Hindu Vishwa
Index
വിഷുവിങ്ങെത്തുമ്പോൾ..
 
                                                    ഏതൊരു ധൂസര സങ്കൽപ്പത്തിൽ വളർന്നാലും
ഏത് യന്ത്രവൽകൃത ലോകത്തിൽ പിറന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൽ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും
~ വൈലോപ്പിള്ളി
വിഷു എപ്പോഴും ഓടിയെത്തുന്നത് ഒരുപിടി ഗൃഹാതുരസ്മരണകളോകൂടിയാണ്. മലയാളി മലനാട് വിട്ടു മറുനാട്ടിൽ പോകുമ്പോൾ ഏറ്റവും കൂടുതൽ ഓർമ്മിക്കാറുള്ള ആഘോഷങ്ങളിൽ ഓണത്തിനും വിഷുവിനും വളരെ വലിയ പ്രാധാന്യം ആണ് ഉള്ളത്. കൃഷിയും വിളവെടുപ്പും ഒന്നും കാണാത്ത പുതുതലമുറയാണെങ്കിൽപോലും വിഷു ജീവിതത്തിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു സ്വാധീനം എന്നുപറയുന്നത് തികച്ചും പ്രത്യേകമായിട്ടുള്ളതാണ്.
കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നതുപോലെയാണ് ഓരോ ആഘോഷങ്ങളും നമ്മളിൽ ഉണ്ടാക്കുന്ന പ്രഭാവം. നാട്ടിലുള്ളപ്പോൾ ഇതെല്ലാംതന്നെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നെങ്കിൽ മറുനാട്ടിൽ പോയിക്കഴിയുമ്പോൾ ഇവയെല്ലാം ആഘോഷങ്ങളായി നാം ഓർത്തെടുത്ത് അത് ആഘോഷിച്ചു നാടിന്റെ ഓർമ്മകൾ അയവിറക്കാൻ ശ്രമിക്കാറുണ്ട്. ഒരുപക്ഷേ അപ്പോഴാണ് ഈ ആഘോഷങ്ങളൊക്കെയും നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നതായിരുന്നു എന്ന് തിരിച്ചറിവ് നമുക്ക് ഉണ്ടാകുന്നതും.
വിദ്യാർത്ഥികളുടെയും കുട്ടികളുടെയും ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ് മേടമാസത്തിലെ വിഷു. വേനലവധിയുടെ ചൂടിലും ആർമാദത്തിലും കണിയൊരുക്കുന്നതും പടക്കം പൊട്ടിക്കുന്നത് മുതൽ സദ്യ കഴിക്കുന്നതും വിഷുക്കൈനീട്ടം വാങ്ങുവാനായി പോകുന്നതും എല്ലാം മനസ്സിൽ തെളിഞ്ഞുവരുന്ന വിഷുവിന്റെ ഏറ്റവും മനോഹരമായ ഓർമ്മകളാണ്. എന്നാൽ ഗ്രാമത്തിന്റെ തനിമയിൽനിന്ന് നാം നാഗരികതയുടെ സങ്കീർണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇന്നത്തെ ലോകത്ത്, ആർക്കും ഒന്നിനും സമയമില്ലാതെ ജീവിതത്തിന്റെ ഇരുണ്ട യാഥാർത്ഥ്യങ്ങൾ ഓടി തീർക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് വിഷു എന്നുള്ള ആഘോഷം തനിമയുടെയും ഗ്രാമ്യനന്മയുടെയും ഏറ്റവും ഉദാത്തമായ പ്രതീകമായി നിലകൊള്ളുന്നു.
വിഷു എന്നാൽ തുല്യത എന്നാണ് അർത്ഥം അഥവാ പ്രമാണം. അതായത് മീനച്ചൂടുകഴിഞ്ഞ് മേടത്തിലേക്ക് കടക്കുമ്പോൾ രാവും പകലും ഒരേ ദൈർഘ്യം ആകുന്ന ദിവസമാണ് മേടം ഒന്ന്. അന്നാണ് വിഷു. ഉത്തരായനത്തിൽ സമരാത്രദിവസം വരുന്നത് മേടം ഒന്നിനും ദക്ഷിണായനത്തിൽ തുലാം ഒന്നിനും എന്നാണ് നമ്മുടെ പൂർവികരുടെ കണക്ക്. അതുകൊണ്ടുതന്നെ ഇത് കേരളത്തിൽ വിഷുവും തമിഴ്‌നാട്ടിൽ പുത്താണ്ടും പഞ്ചാബിൽ ബൈശാഖിയും ആസമിൽ ബിഹുവുമായി കൊണ്ടാടുന്നു. വിഷുവിനാണ് സൂര്യൻ മീനരാശിയിൽനിന്ന് മേട രാശിയിലേയ്ക്ക് നീങ്ങുന്നതും കിറുകൃത്യമായി നേർകിഴക്കുദിക്കുന്നതും. ഇതിനുപിന്നിൽ ഒരു കൊച്ചുകഥകൂടിയുണ്ട്.
മേടരാശിയിൽ പ്രവേശിച്ച് കിഴക്കുദിക്കുന്ന സൂര്യൻ കിഴക്കു ദർശനമുള്ള രാവണന്റെ കൊട്ടാരത്തിന്റെ ഉമ്മറത്തിൽ സൂര്യരശ്മികൾ പതിപ്പിച്ചപ്പോൾ കോപാകുലനായി രാവണൻ, ഇനി മേലാൽ കിഴക്കുദിക്കരുതെന്ന് സൂര്യനെ താക്കീത് ചെയ്തു. ഭയന്ന് വിറച്ച സൂര്യന് വീണ്ടും കിഴക്കുദിക്കുവാനായി രാവണനിഗ്രഹംവരെ കാത്തിരിക്കേണ്ടിവന്നത്രേ. ആ ദിവസമാണ് വിഷു ആയി നമ്മൾ കൊണ്ടാടുന്നത്. നരകാസുരവധം കഴിഞ്ഞ ശ്രീകൃഷ്ണഭഗവാനെ ആരാധിച്ചുകൊണ്ടാണ് വിഷു ആഘോഷിക്കുന്നതെന്നും മറ്റൊരു ഐതിഹ്യമുണ്ട്. എന്നാൽ മഹാവിഷ്ണുവിന്റെ നരസിംഹാവതാരം ഹിരണ്യകശിപുവിനെ നിഗ്രഹിച്ചതുമായി ബന്ധപ്പെട്ടും വിഷുവിന്റെ ഐതിഹ്യം നീണ്ടുകിടക്കുന്നു.
ഐതിഹ്യങ്ങൾ പലതാണെങ്കിലും വിഷു എന്നാൽ എല്ലാവർക്കും മനസ്സിലേക്ക് ഓടിയെത്തുന്നത് വിഷുക്കണിയും കൊന്നപ്പൂക്കളും ആണ്. ഉണ്ണിക്കണ്ണന്റെ സുന്ദരമായ രൂപത്തിന് മുന്നിൽ ഉരുളിയിൽ ഉണക്കലരിയും വസന്തകാലത്തിന്റെ മനോഹാരിത തുളുമ്പുന്ന മഞ്ഞ നിറത്തിലുള്ള കൊന്നപ്പൂക്കളും കണ്ണെഴുതി പൊട്ടുതൊട്ട് സിന്ദൂരമണിഞ്ഞ കണിവെള്ളരിയും വാൽക്കണ്ണാടിയും സ്വർണ്ണവും വെള്ളിനാണയങ്ങളും ഗ്രന്ഥവും അഷ്ടമംഗല്യവും കോടി മുണ്ടും ഫലങ്ങളും എല്ലാം ഒരുക്കിവെച്ച് അതിരാവിലെ എഴുന്നേറ്റ് വീട്ടിലെ കാരണവർ കണി കൊളുത്തുന്നു. അതിനുശേഷം വീട്ടിൽ ഓരോരുത്തവരായി വന്നു കണികണ്ടു ഉണരുകയും കൈനീട്ടങ്ങൾ കൈമാറുകയും ചെയ്യുന്നു. ഇതിനോടൊപ്പം തന്നെ പ്രകൃതിയെ കണി കാണിക്കുവാൻ നമ്മുടെ വീട്ടിലെ മുതിർന്നവർ ഒരിക്കലും മറക്കാറില്ല. ഉരുളിയും കൃഷ്ണവിഗ്രഹവും എല്ലാം ആയി ഉമ്മറത്തേക്ക് ഇറങ്ങി സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും പക്ഷിമൃഗാദികളെയു വൃക്ഷലതാദികളെയും എല്ലാം രാവിലെ വിളിച്ചുണർത്തി വിഷുവിന്റെ പ്രഭാതത്തിൽ നാം കണി കാണിക്കാറുണ്ട്. പ്രകൃതിസംരക്ഷണത്തിന്റെ ഉദാത്തമായ ഉദാഹരണങ്ങൾ നമ്മുടെ ആഘോഷങ്ങളിൽ തന്നെ നിലനിൽക്കുന്നുണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ് ഇതുതന്നെയാണ്. രാവിലത്തെ കണി കാണലും മറ്റും കഴിഞ്ഞാൽ പിന്നെ കലവറ സജീവമാണ്. അവിയലും പുളിശ്ശേരിയും എരിശ്ശേരിയും രണ്ടുകൂട്ടം പായസവും നിറഞ്ഞ സദ്യ ഒരുക്കലിന്റെ തിരക്കിലായി എല്ലാവരും. എന്നാൽ കുട്ടികൾക്ക് അത് വിഷുക്കൈനീട്ടം വാങ്ങാനുള്ള സമയമാണ്. വീടു തോറും അയൽപക്കത്തും കൂട്ടുകാരുടെയും മറ്റും വീട്ടിൽ കയറി ആ വിഷുക്കൈനീട്ടം കയ്യിലെത്തുമ്പോഴുള്ള ഒരു രസമുണ്ടല്ലോ, ഒരു സന്തോഷമുണ്ടല്ലോ അത് ചെറുപ്പക്കാലത്ത് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒന്നുതന്നെയാണ്. കയ്യിലേക്ക് വച്ചുനീട്ടി കിട്ടുന്ന നാണയങ്ങളും ആ 10 രൂപ നോട്ടും 20 രൂപ നോട്ടുമെല്ലാം എന്തൊക്കെയോ നേടിയതുപോലെയുള്ള പ്രതീതി നൽകുന്ന അനുഭവങ്ങളാണ്. കണിയും സദ്യയും എല്ലാം വിഷുവിന്റെ അന്നത്തേക്ക് ഒതുങ്ങി നിൽക്കുമെങ്കിലും കൈനീട്ടം മാത്രം പത്താമുദയം വരെ നീണ്ടുനിൽക്കുന്ന ഒരു ദശദിനപദ്ധതിയാണ്. വിഷുവിന് ശേഷം ഒരാഴ്ചക്കാലം ബന്ധുവീടുകളിൽ പോകാൻ കുട്ടികൾക്കുള്ള ശുഷ്‌കാന്തി വളരെ കൂടുതലാണ്. അതിന് കാരണം വിഷുക്കൈനീട്ടം എന്നുള്ള ഘടകം തന്നെയാണ്. ഒരുകാലത്തു ഇതെല്ലാം ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഇന്ന് ഇതെല്ലാം പറഞ്ഞു ചിരിക്കാൻ മാത്രം കഴിയുന്ന ഒരു പിടി മധുരമനോഹര ഓർമ്മകളായിത്തീർന്നിരിക്കുന്നു.
ഉള്ളവനും ഇല്ലാത്തവനും എന്ന ദ്വൈതം നിലനിൽക്കുന്ന പാശ്ചാത്യ ലോകത്തുനിന്ന് വ്യത്യസ്തമായി, ഉണ്ടായിട്ടും ത്യജിയ്ക്കാൻ തയ്യാറാവുന്നതാണ് ഭാരതീയസങ്കല്പം എന്ന് കാണിച്ചുതരുന്ന മറ്റൊരാഘോഷം കൂടിയാണ് വിഷു. നാണയങ്ങളും നോട്ടുകളും എല്ലാംതന്നെ ഓൺലൈൻ പേയ്‌മെന്റുകളിലേക്കും ഗൂഗിൾ പേയിലേക്കും യുപിഐയിലേക്കും വഴിമാറുന്ന ഇന്നത്തെ കാലത്ത് പോലും, വിഷുവിന് കയ്യിലെത്തുന്ന ഓരോ നാണയത്തിനും പറയാൻ ഒരു പിടി കഥകളുണ്ട്. മനസ്സിന്റെ സംതൃപ്തിയുടെയും സാമൂഹ്യ അംഗീകാരത്തിന്റെയും കഥ. കൈനീട്ടം കൊടുക്കുന്നത് ഒരു ഔദാര്യം അല്ല തന്റെ കടമയാണെന്നും അത് ലഭിക്കുന്നത് അതൊരു കുറച്ചിലല്ല സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയാണെന്നും ഉള്ള തിരിച്ചറിവാണ് ഓരോ വിഷുവും നൽകുന്നത്. മനസ്സുനിറഞ്ഞു കൊടുക്കുവാനും വാങ്ങുവാനും സ്‌നേഹിക്കുവാനും ഏവർക്കും സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു, ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു!
