Hindu Vishwa
Index
വഖഫ് ഭേദഗതിനിയമം തുറന്നിടുന്ന സ്വാതന്ത്ര്യം
 
                                                    2025 മാർച്ച് 30 ന് വർഷ പ്രതിപദ (ഹിന്ദു പുതുവത്സരം) ആഘോഷവും 2025-26 സാമ്പത്തികവർഷവും ആരംഭിച്ച ഉടനെ, ഭാരത പാർലമെന്റ് ഒരു നിയമം പാസാക്കുകയുണ്ടായി. ലാൻഡ് ജിഹാദിന്റെ നഖങ്ങളിൽനിന്ന് ഭാരതത്തിന്റെ സ്വത്തുക്കളുടെ സ്വാതന്ത്ര്യദിനം എന്ന് ഇതിനെ വിളിച്ചാൽ അതിശയോക്തിയാകില്ല. 1995 ലെയും 2013 ലെയും വഖഫ് നിയമം ഭേദഗതി ചെയ്യുക, വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിലും വിനിയോഗത്തിലുമുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിച്ചുകൊണ്ട് വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്‌മെന്റും മെച്ചപ്പെടുത്തുക എന്നിവയാണ് 2024 ലെ വഖഫ് (ഭേദഗതി) ബില്ലിന്റെ ലക്ഷ്യം. ബില്ല് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതി ഒപ്പുവച്ചു. ലാൻഡ് ജിഹാദി ലഷ്‌കറുകൾ രാജ്യത്തിന്റെ സ്വത്തുക്കൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്നത് തടയുന്നതിനായി വിശ്വഹിന്ദുപരിഷത്ത് 30 വർഷമായി നടത്തിവരുന്ന തുടർച്ചയായ സാധനയുടെ ഒരു പ്രധാന സംഭാവന കൂടിയാണ് ഈ ഭേദഗതിനിയമത്തിന്റെ അടിസ്ഥാനം. ഈ സാധന എന്താണെന്നും 123 പ്രധാന സ്വത്തുക്കൾ മോചിപ്പിക്കാനുള്ള പ്രചാരണം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് സ്വത്തുക്കൾ മോചിപ്പിക്കുന്നതിന് എങ്ങനെ കാരണമായെന്നും അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്.
നൂറുവർഷത്തിലേറെയായി കേന്ദ്രസർക്കാരിന് അവകാശപ്പെട്ടതായ സ്വത്തുക്കളുടെ അവകാശങ്ങളും സംരക്ഷണവും ഒരുനിമിഷം കൊണ്ട് ഭരണഘടനാവിരുദ്ധമായി കൈമാറുമെന്ന് ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. അവർ ഭാരതാംബയുടെ സ്വത്തുക്കൾ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രൂപങ്ങളിൽ ഇതിനകം തന്നെ വെട്ടിമാറ്റി കൈക്കലാക്കിയിരുന്നു. നിർഭാഗ്യവശാൽ അന്നത്തെ സർക്കാരുകൾ ഇന്ത്യയുടെ തന്ത്രപ്രധാനമായ ഭൂമിയും ദ്വീപുകളും മറ്റ് രാജ്യങ്ങൾക്ക് അവരുടെ ജന്മദിന- വാർഷിക സമ്മാനമോ മറ്റോ ആയി നൽകാൻ അവകാശമുണ്ടെന്നതുപോലെ കൊടുക്കുകയായിരുന്നു. 2014 മാർച്ച് 03 ഞായറാഴ്ച കേന്ദ്രമന്ത്രിസഭയുടെ വളരെ പെട്ടെന്നു വിളിച്ചുചേർത്ത ഒരു യോഗത്തിലൂടെ നൂറിലധികം വർഷമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കപ്പെടുമെന്ന് അന്നത്തെ യുപിഎ സർക്കാർ കരുതി. ഈ ദിവസം, ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിലുള്ള 123 ഭൂസ്വത്തുക്കൾ ഡൽഹി വികസന അതോറിറ്റിയിൽ നിന്നും (ഡിഡിഎ) സർക്കാരിന്റെ ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസിൽ നിന്നും (എൽ ആൻഡ് ഡിഒ) പിടിച്ചെടുത്ത് ഡൽഹി വഖഫ് ബോർഡിന് കൈമാറി. 1947-ലെ വിഭജനസമയത്ത് ഇന്ത്യയിൽനിന്ന് പാകിസ്ഥാനിലേക്ക് പോയ മുഹാജിറുകൾ അവരുടെ സ്വത്തുക്കൾ വഖഫിന് നൽകിയിട്ടാണ് പോയത് എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം പാകിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന ഹിന്ദു, സിഖ് അഭയാർത്ഥികൾക്ക് എല്ലാം ഉപേക്ഷിക്കേണ്ടിവന്നു. അവയെല്ലാം അവിടേക്കെത്തിയ മുഹാജിറുകളും നാട്ടുകാരും കൈവശപ്പെടുത്തി.
പ്രധാനപ്പെട്ടൊരു കാര്യം, ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം അല്ലെങ്കിൽ ഗസറ്റ് വിജ്ഞാപനം 2014 മാർച്ച് 05 ന് പുറപ്പെടുവിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പതിനാറാം ലോക്‌സഭയിലേക്കുള്ള ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അതേ ദിവസം തന്നെയായിരുന്നു ഇത്. ഈ സ്വത്തുക്കളിൽ പലതും ഉപരാഷ്ട്രപതിയുടെ ഭവനവും ദേശീയ തലസ്ഥാനത്തെ മറ്റ് ഏറ്റവും തന്ത്രപ്രധാനമായ പ്രദേശങ്ങളും ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷാ മേഖലകളിലായിരുന്നു. കഴിഞ്ഞ 40 വർഷമായി ഈ സ്വത്തുക്കളെല്ലാം ഉൾപ്പെടുന്ന കേസുകൾ വിവിധ കോടതികളിൽ നടക്കുന്നുണ്ട്. എന്നാൽ, വോട്ടുബാങ്കിന്റെ ശക്തിക്ക് എന്തും ചെയ്യാനാവുമെന്ന് ഏവർക്കുമറിയാവുന്നതാണല്ലോ.
ഈ വിഷയത്തിൽ നമുക്ക് അല്പമൊന്നു പുറകോട്ട് പോകാം. 1970-ൽ ഡൽഹി വഖഫ് ബോർഡ് വളരെ വേഗത്തിൽ ഏകപക്ഷീയമായെടുത്ത ഒരു തീരുമാനപ്രകാരം ഈ സ്വത്തുക്കളെല്ലാം വഖഫ് സ്വത്തുക്കളായി (അതിന്റെ അനിഷേധ്യമായ ഉടമസ്ഥാവകാശം അല്ലാഹുവിൽ നിക്ഷിപ്തമാണ്) പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. ഇന്ത്യാ ഗവൺമെന്റ് ഉടൻതന്നെ ഈ തീരുമാനത്തിനെതിരെ ബോർഡിന് നോട്ടീസ് നൽകുകയും ഇവ വഖഫ് സ്വത്തുക്കളായി അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. മാത്രമല്ല, ബോർഡിനെതിരെ സർക്കാർ കോടതിയിൽ പോകുകയും 123 സ്വത്തുക്കൾക്കും വേണ്ടി കോടതിയിൽ ഓരോന്നിനുമായി 123 കേസുകൾ ഫയൽ ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുമുമ്പ് 1911 മുതൽ 1915 വരെയുള്ള കാലയളവിൽ ബ്രിട്ടീഷുകാർ ഡൽഹി തലസ്ഥാനമാക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ ഇന്ത്യാഗവൺമെന്റ് ഈ സ്വത്തുക്കളെല്ലാം ഏറ്റെടുത്തതാണ്. പിന്നീട്, ഇതിൽ 62 എണ്ണം ഡിഡിഎയ്ക്ക് നൽകി. ഡൽഹിയിലെ കൊണാട്ട്‌പ്ലേസ്, മഥുര റോഡ്, ലോധി കോളനി, മാൻസിംഗ് റോഡ്, പണ്ടാര റോഡ്, അശോക് റോഡ്, ജൻപഥ്, സൻസദ് മാർഗ്, കരോൾ ബാഗ്, സദർ ബസാർ, ദാര്യ ഗഞ്ച്, ജംഗ് പുര തുടങ്ങിയ വിവിഐപി പ്രദേശങ്ങളിലാണ് മിക്ക സ്വത്തുക്കളും സ്ഥിതിചെയ്യുന്നത്. അവയുടെ മൂല്യവും പ്രാധാന്യവും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. ഇന്നത് കോടികൾ മതിക്കുന്നതാണ്.
1974 ൽ, ഇന്ത്യാ ഗവൺമെന്റ് ഒരു ഉന്നതാധികാരസമിതി രൂപീകരിക്കുകയും ഈ സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, കമ്മിറ്റിയുടെ ചെയർമാനായി സർക്കാർ നിയമിച്ച എസ്.എം.എച്ച്. വർണി ഇതിനകം വഖഫ് ബോർഡിന്റെ ചെയർമാനായിരുന്നു. ഒരു കൊള്ളക്കാരനെ പോലീസ്‌സ്റ്റേഷന്റെ ചുമതല ഏൽപ്പിച്ചതുപോലെയായി ഇത്. കമ്മിറ്റിയുടെ നിഷ്പക്ഷത ആദ്യദിവസം മുതൽക്കെ ചോദ്യംചെയ്യപ്പെട്ടു. റിപ്പോർട്ടിൽ, കമ്മിറ്റിക്ക് രണ്ട് സ്വത്തുക്കളിൽപോലും പ്രവേശിക്കാൻ അനുവാദമില്ലെന്ന് അദ്ദേഹം തന്നെ എഴുതി. അതിൽ ഒന്ന് ഉപരാഷ്ട്രപതിയുടെ വീടിനുള്ളിലും മറ്റൊന്ന് രാജ്യത്തെ ഏറ്റവും സെൻസിറ്റീവ് വയർലെസ് സ്റ്റേഷനുള്ളിലുമായിരുന്നു. എന്നാൽ, ഇതെല്ലാം ഉണ്ടായിട്ടും, മുൻകൂട്ടി നിശ്ചയിച്ചതുപോലെ, കമ്മിറ്റി ഈ സ്വത്തുക്കളെല്ലാം വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചു. അതിനുശേഷം, നടപടിക്രമങ്ങൾ പൂർത്തിയാക്കി. കേന്ദ്രത്തിലെ അന്നത്തെ ഇന്ദിരാഗാന്ധിസർക്കാർ, 27.03.1984-ൽ, ആ വർഷത്തെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പുറപ്പെടുവിച്ച ഓർഡർ നമ്പർ J.20011/4/74.1 II പ്രകാരം, ഈ സ്വത്തുക്കളെല്ലാം വഖഫ് ബോർഡിന് ഏക്കറിന് പ്രതിവർഷം ഒരു രൂപ നിരക്കിൽ പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.
മുസ്ലീം പ്രീണനത്തിൽ മുഴുകിയ കേന്ദ്രസർക്കാർ, ജിഹാദി തീവ്രവാദികൾക്കും രാഷ്ട്രീയപാർട്ടികൾക്കും മുന്നിൽ മൗനം പാലിച്ചത് വിഎച്ച്പിക്ക് നിഷ്ക്രിയമായി നോക്കിനിൽക്കാനായില്ല. തുടർന്ന് 1984 ജൂണിൽ, പൊതുതാത്പര്യ ഹർജി (പിഐഎൽ) നമ്പർ WP(C) 1512/1984 വഴി വിഷയം ഡൽഹി ഹൈക്കോടതിയുടെ മുന്നിലെത്തി. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ഡൽഹി ഹൈക്കോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തുവെന്ന് മാത്രമല്ല, ഏതെങ്കിലും പ്രത്യേക മതത്തിന് അവരുടെ മതവിശ്വാസങ്ങൾ നിറവേറ്റുന്നതിനായി ഏതെങ്കിലും സ്വത്ത് പാട്ടത്തിന് നൽകാൻ സർക്കാരിന് എന്തെങ്കിലും നയമുണ്ടോ എന്ന് സർക്കാരിനോട് ആവർത്തിച്ച് ചോദിക്കുകയും ചെയ്തു. സർക്കാരിന് അത്തരമൊരു നയം ഉണ്ടായിരുന്നില്ല എന്നത് വ്യക്തമാണ്. അതിനാൽ, തൃപ്തികരമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല.
2010 ആഗസ്ത് 26 ന് അന്നത്തെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഓഫ് ഇന്ത്യ ശ്രീ പരാഗ് പി. ത്രിപാഠി കോടതിയിൽ ഹാജരായി നാല് ആഴ്ചകൾക്കുള്ളിൽ സർക്കാർ ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുത്ത് അറിയിക്കാമെന്ന് ബോധിപ്പിച്ചു. എന്നാൽ, നാല് ആഴ്ചകൾ പോയിട്ട് 2010 മുഴുവൻ കഴിഞ്ഞിട്ടും, സർക്കാർ നയപരമായൊരു തീരുമാനമെടുത്ത് അറിയിച്ചില്ല. ഇരുപത്തിയേഴ് വർഷത്തെ നിയമയുദ്ധത്തിന് ശേഷം, 2011 ജനുവരി 12-ന്, ബഹുമാനപ്പെട്ട ഹൈക്കോടതി വിഎച്ച്പിയുടെ ഹർജി തീർപ്പാക്കി. 'ഇന്ത്യാ ഗവൺമെന്റ് ഈ വിഷയം പുനഃപരിശോധിക്കുകയും ആറ് മാസത്തിനുള്ളിൽ തീരുമാനമെടുക്കുകയും വേണം. അതുവരെ കോടതിയുടെ സ്റ്റേ ഉത്തരവ് തുടരും എന്നായിരുന്നു കോടതിയുടെ വിധിന്യായം.
ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് മടുത്തു. എന്നിട്ടും സർക്കാർ അത് ശ്രദ്ധിച്ചില്ല. മൻമോഹൻ സിംഗിന്റെ രണ്ടാം യുപിഎ സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിൽ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, ഈ 123 സ്വത്തുക്കളും വഖഫ് ബോർഡിന് നൽകാനുള്ള നിർദ്ദേശം വീണ്ടും പാസാക്കി. ഇതുമാത്രമല്ല, ഈ കുഴപ്പത്തിൽ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അതേ ദിവസം (അതായത് 2014 മാർച്ച് 05) ഇന്ത്യയുടെ ഗസറ്റ് നമ്പർ 566 ഉം ഓഫീസ് ഓർഡർ നമ്പർ 661 (E) ഉം പുറപ്പെടുവിച്ച കാര്യം സർക്കാർ മറന്നുപോയിരിക്കാം.
1995 ലെ വഖഫ് നിയമത്തിൽ 2013-ൽ അന്നത്തെ മൻമോഹൻസിംഗ് സർക്കാർ അപകടകരമായ ഭേദഗതികൾ വരുത്തി. പിന്നീട് അതൊരു പരിചയായി ഉപയോഗിച്ച്, വോട്ട് ബാങ്കിന്റെ ബലിവേദിയിൽ നൂറു വർഷത്തിലധികം പഴക്കമുള്ള സ്വത്തുക്കൾ ബലികഴിച്ചു. എന്നാൽ, ഇവിടെയും വിഎച്ച്പി വിട്ടുകൊടുത്തില്ല. ഈ തീരുമാനത്തിനെതിരെയും സർക്കാർ മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനത്തിനെതിരെയും പരാതിയുമായി അവർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇവിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയും കേന്ദ്രസർക്കാരിനെ ശക്തമായി ശാസിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ഭരണകക്ഷി പരാജയപ്പെട്ടു. തുടർന്ന് പൊതുജനങ്ങളുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ മുസ്ലീം വഖഫ് ബോർഡിന് സൗജന്യമായി നൽകുന്നതിനെതിരെ വിശ്വഹിന്ദുപരിഷത്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്രത്തിൽ അധികാരം മാറിയതിനുശേഷം, പുതിയ സർക്കാരിന്റെ മുമ്പാകെ വിഷയം ഉന്നയിക്കാൻ ബഹുമാനപ്പെട്ട ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചു. അതിനുശേഷം, വിഎച്ച്പിയുടെ ഒരു ഉന്നതതല പ്രതിനിധിസംഘം കേന്ദ്രസർക്കാരിനു മുന്നിൽ കാര്യങ്ങൾ ബോധിപ്പിച്ചു.തുടർന്ന് സർക്കാർ എല്ലാ സ്വത്തുക്കളുടെയും സർവേ നടത്തുകയും ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിളിച്ച് ഈ സ്വത്തുക്കൾ വീണ്ടെടുക്കുകയും ചെയ്തു.
123 സ്വത്തുക്കളിന്മേലുള്ള തർക്കവും മുസ്ലീങ്ങളെ പ്രീണിപ്പിക്കാനുള്ള മുൻസർക്കാരുകളുടെ നയവും വിഎച്ച്പി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഇതോടെ വഖഫ് ബോർഡ് നമ്മുടെ വ്യക്തിപരവും സാമൂഹികവും മതപരവുമായ സ്വത്തുക്കൾ കൈയടക്കുന്നുണ്ടെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടു. വഖഫിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളുടെയും നിയമാനുസൃത ഭൂവുടമകളെ നിരന്തരം പീഡിപ്പിക്കുന്നതിന്റെയും വാർത്തകളുടെ ഒരു പ്രളയംതന്നെ പിന്നീടുണ്ടായി. ദുരിതബാധിതരായ കക്ഷികൾ ഉണർന്നുതുടങ്ങി. വഖഫ് ബോർഡിന്റെ അനധികൃത അധിനിവേശത്തിൽനിന്ന് തങ്ങളുടെ സ്വത്തുക്കളും മോചിതമാകുമെന്ന് അവർ കരുതി. എന്നാൽ 2013-ൽ വഖഫ് നിയമത്തിൽ വരുത്തിയ ഭേദഗതികൾ അവരുടെ പാതയിൽ ഒരു തടസ്സമായിരുന്നു. തമിഴ്നാട്ടിലെ തിരുച്ചെന്തുരൈ ഗ്രാമത്തിലെ ഒരു കർഷകന്റെ ഭൂമിയുടെ കാര്യമോ, ബീഹാറിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലെ ഒരു മുഴുവൻ ഗ്രാമത്തിന്മേലുള്ള ബിഹാർ സുന്നി വഖഫ് ബോർഡിന്റെ അവകാശവാദമോ, കേരളത്തിലെ എറണാകുളം ജില്ലയിലെ മുനമ്പത്ത് ഏകദേശം 600 ക്രിസ്ത്യൻ കുടുംബങ്ങളുടെ പൂർവ്വിക ഭൂമിയോ, കർണ്ണാടകയിലെ വിജയപുരയിൽ 15,000 ഏക്കർ ഭൂമി വഖഫ് ഭൂമിയായി നാമകരണം ചെയ്തതോ, ആയിരക്കണക്കിന് സർക്കാർ സ്വത്തുക്കൾ വഖഫ് ആയി പ്രഖ്യാപിക്കുന്നതോ ആകട്ടെ, വഖഫ് ബോർഡ് രാജ്യമെമ്പാടും ഒരു ഭസ്മാസുരനായി മാറിയിരുന്നു. അത് ഏത് സ്വത്തിൽ കൈവെച്ചാലും ആ നിമിഷം തന്നെ അത് അതിന് സ്വന്തമാകും.
എന്നാൽ, പരാതിക്കാരായ കക്ഷിക്ക് അതിനെതിരെ കോടതിയുടെ വാതിലുകളിൽ മുട്ടാൻ പോലും കഴിയില്ല. പോലീസും സർക്കാരും ഭരണകൂടവും എല്ലാവരും നിസ്സഹായരായിരുന്നു. 1995-ലെയും 2013-ലെയും ഭേദഗതികൾ വഴി, ഇന്ത്യൻ പ്രധാനമന്ത്രിക്കോ രാഷ്ട്രപതിക്കോ പോലും ഇപ്പോൾ ഇല്ലാത്ത പരിധിയില്ലാത്ത അധികാരങ്ങളാണ് വഖഫിന് ലഭിച്ചത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആയിരക്കണക്കിന് സ്വത്തുക്കൾ അവർ ഇതിനകം കൈയടക്കിയിട്ടുണ്ട്. മാത്രമല്ല, മഹാകുംഭമേളയുടെ ശുഭകരമായ അവസരത്തിൽ, മൗലികവാദികളായ ഉലമകളും മൗലവികളും വിശ്വാസങ്ങളുടെയും ആരാധനയുടെയും പ്രാദേശിക, ദേശീയ അഭിമാനത്തിന്റെയും കേന്ദ്രങ്ങൾ, സ്മാരകങ്ങൾ, പ്രയാഗ് രാജിലെ ത്രിവേണീസംഗമവേദിയായ പുണ്യനദികൾ, പാർലമെന്റ് മന്ദിരം, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ രാജ്യത്തെ പ്രധാന സ്ഥലങ്ങൾ എന്നിവ തങ്ങളുടെ വഖഫ് സ്വത്തുക്കളായി അവകാശപ്പെടാൻ തുടങ്ങി. ഇതിനെല്ലാം എതിരെ വിഎച്ച്പി ശബ്ദമുയർത്തുകയും സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അത്തരമൊരു സാഹചര്യത്തിൽ, വഖഫ്‌നിയമം ഭേദഗതി ചെയ്ത് രണ്ട് സ്ത്രീകൾ, മുസ്ലീം സമുദായത്തിലെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരു അംഗം, രണ്ട് വിദഗ്ദ്ധർ, പ്രദേശത്തെ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരെ ബോർഡിൽ ഉൾപ്പെടുത്തിയാൽ, അതിനെന്തിനാണ് ബഹളംകൂട്ടുന്നത്? ഏതെങ്കിലും കക്ഷിക്ക് കോടതിയിൽ പോകാൻ അനുമതി നൽകിയാൽ (ഇതുവരെ അത് സാധ്യമല്ലായിരുന്നു) അത് ഭരണഘടനാപരമായ അവകാശമല്ലേ? വഖഫ് ബോർഡിന്റെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ സ്വത്തുക്കൾ മോചിപ്പിക്കുകയും അവരുടെ എല്ലാ സ്വത്തുക്കളുടെയും ഡിജിറ്റലൈസേഷൻ നടത്തുകയും ചെയ്താൽ, അത് നല്ലതല്ലേ? വാർഷിക ഓഡിറ്റ് നടത്തുകയും ദരിദ്രരായ മുസ്ലീങ്ങളും സ്വത്തുക്കളുടെ വരുമാനത്തിന്റെ ഗുണഭോക്താക്കളാകുകയും ചെയ്താൽ അത് നല്ല കാര്യമല്ലേ? ശരിയായ മുസ്ലീം വ്യക്തിയാണ്, ശരിയായ രേഖകളുടെ അടിസ്ഥാനത്തിൽ, സമ്മതത്തോടെ വഖഫ് ചെയ്യുന്നതെങ്കിൽ, അതിൽ എന്താണ് തെറ്റ്? വഖഫ് മാനേജ്‌മെന്റ് കൈയേറ്റങ്ങളിൽനിന്ന് മുക്തമാവുകയും സുതാര്യമാവുകയും സാമൂഹികക്ഷേമം ലക്ഷ്യമാക്കുകയും ചെയ്താൽ, ആർക്കെങ്കിലും പ്രശ്‌നമുണ്ടാകുമോ! ഈ നിയമം പാസാക്കുന്നതിന് മുമ്പ്, 2024 ജൂലൈ മുതൽ 2025 ഏപ്രിൽ വരെ, 9 മാസത്തിലേറെയായി രാജ്യവ്യാപകമായി ഗൗരവമേറിയ ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചയിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി, രാഷ്ട്രീയ, സാമൂഹിക, മത, നിയമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോടിക്കണക്കിന് സാധാരണക്കാർ, ബുദ്ധിജീവികൾ, വ്യക്തികൾ, സംഘടനകൾ, പ്രതിനിധികൾ എന്നിവരെ നേരിട്ടും അല്ലാതെയും ഡിജിറ്റലായും കേൾക്കുക മാത്രമല്ല, വ്യക്തിപരമായി അവരെ കാണുകയും അവരിൽനിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ അഭൂതപൂർവമായ ഒരു ചുവടുവയ്പായിരിക്കും.
ഈ ഭേദഗതികൾ രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാകുമെന്നും, ഇതുസംബന്ധിച്ച് നുണകൾ പ്രചരിപ്പിച്ച് രാജ്യത്ത് അസ്വസ്ഥതയും അസ്ഥിരതയും സൃഷ്ടിക്കുന്നവരെ നിയന്ത്രിക്കുമെന്നും പ്രതീക്ഷിക്കാം. ഇക്കാര്യത്തിൽ, ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വീണ്ടും വീണ്ടും കേൾക്കാം. വഖഫ് നിയമത്തിലെ ഭേദഗതികൾ മുസ്ലീങ്ങൾ അംഗീകരിക്കില്ലെന്ന പ്രതിപക്ഷാംഗങ്ങളുടെ പ്രസ്താവനകൾക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു, 'നിങ്ങൾ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്? ഈ ബിൽ പാർലമെന്റ് പാസാക്കാൻ പോകുന്നു. എല്ലാവർക്കും ഇത് ബാധകമാകും. വരാനിരിക്കുന്ന നിയമം ഇന്ത്യാ ഗവൺമെന്റിന്റെ ഒരു നിയമനിർമ്മാണമായിരിക്കും. എല്ലാ പൗരന്മാരും അത് പാലിക്കാൻ ബാധ്യസ്ഥരായിരിക്കും.'
* വിഎച്ച്പി ഔദ്യോഗികവക്താവാണ് ലേഖകൻ.
