Hindu Vishwa
Index
കുംഭമേളയും വിശ്വഹിന്ദുപരിഷത്തും
 
                                                    മകരസംക്രമം മുതൽ ശിവരാത്രി വരെ അതായത്, 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ പവിത്രനദികളായ ഗംഗയമുനാസരസ്വതിത്രിവേണീസംഗമത്തിൽ 'മഹാ കുംഭമേള' നടക്കുന്നത്.ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഗംഗയിൽ, മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ, ക്ഷിപ്രാനദിയിൽ, മഹാരാഷ്ട്രയിലെ നാസിക്കിൽ ഗോദാവരിനദിയിൽ, ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനം എന്നിവിടങ്ങളിലാണ് കുംഭമേളകൾ വിവിധ കാലങ്ങളിലായി നടക്കുന്നത്.
ധർമ്മരക്ഷ
ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നുപോരുന്ന കുംഭമേളാഘോഷയാത്രയിൽ നാഗസന്യാസിമാർ, മണ്ഡലേശ്വരന്മാർ, മഹാമണ്ഡലേശ്വരന്മാർ, അഖാഡകൾ (അഭ്യാസത്തിലൂടെ ശക്തി നേടി സമൂഹത്തിനായി സ്വയം ത്യാഗം ചെയ്ത സൈന്യം) വാളുകളും ത്രിശൂലങ്ങളും ധരിച്ച് മുന്നിൽ നടക്കുന്നു, അവർക്ക് പിന്നിലായി ലക്ഷക്കണക്കിന് ഭക്തർ പുണ്യസ്‌നാനം നടത്തുന്നു. ഇവരെല്ലാം നമ്മുടെ ധർമ്മരക്ഷയ്ക്കുവേണ്ടി നിലകൊള്ളുന്നവരാണ്. ധർമ്മസംരക്ഷണം എന്നാൽ സ്വയം ധർമ്മം അനുഷ്ഠിക്കലാണെന്ന നിശ്ചയദാർഢ്യത്തോടെ ഒരു പ്രതിജ്ഞയെടുത്ത് പുണ്യസ്‌നാനം നടത്തി അവരെല്ലാം മടങ്ങുന്നു. പുരോഹിതന്മാരും മഠാധിപതികളും ഭക്തർക്കായി പ്രഭാഷണങ്ങൾ, പ്രവചനങ്ങൾ നടത്തുന്നു. ആയിരക്കണക്കിനു വരുന്ന സാധ്വികളും (സന്യാസിനിമാർ) കുംഭമേളയിൽ പങ്കെടുത്ത് പ്രഭാഷണം നടത്തിവരുന്നുണ്ട്.
സാമൂഹികസമത്വം
ലക്ഷക്കണക്കിനാളുകളാണ് പുണ്യസ്‌നാനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെ ഒത്തുചേരുന്നത്. പ്രാദേശിക വ്യത്യാസങ്ങൾ മറന്ന്, ജാതിഭേദം മറന്ന്, തലമുറവ്യത്യാസമില്ലാതെ, സമത്വബോധത്തോടെ എല്ലാവരും കുംഭമേളയിൽ ഒരുമിച്ച് സ്‌നാനം ചെയ്യുന്നു. മേളയിൽ പങ്കെടുക്കാനെത്തുന്നവർക്ക് രണ്ടുനേരം ഭക്ഷണം നൽകുക, രാത്രിയിൽ വിവിധ പ്രദേശങ്ങളിലെ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുക എന്നിവയെല്ലാം ഇവർ ചെയ്യുന്ന സാമൂഹ്യസേവന പരിപാടികളിൽ ഉൾപ്പെടുന്നു.
വിശ്വഹിന്ദുപരിഷത്തിന്റെ സന്ത്‌സഭകൾ
പ്രകൃതിയിലെ മാറ്റങ്ങൾ, ജനങ്ങളുടെ ആവശ്യങ്ങൾ, സമൂഹത്തിന്റെ നിയമങ്ങൾ എന്നിവ കണക്കിലെടുത്ത് ഋഷിമാരും സന്യാസിമാരും ചേർന്ന് ഓരോ 12 വർഷത്തിലും ഒരുമിച്ചചേർന്ന് യോഗങ്ങൾ നടത്തി ലോകത്തിലെ എല്ലാ ജനങ്ങളെയും നയിക്കാനുള്ള പ്രധാന തീരുമാനങ്ങൾ എടുക്കുന്നു. വർഷങ്ങളായി ഇങ്ങനെയാണ് തുടർന്നുപോന്നിരുന്നത്. നിർഭാഗ്യവശാൽ എ.ഡി. 644-ൽ രാജാ ശ്രീഹർഷന്റെ കാലത്ത് നടന്ന സന്ത്‌സമ്മേളനത്തിനു ശേഷം വൈദേശിക അധിനിവേശംമൂലം പുണ്യസ്‌നാനം നടന്നിരുന്നെങ്കിലും സന്യാസിമാരുടെ യോഗങ്ങളും പ്രമേയങ്ങളും പ്രഭാഷണങ്ങളും നിർത്തിവെയ്ക്കപ്പെട്ടിരുന്നു. ഇത് വിശ്വഹിന്ദുപരിഷത്ത് 1966 മുതൽ പുനരാരംഭിച്ചു. 1964 ലാണ് വിശ്വഹിന്ദുപരിഷത്ത് ആരംഭിക്കുന്നത്.
2008-ൽ നടന്ന കുംഭമേളയിൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ ഉൾപ്പെടുത്തി 'വിശ്വസമ്മേളനം' സംഘടിപ്പിക്കുകയുണ്ടായി. ഹിന്ദുമതത്തിലെ വിവിധ ആത്മീയപാതകളിലെ ധർമ്മഗുരുക്കന്മാർ, ശങ്കരാചാര്യർ, വൈഷ്ണവാചാര്യർ, നിംബാർകാചാര്യർ, ബുദ്ധ ജൈന സിഖ്, ഗാണപത്യ, ശാക്തേയ തുടങ്ങി വിവിധ ആരാധനാരീതികൾ പിന്തുടരുന്ന എല്ലാ വിഭാഗങ്ങളിലെയും പ്രമുഖർ അവിടെ സന്നിഹിതരായിരുന്നു. ആദരണീയനായ മാധവറാവു സദാശിവറാവു ഗോൾവാൽക്കറുടെ നേതൃത്വത്തിൽ ആരംഭിച്ച വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷീണപ്രയത്‌നത്തിന്റെ ഭാഗമായി നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷം ഈ ദൗത്യം അതിന്റെ പൂർണ്ണതയിലെത്തി.
ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മ
ചന്ദ്രന്റെ മുകളിൽനിന്ന് ഭൂമിയിലേക്ക് നോക്കുന്നതുപോലെ വിശാലമായൊരു പൊതുസമ്മേളനമാണ് കുംഭമേള. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാണിത്. ലോകരാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം പേർ ഇതിൽ പങ്കെടുക്കുന്നു. 2017 ലെ അർദ്ധകുംഭമേളയിൽ മൂന്ന് കോടി ആളുകളും 2001 ൽ ആറ് കോടി ആളുകളും പങ്കെടുത്തതായാണ് രേഖകൾ പറയുന്നത്. ഈ വർഷം കുറഞ്ഞത് 40 കോടിയിലധികം ഭക്തരെങ്കിലും പുണ്യസ്‌നാനം നടത്തുമെന്ന് കണക്കുകൂട്ടുന്നു. അതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പുരാതനകാലത്ത് ആദിശങ്കരാചാര്യർ പ്രയാഗരാജ് സന്ദർശിക്കുകയും കുംഭമേളയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 1514-ൽ ബംഗാളിലെ ചൈതന്യമഹാപ്രഭു കുംഭമേള സന്ദർശിക്കുകയുണ്ടായി. തുളസിരാമായണം രചിച്ച വിശുദ്ധ തുളസീദാസും കുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്‌നാനം നടത്തിയിട്ടുണ്ട്.
പ്രാദേശിക ഭരണാധികാരികൾ തമ്മിലുള്ള യുദ്ധത്തിൽ വിജയിച്ച രാജാവ് ഇവിടെ സാംസ്‌കാരിക ഉത്സവങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ വിദേശ ആക്രമണകാരികൾ തങ്ങളുടെ കുതന്ത്രങ്ങളാൽ പ്രാദേശിക ഭരണാധികാരികളെ പരാജയപ്പെടുത്തുകയും കലാപം സൃഷ്ടിച്ച് ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. അവർ 'ജസിയ നികുതി' പിരിച്ചെടുത്തു. കുംഭമേളയിൽ സ്‌നാനം ചെയ്യാനും കരം അടയ്‌ക്കേണ്ടിവന്നിരുന്നു. നികുതി കൊടുത്താണ് അന്നത്തെ ജനങ്ങൾ ധർമ്മം പാലിച്ചിരുന്നത്.
1806 ൽ കുംഭമേളയിൽ സ്നാനം ചെയ്യാനാഗ്രഹിക്കുന്ന തീർത്ഥാടകരിൽനിന്ന് ഇംഗ്ലീഷുകാർ 1 രൂപ നികുതി ചുമത്തിയിരുന്നതായി വെൽഷ് ട്രാവൽ ലേഖകനായ ഫാനി പാർക്ക്‌സ് എഴുതുന്നു. അക്കാലത്ത് ഒരു മനുഷ്യന് ഒരു മാസത്തേക്ക് സുഖമായി ജീവിക്കാൻ 1 രൂപ മതിയായിരുന്നു. മറ്റൊരു പുസ്തകത്തിൽ കമ്പനി മൂന്ന് രൂപ നികുതി ഈടാക്കിയതായി പറയുന്നുണ്ട്. കുംഭമേളയിൽ സ്‌നാനംചെയ്യുന്ന വേദപണ്ഡിതർക്കും നദിക്കരയിൽ ഇരിക്കുന്ന പാവപ്പെട്ട സന്യാസിമാർക്കും ഭിക്ഷയും പാരിതോഷികങ്ങളും നൽകുിയിരുന്നുവെന്നും രേഖകളിൽ പറയുന്നുണ്ട്.
പ്രയാഗ് രാജിലെ ആത്മരം
വിദേശ ആക്രമണകാരികളാൽ തദ്ദേശീയരായ ജനങ്ങൾ മതം മാറ്റപ്പെടുകയോ ബീഫ് കഴിപ്പിച്ച് ധർമ്മം തെറ്റിക്കുകയോ ചെയ്താൽ അവരെല്ലാം 12 വർഷത്തിലൊരിക്കൽ കുംഭമേള നടക്കുന്ന പ്രയാഗ് രാജ് ത്രിവേണീസംഗമത്തിൽ വേദനയോടെ പുണ്യസ്‌നാനം നടത്തി അവിടെയുള്ള ആൽമരത്തിനു ചുവട്ടിലിരിക്കുന്നത് പരിഹാരമായി കണക്കാക്കപ്പെട്ടിരുന്നു.
തദ്ദേശീയരെ പ്രലോഭിപ്പിച്ച് ഭയപ്പെടുത്തി മതംമാറ്റിയ വിദേശ ആക്രമണകാരിയായ ബാബർ ഇങ്ങനെ മതംമാറ്റപ്പെട്ടവരെല്ലാം മാതൃമതത്തിലേക്ക് മടങ്ങുന്നത് നിരീക്ഷിച്ച് കുംഭമേളയ്ക്കും ഗംഗാനദീതടത്തിനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇവിടെ ആരാധന നടത്തരുതെന്ന് ഫത്വ പുറപ്പെടുവിച്ചു. ആൽവൃക്ഷം വെട്ടിക്കീറി. കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും അത് വീണ്ടും തളിർത്തുവന്നു. അടുത്ത തവണ അക്ബറാണ് ആൽമരം കടപുഴക്കിയത്. കുറച്ച് വർഷങ്ങൾക്കുശേഷം അത് വീണ്ടും തളിർത്തു. ആളുകൾ പതിവുപോലെ വൃക്ഷച്ചുവട്ടിൽ ആരാധന നടത്തുകയും സ്വധർമ്മത്തിലേക്ക് മടങ്ങുകയും ചെയ്തു. ഒരുവശത്ത് ജസിയനികുതി ചുമത്തി, മറുവശത്ത് ആൽമരം നശിപ്പിച്ചു. പക്ഷേ അത് കുറച്ച് സമയത്തിനുശേഷം വീണ്ടും മുളച്ചു. പൂർവികരെ സ്മരിക്കാനും ആരാധിക്കാനും ആളുകൾ ഇപ്പോഴും ഈ ആൽമരം സന്ദർശിക്കാറുണ്ട്.
സ്വാതന്ത്ര്യസമരത്തിന്റെ പ്രചോദനം
രാജ്യത്തുടനീളമുള്ള കുംഭമേളകളിൽ ഒത്തുകൂടുന്ന ആളുകൾ മതപരവും ആത്മീയവുമായ പ്രതിജ്ഞകൾ ചെയ്യുന്നതോടൊപ്പം സ്വാതന്ത്ര്യം നേടാനുള്ള പ്രതിജ്ഞയും ചെയ്തിരുന്നു. മാത്രമല്ല, ഭാരതമാതാവിനെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ദൃഢനിശ്ചയം ഏറ്റെടുക്കുകയും ചെയ്തു. ഈ കുംഭമേളകൾ രാജ്യത്തുടനീളമുള്ള വിപ്ലവപ്രക്ഷോഭങ്ങൾക്ക് രാജ്യത്തെ ജനങ്ങൾക്ക് മാർഗ്ഗനിർദേശം നൽകുന്നതിനും സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകുന്ന നേതാക്കളെ തിരിച്ചറിയുന്നതിനും അവരുടെ നേതൃത്വം ഏറ്റെടുക്കുന്നതിനുമുള്ള വേദികളായി പ്രവർത്തിച്ചു.
ഏകീകരണം
1966 ൽ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന ആദ്ധ്യാത്മികസമ്മേളനത്തിൽ 12 രാജ്യങ്ങളിൽ നിന്നായി 25,000 പേർ പങ്കെടുത്തു. മതം മാറ്റപ്പെട്ട എല്ലാ ഹിന്ദുക്കളെയും അവരുടെ മുൻ മതത്തിലേക്ക് മടങ്ങാൻ സമ്മേളനം ക്ഷണിക്കുകയും തുടർന്ന് 15 ലക്ഷം പേർ തങ്ങളുടെ മാതൃമതത്തിലേക്ക് മടങ്ങുകയും ചെയ്തു. അതുവരെ സന്യാസിമാർക്ക് വിദേശ, കടൽയാത്ര അനുവദിച്ചിരുന്നില്ല. ഈ യോഗത്തിൽ പങ്കെടുത്ത സഭാധ്യക്ഷന്മാർ ആദ്ധ്യാത്മികപ്രഭാഷണത്തിനായി വിദേശത്തേക്ക് പോകാനും ആ രാജ്യങ്ങളിലെ ഹിന്ദുക്കളെ അവരുടെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുന്നതിനായി ഷോഡശകർമ്മങ്ങൾ നടത്താനും മാർഗ്ഗദർശനങ്ങൾ നൽകുന്നതിനുള്ള തീരുമാനവും പ്രഖ്യാപിച്ചു. തുടർന്ന്, വിദേശത്ത് പൂജാദികർമ്മങ്ങൾ അർപ്പിക്കാനും ധർമ്മപ്രഭാഷണം നടത്താനും പോകുന്നവരുടെ എണ്ണം വർദ്ധിച്ചു. ഗോമാതാ എല്ലാ ദേവതകളുടെയും ആലയമാണെന്നും സംരക്ഷിക്കപ്പെടണമെന്നും സമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ടു. ഗോരക്ഷാസമരത്തിലൂടെ പ്രതിവർഷം ഒരു ലക്ഷത്തിലധികം പശുക്കളെയാണ് ഇന്ന് വി.എച്ച്.പി. സംരക്ഷിക്കുന്നത്. കാട്ടിലും ചേരികളിലും താമസിക്കുന്ന പാവപ്പെട്ടവർക്ക് സേവനം എത്തിക്കുന്നതിനായി സമ്മേളനം ഉത്തരവിട്ടു. അതിനുശേഷം ഇതിനായി ആയിരക്കണക്കിന് സേവനപദ്ധതികളാണ് വിശ്വഹിന്ദുപരിഷത്ത് ആരംഭിച്ചത്.
2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മഹാകുംഭമേളയുടെ പ്രധാന തീയതികൾ:
1. പൗഷ്യപൂർണിമ: 13-01-2025 തിങ്കൾ.
2. മകരസംക്രാന്തി 14-01-2025 ചൊവ്വ - ഒന്നാം ഷാഹിസ്നാനം.
3. മൗനി അമാവാസി (സോമാവതി) 29-01-2025 ബുധൻ, രണ്ടാം ഷാഹിസ്‌നാനം.
4. വസന്തപഞ്ചമി: 03-02-2025 തിങ്കൾ, മൂന്നാം ഷാഹിസ്‌നാനം.
5. മാഘിപൂർണ്ണിമ: 12-02-2025 ബുധൻ.
6 മഹാശിവരാത്രി: 26-02-2025 ബുധൻ.
