Logo

VHP PUBLICATIONS

Hindu Vishwa


expand_more

വാത്സല്യനിധിയായ മാവേലിക്കര നവനീതകണ്ണൻ

By അഡ്വ. ജയലക്ഷ്മി അനിൽ
വാത്സല്യനിധിയായ  മാവേലിക്കര  നവനീതകണ്ണൻ

കേരളചരിത്രത്തിൽ ഏറ്റവും അധികം സാംസ്‌കാരിക സാഹിത്യ കലാ പാരമ്പര്യം പേറുന്ന സ്ഥലങ്ങളിൽ പ്രഥമസ്ഥാനം അർഹിക്കുന്ന ഒരു പ്രദേശമാണ് മാവേലിക്കര. ഓണാട്ടുകരയുടേയും മദ്ധ്യതിരുവിതാംകുറിന്റെയും തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന, ഇന്നും ഗ്രാമീണസൗന്ദര്യം ഒട്ടും ചോരാതെ നിൽക്കുന്ന ഒരിടത്തരം പട്ടണമാണ് മാവേലിക്കര. പഴയ രാജഭരണത്തിന്റെ കേന്ദ്രം ആയിരുന്നുവെന്ന് തെളിയിക്കത്തക്ക രീതിയിലുള്ള വലിയ കെട്ടിടങ്ങളും കൊട്ടാരങ്ങളും കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാവേലിക്കരയിൽ കാണാൻ സാധിക്കും

മാവേലിക്കര എന്ന സ്ഥലനാമത്തെ കുറിച്ച് നിരവധി കഥകളും നിഗമനങ്ങളുമുണ്ട്. മാ എന്നാൽ മഹാലക്ഷ്മി എന്നും, വേലി എന്നാൽ കാവലെന്നും അർത്ഥമുണ്ട്. ഐശ്വര്യദേവതയായ ലക്ഷ്മി കാവൽനിൽക്കുന്ന നാട് എന്നർത്ഥത്തിലാണ് മാവേലിക്കര എന്ന സ്ഥലനാമത്തെക്കുറിച്ചുള്ള ഒരു കഥ. സംഘകാലത്തെ അളവുകോലുകൾ ആയിരുന്നുവത്രെ 'മാ'യും 'വേലി'യും. അതിനാൽ അളന്നാൽ തീരാത്തത്ര നെല്ലുവിളയുന്ന സ്ഥലം അഥവാ അതിരില്ലാത്ത കരയെന്നർത്ഥത്തിൽ മാവേലിക്കരയെന്ന സ്ഥലനാമമുണ്ടായെന്നാണ് യുക്തിഭദ്രമായ മറ്റൊരു നിഗമനം. എന്നാൽ മാവേലിതമ്പുരാനെ ബന്ധപ്പെടുത്തിയുള്ള കഥയാണ് സാധാരണ ജനങ്ങളുടെ മനസ്സിൽ മാവേലിക്കര എന്ന സ്ഥലനാമം ഉണ്ടാക്കുന്നത്.

കണ്ടിയൂർ, ചെട്ടികുളങ്ങര, പുതിയകാവ്, മുള്ളിക്കുളങ്ങര, ചെന്നിത്തല തുടങ്ങി ധാരാളം മഹാക്ഷേത്രങ്ങളാൽ സമ്പന്നമാണ് മാവേലിക്കര താലൂക്ക്. എങ്കിലും മാവേലിക്കരക്കാരുടെ മനസ്സിലെ വാത്സല്യരൂപം മാവേലിക്കര ഉണ്ണിക്കണ്ണൻതന്നെ. പഴക്കംകൊണ്ടും ചരിത്രത്തിന്റെ ഗരിമകൊണ്ടും സവിശേഷ ശ്രദ്ധയാകർഷിക്കുന്ന ഒരു ആരാധനാകേന്ദ്രമാണ് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. നഗരത്തിന്റെ കൃത്യം മധ്യഭാഗത്തായി കിഴക്കോട്ട് ദർശനമായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാവേലിക്കര - കൃഷ്ണപുരം സംസ്ഥാനപാതയിൽ മിച്ചൽ ജംഗ്ഷനിൽനിന്നും അര കിലോമീറ്റർ തെക്കുമാറി ബുദ്ധജംഗ്ഷനിൽനിന്നും ഉദ്ദേശം 150 മീറ്റർ പടിഞ്ഞാറ് മാറി ഇരുവശങ്ങളിൽ കരിങ്കല്ലിൽ തീർത്ത ദ്വാരപാലകർ കാവൽനിൽക്കുന്ന ക്ഷേത്രഗോപുരമാണ് ക്ഷേത്രത്തിന്റെ പ്രവേശനകവാടം. ബുദ്ധജംഗ്ഷന് ആ പേരുവരാൻ കാരണമായ ബുദ്ധവിഗ്രഹം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമായ ശ്രീബുദ്ധവിഗ്രഹം ചരിത്രത്തിന്റെ മറ്റൊരു തിരുശേഷിപ്പാണ്. 'പുത്രച്ചൻ' എന്ന പേരിലാണ് ഈ ബുദ്ധവിഗ്രഹം അറിയപ്പെടുന്നത്. ഒരുകാലത്ത് ബൗദ്ധപാരമ്പര്യം പേറിയിരുന്ന പ്രദേശമാണ് മാവേലിക്കരയും പരിസരപ്രദേശങ്ങളും എന്ന സൂചന നൽകുന്ന രീതിയിൽ ധാരാളം ബുദ്ധവിഗ്രഹങ്ങൾ മാവേലിക്കരയിലും പരിസരപ്രദേശങ്ങളിലും കാണാൻ സാധിക്കും

മാവേലിക്കരയിലെ പ്രസിദ്ധമായ ഒരു കുടുംബമായിരുന്നു ഇടശ്ശേരി തറവാട്. ആ വീട്ടിലെ ജോലിക്കാരനായിരുന്ന ആദിച്ചനാണത്രെ കുറ്റിക്കാട്ടിൽ കിടന്നിരുന്ന കൃഷ്ണവിഗ്രഹമെടുത്ത് കുടുംബകാരണവരെ ഏൽപ്പിച്ചത്. പ്രശ്നം വച്ചപ്പോൾ ഈ നവനീത കൃഷ്ണവിഗ്രഹം ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിക്കേണ്ട ഒന്നാണെന്ന് കണ്ടു. അങ്ങനെ അക്കാലത്തെ പ്രാദേശികരാജവംശമായ മാടത്തുംകൂർ രാജാവിന്റെ സഹായത്തോടെ ഇടശ്ശേരി കാരണവർ ഇന്നു കാണുന്ന ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം പ്രതിഷ്ഠിച്ചു എന്നു കരുതപ്പെടുന്നു. വർഷങ്ങൾക്കുശേഷം പുതിയകാവ് ഭദ്രകാളിക്ഷേത്രം ഇടശ്ശേരി കുടുംബത്തിന് കൊടുത്ത് പകരം കൃഷ്ണക്ഷേത്രം മാടത്തുംകൂർ രാജാവ് ഏറ്റെടുത്ത് മഹാക്ഷേത്രമായി പുനർനിർമ്മിച്ചു എന്നുവിശ്വസിക്കപ്പെടുന്നു. ക്ഷേത്രസംബന്ധിമാരായി കോക്കാട്ട് വീട്ടുകാരെയും, തേവാരത്തിന് വെള്ളിയോട്ട് പോറ്റിയേയും, തന്ത്രിയായി കുളക്കര നമ്പിമഠം പണ്ടാരത്തിനെയും, കഴകത്തിന് തെക്കേ പിഷാരക്കാരെയും മാടത്തുംകൂർ രാജാവ് നിയമിച്ചു. വിഗ്രഹം കണ്ടെടുത്ത ആദിച്ചന് കേരളാദിച്ചൻ എന്ന തണ്ടപ്പേരും കരമൊഴിവായി വീടും സ്ഥലവും രാജാവ് നൽകിയത്രെ. ആദിച്ചന്റെ കുടുംബം പിന്നീട് ഉരാളശ്ശേരി എന്ന് അറിയപ്പെട്ടു, ഉരാളശ്ശേരിൽ കളരിയിൽ പ്ലാവിൻകാതൽകൊണ്ട് നിർമ്മിച്ച കേരളാദിച്ചവിഗ്രഹം ഇപ്പോഴുമുണ്ട്. മാവേലിക്കരയാസ്ഥാനമായ മാടത്തുംകൂർ പിന്നീട് ഓടനാട് രാജ്യമാവുകയും, അതിനുശേഷം കായംകുളം രാജ്യമാവുകയും, അവസാനം മാർത്താണ്ഡവർമ്മ കൊല്ലവർഷം 921 ൽ തിരുവിതാംകൂറിൽ ചേർക്കുകയും ചെയ്തു. തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായി മാറിയതോടുകൂടി മാവേലിക്കരയുടെയും പരിസരപ്രദേശങ്ങളുടെയും പ്രതാപം കൂടി. മാവേലിക്കരയുടെ ചരിത്രപാരമ്പര്യം വർദ്ധിപ്പിച്ചതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മാർത്താണ്ഡവർമ്മയുടെ വലംകൈയായിരുന്ന രാമയ്യൻ ദളവ. മാവേലിക്കര കേന്ദ്രമാക്കിയാണ് ഇദ്ദേഹം ഭരണംനടത്തിയിരുന്നത്. തിരുവിതാംകൂറിലെ വാണിജ്യത്തിന്റെയും നിയമപരിപാലനത്തിന്റെയും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഒന്നായിരുന്നു അക്കാലത്ത് മാവേലിക്കര. ധാരാളം ക്ഷത്രിയകുടുംബങ്ങൾ ഇന്നും മാവേലിക്കര കേന്ദ്രമാക്കി താമസിക്കുന്നു. രാമയ്യൻ ദളവയുമായി ബന്ധപ്പെട്ട ചരിത്രപരമായ ചില സ്ഥലങ്ങൾ മാവേലിക്കരയുടെ പരിസരപ്രദേശങ്ങളിൽ ഉണ്ട്. വെട്ടിയാർ കോട്ടയ്ക്കകം, കഴിവേറ്റമൂല, കരയാംവട്ടം, കോട്ടയ്ക്കകം തുടങ്ങിയ സ്ഥലനാമങ്ങൾ രാമയ്യൻ ദളവയുടെ ഭരണകാലഘട്ടത്തെ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഉള്ളതാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രഗോപുരവാതിൽ കടന്ന് പടിഞ്ഞാറേക്ക് നടന്ന് ഉയരത്തിലുള്ള ആനകൊട്ടിലിൽ പ്രവേശിക്കുന്നതിന് മുമ്പ് ആരെയും ആകർഷിക്കുന്ന ഒരു കാഴ്ച തലയുയർത്തിനിൽക്കുന്ന ഒരു സ്തംഭവിളക്കാണ്. യൂണിഫോം ധരിച്ച പടയാളികൾ തോക്കുമേന്തി കാവൽനിൽക്കുന്ന രീതിയിൽ ഓടിൽ നിർമ്മിച്ച 30 അടി പൊക്കമുള്ള ഒരു വിളക്കാണിത്. തിരുവിതാംകൂറുമായി സമാധാന ഉടമ്പടി ഒപ്പുവെച്ച ഡച്ച് സൈനിക കമാൻഡർ എഫ്. കുനിസ് അതിന്റെ ഓർമ്മയ്ക്കുവേണ്ടി പണിത് സമർപ്പിച്ചതാണ് ഈ കമ്പവിളക്ക് എന്ന് ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. എന്നാൽ ഇത് നിർമ്മിച്ചത് ഡച്ച് സൈനികർ അല്ല എന്നും തിരുവിതാംകൂറിൽ ഭരണം നടത്തിയിരുന്ന കാർത്തിക തിരുനാളിന്റെ സൈന്യത്തിനെ വിളിച്ചിരുന്നത് കുഞ്ചുകൂട്ടം എന്നായിരുന്നുവെന്നും കുഞ്ചുകൂട്ടത്തിലെ സൈനികരുടെ വസ്ത്രധാരണവും ഡച്ച് സൈനികരുടെ രീതിയിൽ ആയിരുന്നു എന്നുമാണ് പ്രസിദ്ധ പ്രസിദ്ധ ചരിത്രകാരനും മാവേലിക്കരയിൽ ബന്ധങ്ങളുമുള്ള ഡോക്ടർ എം.ജി. ശശിഭൂഷൻ അഭിപ്രായപ്പെട്ടിരുന്നത്. കമ്പവിളക്കിന്റെ അടിഭാഗത്ത് പ്രാചീന മലയാളത്തിൽ കൊത്തിവെച്ചിരിക്കുന്ന വാചകവും ഈ ചരിത്രസത്യത്തെ സാധൂകരിക്കുന്ന ഒന്നാണ്.

കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിൽ വെണ്ണയ്ക്കായി ഇരു കൈകളും നീട്ടിനിൽക്കുന്ന ഉണ്ണികണ്ണന്റെ ശിലാവിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ. വെണ്ണയുമായി ബന്ധപ്പെടുത്തി മാവേലിക്കര ഉണ്ണിക്കണ്ണനെ നവനീത കൃഷ്ണനെന്നും വിളിക്കുന്ന പതിവ് ഇക്കാരണത്താൽ ഉണ്ട്. ശ്രീകോവിൽ ചെമ്പ് പൊതിഞ്ഞതാണ്.

വേലകുളം ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വെളിയിലായി സ്ഥിതിചെയ്യുന്നു. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഈ ക്ഷേത്രത്തിൽ ഉപദേവതാപ്രതിഷ്ഠകൾ തുലോം കുറവാണ്. ശ്രീകോവിലിന്റെ തെക്ക് പടിഞ്ഞാറെ മൂലഭാഗത്തായി ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് വെളിയിൽ ആനകൊട്ടിലിനോട് ചേർന്ന ഭാഗത്ത് ഒരു ഗണപതി വിഗ്രഹവും ക്ഷേത്രത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായി നവഗ്രഹവിഗ്രഹങ്ങളും മാത്രമാണ് ക്ഷേത്രത്തിലെ ഉപദേവതമാർ. ക്ഷേത്രത്തിന്റെ തെക്കുവശത്തായി വെളിയിൽ രണ്ട് ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. സന്താനഗോപാലമൂർത്തിയുടെയും ഗുരുവായൂരപ്പന്റേതുമാണ് ഇവിടുത്തെ പ്രതിഷ്ഠകൾ. അതുപോലെതന്നെ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായി മറ്റു രണ്ടു ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ഇതിൽ ഒന്ന് സരസ്വതി ക്ഷേത്രവും മറ്റൊന്ന് തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ നേതൃത്വത്തിലുള്ള അയ്യപ്പക്ഷേത്രവുമാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കെട്ടിടങ്ങളിലാണ് ദേവസ്വം ബോർഡിന്റെ പ്രധാനപ്പെട്ട ഓഫീസുകളും സർക്കാർ ഓഫീസുകളും സ്ഥിതിചെയ്യുന്നത്.

ക്ഷേത്രത്തിന് വടക്ക് വശത്ത് കിഴക്ക് പടിഞ്ഞാറായി ഒരു നെടു നീളൻ ഊട്ടുപുര ഉണ്ട്. ആധുനികരീതിയിലുള്ള യാതൊരു പരിഷ്‌കാരങ്ങളും ഏൽക്കാത്ത രീതിയിൽ പഴയ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു ഊട്ടുപുര ആണിത്. കേരളത്തിന്റെ വടക്ക് ഭാഗങ്ങളിൽനിന്ന് പത്മനാഭക്ഷേത്രത്തിൽ മുറജപത്തിന് പൊയ്‌ക്കൊണ്ടിരുന്നവർക്കുവേണ്ടി രാജാവ് ഉണ്ടാക്കിയതാണ് ഇത് എന്നു കരുതുന്നു.

ക്ഷേത്രത്തിൽ നിത്യവും ത്രികാല പൂജയുണ്ട്. മീനത്തിലെ തിരുവോണം ആറാട്ട് വരുംവിധം പത്ത് ദിവസമാണ് ഉത്സവം. തൃക്കൈവെണ്ണയൂട്ട്, ദശാവതാരചാർത്ത്, ഗരുഡവാഹനത്തിൽ എഴുന്നള്ളത്ത് എന്നിവ ഉത്സവകാലത്തെ പ്രധാന ചടങ്ങുകളാണ്. ഭക്തർ തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിന് ഗരുഡവാഹനവഴിപാട് നടത്തിവരുന്നുണ്ട്. തൃക്കയിൽ വെണ്ണയും പാൽപ്പായസവും ഉണ്ണിയപ്പവും ഉണ്ണിക്കണ്ണന്റെ പ്രധാനപ്പെട്ട നേദ്യങ്ങളാണ്. നെയ്‌വിളക്കും ചുറ്റുവിളക്കും സ്തംഭവിളക്ക് കത്തിക്കലും ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകൾതന്നെ. ക്ഷേത്രത്തിലെ ആറാട്ട് ഒരു കിലോമീറ്റർ വടക്കുവശത്ത് അച്ചൻകോവിലാറിന്റെ മണ്ഡപത്തും കടവിലായിരുന്നു. ആറാടിയ ദേവനെ പൂജിച്ചിരുത്തുന്ന കരിങ്കൽമണ്ഡപം ഇന്നും അവിടെയുണ്ട്. ഇപ്പോൾ കണ്ടിയൂർ സ്‌നാനഘട്ടത്തിലാണ് ഭഗവാന്റെ ആറാട്ട്. വൃശ്ചികമാസം മുഴുവൻ അത്താഴശീവേലിയോടനുബന്ധിച്ച് ഗരുഡവാഹനത്തിൽ ഭഗവാനെ എഴുന്നുള്ളിക്കും. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് വഴിപാടായി തുടങ്ങിയതാണീ ചടങ്ങ്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വാകച്ചാർത്ത് നടത്തുന്ന ഏകക്ഷേത്രം മാവേലിക്കരയിലേതാണ്. ദിവസവും നൂറുകണക്കിന് ഭക്തരാണ് ഇവിടെ വിദ്യാഗോപാലം, സന്താനഗോപാലം തുടങ്ങിയ സൂക്താർച്ചനകൾ വഴിപാടായി നടത്തി ജീവിതസാഫല്യമടയുന്നത്. വളരെ ശാന്തമായ ചുറ്റുപാടും വലിയ തിരക്കില്ലാത്ത അന്തരീക്ഷവുമാണ് മറ്റു മഹാക്ഷേത്രങ്ങളിൽ നിന്നും മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. എല്ലാ ഭക്തരുടെയും മനസ്സിലെ വാത്സല്യരൂപമായ ഉണ്ണിക്കണ്ണൻ നൽകുന്ന സമാധാനവും സംതൃപ്തിയും സന്തോഷവും തേടി എല്ലാ ദിവസവും പ്രത്യേകിച്ച് വ്യാഴാഴ്ചകളിൽ ക്ഷേത്രദർശനം നടത്തുന്ന ധാരാളം ഭക്തജനങ്ങൾ ഈ പ്രദേശത്തുണ്ട്.

ക്ഷേത്രത്തിൽ നടന്നുവരുന്ന സപ്താഹയജ്ഞം ഈ വർഷം അതിന്റെ അമ്പതാം വർഷത്തിലേക്ക് കടന്നിരിക്കുന്നു എന്ന് പ്രത്യേകതയും എടുത്തുപറയേണ്ടഒന്നാണ്.