Logo

VHP PUBLICATIONS

Hindu Vishwa


expand_more

കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികൾ

By വിജി തമ്പി, പ്രസിഡന്റ്, വിഎച്ച്പി, കേരളം
കേരളത്തിലെ  ഹിന്ദുസമൂഹം  നേരിടുന്ന വെല്ലുവിളികൾ

ഒരുകാലത്ത് കേരളം അറിയപ്പെട്ടിരുന്നത് സുന്ദരീപീഠം എന്ന പേരിലായിരുന്നു. കാരണം ശക്തി ഉപാസന സജീവമായി നടന്നിരുന്ന സ്ഥലമായിരുന്നു ഇത്. നമ്മുടെ തറവാടുകളിൽ മച്ചകത്തമ്മയായും തെക്കിനിയിൽ ഭഗവതിയായും ശക്തി ഉപാസന ഉണ്ടായിരുന്നു. ആ കാലത്താണ് ഹിന്ദുസമാജം ഏറ്റവും ഉണർവ്വോടും ശക്തിയോടും നിലനിന്നിരുന്നത്. പിന്നീട് കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായപ്പോൾ, തറവാടുകൾ പൊളിച്ചുമാറ്റപ്പെട്ടപ്പോൾ ഈ ഉപാസനാമൂർത്തികളെയെല്ലാം പടികടത്തി. കുടുംബങ്ങളോടനുബന്ധിച്ച് കാവുകൾ നിലനിന്നിരുന്നു. ഇന്ന് അവിടത്തെ നാഗദേവതകളെയെല്ലാം ഒഴിപ്പിച്ചുകളഞ്ഞിരിക്കുകയാണ്. പൂർണ്ണമായും അണുകുടുംബങ്ങളായിത്തീർന്ന നമുക്കുതന്നെ അറിയില്ല സ്വന്തം ബന്ധുക്കളാരാണെന്ന്. എന്തിന്, മതിലിനപ്പുറത്ത് ആരാണ് താമസിക്കുന്നതെന്നുപോലും അറിയാൻ സാധിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ സമൂഹം എത്തിച്ചേർന്നിരിക്കുന്നു.

കുടുംബങ്ങളിൽ പ്രശ്‌നം ഉണ്ടായാൽ പലപ്പോഴും ആദ്യം ചെയ്യുക ഒരു ജ്യോതിഷിയെ കാണുകയെന്നതാണ്. അദ്ദേഹം കവിടി നിരത്തി പ്രശ്‌നം ചിന്തിച്ച് ആദ്യം ചോദിക്കുന്നത് ആരാണ് നിങ്ങളുടെ പരദേവതയെന്നാണ്. പരദേവതക്ക് പ്രീതി കാണുന്നില്ല. അപ്പോഴാണ് നമ്മൾ പരദേവതയെക്കുറിച്ച് അന്വേഷിക്കുക. അങ്ങനെ ഒരു സാധാനം ഉണ്ടോ? ഓരോ കുടുംബത്തെയും അതിലെ അംഗങ്ങളെയും നിലനിർത്തിയിരുന്ന ശക്തിയാണ് പരദേവത. കൂടാതെ, ഓരോ കുലത്തിനും ഓരോ ദേവതയുണ്ട്. ദേശത്തിന് ഒരു ദേവതയുണ്ടാവും. ഇതൊന്നും ഇന്ന് ആർക്കും അറിയില്ല. എല്ലാവരും പറയും, ഞാൻ കൊടുങ്ങല്ലൂർ, ഗുരുവായൂർ, ശബരിമല ഒക്കെ പോയി ദർശനം നടത്തിയെന്ന്. എന്നാൽ തൊട്ടടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകാറില്ല. ദൂരത്ത് നിൽക്കുന്ന മണ്ണാനേക്കാൾ അടുത്തുകിടക്കുന്ന കല്ലാണ് ഉപകരിക്കുക എന്നൊരു ചൊല്ലുണ്ട്. അത്യാവശ്യസന്ദർഭത്തിൽ തൊട്ടടുത്ത് കിടക്കുന്ന കല്ലേ ഉപകരിക്കൂ. അതുപോലെ സ്വന്തം അമ്മയെ മറന്നിട്ട് കാണാൻ ഭംഗിയുള്ളതായി കരുതുന്ന, കുറച്ച് പ്രസിദ്ധിയൊക്കെയുള്ള ഒരാളെ അമ്മയെന്ന് വിളിച്ചിട്ട് എന്ത് ഉപകാരം. ഇതുപോലെയാണ് പരദേവതമാരെ മറന്ന് മറ്റ് ദേവതമാരെ തേടിപ്പോകുന്നത്. മറ്റുള്ള ദേവതമാരെ കാണരുത് എന്ന് ഒരിക്കലും പറയില്ല. എന്നാൽ പരദേവതയെയും കുലദേവതയെയും ദേശദേവതയെയും മറന്നുകൊണ്ടാകരുത് ഇതെന്നേയുള്ളൂ. സ്വന്തം അമ്മയെ മറന്നിട്ട് അവിടെ ചെല്ലുമ്പോൾ ആ അമ്മ പറയുക നീ കാണേണ്ടവരെ കാണാതെയാണല്ലോ എന്നെ കാണുവാൻ വന്നിരിക്കുന്നത് എന്നായിരിക്കും. ഇതാണ് നമ്മുടെ സമാജത്തിന് പറ്റിയ ഏറ്റവും വലിയ മൂല്യച്യൂതി. ഇന്ന് പലർക്കും സ്വന്തം പരദേവതയെ അറിയില്ല. നമ്മുടെ ഈ ച്യുതിയെ മുതലെടുക്കാനും ചൂഷണം ചെയ്യാനും കാത്തിരിക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്.

കേരളം രൂപീകൃതമാകുമ്പോൾ ഇവിടത്തെ ഹിന്ദുജനസംഖ്യ 80% ആയിരുന്നു. 2019 ലാണ് ഏറ്റവുമൊടുവിൽ കാനേഷുമാരി കണക്കെടുപ്പ് നടന്നത്. ഇതുപ്രകാരം കേരളത്തിൽ ഹിന്ദുക്കൾ 45% ൽ താഴെയാണ്. ഈ അവസ്ഥ തുടർന്നാൽ 2050 ആകുമ്പോഴേക്കും അത് 20% ൽ താഴെ വന്നുനിൽക്കും. കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്. അങ്ങനെ വന്നാൽ എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് ആലോചിക്കുക. ബംഗ്ലാദേശ് രൂപീകൃതമാകുമ്പോൾ അവിടത്തെ ഹിന്ദുജനസംഖ്യ 32% ആയിരുന്നു. ഇപ്പോൾ അവിടെ വെറും 8 % മാത്രമാണ് ഹിന്ദുക്കൾ. ഇതേ അവസ്ഥതന്നെയാണ് പാകിസ്ഥാനിലും. ഇതിനുവേണ്ടി കാത്തിരിക്കുന്ന ചില ശക്തികളുണ്ട്. അവരെ തിരിച്ചറിയണം. ജാഗ്രത പാലിക്കണം. നാളെ ദുഃഖിച്ചിട്ട് കാര്യമില്ല. കശ്മീരിൽ ഇതുതന്നെയാണ് സംഭവിച്ചത്. അവിടത്തെ പണ്ഡിറ്റുകൾക്ക് പലരും മുന്നറിയിപ്പ് നൽകിയതാണ്. അവരതത്ര ഗൗരവമായി കണ്ടിരുന്നില്ല. പിന്നീടവർക്ക് സ്വന്തം വീടുപേക്ഷിച്ച്, നാടുപേക്ഷിച്ച്, ബന്ധുക്കളെ നഷ്ടപ്പെട്ട് കിട്ടിയതും വാരിയെടുത്ത് ഡൽഹിയിലും ഹരിയാനയിലും തെരുവോരങ്ങളിൽ ടെന്റടിച്ച് കഴിയേണ്ടിവന്നു. ഇത് നമ്മുടെ മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.

നമ്മുടെ അടുത്തതലമുറ എത്രത്തോളം ഹിന്ദുധർമ്മം അനുസരിച്ച് വളരുമെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? സനാതനധർമ്മപ്രകാരമുള്ള ഈശ്വരീയതയെക്കുറിച്ച്, നമ്മുടെ പുരാണങ്ങളെക്കുറിച്ച് എത്രപേർ മനസ്സിലാക്കും? ഒരു 5% പേരെങ്കിലും ഉണ്ടാകുമോ? ലജ്ജിക്കേണ്ടതില്ലേ നാം? മറ്റ് മതങ്ങളിലേക്ക് നോക്കുക. അവർ തങ്ങളുടെ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നു. ഇക്കാര്യത്തിൽ ഇസ്ലാമിനെ പ്രകീർത്തിക്കേണ്ടിയിരിക്കുന്നു. അവർ കൃത്യമായി തങ്ങളുടെ നോമ്പുകളെടുക്കുന്നു. അവർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മറ്റുള്ളവർക്കുപോലും ആ സമയങ്ങളിൽ വെള്ളം കിട്ടില്ല. അതുപോലെ കൃസ്ത്യാനികളും കൃത്യമായി തങ്ങളുടെ നോമ്പെടുത്തിരിക്കും. നമുക്കുമാത്രം എന്ത് പറ്റി? ഈശ്വരചിന്തയില്ല, വ്രതമെടുക്കലില്ല. ഈ ഒരു അവസ്ഥയിൽ പോയാൽ കശ്മീരല്ല, ബംഗ്ലാദേശ് തന്നെയായിത്തീർന്നുവെന്നു വരും ഇവിടം. ജാഗ്രതപുലർത്തിയതുകൊണ്ടുമാത്രം കാര്യമില്ല, അടുത്തതലമുറയിലേക്ക് നമ്മുടെ പൈതൃകവും വിശ്വാസവും പകർന്നുകൊടുക്കണം.

കേരളം ഒരു വൃദ്ധസദനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടത്തെ യുവാക്കളെല്ലാം അയൽസംസ്ഥാനങ്ങളിലേക്കോ, മറ്റുരാജ്യങ്ങളിലേക്കോ പോകുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യങ്ങളോ തൊഴിൽസാധ്യതയോ ഇന്നിവിടെ ഇല്ല എന്നതാണ് പ്രാഥമികകാരണം. ഇത് കൂടുതലായും ഹിന്ദുസമുദായത്തെയാണ് ബാധിച്ചിരിക്കുന്നത്. ഇതിന്റെയെല്ലാം ഫലമായി നമ്മുടെ ആചാരങ്ങൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ എല്ലാം പുതിയ തലമുറ മറക്കുന്നു. ദിനചര്യകൾപോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ദിവസവും രണ്ടുനേരം വിളക്കുവച്ച് പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നത് എന്തിനാണെന്ന് എത്രപേർക്കറിയാം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശബരിമലയിലെ ആചാരങ്ങളെക്കുറിച്ചും വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചും ഇന്ന് എത്രപേർക്ക് കൃത്യമായി അറിയാം? എന്തിനാണ് നാം ശബരിമലയിലേക്ക് നെയ്‌ത്തേങ്ങ കൊണ്ടുപോകുന്നത്? നെയ്‌ത്തേങ്ങ എന്നത് ശരിക്കുംഎന്താണ്? ശരീരമാകുന്ന നാളികേരത്തിലെ വെള്ളം കളഞ്ഞ് ആത്മാവാകുന്ന നറുംനെയ്യാണ് അതിൽ നിറയ്ക്കുന്നത്. അതുമായി നമ്മൾ പൊന്നുപതിനെട്ടാം പടി കയറി ഭഗവാനെ ദർശിക്കുന്നു. ഭഗവാനെ കാണുന്നതുവരെ ഇരുമുടി നമ്മുടെ ശിരസ്സിലാണ് വെയ്ക്കുന്നതെങ്കിൽ ഭഗവാനെ കണ്ടുകഴിഞ്ഞാൽ പിന്നെ തോളിലേക്ക് മാറ്റുന്നു. നെയ്‌ത്തേങ്ങയിൽ നിന്നും നെയ്യ് പകർന്നെടുത്ത് ഭഗവാന് സമർപ്പിച്ച് തേങ്ങ ആഴിയിലേക്ക് വലിച്ചെറിയുന്നു. ഇങ്ങനെ നമ്മുടെ ഓരോ ആചാരങ്ങൾക്കും കൃത്യമായ അടിസ്ഥാനങ്ങളുണ്ട്. അത് മനസ്സിലാക്കാതെ പലതും അന്യമായിത്തീർന്നിരിക്കുന്നു. പണ്ട് പതിനെട്ടാംപടി കരിങ്കല്ലായിരുന്നു. ഓരോ പടിയും തൊട്ടുതൊഴുത് എത്രാമത്തെ മലയാണോ കയറുന്നത്, ആ പടിയിൽ നാളികേരമുടയ്ക്കും. ദർശനം കഴിഞ്ഞ്, മാളികപ്പുറത്ത് തൊഴുത് നാളികേരമുടച്ചുതന്നെ പതിനെട്ടാംപടിയിറങ്ങും. അത്ര പവിത്രമാണ് പതിനെട്ടാംപടി. ആ പതിനെട്ടാംപടിയിലാണ് കുറെ പോലീസുകാർ ഫോട്ടോഷൂട്ട് നടത്തിയത്. ഇരുമുടി ഇല്ലാതെ പതിനെട്ടാംപടി ആർക്കും കയറാനാവില്ല. അത്ര പുണ്യമായി കരുതിവരുന്ന ആ പടിയിൽ പുറംതിരിഞ്ഞുനിന്നുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ പോലീസുകാരിൽ ആരും ഭക്തരുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ പവിത്രമായ ആചാരാനുഷ്ഠാനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെപലരും പ്രവർത്തിക്കുന്നുണ്ട്.

തിരുവനന്തപുരത്തെ ശംഖുമുഖം ആറാട്ടുമണ്ഡപത്തിന് വിശ്വാസപരമായി വളരെ പ്രാധാന്യമുണ്ട്. ഭഗവാൻ ശ്രീപത്മനാഭസ്വാമിയുടെ ആറാട്ടിനുവേണ്ടിയാണത് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ രണ്ട് മണ്ഡപങ്ങളുണ്ട്. പഴയ ആറാട്ടുമണ്ഡപത്തിലാണ് ആറാട്ടുകഴിഞ്ഞ് ഭഗവാനെ നേരത്തേ ഇറക്കി പൂജിച്ചിരുന്നത്. പിന്നീട് ശ്രീമൂലം തിരുന്നാളിന്റെ കാലത്ത് പുതിയൊരു മണ്ഡപം ഉണ്ടാക്കാൻ തീരുമാനിച്ചു. ഈ രണ്ട് മണ്ഡപങ്ങൾക്കും കൃത്യമായ ലക്ഷ്യമുണ്ട്. അത് ടൂറിസത്തിനോ മറ്റോ വേണ്ടിയുള്ളതല്ല. അത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭാഗമാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ക്ഷേത്രമാണിത്. വർഷത്തിൽ രണ്ട് തവണയും ഉത്സവങ്ങൾക്ക് ഭഗവാനെയും ഉപദേവതമാരായ നരസിംഹമൂർത്തിയെയും തിരുവമ്പാടി കൃഷ്ണനെയും എഴുന്നള്ളിച്ച് ആറാട്ടിന് കൊണ്ടുപോയി ആറാട്ടുമണ്ഡപത്തിൽ പൂജയും മറ്റും കഴിഞ്ഞാണ് തിരിച്ചെഴുന്നള്ളിക്കുന്നത്. എത്രയോ കാലങ്ങളായി തിരുവനന്തപുരം എയർപോർട്ടിനകത്തുകൂടിയാണ് ഈ ആറാട്ടെഴുന്നള്ളിപ്പ് കടന്നുപോകുന്നത്. ആ സമയത്ത് ഫ്‌ളൈറ്റുകൾ നിർത്തിവെയ്ക്കുകയോ ഫ്‌ളൈറ്റിന്റെ സമയം ക്രമീകരിക്കുകയോ ചെയ്യാറുണ്ട്. അത്രയും പ്രാധാന്യമുള്ള ആറാട്ടുഘോഷയാത്രയുടെ ഭാഗമായ പൂജയും മറ്റും നടക്കുന്ന സ്ഥലത്താണ് കുടുംബശ്രീപ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വൃത്തികേട് ചെയ്തത്. അതും മുഖ്യമന്ത്രിയുടെ ഒത്താശയോടെ. അവിടെ വച്ച് മാംസാഹാരം പാകം ചെയ്തുവെന്ന് മാത്രമല്ല, ശൗചാലയമായും മറ്റും ആ സ്ഥലത്ത് ഉപയോഗിക്കുകയുണ്ടായി. ഇതൊരു ഭക്തനെ സംബന്ധിച്ചിടത്തോളം ഉൾക്കൊള്ളാനാവുന്ന കാര്യങ്ങളല്ല. ഒന്നുകിൽ അത് പുരാവസ്തു ഏറ്റെടുക്കുക. അല്ലെങ്കിൽ പത്മനാഭസ്വാമിക്ഷേത്രകമ്മിറ്റി എറ്റെടുക്കുക. ആറാട്ടുസമയത്തല്ലാതെ അത് തുറന്നിടാതിരിക്കുക.

ഇങ്ങനെ ഹിന്ദുവിന്റെ മൂല്യങ്ങളെ ചവിട്ടിമെതിക്കാൻ അനുദിനം ശ്രമിച്ചുകൊണ്ടിരിക്കുന്ന വലിയ സംഘടിത പ്രവർത്തനങ്ങൾ നമുക്കു ചുറ്റുമായി ദിവസവും നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ശക്തമായ ജാഗ്രതയും ഇടപെടലും കൊണ്ടുമാത്രമേ മുന്നോട്ട് പോകാനാവൂ.