Logo

VHP PUBLICATIONS

Hindu Vishwa


expand_more

കുംഭമേളയും മാർഗ്ഗദർശക്മണ്ഡലും

By സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ജന.സെക്രട്ടറി, മാർഗ്ഗദർശക് മണ്ഡലം, കേരളം
കുംഭമേളയും  മാർഗ്ഗദർശക്മണ്ഡലും

ഭാരതത്തിന്റെ അദ്ധ്യാത്മികവും ധാർമ്മികവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ നേർചിത്രമാണ് കുംഭമേളകൾ. കുംഭം എന്നാൽ നിറഞ്ഞതും മേള എന്നാൽ കൂടിച്ചേരലുമാണ്. സംസ്‌കൃതിയുടെ നിറഞ്ഞ വൈവിധ്യങ്ങളുടെ കൂടിച്ചേരലാണ് കുംഭമേള. കുംഭമേള ദർശിച്ചാൽ ഭാരതം ദർശിച്ചു എന്നാണർത്ഥം. ചിന്തയുടേയും അനുഭവങ്ങളുടേയും നേർസാക്ഷ്യവുമായി വൈവിധ്യമാർന്ന ആചാര്യപരമ്പരകളും സമൂഹവും ഇവിടെ ഒത്തുചേരുന്നു. ഏകദേശം 50 കോടി ഭക്തർ കുംഭമേളയിലെത്തുന്നു എന്നാണ് കണക്ക്. ഗംഗ-യമുന-സരസ്വതി നദികളുടെ സംഗമഭൂമിയായ പ്രയാഗ് രാജിലാണ് ഇത്തവണ കുംഭമേള നടക്കുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പൂർണ്ണകുംഭമേള എന്ന വിശേഷണം ജനുവരി പത്ത് മുതൽ ഫെബ്രുവരി 27 വരെ നടക്കുന്ന പ്രയാഗ്‌രാജ് കുംഭമേളയ്ക്കുണ്ട്. ജനുവരി 13 പൗർണ്ണമി മുതൽ ഫെബ്രുവരി 26 ശിവരാത്രി വരെയാണ് പ്രധാന സ്‌നാനദിനങ്ങൾ.

പാലാഴിമഥനത്തിലുയർന്നുവന്ന അമൃതകുംഭം അസുരലോകത്തിന്റെ കയ്യിലകപ്പെടാതിരിക്കുവാൻ ഗരുഡനെ എല്പിച്ചുവെന്നും ഗരുഡൻ അതുമായി പറന്നുനടക്കുമ്പോൾ വിശ്രമിക്കുവാനായി നാല് സ്ഥലങ്ങളിൽ ഇറങ്ങിയെന്നും അമൃതകുംഭം വെച്ച ഈ സ്ഥലങ്ങളാണ് കുംഭമേളയ്ക്കായി തിരഞ്ഞെടുത്തതെന്നുമാണ് ഐതിഹ്യം. അമൃതകുംഭത്തിനായി ദേവന്മാരും അസുരന്മാരും തമ്മിൽ 12 ദിവസം യുദ്ധം നടത്തി എന്നാണ് പറയപ്പെടുന്നത്. ദേവന്മാരുടെ 12 ദിവസം മനുഷ്യരുടെ പന്ത്രണ്ട് വർഷമായി കണക്കാക്കപ്പെടുന്നു. യുദ്ധം നടന്ന പന്ത്രണ്ടുദിവസം പരിഗണിച്ചാണ് 12 വർഷത്തിലൊരിക്കൽ നടക്കുന്നതാണ് പൂർണ്ണകുംഭമേള എന്ന സവിശേഷതയിലേക്കെത്തിച്ചത്. 12 വർഷം കൂടുമ്പോൾ അമൃതകുംഭത്തിൽനിന്നു തൂവിയ അമൃതിന്റെ അംശം തീർത്ഥസ്‌നാനത്തിലൂടെ ലഭിക്കും എന്നാണ് വിശ്വാസം. ഈ സമയത്ത് ദേവന്മാരും യക്ഷന്മാരും സപ്തർഷികളും കിന്നരന്മാരുമൊക്കെ തീർത്ഥസ്ഥാനത്തെത്തും എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. കൂടാതെ, രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മഹദ്‌സന്ന്യാസിമാർ ഇവിടെയെത്തി സ്‌നാനം ചെയ്യുന്നു. ഒരു കല്പം തപസ്സുചെയ്യുന്നതിന്റെ ഫലം ഒരു കുംഭമേളയിൽ പങ്കെടുക്കുകവഴി ലഭിക്കുന്നു എന്നാണ് വിശ്വാസം.

പ്രയാഗ്‌രാജ്, ഹരിദ്വാർ, ഉജ്ജയിനി, നാസിക് എന്നിങ്ങനെ നാല് തീർത്ഥസ്ഥാനങ്ങളിലാണ് കുംഭമേളകൾ നടക്കുന്നത്. ഹരിദ്വാറിൽ ഗംഗ, പ്രയാഗിൽ ഗംഗ - യമുന - സരസ്വതി, ഉജ്ജയിനിയിൽ ക്ഷിപ്ര, നാസിക്കിൽ ഗോദാവരി തുടങ്ങിയവയാണ് പ്രധാന തീർത്ഥസ്ഥാനങ്ങൾ. 12 വർഷത്തിലൊരിക്കൽ പൂർണ്ണകുംഭമേള, 12 കുംഭമേളകൾ കൂടുമ്പോൾ നടക്കുന്നത് മഹാകുംഭമേള, 6 വർഷം കൂടുമ്പോൾ അർദ്ധകുംഭമേള എന്നിങ്ങനെയാണ് കുംഭമേളകൾ നടക്കുന്നത്. പ്രയാഗ്‌രാജിൽ എല്ലാ വർഷവും മാഘമേള എന്ന പേരിലും കുംഭമേള നടക്കാറുണ്ട്. 50 കോടിയോളം ഭക്തരെത്തുന്ന ഈ മഹാസംഗമം വ്യവസ്ഥപ്പെടുത്തുന്നതും നടത്തുന്നതും നിയന്ത്രിക്കുന്നതും സന്ന്യാസഅഖാഡകളാണ്. ഭാരതത്തിൽ പതിമൂന്ന് അഖാഡകളുണ്ട്. ശങ്കരാചാര്യസ്വാമികൾ സ്ഥാപിച്ച ദശനാമിപരമ്പരയിൽ പെട്ടവരാണ് ഈ അഖാഡകൾ. ഒരു കയ്യിൽ ജപമാലയും മറുകയ്യിൽ ആയുധവും പേറി ഒരേസമയം ആത്മീയതയും അതേസമയം ധർമ്മരക്ഷയും ചെയ്യുന്നവരാണ് അഖാഡ സന്ന്യാസിമാർ. സന്ന്യാസാശ്രമങ്ങൾ, ഭാരതസംസ്‌കാരം, ആചാരങ്ങൾ, ക്ഷേത്രം എന്നിവയ്‌ക്കെതിരേ ഉണ്ടാവുന്ന ഏതാക്രമണത്തേയും ഇവർ നേരിടും. മുസ്ലീം അക്രമകാരികളായിരുന്ന ബാബറിനും ഔറംഗസീബിനുമെതിരെ ഇവർ പോരാടിയിട്ടുണ്ട്. മഠങ്ങളിൽ ശാസ്ത്രപഠനവും ഉപാസനയുമായി കഴിയുന്ന സന്ന്യാസികളിൽനിന്നു ഭിന്നമായി അഥവാ പാണ്ഡിത്യത്തിനുപരിയായി ശസ്ത്രപന്ഥാവാണ് അഖാഡസന്ന്യാസിമാർ സ്വീകരിച്ചിട്ടുള്ളത്. പതിമൂന്ന് അഖാഡകളിൽ ജുന, മഹാനിർവ്വാണി, നിരഞ്ജിനി, അഗ്‌നി, ആവാഹൻ, ആനന്ദ്, അടൽ എന്നിങ്ങനെ ഏഴെണ്ണം ശങ്കരപരമ്പരയിൽപെട്ട ശൈവ അഖാഡകളാണ്. ദശനാമികളിലെ സരസ്വതി, തീർത്ഥ, ആരണ്യ, ഭാരതി, ആശ്രമ, ഗിരി, പർവ്വത, സാഗര, വന, പുരി എന്നീ പേരുകളിലായിരിക്കും ഇവരുടെ സന്ന്യാസ നാമങ്ങൾ അവസാനിക്കുക. പതിമൂന്ന് അഖാഡകളിൽ മൂന്നെണ്ണം വൈഷ്ണവരുടേതാണ്. ദിഗംബർ അനി, നിർമോഹി അനി, ശ്രീനിർവ്വാണി അനി എന്നിവയാണ് വൈഷ്ണവ അഖാഡകൾ. ഇവരെ പൊതുവേ വൈരാഗികൾ എന്നാണ് വിളിക്കുന്നത്. അഖാഡകളിൽ രണ്ടെണ്ണം സിഖ് ആചാര്യനായ ഗുരുനാനാക്കിനെ മഹന്ത് ആക്കിയിട്ടുള്ള ഉദാസീനുകളാണ്. നയാ ഉദാസീൻ, ബഡാ ഉദാസീൻ എന്നിവയാണ് ഉദാസീൻവിഭാഗത്തിലെ അഖാഡകൾ. ബാക്കിയുള്ള അഖാഡയാണ് നിർമ്മൽ അഖാഡ. ശൈവ അഖാഡകളിലെ സന്ന്യാസിമാരെ നാഗ ബാബമാർ എന്നാണ് വിളിക്കുന്നത്.

മകരസംക്രാന്തി (ജനുവരി 14), മൗനി അമാവാസി (ജനുവരി 29), വസന്തപഞ്ചമി (ഫെബ്രുവരി 3) എന്നിങ്ങനെയുള്ള ഷാഹിസ്‌നാൻ അഥവാ രാജകീയസ്‌നാനദിവസങ്ങളിൽ ദശനാമിസന്ന്യാസിമാർക്ക് മാത്രമേ സ്‌നാനംചെയ്യുവാനാകൂ. പിന്നെയുള്ള രാജകീയസ്‌നാനദിവസമായ മാഘപൗർണ്ണമി (ഫെബ്രുവരി 12) യിൽ വൈഷ്ണവസമ്പ്രദായത്തിൽ പെട്ട വൈരാഗി സന്ന്യാസിമാർ സ്‌നാനം ചെയ്യും. ശിവരാത്രി(ഫെബ്രുവരി 26)യിൽ പ്രദേശവാസികൾ സ്‌നാനം ചെയ്യും. ജനുവരി 14 ന് മകരസംക്രാന്തിനാളിൽ തുടങ്ങുന്ന ആദ്യസ്‌നാനത്തിൽ ജുന അഖാഡയ്ക്കാണ് പരിഗണന. ആദ്യം അഖാഡയുടെ ദേവത പല്ലക്കിൽ വന്ന് സ്‌നാനം ചെയ്യും. ഒപ്പം ഭാല എന്നുപറയുന്ന അഖാഡയുടെ ആയുധദേവതയും ധർമ്മധ്വജവും സ്‌നാനംചെയ്യും. അതിന്റെ പിന്നാലെ ജുനാ അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വർ അവദേശാനന്ദഗിരി സ്വാമിജി സ്‌നാനം ചെയ്യും. ഇതിനുപിന്നാലെ മഹാമണ്ഡലേശ്വരന്മാരും രഥങ്ങളും സ്‌നാനം ചെയ്യും. ശേഷം സന്ന്യാസി അഖാഡകൾ ക്രമികമായി സ്‌നാനകർമ്മം നിർവഹിക്കുന്നു. മുൻ വിവരിച്ച രാജകീയ സ്‌നാനദിവസങ്ങളിൽ സന്ന്യാസി അഖാഡകൾക്ക് മാത്രമേ സ്‌നാനം ചെയ്യുവാനാവൂ. ഈ ദിവസങ്ങൾ ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലും മറ്റുള്ളവർക്കെല്ലാം സ്‌നാനകർമ്മം നിർവഹിച്ച് കുംഭമേളയുടെ വാഗ്ദാനമായ അമൃതശകലം നുകരാം.

ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ ആശ്രമങ്ങളുടേയും മഠങ്ങളുടേയും സത്സംഗ - പ്രവചന - യജ്ഞ വേദികൾ കുംഭമേളയിലുണ്ടാവും. ശങ്കരദശനാമി സന്ന്യാസപരമ്പരകളിൽപെട്ട 21 സന്ന്യാസിവര്യന്മാർ ഇത്തവണത്തെ കുംഭമേളയിൽ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ പങ്കെടുക്കുന്നുണ്ട്. സ്വാമി ചിദാനന്ദപുരി, സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി വേദാമൃതാനന്ദപുരി, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, സ്വാമി അയ്യപ്പദാസ്, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി, സ്വാമി പ്രണവാനന്ദ സരസ്വതി, സ്വാമി നന്ദാത്മജാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി ഹംസാനന്ദപുരി, ബ്രഹ്മചാരി സുധീർ ചൈതന്യ, സ്വാമി ബോധേന്ദ്ര തീർത്ഥ, സ്വാമി ആനന്ദചൈതന്യ, സ്വാമി അംബികാനന്ദ സരസ്വതി, സ്വാമി ഡോ.ധർമ്മാനന്ദ, സ്വാമിനി കൃഷ്ണമയീ പൂർണ്ണതീർത്ഥ, സ്വാമിനി സത്യപ്രിയനന്ദ സരസ്വതി, സ്വാമിനി വിഷ്ണുപ്രിയാനന്ദ പുരി. ഇതുകൂടാതെ കുംഭമേളയുടെ നടത്തിപ്പുകാരനായി കേരളത്തിന്റെ അഖാഡ സന്ന്യാസി സ്വാമി ആനന്ദവനവും പ്രയാഗ്‌രാജിലുണ്ട്.