Logo

VHP PUBLICATIONS

Hindu Vishwa


expand_more

നേപ്പാൾ വീണ്ടും ഹിന്ദുരാഷ്ട്രത്തിലേക്ക്

By വിഷ്ണു അരവിന്ദ്
നേപ്പാൾ വീണ്ടും  ഹിന്ദുരാഷ്ട്രത്തിലേക്ക്

വിവരിക്കാവുന്നതിനുമപ്പുറമാണ് നേപ്പാളിന്റെ ഓരോ കോണിലും അന്തർലീനമായിരിക്കുന്ന ഹൈന്ദവ സ്വാധീനം. ജനങ്ങളുടെ പേരുകൾ, നദികൾ, രാഷ്ട്രീയപാർട്ടികൾ, ദേശീയസ്ഥാപനങ്ങൾ തുടങ്ങി സമസ്ത മേഖലയിലും ഈ പാരമ്പര്യം വളരെ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. ഹിന്ദുസംസ്‌കൃതിയുടെ അടയാളങ്ങൾ ഒരുപക്ഷേ, ഭാരതത്തേക്കാൾ കൂടുതൽ നേപ്പാളിന്റെ സാമൂഹിക രാഷ്ട്രീയ ഭരണ സംവിധാനത്തിൽ ഇന്ന് കണ്ടെത്തിയാൽ അത്ഭുതപ്പെടാനില്ല. കാരണം പതിനഞ്ച് വർഷം മുമ്പുവരെ നേപ്പാളൊരു ഔദ്യോഗിക ഹിന്ദു രാഷ്ട്രമായിരുന്നു. പാശ്ചാത്യ മതേതരത്വ-ജനാധിപത്യ-റിപ്പബ്ലിക് സങ്കല്പങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടതോടെ നേപ്പാളിന് ആ ഹിന്ദുരാഷ്ട്രപദവി നഷ്ടമാവുക മാത്രമല്ല, രാഷ്ട്രത്തിന്റെ ഹൈന്ദവപാരമ്പര്യമിന്ന് അധിനിവേശത്തിന് വിധേയപ്പെടുകയുമാണ്. തത്ഫലമായി ഔദ്യോഗിക ഹിന്ദുരാഷ്ട്രപദവി പുനഃ സ്ഥാപിക്കുന്നതിനായുള്ള ആവശ്യം അനുദിനമിന്ന് രാജ്യത്ത് ശക്തി പ്രാപിക്കുന്നു. വ്യക്തികളിലും ചെറു രാഷ്ട്രീയകക്ഷികളിലും സംഘടനകളിലും തുടങ്ങിയ ആ നീക്കമിന്ന് നേപ്പാളിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലും ഭരണകക്ഷികളിലും സ്വാധീനം ചെലുത്തുന്നു.

ഹിന്ദുധർമ്മവും പുതിയ ഭരണഘടനയും

ദശാബ്ദങ്ങൾ നീണ്ടുനിന്ന മാവോയിസ്റ്റ് വിഘടനവാദ നീക്കങ്ങളും 2001-ൽ നേപ്പാൾ രാജകുടുംബത്തിൽ നടന്നൊരു കൂട്ടക്കൊലയുമാണ് നൂറ്റാണ്ടുകൾ നീണ്ടുനിന്ന നേപ്പാളിലെ രാജഭരണത്തിന്റെ അടിത്തറയിളക്കിയത്. തുടർന്നാണ് 2008 ൽ ഒരു മതേതര റിപ്പബ്ലിക്കായി നേപ്പാൾ പിറവിയെടുത്തത്. അതേ വർഷംതന്നെ ഒരു താത്കാലിക ഭരണഘടന രാജ്യത്ത് നിലവിൽ വന്നു. 2015-ൽ നിലവിൽവന്ന പൂർണ്ണ ഭരണഘടനയുടെ അനുഛേദം 26 (1) അനുസരിച്ച് ഓരോ വ്യക്തിക്കും അവരുടെ വിശ്വാസമനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനും, ആചരിക്കാനും, സംരക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നു. അനുഛേദം മൂന്ന് അനുസരിച്ചു നിർബന്ധിത മതപരിവർത്തനം രാജ്യത്ത് നിയമവിരുദ്ധമാണ്. 2018 ലെ ക്രിമിനൽകോഡിന്റെ സെക്ഷൻ 158 പ്രകാരവും മതപരിവർത്തനം നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും വ്യക്തികൾ സ്വയമേ മറ്റ് മതങ്ങൾ തെരഞ്ഞെടുക്കുന്നതിന് നിരോധനമില്ല. അനുഛേദം ഒന്നിൽ 'നേപ്പാളൊരു സ്വതന്ത്ര, പരമാധികാര, മതേതര, ജനാധിപത്യ, സോഷ്യലിസത്തെ അടിസ്ഥാനമാക്കിയുള്ള ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ രാഷ്ട്രമാണെന്ന് നിർവചിച്ചിരിക്കുന്നുവെങ്കിലും 'മതേതരമെന്നാൽ പുരാതനകാലം മുതൽ ആചരിച്ചുവരുന്ന മതത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് നിർവചിച്ചിട്ടുണ്ട്. ചുരുക്കത്തിൽ സനാതനധർമ്മം സംരക്ഷിക്കപ്പെടണമെന്നാണ് പരോക്ഷമായി ഭരണഘടന നിഷ്‌ക്കർഷിക്കുന്നത്.

2008 ന് മുമ്പുണ്ടായിരുന്ന ഭരണഘടനയുടെ അനുഛേദം 4 അനുസരിച്ച് നേപ്പാൾ ഒരു രാജവാഴ്ചയുള്ള ഔദ്യോഗിക ഹിന്ദുരാഷ്ട്രമായിരുന്നു. രാജാവിനെ ഭഗവാൻ വിഷ്ണുവിന്റെ അവതാരമായി കണ്ടിരുന്നു. മറ്റ് മതങ്ങൾക്കുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി ഹിന്ദുധർമ്മത്തിന് നിയമപരമായ അംഗീകാരവും പ്രത്യേക അവകാശങ്ങളുമുണ്ടായിരുന്നു. ഗോവധം ക്രിമിനൽകുറ്റമായിരുന്നു. മറ്റ് മതങ്ങളിൽനിന്നും വിവാഹം ചെയ്യുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു. 1963 ലെ നാഷണൽ ലീഗൽ കോഡ്പ്രകാരം മതംമാറ്റവും ശിക്ഷാർഹമായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതിഗതികൾ വ്യത്യസ്തമാണ്. സെമിറ്റിക് മതങ്ങളുടെ വ്യാപനവും തദ്ദേശീയസംസ്‌കാരത്തിന്റെ നാശവും മതേതരത്വത്തിന്റെ കടന്നുവരവിനു തൊട്ട് പിന്നാലെയെത്തുമെന്ന് നേപ്പാളും തെളിയിച്ചിരിക്കുകയാണ്. ഇന്ന് നേപ്പാളിന്റെ വടക്കൻ മേഖലകളിൽ ക്രിസ്തു മതവും താഴ്വരയിൽ ഇസ്ലാംമതവും അതിവേഗം പടരുകയാണ്. 2021 ലെ ദേശീയ സെൻസസ് പ്രകാരം 81.19 ശതമാനമാണ് രാജ്യത്തെ ഹിന്ദുജനസംഖ്യ. 2001 ലെ 80.62 ശതമാനത്തിൽനിന്നും 2011 ൽ 81.34 ശതമാനമായി വർദ്ധച്ചതിനുശേഷം 2021 ൽ 0.15 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. അതേസമയം ഇസ്ലാം 2001 ൽ 4.20 ശതമാനമായിരുന്നത് 2011 ൽ 4.39 ആയും 2021 ൽ 5.09 ശതമാനമായും വളർന്നു. ക്രൈസ്തവമതം ഇക്കാലയളവിൽ യഥാക്രമം 0.45 ശതമാനത്തിൽ നിന്നും 1.41 % മായും 1.76 % മായും വളർന്നു. ഇതിനെതിരെയുള്ള സ്വാഭാവിക പ്രതികരണം കൂടിയാണ് രാജഭരണ-ഹിന്ദുരാഷ്ട്ര പുനഃസ്ഥാപനത്തിനായി അരങ്ങേറുന്ന നീക്കങ്ങൾ. രാജഭരണത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ദൃശ്യമാണെങ്കിലും രാഷ്ട്രീയഭേദമന്യേ ഹിന്ദുരാഷ്ട്രപുനഃസ്ഥാപനനീക്കം വ്യാപകമാകുകയാണ്.

വിശാലമാവുന്ന പ്രക്ഷോഭങ്ങൾ

'ഹിന്ദുരാഷ്ട്രസ്വാഭിമാൻ ജാഗരൺ അഭിയാൻ എന്നൊരു സംഘടനയാണ് 2021 ൽ ഹിന്ദുരാഷ്ട്രമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ലളിത്പൂരിൽ പ്രക്ഷോഭമാരംഭിച്ചത്. 2006-09 കാലഘട്ടത്തിൽ നേപ്പാൾസൈന്യത്തിന്റെ തലവനായിരുന്ന റൂക്മാംഗുഡ് കടാവലാണ് ഇതിനു നേതൃത്വം നൽകിയത്. 'സ്വത്വത്തിലും സംസ്‌കാരത്തിലും' ശ്രദ്ധകേന്ദ്രീകരിച്ച് 'നേപ്പാളിനെ ഒരു ഹിന്ദുരാഷ്ട്രമായി പുനഃസ്ഥാപിക്കുന്നതിനായി' രാജ്യമെമ്പാടും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തെ ഒരു മതേതരറിപ്പബ്ലിക്കായി പ്രഖ്യാപിച്ച് ആറ് വർഷം പിന്നിടുമ്പോൾതന്നെ മതേതരത്വം അവസാനിപ്പിക്കാനുള്ള പ്രചരണമാരംഭിച്ചുവെന്നുള്ളതായിരുന്നു അതിന്റെ പ്രത്യേകത. പ്രക്ഷോഭത്തിന് രണ്ടാഴ്ച മുമ്പുതന്നെ നേപ്പാളിലെ തനാഹുൻ ജില്ലയിലെ ദേവ്ഘട്ടിൽ വിശ്വഹിന്ദുമഹാസംഘ്, വിശ്വഹിന്ദുപരിഷത്ത്, ഹിന്ദു സ്വയംസേവക് സംഘം, സനാതൻ ധർമ്മസേവ, ഓംകാർ സമാജ്, നേപ്പാൾ രാഷ്ട്രബാദ് സമാജ് തുടങ്ങി ഏകദേശം ഇരുപതോളം ഹിന്ദുധർമ്മസംഘടനകൾ 'ഒരു ഐക്യമുന്നണി' രൂപീകരിച്ച് ഹിന്ദുരാഷ്ട്രം പുനഃസ്ഥാപിക്കുന്നതിനായി പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ലളിത്പൂരിൽ നടന്ന പരിപാടി പ്രമുഖരുടെ സാന്നിധ്യത്താൽ സമ്പന്നമായിരുന്നു. ശങ്കരാചാര്യമഠത്തിലെ കേശവാനന്ദസ്വാമികൾ, കാഠ്മണ്ഡു ശാന്തിധാമിലെ സ്വാമി ചതുർഭുജ് ആചാര്യയും ഹനുമാൻ മഹാരാജും, ഹിന്ദു സ്വയംസേവക സംഘത്തിന്റെ സഹ-സംയോജകും മുൻ നേപ്പാൾ പോലീസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറലുമായ കല്യാൺ കുമാർ തിമിൽസിന തുടങ്ങിയവരും പങ്കെടുത്തു.

നേപ്പാളിനെ ഒരു മതേതരറിപ്പബ്ലിക്‌രാഷ്ട്രമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച രാഷ്ട്രീയപാർട്ടികളിലെ ചില വിഭാഗങ്ങൾ തങ്ങളുടെ മുൻനിലപാട് തിരുത്തിക്കൊണ്ട് ഹിന്ദുരാഷ്ട്രപദവിയിലേക്ക് മടങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ചത് പോരാട്ടങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നു. നേപ്പാളിന്റെ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ന്റെ ചെയർമാനുമായിരുന്ന കെ.പി. ഒലി ശർമ്മയ്ക്കും വിവിധ സന്ദർഭങ്ങളിൽ ഇതിനെ പിന്തുണയ്ക്കേണ്ടിവന്നു. ഒലി മാത്രമല്ല, ദുർഗ പർസായിയുൾപ്പടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയിലെയും നിലവിലെ ഭരണകക്ഷിയായ നേപ്പാളി കോൺഗ്രസിലെ മറ്റ് നേതാക്കന്മാരും ഹിന്ദുരാഷ്ട്രപുനഃസ്ഥാപനത്തിനായി രംഗത്തുണ്ട്. മാവോയിസ്റ്റുകളുമായി സഖ്യത്തിൽ ഭരിക്കുന്ന നേപ്പാളി കോൺഗ്രസിലെ ചില അംഗങ്ങൾ പാർട്ടിയുടെ രണ്ടാമത്തെ ഉയർന്ന ബോഡിയായ മഹാസമിതിയിൽ ഹിന്ദുരാഷ്ട്രം എന്ന ആവശ്യം ചർച്ചചെയ്യുന്നതിനായി ഒപ്പുശേഖരണം നടത്തി. 2024 ഫെബ്രുവരി 16 ന് പാർട്ടിയുടെ കേന്ദ്ര വർക്കിംഗ് കമ്മിറ്റിയിലെ (സിഡബ്ല്യുസി) 22 അംഗങ്ങൾ ഈ നീക്കത്തെ പിന്തുണച്ചു. എന്നാൽ ഇത് ചർച്ചചെയ്യാനുള്ള സിഡബ്ല്യുസിയിലെ നീക്കം പരാജയപ്പെടുകയാണുണ്ടായത്. തുടർന്ന് വിഷയം പാർട്ടിയുടെ അജണ്ടയിൽ കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 21 ന് നടന്ന മഹാസമിതിയുടെ യോഗത്തിൽ പങ്കെടുത്ത 2000 അംഗങ്ങളിൽ 970 ൽ അധികം മഹാസമിതി അംഗങ്ങളുടെയും ഒപ്പുകൾ ശേഖരിക്കുവാൻ അവർക്കായി. ഏകദേശം 2,200 അംഗങ്ങളാണ് മഹാസമിതിയിലുള്ളത്. നേപ്പാളിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ബിശ്വേശ്വർ പ്രസാദ് കൊയ് രാളയുടെ മകൻ ശശാങ്ക കൊയ് രാള ഉൾപ്പെടെ ഏകദേശം നാല്പത് സിഡബ്ല്യുസി അംഗങ്ങളും ഒപ്പുശേഖരണത്തിൽ പങ്കെടുത്തു. ഇതിനുപുറമേ നേപ്പാളിലെ പ്രധാന പാർട്ടിയും അഞ്ചാമത്തെ വലിയ രാഷ്ട്രീയ ശക്തിയുമായ രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി (ആർപിപി) ഉൾപ്പെടെയുള്ളവർ വിവിധ നഗരങ്ങളിൽ ബഹുജന പ്രതിഷേധങ്ങളും റാലികളും ആരംഭിച്ചു. ഹിന്ദു രാജവാഴ്ച പുനഃസ്ഥാപിക്കുക, മതേതരത്വം ഇല്ലാതാക്കുക, ഫെഡറലിസം പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ '40 പോയിന്റ് ലിസ്റ്റ്' 2024-ന്റെ തുടക്കത്തിലാണ് ആർ.പി.പി. പ്രധാനമന്ത്രി പുഷ്പകമാൽ ദഹലിന് സമർപ്പിച്ചത്. ശേഷമാണ് തങ്ങളുടെ ആവശ്യത്തിന് പിന്തുണ സമാഹരിക്കാൻ പാർട്ടി ബഹുജന പ്രതിഷേധങ്ങളും റാലികളും ആരംഭിച്ചത്. വേദങ്ങളിലും സനാതനമൂല്യങ്ങളിലും അധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര പുനഃസ്ഥാപനത്തിനായുള്ള ആവശ്യം മുന്നോട്ടുവെയ്ക്കുന്നുവെങ്കിലും നേപ്പാൾ കോൺഗ്രസ് രാജവാഴ്ച പുനഃസ്ഥാപനം ആവശ്യപ്പെടുന്നില്ല. എന്നാൽ മതേതരത്വത്തിന്റെ കടന്നുവരവ് ഹിന്ദുക്കൾക്കിടയിൽ മതപരിവർത്തനത്തെ ദ്രുതഗതിയിൽ പ്രോത്സാഹിപ്പിച്ചുവെന്ന് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.

ഭാരതത്തിന്റെ സ്വാധീനം

യോഗ, ധർമ്മം, ആത്മീയത തുടങ്ങിയ സനാതനപാരമ്പര്യങ്ങളാൽ ഭാരതവും നേപ്പാളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാഠ്മണ്ഡുതാഴ്വരയുടെ വടക്ക്-കിഴക്കായി ബാഗ്മതി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പശുപതിനാഥക്ഷേത്രം 'ശിര' എന്നർത്ഥം വരുന്ന ശിവന്റെ ശിരസ്സായാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കാശി വിശ്വനാഥ ക്ഷേത്രം ശിരസ്സില്ലാത്ത ശരീരം എന്നർത്ഥം വരുന്ന 'ധഡ്' ആയാണ് കരുതിവരുന്നത്. അതിനാൽ, രണ്ട് ക്ഷേത്രങ്ങളെയും ആരാധിക്കാതെ ഭഗവാൻ പരമശിവന്റെ യഥാർത്ഥ ദർശനം പൂർണ്ണമാവുന്നില്ലെന്നാണ് വിശ്വാസം. പശുപതിനാഥ് ക്ഷേത്രം നേപ്പാളിനെ ഭാരതത്തിന്റെ തെക്കേയറ്റത്തെ തീരദേശ കർണ്ണാടകവുമായും ബന്ധിപ്പിക്കുന്നു. ഉത്തര - ദക്ഷിണ കർണ്ണാടകയിലെയും, ഉഡുപ്പി ജില്ലകൾ ഉൾപ്പെടെയുള്ള തീരദേശ കർണ്ണാടകയിൽനിന്നുള്ള പുരോഹിതന്മാരും ചിക്കമംഗളൂരുവിലെയും കേരളത്തിലെ കാസർഗോഡ് ജില്ലകളിൽ നിന്നുമുള്ള പുരോഹിതന്മാരും ഏകദേശം മൂന്നൂറ് വർഷമായി പശുപതിനാഥനെ സേവിക്കുന്നു.

സ്‌കന്ദപുരാണം അനുസരിച്ച്, 'നേ' അല്ലെങ്കിൽ 'നെമുനി' എന്ന് വിളിക്കപ്പെടുന്ന ഒരു ഋഷി ഹിമാലയത്തിൽ താമസിച്ചിരുന്നു. സ്‌കന്ദപുരാണത്തിലെ ഹിംവത്ഖണ്ഡഭാഗീ പറയുന്നത്, നേപ്പാളെന്ന വാക്ക് 'നേ' (ഋഷി), 'പാൽ' (സുരക്ഷ) എന്നീ പദങ്ങളിൽനിന്നാണുണ്ടായതെന്നാണ്. അയോധ്യയിലെ ശ്രീരാമൻ ജനക്പൂരിലെ സീതാദേവിയെ വിവാഹം കഴിച്ചു. ഇപ്പോൾ ഇരുസ്ഥലങ്ങളും ഇരുരാജ്യങ്ങളിലുമായി സ്ഥിതിചെയ്യുന്നു. മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവസേനയുടെ പ്രധാന ഭാഗമായിരുന്നു കിരാതന്മാർ. ബിസി ആറാം നൂറ്റാണ്ടിൽ, മഗധും ശാക്യന്മാരും നിലവിലെ ഭാരത - നേപ്പാൾ അതിർത്തിയുടെ ഇരുവശത്തുമുള്ള പ്രദേശങ്ങൾ കൈവശപ്പെടുത്തി. ഇപ്പോൾ നേപ്പാളിലുള്ള ശാക്യഭരണാധികാരികളുടെ തലസ്ഥാനമായ കപിൽവാസ്തുവിന് സമീപമുള്ള ലുംബിനിയിലാണ് സിദ്ധാർത്ഥ രാജകുമാരൻ അഥവാ ശ്രീബുദ്ധൻ ജനിച്ചത്. വാരാണസിക്കടുത്തുള്ള സാരാനാഥിൽ അദ്ദേഹം നിർവാണംപ്രാപിച്ചു. നേപ്പാളി തീർഥാടകരുടെയും പുരോഹിതരുടെയും പ്രധാന കേന്ദ്രമായിരുന്നു കാശി. നാടുകടത്താനുള്ള സ്ഥലം തിരഞ്ഞെടുക്കാൻ രാജേന്ദ്ര ബിക്രീഷാ രാജാവിനോട് അദ്ദേഹത്തിന്റെ പുത്രൻ 1847 ൽ ആവശ്യപ്പെട്ടപ്പോൾ വാരാണസിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇത്തരത്തിൽ ചരിത്രപരമായും സാംസ്‌കാരികമായും വളരെ അടുത്ത ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമുള്ളത്.

നേപ്പാളിനുമേൽ വലിയൊരു സ്വാധീനം ഭാരതത്തിനുണ്ട്. അതുകൊണ്ടുതന്നെ 'ഹിന്ദുരാഷ്ട്രം എന്ന ആവശ്യം ഒരു വൈകാരിക അജണ്ടയായി നേപ്പാളിൽ മാറിയിരിക്കുന്നു'വെന്നാണ് നേപ്പാൾ ത്രിഭുവൻ യൂണിവേഴ്‌സിറ്റിയിലെ മുൻ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും ഭാരതത്തിലെ മുൻ നേപ്പാൾ അംബാസിഡറുമായിരുന്ന ലോക് രാജ്ബരാൽ അടുത്തിടെ അഭിപ്രായപ്പെട്ടത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാപാർട്ടി ഭാരതത്തിൽ അധികാരത്തിലേറിയതിനുശേഷമുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാളിനെയൊരു ഹിന്ദുരാഷ്ട്രമാക്കിമാറ്റാൻ കഴിയുമെന്ന ധാരണയിലാണ് നേപ്പാളിലെ വലിയൊരു വിഭാഗം ആളുകളെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അയോദ്ധ്യയിലെ ശ്രീരാമ പ്രാണപ്രതിഷ്ഠയും പ്രയാഗ്‌രാജിലെ മഹാകുംഭമേളയും ഹിന്ദുരാഷ്ട്രപുനഃസ്ഥാപനത്തിനായി നേപ്പാളിൽ നടക്കുന്ന നീക്കങ്ങൾക്ക് നൽകിയ ഉണർവ്. രാംലല്ലയുടെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തർ സമ്മാനങ്ങളുമായെത്തി. ഉത്തർപ്രദേശ് സർക്കാർ നൽകുന്ന കണക്കുകൾ പ്രകാരം അമ്പത് ലക്ഷത്തിലധികം നേപ്പാൾ പൗരന്മാർ മഹാകുംഭമേളയിൽ പങ്കെടുക്കുകയുണ്ടായി. ഓരോ വർഷവും മരണാനന്തരചടങ്ങുകൾ നിർവഹിക്കുവാനും പതിനായിരങ്ങൾ ഭാരതത്തിലെത്തുന്നു.

ഹിന്ദുരാഷ്ട്രപദവി പുനരുജ്ജീവിപ്പിക്കാനുള്ള പ്രചാരണദൌത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാരതവ്യക്തി നേപ്പാളുമായി അതിർത്തിപങ്കിടുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. 2025 മാർച്ചിൽ കാഠ്മണ്ഡുവിൽ മുൻ നേപ്പാൾ രാജാവ് ഗ്യാനേന്ദ്ര ബിർഷായെ സ്വാഗതം ചെയ്യുന്നതിനായി നടന്ന റാലിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് രാജ്യത്ത് വലിയൊരു കോളിളക്കം സൃഷ്്ടിച്ചിരുന്നു. വളരെ ആഴത്തിലുള്ള ബന്ധമാണ് നേപ്പാളിലെ ഷാ രാജവംശവുമായി യോഗിക്കുള്ളത്. മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് ഗോരഖ്‌നാഥ് മഠത്തിലെ മഹന്തായിരുന്നു അദ്ദേഹം. ഗോരഖ്നാഥിലെ സന്യാസിമാരെ ഷാ രാജാക്കന്മാർ ഏറെ ബഹുമാനിക്കുന്നു. 2001-ൽ വധിക്കപ്പെട്ട ബീരേന്ദ്രരാജാവും കുടുംബവും യോഗിയുടെ ഗുരുവായ മഹന്ത് അവൈദ്യനാഥുമായി അടുപ്പം പുലർത്തിയിരുന്നു. മകരസംക്രാന്തി ദിനത്തിൽ നടക്കുന്ന ഖിച്ചടിസമർപ്പണത്തിൽ പങ്കെടുക്കുവാൻ അദ്ദേഹം നിരവധി തവണ ഗോരഖ്‌നാഥ് മഠത്തിൽ എത്തിയിട്ടുണ്ട്.

2006-ൽ അന്നത്തെ ജനാധിപത്യ അനുകൂലപാർട്ടികളും അവസാന നേപ്പാൾ രാജാവ് ഗ്യാനേന്ദ്രയും തമ്മിലുണ്ടാക്കിയ കരാർപ്രകാരം അധികാരത്തിൽനിന്ന് അദ്ദേഹത്തെ പുറത്താക്കിയപ്പോൾ ആ നീക്കത്തെ വിമർശിച്ച ഒരേയൊരു വ്യക്തി യോഗി ആദിത്യനാഥായിരുന്നു. അന്നദ്ദേഹം ഗോരഖ്പൂർ എംപിയായിരുന്നു. മാവോയിസ്റ്റുകൾ, ഇസ്ലാമിക തീവ്രവാദികൾ, ക്രിസ്ത്യൻ ഗ്രൂപ്പുകൾ എന്നിവരിൽനിന്നുള്ള സ്വാധീനഫലമായാണ് മാറ്റമുണ്ടായെതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നേപ്പാൾ പാർലിമെന്റ് രാജ്യത്തെ മതേതരമായി പ്രഖ്യാപിച്ച 2006 മെയ് 18 നെ ഒരു കറുത്തദിനമായും വിശേഷിപ്പിച്ചിരുന്നു. 2015 ഓഗസ്റ്റിൽ യോഗി നേപ്പാൾ സന്ദർശിക്കുകയും നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പതിനായിരത്തോളം പേരുടെ സമ്മേളനത്തെ അഭിസംബോധനചെയ്യുകയും ചെയ്തു. ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം അന്നത്തെ നേപ്പാൾ പ്രധാനമന്ത്രി സുനിൽ കൊയ് രാളക്ക് ഒരു കത്തെഴുതിയിരുന്നു. യുപി മുഖ്യമന്ത്രിയായതിനുശേഷം യോഗിയെ മുൻരാജാവ് ഗ്യാനേന്ദ്ര രണ്ടുതവണ കാണുവാനെത്തി. ഈ വർഷം ജനുവരിയിൽ പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്കുള്ള യാത്രയ്ക്കിടയിലും 2018 ലും 2019 ലുമായിരുന്നു മറ്റ് കൂടിക്കാഴ്ചകൾ.

ഭാരതത്തിന്റെ വിദേശനയവും രാജ്യത്തിന്റെ സാമ്പത്തിക സൈനിക വളർച്ചയും നേപ്പാളിലെ മാറ്റങ്ങളെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. പ്രത്യേകിച്ച് ഭാരതത്തിന്റെ മൃദുശക്തി അഥവാ സോഫ്റ്റ്പവർ നയതന്ത്രം ഇരുജനങ്ങളും തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കുകയും ഹൈന്ദവരിലെ സ്വത്വബോധത്തെ ഉണർത്തുകയും ചെയ്യുന്നു. രാമായണ സർക്യൂട്ട്, ബുദ്ധസർക്യൂട്ട് തുടങ്ങിയ തീർത്ഥാടനപദ്ധതികൾ ഇരു രാജ്യങ്ങൾക്കുമിടയിലെ ആത്മീയ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിച്ചു. നേപ്പാളിന്റെ ഹിന്ദുസ്വത്വത്തെ ശക്തിപ്പെടുത്തിക്കൊണ്ട് ഭാരതം ഈ കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള അടിസ്ഥാന സൗകര്യവികസനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവിടെയെല്ലാം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ഭാരതനേതാക്കൾ സന്ദർശനം നടത്തി. 2008 ൽ വിദേശസ്വാധീനത്താൽ, പ്രധാനമായും പാശ്ചാത്യ രാജ്യങ്ങളുടെയും നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിലാണ് മതേതരത്വം നേപ്പാളിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ടത്. യൂറോപ്യൻരാജ്യങ്ങളും മറ്റ് പാശ്ചാത്യശക്തികളും നേപ്പാളിൽ ഇടപെടുകയും രാഷ്ട്രീയപാർട്ടികളെ സ്വാധീനിക്കുകയും ചെയ്തു. എന്നാൽ ഇന്ന് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് സർക്കാർ വിദേശരാജ്യങ്ങളിൽ അമേരിക്ക മുടക്കിയിരുന്ന ധനസഹായങ്ങൾ നിർത്തലാക്കുകയാണ്. അതുകൊണ്ടുതന്നെ ഭാരതത്തിന് നേപ്പാളിൽ കൂടുതൽ ഇടപെടാനുള്ള അവസരം തുറക്കുകയാണ്. നേപ്പാളിന്റെ ഹിന്ദുരാഷ്ട്രപദവി പുനരുജ്ജീവിപ്പിക്കുന്നത് ഭാരതവുമായുള്ള മതപരവും സാംസ്‌കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും നേപ്പാളിനെ അതിന്റെ ചരിത്രപരമായ വേരുകളുമായി ബന്ധിപ്പിക്കുമെന്നും വിശ്വസിക്കുന്നവർ ആ രാജ്യത്ത് ധാരാളമുണ്ട്. എന്നാൽ നേപ്പാളിലെ കമ്മ്യൂണിസ്റ്റ്ഭരണകൂടമാണ് ഈ ശ്രമങ്ങൾക്കെല്ലാം ഒരു വിഘാതമായി നിൽക്കുന്നത്. എന്നിരുന്നാലും ഹിന്ദുരാഷ്ട്രപദവിയിലേക്കുള്ള നേപ്പാളിന്റെ മടക്കം അതിവിദൂരമല്ല.

* ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകൻ.