Hindu Vishwa
Index
പൊളിറ്റിക്കൽ ഇസ്ലാമിന്റെ അഴിഞ്ഞാട്ടങ്ങളും സത്യത്തിന്റെ ചെറുത്തുനിൽപ്പും
 
                                                    രാജാവിന് നേരെ വാളോങ്ങിയാൽ നിങ്ങൾ അയാളെ വധിച്ചിരിക്കണം'
ലൂസിഫർ സിനിമയിലെ തുടക്കത്തിൽ കാണിച്ചിരിക്കുന്ന സുപ്രസിദ്ധമായ വചനങ്ങളാണിത്. രാജാവ് മരണപ്പെട്ടിട്ടില്ലെങ്കിൽ തീർച്ചയായും അദേഹം സൈന്യത്തെ സംഘടിപ്പിച്ച് നിങ്ങൾക്കെതിരെ തിരിച്ചടിക്കും എന്നാണ് ഇതിന്റെ പൊരുൾ. ഹിന്ദുത്വരാഷ്ട്രീയത്തിൽ ഈ വചനങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്, കാരണം, നുണകൾ കൊണ്ട് നിർമ്മിക്കപ്പെട്ട വാളുകൾ എപ്പോഴൊക്കെ ഹിന്ദുത്വത്തിന് നേരെ ഓങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ മൂർച്ച നശിച്ച വാളിന്റെയും അതിന്റെ പോരാളിയുടെയും പതനമാണ് നമ്മൾ കണ്ടിട്ടുള്ളത്.
ഒരു പ്രത്യേക ആശയത്തിന്/വ്യക്തിക്ക്/പ്രസ്ഥാനങ്ങൾക്ക് വേണ്ടി ഇല്ലാത്തൊരു കാര്യത്തെ ഉണ്ടെന്ന് പറഞ്ഞ് അവതരിപ്പിക്കുന്നതോ, നടന്നൊരു സംഭവത്തെ അതിശയോക്തി / അർദ്ധസത്യങ്ങൾ കലർത്തി മുന്നോട്ടുവയ്ക്കുന്നതിനെയോ ആണ് പ്രൊപ്പഗാണ്ട എന്ന് പറയുന്നത്. അത് കലാരൂപത്തിൽ വരുമ്പോൾ Propaganda Art ആയി മാറും. സാധാരണയായി ഇത് ചരിത്രപരമായ പശ്ചാത്തലങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിലാണ് പതിവെങ്കിലും മലയാളത്തിൽ സമീപകാലത്ത് കൊമേഴ്‌സ്യൽ സിനിമയിൽ ഇതിന്റെ സാധ്യത കണ്ടെത്തുകയും അതിലൂടെ തങ്ങളുടെ രാഷ്ട്രീയ, മതബോധ ആശയങ്ങൾ കടത്തിവിടുകയും ചെയ്തു തുടങ്ങി.
ആശയാവിഷ്‌ക്കാരത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പേരിൽ ഹിന്ദുബിംബങ്ങളെയും ഹിന്ദുത്വത്തെയും കരി വാരിതേയ്ക്കുന്ന ഈ രാഷ്ട്രീയഗിമ്മിക്കിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള, പ്രത്യക്ഷ അജണ്ടകളുടെ ചലച്ചിത്രരൂപങ്ങൾ തന്നെയായി മലയാളസിനിമ മാറുന്നു. സമീപകാലത്ത് 'ജനഗണമന' എന്ന ചിത്രം ഇത്തരമൊരു സമീപനമാണ് മുന്നോട്ടുവച്ചത്. ചിത്രത്തിലെ കഥാപശ്ചാത്തലം, സംഭവങ്ങൾ ഒന്നുംതന്നെ യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹിന്ദുത്വവാദികൾ ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ നടന്നതല്ല എന്നിരിക്കെ, ചിത്രത്തിൽ ക്രൂരന്മാരായ, അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത രാഷ്ട്രീയവർഗ്ഗങ്ങളായി ചിത്രീകരിച്ചിരിക്കുന്നത് ഹിന്ദുത്വവാദികളെയാണ്.
ഇതേ നായകന്റെ സംവിധാന സംരഭത്തിൽനിന്ന് ഉയർന്നുവന്ന, മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്ന് അവകാശപ്പെട്ട എമ്പുരാനും ഇതേ പാത പിന്തുടരുന്നു. ഒരു ട്രെയിൻ വെറുതെ നിന്ന് കത്തുന്നതും അതിനുശേഷം ഗുജറാത്തിൽ ഹിന്ദുക്കൾ മുസ്ലിങ്ങളെ പീഡിപ്പിക്കുന്നതുമാണ് ചിത്രത്തിന്റെ തുടക്കം. ഗോധ്രയിലെ സബർമതി എക്‌സ് പ്രസ്സിന് തീവെച്ച് 59 രാമഭക്തരെ കൊന്ന മുസ്ലിംതീവ്രവാദികളുടെ ഹീനമായ ക്രൂരകൃത്യം ചിത്രത്തിൽ ഒരു പ്രതീകമായിപ്പോലും കാണിക്കുവാൻസംവിധായകന് കഴിയുന്നില്ല, അല്ലെങ്കിൽ അതിനുള്ള നട്ടെല്ലില്ല. സിനിമ കാണുന്ന, ഗോധ്ര - ഗുജറാത്ത് കലാപങ്ങൾക്ക് ശേഷം ജനിച്ച ഒരു ഇരുപത്തൊന്നുകാരനെ സിനിമ എങ്ങനെയാണ് സ്വാധീനിക്കുക? സമാധാനപരമായി ജീവിച്ചിരുന്ന മുസ്ലിങ്ങളെ വെറുതെ ഹിന്ദുക്കൾ ആക്രമിക്കുന്നു എന്ന സൂചനയാണ് ഇത് നൽകുക. ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും മുസ്ലിങ്ങൾ ഇരകളാവുകയും ചെയ്യുന്നു. ചരിത്രത്തിന്റെ കൃത്യമായ വക്രീകരണവും പ്രോപ്പഗാണ്ടയുടെ വികലമായ പതിപ്പുമാണ് ഈ ആവിഷ്‌ക്കാരം. ഗോധ്രയിൽ നടന്ന ഹിന്ദുകൂട്ടക്കൊലയിലേക്ക് ചിത്രം കടന്നില്ലെങ്കിലും നമുക്ക് ഗോധ്രയെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്.
ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ മുതൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വരെ നിരവധി കലാപങ്ങൾക്ക് ഗോധ്ര സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1928 ൽ ഹിന്ദുപ്രതിനിധിയായ ഒരു ഷായെ കൊന്നതിന് ഗോധ്രയിൽ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 1946 ൽ പാർസികൾക്ക് നേരെയായിരുന്നു ആക്രമണം. 1948 ൽ വിഭജനത്തെ തുടർന്ന് നടന്ന ആക്രമണത്തിൽ ഹിന്ദു - സിഖ് വിഭാഗങ്ങൾക്കുനേരെ ട്രെയിനിൽ സമാനമായ ആക്രമണം നടന്നിരുന്നു. 1965, 1980, 1990, 1992 എന്നീ വർഷങ്ങളിലും അവിടം കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ തന്നെ 1992 ൽ റെയിൽവേസ്റ്റേഷനു സമീപം താമസിച്ചിരുന്ന ഹിന്ദുക്കളുടെ വീടുകൾ ഇസ്ലാമിക തീവ്രവാദികൾ കത്തിച്ചതായും മരണം സംഭവിച്ചതായും പറയുന്നുണ്ട്.
ഗോധ്ര സ്വാതന്ത്ര്യത്തിന് മുൻപും ശേഷവുമെല്ലാം നടന്ന കലാപങ്ങളിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് 2002 ലേത്. അതിലും അക്രമികൾ ഹിന്ദുക്കളോ ഹിന്ദുത്വവാദികളോ ആയിരുന്നില്ല എന്നുള്ളത് ശ്രദ്ധിക്കണം. ഇതിന്റെ പിന്നിലെ മുസ്ലിം തീവ്രവാദികളെ തുറന്നുകാട്ടാൻ, അവരുടെ പേരെടുത്തുപറയാൻപോലും കോൺഗ്രസ് - കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറാകുന്നില്ല എന്നത് നമ്മളെ എത്രമാത്രം പൊളിറ്റിക്കൽ ഇസ്ലാം വിഴുങ്ങി എന്ന് കാണിച്ചുതരുന്നു.
അബ്ദുൽ റസാഖാണ് ഗോധ്രകലാപത്തിന്റെ സൂത്രധാരനും പ്രധാന പ്രതിയും. ഇയാൾ കലാപം നടക്കുമ്പോൾ കോൺഗ്രസ് കോർപ്പറേറ്റർ ആയിരുന്നു. മറ്റൊരു പ്രതി ഹാജി ബിലാൽ കൗൺസിലറും. ഗുജറാത്ത് കലാപത്തെപ്പറ്റി മുതലക്കണ്ണീർ ഒഴുക്കുന്ന ആരും ഇത് പറയുന്നത് നമ്മളൊരിക്കലും കേട്ടിട്ടുപോലും ഉണ്ടാകില്ല. ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപം ചെറിയൊരു കട തുടങ്ങി ജീവിതമാരഭിച്ച ഇയാൾ പിന്നീട് ചെറിയ പിടിച്ചുപറിയും അക്രമവും ഒക്കെയായി ആ പ്രദേശം തന്നെ നിയന്ത്രിക്കുന്ന ഒരു ലോക്കൽ ഗുണ്ടാ സെറ്റപ്പിലേക്ക് വളരുകയായിരുന്നു. അമാൻ ഗസ്റ്റ് ഹൗസ് എന്ന പേരിൽ സ്റ്റേഷന് എതിർവശം ഒരു കെട്ടിടം നിർമ്മിച്ച് പല നിയമവിരുദ്ധപ്രവർത്തനങ്ങളും നടത്തി ആ പ്രദേശം മുഴുവൻ ഭീതിപരത്തിയ മനുഷ്യനാണ് ഇയാൾ. ഈ ഗസ്റ്റ്ഹൗസിൽ വെച്ച് തന്നെയാണ് സബർമതി എക്സ്പ്രസ്സിന് തീയിടുവാൻ ഗൂഢാലോചന നടത്തിയതും.
ഒരു മതഭ്രാന്തനായിരുന്ന ഇയാളുടെ 1980 കളിൽ ഗുജറാത്തിൽ നടന്ന കലാപങ്ങളിലെയും പങ്കു പല ഓഫീസർമാരും നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, സിനിമയിലും സഹിത്യത്തിലുമെല്ലാം കോൺഗ്രസ്സുകാർ പക്ഷേ വെള്ളരിപ്രാവുകളാണ്. ഇവരെ അഴിമതിക്കാരും മണ്ടന്മാരും മാത്രമാക്കി ലഘൂകരിച്ച് പൊതുബോധനിർമ്മിതി നടത്തുമ്പോൾ അറിഞ്ഞോ അറിയാതെയോ കേരളത്തിന്റെ, ഇന്ത്യയുടെ പൊതുബോധമനസ്സ് മറന്നുപോകുന്ന ഒന്നുണ്ട്, ഏറ്റവും വലിയ വർഗീയപ്രസ്ഥാനമാണ് കോൺഗ്രസ്സ്. ഗോധ്ര ഹിന്ദുകൂട്ടക്കൊലയിലെ പ്രധാന പ്രതികളുടെ പട്ടിക ഇവിടെ നൽകാം. അതിൽനിന്നും എത്രമാത്രം സംഘടിതമായിട്ടാണ് ഇത് ആസൂത്രണം ചെയ്തത് എന്ന് മനസ്സിലാക്കാൻ കഴിയും.
1. Suleman Ahmad Hussain alias Tiger (34) 2. Abdul Rehman Abdul Majid Dhantiya alias Kankatto (48) 3. Bilal Ismail Abdul Majid Sujela alias Bilal Haji (41) 4. Kasim Abdul Sattar alias Kasim Biryani Ghanchi (22) 5. Irfan Siraj Pado Ghanchi (19) 6. Anwar Mohammad Mehda alais Lala Shaikh (22) 7. Abdul Razak Mohammad Kurkur (44) 8. Siddik alias Matunga Abdullah Badam (46) 9. Mehboob Yakub Mitha alias Popa (30) 10. Ramjani Binyamin Behra (28) 11. Hasan Ahmed Charkha alias Lalu (23) 12. Jabir Binyamin Behra (20) 13. Mehboob Khalid Chanda (31) 14. Soheb Yusuf Ahmed Kalandar (22) 15. Saukat alias Bhano Farook Abdul Sattar Pataliya (23) 16. Salim alias Salman Yusuf Sattar Zarda (27) 17. Abdul Sattar Ibrahim Gaddi Asla (39) 18. Abdul Rauf Abdul Majid Isa (48) 19. Yunus Abdulhaq alias Ghadiyali (24) 20. Ibrahim Abdul Razak Abdul Sattar Samol alias Bhano (20) 21. Siraj Mohammad Abdul Meda alias Bala (27) 22. Bilal Abdullah Ismail Badam Ghanchi (34) 23. Haji Bhuriya Abdul Sattar Ibrahim Musalman (36) 24. Irfan Abdul Majid Ganchi Kalandar alias Irfan Bhopo (25) 25. Irfan Mhammad Hanifabdul Gani Pataliya (22) 26. Ayud Abdul Gani Ismail Pataliya (37) 27. Saukat Abdulah Maulvi Ismail Badam (40) 28. Mohammad Hanif alias Hani Abdullah Badam (42) 29. Mehbub Ahmed Yusuf Hasan alais Latiko (27) 30. Saukat Yusuf Ismail Mohan alias Bibino (28) 31. Siddik Mohammad Mora (35)
ഇതിലെ പ്രധാന ഗൂഢാലോചനക്കാരൻ ഫാറൂഖ് ബന്നയും കോൺഗ്രസ്സ് കൗൺസിലറായിരുന്നു. രാമഭക്തരായ ഹിന്ദുക്കളെ രണ്ടായിരത്തോളം വരുന്ന മുസ്ലിം തീവ്രവാദികൾ സബർമതി എക്സ്പ്രസ്സ് ട്രെയിനിൽ ചുട്ടുകൊന്നതിന്റെ പരിണതഫലങ്ങളാണ് ഗുജറാത്തിൽ സംഭവിച്ചത്. നിയന്ത്രണം വിട്ട ഹിന്ദുസമൂഹം തങ്ങളുടെ നിരപരാധികളായ ഹിന്ദുസഹോദരന്മാരുടെ മരണത്തിനു പകരംചോദിക്കാനായി തെരുവിലിറങ്ങുകയായിരുന്നു. ഇതുവരെയുള്ള മനുഷ്യത്വരഹിതവും ക്രൂരവുമായ സംഭവങ്ങൾ എമ്പുരാനിൽ സ്പർശിക്കുന്നില്ല. ഹിന്ദുപീഡനങ്ങൾ കാണിക്കുന്ന ചിത്രത്തിന് കേരളത്തിന്റെ 'പച്ചപ്പണിഞ്ഞ' മതേതര സമൂഹത്തിന്റെ മുന്നിൽ സാദ്ധ്യത ഇല്ല എന്നതുകൊണ്ടായിരിക്കാം.
ഗോധ്ര വഴി സംഭവിച്ച ഗുജറാത്ത് കലാപത്തിൽ പ്രചരിപ്പിക്കപ്പെട്ട ചില നുണകളെ അതുപോലെതന്നെ ചിത്രത്തിൽ പ്രചരിപ്പിച്ചത് അത്ര നിഷ്‌കളങ്കമായോ, കൈപ്പിഴവായോ ആയിട്ടല്ല കാണേണ്ടത്. ഗർഭിണിയും ശൂലവും കൊലപാതകങ്ങളും എല്ലാം ചർച്ചയാക്കിക്കൊണ്ട് സിനിമയിൽ ഏകപക്ഷീയമായി കലാപങ്ങൾ ചിത്രീകരിക്കുമ്പോൾ അതിനെ ചോദ്യം ചെയ്യുകതന്നെ വേണം. ഗോധ്രാനന്തരകലാപത്തിൽ, അതായത് ഗോധ്രയിലെ ഹിന്ദുകൂട്ടക്കൊലയ്ക്ക് ശേഷം ഗുജറാത്തിൽ നടന്ന സംഭവങ്ങളിൽ എറ്റവും വലിയ നുണക്കഥയായി പ്രചരിപ്പിക്കപ്പെട്ട കഥയാണ് പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയുടെ വയർ കുത്തിപ്പിളർന്ന് ഗർഭസ്ഥശിശുവിനെ ശൂലത്തിൽ കോർത്തെടുത്തു എന്നത്. അരുന്ധതി റോയിയാണ് ഈ കഥ അടിച്ചിറക്കിയ പ്രമുഖ. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ നരോദപാട്യയിൽ നടന്ന കലാപത്തെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞതുകേട്ട അറിവുവച്ച് മാത്രം താൻ എഴുതിയതാണെന്നായിരുന്നു അവരുടെ മറുപടി. ഒരുപറ്റം അക്രമികൾ ഗർഭിണിയായ കൗസർ ബാനുവിനെ ശൂലത്തിൽ കോർത്ത് കുഞ്ഞിനെ പുറത്തെടുത്ത് തീയിലെറിഞ്ഞുവെന്നായിരുന്നു നുണക്കഥ. ആലോചിച്ചുനോക്കുക, സുഹൃത്ത് പറഞ്ഞ അറിവ് മാത്രമാണ് അവർക്കുള്ളത്. മാർച്ച് ഒന്നാം തീയതി കലാപത്തിൽ കൊല്ലപ്പെട്ട കൗസർബാനുവിന്റെ പോസ്റ്റുമോർട്ടം നടത്തിയത് ഡോ. ജെ.എസ്. കനോരിയയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കൗസർ ബാനു മരിച്ചത് പൊള്ളലേറ്റാണ്. മാത്രമല്ല, ഗർഭിണിയായിരുന്ന കൗസർ ബാനുവിന്റെ ഗർഭപാത്രത്തിനോ ഭ്രൂണത്തിനോ ഒരു കേടുപാടും സംഭവിച്ചിരുന്നുമില്ല. കേസ് കോടതിയിലെത്തിയപ്പോൾ, ഡോ. കനോരിയ ഇത് അവിടെയും ബോധ്യപ്പെടുത്തി. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ഇത് പ്രത്യേകമായി തന്നെ അന്വേഷിച്ച് കഴമ്പില്ല എന്ന് മനസ്സിലാക്കി.അരുന്ധതി റോയിക്ക് ഈ വിവരം എവിടെ നിന്ന് കിട്ടിയതാണെന്നറിയുവാൻ കലാപം അന്വേഷിച്ച കമ്മീഷന് മുമ്പാകെ ഹാജരാകാൻ അവരോട് ആവശ്യപ്പെട്ടു. ഈ കുറിപ്പ് എഴുതുന്ന ഈ നിമിഷം വരെയും അവർ ഹാജരായിട്ടില്ല.
ഇന്ത്യ ടുഡേയ്ക്ക് വേണ്ടി 2002 ൽ കലാപം റിപ്പോർട്ടുചെയ്ത പത്രപ്രവർത്തകനാണ് ഉദയ് മഹൂർക്കർ. കലാപ സമയം അഭയാർത്ഥി ക്യാമ്പാക്കി മാറ്റിയ ഷാ അലം ദർഗ്ഗ സന്ദർശിച്ച സമയത്ത് ബെലിം എന്ന സ്ത്രീ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് താൻ കണ്ട കാഴ്ചകളെക്കുറിച്ച് പറയുന്നത് അദ്ദേഹം ശ്രദ്ധിക്കാനിടയായി. അവർ പറയുന്നതിലെ പൊരുത്തക്കേടുകൾ ശ്രദ്ധിച്ച ഉദയ് അവരുടെ സമീപത്തേക്ക് ചെന്നു. മാധ്യമപ്രവർത്തകർ പിരിഞ്ഞുപോയ ഉടനെ കരഞ്ഞുകൊണ്ടിരുന്ന ആ സ്ത്രീ യാതൊരുവിധ കുഴപ്പവും സംഭവിച്ചില്ല എന്ന മട്ടിൽ നടന്നുനീങ്ങുകയായിരുന്നു. മറ്റൊരു സ്ഥലത്ത് അദ്ദേഹം കണ്ട കാഴ്ച കർണ്ണാടകയിൽ നിന്ന് വന്ന ഒരു വൃദ്ധന്റെ മുന്നിൽ ടേപ്പ് റെക്കോർഡും കയ്യിലേന്തി 'ഈ കലാപങ്ങളിൽ ഞാൻ അത്യധികം കുപിതനാണ്. ഇവരെന്നെ ഒരു തീവ്രവാദിയാക്കും' എന്ന് അദേഹത്തെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിക്കുന്ന ഒരു സ്ത്രീയെയാണ്. ആ സ്ത്രീയെ ഉദയ് നന്നായി തിരിച്ചറിയുന്നുണ്ട്. ആ സ്ത്രീയാണ് ടീസ്താ സെതൽവാദ്. ടീസ്താ സെതൽവാദിന് കലാപങ്ങളുടെ ചിത്രങ്ങൾ ഗുജറാത്തിൽ ക്യാമ്പ് ചെയ്ത് അയച്ചുകൊടുത്തത് സഹപ്രവർത്തകനായിരുന്ന റെയ്‌സ് ഖാനായിരുന്നു. 2008 ൽ ഖാൻ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു;
'ഞാൻ അയച്ചുനൽകിയ ചിത്രങ്ങളിൽ അവർ ഒരിക്കലും ആക്രമണത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളുടെ ഫോട്ടോ നൽകിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഹിന്ദുക്കളെ ആക്രമിക്കുന്ന ചിത്രങ്ങളും ഞാൻ അവർക്ക് അയച്ച് നൽകിയിരുന്നു. അവർ അതും പ്രസിദ്ധീകരിച്ചില്ല. ഇത് ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ വിഎച്ച്പിക്ക് എതിരെ താൻ നടത്തുന്ന പ്രോപ്പഗണ്ട ആണെന്നായിരുന്നു അവരുടെ മറുപടി...'
കലാപം നടന്ന സമയത്ത് അയൽസംസ്ഥാനങ്ങളായിരുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് സേനയെ നൽകാൻ മോദി അഭ്യർഥിക്കുകയുണ്ടായി. മഹാരാഷ്ട്രയിൽനിന്ന് വിലാസ് റാവു ദേശ്മുഖ് കുറച്ച് സേനയെ നൽകിയിരുന്നു എന്നത് ഒഴിച്ചാൽ അശോക് ഗഹ്ലലോട്ട് ഭരിച്ചിരുന്ന രാജസ്ഥാനും ദിഗ്വിജയ് സിംഗ് ഭരിച്ചിരുന്ന മദ്ധ്യപ്രദേശും സേനയെ വിട്ട് നൽകിയില്ല. തരില്ല എന്നുപറയാൻ ദിഗ്‌വിജയ്‌സിംഗ് എടുത്തത് 13 ദിവസങ്ങളാണ്. ഇതേ ദിഗ് വിജയ്‌സിംഗിനെ മുന്നിലിരുത്തി പിൽക്കാലത്ത് നരേന്ദ്ര മോദി ഈ ചോദ്യം ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി.
ടൂൾകിറ്റുമായി ധാരാളം ഹിന്ദുവിരുദ്ധർ അന്ന് ഇറങ്ങിയിരുന്നു. ഹിന്ദുത്വത്തിന്റെ പരീക്ഷണശാല എന്നായിരുന്നു അന്നവർ ഗുജറാത്തിനെ അധിക്ഷേപിച്ചിരുന്നത്. പക്ഷേ അത് തള്ളിക്കളഞ്ഞ് ജനം മോദിയുടെ കൂടെ നിൽക്കാനാണ് തീരുമാനിച്ചത്. അതുകൊണ്ട് ഇന്ന് ഈ രാജ്യം ഹിന്ദുത്വത്തിന്റെ പരീക്ഷണശാല എന്നേ അറിയപ്പെടുന്നുള്ളൂ. ജനം മോദിയെ പരാജയപ്പെടുത്തിയിരുന്നുവെങ്കിൽ ഹിന്ദുക്കളുടെ അറവുശാലയായി ഇവിടം മാറിയേനെ.
എഴുത്തുകാരനും തിരക്കഥാകൃത്തുമായ സൽമാൻഖാന്റെ അച്ഛൻ സലീംഖാൻ പണ്ടൊരു അഭിമുഖത്തിൽ പറയുന്നുണ്ട്, 'ഇന്ത്യയിൽ നൂറുകണക്കിന് കലാപങ്ങൾ നടന്നിട്ടുണ്ട്, പക്ഷേ, ഗുജറാത്തിൽ മാത്രമാണ് അത് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി പറയുന്നത്. 1992 ലെ മഹാരാഷ്ട്രകലാപത്തിൽ ആരും മുഖ്യമന്ത്രിയെ പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. വാസ്തവത്തിൽ അദേഹത്തിന്റെ പേരുപോലും ആർക്കും അറിയില്ല.'
ഗുജറാത്തിൽ നടന്ന ഏറ്റവും വലിയ കലാപമാണോ 2002 ലേത്? അല്ല എന്നാണ് ഉത്തരം. ഗുജറാത്ത് കണ്ട ഏറ്റവും വലിയ കലാപം നടന്നത് 1969 ലാണ്. അഹമ്മദാബാദിലെ ജഗന്നാഥക്ഷേത്രത്തിലെ ഗോക്കളുമായി ക്ഷേത്രവാസികൾ എന്നും പുറത്തിറങ്ങി അവയെ മേയാൻകൊണ്ടുപോകുന്ന പതിവുണ്ട്. പതിവുപോലെ ഗോക്കളുമായി പുറത്തിറങ്ങിയ സന്യാസിമാരുടെ വഴിയിൽ ഒരുകൂട്ടർ പ്രാർത്ഥന നിർവഹിക്കുകയായിരുന്നു. ഗോക്കളെ കണ്ടതും അവരിൽ ചിലർ സന്യാസിമാരോട് തട്ടിക്കയറുകയും കൂട്ടത്തിൽ ഒരാൾ ഒരു പശുവിന്റെ വാല് മുറിച്ചുകളയുകയും ചെയ്തു. മാത്രമല്ല, സന്യാസിമാരെ മർദ്ദിക്കുകയും അവർക്കുനേരെ കല്ലുകൾ എറിയുകയും ചെയ്തു. കൂടാതെ, കിട്ടിയ തക്കം നോക്കി ഈ തീവ്രവാദിസംഘം ക്ഷേത്രത്തിലേക്കും കല്ലുകൾ എറിഞ്ഞ് തകർക്കാൻ ശ്രമിക്കുകയുണ്ടായി. ഒടുവിൽ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഈ വിവരം കാട്ടുതീപോലെ പടരുകയും ഹിന്ദുക്കൾ തിരിച്ചടിക്കുകയും ചെയ്തു. ഇത് പിന്നീട് രാജ്യം കണ്ട ഏറ്റവും വലിയ കലാപങ്ങളിൽ ഒന്നായി മാറി. 1984 ൽ കോൺഗ്രസ് നേതൃത്വത്തിൽ സിഖ് നരഹത്യ നടക്കുന്നതുവരെ ഇന്ത്യയിലെ ഏറ്റവും വലിയ കലാപമായിരുന്നു ഇത്. ഇരുവിഭാഗത്തിന്റെയും വീടുകളിലെ കട്ടിലും കുടവും പോലും തല്ലിത്തകർക്കുന്ന രീതിയിൽ കലാപം പടർന്നു. സ്ത്രീകൾ ബലാൽസംഗം സംഘം ചെയ്യപ്പെട്ടു, നഗ്‌നരായി റോഡിലൂടെ നടക്കാൻ നിർബന്ധിതരായി. നിരപരാധികളെ ജീവനോടെ ചുട്ടുകൊന്നു. 6000 കുടുംബങ്ങൾക്കാണ് വീടുകളും സ്ഥാവരജംഗമങ്ങളും ഈ കലാപത്തിൽ നഷ്ടപ്പെട്ടത് എന്ന് പറയുമ്പോൾ എത്രമാത്രം ഭീകരമായിരുന്നു അവസ്ഥ എന്ന് ഊഹിക്കാമല്ലോ. ഇത്രയും വലിയ കലാപം ഉണ്ടായിട്ടും അന്ന് സംസ്ഥാനം ഭരിച്ച കോൺഗ്രസ് രണ്ടുദിവസം സൈന്യത്തെ വിളിച്ചില്ല. ഒടുവിൽ അന്നത്തെ ഒരു ക്യാബിനറ്റ് മന്ത്രി രാജിഭീഷണി മുഴക്കിയപ്പോൾ മാത്രമാണ് വിളിക്കുന്നത്. എന്നിട്ടും ഒരു മുഴുവൻ നഗരവും സൈന്യത്തെ ഏൽപ്പിക്കണോ വേണ്ടയോ എന്ന ചർച്ചയിൽ മുഴുകുകയായിരുന്നു കോൺഗ്രസ്. പിൽക്കാലത്ത് ഈ കലാപങ്ങളെക്കുറിച്ച് പഠിച്ച് ലേഖനമെഴുതിയ സാഖിബ് സലീം പറഞ്ഞത് ഇങ്ങനെയാണ്;
'അഹമ്മദാബാദ് കത്തുമ്പോൾ മുഖ്യമന്ത്രി ഹിതേന്ദ്ര ദേശായി വീണ വായിച്ചില്ല എന്നത് സത്യമാണ്. മന്ത്രിസഭയിലെ സഹപ്രവർത്തകരും നിരവധി സുരക്ഷാജീവനക്കാരും ചേർന്ന് അദ്ദേഹം തന്റെ ബംഗ്ലാവിൽ ഇരിക്കുക മാത്രമാണ് ചെയ്തത്. സാഹചര്യം കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയുടെ ദയനീയമായ ഒരു കാഴ്ചയായിരുന്നു അത്.'
ജില്ലാ കലക്ടർ മൂന്ന് മണിക്കൂർ നിർത്താതെ വിളിച്ചിട്ടും ഹോം സെക്രട്ടറിയെ കിട്ടിയില്ല. ആജ്ഞകൾ നൽകാനോ നടപടികൾ കൈക്കൊള്ളാനോ നിർദ്ദേശങ്ങൾ നൽകാനോ ആരുമില്ല. ഈ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു റെഡ്ഡി കമ്മീഷനെയാണ് നിയോഗിച്ചത്. കമ്മീഷൻ വിസ്തരിച്ച സാക്ഷികളിൽ ഒരു പോലീസ് ഓഫീസർ ഇത് പെട്ടെന്നുണ്ടായ കലാപമല്ലെന്നും കൃത്യമായ പദ്ധതിയോടെ ഹിന്ദുക്കളെ ആക്രമിച്ചതാണ് എന്നും വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം വിവരം അറിഞ്ഞ് ക്ഷേത്രത്തിലേക്ക് എത്തുമ്പോൾ ആയിരത്തോളം വരുന്ന അക്രമി സംഘം തക്ബീർ വിളികളും മാരോ മാരോ (അവരെ കൊല്ല്) വിളികളുമായി നിൽക്കുകയായിരുന്നു. 660 മൃതദേഹങ്ങളാണ് ഔദ്യോഗികമായി അന്ന് സർക്കാരിന് ലഭിച്ചത്. വ്യക്തമായി ഐഡന്റിഫൈ ചെയ്യാൻ കഴിയാത്തത് വീണ്ടും അത്രത്തോളംതന്നെ വരും. കലാപത്തിൽ കാണാതെ പോയവർ അതിലധികവും. അനൗദ്യോഗികമായി 2000 ത്തിലധികം മരണമാണ് ഈ കലാപത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 1074 ഓളം പേർക്ക് മുറിവേറ്റിരുന്നു. 33 കോടിയുടെ നഷ്ടവും.
2002 ലെ കലാപം പത്ത് ദിവസത്തിനകം അടിച്ചമർത്താൻ മോദിക്ക് കഴിഞ്ഞിരുന്നു. എന്നാൽ 1969 ലെ കലാപം എത്ര കാലം നിന്നു എന്ന് അറിയാമോ? ആറ് മാസം. ഫോറൻസിക് റിപ്പോർട്ടുകളും ബാനർജി കമ്മീഷനും ഉപയോഗിച്ചുകൊണ്ട് പല നികൃഷ്ടജന്മങ്ങളും ഇസ്ലാം തീവ്രവാദികളും ഗോധ്ര ഹിന്ദു കൂട്ടക്കൊലയെ ഒരു അപകടമാക്കിതീർക്കുവാൻ ശ്രമിക്കുന്നുണ്ട്. വാജ്‌പേയ് സർക്കാരിനുശേഷം 2004 ൽ അധികാരത്തിലേറിയ, സോണിയ ഗാന്ധി ബാക്‌സീറ്റ് ഭരണം നടത്തിയ ആദ്യ യുപിഎസർക്കാരിന്റെ കാലത്ത്, റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് നിയോഗിച്ച ബാനർജി കമ്മീഷൻ റിപ്പോർട്ടിലാണ് ഈ ഗുണ്ട് കഥകളൊക്കെ അടിച്ചിറക്കിവിട്ടത്. ഏറ്റവും രസകരമായ വസ്തുത ഈ കമ്മീഷനെ കോടതി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഡിസ്മിസ് ചെയ്തിരുന്നുവെന്നതാണ്. ഗോധ്രകലാപം അന്വേഷിക്കാൻ ഒരു ജുഡീഷ്യൽ കമ്മീഷൻ നേരത്തെതന്നെ ഉണ്ടാക്കിയിരിക്കെ (ജസ്റ്റീസ് നാനാവതി കമ്മീഷൻ) ബാനർജി കമ്മീഷൻ നിയമിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് ഗോധ്ര ട്രെയിൻ തീവെയ്പിൽ കൊല്ലപ്പെട്ട ഒരു ഇരയുടെ ബന്ധു തന്നെയാണ് ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി നൽകിയതും ബാനർജി കമ്മീഷനെ ഭരണഘടനാവിരുദ്ധമാക്കുന്നതും. ഇനി ബാനർജി കമ്മീഷൻ കണ്ടെത്തിയ കിടിലൻ കണ്ടെത്തലുകളിലേക്ക് നമുക്ക് പോകാം;
ഫോറൻസിക് റിപ്പോർട്ടിൽ ബോഗിയുടെ അകത്തുനിന്നാണ് തീ വന്നത് എന്നാണല്ലോ നിലവിൽ പ്രചരിപ്പിക്കുന്ന കഥ. ഇത് പ്രചരിപ്പിക്കുന്നവർ ഫോറൻസിക് റിപ്പോർട്ട് വായിച്ചിട്ടുണ്ടോ എന്നറിയില്ല. 60 ലിറ്റർ പെട്രോൾ ട്രെയിൻകോച്ചിലേക്ക് തീ എളുപ്പം കത്തിപ്പടരാൻതക്ക എളുപ്പത്തിൽ പുറമെനിന്ന് ഒഴിച്ചിട്ടുണ്ട് എന്ന് വ്യക്തമായി റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിൽ പറയുന്നത് ദൂരെനിന്ന് പെട്രോൾ എറിഞ്ഞാൽ ഇത്രയും വലിയ രീതിയിൽ തീ പടരില്ലെന്ന് മാത്രമാണ്, അല്ലാതെ പെട്രോൾ പുറമെ നിന്ന് ഒഴിച്ചിട്ടില്ല എന്നല്ല. അതായത് പുറമെനിന്ന് കത്തുന്ന ഇന്ധനങ്ങൾ ട്രെയിനിലേക്ക് ഒഴിച്ചിട്ടുണ്ട് എന്ന് വ്യക്തമായി പറയുന്നുണ്ട്. പക്ഷേ പ്രധാനമായി ഈ കൂട്ടക്കൊല നിർവഹിക്കാൻ കാരണമായ 60 ലിറ്റർ പെട്രോൾ ഒഴിച്ചത് മറ്റൊരുഭാഗത്ത് നിന്നും ട്രെയിനിന് അകത്തേക്കാണ്. അതും ട്രെയിനിന് പുറത്തുനിന്ന് തന്നെ. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഫോറൻസിക് ടീം ഒടുവിൽ എങ്ങനെയാണ് തീ പടരാൻ കാരണമായത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ബോഗിയിലെ സീറ്റ് നമ്പർ 72 ൽ 60 ലിറ്റർ പെട്രോൾ അതിന് സമീപം വെച്ച് ട്രെയിനകത്തേക്ക് ഒഴിക്കുകയും തീ കത്തിക്കുകയുമായിരുന്നു എന്ന് ഫൊറൻസിക് കണ്ടെത്തലിൽ സംശയവും ഇല്ലാതെ പറയുന്നുണ്ട്. ഇന്ധനം ട്രെയിനിനകത്ത് ഒഴിച്ചതിനുശേഷം പുറത്ത് നിന്ന് തീ അകത്തേക്ക് എറിഞ്ഞതാണ് കത്തിപ്പടരാനുള്ള കാരണം. ഈ ഫോറൻസിക് റിപ്പോർട്ട് ബാനർജി കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഇത് പൊക്കി നടക്കുന്നവർക്ക് അറിയില്ല. അത് പറഞ്ഞാൽ പിന്നെ എല്ലാം പോയില്ലേ. ഏറ്റവും സുപ്രധാന തെളിവായ ഫോറൻസിക് റിപ്പോർട്ട് തന്നെ ഒരു കമ്മീഷൻ ഒഴിവാക്കിയിരിക്കുന്നു. ഇനി ബാനർജി കമ്മീഷൻ ചെയ്ത മറ്റൊന്നാണ് ഇതിലെ ഞെട്ടിക്കുന്ന വസ്തുത.
ഗോധ്ര ഹിന്ദുകൂട്ടക്കൊലയിലെ അതിജീവിതയാണ് അഹമ്മദാബാദിലെ ഗായത്രി പഞ്ചൽ. ഗായത്രിയുടെ അച്ഛനും അമ്മയും അന്ന് മരണപ്പെട്ടിരുന്നു. ഈ കലാപത്തിലെ ഏക അതിജീവിതയായ ഗായത്രിയെ ഈ കമ്മീഷൻ ഒരിക്കൽപോലും സമീപിച്ചിട്ടേയില്ല. സംഭവത്തിന്റെ മുഴുവൻ ദൃക്‌സാക്ഷിയായ ഒരു പെൺകുട്ടിയെ സത്യം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കമ്മീഷൻ കണ്ടിട്ടുപോലുമില്ല എന്ന് പറയുമ്പോൾ സത്യത്തിൽ എന്താണ് വേണ്ടത്?അക്രമിസംഘം ട്രെയിനിനകത്തുണ്ടായിരുന്ന ലോക്കോ പൈലറ്റിനെ ഭീഷണിപ്പെടുത്തിയ കാര്യവും അത് ആരാണെന്നും റിപ്പോർട്ടിൽ മിണ്ടിയിട്ടില്ല. എങ്ങനെയാണ് ഒരു സ്റ്റേഷനിൽ രണ്ടായിരത്തിൽപരം മതമൗലികവാദികൾ ക്ഷണനേരംകൊണ്ട് എത്തിയത് എന്നും സംഘടിതമായി ആക്രമണം നടത്തിയത് എന്നും പറയുന്നില്ല. ഈ തീവ്രവാദി സംഘം, കല്ലുകൾ ട്രെയിനിലേക്ക് എറിഞ്ഞ് ചില്ലുകൾ തകർത്ത് പെട്രോൾ ബോംബും കത്തിയെരിയുന്ന ബാഗുകളും എറിയുകയും ബോഗിയിൽ പുക വലിയ അളവിൽ വർദ്ധിക്കുകയും യാത്രക്കാരായ ഹിന്ദുക്കൾക്ക് വഴിയോ വാതിലോ കാണുവാൻപോലും കഴിയാത്ത രീതിയിൽ അവരെ കുടുക്കുകയുമായിരുന്നു എന്ന് നാനാവതി കമ്മീഷനിൽ ദൃക്‌സാക്ഷി വിവരണങ്ങൾ അടക്കം നൽകി തെളിയിച്ച ഒന്നിനെയാണ് ട്രെയിനിനകത്ത് സംഭവിച്ച അപകടം എന്ന മട്ടിൽ ബാനർജി കമ്മീഷൻ വെളുപ്പിച്ചെടുത്തന്നതെന്ന് ഓർക്കണം. ഇതേ വാദങ്ങളാണ് ഹമാസ് ആരാധകനായ ഒരു സാധാരണ മതമൗലികവാദി മുതൽ മതേതര കാവൽഭടന്മാരായ കോൺഗ്രസുകാർപോലും പറയുന്നത്. ഇത് പറയുന്ന മതേതര ഭീകരവാദികൾ ഈ റിപ്പോർട്ട് കണികണ്ടിട്ടില്ല. നാനാവതി കമ്മീഷൻ റിപ്പോർട്ട് ഒരുതവണ ഒന്ന് ഓടിച്ച് വായിച്ചുനോക്കിയ ഒരാളും മറുത്തൊരു വാദംപോലും പറയില്ല. ഇത്രയും വസ്തുതകളും തെളിവുകളും ലഭ്യമായിരിക്കെ വീണ്ടും അത് ഇരയുടെ തലയിൽ വെച്ചുകെട്ടി ഇസ്ലാമിക തീവ്രവാദികളോട് സന്ധി ചേരുന്ന കോൺഗ്രസ് - കമ്മ്യൂണിസ്റ്റ് - ജിഹാദി രാഷ്ട്രീയ ത്രയത്തെ തിരിച്ചറിയേണ്ട ബാധ്യതയും ബോധവും കേരളത്തിന്റെ ഹിന്ദുസമൂഹത്തിനുണ്ട്.
ഇനി കലാപത്തിലെ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് ഓടിനടന്ന് ഡോക്യുമെന്ററിയും സിനിമയുമൊക്കെ പ്രദർശിപ്പിക്കുന്നവർ അറിയുവാൻ.
1980 കളിൽ ഖാലിസ്ഥാൻ വിഘടനവാദം അടിച്ചമർത്തിയ സമർത്ഥനായ പോലീസുദ്യോസ്ഥനാണ് കെ.പി.എസ്. ഗിൽ. അതേ ഗില്ലിനെ തന്നെയാണ് ഗോധ്രയിലെ ഹിന്ദു കൂട്ടക്കൊലയ്ക്ക് ശേഷമുണ്ടായ ഗുജറാത്ത് കലാപത്തെ അടിച്ചമർത്താൻ നരേന്ദ്ര മോദി ചുമതലപ്പെടുത്തിയത് എന്ന് പലർക്കും അറിയില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി, സുരക്ഷാ ഉപദേഷ്ടാവായാണ് ഗില്ലിനെ നിയമിക്കുന്നത്. തന്റെ പരിശീലനമികവും തന്ത്രങ്ങളും എല്ലാമുപയോഗിച്ച് അദ്ദേഹം തന്നാലാവുന്ന വിധം കലാപത്തെ അടിച്ചമർത്താൻ സർക്കാർ സംവിധാനത്തിന്റെ കൂടെ നിന്നിരുന്നു. അദേഹത്തിന്റെ സേവനം പ്രശംസനീയവുമായിരുന്നു. വർഷങ്ങൾക്കുശേഷം അദ്ദേഹത്തോട് ഗുജറാത്ത് കലാപസമയം നരേന്ദ്ര മോദി എന്ന മുഖ്യമന്ത്രിയുടെ സമീപനത്തെപ്പറ്റി ഏതോ ഒരു പത്രപ്രവർത്തകൻ ചോദിച്ചു. ഒട്ടും മടിക്കാതെ അദ്ദേഹം നൽകിയ ഉത്തരം ഇങ്ങനെയാണ്.'കലാപം അടിച്ചമർത്താൻ നരേന്ദ്ര മോദി ആത്മാർത്ഥമായി ശ്രമിച്ചു..' മാത്രമല്ല, അദ്ദേഹം മറ്റൊന്നുകൂടി പറഞ്ഞു, 'എല്ലാ രാഷ്ട്രീയപാർട്ടികളിലെയും മോദി വിരുദ്ധർ, ബിജെപി വിരുദ്ധർ, ഈ കലാപത്തെ പ്രയോജനപ്പെടുത്തി ഒരു വഴിയിൽ അല്ലെങ്കിൽ മറ്റൊരു വഴിയിൽക്കൂടി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തി എന്ന് ഞാൻ മനസ്സിലാക്കി..'
നിലവിൽ ഇരുപത് വയസായ, അല്ലെങ്കിൽ ഇരുപത്തോന്നുകാരനായ ഒരു ചെറുപ്പക്കാരന് ഗോധ്ര തുടങ്ങിവെച്ച അപകടം എന്താണ് എന്ന് അറിയണമെന്നില്ല. സിനിമകളും ഡോക്യുമെന്ററികളും ഒക്കെയായിരിക്കും കലാപത്തെക്കുറിച്ചുള്ള അവന്റെ ചിന്തകളെ സ്വാധീനിക്കുന്നത്. അങ്ങനെയുള്ള ആരും ഒരു സിനിമയും നോവലും വഴി തെറ്റിദ്ധരിക്കപ്പെടരുത്. ട6 ബോഗിയിൽ കത്തിയെരിഞ്ഞ 59 ഹിന്ദു ജീവനുകൾ ഈ രാജ്യത്തിന്റെ മതേതരഹൃദയങ്ങൾക്ക് ഒരു വിഷയമേ അല്ല എങ്കിൽ അത് വിഷയമാകുന്നത് വരെ, സത്യം ഏവരും തിരിച്ചറിയുന്നത് വരെ നമ്മൾ സംസാരിച്ചുകൊണ്ടേയിരിക്കണം. ചിത്രത്തിലെ വിവാദങ്ങൾ ഹിന്ദുത്വപക്ഷത്തിന് ഗുണം ചെയ്യും എന്ന പക്ഷക്കാരനാണ് ലേഖകൻ. മറന്നുപോയ ഇസ്ലാമിക വർഗ്ഗീയവാദങ്ങളെ, വർഗീയതയുടെ വേരുകളെ ആഴത്തിൽ പ്രചരിപ്പിക്കാൻ ഇതിനോടകം തന്നെ ഹിന്ദുത്വപക്ഷത്തിന് സാധിച്ചിട്ടുണ്ട്. ആരംഭത്തിലെ വാചകങ്ങൾതന്നെ കടമെടുത്തുകൊണ്ട് ഹിന്ദുവിരുദ്ധ - ദേശവിരുദ്ധ ശക്തികളോട് അസന്ദിഗ്ധമായി തന്നെ പറയട്ടെ,
'രാജാവിന് നേരെ വാളോങ്ങുമ്പോൾ നിങ്ങൾ അദേഹത്തെ വധിച്ചിരിക്കണം'
