Hindu Vishwa
Index
ഗുരുദേവനെ മാറ്റി രാമസ്വാമി നായ്ക്കരെ പ്രതിഷ്ഠിക്കുന്നതെന്തിന്?
 
                                                    ജാതി ഉന്മൂലനത്തിന്റെ ഏറ്റവും ഉദാത്തമായ പ്രായോഗികമാതൃക ഭാരതത്തിന് കാട്ടിക്കൊടുത്തത് ശ്രീനാരായണഗുരുദേവനായിരുന്നു, രാമസ്വാമിനായ്ക്കരല്ല. അതിന്റെ ഏറ്റവും വിജയകരമായ പരീക്ഷണശാലയായി ഉയർത്തിക്കാട്ടാനുള്ളത് കേരളമാണ്, തമിഴ്‌നാടല്ല. എന്നിട്ടും ഗുരുദേവനാൽ പ്രചോദിതമായ വൈക്കം സത്യാഗ്രഹത്തിന്റെ പിതൃത്വം പരാജിതനായ നായ്ക്കരിൽ ആരോപിക്കുന്നതിനു പിന്നിലെ രാഷ്ട്രീയതാത്പര്യം എന്താണ്?
വൈക്കം സത്യാഗ്രഹസമരചരിത്രത്തെ ആയിരം രൂപയുടെ മൂല്യത്തിലേയ്‌ക്കൊതുക്കുവാനാകുമോ? അതിനുകഴിയുമെങ്കിൽ ഒരു താരതമ്യത്തിന് വകയുണ്ട്. സത്യാഗ്രഹഫണ്ടിലേക്ക് ശ്രീനാരായണഗുരുദേവൻ സംഭാവന ചെയ്തതും, അതിൽനിന്ന് ഇ.വി.രാമസ്വാമി നായ്ക്കർ അപഹരിച്ചതും ഒരേ മൂല്യമുള്ള തുകയാണ്. ആയിരം രൂപ! സത്യാഗ്രഹത്തിന് നേതൃപരമായും ബൗദ്ധികമായും സാമ്പത്തികമായും പിന്തുണകൊടുത്ത ശ്രീനാരായണഗുരുവിന്റെ സംഭാവനകളെ മുഴുവൻ തമസ്‌കരിച്ച്, രാമസ്വാമി നായ്ക്കർ എന്ന വ്യാജബിംബത്തെ പ്രതിഷ്ഠിക്കുന്ന സി.പി.എം-ഡി.എം.കെ.കൂട്ടുകെട്ടിന്റെ 'കട്ടിങ് സൗത്ത്' അജണ്ട ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്.
നൂറു വർഷങ്ങൾക്കിപ്പുറം വൈക്കം സത്യാഗ്രഹത്തെപ്പറ്റി ചിന്തിക്കുമ്പോൾ, അത് 1924 ൽ തുടങ്ങി 1925 ൽ അവസാനിച്ച കേവലമൊരു സമരപരിപാടിയല്ലെന്ന് മനസ്സിലാകും. അത് നൂറ്റാണ്ടുകൾക്ക് മുമ്പേ ഭാരതത്തിലാകമാനം ഉരുവംകൊണ്ട മഹത്തായ ഹൈന്ദവപുനർജാഗരണത്തിന്റെ ക്രമാനുഗതമായ പരിണാമത്തിന്റെ തുടർച്ചമാത്രമായിരുന്നു. മാത്രമല്ല, കാൽനൂറ്റാണ്ടിനുശേഷം രൂപംകൊള്ളാനിരിക്കുന്ന സ്വാതന്ത്ര്യാനന്തരകേരളത്തിലെ പുത്തൻ സാമൂഹികസാഹചര്യങ്ങളെയും ഹൈന്ദവ പുനരേകീകരണത്തെയും നിർവചിക്കേണ്ട ചരിത്രപരമായ ഒരു ദൗത്യവും അതിനുണ്ടായിരുന്നു.
ആധുനികഭാരതത്തിൽ, ആദിശങ്കരാചാര്യരിൽ തുടങ്ങിയ ഈ ഹൈന്ദവജാഗരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ, നമ്മുടെ സമൂഹത്തെ ജാതിവിവേചനത്തിൽനിന്ന് മാത്രമല്ല ജാതിസമ്പ്രദായത്തിൽനിന്നുതന്നെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യത്തെ സുവ്യക്തമായി എഴുതിച്ചേർത്തിട്ടുണ്ട്. അകറ്റിനിർത്തേണ്ടത് എന്തിനെയെല്ലാം എന്ന ചോദ്യം ഉയരുമ്പോൾ, ആദ്യം ജാതിയെയാണെന്ന് ശ്രീശങ്കരഭഗവദ്പാദർ ഉപദേശിക്കുന്നു.
ഹിത്വാ ജാത്യാദിസംബന്ധാൻ
വാചോളന്യാ: സഹകർമ്മഭി:
ഓമിത്യേവം സദാത്മാനം
സർവം തുല്യം പ്രപദ്യഥ (1776)
(ഉപദേശസാഹസ്രി, ശ്രീശങ്കരഭഗവദ്പാദർ)
ജാതി തുടങ്ങിയ എല്ലാ കെട്ടുപാടുകളേയും സംഭാഷണത്തേയും കർമ്മത്തോടൊപ്പം ഉപേക്ഷിച്ചിട്ട്, എല്ലാറ്റിനേയും ആശ്ലേഷിക്കുന്നതും ശുദ്ധവുമായ ആത്മാവിനെ പ്രണവരൂപത്തിൽ ധ്യാനിക്കുക, എന്നതാണല്ലോ ഈ പറഞ്ഞതിലെ പൊരുൾ. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജാതിചിന്തകൾക്കതീതമായി മനസ്സിനെ പ്രതിഷ്ഠിക്കാതെ ചെയ്യുന്ന ഈശ്വരധ്യാനം ആത്മസാക്ഷാത്ക്കാരത്തിനുതകില്ല എന്നാണ് ആചാര്യസ്വാമികളുടെ ഉപദേശം. 'ന മൃത്യുർ ന ശങ്ക നമേ ജാതിഭേദ' എന്നാണ് അവിടുന്നു നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ശാരീരികസൂത്രഭാഷ്യത്തിലെ പ്രക്ഷിപ്തമെന്ന് പണ്ഡിതർ ഒന്നടങ്കം കണ്ടെത്തിയ അപശൂദ്രാധികരണഭാഷ്യത്തെ ഉയർത്തിപ്പിടിച്ചാണ്, ശങ്കരപരമ്പരയിൽപെട്ടവർ എന്ന് സ്വയം അഭിമാനിച്ചിരുന്ന യാഥാസ്ഥിതികർ, അക്കാലത്തെ ജാതിവാദികൾ, തങ്ങളുടെ അനാചാരങ്ങളെ ന്യായീകരിച്ചതെന്നത് ഒരു വിരോധാഭാസമായാണ് ഗാന്ധിജി അടക്കം കണ്ടത്. ക്ഷേത്രപ്രവേശത്തിന് എതിരുനിൽക്കുന്ന വിഭാഗത്തോട് നടത്തിയ സംഭാഷണങ്ങളിൽ മഹാത്മാഗാന്ധിതന്നെ അത് വ്യക്തമാക്കുന്നുണ്ട്. യാഥാസ്ഥിതികരോട് ഗാന്ധിജി സംവദിക്കുന്നത് ശ്രുതിപക്ഷത്ത് നിന്നുകൊണ്ടാണെന്നതും ശ്രദ്ധേയമാണ്.
ശ്രീശങ്കരഭഗവദ്പാദരിലൂടെ തുടങ്ങി ശ്രീരാമാനുജാചാര്യരിലൂടെ ദിശാബോധം കൈവന്ന, മഹർഷി ദയാനന്ദനിൽ പൂർണ്ണത കൈവരിച്ച ആ മഹത്തായ ഉദ്യമത്തിന്റെ നിവൃത്തീകരണം കേരളത്തിൽ സംഭവിച്ചത് മഹാനായ ശ്രീനാരായണഗുരുദേവനിലൂടെയായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ഗുരുദേവന്റെ സാമൂഹ്യ ഇടപെടലുകളേയും ധർമ്മശാസ്ത്ര പുനർവ്യാഖ്യാനങ്ങളേയും അവ പിൽക്കാല ഹൈന്ദവ പുനരേകീകരണത്തിന് ആധാരശിലകളായതിന്റെ ദാർശനികവും ചരിത്രപരവുമായ അർത്ഥതലങ്ങളെയും മലയാളികൾ ഇനിയും മനസ്സിലാക്കാനിരിക്കുന്നതേയുള്ളു.
ശ്രീനാരായണഗുരുവും വൈക്കം സത്യാഗ്രഹവും
ശ്രീനാരായണശിഷ്യരിൽ പ്രഥമഗണനീയനായ ടി.കെ.മാധവനാണ് വൈക്കം സത്യാഗ്രഹത്തിന് തത്വത്തിൽ തുടക്കംകുറിക്കുന്നത്. ഗുരുവിനും പ്രധാനശിഷ്യനുമൊപ്പം ഗാന്ധിജിയും കെ.പി.കേശവമേനോനും കെ.കേളപ്പനും സ്വാമി ശ്രദ്ധാനന്ദനും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും ടി.ആർ.കൃഷ്ണസ്വാമി അയ്യരും കെ.വേലായുധമേനോനും പിൽക്കാലത്ത് ആഗമാനന്ദസ്വാമികളായ കൃഷ്ണൻ എമ്പ്രാന്തിരിയും മന്നത്ത് പത്മനാഭനുമൊക്കെ നേതൃത്വം നൽകിയ സത്യാഗ്രഹം ഇന്നറിയപ്പെടേണ്ടത് ഇ.വി. രാമസ്വാമി നായ്ക്കറിന്റെയും എം.കെ.സ്റ്റാലിന്റെയും പേരിലാണെന്ന് നിർബന്ധം പിടിക്കുന്നത് നമ്മുടെ സംസ്ഥാന സർക്കാരാണ്. സത്യാഗ്രഹത്തിലെ ഏകരക്തസാക്ഷിയായ ചിറ്റേടത്ത് ശങ്കുപ്പിള്ളയെപോലും വിസ്മരിച്ചുകൊണ്ട്, ഇ.വി. രാമസ്വാമി നായ്ക്കറിന് സത്യസത്യഗ്രഹത്തിന്റെ സമ്പൂർണ്ണനായകത്വം എഴുതിനൽകിയ ഇടത്‌സർക്കാരിന്റെ തീരുമാനത്തിന് പിന്നിലെ താത്പര്യം നാം തിരിച്ചറിയേണ്ടതുണ്ട്.
വൈക്കം സത്യാഗ്രഹമെന്നുകേട്ടാൽ, ശ്രീനാരായണഗുരുവിന്റെ നാമവും രൂപവുമായിരുന്നു ഓരോ മലയാളിയുടെയും മനസ്സിൽ ആദ്യം ഓടിയെത്തിയിരുന്നത്. അത് നമ്മുടെ സാമൂഹ്യബോധത്തിന്റെ ഭാഗമായിരുന്നു. അവർണ്ണരെന്നു മുദ്രകുത്തപ്പെട്ടിരുന്ന വലയൊരു വിഭാഗം ഹൈന്ദവജനതയുടെ അടിസ്ഥാന അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ അവരോടൊപ്പം അണിനിരന്നതും മർദ്ദനങ്ങൾ ഏറ്റുവാങ്ങിയതും ജീവൻ ബലിദാനംനൽകിയതും തിരുവിതാംകൂറിലെ അവർണ്ണേതരസമുദായങ്ങൾ കൂടിയാണെന്ന സത്യവും, നമ്മിൽനിന്ന് മറച്ചുവയ്ക്കപ്പെടുകയാണ്. അങ്ങനെ, ചിറ്റേടത്ത് ശങ്കുപ്പിള്ളയെന്ന ധീരരക്തസാക്ഷിയെയും ചരിത്രത്തിൽനിന്ന് നിഷ്‌കാസനംചെയ്തു. അന്ന് നിലനിന്നിരുന്ന ഹൈന്ദവസാഹോദര്യത്തിന്റെ ഏറ്റവും മഹത്തായ മാതൃകയായിരുന്നു വൈക്കം സത്യാഗ്രഹവേദിയിൽ നാം കണ്ടത്.
വിവാദമായ യാത്രാനിരോധനത്തിന്റെ ചരിത്രം ഇപ്രകാരമാണ്: 1865-ൽ തിരുവിതാംകൂറിലെ എല്ലാ പൊതുനിരത്തുകളും ആർക്കും ഉപയോഗിക്കാമെന്ന് തിരുവിതാംകൂർ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും, പിന്നീട് കോടതിയുടെ ഇടപെടലിനെതുടർന്ന് അത് നടപ്പായില്ല. കോടതി രാജ്യത്തെ പാതകളെ രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായി തിരിച്ചിട്ട്, സർക്കാരിന്റെ ഉത്തരവ് രാജവീഥികളെ മാത്രം ബാധിക്കുന്നതാണെന്ന് വിധിച്ചു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികൾ ഗ്രാമവീഥികളാണെന്നും കോടതി തീരുമാനിച്ചു.
1905-ൽ യാത്രാനിരോധനത്തിന്റെ പ്രശ്‌നം ശ്രീമൂലംപ്രജാസഭയിൽ ഉന്നയിച്ചെങ്കിലും ഫലം കണ്ടില്ല. 1920-21-ൽ സഭയിൽ അംഗമായിരുന്ന പ്രസിദ്ധകവി കുമാരനാശാനും ഈ വിഷയമുയർത്തി സംസാരിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി.നേതാവായിരുന്ന ടി.കെ.മാധവൻ പ്രശ്‌നം പിന്നീട് ദിവാൻ രാഘവയ്യായുടെ മുൻപിൽ ഉന്നയിച്ചപ്പോഴും അനുഭാവപൂർണ്ണമായ പ്രതികരണമല്ല ലഭിച്ചത്.
ഒരിക്കൽ ഗുരുദേവൻ വൈക്കം ക്ഷേത്രത്തിന് സമീപമുള്ള പാതയിലൂടെ റിക്ഷയിൽ എഴുന്നള്ളിയപ്പോൾ 'ഇവിടം മുതൽ ഈഴവർ തുടങ്ങിയ അയിത്തജാതിക്കാർക്ക് പ്രവേശനമില്ല' എന്ന 'തീണ്ടാപ്പലക' ഒരുവൻ ഗുരുവിന്റെ ശ്രദ്ധയിൽപ്പെടുത്തി യാത്രാതടസ്സം സൃഷ്ടിച്ചു. സരസകവി മൂലൂർ ഈ സംഭവത്തെ അദ്ദേഹത്തിന്റെ ഒരു കവിതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വാർത്തകേട്ട് പ്രകോപിതനായ ടി.കെ.മാധവൻ ശിവഗിരിയിലെത്തി വസ്തുതകൾ ഗുരുദേവനോട് നേരിട്ട് ചോദിച്ചറിഞ്ഞു. ഈ സംഭവത്തെ തുടർന്നാണ് പ്രത്യക്ഷ സമരപരിപാടിയിലേക്ക് ടി.കെ.മാധവൻ കടക്കുന്നത്.
1917 സെപ്തംബർ 27ന് തിരുനൽവേലി കോൺഗ്രസ്‌സമ്മേളനത്തിൽ പങ്കെടുത്ത ടി.കെ.മാധവനാണ് ഈ ദുരവസ്ഥയിലേക്ക് ഗാന്ധിജിയുടെ ശ്രദ്ധ ആദ്യമായി ക്ഷണിക്കുന്നത്. ഇതിനുശേഷം, 1923 ഡിസംബറിലെ കാക്കിനാഡസമ്മേളനത്തിൽ അയിത്തോച്ചാടനത്തെ ദേശീയപ്രാധാന്യമുള്ള ഒരു സമരപരിപാടിയായി ഉയർത്തിക്കൊണ്ട് ഒരു പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാസ്സാക്കി. ഇതേതുടർന്നാണ് കേരളാ പ്രദേശ് കോൺഗ്രസ്‌കമ്മിറ്റി സമരരംഗത്തേക്ക് കടന്നുവരുന്നത്.
1099 മീനം 17 ന് രാവിലെ ആരംഭിച്ച ആദ്യസത്യാഗ്രഹത്തിൽ പങ്കുകൊണ്ടത് കുഞ്ഞപ്പി എന്ന പുലയയുവാവും ബാഹുലേയൻ എന്ന ഈഴവസമുദായാംഗവും ഗോവിന്ദപ്പണിക്കർ എന്ന നായർസമുദായാംഗവുമായിരുന്നു. സത്യാഗ്രഹത്തിന്റെ രീതിതന്നെ വ്യത്യസ്തമായിരുന്നു: ''പുലയ, ഈഴവ, നായർ സമുദായങ്ങളിൽനിന്നുള്ള സത്യാഗ്രഹികൾ ഒന്നിച്ച് നടന്ന് നിരോധനഫലകത്തിന് അൻപത് അടി അകലെവരെ ചെന്നശേഷം അവിടന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരെ മാത്രം മുന്നോട്ട് അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. പോലീസ് അവരെ തടഞ്ഞുനിർത്തി ജാതി ചോദിച്ചശേഷം സവർണ്ണനു മാത്രമേ മുന്നോട്ടു പോകാൻ അനുവാദമുള്ളു എന്നു പറയുന്നതിന് മറുപടിയായി, അവർണ്ണരായ മറ്റുരണ്ടുപേർക്കൊപ്പമേ താൻ മുന്നോട്ടു പോവുകയുള്ളൂവെന്ന് സവർണ്ണസമുദായത്തിൽപെട്ട സത്യാഗ്രഹി മറുപടി പറയുകയും ഇത് മൂവരുടേയും അറസ്റ്റിലും ജയിൽശിക്ഷയിലും കലാശിക്കുകയും ചെയ്തിരുന്നു.''
ശ്രീനാരായണഗുരുവിന്റെ നേരിട്ടുള്ള പ്രേരണയാൽ ടി.കെ. മാധവൻ നേതൃത്വം കൊടുത്ത വൈക്കം സത്യാഗ്രഹപ്രക്ഷോഭത്തിന്റെ മുന്നണിയിലേക്ക് കടന്നുവന്നത് മന്നത്ത് പദ്മനാഭനും കെ.കേളപ്പനും കെ.പി. കേശവമേനോനും അടങ്ങുന്ന സംഘം. കൂടാതെ സത്യാഗ്രഹത്തെ വിജയിപ്പിക്കാൻ ഗുരുദേവൻ നിയോഗിച്ച ശിഷ്യപ്രമുഖന്മാരുടെ നിര വളരെ നീണ്ടതായിരുന്നു. കുമാരനാശാൻ, ടി.കെ.മാധവൻ, എ.കെ.ഗോവിന്ദദാസ്, സി.വി.കുഞ്ഞുരാമൻ, സത്യവ്രതസ്വാമികൾ, കെ.പി.കയ്യാലയ്ക്കൽ, എൻ.കുമാരൻ, കോട്ടുകോയിക്കൽ വേലായുധൻ, സഹോദരൻ അയ്യപ്പൻ, പാണാവള്ളി കൃഷ്ണൻ വൈദ്യർ എന്നിവർ അവരിൽ ചിലർ മാത്രമാണ്.
ഗുരുദേവനും ശിഷ്യസംഘവും 1100 കന്നി 12 ന് സത്യഗ്രഹ ആശ്രമം സന്ദർശിക്കുകയും ആ മഹാപുരുഷൻ സത്യാഗ്രഹഫണ്ടിലേക്ക് ആയിരം രൂപ നേരിട്ട് സംഭാവന നൽകുകയും ചെയ്തു. കൂടാതെ സത്യാഗ്രഹത്തിന് ധനം കണ്ടെത്തുന്നതിനായി ശിവഗിരിയിൽ ഭണ്ഡാരവും വെച്ചു. ഗുരുഭക്തരായ സ്ത്രീകൾ പിടിയരി ശേഖരിച്ചു നൽകി. ഇതിനു സമാന്തരമായി ഗുരുദേവനും ഗാന്ധിജിയും തമ്മിൽ ആശയവിനിമയങ്ങൾ നടക്കുന്നുണ്ട്. അവരുടെ ഇടയിലുണ്ടായ ആശയസംവാദവും ശിവഗിരിയിൽവച്ചുള്ള അവരുടെ കൂടിക്കാഴ്ചയും ചരിത്രത്തിന്റെ ഭാഗമായതിനാൽ ഇവിടെ കൂടുതൽ പരാമർശിക്കുന്നില്ല. ഇതായിരുന്നു വൈക്കത്ത് നാം കണ്ട മഹത്തായ ശ്രീനാരായണീയമാതൃക.
വൈക്കം സത്യാഗ്രഹത്തിൽ ആര്യസമാജത്തിന്റെ സ്വാധീനവും സംഭാവനയും അനിഷേധ്യമാണ്. ജാതിരഹിതമായ ഒരു സമൂഹത്തെ ലക്ഷ്യമാക്കിയുള്ള ആര്യസമാജത്തിന്റെ പ്രവർത്തനഫലമായി വൈദിക ധർമ്മത്തിലേക്ക് പരിവർത്തനംചെയ്യപ്പട്ട വൈക്കത്തെ ചില അവർണ്ണർക്ക് അതുവരെ നിഷേധിക്കപ്പെട്ട സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു. എന്നാൽ കുറച്ചുകാലത്തിനു ശേഷം ആ റോഡിലൂടെയുള്ള അവരുടെ സഞ്ചാരത്തെ ക്ഷേത്ര അധികൃതർ വീണ്ടും വിലക്കി. ജാതിമേലാളന്മാർ ആര്യസമാജത്തിന്റെ പരിവർത്തന പദ്ധതിയെത്തന്നെ ചോദ്യംചെയ്തതാണ് കാരണം. അവശവിഭാഗത്തിലുള്ള ഹിന്ദുക്കൾ ആര്യസമാജികളായാലും രക്ഷയില്ല; സഞ്ചാരസ്വാതന്ത്ര്യം വേണമെങ്കിൽ മുസ്ലീമോ കൃസ്ത്യാനിയോ തന്നെയാകണം എന്നതായിരുന്നു അവസ്ഥ. ഇതിനെതിരെ മഹർഷി ദയാനന്ദസരസ്വതിയുടെ ശിഷ്യനായ സ്വാമി ശ്രദ്ധാനന്ദനും ആര്യസമാജപ്രചാരകനായ പണ്ഡിറ്റ് റിഷിറാമും രംഗത്തെത്തി.
വൈക്കം സത്യാഗ്രഹത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ആര്യസമാജമായിരുന്നു. സ്വാമി ശ്രദ്ധാനന്ദൻ നേരിട്ട് വൈക്കത്തെത്തി സത്യാഗ്രഹത്തിന് പിന്തുണ നൽകി. മാത്രമല്ല, അദ്ദേഹം രണ്ടായിരം രൂപ സത്യാഗ്രഹ നിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു. സത്യാഗ്രഹത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും സംഭാവനകളും വൈക്കം സത്യാഗ്രഹരേഖകളിലുടനീളം കാണാം. സ്വാമി ശ്രദ്ധാനന്ദന്റെ ദളിതോദ്ധാരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഡോ.അംബേദ്കർ അദ്ദേഹത്തെ 'അസ്പൃശ്യരുടെ ഏറ്റവും വിശ്വസ്തനായ, മഹാനായ പോരാളി' എന്ന് വിശേഷിപ്പിച്ചു. സത്യാഗ്രഹവുമായി ബന്ധപ്പെട്ടു ശ്രീനാരായണഗുരുവുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച വളരെയേറെ ചരിത്രപ്രാധാന്യമുള്ളതാണ്. (ആ കൂടിക്കാഴ്ചയുടെ ബാക്കിപത്രമാണ് ഗുരുദേവൻ രചിച്ച പ്രശസ്തമായ 'ഹോമമന്ത്രം.' വേദമന്ത്രത്തിന്റെ മാതൃകയിൽ രചിക്കപ്പെട്ട 'ഹോമമന്ത്രം' അദ്ദേഹം സ്വാമി ശ്രദ്ധാനന്ദനും ഒപ്പമുണ്ടായിരുന്ന ആര്യസമാജ സന്യാസിസംഘത്തിനും നൽകിയ ശേഷം, 'ഇത് നിങ്ങളുടെ ഹോമകർമ്മത്തിൽ ഉപയോഗിക്കാൻ പറ്റുമോ എന്ന് നോക്കൂ' എന്ന് ആരാഞ്ഞു.)
വൈക്കം സമരചരിത്രത്തിൽ ഒരൊറ്റ വരിയിൽ പരാമർശിക്കപ്പെടാവുന്ന സംഭാവന മാത്രമായിരുന്നു രാമസ്വാമിയുടേത്. വൈക്കം സത്യാഗ്രഹരേഖകൾ പരിശോധിച്ചാൽ നമുക്ക് ഈ വസ്തുത വ്യക്തമായി മനസ്സിലാക്കാം. രാമസ്വാമിയാകട്ടെ സത്യാഗ്രഹത്തിൽ പങ്കെടുത്തത് ഒരു സനാതനഹിന്ദുവായിത്തന്നെയാണ്.
''ഹിന്ദുമതത്തിൽ മാത്രം ജനങ്ങൾ കുറഞ്ഞുവരുന്നു. മറ്റു സകലമതത്തിലും ജനങ്ങൾ വർദ്ധിച്ചുവരുന്നു...' എന്ന ആശങ്ക പങ്കുവച്ചുകൊണ്ടാണ് നായ്ക്കർ വൈക്കത്ത് പ്രസംഗിക്കുന്നത്. തീണ്ടൽ, തൊടിൽ മൂലമുണ്ടാകുന്ന മതപരിവർത്തനം തുടർന്നുകൊണ്ടിരുന്നാൽ ഹിന്ദുമതം എന്ന പദംപോലും നശിക്കുമെന്നാണ് ഇ.വി.ആർ. ആശങ്കപ്പെടുന്നത്. അല്ലാതെ, സനാതനം നശിക്കണമെന്ന് അന്ന് വൈക്കത്ത് ഇ.വി.ആർ. പ്രസംഗിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ അവിടെ പിന്നീട് ഉയർന്ന 'സ്മാരക'ത്തിന് എന്തെങ്കിലുമൊരു അർത്ഥം കൈവന്നേനെ!
''നമ്മുടെ ഇന്നത്തെ ഹിന്ദുമതം അധഃപതിച്ചുവെന്നു പരിഗണിക്കാം. ക്രിസ്തുമതത്തിലെ ജനസംഖ്യ 22 ശതമാനവും ഇസ്ലാംമതത്തിലേത് 52 ശതമാനവും വർദ്ധിക്കുകയും ഹിന്ദുമതത്തിലേത് 5 ശതമാനം കുറയുകയും ചെയ്താണിരിക്കുന്നത്. നാം വിവാഹം ചെയ്യുന്നില്ലേ? നമ്മുടെ സ്ത്രീകൾ പ്രസവിക്കുന്നില്ലേ? മതകാര്യം രാജ്യകാര്യത്തേക്കാൾ വലുതാണ്. മതഭക്തിയെ അപേക്ഷിച്ച് രാജഭക്തി നിസ്സാരമാണ്. ഹിന്ദുമതത്തിന് പ്രാചീനത കൂടിയാലും ഇന്ന് അത് ഏറ്റവും താണ മതമാണ്. തിരുവിതാംകൂറിൽ ഇതര ഭാരതീയരാജ്യങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യാനികൾ അധികമായിരിക്കുന്നതിനുകാരണം ഇവിടുത്തെ അയിത്തംമൂലമുണ്ടാകുന്ന മതപരിവർത്തനമാകുന്നു. ജാതി നശിപ്പിക്കാനല്ല വൈക്കം സത്യാഗ്രഹം. ഹിന്ദുമതാനുസാരികളിൽ ഒരു വിഭാഗത്തിനുള്ള സഞ്ചാരസ്വാതന്ത്ര്യസ്ഥാപനാർത്ഥമാണ് ഇതു തുടങ്ങിയിട്ടുള്ളത്. ജാതി നശിപ്പിക്കണമെന്നല്ല, ഉയർന്നജാതി, താണജാതി എന്നുള്ള നിലയെ നശിപ്പിക്കണമെന്നുമാത്രമേ മഹാത്മജി പറയുന്നുള്ളൂ.'' ഇതായിരുന്നു രാമസ്വാമിയുടെ വൈക്കത്തെ പ്രസംഗത്തിന്റെ ഉള്ളടക്കം.
കുറച്ചു വർഷങ്ങൾക്കുശേഷം, 1933 ൽ തൃശ്ശൂരിൽവച്ച് സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തിൽവച്ച് വൈക്കം സത്യാഗ്രഹനേതാവായിരുന്ന കെ.കേളപ്പന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തെ വിമർശിക്കുന്ന രീതിയിൽ നായ്ക്കർ സംസാരിച്ചതായി കുടി അരസെന്ന ഇ.വ.ിആറി.ന്റെ പ്രസിദ്ധീകരണത്തിൽ കാണാം. സമരം നടക്കുന്ന കാലത്ത് ഇവിആറിന് സ്വന്തമായി പത്രമില്ല. ജയിൽവാസത്തിനുശേഷം നായ്ക്കർ സ്ഥാപിച്ച പത്രമാണ് ഈ പറയുന്ന 'കുടി അരസ്.' പിൽക്കാലത്ത് തന്റെ മേൽ കെട്ടിവയ്ക്കപ്പെട്ട സത്യാഗ്രഹത്തിലെ ആത്മവഞ്ചനാപരമായ പങ്കിനെപ്പറ്റിയുള്ള അയാളുടെ തുറന്നുപറച്ചിലായിരുന്നു ആ പ്രസംഗം. ക്ഷേത്രപ്രവേശനം നിരർത്ഥകമാണെന്നാണ് നായ്ക്കർ അന്ന് പ്രസംഗിച്ചത് (കുടി അരസ്, 1933 ഫെബ്രുവരി 26)
സത്യാഗ്രഹ ഫണ്ട് അപഹരിച്ച 'വൈക്കം വീരർ'
വൈക്കം സത്യാഗ്രഹഫണ്ടിലേക്ക് ആയിരം രൂപ സംഭാവന ചെയ്ത മഹദ്‌വ്യക്തി ആരെന്നത് ഒരു പി.എസ്.സി. ചോദ്യമായി പലയിടത്തും കണ്ടിട്ടുണ്ട്. അതിനുത്തരം ശ്രീനാരായണഗുരു എന്നാണ്. എന്നാൽ, വൈക്കം സത്യാഗ്രഹസമരഫണ്ടിൽനിന്ന് ആയിരം രൂപ അപഹരിച്ചതാര് എന്ന ചോദ്യത്തിന്റെ ഉത്തരം എന്തായിരിക്കും? അതാണ് ഈറോഡ് വെങ്കടപ്പ രാമസ്വാമി നായ്ക്കർ അഥവാ ഇ.വി. രാമസ്വാമി നായ്ക്കർ!
കോൺഗ്രസ് തീരുമാനപ്രകാരം രാമസ്വാമി വൈക്കത്തേക്ക് പുറപ്പെടാൻ തീരുമാനിച്ചപ്പോൾ സത്യാഗ്രഹഫണ്ടിലേക്ക് ആയിരം രൂപയും ഏൽപ്പിച്ചാണ് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി ടിയാനെ യാത്രയാക്കുന്നത്. എന്നാൽ ആ ആയിരം രൂപ സത്യാഗ്രഹഫണ്ടിലേക്ക് എത്തിയില്ല. ഈ നാണംകെട്ട അഴിമതിക്കഥ തമിഴ് പത്രങ്ങളിൽ വലിയ വാർത്തയായി. ഇത് തമിഴ് നാട്ടിൽ മാത്രം ഒതുങ്ങിനിന്നില്ല. കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ ചെവിയിൽ എത്തുകയും അവർ ഇതിൽ ഇവിആറിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. എന്നാൽ തൃപ്തികരമായ ഒരു വിശദീകരണം നൽകാൻ നായ്ക്കർക്ക് കഴിഞ്ഞില്ല. ഒരുപക്ഷേ, ഇവിആർ കോൺഗ്രസ്സിൽനിന്ന് പുറത്തേക്ക് പോകുന്നതിന് ഈ അഴിമതിക്കുള്ള പങ്ക് ചെറുതായിരിക്കില്ല.
ആരോപണത്തിന് നായ്ക്കർ രണ്ട് വിശദീകരണക്കുറിപ്പുകൾ ഇറക്കിയിരുന്നു. ഈ വിവാദത്തെപ്പറ്റിയുള്ള ദ്രാവിഡകഴകഭാഷ്യം മാത്രമേ ഇപ്പോൾ നമ്മുടെ മുമ്പിലുള്ളു. ആരോപണവിധേയന്റെ ന്യായീകരണം എത്രമാത്രം ദുർബലമാണെന്ന് അത് വായിക്കുന്ന മാത്രയിൽതന്നെ ആർക്കും മനസ്സിലാകും. പ്രസ്തുത വിവാദം ചോദ്യോത്തരരൂപത്തിൽ താഴെ ചേർക്കുന്നു. (അവലംബം: പഴ.അതിയമാൻ എന്ന ദ്രാവിഡകഴകക്കാരൻ എഴുതിയ 'വൈക്കം സത്യഗ്രഹം' എന്ന പുസ്തകം)
ചോദ്യം: സ്വാതന്ത്ര്യസമരഫണ്ടിലേക്ക് ലഭിച്ച തുക പെരിയാർ വകമാറ്റി ചെലവഴിച്ചതായി ദിനമണിപത്രം കുറ്റാരോപണം നടത്തി. പ്രസ്തുത വാർത്തയുടെ അടിസ്ഥാനത്തിൽ, വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌കമ്മിറ്റി അനുവദിച്ച 1000 രൂപയുടെ കണക്ക് ബോധിപ്പിച്ചില്ലെന്ന് ആരോപിച്ചിട്ടുണ്ടല്ലോ? ഇതിനെക്കുറിച്ച് താങ്കൾ എന്തു പറയുന്നു?
ഉത്തരം: ആയിരം രൂപ ചെലവഴിച്ചതിന്റെ കൃത്യമായ കണക്കുകൾ അപ്പോൾത്തന്നെ സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ വിശദീകരണം ആവശ്യമുള്ളവർ ഈറോഡിൽ വന്നാൽ വിശദമായ കണക്കുകൾ നൽകാൻ ഞാൻ തയ്യാറാണ്. (കുടി അരസ്, 1935 ഓഗസ്റ്റ് 2)
'ആഗസ്റ്റ് മാസത്തിൽ ആരംഭിച്ച ഈ വിവാദം മൂന്നുമാസമായിട്ടും കെട്ടടങ്ങിയില്ല. ഇതുമായി ബന്ധപ്പെട്ട് പെരിയാർക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായി അവയിൽ ചിലത് കാണുക; സുഹൃത്ത് രാമസ്വാമിനായ്ക്കർ വൈക്കം സത്യാഗ്രഹഫണ്ട് വിഷയത്തിൽ കൃത്യമായി കണക്ക് ബോധിപ്പിക്കേണ്ടതല്ലേ? ചോദ്യംചെയ്യുന്നവരെ താർക്കികമായി, ഇത് ചോദ്യം ചെയ്യുന്ന നീ അത്ര യോഗ്യനാണോ എന്ന മറുചോദ്യംകൊണ്ട് നേരിടുന്നത് ശരിയാണോ? അതുപോലെ, വേറെ വലിയ കാര്യങ്ങൾ ചെയ്യുന്നതിനിടയ്ക്ക് ഇതിനു മറുപടി നൽകാൻ സമയമില്ലെന്നുപറഞ്ഞ് രക്ഷപ്പെടുന്നത് ശരിയാണോ? ചോദ്യംചെയ്യുന്നവർ ദേശത്തിനുവേണ്ടി സ്വയം സമർപ്പിച്ച ത്യാഗികളല്ലേ എന്നും മറ്റും ചോദിച്ച് കൃത്യമായി മറുപടി നൽകാതിരിക്കുന്നത് ശരിയാണോ?
വൈക്കം സത്യാഗ്രഹചെലവുകൾക്കായി പെരിയാർ 1000 രൂപ കൈപ്പറ്റിയത് ശരിയാണ്. അതിന് അദ്ദേഹം രണ്ട് പ്രാവശ്യം കണക്ക് സമർപ്പിച്ചതിനും തെളിവുണ്ട്. ''മുമ്പ് രണ്ട് തവണ ഞാൻ കണക്ക് ബോധിപ്പിച്ചിട്ടുണ്ട്. രസീതുൾപ്പെടെ ആദ്യതവണ സമർപ്പിച്ച കണക്കുകളുടെ രേഖകൾ കോൺഗ്രസ് ഓഫീസിൽനിന്ന് നഷ്ടപ്പെട്ടു. രണ്ടാമത്തെ തവണ കണക്ക് ചോദിച്ചപ്പോൾ മുമ്പ് വൗച്ചർ ഉൾപ്പെടെ ഞാൻ കണക്ക് സമർപ്പിച്ചിട്ടുണ്ട് എന്ന് മറുപടി നൽകി. അതിനുശേഷം മുത്തുരംഗ മുതലിയാർ അന്വേഷണത്തിനായി ഓഫീസിൽ നേരിട്ടെത്തി. ഞാൻ കോൺഗ്രസിന്റെ പ്രവർത്തനശൈലിയെ കഠിനമായി വിമർശിക്കുന്ന സമയമായിരുന്നു അത്. എങ്ങനെയെങ്കിലും എന്നെ ഒതുക്കണമെന്ന കൃത്യമായ ലക്ഷ്യത്തോടുകൂടി ഓഫീസിലെത്തിയ മുതലിയാർ രേഖകൾ മുഴുവൻ ഭൂതക്കണ്ണാടി ഉപയോഗിച്ച് പരിശോധിച്ചു. എനിക്കെതിരെ ഒരു തെളിവും കിട്ടിയില്ല. നിരാശനായ അദ്ദേഹം അടിയന്തിരമായി 1000 രൂപയുടെ കണക്ക് ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് എനിക്ക് രജിസ്‌ട്രേഡ് നോട്ടീസയച്ചു. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ അക്കാര്യം പത്രക്കാരെ അറിയിക്കും എന്നൊരു ഭീഷണിയും കത്തിലുണ്ടായിരുന്നു. ഈ കത്ത് കിട്ടിയ ഉടൻ കൃത്യമായ കണക്കുകൾ മടക്കത്തപാലിൽ രജിസ്‌ട്രേഡായിത്തന്നെ ഞാൻ അയച്ചുകൊടുത്തു.''
(പഴ.അതിയമാൻ എന്ന ദ്രാവിഡകഴകക്കാരൻ എഴുതിയ 'വൈക്കം സത്യഗ്രഹം' എന്ന പുസ്തകം ചരിത്രത്തോട് ഒരു രീതിയിലും നീതിപുലർത്താത്ത ഒരു പ്രോപ്പഗണ്ടസാഹിത്യമാണ്. മേൽപരാമർശിച്ച തരത്തിലുള്ള ചില 'സെൽഫ് ഗോളുകൾ' ഒഴിച്ചുനിർത്തിയാൽ വസ്തുതാപരമായ ഒട്ടേറെ പിശകുകൾ കടന്നുകൂടിയിരിക്കുന്ന ഈ പുസ്തകത്തെ ചരിത്രമെന്നു പേരിട്ട് വിറ്റഴിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.)
വൈക്കം സത്യാഗ്രഹസമരചരിത്രത്തെ ആയിരം രൂപയുടെ മൂല്യത്തിലേയ്‌ക്കൊതുക്കുവാനാകുമോ? അതിനു കഴിയുമെങ്കിൽ ഒരു താരതമ്യത്തിന് വകയുണ്ട്. സത്യാഗ്രഹഫണ്ടിലേക്ക് ശ്രീനാരായണഗുരുദേവൻ സംഭാവന ചെയ്തതും, അതിൽനിന്ന് ഇ.വി. രാമസ്വാമി നായ്ക്കർ അപഹരിച്ചതും ഒരേ മൂല്യമുള്ള തുകയാണ്- ആയിരം രൂപ! ആയിരം കൊടുത്തവനെ വിസ്മരിച്ച്, ആയിരം കട്ടെടുത്തവനെ വാഴ്ത്തുന്ന കാലത്തെ ചരിത്രത്തിലെ കൗതുകകരമായ ഒരേടായി ഈ സംഭവത്തെ വരുംതലമുറ ഓർത്തെടുക്കട്ടെ.
പുരോഗമന ഹിന്ദുസമൂഹത്തിന്റെ അവകാശപ്രഖ്യാപനം
വൈക്കം സത്യാഗ്രഹത്തിനു സവർണ്ണവിഭാഗങ്ങൾ നൽകിയ പിന്തുണയെപറ്റി വൈക്കം സത്യാഗ്രഹരേഖകൾ പറയുന്നതിങ്ങനെ: 'സവർണ്ണർ മാത്രമടങ്ങുന്ന ഒരു പദയാത്ര തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന തിരുവനന്തപുരത്ത് ചെന്ന് അവർണ്ണരുമായുള്ള ഐക്യം പ്രകടിപ്പിക്കുകയും അവരുടെ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് ഗാന്ധി നിർദ്ദേശിച്ചു. നായർസമുദായനേതാവായിരുന്ന മന്നത്ത് പദ്മനാഭന്റെ നേതൃത്ത്വത്തിൽ 500 പേരടങ്ങിയ സവർണ്ണപദയാത്ര 1924 നവംബർ ഒന്നിന് വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. പദയാത്രക്ക് അത് എത്തിയിടത്തൊക്കെ വലിയ സ്വീകരണമാണ് ലഭിച്ചത്. വഴിക്ക് കൂടുതൽ പേർ ചേർന്നതുമൂലം പദയാത്ര തുടങ്ങിയതിനേക്കാൾ വലുതായി. ഇടയ്ക്ക് യാത്രികർ ശിവഗിരിയിൽ ചെന്ന് നാരായണഗുരുവിന്റെ അനുഗ്രഹം വാങ്ങി. തിരുവനന്തപുരത്തെത്തുമ്പോൾ പദയാത്രയിൽ അയ്യായിരം ആളുകളുണ്ടായിരുന്നു. അതേദിവസംതന്നെ ശുചീന്ദ്രത്ത് നിന്ന് പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിൽ ആയിരം പേരടങ്ങിയ അത്തരം മറ്റൊരു പദയാത്രയും തിരുവനന്തപുരത്തെത്തി. അവിടെ ഒരു പൊതുസമ്മേളനവും നടത്തി.'
കൂടാതെ 1924 നവംബർ 13-ന് ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധിസംഘം റീജന്റ് റാണി സേതുലക്ഷ്മീഭായിയെ കണ്ട് 25,000 സവർണ്ണർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. പിന്നീട് 1932 നവംബർ മാസത്തിൽ ഒരു ഒൻപതംഗ 'ക്ഷേത്രപ്രവേശനസമിതി' രൂപീകരിക്കപ്പെട്ടപ്പോൾ സമിതിയിലെ ഭൂരിപക്ഷാംഗങ്ങളും സവർണ്ണരായിരുന്നു. പൊതുജനാഭിപ്രായം ശേഖരിക്കുന്നതിനായി അവർ നാടൊട്ടുക്കും സഞ്ചരിച്ചു. ഇതിെന്റ ഭാഗമായി ചോദ്യാവലികൾ തയ്യാറാക്കി ഊരാളന്മാരും, സംഘടനാപ്രതിനിധികളും, അസംഖ്യം സവർണ്ണരും സ്ത്രീജനങ്ങളും ഉൾപ്പെടെ 5774 വ്യക്തികൾക്ക് അയച്ചുകൊടുത്തു. പ്രതികരണമറിയിച്ച 3122 പേരിൽ എട്ടുപേർ സ്ത്രീകളും 2867 പേർ സവർണ്ണരുമായിരുന്നു. 'ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ശക്തമായ അഭിപ്രായമാണ് സവർണ്ണർക്കിടയിലുള്ളത്,'' എന്നായിരുന്നു സമിതി ഒടുക്കം വിലയിരുത്തിയത്.
ഇതായിരുന്നു അന്നത്തെ ഹൈന്ദവമനസ്സാക്ഷിയുടെ കൃത്യമായ പരിച്ഛേദം. മഹാത്മാഗാന്ധി 1925 മാർച്ച് 10 നു വൈക്കം കായൽക്കരയിൽവച്ച് നടത്തിയ പ്രസംഗത്തിൽ 'ഞാനൊരു സനാതനഹിന്ദുവാണെന്നാണ്'' അദ്ദേഹത്തെ സ്വയം അവതരിപ്പിക്കുന്നത്. ഏതു സനാതനത്തെയാണോ നശിപ്പിക്കണമെന്ന് ഇന്ന് ഇവിആർ ഫാൻസ് വെല്ലു വിളിക്കുന്നത് അതിനെ 'നമ്മുടെ ഹിന്ദുമതം' എന്നാണ് അന്ന് ദ്രാവിഡനേതാവ് പരിചയപ്പെടുത്തിയത്. ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന വിഘടനവാദപരമായ ഒരു ചരിത്രമല്ല വൈക്കത്ത് അന്ന് അരങ്ങേറിയതെന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ല.
കട്ടിംഗ്‌സൗത്ത് അജണ്ട
വൈക്കം സത്യാഗ്രഹശതാബ്ദി ആഘോഷങ്ങളോടൊപ്പം തമിഴ്നാട്ടിൽ സംഘടിപ്പിക്കപ്പെട്ട മാറുമറയ്ക്കൽ സമരത്തിന്റെ 200-ാ0 വാർഷികസമ്മേളനത്തിലേക്ക് വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. വൈക്കത്താകട്ടെ കേരളസർക്കാരിന്റെ ക്ഷണിതാവായി എത്തിയത് സ്റ്റാലിനും. കട്ടിങ് സൗത്ത് എന്ന സിപിഎം-പിഎഫ്‌ഐ-ഡിഎംകെ അജണ്ട ഇവിടെയാണ് നമ്മൾ തിരിച്ചറിയേണ്ടത്. മാർച്ച് 2023 ൽ കന്യാകുമാരിയിൽവച്ച് നടന്ന സമ്മേളനത്തിൽ കേരള മുഖ്യമന്ത്രിയെ പ്രസംഗപീഠത്തിലേക്ക് ക്ഷണിച്ചത് ഇപ്രകാരമാണ്: ''സനാതനധർമ്മത്തെ കേരള മണ്ണിൽനിന്ന് വേരോടെ പിഴുതെറിഞ്ഞ നേതാവ്...'' ഒരു മലയാള മാധ്യമവും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖേദപൂർവ്വം പറയട്ടെ. ആ പരിപാടിയിൽ ഡിഎംകെ എഴുതിതയ്യാറാക്കി നൽകിയെന്നു ആരോപിക്കാവുന്ന വിധത്തിൽ അങ്ങേയറ്റം ഹിന്ദുവിരുദ്ധമായ ഒരു പ്രസംഗമാണ് പിണറായി വിജയൻ നടത്തിയത്. സത്യത്തിൽ, കടുത്ത സത്യപ്രതിജ്ഞാലംഘനമാണ് അന്നവിടെ നടന്നത്. സമൂഹത്തിലെ സകലവിധമായ അനാചാരങ്ങളുടെയും കാരണം സനാതനധർമ്മവും ആ സനാതനധർമ്മം പിന്തുടർന്ന തിരുവിതാംകൂറും ആയിരുന്നെന്നുമാണ് പിണറായി അന്നവിടെ പ്രസംഗിച്ചത്. പിണറായിയുടെ ഈ കടുത്ത ഹിന്ദുവിരുദ്ധപ്രസംഗം എന്തുകൊണ്ട് കേരളം ചർച്ചചെയ്തില്ല എന്നത് അത്ഭുതകരമാണ്. വൈക്കം-കന്യാകുമാരി കൊടുക്കൽ വാങ്ങലിന്റെ പിന്നിലെ രാഷ്ട്രീയം ഇവിടുത്തെ ദേശസ്‌നേഹികൾ തിരിച്ചറിഞ്ഞ് ചർച്ചയാക്കേണ്ടതുണ്ട്.
അതായത്, കമ്മ്യൂണിസത്തിന്റെ കടന്നുവരവിന് മുന്നേ നടന്ന, പൂർണ്ണമായും ഹൈന്ദവനേതൃത്വത്താൽ സംഘടിപ്പിക്കപ്പെട്ട വൈക്കം സത്യാഗ്രഹത്തിന്റെ പൈതൃകം ഗുരുദേവനാൽ നയിക്കപ്പെട്ട ഹൈന്ദവ പ്രസ്ഥാനങ്ങൾക്ക് നൽകുന്നത് സിപിഎമ്മിന്റെ 'നവോത്ഥാന' പ്രോപഗണ്ടക്ക് തിരിച്ചടിയാകും എന്ന ഭയമാണോ ഈ തീരുമാനത്തിന് കേരള സർക്കാരിനെ പ്രേരിപ്പിച്ചത്? ദക്ഷിണഭാരതത്തിന്റെ മുഖമായി നാമെല്ലാം കാണുന്ന ശ്രീനാരായണഗുരുദേവനു പകരം വിഘടനവാദിയായ രാമസ്വാമി നായ്ക്കറെ പ്രതിഷ്ഠിക്കാനുള്ള ഡിഎംകെയുടെ ഗൂഢാലോചനക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച സിപിഎം കേരളത്തോടും ശ്രീനാരായണഗുരുദേവനോടും കാട്ടിയത് കൊടിയ വഞ്ചനയാണ്. ദൗർഭാഗ്യവശാൽ ഈ ചരിത്രനിഷേധത്തെ ചോദ്യം ചെയ്യാൻ ഒരു സാമൂഹ്യ-രാഷ്ട്രീയ സംഘടനയും മുന്നോട്ട് വന്നില്ല.
ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരിൽ രാമസ്വാമി നായ്ക്കർ രൂപംകൊടുത്ത ദ്രാവിഡ പ്രാദേശികവാദം അതിന്റെ പ്രാരംഭദശയിൽതന്നെ കേവലം രാഷ്ട്രീയനാടകങ്ങളിലേയ്‌ക്കൊതുങ്ങിപ്പോയി. ദ്രാവിഡവാദത്തിന് ആഴത്തിൽ വേരുകളുള്ള തമിഴ്ഗ്രാമങ്ങളിൽ ഇന്നും ജാതീയത കൊടികുത്തി വാഴുകയാണ്. നായ്ക്കറിന്റെ പാത അപരവിദ്വേഷത്തിന്റേതും ധർമ്മനിഷേധത്തിന്റേതും ഹിംസയുടേതും സംഘർഷത്തിന്റേതുമായിരുന്നു. ഇപ്രകാരം അടിമുടി ഭാരതീയ-ധർമ്മവിരുദ്ധമായ ഒരു പ്രത്യയശാസ്ത്രത്തിനും സംഘടനയ്ക്കും ഭാരതീയ സാമൂഹികപ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്താനാവില്ല എന്നതിന്റെ നേർക്കാഴ്ചയാണ് 'പെരിയാർ ദ്രാവിഡവാദത്തിന്റെ' പരാജയത്തിലൂടെ നാം കണ്ടത്.
ജാതിവിവേചനത്തോടാണ് പോരാട്ടമെങ്കിൽ, അതിന്റെ ഏറ്റവും ഉദാത്തമായ പ്രായോഗികമാതൃക ഭാരതത്തിന് കാട്ടിക്കൊടുത്തത് ശ്രീനാരായണഗുരുദേവനായിരുന്നു. അതിന്റെ ഏറ്റവും വിജയകരമായ പരീക്ഷണശാലയായി നമുക്ക് ഉയർത്തിക്കാട്ടാനുള്ളത് കേരളത്തെയാണ്. ഗുരുദേവൻ അനുവർത്തിച്ച പാത സനാതനധർമ്മത്തിന്റെയും അഹിംസയുടെയും സാഹോദര്യത്തിന്റേതും സമന്വയത്തിന്റേതുമാണ്. അതാണ് ഏകാത്മ മാനവദർശനത്തിന്റെ സനാതനമായ പാത. നാമെല്ലാം സമന്വയത്തിന്റെ ആ സനാതനമായ പാത പിന്തുടരുമ്പോൾ, സമൂഹത്തെ ഭിന്നിപ്പിച്ചുനിർത്താൻ പഴയ ഇണ്ടന്തുരുത്തിയുടെ വാദങ്ങളുമായി വന്ന്, വിഭജനത്തിന്റെ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരെ പരാജയപ്പെടുത്താനാണ് ഇനിയുമനേകം വൈക്കം സമരമാതൃകകൾ ഭാവിയിൽ അനിവാര്യമാകുന്നത്.
References:
1.Vaikom Satyagraha Rekhakal, editor: Adv. P. K. Harikumar
2. History Liberated: The Shri Chithira Thirunal Saga
3. Keralavum Swathanthrya Samaravum by A Sreedharan Menon
4. Agamananda Swamikal: Nilakkatha Veeravani
5. The Epic of Travancore by Mahadev Desai
6. Vaikom Satyagraham by Pazha Athiyaman
7. വൈക്കം സത്യാഗ്രഹം: ശ്രീനാരായണപ്രസ്ഥാനം സൃഷ്ടിച്ച സഹനസമരം - സച്ചിദാനന്ദസ്വാമി
