദങ്ങൾ മാത്രം (ജ്ഞാനവാദം, ഗ്രീസിലെ നിയോപ്‌ളാറ്റോണിസം, ചൈനയിലെ താവോയിസം എന്നിവയും) സകല മനുഷ്യരുടെയും ആത്മാവ് ഒരുപോലെയാണെന്നും പ്രപഞ്ചത്തിന്റെ ആത്മാവും അതുതന്നെയെന്നും പഠിപ്പിക്കുന്നു. അയം ആത്മ ബ്രഹ്മഃ!
* യജ്ഞം അഥവാ യാഗത്തിന്റെ പ്രസക്തി എന്താണ്? (സോമയാഗം/അതിരാത്രം മുതലായവയുടെ) അത് സമൂഹത്തെ/വ്യക്തിയെ ഏതു വിധത്തിൽ പരിവർത്തനം ചെയ്യും? ഭൗതികവിഭവങ്ങൾ പാഴാക്കുന്നതിന് പകരം പാവപ്പെട്ടവർക്ക് നൽകുന്നതാണ് നല്ലതെന്നൊരു വാദമുണ്ടല്ലോ.
ഉ: ഒരു ആചാരമെന്ന നിലയിൽ യജ്ഞത്തിന് പ്രയോജനപ്രദമായ ലക്ഷ്യമാണുള്ളത്. അത് വളരെ ശ്രദ്ധയോടെ ചെയ്യണം. അല്ലാതെ ദൈവങ്ങൾക്ക് നമ്മുടെ ഭൗതികമായ വഴിപാടുകളുടെ ആവശ്യമില്ല. നാം ആസ്വദിക്കുന്ന എല്ലാ സാധനങ്ങളും പ്രകൃതിയുടെയും ദൈവങ്ങളുടെയും ദാനങ്ങളാണെന്ന് മനസ്സിൽ അംഗീകരിച്ചുകൊണ്ട് സമർപ്പിക്കണം.
* വേദസംസ്‌കാരത്തെ സംരക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതെന്തിന്?
ഉ: നാഗരികത കേവലം ഭൗതികമായ കെട്ടിടങ്ങളും പുരാവസ്തുക്കളും മാത്രമല്ല. പ്രാഥമികമായ നീതിബോധവും പ്രത്യേകിച്ച് ആത്മശുദ്ധീകരണവും അടങ്ങിയ ഒരു ആന്തരിക ഗുണമാണ് ഈ സംസ്‌കാരത്തിന്റെ ഫലം.
* വേദങ്ങൾ അനുസരിച്ച് മനുഷ്യജീവിതത്തിന്റെ ലക്ഷ്യവും കടമയും എന്താണ്?
ഉ: പ്രപഞ്ചത്തിൽ നീതിയുണ്ടെന്നും ഒരാളുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളിൽനിന്ന് അയാൾമുക്തനല്ലെന്നുമാണ് വേദങ്ങളുടെ പ്രധാന പാഠം. നമ്മുടെ അസ്തിത്വത്തെ ശുദ്ധീകരിക്കാനും ബോധത്തെ ഉയർത്താനും സഹായിക്കുന്ന ഒരു പെരുമാറ്റം ഉൾക്കൊള്ളാനും അതിനനുസൃതമായി ജീവിക്കാനുമാണ് നാം ഈ ലോകത്തിലേക്ക് വരുന്നത്. അങ്ങനെ നമുക്ക് പ്രപഞ്ചത്തിന്റെ ആത്മവുമായി വീണ്ടും ഒന്നിക്കാൻ കഴിയും.
* വായനക്കാർക്കുള്ള അങ്ങയുടെ സന്ദേശം?
ഉ: ഭാരതത്തിന് ദീർഘകാലത്തെ ചരിത്രവും മഹത്തായ സംസ്‌കാരവുമുണ്ട്. രാഷ്ട്രീയമോ മതപരമോ സ്വാർത്ഥപരമോ ആയ പരിഗണനകൾകൊണ്ട് പലരും അതിനെ തരംതാഴ്ത്താൻ ശ്രമിക്കുന്നത് വളരെ ഖേദകരമാണ്. വൈദികതത്ത്വങ്ങളിൽനിന്നുള്ള വലിയതോതിലുള്ള വ്യതിചലനവും അഴിമതിയും ഇവിടെയുണ്ടെന്നുള്ളതും ഖേദകരംതന്നെ. ആത്യന്തികമായി നമുക്ക് കർമ്മനിയമത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല. മറ്റുള്ളവർക്കും തനിക്കും പ്രയോജനപ്പെടുന്ന നല്ല പ്രവൃത്തികൾ ഭാവിയിൽ മെച്ചപ്പെട്ട അവസ്ഥകളിലേക്ക് നയിക്കുന്നു. സ്വന്തം പ്രയോജനം മാത്രം ആഗ്രഹിക്കുന്ന മോശം പ്രവൃത്തികൾ മോശമായ അവസ്ഥകളിലാണ് കലാശിക്കുക. ജീവിതത്തിലെ ഏറ്റവും വലിയ പരാജയം സത്യമെന്നു നിങ്ങൾക്കറിയാവുന്നതനുസരിച്ച് പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുന്നതാണ്.
