Hindu Vishwa
Index
മേടരവിസംക്രമത്തിന്റെ വിഷുഫലപ്രവചനങ്ങൾ
 
                                                    2025 ഏപ്രിൽ 14 ന് തിങ്കളാഴ്ചയാണ് വിഷു ആഘോഷം. എങ്കിലും ഏപ്രിൽ 13 ഞായർ അസ്തമിച്ച് 22 നാഴിക 5 വിനാഴിക ചെല്ലുമ്പോൾ (രാത്രി 3 മണി 21 മിനുട്ടിന്) മീനരാശിയിൽ ശനിയും ഇടവരാശിയിൽ വ്യാഴവും നിൽക്കുമ്പോൾ തുലാക്കൂറിൽ ചോതിനക്ഷത്രത്തിലാണ് ഈ വർഷത്തെ മേടരവിസംക്രമം. ജ്യോതിഷഭാഷയിൽ പറഞ്ഞാൽ മീനശ്ശനി, ഇടവവ്യാഴം, കൊല്ലവർഷം 1200-ാമാണ്ട് മീനമാസം 30 ന്, രവിവാരേ ചോതിനക്ഷത്രം പ്രഥമപാദം തുലാക്കൂറിൽ, കൃഷ്ണപക്ഷ പ്രഥമതിഥിയും വരാഹക്കരണവും വജ്രനാമനിത്യയോഗവും കൂടിയ സമയം ഭൂമി ഭൂതോദയംകൊണ്ട് മേടരവി സംക്രമം. മേടരവിസംക്രമത്തെ ആസ്പദമാക്കിയാണ് ജ്യോതിഷികൾ രാജ്യങ്ങളുടെയും വ്യക്തികളുടേയും ഒരു വർഷത്തെ വിഷുഫലം പ്രവചിക്കുന്നത്. കാലാവസ്ഥ, കൃഷി, നാൽക്കാലിസമ്പത്ത്, യുദ്ധം തുടങ്ങി വളരെ വിശാലമാണ് വിഷുഫലത്തിന്റെ പ്രവചനസീമ.
ഈ വർഷത്തെ മേടരവിസംക്രമത്തിന്റെ പൊതുഫലങ്ങൾ ലോകത്തിന് അത്ര ശുഭകരമായല്ല കാണുന്നത്. വിളകൾക്കു നാശവും തന്മൂലം വിലക്കയറ്റവും ഉണ്ടാകും. കേരളത്തിൽ വന്യമൃഗങ്ങൾ വിളകൾ നശിപ്പിക്കുന്ന സംഭവങ്ങൾ കൂടുതലാകും. വെള്ളി, സ്വർണ്ണം തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കളുടെ മോഷണം വർദ്ധിക്കും. രാജ്യങ്ങൾ തമ്മിൽ തുടർന്നുവരുന്ന സൈനികസംഘർഷങ്ങൾക്കു പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഫലവത്താകാൻ ഇടയില്ലെന്നുമാത്രമല്ല, അവ കൂടുതൽ വ്യാപ്തിയുള്ളതായി പരിണമിക്കാനുള്ള സാധ്യതയും ഏറെയാണ്. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ, ചിലേടങ്ങളിൽ രൂക്ഷമായ വരൾച്ചയ്ക്കും മറ്റുചില സ്ഥലങ്ങളിൽ അധിക മഴമൂലവും ജനജീവിതം പ്രയാസത്തിലാകാനുള്ള സാധ്യതകളും സൂചിതമാകുന്നു. ആഗോളതലത്തിൽ നോക്കുമ്പോൾ, അധികാരത്തിലിരിക്കുന്ന ചില ഭരണാധികാരികൾ സ്ഥാനഭ്രഷ്ടരാക്കപ്പെടാനും ചിലർക്ക് കൂടുതൽ പ്രശസ്തിയും ജനകീയതയും കൈവരുന്നതിനുമുള്ള സാധ്യതകളാണ് തെളിയുന്നത്. ഭരണാധിപന്മാരുടെ ജന്മനക്ഷത്രവും രാജ്യങ്ങളുടെ അക്ഷാശരേഖാംശസ്ഥിതിയും അനുസരിച്ചാവും ഭരണാധികാരികളുടെ ഗുണദോഷഫലങ്ങൾ അനുഭവത്തിലാവുക.
സംക്രമവാരം ഞായർ ആയതിനാലും ഉത്തരദിക്കിൽ അഭിമുഖമാകയാലും ഭാവാത്മകസമീപനങ്ങളേക്കാൾ രൂക്ഷ പ്രതികരണങ്ങൾക്കാവും പ്രാമുഖ്യം ലഭിക്കുക. ഇത് വ്യക്തികൾ തമ്മിലും കുടുംബത്തിലും സമൂഹത്തിലും രാജ്യങ്ങൾ തമ്മിലും പ്രസക്തമായിരിക്കും. അതിനാൽ പരുഷവാക്കുകൾ ഉപേക്ഷിച്ചു മധുരമായി സംസാരിക്കാൻ ഏവരും കഴിയുന്നത്ര ശ്രദ്ധിക്കണം. സംക്രമം അപരപക്ഷരാത്രിയിൽ ആകയാൽ ലോകത്തു വിശക്കുന്ന വയറുകളുടെ എണ്ണം കൂടും. രാത്രിവിനോദങ്ങളിലൂടെ ആളുകളെ സന്തോഷിപ്പിക്കുന്ന കലാകാരന്മാർക്കും വിഷുഫല സൂചന ആശാവഹമല്ല. കലാകാരന്മാർക്കുനേരെ ആക്രമണങ്ങളുണ്ടായേക്കാം. സംക്രമനക്ഷത്രം ചോതി ആകയാൽ ആത്മീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പലവിധ മെച്ചവും ധനവരവിൽ വർദ്ധനവും പ്രതീക്ഷിക്കാം. സംക്രമകരണം വരാഹമായതിനാലും നാൽക്കാലികൾക്ക് (വിശിഷ്യാ പശുക്കൾക്ക്) നാശവും ആവശ്യമായ സമയത്ത് ആവശ്യമായ അളവിൽ മഴ ലഭിക്കാത്ത അവസ്ഥയും കൃഷിനാശവും പ്രതീക്ഷിക്കണം.
എന്നാൽ സംക്രമസമയം വേലിയേറ്റവേള ആണെന്നതിനാലും സംക്രമമേഘം നീലനിറമാകയാലും പതിവിൽ കൂടുതൽ മഴ (ഉത്തരഭാഗങ്ങളിൽ) ലഭിച്ചേക്കാം. മേടരവിസംക്രമംകൊണ്ടു പ്രവചിക്കപ്പെട്ടിരിക്കുന്ന മഴയുടെ അളവ് രണ്ടുപറ ആണ്. (ദേവമാനപ്രകാരം 130 കിലോമീറ്റർ വിസ്താരവും 1,300 കിലോമീറ്റർ ഉയരവും ഉള്ളതാണ് ഇവിടെ വിവക്ഷിക്കുന്ന പറ). ഇതിൽ പകുതി മഴയും സമുദ്രത്തിനു മുകളിലാവും പെയ്യുക. അവശേഷിക്കുന്നതിൽ പകുതിയിലേറെ മഴ മലയോരമേഖലയിലും പെയ്യും. ഇവിടെ മനസ്സിലാക്കേണ്ട വസ്തുത, രാവും പകലും തുല്യമാകുന്ന യഥാർത്ഥ വിഷുദിനവും തദനുസൃത ഋതുസംക്രമങ്ങളിലും ഇപ്പോൾ വ്യത്യാസം വന്നിട്ടള്ളതിനാൽ പഴയ ഞാറ്റുവേലക്കണക്കുകൾ തെറ്റിച്ച് അപ്രതീക്ഷിതസമയത്താവാം മഴ പെയ്തുനിറയുക എന്നതാണ്. അതായത് തുടക്കത്തിൽ മഴക്കുറവും പിന്നീട് അതിവൃഷ്ടിയും പ്രതീക്ഷിക്കണം. അതിനാൽ ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങളെ ഈ വർഷവും കരുതിയിരിക്കേണ്ടതുണ്ട്. കാറ്റുമൂലമുള്ള നാശനഷ്ടങ്ങളും സാമാന്യേന കൂടിയിരിക്കും. സംക്രമസമയം ആകാശഭൂതോദയമാണെന്നതും മഴക്കെടുതികൾ ഉണ്ടാവാം എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.
സംക്രമസമയം ശനിയും രാഹുവും മീനത്തിലും വ്യാഴം ഇടവത്തിലും ആകയാൽ ലോകത്തിൽ ആകെ കുട്ടികൾക്കും സ്ത്രീകൾക്കും നേരേ അതിക്രമങ്ങൾ കൂടും. സൈനികസംഘർഷങ്ങളും വർദ്ധിക്കും. ഈ പ്രതിസന്ധികൾക്കിടയിലും ഭാരതത്തിനു കുറേ മെച്ചങ്ങൾ ഉണ്ടാവും. എങ്കിലും സമീപരാജ്യങ്ങളിലെ ആഭ്യന്തരഭിന്നതകൾക്ക് ആഴവും വ്യാപ്തിയും കൂടാനും അതു ഭാരതത്തിലും അസ്വസ്ഥതകൾ സൃഷ്ടിക്കാനുമുള്ള സാധ്യതകളും സൂചിതമാകുന്നുണ്ട്.
ഇതുവരെ വിവരിച്ചത് രാജ്യങ്ങളുടേയും പൊതുസമൂഹത്തിന്റേയും ഫലങ്ങളാണെങ്കിൽ, ഇനി വിവിധ നക്ഷത്രക്കാരുടെ വിഷുഫലങ്ങൾ എങ്ങനെയെന്ന് നോക്കാം. ആദിശൂലം, ആദിഷഡ്കം, മധ്യശൂലം, മധ്യഷഡ്കം, അന്ത്യശൂലം, അന്ത്യഷഡ്കം എന്നിങ്ങനെ ആറു വിഭാഗങ്ങളായി തിരിച്ചാണ് വിവിധ നക്ഷത്രങ്ങളുടെ വിഷുഫലം പ്രവചിക്കുന്നത്. വ്യക്തിഗതഫലമല്ല, പൊതുവായ നക്ഷത്രഫലം മാത്രമാണ് വിഷുഫലത്തിൽ പരാമർശിക്കുന്നത്. ജാതകത്തിലെ യോഗബലങ്ങൾക്കും നടപ്പുദശാകാലങ്ങളുടെ ഗുണദോഷങ്ങൾക്കും ഗ്രഹചാരഫലങ്ങൾക്ക് അനുസൃതമായും ഒരേ നക്ഷത്രക്കാർക്കു വ്യക്തിഗതമായി ഭിന്നാനുഭവങ്ങൾ ഉണ്ടാകാമെന്നതും മറക്കരുത്. വിഷുഫലം പരിഗണിക്കുമ്പോൾ ശൂലം (ആദിശൂലം, മധ്യശൂലം, അന്ത്യശൂലം) എന്ന വിഭാഗത്തിൽ വരുന്ന ഒൻപതു നാളുകാർക്ക് പ്രയാസങ്ങളും ഷഡ്കവിഭാഗത്തിൽ വരുന്ന 18 നാളുകാർക്ക് സാമാന്യം സന്തോഷകരവുമാവും ഫലം.
മേടസംക്രമനക്ഷത്രവും (ചോതി) അതിനു തൊട്ടു മുൻപും പിൻപും വരുന്ന രണ്ടു നക്ഷത്രങ്ങളും (ചിത്തിര, വിശാഖം) ആണ് ആദിശൂലനക്ഷത്രങ്ങൾ. ഈ മൂന്നു നക്ഷത്രക്കാർക്ക് അടുത്ത വിഷുവരെ സമയം അത്ര അനുകൂലമായിരിക്കില്ല. വരവിൽ കവിഞ്ഞ ചെലവ്, മനസ്സുഖം കുറയുംവിധമുള്ള രോഗദുരിതങ്ങൾ, ദൈവാധീനക്കുറവ്, ആഗ്രഹിക്കുന്നതിന് എതിരായ വിധത്തിൽ കാര്യങ്ങൾ വന്നുഭവിക്കുക, വ്യാപാരനഷ്ടം എന്നിവയൊക്കെയാണ് പൊതുഫലസൂചന. ഭൂമിവാങ്ങാനോ വീടുവയ്ക്കാനോ ശ്രമിക്കുന്നവർക്ക് അല്പം ഞെരുങ്ങിയാലും കാര്യസാധ്യം കൈവരും. വിദേശപഠനം ആഗ്രഹിക്കുന്നവർ അതിനുള്ള ശ്രമങ്ങളിൽ ചതിവുപറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധപുലർത്തണം. ഈ മൂന്നു നക്ഷത്രക്കാരും വ്യാഴാഴ്ച ദിവസങ്ങളിൽ വിഷ്ണു ഉപാസന നടത്തുന്നത് നല്ലതാണ്.
ആദിശൂലം കഴിഞ്ഞുവരുന്ന അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നീ ആറു നക്ഷത്രങ്ങളാണ് ആദിഷഡ്കം എന്ന വിഭാഗത്തിൽ വരുന്നത്. ഈ ആറു നക്ഷത്രക്കാർക്കും ഫലം മെച്ചമാണ്. യുവജനങ്ങൾക്കു വിവാഹതടസ്സം മാറും. ഉദ്യോഗത്തിൽ ഉന്നതിയുണ്ടാകും. ബിസിനസ്‌രംഗത്തുള്ളവർക്കും കലാകാരന്മാർക്കും രാഷ്ട്രീയക്കാർക്കും അനുകൂലഫലമാകും. കണ്ടകശനി ആരംഭിച്ചിരിക്കുന്ന മൂലം, പൂരാടം, ഉത്രാടം ആദ്യപാദക്കാർക്ക് (ധനുക്കൂറ്) അടുത്ത വിഷുവരെ കണ്ടകശനിയുടെ ദോഷഫലങ്ങൾ കുറഞ്ഞിരിക്കുകയും ചെറിയതോതിലെങ്കിലും അനുകൂലഫലങ്ങൾ അനുഭവവേദ്യമാവുകയും ചെയ്യും. കമിതാക്കൾക്കു പ്രണയസാക്ഷാത്കാരം, ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ച, വ്യാപാരപുരോഗതി, രോഗികൾക്ക് ആശ്വാസം എന്നിവയും പ്രതീക്ഷിക്കാം. സ്വന്തം കഴിവ് എന്തെന്നു സ്വയം ബോധ്യപ്പെടാനും അതിനനുസരിച്ച് ഉയരങ്ങളിലേക്ക് എത്തപ്പെടാനും ഈ ആറു നക്ഷത്രക്കാർക്കും കഴിയും. വിദ്യാർത്ഥികൾക്കു പരീക്ഷാവിജയം, അവിവാഹിതർക്ക് വിവാഹം, കുടുംബകോടതി വ്യവഹാരങ്ങളിൽ ശുഭപരിസമാപ്തി ഇങ്ങനെയുള്ള ഗുണാനുഭവങ്ങൾക്കും സാധ്യത കാണുന്നു. മാതാപിതാക്കൾക്ക് സന്താനങ്ങളെച്ചൊല്ലി സന്തോഷാഭിമാനങ്ങൾക്കും വഴിതെളിയും. പൊതുഫലങ്ങൾ ഗുണകരമാണെങ്കിലും സാമ്പത്തികകാര്യങ്ങളിൽ കടുത്ത അച്ചടക്കം നിലനിർത്തേണ്ടതുണ്ട്.
ആദിഷഡ്കത്തെ തുടർന്നുവരുന്ന മൂന്നു നക്ഷത്രങ്ങൾ (അവിട്ടം, ചതയം, പൂരുരുട്ടാതി) ആണ് മധ്യശൂലം എന്ന വിഭാഗത്തിൽ വരിക. ഈ മൂന്നു നക്ഷത്രക്കാർക്കും അടുത്ത വിഷുവരെ സമയം അത്ര നല്ലതാവില്ല. ഇതിൽ അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി (കുംഭക്കൂറ്)ക്കാർക്ക് ഏഴരശ്ശനിയുടെ അവസാനഭാഗമാണെന്നതിനാൽ ദോഷാനുഭവങ്ങൾ കഠിനമാകാനാണ് സാധ്യത. ഏർപ്പെടുന്ന കാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങൾ കരുതിയിരിക്കണം. കടബാധ്യത, വായ്പാത്തിരിച്ചടവിൽ വീഴ്ച, കൂട്ടുവ്യാപാരത്തിൽ പങ്കാളികളുടെ വേർപിരിയൽ, ഭൂമിവില്പനയിലും വാങ്ങലിലും പ്രതിബന്ധം, രാഷ്ട്രീയപ്രവർത്തകർക്ക് അപ്രതീക്ഷിത തിരിച്ചടികൾ എന്നിവയ്ക്കൊപ്പം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവാം. ബന്ധുജനനാശം, സ്വന്തക്കാർ ശത്രുക്കളാകുന്ന അവസ്ഥ, കുടുംബകലഹം എന്നിവയും പ്രതീക്ഷിക്കണം. അസമയത്ത് യാത്ര ഒഴിവാക്കുക, വാഹനം അമിതവേഗതയിൽ ഓടിക്കാതിരിക്കുക എന്നിവയൊക്കെ ഇവർ പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ വാക്കുതർക്കങ്ങളും ഒഴിവാക്കണം. ഈശ്വരപ്രാർത്ഥനയോടെ ശ്രദ്ധാപൂർവ്വം മുന്നോട്ട് പോയാൽ തടസങ്ങൾ വലിയൊരു പരിധിവരെ മാറിക്കിട്ടും. ശനിയാഴ്ച ദിവസങ്ങളിൽ ശാസ്താക്ഷേത്രദർശനം മുടക്കമില്ലാതെ നടത്തുന്നതും ഗുണകരമാകും.
മധ്യശൂലം കഴിഞ്ഞുള്ള ആറു നക്ഷത്രങ്ങളായ ഉതൃട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക, രോഹിണി എന്നിവയാണ് മധ്യഷഡ്കം എന്ന വിഭാഗത്തിൽ വരിക. ഇതിൽ ഉതൃട്ടാതി, രേവതി (മീനക്കൂറ്) നക്ഷത്രക്കാർക്ക് ഏഴരശ്ശനിയിലെ കാഠിന്യമേറിയ ജന്മശ്ശനിയും , അശ്വതി, ഭരണി, കാർത്തിക നക്ഷത്രത്തിന്റെ ആദ്യപാദം (മേടക്കൂറ്) എന്നീ നക്ഷത്രക്കാർക്ക് ഏഴരശ്ശനിയുടെ ആരംഭവുമാണ്. എങ്കിലും അടുത്ത വിഷു വരെയുള്ള ഒരു വർഷക്കാലം ഈ ആറു നാളുകാർക്കും സാമാന്യേന ഗുണപ്രദമായ സമയമായാണ് കാണുന്നത്. കാർത്തിക മുക്കാൽ (ഇടവക്കൂറ്), രോഹിണി നക്ഷത്രക്കാർക്ക് ശനി അനുകൂലസ്ഥാനത്താണെന്നതിനാൽ വിഷുഫലത്തിന്റെ ഗുണങ്ങൾ അധികരിച്ചിരിക്കും. തൊഴിൽമേഖലയിൽ അംഗീകാരം, കുടുംബൈശ്വര്യം, എഴുത്തുകാർക്കും സാമൂഹ്യപ്രവർത്തകർക്കും ആദരം ഇങ്ങനെ പലപ്രകാരേണ മെച്ചമായ ഫലങ്ങൾ പ്രതീക്ഷിക്കാം. വ്യവസായികൾക്കു സാമ്പത്തികനേട്ടവും, ആദ്ധ്യാത്മിക, വൈദിക, പൂജാ, ആരാധനാമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സൽക്കീർത്തിയും ഉണ്ടാകും. തൊഴിൽരംഗത്ത് പ്രതീക്ഷിച്ച പ്രമോഷൻ കൈവരാനിടയുണ്ട്. വിദേശ പഠനം, ജോലി, വിദേശവാസം ഇവ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യത്തിന് അനുകൂല അവസരം വന്നുചേരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിതനേട്ടങ്ങളുണ്ടാകും. മെച്ചങ്ങൾ പലതുമുണ്ടെങ്കിലും ഈ നക്ഷത്രക്കാരും ഈശ്വരാരാധന മുടക്കംകൂടാതെ നടത്തേണ്ടതുണ്ട്.
അടുത്തവിഭാഗമായ അന്ത്യശൂലത്തിൽ മകയിരം, തിരുവാതിര, പുണർതം എന്നീ മൂന്നു നക്ഷത്രങ്ങളാണ് വരിക. അന്ത്യശൂലക്കാർക്ക് പ്രതികൂലാനുഭവങ്ങൾക്കാണ് സാധ്യത കൂടുതലെങ്കിലും മകയിരം ആദ്യപകുതിക്കാർക്ക (ഇടവക്കൂറ്) കുറച്ചേറെ മെച്ചങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം മുക്കാൽ വിഭാഗത്തിൽ (മിഥുനക്കൂറ്) കണ്ടകശനിയുടെ ക്ലേശങ്ങൾകൂടി വരും. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിക്കുന്ന ഉന്നത വിജയം കരസ്ഥമാക്കാൻ പതിവിൽക്കവിഞ്ഞ അദ്ധ്വാനം വേണ്ടിവരും. ആയുധം, മൃഗങ്ങൾ, പക്ഷികൾ എന്നിവ മൂലം ശരീരത്തിൽ മുറിവുണ്ടാകാൻ സാധ്യത കാണുന്നു. പലപ്രകാരത്തിലും ക്ലേശങ്ങൾ, കോടതി വ്യവഹാരം, ആരോഗ്യം അത്ര മെച്ചമല്ലാത്ത അവസ്ഥ, പലവിധത്തിലും വരവിൽ കവിഞ്ഞ ചെലവ് എന്നിവ പ്രതീക്ഷിക്കണം. ഈ നക്ഷത്രക്കാരായ വയോധികർക്ക് ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും മോശമായേക്കാം. ഇവർ ശനിയാഴ്ച ദിവസങ്ങളിൽ ശാസ്താവിനെയും വ്യാഴാഴ്ചകളിൽ വിഷ്ണു ഉപാസനയും നടത്തുന്നത് നന്നായിരിക്കും.
അവസാന വിഭാഗമായ അന്ത്യഷഡ്കത്തിൽ പൂയം, ആയില്യം, മകം പൂരം, ഉത്രം, അത്തം എന്നീ ആറു നാളുകളാണ് വരിക. ഈ നാളുകാർക്ക് സാമാന്യേന മെച്ചപ്പെട്ട സമയമാവും. ആഗ്രഹിക്കുന്ന കാര്യങ്ങൾ ദൈവാനുഗ്രഹത്താൽ സാധിച്ചുകിട്ടും. വ്യാപാര, തൊഴിൽ മേഖലകളിൽ ഉയർച്ചയുണ്ടാകും. അതിൽനിന്ന് ധനപരമായ നേട്ടങ്ങളും മനഃസംതൃപ്തിയും ഉണ്ടാകും. സാമ്പത്തികവിഷമതകൾ മാറും, ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും. രാഷ്ട്രീയ, കലാ, സാംസ്‌കാരിക പ്രവർത്തകർക്ക് ജനാംഗീകാരം ലഭിക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽനിന്ന് അഭിനന്ദനവും തൊഴിൽരഹിതർക്ക് താൽക്കാലികജോലിയും ലഭിക്കും. പ്രണയസാഫല്യം, ആത്മീയ-വിനോദസഞ്ചാരം, സാമ്പത്തികപുരോഗതി എന്നിവയ്ക്കും അവസരമുണ്ടാകും. സാഹിത്യപ്രവർത്തകരെ അംഗീകാരങ്ങൾ തേടിയെത്തിയേക്കാം.
ഇവിടെ മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം വിഷുഫലം മെച്ചമായതുകൊണ്ടുമാത്രം ഈ വിഷു മുതൽ അടുത്ത വിഷുവരെയുള്ള ഒരു വർഷക്കാലം മുഴുവൻ മെച്ചമാകണമെന്നോ ഫലം പ്രതികൂലമായതുകൊണ്ട് വർഷം മുഴുവൻ പ്രതികൂലമാകണമെന്നോ ഇല്ല എന്നതാണ്. ജാതകത്തിലെ ഗ്രഹസ്ഥിതി, വിശേഷയോഗങ്ങൾ, നക്ഷത്രദശാകാലം, അതിലെ അപഹാരഭുക്തികൾ, ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി തുടങ്ങിയ ചാരഫലങ്ങൾ എന്നിവയെല്ലാം ഇവിടെ പറയുന്നതായ വിഷുഫലത്തിലെ ഗുണദോഷാനുഭവങ്ങളെ മാറ്റിമറിക്കാം. അതിനാൽ ഫലം മെച്ചമായാലും ദോഷമായാലും ഏവരും ഈശ്വരസ്മരണയോടെ ശ്രദ്ധാപൂർവ്വം മുന്നോട്ടുപോവുക.
