Hindu Vishwa
Index
കുംഭമേളയും അഘോരി, നാഗ സാധുക്കളും
 
                                                    പ്രയാഗയിലെ കുംഭമേളക്കായി കാത്തിരിക്കുകയാണ് നാമെല്ലാവരും. 12 വർഷം കൂടുമ്പോൾ നടക്കുന്ന പൂർണ്ണകുംഭം ആയതിനാലും അതിലുപരിയായുള്ള മറ്റുപല സവിശേഷതകൾകൂടി ചേർന്നതാണ് ഇത്തവണത്തെ മഹാകുംഭമേള. ജനജീവിതത്തിന്റെ ആത്മീയജിജ്ഞാസയുടെ പ്രത്യക്ഷമുഖം അനുഭവിച്ചറിയാൻ കഴിയുന്ന ഇപ്രാവശ്യത്തെ മേളയുടെ തിരക്ക് അചിന്ത്യമായിരിക്കും. എന്റെ ആത്മീയാന്വേഷണയാത്രയിൽ മൂന്നുതവണ ഗുരുവിനൊപ്പം പങ്കെടുക്കുവാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ടെങ്കിലും ഇപ്രാവശ്യത്തെ പൂർണ്ണകുംഭത്തെപ്പറ്റി ചിന്തിക്കുമ്പോൾ അനിതരസാധാരണമായ ധാരാളം പ്രത്യേകതകളാൽ ശ്രദ്ധേയമായിരിക്കുമെന്നുറപ്പുണ്ട്.
ലോകത്തിൽ കൂടുതലാളുകൾ ഒത്തുചേരുന്ന ആത്മീയതീർത്ഥാടന മഹാസംഗമമേളയെന്ന ഖ്യാതി പൂർണ്ണകുംഭത്തിനുണ്ട്. പ്രധാനമായി പ്രയാഗ്‌രാജ്, ഹരിദ്വാർ, ഉജ്ജയിനി, നാസിക് എന്നിവിടങ്ങളിലാണ് മേള നടത്താറുള്ളത്. സൈന്ദവനാഗരികതയുടെ അടിസ്ഥാനമാണ് നദീതടങ്ങൾ. ഈ തീർത്ഥങ്ങളിൽ പടർന്നുപന്തലിച്ച നാഗരികതയുടെ ആരാധനാസംസ്‌കാരം തീർത്ഥങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹരിദ്വാറിൽ ഗംഗയും പ്രയാഗിൽ ഗംഗയും യമുനയും ഗുപ്തമായി സരസ്വതി നദിയും ചേരുന്ന ത്രിവേണീസംഗമത്തിലും, മഹാകാലവനങ്ങളുടെ ഗന്ധം പേറി കാളിദാസമണ്ണായ ഉജ്ജയിനിയിൽ ക്ഷിപ്രാനദിക്കരയിലും, നാസിക്കിൽ ഗോദാവരിതീരത്തുമാണ് മേളകൾ നടക്കുന്നത്. ഈ നദികളിൽ സ്‌നാനം ചെയ്തുകൊണ്ട് തപോപുണ്യം നേടുന്നത് ജന്മാന്തരസുകൃതമായി കണക്കാക്കപ്പെടുന്നു. നദീതടസംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടാവാം ഇപ്പോൾ അഞ്ചാമത് ഒരിടത്തുകൂടി മേള ആരംഭിച്ചിട്ടുള്ളത്. ബംഗാളിലെ ഹുഗ്ലീനദിയുടെയും സരസ്വതി നദിയുടെയും സംഗമസ്ഥാനമായ ബാൻസ്ബരിയ സംഗമസ്ഥാനത്തും മേള നടത്തുന്നു. ഇത്തരുണത്തിൽതന്നെ ദക്ഷിണേന്ത്യയിലേക്ക് വരുമ്പോൾ കാവേരിയിലും സമാനമായ മേള ദർശിക്കുവാൻ കഴിയുന്നതാണ്.
ഐതിഹ്യം
വ്യാഴത്തിന്റെയും സൂര്യചന്ദ്രന്മാരുടെയും സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് ദിവസങ്ങൾ തീരുമാനിക്കപ്പെടുന്നത്. ജ്യോതിഷപരമായ തത്സ്ഥാനങ്ങളിൽ വരുമ്പോൾ നദികൾ അമൃതമായി മാറുന്നു. മറ്റുപല ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും പാലാഴിമഥനവുമായി ബന്ധപ്പെട്ടാണ് ഈ അമൃതപ്രവാഹത്തെ വിവരിക്കപ്പെടുന്നത്. അതിപ്രകാരമാണ്. പരമേശ്വരാവതാരമായി അത്രിമഹർഷിയുടെ പുത്രനായ ദുർവാസാവ് മഹർഷിക്ക് ദേവലോകത്തുവച്ച് വിദ്യാധരസ്ത്രീകൾ പാരിജാതമാല സമ്മാനിച്ചു. രാത്രിമുല്ലയെന്നറിയപ്പെടുന്ന പവിഴമല്ലിപ്പൂവിനുള്ള പ്രത്യേകതയെന്തെന്നാൽ അതീവ സൗന്ദര്യവത്തും തദുപരി ആയുർവർദ്ധകവുമാണ് അത്. അതുകൊണ്ടുതന്നെ സന്യാസിയായ തനിക്ക് ഇതിന്റെ ആവശ്യമില്ലാത്തതിനാൽ മഹർഷി അത് ദേവേന്ദ്രന് കൊടുത്തു. ഒരുപരിധിയിലപ്പുറമുള്ള സൗന്ദര്യവും അമൃതും ഹിരണ്യവും വിഷംതന്നെ. ദേവേന്ദ്രൻ മാല ചൂടുവാനായി മുടി ചീകിയൊതുക്കുന്നതിനായി ഇത് ഐരാവതത്തിനു മുകളിൽ വച്ചു. പൂവിന്റെ സുഗന്ധമേറ്റ് ധാരാളം വണ്ടുകൾ തേൻ കുടിക്കുവാൻ അതിന് ചുറ്റും വരികയും അസ്വസ്ഥനായ ഐരാവതം മാല നിലത്തിട്ട് ചവിട്ടിയരയ്ക്കുകയും ചെയ്തു. ഇതുകണ്ട് കോപാവേശനായ മഹർഷി ദേവന്മാർക്ക് ജരാനരകൾ ബാധിക്കട്ടേയെന്ന് ശപിച്ചു. ശാപമോക്ഷത്തിനപേക്ഷിച്ച ദേവന്മാരോട് പാലാഴി കടഞ്ഞ് അമൃതം കഴിച്ചാൽ ശാപമോക്ഷം ഉണ്ടാകുമെന്ന് അറിയിച്ചതിനെ തുടർന്ന് ദേവന്മാർക്ക് തനിച്ച് സാധിക്കായ്ക മൂലം അസുരന്മാരെയും കൂട്ടി കടകോലായി മന്ഥരപർവ്വതത്തെയും കയറായി വാസുകിയെയും നിശ്ചയിച്ചു പാലാഴി കടഞ്ഞു. പ്രയാഗ്‌രാജിലെ വാസുകീക്ഷേത്രം ഇതിന്റെ പ്രതീകമെന്ന് പറഞ്ഞുകൊള്ളട്ടെ. കുംഭം എന്നാൽ കുടം എന്നർത്ഥം. പാലാഴി കടഞ്ഞപ്പോൾ താണുപോയ മന്ഥരപർവതത്തെ ഉയർത്താൻ മഹാവിഷ്ണു കൂർമ്മാവതാരം സ്വീകരിച്ചപ്പോൾ കയറായി കൊണ്ട വാസുകിയിൽനിന്നും വമിച്ച വിഷത്തെ ധരിച്ച് കാലകാലൻ നീലകണ്ഠനുമായി. വാസുകീവിഷം സ്വീകരിച്ച മഹാദേവനുവേണ്ടിയാണ് ശിവരാത്രി ആഘോഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ കുംഭമേള അവസാനിക്കുന്നതും ശിവരാത്രിസ്‌നാനത്തോടെയാണ്. ഒടുവിൽ ഉയർന്നുവന്ന അമൃതകുംഭത്തിനുവേണ്ടി ദേവാസുരയുദ്ധം നടന്നു. 12 ദിവസത്തോളം ചുറ്റി യുദ്ധം ചെയ്യുമ്പോൾ ഈ അമൃതകുംഭത്തിൽനിന്നും നാല് തുള്ളികൾ ഭൂമിയിൽ വീണു. ആ തുള്ളികൾ വീണ ഇടങ്ങളിലാണ് കുംഭമേളകൾ നടക്കുന്നത്.
കുംഭം, അർദ്ധകുംഭം, പൂർണ്ണകുംഭം, മഹാകുംഭം എന്നിപ്രകാരം നാല് പ്രകാരത്തിൽ തിരിച്ചിരിക്കുന്നു. മൂന്നു വർഷം കൂടുമ്പോൾ കുംഭം നടക്കുമ്പോൾ 6 വർഷം കൂടുമ്പോൾ അർദ്ധകുംഭം നടക്കുന്നു. 12 വർഷം കൂടുമ്പോൾ പൂർണ്ണകുംഭവും 144 വർഷം കൂടുമ്പോൾ മഹാകുംഭമേളയും ഇവിടങ്ങളിൽ നടക്കുന്നു. മൂന്ന് വർഷം കൂടുമ്പോൾ ഉള്ള മേള പരക്കെ ചെറുതായാണ് നടക്കുന്നതെങ്കിലും അർദ്ധകുംഭമേളയ്ക്കും പൂർണ്ണകുംഭത്തിനുമാണ് പ്രാധാന്യം. 144 വർഷം കൂടുമ്പോൾ നടക്കുന്ന മേളയെക്കുറിച്ച് വിശേഷിച്ചു പറയേണ്ടതില്ലല്ലോ.
2025 ലെ 12 വർഷം കൂടുമ്പോൾ അതായത് ഒരു വ്യാഴവട്ടക്കാലം കൂടുമ്പോൾ നടക്കുന്ന മേള ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് നടക്കുന്നത്. ഗംഗ, യമുന, നിഗൂഢമായി സരസ്വതിയും ചേരുന്ന പ്രയാഗ്‌രാജിൽ 2025 ജനുവരി 14 മുതൽ ഫെബ്രുവരി 26 ശിവരാത്രി വരെ മഹാകുംഭം നടക്കും. ജനകോടികൾ ഇരമ്പിയാർക്കുന്ന പ്രയാഗ ജനസമുദ്രമാകുന്ന കാഴ്ചയ്ക്ക് സൂര്യചന്ദ്രനക്ഷാത്രാദികളെല്ലാം സാക്ഷ്യം വഹിക്കാൻ പോകുകയാണ്. പഴയകാലത്തേക്കാൾ മനുഷ്യന് ഏറിവരുന്ന ആത്മീയജിജ്ഞാസക്ക് അവൻ കൊടുത്തിരിക്കുന്ന അറിവിന്റെ തലത്തിൽ അവന്റെ ചിന്തകൾ അവനെ ഉയർത്തിയതു വഴിയായി തന്നെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനകോടികൾ പ്രവഹിക്കും. ആ തിരക്ക് എത്രത്തോളമായിരിക്കുമെന്ന് ഊഹിക്കാൻ കഴിയില്ല. ഇതുപോലൊന്ന് നടക്കാൻ ഇനിയും 12 വർഷം കൂടി കാത്തിരിക്കണമെന്ന ചിന്തയിൽ കുംഭത്തെപ്പറ്റി അറിയുന്ന സ്വദേശീയരും വിദേശീയരും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് മറ്റൊരു മഹാനദിയായി പ്രയാഗിലേക്ക് ഒഴുകും. ഏകദേശം 45 കോടി തീർത്ഥാടകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. അതിലും കൂടാനാണ് സാധ്യത. ഏകദേശം 5500 കോടിയുടെ പദ്ധതികളാണ് പ്രധാനമന്ത്രി പ്രയാഗ്‌രാജിൽ ഉദ്ഘാടനം ചെയ്തിട്ടുള്ളത്. ഡിജിറ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളാണ് ഇത്തവണ ചെയ്തിരിക്കുന്നത്.
സ്‌നാനങ്ങളിലെ പങ്കാളിത്തം
ലോകത്തിന്റെ നാനാഭാഗത്തുനിന്നും പാപമുക്തിക്കായി, മോക്ഷത്തിനായി, സുകൃതത്തിനായി ഈ പ്രയാഗതീർത്ഥത്തിൽ മുങ്ങിനിവരുവാൻ ജനകോടികൾ വന്നുനിറയും. അമൃത് വീണ ഇടങ്ങളാകയാൽ ഇവിടെ ആ പ്രത്യേക സമയത്ത് പ്രയാഗ അമൃതവാഹിനിയായി ഒഴുകാൻ തുടങ്ങും. കുംഭമേളയുടെ ആത്മീയാചാര്യന്മാരായ നാഗസന്യാസിമാരുടെ അകമ്പടിയോടെ ആ മേള അനുഗ്രഹമാകും. പുതിയൊരനുഭവമാകും.
ലോകത്തിലെവിടെയൊക്കെ വിഭിന്നമായ സമ്പ്രദായത്തിലുള്ള അത് അദ്വൈതമാകട്ടെ, ദ്വൈതമാകട്ടെ, പാശുപതമാകട്ടെ, സൗരഗാണപത്യമാകട്ടെ, ശൈവവൈഷ്ണവമാകട്ടെ, ബൗദ്ധമാകട്ടെ, ജൈനമാകട്ടെ എല്ലാ ആത്മീയാചാര്യന്മാരെയും തത്ഭക്തന്മാരെയും സാധനാസാധകന്മാരെയും കൊണ്ട് പ്രയാഗ് നിറയും. അതിൽ സാധാരണക്കാരുമുണ്ടാകും. മറ്റ് കുംഭമേളകളെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊച്ചു ടെന്റുകൾകൊണ്ട് നിറയുന്ന പ്രയാഗ് നാമജപങ്ങളാലും ഭജനകൾകൊണ്ടും നാനാവിധ സമ്പ്രദായ അനുഷ്ഠാന ആചാരങ്ങളെക്കൊണ്ടുമെല്ലാം ആത്മീയപ്രഭാപൂരിതമാകുമ്പോൾതന്നെ മറ്റൊരു പ്രധാനവിഷയം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഈ ജനത്തിരക്കിൽ കരുതലിന്റെ ആവശ്യകതയാണ്. വടക്കേയിന്ത്യയിലൊക്കെ ''ഞങ്ങൾ കുംഭമേളയിൽ പിരിഞ്ഞുപോയ സഹോദരങ്ങൾ'' എന്നുപറയുന്ന ഒരു രീതിയുണ്ട്. ചുരുക്കം പറഞ്ഞാൽ അത്രയും തിരക്ക് ഉണ്ടാവുമെന്ന് സാരം. കരുതലുകൾ നിങ്ങളുടേതാണ്. ആത്മസംയമനത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത് പൂർത്തിയാക്കുക എന്നതാണ് പ്രധാനം.
ഈ ലോകത്തിലെവിടെയൊക്കെ രഹസ്യസമ്പ്രദായഭേദങ്ങളുണ്ടോ മേളയിലേയ്ക്കവരെല്ലാമെത്തും. നിഗൂഢമായ സാധനകളനുഷ്ഠിച്ച് പുറംലോകത്തേക്ക് വെളിപ്പെടാനാഗ്രഹിക്കാത്തവരുൾപ്പെടെ ഹിമാലയസാനുക്കളിലും ഇതര രാജ്യങ്ങളിലുമുള്ളവരൊക്കെതന്നെ മേളയിലേക്കെത്തും. പുണ്യപുരാതനമായ ആത്മീയജ്യോതിസ്സിന്റെ പ്രകാശകേന്ദ്രമാകുന്ന ത്രിവേണീസംഗമത്തിൽ ഷാഹിസ്‌നാനസമയങ്ങളിൽ അമൃതം മൂർത്തമായി വർഷിക്കുമെന്നാണ് വിശ്വാസം. അത് തങ്ങളുടെ പുണ്യത്തെ പൂർണ്ണമാക്കും. പൂർവ്വീകകർമ്മകാണ്ഡങ്ങളെ ദഹിപ്പിച്ച് പുനർജനിപ്പിക്കും അല്ലെങ്കിൽ മുക്തി തേടുന്നവർക്ക് മുക്തിയേകും.
സാധനകൾ തുടങ്ങുന്നവരും തുടങ്ങിക്കഴിഞ്ഞവരും ഗുരുക്കന്മാരോടൊപ്പവും, ഭക്തജനങ്ങൾ ആത്മീയാചാര്യന്മാർക്കൊപ്പവും സ്‌നാനം കഴിച്ച് ജന്മപുണ്യം നേടാനെത്തുന്നത് പുതിയൊരു കാഴ്ചയാണ് നൽകുക. അതിൽതന്നെ മറഞ്ഞിരിക്കുന്ന കൗളന്മാരും ഉദരനിമിത്തം സന്യാസം സ്വീകരിച്ചവരും ഉണ്ടാകും. മന്ത്രവാദികളും കാലജാതുക്കളും ഉണ്ടാകും. അങ്ങനെ എല്ലാവിധത്തിലുമുള്ള മനുഷ്യസഞ്ചയത്തെ, സംസ്‌കാരത്തെ പ്രയാഗിൽ കാണാം. ഓരോ ആശ്രമങ്ങൾക്കും അവരുടെതായ കൊച്ചുകൂടാരങ്ങൾ, അഖാഡകൾ, കൗപകൾ ഉണ്ടാകും. അവരുടെതായ പ്രാർത്ഥനകൾ, ആചാരങ്ങൾ, അന്നദാനങ്ങൾ എന്നിവയിലെല്ലാം നമുക്ക് പങ്കെടുക്കാൻ കഴിയും.
ഷാഹിസ്‌നാനം എന്നറിയപ്പെടുന്ന ദിനങ്ങളിലാവും അധികതരമായ തിരക്ക് അനുഭവപ്പെടുക. നാഗസാധുക്കൾ നയിക്കുന്ന രാജകീയസ്‌നാനത്തോടൊപ്പമാണ് അവരുടെ ഭക്തരുടെയും സ്‌നാനം എന്നതാണ് വിശേഷം. ഇത് നടക്കുന്ന ദിനങ്ങൾ അഭൂതപൂർവ്വമായ തിരക്കാകും അനുഭവപ്പെടുക. 2025 ജനുവരി 13 ൽ പൗഷപൂർണ്ണിമാദിനം, ഭൂമിയുടെ അധോലോകമായ വൈകുണ്ഠത്തിൽനിന്നു (സമുദ്രം) മഹാവിഷ്ണുവും ഭൂമിയുടെ പർവ്വതശിഖിരത്തിൽനിന്നു മഹാദേവനും സ്‌നാനം ചെയ്യാനെത്തുന്ന ആദ്യ ഷാഹിസ്‌നാനദിനമാണ് പൗഷപൂർണ്ണിമ. ജനുവരി 14 ന് മകരസംക്രാന്തി, സൂര്യായനത്തിനുണ്ടാകുന്ന മാറ്റവും പുതുവർഷവും, അതിലുപരി പിതൃപുണ്യകരവുമായ ദിനം. ജനുവരി 29 മൗനി അമാവാസി. ഇതും വളരെ വിശേഷപ്പെട്ട സ്‌നാനദിവസമാണ്. ദീർഘകാലം മൗനവ്രതത്തിലായ സാധുക്കളും ഏകാന്തവാസികളായ താപസൻമാരും എല്ലാം അവരുടെ പുണ്യങ്ങൾ ത്രിവേണിയിൽ സമർപ്പിക്കുന്നു. നാഗസാധുക്കളിലെ രാജയോഗികളും പുണ്യപുരുഷന്മാരും പ്രധാന സ്‌നാനം ചെയ്യുമ്പോൾതന്നെ മറ്റൊരിടത്ത് അഘോരികൾ എന്ന കാപാലികശൈവമതാനുയായികളും പാശുപതന്മാരും സ്‌നാനം കഴിക്കുന്ന ദിവസമാണ് മൗനി അമാവാസി. അടുത്തത് ഫെബ്രുവരി 3 വാസന്തപഞ്ചമി. വസന്തകാലത്തിന്റെ വരവും കൈലാസകിങ്കരണിയായ മാനസപുത്രി ശൈലജയോടൊപ്പം ത്രിവിധ തത്വങ്ങളും പരിവാരത്തോടെ സ്‌നാനം കഴിക്കുന്ന ഇതേദിനം തന്നെ വാസുകി മുതലായ പരിവാരാദികളും സ്‌നാനം കഴിക്കുന്നു. മാതാ സരസ്വതീദേവിയുടെ ദിനമായും ഇത് ഗണിക്കപ്പെടുന്നു. ഫെബ്രുവരി 12 മാഘപൂർണ്ണിമ. മനുഷ്യർ തുടങ്ങിയ സാധാരണ സർവ്വചരാചരങ്ങളും തീർത്ഥത്തിൽ ആത്മസമർപ്പണം ചെയ്ത് സ്‌നാനം കഴിക്കുന്ന ദിനം. ഇതേദിനംതന്നെയാണ് ത്രിവേണിയിലെ ജലമെടുത്ത് തുളസിക്കും അരയാലിനും വില്വപത്രത്തിനുമൊക്കെ ഒഴിച്ചുകൊണ്ട് ഭൂമിയെത്തന്നെ അമൃതയമാക്കുന്ന ഋഷഭപൂർണ്ണിമ. ഫെബ്രുവരി 26 അവസാനദിവസം ശിവരാത്രി പ്രത്യേകിച്ച് പറയേണ്ടതില്ലാത്തതിനാൽ വിവരിക്കേണ്ടതില്ലല്ലോ. സമസ്ത ഈശ്വരന്മാർക്കും ഈശ്വരനാകുന്ന പരമേശ്വരന്റെ ദിവസം. ഇതിനിടയിൽ ഫെബ്രുവരി 4 ന് അചലസപ്തമികൂടിയുണ്ട്. ചില പക്ഷങ്ങൾ സപ്തമികൂടി ഷാഹിസ്‌നാനത്തിനായി സ്വീകരിക്കാറുണ്ട്. ഈ ദിനങ്ങൾക്കെല്ലാംതന്നെ നിരവധി പ്രത്യേകതകളും ഐതിഹ്യങ്ങളും ഉണ്ട്. വിസ്താരഭയത്താൽ എഴുതുന്നില്ല. ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്താൽ സാധാരണക്കാർ ഈ ദിനങ്ങൾ ഒഴിവാക്കി കുംഭത്തിൽ പങ്കെടുക്കുന്നതാണ് അഭികാമ്യം. എത്രതന്നെ സൗകര്യങ്ങളൊരുക്കിയാലും ഈ ദിവസങ്ങളിൽ ഒരുപക്ഷേ നിങ്ങൾക്ക് അത് അഭിമുഖീകരിക്കാൻ പ്രയാസമാകും.
നാഗസാധുക്കൾ
കുംഭമേളയിലേക്കെത്തുന്ന വിവസ്ത്രരായ നാഗസാധുക്കൾ ആരാണ്? അവർക്കെന്തുകൊണ്ടാണ് കുംഭമേളയിൽ ഇത്ര പ്രാധാന്യം? മേളയുടെ അവിഭാജ്യഘടകവും അതിന്റെ അവകാശികളുമായ നാഗന്മാരെ ശങ്കരന്റെ കാഴ്ചപ്പാടിലൂടെയാണ് കാണേണ്ടത്. ശങ്കരാചാര്യസ്വാമിക്ക് മുമ്പും നാഗസന്യാസിമാർ ഉണ്ടായിരുന്നു. വസ്ത്രം ധരിക്കാത്തവർ അല്ലെങ്കിൽ ദിക്കുകൾ അംബരമായി വസ്ത്രമായി ധരിക്കുന്നവർ എന്ന അർത്ഥത്തിൽ ദിഗംബരന്മാരായ നാഗസന്യാസിമാരുടെ ഏകീകൃതചരിത്രം ആരംഭിക്കുന്നത് ആചാര്യസ്വാമികളിലൂടെയാണ്. ഇവർക്ക് നാഗങ്ങളുമായി ഒരു ബന്ധവുമില്ല. നംഗാ അഥവാ നഗ്ന എന്ന അർത്ഥവും നംഗാഗോത്രമെന്ന അർത്ഥവുമെടുക്കാം. ആത്മീയനവോത്ഥാനത്തിന് നാന്ദികുറിച്ചുകൊണ്ടുള്ള ശങ്കരദിഗ്വിജയത്തോടെ ആരംഭിച്ച ദശനാമിസമ്പ്രദായത്തിലാണ് നാഗസന്യാസിമാർ ഉൾപ്പെടുന്നത്. തെക്ക് ശൃംഗേരിയും പടിഞ്ഞാറ് ശാരദാമഠവും വടക്ക് ജ്യോതിർമഠവും കിഴക്ക് ഗോവർദ്ധനമഠവും സ്ഥാപിച്ച ശങ്കരൻ ആദ്ധ്യാത്മികസംസ്‌കാരത്തെ സംരക്ഷിക്കാനായി ആരംഭിച്ച ഭാരതി, ഗിരി, പുരി, സരസ്വതി, വന, ആരണ്യ, തീർത്ഥ, പർവ്വത, സാഗര, നാഥ എന്നീ പത്ത് നാമങ്ങളിലറിയപ്പെടുന്ന സന്യാസപരമ്പരയിലാണ് നാഗസന്യാസിമാരുള്ളത്. ആദ്ധ്യാത്മികസംസ്‌കാരം നിലനിർത്തുന്നതിന് ആത്മീയതമാത്രം പോരാ കായികബലം കൂടി ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊണ്ട് ആയോധനകലകളിൽ പ്രാവീണ്യംകൊടുത്ത് അഖാഡകളിൽ തനത് ആയോധനമുറകൾ അഭ്യസിപ്പിച്ച് ആയുധം കൊടുത്തിറക്കിയ ദിംഗബരസാധുക്കളെയാണ് നാഗസന്യാസിമാർ എന്നുപറയുന്നത്.
ദശനാമികളെപ്പോലെ, വൈഷ്ണവസാധുക്കളുടെ രാമാനുജമതാനുയായികൾ, നാനാക്‌സാധുക്കൾ, സിക്കുകാർ, കബീർ, നിംബാർക്ക തുടങ്ങിയ നിരവധി സന്യാസിമാരെ കുംഭമേളയിൽ കാണുവാൻ സാധിക്കും. അതുപോലെ അഘോരപന്നികൾ, പാശുപാതായ്ക്കൾ തുടങ്ങിയവരെയും.
നാഗസാധുക്കളിൽതന്നെ കാലാന്തരത്തിൽ പല വേർതിരിവുകളും വന്നുചേർന്നിട്ടുണ്ട്. ഉപശാഖകളായും തദുപരി ശാഖകളായും തീർന്നു. അതിൽതന്നെ സ്വതന്ത്രസമ്പ്രദായികളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായി ഒരു ഏകീകരണം നടത്തുക പ്രയാസമാണ്. അവരവർ തങ്ങളുടെ ആചാരണവും സമ്പ്രദായവുമാണ് ശരി എന്ന് വാദിക്കുമ്പോൾ മറുത്തൊന്നും ഇതേക്കുറിച്ച് ഉറപ്പിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. ദശനാമി അഖാഡകളുടെ ഒരു ചെറിയ രൂപമെടുത്താൽ ദത്താത്രേയനാൽ സ്ഥാപിതമായ വാരാണസി ആസ്ഥാനമായ ആവാഹൻ അഖാഡ, ഹരിദ്വാറിലും ഉജ്ജയിനിയിലും ആസ്ഥാനമായ വിനായകൻ മുഖ്യമായി അലങ്കരിക്കപ്പെടുന്ന അടൽ അഖാഡ, പ്രയാഗ്‌രാജ് ആസ്ഥാനമായിക്കൊണ്ട് അഖാഡകളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന കപിലമുനി സ്ഥാപിച്ച മഹാനിർവാണി അഖാഡ. ജാർലെറിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. സൂര്യന് പ്രാധാന്യം കൊടുക്കുന്ന ആനന്ദ് അഖാഡാ, സുബ്രഹ്മണ്യന്റെ സേനാശക്തിയായ നിരഞ്ജനി അഖാഡ. അംഗബലം കൊണ്ട് പ്രശസ്തിയാർജ്ജിച്ച ദത്താത്രേയ പ്രതിഷ്ഠയോടെ ജുന അഖാഡ, എന്നിങ്ങനെ പോകുന്നു ഇതിന്റെ ക്രമരീതികൾ. എല്ലാ അഖാഡകളിൽനിന്നും എല്ലാവരും കുംഭമേളയിലേക്കെത്തും. ഈ നാഗസന്യാസിമാരാണ് കുംഭമേളയിൽ അധികവും ഉണ്ടാവുക. അവരിലെ മഹാമണ്ഡലേശ്വരന്മാർ വാദ്യഘോഷാദികളോടെ അസ്ത്രശസ്ത്രധാരികളുടെ അകമ്പടിയോടെ ആനപ്പുറത്തും കുതിരപ്പുറത്തും സ്‌നാനത്തിന് എഴുന്നള്ളുന്ന ഷാഹിസ്‌നാനം വളരെ മനോഹരമാണ്. ഇതിലൊന്നും പെടാതെ സ്വതന്ത്രമായി വിഹരിക്കുന്നവരും ഇവരോടൊപ്പം ചേർന്നുകാണാം. പക്ഷേ, കൃത്യമായ അസ്തിത്വമില്ലാതെ ഇവരുടെ പ്രമുഖ ആചരണരീതികളിലേക്ക് ആർക്കും കടക്കാൻ കഴിയില്ല.
അഘോരികൾ
ഇവിടെ മറ്റൊരു പ്രധാന വിഷയം, എല്ലാവരും കുംഭമേളകളിൽ അഘോരികളെ തേടിവരാറുണ്ട്. വസ്ത്രമിടാതെ ഭസ്മം ധരിച്ച് നടക്കുന്നവരെയെല്ലാം അഘോരികളെന്ന് ചൊല്ലി വിളിക്കാറുണ്ട്. ചില കാലഘട്ടത്തിലുണ്ടായ അഘോരികളെക്കുറിച്ചുള്ള പ്രചാരണങ്ങൾ മൂലം യാതൊരുവിധ ബന്ധനവുമില്ലാത്ത ഏന്നുപറഞ്ഞാൽ ഒരു നൂലിഴപോലും ബന്ധമില്ലാത്ത നാഗസന്യാസിമാരെ അഘോരികളെന്നുകണ്ട് വിളിക്കുകയാണ് പലരും ചെയ്യുന്നത്. നിർഭാഗ്യകരമെന്നുപറയട്ടെ, ശാസ്ത്രബോധം ഇല്ലാത്തവരും ചില സാമ്പ്രദായികളുമൊക്കെ എന്തെങ്കിലും വിളിച്ചോട്ടെ എന്നുപറഞ്ഞു ഇരുന്നുകൊടുക്കുക. ശുദ്ധസത്വപ്രധാനന്മാരായ നാഗസന്യാസിമാർ സാത്വികഭക്ഷണം മാത്രം കഴിക്കുന്നവരും അഹിംസാവാദികളുമാണ്. അവർ ആയുധമെടുത്തത് ഭാരതത്തിന്റെ ആത്മീയസംസ്‌കാരത്തെ നശിപ്പിക്കുന്ന ഹീനന്മാരെ ആട്ടിയോടിക്കാനും വേണ്ടിവന്നാൽ നശിപ്പിക്കാനുമാണ്. എന്നാൽ, പുരാതനഗോത്രശൈവസംസ്‌കൃതിയിൽനിന്നും വന്ന പാശുപതാക്കളുടെയും കാപാലികന്മാരുടെയും പാത പിന്തുടരുന്ന അഘോരികൾ ഗൃഹസ്ഥന്മാരാണ്. ചിലർ ബ്രഹ്മചാരികളാണ്. ശങ്കരാദ്വൈതവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. അവർ എല്ലാവിധ ഭക്ഷണവും വേർതിരിവില്ലാതെ കഴിക്കുന്നവരാണ്. കറുപ്പ് അല്ലെങ്കിൽ നീല വസ്ത്രങ്ങൾ അണിയുന്നവരാണ്. ഔപചാരികമായി, ആചാരപരമായി കാവി ഒരിക്കലും അണിയാത്തവരാണ്. മാത്രമല്ല, താന്ത്രികസമ്പ്രദായങ്ങൾ പിന്തുടരുന്നവർക്ക് സന്യാസവുമായി യാതൊരു ബന്ധവുമില്ലെന്നുപറയട്ടെ.
നിങ്ങളെയൊരാൾ ആദ്ധ്യാത്മികമായോ ലൗകികമായോ ഭയപ്പെടുത്തുന്നുവെങ്കിൽ ചിലപ്പോൾ പണമാകാം, എന്തുമാകാം കാരണം, അയാൾ ഒരിക്കലും അഘോരിയാവില്ല. ഒരു അഘോരി ശ്മശാനത്തിൽ ഇരിക്കുന്നത് ആരെയും ഭയപ്പെടുത്താനല്ല. തന്റെ ഏകാന്തസാധനയുടെ തികച്ചും വ്യക്തിപരമായ ഭാഗമാണത്. ഒരു നാഗസന്യാസിയും ശ്മശാനത്തിൽ ഇരിക്കില്ല. കാരണം അവരുടെ ആചാരത്തിൽ അത്തരം കാര്യങ്ങളില്ല. താന്ത്രികമായ ആചരണത്തിലാണ് കാപാലികസാധനകൾ വരുന്നത്. കുംഭമേളയിൽ ദിഗംബര (നഗ്ന-നംഗാ) നാഗസാധുക്കൾക്കാണ് പ്രാധാന്യം. അഘോരികൾ, കാപാലികന്മാർക്കെല്ലാം മറ്റൊരിടത്തേ സ്ഥാനമുള്ളൂ. അഘോരികൾ മോശമായതുകൊണ്ടല്ല. രണ്ടും വളരെ വ്യത്യസ്തമാണ്. സന്യാസനിഷ്ഠയും അഘോരവും രണ്ട് ധ്രുവങ്ങളാണ്.
യഥാർത്ഥ അഘോരിസാധകർ ഒരിക്കലും ജനസമക്ഷമൊന്നും വെളിപ്പെട്ടുവരില്ല എന്നതാണ് സത്യം. അവർ നമ്മുടെ മുന്നിലൂടെയൊക്കെ അറിയാതെ കടന്നുപോയേക്കാം എന്നല്ലാതെ. അവരുടെ ഏകാന്തതയാണ് അവരുടെ ജീവിതം. കുംഭമേളയിൽ നിങ്ങൾ കാണുന്നത് ദിഗംബരന്മാരായ നാഗസന്യാസിമാരെയാണ്. അവരുടെ തപോബലത്തെയാണ്. വിവേകചൂഢാമണിയിലെ പ്രഥമശ്ലോകത്തിൽ പറയുംപോലെ മനുഷ്യനായി പിറന്നെങ്കിൽ മോക്ഷത്തിനുവേണ്ടി യജ്ഞിക്കാതെ ഇരിക്കുന്നവനേക്കാൾ വലിയ വിഡ്ഢി ഇല്ലതന്നെ എന്ന മഹാവാക്യത്തെ ഉള്ളിൽ ഉറപ്പിച്ചുനടന്നുനീങ്ങുന്നവരെ കാണുമ്പോൾ, അവരുടെ തപോബലത്തിന്റെ അനുഗ്രഹം നേടാനായി സ്‌നാനം ചെയ്യുമ്പോൾ, അത് സാധാരണ മനുഷ്യനെ സംബന്ധിച്ച് അവനെത്തിപ്പിടിക്കാനാവുന്ന കൈലാസത്തിന്റെ ഒരുൾക്കാഴ്ച മാത്രമാണ്.
ഇപ്രാവശ്യത്തെ പൂർണ്ണകുംഭമേളയ്ക്കുള്ള സവിശേഷതകളിലൊന്ന് അയോദ്ധ്യാക്ഷേത്രനിർമ്മിതിയാണ്. പ്രയാഗ് രാജിൽനിന്നും 169 കി.മീ. ദൂരം സഞ്ചരിച്ചാൽ അയോദ്ധ്യാക്ഷേത്രത്തിലെത്തിച്ചേരാം. ഇതുവരെ പങ്കെടുത്തിട്ടുള്ള ആർക്കും ലഭിക്കാത്ത ഒരു പ്രധാന സവിശേഷതയാണ് അയോദ്ധ്യാസന്ദർശനവും ഇതോടൊപ്പം നടത്താമെന്നത്. പുനർനവീകരിച്ചുകൊണ്ടിരിക്കുന്ന വാരാണസിയിലേക്കും 120 കി.മീ. സഞ്ചരിച്ചാൽ എത്താം. ഭരതൻ വനവാസക്കാലത്ത് ശ്രീരാമന്റെ അടുക്കൽ വന്ന് മടങ്ങി രാജ്യം ഭരിക്കാൻ ആവശ്യപ്പെട്ട ചിത്രകൂടം എന്ന സ്ഥലത്തേക്കും 130 കി.മീ. ദൂരമേയുള്ളൂ. ഇവിടെയൊന്നും പോയില്ലെങ്കിൽ വെറും 85 കി.മീ. മാത്രം ദൂരമുള്ള മഹാശക്തിപീഠങ്ങളിലൊന്നായ വിന്ധ്യാചലിൽ അധിവസിക്കുന്ന വിന്ധ്യാവാസിനിദേവിയെ കണ്ടുമടങ്ങാൻ കഴിയും. ഇതുകൂടാതെതന്നെ, പ്രയാഗയിൽ നിരവധി ക്ഷേത്രങ്ങളുണ്ട്. വാസുകീക്ഷേത്രദർശനം ലഭിക്കുന്നു എന്നത് ഈ സമയത്ത് അതിവിശേഷമാണ്.
ഏതൊരു ആത്മീയയാത്രയും പരിപൂർണ്ണമാകുന്നത് അതിനനുസൃതമായ യാതനകളിലൂടെ കടന്നുപോകുമ്പോഴാണ്. ഇത്രയധികം വിഭിന്ന സംസ്‌കാരങ്ങൾ നിറഞ്ഞ മനുഷ്യരെ, അവരുടെ ആത്മീയതയെ, അവരുടെ ജീവിതവൈവിധ്യങ്ങളെ കുംഭമേളയിൽ നിങ്ങൾക്ക് കാണുവാൻ കഴിയും. കലാപരമായും സാഹിത്യപരമായും എല്ലാം ഒരിടത്ത് ഒന്നിക്കുന്ന ഒരു മഹോത്സവമാണ് പൂർണ്ണകുംഭം. നമുക്കറിയാം, ഭാരതത്തിന്റെ യശസ്സ് എന്നത് ഇവിടത്തെ ഋഷിപാരമ്പര്യമാണ്. അവരും നാമും എല്ലാം ഒരിടത്ത് ഒന്നായിത്തീരുന്ന അപൂർവ്വകാഴ്ചയ്ക്ക് പ്രയാഗ് വേദിയാകുവാൻ പോകുന്നു. ഒരു സ്‌നാനത്തിനുവേണ്ടി ലോകം ഒരു കുടക്കീഴിൽ ഒന്നാകുന്നു. സ്വന്തം ശരീരം വെടിയാൻ വേണ്ടി പൂർണ്ണകുംഭത്തിനുവേണ്ടി കാത്തിരിക്കുന്നവരുമുണ്ട്. പ്രയാഗ്‌രാജിൽവച്ച് മറഞ്ഞുപോയ എത്രയോ ജീവന്മാരുണ്ട്. ഒരു കാലഘട്ടത്തിൽ ഒരു പൂർണ്ണകുംഭത്തിൽ ദേഹം ഒഴുകിനടക്കുന്നത് കണ്ടിരുന്നുവെന്ന് ഗുരു പറഞ്ഞുകേട്ടിട്ടുണ്ട്. ഇന്നത് സാധ്യമല്ല. അത്യാധുനിക സൗകര്യങ്ങളിൽ നമ്മുടെ ഓരോ ചലനവും വീക്ഷിക്കുന്ന ക്യാമറക്കണ്ണുകളിൽനിന്നും ആർക്കും ഒളിച്ചോടാൻ കഴിയില്ല. ഒരിക്കൽ ഹരിദ്വാറിലെ കുംഭമേളയിൽ വച്ച് അറിഞ്ഞ ഒന്നുണ്ട്. ഇത്രയധികം ജനതയുടെയടുത്ത് നിൽക്കുമ്പോൾ വ്യക്തിബോധം നശിച്ച് സർവ്വാത്മബോധത്തിലേക്ക് ഉയരുന്ന അനുഭൂതിയിൽ മതിമറന്നുപോകുമ്പോൾ ഒരുപക്ഷേ, ശ്വാസം നിലച്ചുപോയാൽ ഇത്രയധികം പേരിലൂടെ ജീവിക്കുമല്ലോയെന്ന നിർവൃതി. ഈ ലോകത്തിൽ നാം എന്നത് വെറുമൊരു ജീവൻ മാത്രമാണെന്ന അനുഭൂതി, ഈ ജനസാഗരത്തിൽ ഞാനാര് എന്ന ചിന്ത. ശിവോഹം ശിവോഹം. എല്ലാവർക്കും പൂർണ്ണകുംഭത്തിന്റെ ആശംസകൾ നേർന്നുകൊണ്ട് ജയ് മഹാദേവ്, ഓം നമഃ ശിവായ.
